സുന്നത്തിൽ സ്ഥിരപ്പെട്ട റുക്വ്‌യ എന്ന വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് സാന്ദർഭികമായി ചില വസ്തുതകൾ ഇവിടെ ഉണർത്തുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. റുക്വ്‌യ (റുഖാ എന്നാണ് അറബിയിൽ പറയുമ്പോൾ ഉച്ചരിക്കേണ്ടത്) എന്നത് കേവലം പ്രാർത്ഥന മാത്രമല്ല, റുക്വ്‌യയിൽ പ്രാർത്ഥനയുണ്ടെങ്കിലും അതിലുപരിയായി നബി(സ്വ)യിൽ നിന്നും നമുക്ക് സ്വഹീഹായി ലഭിച്ച ചില പ്രത്യേക രൂപം (രീതികൾ) റുക്വ്‌യയുടെ ഭാഗമായിട്ടുണ്ടെന്നത് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിന്റെ തുടക്കത്തിൽ റുക്വ്‌യ നിരോധിക്കപ്പെട്ടിരുന്നുവെന്നും പിന്നീട് അനുവദിക്കപ്പെടുകയാണുണ്ടായതെന്നും ജാബിർ(റ)ൽ നിന്നും രിവായത്ത് ചെയ്യപ്പെട്ട ഹദീഥിലൂടെ നമുക്ക് വ്യക്തമാകുന്നുണ്ട്. റുക്വ്‌യയും ദുആയും ഒന്നാണെന്ന പുത്തൻ യുക്തിവാദികളുടെ വാദത്തെ തള്ളിക്കളയുവാൻ ഈ ഹദീഥ് തന്നെ ധാരാളമാണ്. കാരണം ദുആ ഒരുകാലത്തും വിരോധിക്കപ്പെട്ട അവസ്ഥ ഉണ്ടായിരുന്നില്ലല്ലോ. മറ്റൊരു വാദം റുക്വ്‌യാ രോഗങ്ങൾക്ക് മാത്രമുള്ള മന്ത്രമാണെന്നും പൈശാചികമായ ഉപദ്രവങ്ങൾക്ക് (ജിന്നിന്റെ ശല്യം) അത് യോജിച്ച പണിയല്ലെന്നുമാണ്. ഇങ്ങനെ പറയുന്ന ഇസ്ലാമിലെ മോഡേൺ യുക്തിവാദികൾ പലപ്പോഴും ഇത്തരം പ്രവർത്തികളെ പൗരോഹിത്യത്തിന്റെ തരംതാണ ഏർപ്പാടായി, അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരുതരം നിലവാരമില്ലാത്ത പണിയായിട്ടാണ് ചിത്രീകരിക്കുകയും വർണ്ണിക്കുകയും ചെയ്തുകാണുന്നത്. ഇത് തീർത്തും വസ്തുതകൾക്ക് നിരക്കാത്തതും സുന്നത്തിനെതിരുമാണെന്ന് ആദ്യമായി ഉണർത്തട്ടെ. ഇൽമുൽ കലാമിന്റെയും മുഅതസിലുകളുടെയും ചുവടു പിടിച്ചുള്ള ഇത്തരം പിഴച്ച വാദങ്ങൾ ആര് കൊണ്ടുവന്നാലും അവരെ സൂക്ഷിക്കണം. എന്തെന്നാൽ മഹാൻമാരായ സ്വഹാബാക്കളിലൂടെ, അഹ് ലുസ്സുന്നത്തിന്റെ ഇമാമീങ്ങളിലൂടെ സുവ്യക്തമായി നമുക്ക് ലഭിച്ച ദീനിന്റെ ശറഇലാണ് അവർ കൈവെക്കുന്നതെന്ന് സലഫുകളെ സ്നേഹിക്കുന്ന നാം ഒരോരുത്തരും തിരിച്ചറിയുക.
സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന നമ്മുടെ ബഹുമാനപ്പെട്ട പണ്ഡിതൻ അബ്ദുൽ ജബ്ബാർ മദീനിയുടെ വാക്കുകൾ ഈ വിഷയത്തിൽ സലഫികൾ സ്വീകരിക്കേണ്ട നിലപാടെന്തെന്ന് വ്യക്തമായി പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക.
“ചിലർ പൈശാചിക ഉപദ്രവങ്ങളെ റുക്വ്‌യയുടെ വിഷയം സംസാരിക്കുമ്പോൾ കേവലം വസ്‌വാസായി ചിത്രീകരിക്കുന്നത് കാണാം. ഇതിനെ അഖ്.ലാനിയത്ത് എന്ന് പറയും. എന്നുവെച്ചാൽ പ്രമാണങ്ങളേക്കാൾ തങ്ങളുടെ ബുദ്ധിക്ക് പ്രാമുഖ്യം കൽപിക്കുകയും ദീനിന്റെ വിഷയങ്ങളിൽ ബുദ്ധി പ്രയോഗിക്കുവാൻ പാടില്ലാത്ത വിഷയങ്ങളിൽ ബുദ്ധി പ്രയോഗിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഗൈബിയായ വിഷയത്തിൽ, നുബുവ്വത്തിന്റെ വിഷയത്തിൽ, തൗഹീദിന്റെ വിഷയത്തിൽ ഒക്കെ തന്നെയും മനുഷ്യ ബുദ്ധിക്ക് എവിടെയാണ് സ്ഥാനമുള്ളത്? ഇവിടെയൊക്കെ പ്രമാണങ്ങൾ എന്ത് പറയുന്നു എന്നത് സ്വീകരിക്കുവാനും വിശ്വസിക്കുവാനുമാണ് ഇസ്ലാം നമ്മോട് അനുശാസിക്കുന്നത്. അല്ലാതെ ബുദ്ധി ഉപയോഗിച്ച് അവനവന് തോന്നുന്നത് തള്ളുന്നതും കൊള്ളുന്നതും ശുദ്ധ അഖ്.ലാനിയത്താണ്. ഈ അഖ്.ലാനിയത്തിന്റെ ജ്വരം മൂത്ത് ചിലർ അഹ് ലുസ്സുന്ന വൽ ജമാഅത്തിന്റെ അഖീദയെയും ആദർശത്തെയും വ്യാഖ്യാനിച്ച് ഒപ്പിക്കുവാൻ സാഹസപ്പെടുന്നത് കാണാം. യഥാർത്ഥത്തിൽ പൈശാചിക ബാധ കേവലം വസ്‌വാസ് മാത്രമാണോ? അതല്ല അതിനപ്പുറം പിശാച് മനുഷ്യനെ ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന, മനുഷ്യനിൽ വിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥകളുണ്ടോ? ഒരു സംശയവും വേണ്ടാ, ഉണ്ടെന്ന് തന്നെയാണ് പ്രമാണങ്ങൾ അറിയിക്കുന്നത്. അഹ് ലുസ്സുന്ന വൽ ജമാഅത്തിന്റെ പണ്ഡിതൻമാർ ആ വിഷയത്തിൽ ഭിന്നാഭിപ്രായക്കാരല്ല.
‘പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല’ എന്ന സൂറ: ബഖറയിലെ ആയത്ത് 275 വിശദീകരിക്കുന്നിടത്ത് ഇമാം ഖുർത്തുബി(റ) പറയുന്നത് കാണുക. ‘ജിന്നിന്റെ ഭാഗത്തു നിന്ന് വിഭ്രാന്തിയുണ്ടാകുന്നതിനെ നിരാകരിക്കുന്നവരുടെ നിരാകരണം ഫസാദാണ്, ബാത്വിലാണ്, നിരർത്ഥകമാണെന്നതിന് ഈ ആയത്തിൽ തെളിവുണ്ട്.
അബൂ ഹയ്യാനുൽ അന്തലൂസിയുടെ തഫ്സീറിൽ പറയുന്നു. ‘യഥാർത്ഥത്തിൽ ശയ്ത്വാൻ മനുഷ്യനെ വീഴ്ത്തും. ‘ഇവിടെയും മാനസികമായ വസ്‌വാസുകൾക്കപ്പുറം മനുഷ്യനെ വീഴ്ത്തുവാൻ ശയ്ത്വാന്റെ പ്രവർത്തനങ്ങൾക്കാകുമെന്ന് തന്നെയാണ് തെളിയുന്നത്. മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റ) ഈ ആയത്തിന്റെ തഫ്സീറിൽ പറയുന്നു. ‘വിഭ്രാന്തിയിൽ വീണവർ അല്ലെങ്കിൽ മറ്റുള്ളവർ, അവരുടെ ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്നതിനെ നിഷേധിക്കുന്നവരായി മുസ്ലിം അഇമ്മത്തുകളിൽ (അഹ് ലുസ്സുന്നയുടെ ഇമാമുമാരിൽ) ആരും തന്നെയില്ല. വല്ലവനും ഇതിനെ നിഷേധിച്ചാൽ, അഥവാ ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിനെ കളവായി വാദിച്ചാൽ അവൻ ഇസ്ലാമിക ശരീഅത്തിന്റെ പേരിൽ കളവ് പറയുകയാണ്.’ ഇമാം ഇബ്നു ഹജർ അസ്കലാനി(റ)യും സമാനമായ അഭിപ്രായം ഫത്ഹുൽ ബാരിയിലും രേഖപ്പെടുത്തിയതായി കാണാൻ കഴിയുന്നു.’ (റുക്വ്‌യാ ശറഇയ്യ: എന്ന വിഷയത്തിൽ അബ്ദുൽ ജബ്ബാർ മദീനിയുടെ ദർസിൽ നിന്നും ആശയം സംഗ്രഹിച്ചെടുത്തത്- ലേഖകൻ)
ഇത് ഇതിന്റെ ഒരു വശമാണെങ്കിൽ മറുവശത്ത് റുക്വ്‌യാ ചികിത്സയുടെ പേരിൽ അതിർവരമ്പുകൾ ലംഘിക്കുന്ന ചില നൂതന പ്രവണതകളും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. പലപ്പോഴും ഈ വിഷയത്തിൽ അനുവദനീയമായ ഫിഖ്ഹിന്റെ പരിധിക്കപ്പുറത്ത് നിന്ന് ചികിത്സിക്കുവാനായി പ്രത്യേക സെന്ററുകളും സംഘങ്ങളും രൂപപ്പെട്ടു വരുന്നത് ആത്മീയ ചികിത്സയുടെ പേരിൽ പൗരോഹിത്യം നടത്തിക്കൊണ്ടിരിക്കുന്ന ചൂഷണ സമ്പ്രദായങ്ങളെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നതിന് വഴിവെക്കുമെന്ന് മനസ്സിലാക്കി ഇത്തരം കാര്യങ്ങളിൽ നിന്നും സാധാരണക്കാരായ ആളുകൾ വിട്ടുനിൽക്കുന്നതാണ് കൂടുതൽ ഉത്തമമായിട്ടുള്ളത് എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
റുക്വ്‌യയുടെ പേരിൽ വെള്ളത്തിൽ ഊതിയുള്ള ചികിത്സക്ക് സ്വഹാബത്തിൽ നിന്നും സ്വഹീഹായ യാതൊരു ഹദീസും നമുക്ക് ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ അപൂർവ്വം ചില പണ്ഡിതന്മാർ (ഇമാം അഹ്മദ്(റ), ഇബ്നു തൈമിയ(റ) തുടങ്ങിയവർ ഇപ്രകാരം ചെയ്തതായിക്കാണാമെങ്കിലും അവയ്ക്കാധാരമായ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ (ഹദീഥുകളിലോ, സ്വഹാബത്തിന്റെ ജീവിതത്തിൽ നിന്നോ സനദോട് കൂടി ഉദ്ധരിക്കപ്പെട്ടവ) അത്തരം കാര്യങ്ങൾ പിൻപററുവാൻ നാം ബാധ്യസ്ഥരല്ല. ഇത് പറയുമ്പോൾ മഹാൻമാരായ ഇമാമീങ്ങൾ തെളിവില്ലാതെ തന്നിഷ്ടം പ്രവർത്തിക്കുന്നവരാണെന്ന് നാം ആരോപിക്കുന്നു എന്ന് ധരിക്കരുത്, മറിച്ച് ഒരു വേള അവർക്ക് ഈ വിഷയത്തിൽ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ അവ സാധൂകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും അതിന്റെ വിശദീകരണം ഉപോൽബലകമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നമ്മിലെത്തിച്ചേർന്നിട്ടില്ല എന്ന കാരണത്താൽ സൂക്ഷ്മതക്ക് ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കലാവും നല്ലതെന്നാണ് ശൈഖ് അൽബാനിയെപ്പോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ജിന്ന്‌ബാധയുള്ള കുട്ടിയെ ചികിത്സിക്കുമ്പോൾ നബി(സ്വ) മുതുകിൽ കൊട്ടിയെന്ന ഹദീഥ് സ്വഹീഹാണ്. മററു ചില രിവായത്തുകളിലും നബി(സ്വ) അടിച്ചതായി കാണാവുന്നതാണ്. എന്നാൽ വളരെയേറെ സൂക്ഷ്മതയാവശ്യമായിട്ടുള്ള ഇത്തരം വിഷയങ്ങൾ ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കോലത്തിൽ’ നാടിന്റെ മുക്കിലും മൂലയിലും ’അടി ചികിത്സാ കേന്ദ്രങ്ങളായി’ പൊട്ടി വിരിയുന്നത് യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്.
ശാരീരികമായ അസുഖങ്ങൾക്ക് ചികിത്സിക്കുവാൻ കുറഞ്ഞത് അഞ്ചു വർഷം മെഡിക്കൽ കോളേജിൽ പഠിച്ച് എം.ബി.ബി.എസ് ബിരുദമെടുക്കണമെന്ന് നാമേവരും സമ്മതിക്കുന്നു.എന്നാൽ ശാരീരികവും ആത്മീയവുമായ ചികിത്സയുടെ ശാസ്ത്രമായ റുക്വ്‌യ ശറഇയ്യ ചെയ്യുന്നതിന് ഇപ്രകാരം യാതൊരു നിബന്ധനകളോ, യോഗ്യതകളോ ആവശ്യമില്ലെന്ന് നാം ധരിച്ചുവശായിരിക്കുന്നത് അത്ഭുതം തന്നെ.
രണ്ട് തരം കാര്യങ്ങൾക്കാണ് റുക്വ്‌യ അനുവദിക്കപ്പെട്ടിട്ടുള്ളതെന്ന് ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തിൽ നാം മനസ്സിലാക്കുകയുണ്ടായല്ലോ. ഒന്നാമത്തേത് കണ്ണേറും രണ്ടാമത്തേത് (വിഷ) ജന്തുക്കളുടെ കടിയിൽ നിന്നുണ്ടാവുന്ന രോഗങ്ങളിൽ നിന്നുമാണ്. മനുഷ്യ ജീവിതത്തിൽ നാം അനുഭവിക്കുന്ന ഒട്ടു മിക്ക രോഗങ്ങളും പ്രയാസങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാമെന്നാണ് പണ്ഡിതൻമാർ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.
മനുഷ്യന്റെയും ജിന്നുകളുടെയും കണ്ണേറ് മൂലമുണ്ടാവുന്ന പ്രയാസങ്ങൾക്കെല്ലാം നബി(സ്വ) റുക്വ്‌യ അനുവദിച്ചിട്ടുള്ളതായും സ്വയം ചെയ്തിട്ടുള്ളതായും നാം സ്വഹീഹായ ഹദീസുകളിൽ നിന്ന് മനസ്സിലാക്കി. സൂറ: ഫാതിഹയും സൂറ: ഇഖ്.ലാസ്, ഫലഖ്, അന്നാസ് (മുഅവ്വിദാതുകൾ) കൂടാതെ ആയതുൽ കുർസിയ്യ് , സൂറ: ബഖറയിലെ അവസാനത്തെ മൂന്ന് ആയത്തുകൾ തുടങ്ങിയവയെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക് മന്ത്രിക്കുവാനായി ഉപയോഗിക്കാവുന്നതാണ്. പിശാചുക്കളുടെ ശല്യത്തിൽ നിന്നും വീടുകളെ സംരക്ഷിക്കുന്നതിനായി വിശുദ്ധ ഖുർആനിലെ സൂറ: ബഖറ: ഓതുവാൻ തിരുമേനി കൽപ്പിച്ചതായി കാണാം.
ഖുർആനിലെ ഏതൊരായത്തുകളും റുക്വ്‌യക്ക് ഉപയോഗിക്കാവുന്നതാണെങ്കിലും ചില സൂറത്തുകൾക്കും ആയത്തുകൾക്കും പ്രത്യേകം സവിശേഷത ഇക്കാര്യത്തിലുള്ളതായി ഹദീസുകളിൽ സ്ഥിരപ്പെട്ടതായും നാം ഇതിനോടകം മനസ്സിലാക്കി. ഇപ്രകാരം മന്ത്രിക്കുമ്പോൾ ഊതുന്നതും, ചിലപ്പോൾ ലഘുവായ രീതിയിൽ തുപ്പൽ പാററി ഊതുന്നതും വിരലിൽ ഉമിനീരാക്കി അത് മണ്ണിൽ തട്ടിച്ച് വേദനയുള്ളിടത്ത് അത് കൊണ്ട് തടവുന്നതുമെല്ലാം നബി(സ്വ)യിൽ നിന്നും സ്വഹീഹായി രേഖപ്പെടുത്തപ്പെട്ടതാണ്. ഇതൊക്കെ കേൾക്കുമ്പോഴേക്കും ചിലരൊക്കെ മുഖം ചുളിക്കും, തങ്ങളുടെ വരണ്ട ഈമാൻ യുക്തിക്ക് പണയം വെച്ച മൂഢന്മാരാണവർ. നബി(സ്വ)യിൽ നിന്നും ഒരു സുന്നത്ത് മനസ്സിലാക്കി അത് അംഗീകരിക്കുവാനും പരസ്യപ്പെടുത്തുവാനും വിമ്മിഷ്ടം കാണിക്കുന്നവരുടെ യുക്തിയും ബുദ്ധിയും എന്തായാലും സലഫുകളുടെ രീതിശാസ്ത്രത്തിന് പുറത്ത് തന്നെയാണെന്നതിൽ യാതൊരു സംശയവും വേണ്ട.
പൈശാചികബാധയ്ക്ക് നബി(സ്വ) മന്ത്രിച്ച് ചികിത്സിച്ചതായി സ്വഹീഹായി രേഖപ്പെടുത്തപ്പെടുകയും സ്വഹാബത്തും സലഫുകളും അത് ഫലവത്തായി ചെയ്തതായും അനേകം ഗ്രന്ഥങ്ങളിലൂടെ പണ്ഡിതന്മാർ നമുക്ക് വിശദീകരിച്ച് തരുന്നുണ്ട്. ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ അസ്കലാനി(റ) വളരെ വിശദമായി ഇവയെക്കുറിച്ച് പ്രതിപാദിച്ചതായിക്കാണാം. നിഷേധിക്കാനാവാത്ത സ്വഹീഹായ ഹദീസുകളെ ആസ്പദമാക്കിയുള്ള ഇത്തരം ആധികാരിക പ്രമാണങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന, അഥവാ കണ്ടാൽ തന്നെ തന്റെ (ദുർ)ബുദ്ധിക്ക് അനുയോജ്യമല്ലെന്ന കാരണത്താലോ, ലോകമാന്യതയ്ക്ക് വേണ്ടിയോ ഇവയെല്ലാം അവഗണിക്കുന്നവരെ നമുക്ക് മാററി നിർത്താം. ജിന്നുകൾ മനുഷ്യനിൽ വന്നിറങ്ങുമെന്നതും, അവ മനുഷ്യശരീരത്തിൽ പ്രവേശിക്കുമെന്നതും അഹ്.ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഒന്നടങ്കം അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ്. അവയുടെ ഈ ശല്യത്തിൽ നിന്നും (ജിന്നു ബാധ) രക്ഷക്കായി ഖുർആൻ ആയത്തുകളോതിയോ, നബി(സ്വ)യിൽ നിന്നും ലഭിച്ച പ്രാർത്ഥനകളുപയോഗിച്ചോ മന്ത്രിക്കാവുന്നതാണ്. എന്നാൽ തദവസരത്തിൽ ജിന്നുകളുമായി സംസാരിക്കുമ്പോൾ നബി (സ) ഉപയോഗിച്ച വാക്കുകളിൽ നമ്മുടെ വാക്കുകളും പരിമിതപ്പെടുത്തേണ്ടതാണ്. اخرج عدو الله)) അല്ലാഹുവിന്റെ ശത്രുവെ, നീ പുറത്തു പോവുക. (കടക്കുക) ഇതിൽപ്പരം ഏതൊരു വാക്കും ജിന്നുമായുള്ള സംസാരവുമെല്ലാം തന്നെ ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുമെന്നും ആയതിനാൽ അവയിൽ നിന്നും വിട്ടു നിൽക്കണമെന്നുമാണ് പണ്ഡിതന്മാർ ആ വിഷയത്തിൽ ഊന്നിപ്പറയുന്നത്. ശൈഖ് അൽബാനി(റ)യുടെ ഫത്‌വയും ഈ വിഷയത്തിൽ സമാനമായ വിധി തന്നെയാണ് പ്രസ്താവിച്ചിട്ടുള്ളതെന്ന് സാന്ദർഭികമായി ഉണർത്തിക്കൊള്ളട്ടെ.
ആയതിനാൽ അല്ലാഹുവിന്റെ റസൂൽ(സ്വ)യുടെ ചര്യ പിൻപറ്റുന്നതിന് പകരം ഊഹങ്ങളിൽ നിന്നും അനുമാനങ്ങളിൽ നിന്നും കേട്ടുകേൾവിയിൽ നിന്നുമൊക്കെ പുതിയ പുതിയ റുക്വ്‌യാ രീതിശാസ്ത്രങ്ങൾ ഉണ്ടാക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവർക്കായി നബി(സ്വ)യുടെ സുന്നത്തിന്റെ പരിധി ലംഘിക്കുന്നവരെ താക്കീത് ചെയ്യുമ്പോൾ ഇമാം മാലിക്(റ) ഓതിവെച്ച ക്വുർആൻ ആയത്ത് ശൈഖ് അൽബാനിയും(റ) നമ്മോട് ആവർത്തിക്കുന്നു.
24:63 فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
‘ആകയാൽ അദ്ദേഹത്തിന്റെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്ന് ഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ’. 24:63
മ്രന്തിക്കുന്നതോടൊപ്പം സുന്നത്തിൽ സ്ഥിരപ്പെട്ട ഏതാനും ദുആകൾ താഴെ കൊടുക്കുന്നു.
أسأل الله العظيم رب العرش العظيم أن يشفيك
‘മഹത്തായ സിംഹാസനത്തിന്റെ ഉടമയായ മഹാനായ അല്ലാഹുവിനോട് നിന്റെ രോഗശമനത്തിന് വേണ്ടി ഞാൻ ചോദിക്കുന്നു.’
أعيذكما بكلمات الله التامة من كل شيطان وهامة ومن كل عين لامة
‘സർവ്വ പിശാചുക്കളിൽ നിന്നും, വിഷജീവികളിൽ നിന്നും എല്ലാ ദുഷ്ടകണ്ണുകളിൽ നിന്നും അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങളുടെ പേരിൽ ഞാൻ നിങ്ങൾക്ക് അഭയം തേടുന്നു.’
اللهم رب الناس أذهب الباس ، اشفه وأنت الشافي ، لا شفاء إلا شفاؤك ، شفاء لا يغادر سقما
‘ജനങ്ങളുടെ നാഥനായ അല്ലാഹുവേ, ഇയാളുടെ പ്രയാസം ഇല്ലാതാക്കേണമേ , നീയാണ് സൗഖ്യം നൽകുന്നവൻ, നീ നൽകുന്ന ശമനമല്ലാതെ യാതൊരു ശമനവുമില്ല. രോഗം അവശേഷിക്കാത്ത വിധത്തിൽ നീ സുഖപ്പെടുത്തേണമേ.’
اللهم أذهب عنه حرها وبردها ووصبها
‘അല്ലാഹുവേ, രോഗത്തിന്റെ ചൂടും തണുപ്പും ക്ഷീണവും അവനിൽ നിന്നും നീ നീക്കിക്കളയേണമേ
-حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم
‘എനിക്ക് അല്ലാഹു മതി. അവനല്ലാതെ മറെറാരാരാധ്യനില്ല. അവനിൽ ഞാൻ ഭരമേൽപ്പിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ നാഥനാണ്.’
بسم الله أرقيك ، من كل شيء يؤذيك ، من شر كل نفس ، و عين حاسد ، بسم الله أرقيك ، و الله يشفيك
അല്ലാഹുവിന്റെ നാമത്തിൽ, നിനക്ക് ഉപദ്രവകരമായ എല്ലാ രോഗത്തിൽ നിന്നും അസൂയാലുവിന്റെ കണ്ണേറിൽ നിന്നും എല്ലാ ദുഷിച്ച ആത്മാവിന്റെ നാശത്തിൽ നിന്നും നിന്നെ ഞാൻ മ്രന്തിക്കുന്നു. അല്ലാഹു നിനക്ക് രോഗശമനം നൽകട്ടെ. അല്ലാഹുവിന്റെ നാമത്തിൽ നിന്നെ ഞാൻ മന്ത്രിക്കുന്നു.
ശരീരത്തിൽ വേദനിക്കുന്ന ഭാഗത്ത് കൈ വെക്കുക. മൂന്ന് തവണ بسم الله എന്ന് പറയുക. ശേഷം أعوذ بالله وقدرته من شر ما أجد وأحاذر എന്ന് ഏഴ് പ്രാവശ്യം പറയുക. ‘എന്നെ ബാധിച്ചതിന്റെയും ഞാൻ ഭയപ്പെടുന്നതിന്റെയും വിഷമത്തിൽ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു’.
No comments:
Post a Comment