Wednesday, May 9, 2012

മടവൂര്‍ -ചേകനൂര്‍ ലയന ചര്‍ച്ചകള്‍

കേരളക്കരയില്‍ നവോത്ഥാനത്തിന്റെ മേല്‍പുതപ്പിട്ട് മതനശീകരണത്തിന്റെ വിത്ത് പാകി കുപ്രസിദ്ധി നേടിയ വ്യക്തിയാണല്ലോ ചേകനൂര്‍ മൌലവി. ഇസ്ലാമിന്റെ അലകും പിടിയും ഓരോന്നായി പിഴുതെടുക്കാന്‍ ശ്രമിച്ച്, അവസാനം സര്‍വ്വമതസത്യവാദമെന്ന കുഫ്റിന്റെ സാഗരത്തില്‍ സ്നാനം ചെയ്ത് മതം ‘മാറിയ’ അദ്ദേഹം, ഹദീസുകള്‍ക്കെതിരെ ചീറ്റിയ വിഷം വീര്യം അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അംഗുലീപരിമിതമായ അനുയായികളെ മാത്രമേ തന്റെ ജീവിത കാലഘട്ടത്തില്‍ അദ്ദേഹത്തിന് സമ്പാദിക്കാനായുള്ളൂവെങ്കിലും, ഹദീസുകളോട് പുഛമനോഭാവം സ്വീകരിക്കുന്ന വലിയൊരു കൂട്ടത്തെ സൃഷ്ടിക്കാന്‍ അയാള്‍ക്ക് സാധിച്ചു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ചേകനൂരികളുടെ മുഴുവന്‍ വാദങ്ങളും അംഗീകരിച്ചില്ലെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും ചേകനൂരികളുമായി രാജിയാവാന്‍ ഇന്ന് ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് കേരളീയ മുസ്ലിംസമൂഹം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ചേകനൂരിനെ നേതാവായി പ്രഖ്യാപിക്കുന്നില്ല എന്നതു മാത്രമാണിപ്പോള്‍ ചില വിവിരദോഷികള്‍ക്ക് ചേകനൂരികളുമായുള്ള വ്യത്യാസം. ഹദീസുകളെ പരിഹസിക്കുകയും തങ്ങളുടെ അരണയുടെ ബുദ്ധിയുപയോഗിച്ച് ഹദീസുകളെ തളളുകയും കൊള്ളുകയും ചെയ്യുന്നവര്‍ ഇന്നു വളര്‍ന്നു വരുന്നത് ഭീതിജനകമാണ്. മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് ആശയ പരമായി തെറിച്ച് പോയി ഇപ്പോള്‍ ചേകനൂരികളുടെ ആലക്ക് പുറത്തുകിടന്ന് അലറുന്ന ഒരുകൂട്ടം ആളുകള്‍ക്ക് ഇനിയാ കുഫ്രിയ്യത്തിന്റെ ചീഞ്ഞ് നാറുന്ന ആലയിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യാനുള്ളൂ. വ്യക്തമായി പറഞ്ഞാല്‍, മടവൂരിസം എന്ന നവമുഅ്തസിലിസം ചേകനൂരിസം എന്ന ചെകുത്താനിസത്തിന്റെ ഉമ്മറപ്പടിയിലാണിന്ന്. ഒട്ടനവധി വിഷയങ്ങളില്‍ മടവൂരിസം ഇന്നെത്തി നില്‍ക്കുന്നത് ചേകനൂരിസത്തിന്റെ മാലിന്യ കൂമ്പാരങ്ങളിലാണെന്നത് ഒരു ദുഖഃസത്യമാണ്. ആരെങ്കിലും ഇത് നിഷേധിക്കുന്നെങ്കില്‍ അവര്‍ക്കുളള തെളിവുകളാണ് ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്.
ചേകനൂര്‍ സാമൂഹ്യപരിഷ്കര്‍ത്താവെന്ന് മടവൂരി നേതാക്കള്‍! തലവാചകം കാണുമ്പോള്‍ ഏതെങ്കിലും മടവൂരികള്‍ ഞെട്ടുമെങ്കില്‍ ആ ഞെട്ടല്‍ ഇത്തിരി നേരത്തേക്ക് മാത്രമായിരിക്കും. ചേകനൂരീ ഭക്തന്മാര്‍ അവരുടെ നേതാവിനെ സാമൂഹ്യ പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായി ചിത്രീകരിക്കുന്നതില്‍ നമുക്കല്‍പം പോലും അത്ഭുതമില്ല. കാരണം, ഏത് അണ്ടനേയും അയാളുടെ അനുയായികള്‍ക്ക് എന്തുമാക്കാം. സമസ്തക്കാര്‍ മുഴു ഭ്രാന്തന്മാരെ വലിയ്യുകളാക്കുന്നത് പോലെ. ചേകനൂരിനെ സാമൂഹ്യ പിരിഷ്കര്‍ത്താവും നവോത്ഥാന നായകനുമാക്കി ചേകനൂരികള്‍ പുറത്തിറക്കിയ വാറോലകള്‍ ആണ് ‘ചേകനൂര്‍ മൌലവി ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ്’, ‘ചേകനൂര്‍ മൌലവി ജീവിതവും സന്ദേശവും’ എന്നിവ. എന്നാല്‍ ഇസ്വ്ലാഹീ പ്രസ്ഥാനത്തിന്റെ തറവാടിത്തം അവകാശപ്പെടാറുള്ള മടവൂരികള്‍ക്ക് ഈ കുഫ്റിന്റെ വക്താവിനെ നവോത്ഥാന നായകനാക്കേണ്ട എന്ത് സാഹചര്യമാണ് ഉള്ളത് എന്ന് ചിന്തിക്കുമ്പോഴാണ് മടവൂരിസത്തില്‍ നിന്ന് ചേകനൂരിസത്തിലേക്ക് അധികം വഴിദൂരമില്ലെന്ന് കാണാനാവുക. ചേകനൂരിനെ കുറിച്ച് മൂന്ന് മടവൂരി നേതാക്കള്‍- മുജീബ് റഹ്മാന്‍ കിനാലൂര്‍, മുജീബ് റഹ്മാന്‍ കോക്കൂര്‍, കെ.സി റിയാസ്- പുറത്തിറക്കിയ പുസ്തകമാണ് ‘ചേകനൂര്‍: അകവും പുറവും’ എന്നത്. അതിന്റെ പ്രസാധകക്കുറിപ്പില്‍ കെ.സി. റിയാസ് എഴുതുന്നത് ശ്രദ്ധിക്കുക: “ലേഖനങ്ങള്‍ എടുത്തു ചേര്‍ക്കാനനുവദിച്ച ബഹുമാന്യരായ ലേഖകര്‍, എഡിറ്റിംഗ് നിര്‍വഹിച്ച മുജീബ് റഹ്മാന്‍ കിനാലൂര്‍, ഈ കൃതി വെളിച്ചം കാണാന്‍ ഉത്സാഹിച്ച നൌഷാദ് പാപ്പിയോണ്‍, എം. പി. മുഹമ്മദുണ്ണി മൌലവി, കെ.സി, ശ്രീകുമാര്‍, എം.ആര്‍.കോക്കൂര്‍. ഡി.ടി.പി. പ്രിന്റിംഗ് നിര്‍വഹിച്ചവര്‍ എല്ലാവരോടുമുള്ള കടപ്പാട് ഓര്‍ക്കുന്നു.” ഇവിടെ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. മുകളില്‍ പേര് പറയപ്പെട്ടവരിലുള്ള എം.പി. മുഹമ്മദുണ്ണി മൌലവി എന്നയാള്‍ ചേകനൂരികളുടെ ഇന്നത്തെ വലിയ നേതാവാണ്. അയാളുടെ സഹായത്തോടെയാണ് മടവൂരികള്‍, ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ച ഒരു മതനിഷേധിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് വരുമ്പോള്‍ ആന്തരികമായി മടവൂരികളും ചേകനൂരികളും ഇവിടെ ഐക്യപ്പെടുകയാണ്. തീര്‍ന്നില്ല, പുസ്തകത്തിന്റെ ആമുഖത്തില്‍ കിനാലൂര്‍ മൌലവി എഴുതിയ വരികള്‍ കൂടി ശ്രദ്ധിക്കുക: “കേരള മുസ്ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട ഈ ലഘു ആമുഖം ചേകനൂര്‍ മൌലവിയെ ഒരു പരിഷ്കര്‍ത്താവ് എന്ന നിലയില്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അനിവാര്യമാണ്.” കേരള മുസ്ലിം നവോത്ഥാനത്തിന്റെ ഏത് ഏടിലാണ് ചേകനൂര്‍ കൂടികൊള്ളുന്നതെന്ന് മടവൂരികള്‍ ഒന്ന് മാലോകര്‍ക്ക് പറഞ്ഞുകൊടുത്താല്‍ നന്നായേനേ. വീണ്ടും എഴുതി: “നവോത്ഥാന ചരിത്രത്തിന്റെ മൂന്നാംഘട്ടം പിന്നിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ സജീവമായ രംഗപ്രവേശം. 1967 വരെ അദ്ദേഹം ഉല്‍പതിഷ്ണു വിഭാഗങ്ങളുമായി സഹകരിച്ചു. അതിനുശേഷമാണ് ഹദീസ് നിഷേധം അടക്കമുള്ള ഒറ്റപ്പെട്ട അഭിപ്രായം അദ്ദേഹം മുന്നോട്ട് വെച്ചത്.” നോക്കൂ! ഹദീസ് നിഷേധം എന്നത് ചേകനൂരിന്റെ ഒറ്റപ്പെട്ട അഭിപ്രായമായിരുന്നത്രെ! ആരാണിത് പറയുന്നത്?. മടവൂരികളുടെ സംസ്ത്ഥാനനേതാവ്! ഹദീസ് നിഷേധം അയാളുടെ ഒറ്റപ്പെട്ട അഭിപ്രായമായിരുന്നില്ല. അയാളുടെ വാദങ്ങള്‍ മുഴുവനും ഹദീസ് നിഷേധമെന്ന കുഫിരിയ്യത്തിന്മേലായിരുന്നു അയാള്‍ നെയ്തെടുത്തിരുന്നത് എന്നതാണ് യഥാര്‍ത്ഥ്യം. മടവൂരീ നേതാവ് തുടര്‍ന്ന് എഴുതുന്നു: “തുടര്‍ന്ന് മുസ്ലിം മുഖ്യധാരയില്‍ നിന്ന് അദ്ദേഹം ഒറ്റപ്പെട്ടുവെങ്കിലും വ്യവസ്ഥാപിത ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ ഉന്നയിച്ച പുരോഗമനപരമായ ആശയങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കുകയും സ്വന്തം നിലയില്‍ തന്നെ യാഥാസ്ഥിതികരുമായി ഏറ്റുമുട്ടുകയും ചെയ്തു പോന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍, അദ്ദേഹം ഒരു പരിഷ്കരണ വാദിയേ ആയിരുന്നില്ല എന്ന വാദത്തിന്റെ മുനയൊടിക്കുന്നു.” കണ്ടില്ലേ, ഇവിടുത്തെ മുജാഹിദ് പ്രസ്ഥാനം ഉന്നയിച്ച പുരോഗമനപരമായ ആശയങ്ങള്‍ക്ക് അദ്ദേഹം പിന്തുണ നല്‍കിയത് കൊണ്ട് അയാളെ ഒരു പരിഷ്കര്‍ത്താവായി അംഗീകരിക്കണം പോലും! മുജീഹിദുകളുടെ എന്നല്ല, ഇസ്ലാമിന്റെ തന്നെ നെഞ്ചില്‍ ജൂതായിസത്തിന്റെ വിഷലിപ്ത കഠാര കുത്തിയിറക്കാന്‍ പരിശ്രമിച്ച ഇയാള്‍ ഏതര്‍ത്ഥത്തിലാണ് ഒരു പരിഷ്കര്‍ത്താവാകുന്നതെന്ന് മടവൂരികളൊന്ന് വിശദീകരിക്കണം. ഹദീസ് നിഷേധമാണ് ചേകനൂരില്‍ മടവൂരികള്‍ കാണുന്ന പരിഷ്കരണ ചിന്തയെങ്കില്‍ ആ ‘പുണ്യ’പ്രവര്‍ത്തനം ഇപ്പോള്‍ ഏറ്റെടുത്തത് തങ്ങളാണ് എന്നതില്‍ മടവൂരികള്‍ക്ക് തീര്‍ച്ചയായും സന്തോഷത്തിന് വകയുണ്ട്. മടവൂരീ നേതാവിന്റെ ചേകനൂര്‍ പ്രേമം അവസാനിക്കുന്നില്ല. അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: “ഒരു നവോത്ഥാന ചിന്തകന്‍ എന്ന നിലയില്‍ തനിക്ക് മുമ്പ് ആരും ചെയ്യാത്ത വ്യത്യസ്തമായ യാതൊന്നും ചേകനൂര്‍ മൌലവി ചെയ്തിട്ടില്ല. നവോത്ഥാനാശയക്കാരായ പലരും മുമ്പുതന്നെ പീഢിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ പരമ്പരയിലെ ഒരു കണ്ണിയാണ് വാസ്തവത്തില്‍ ചേകനൂര്‍ മൌലവിയും.” (ചേകനൂര്: അകവും പുറവും. മുജീബ് റഹ്മാന്‍ കിനാലൂര്‍. പേജ് 4) ഉഷാര്‍! ഹദീസ് നിഷേധമെന്ന കുഫ്രിയ്യത്തും അവസാനം സര്‍വ്വമത സത്യവാദമെന്ന കലര്‍പ്പില്ലാത്ത മതനിരാസവും കേരളക്കരയില്‍ വിളമ്പിയ ചേകനൂര്‍ മൌലവി നവോത്ഥാന നായകരിലെ കണ്ണിയാണത്രേ! നന്നായിട്ടുണ്ട്. ഇനി കാര്യങ്ങള്‍ ആളുകള്‍ക്ക് വേഗം ഗ്രഹിക്കാനാവും. കാരണം, ചേകനൂര്‍ തുടങ്ങിവെച്ച ആ ‘മഹത്തായ നവോത്ഥാന’ത്തിന് പിന്‍ഗാമികളില്ലാതെ പോവരുതല്ലോ. ആ പിന്‍ഗാമികളാണ് തങ്ങള്‍ എന്ന് മടവൂരികള്‍ നാള്‍ക്കുനാള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അഥവാ, മടവൂരിസമെന്ന മുഅ്തസിലീ മതം അനുദിനം ചേകനൂരിസമെന്ന കുഫ്റിന്റെ സാഗരത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് സാരം. തുടര്‍ന്നുവരുന്ന തെളിവുകള്‍ അതിന്റെ സംസാരിക്കുന്ന രേഖകളാണ്. ക്വുര്‍ആനിന് ‘എതിരായ’ ഹദീസ് വിശുദ്ധ ക്വുര്‍ആനും നബി(സ്വ)യുടെ ഹദീസുകളും മുസ്ലിംലോകം ഗ്രഹിച്ചതും മനസ്സിലാക്കിയതും പ്രവാചകനില്‍ നിന്നാണ്. രണ്ടും വഹ്യാണെന്നതാണ് മുസ്ലിം ലോകത്തിന്റെ നിലപാട്. അതുകൊണ്ടു തന്നെ ക്വുര്‍ആനും സ്വഹീഹായ സുന്നത്തും തമ്മില്‍ ഒരിക്കലും വൈരുദ്ധ്യമുണ്ടാവില്ലെന്നതാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ‘വൈരുദ്ധ്യം’ എന്ന് തോന്നുന്നവ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിനോട് യോജിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ വിശദീകരണമോ ആയിരിക്കും. എന്നാല്‍ ഹദീസുകളെ നിഷേധിക്കാന്‍ ചേകനൂരികള്‍ പുറത്തെടുത്ത ഒരു അടവായിരുന്നു. അവര്‍ക്ക് തള്ളണമെന്ന് തോന്നുന്ന ഹദീസുകളെ മുഴുവന്‍ ‘ക്വുര്‍ആന്‍ വിരുദ്ധം’ എന്ന് മുദ്രകുത്തി തോട്ടിലെറിയാനുള്ള ശ്രമം. ഒരു ചേകനൂരി നേതാവിന്റ വരികള്‍ ശ്രദ്ധിക്കൂ: “അതുകൊണ്ട് ഹദീസുകളുടെ മൂല്യം നിര്‍ണ്ണയിക്കേണ്ടത് ഖുര്‍ആന്‍ കൊണ്ട് തന്നെയാണ്. ഖുര്‍ആന്റെ തത്വങ്ങളോടും ആശയങ്ങളോടും യോജിക്കുന്നവ സ്വീകരിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യേണ്ടതാണ.്” (ശരീഅത്ത്: വികാസവും പരിണാമവും. എം.പി. മുഹമ്മദുണ്ണി മൌലവി, പ്രസാ: ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. പേജ.് 14) ഇനി, മറ്റൊരു ചേകനൂരിയുടെ വാചകങ്ങള്‍ കൂടി കാണുക: “ഹദീസുകളെല്ലാം പച്ചക്കള്ളമാണെന്ന വാദം ഖുര്‍ആന്‍ സുന്നത്തുകാര്‍ക്കില്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഖുര്‍ആനിലെ നിയമങ്ങള്‍ ഹദീസിലും കണ്ടാല്‍ തള്ളിക്കളയേണ്ടതില്ല. ഖുര്‍ആനിന് എതിരായിട്ട് ഹദീസ് കണ്ടാല്‍ തള്ളിക്കളയാനും മടി കാണിക്കേണ്ടതില്ല”. (ഈ ഹദീസുകള്‍ ആര്‍ക്കുവേണ്ടി? പേജ് 23,25) കണ്ടല്ലോ, ഹദീസുകളുടെ മൂല്യം നോക്കേണ്ടത് ക്വുര്‍ആന്‍ കൊണ്ടാണെന്നു പറഞ്ഞ് തങ്ങള്‍ക്ക് ക്വുര്‍ആനിനനുകൂലമെന്ന് തോന്നുന്നതിനെ സ്വീകരിക്കുകയും തങ്ങള്‍ക്ക് ക്വുര്‍ആന്‍ വിരുദ്ധമെന്ന് തോന്നിയാല്‍ അത്തരം ഹദീസുകളെ തള്ളുകയുമാണ് ഇവറ്റകളുടെ രീതി. ഇതേ രീതി തന്നെയാണ് മടവൂരീകളും ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ഹദീസിനെ തള്ളാന്‍ മടവൂരികള്‍ മനസ്സുവച്ചാല്‍ ആദ്യം ഉയര്‍ത്തുന്ന വിമര്‍ശനം “അത് ക്വുര്‍ആനിനെതിരാണ്” എന്നതായിരിക്കും. ചേകനൂരികളുടേതിന് സമാനമായ മടവൂരി നിലപാട് ഒരു നേതാവ് തന്നെ എഴുതിയത് കാണുക: “പരമ്പര സര്‍വ്വ ന്യൂനതകളില്‍ നിന്നും രക്ഷപ്പെട്ടതാണെങ്കിലും ഹദീസ് സ്ഥിരപെട്ടതാണെന്ന് (സ്വഹീഹ്) വിധി പറയുവാന്‍ പറ്റുകയില്ല. മത്നില്‍ പറയുന്ന സംഗതികള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനത്തിനോ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കോ മനുഷ്യന്റെ വ്യക്തമായ ബുദ്ധിക്കോ കൂടുതല്‍ പരമ്പരയിലൂടെ വന്ന ഹദീസുകളുല്‍ പറയുന്ന സംഗതികള്‍ക്കോ എതിരാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ദിറായത്ത് എന്നു പറയുന്നു. ദിറായത്തിനെ ഉപയോഗിക്കാതെ ഹദീസുകള്‍ പ്രസംഗങ്ങളിലും ഖുതുബകളിലും ചില പണ്ഡിതന്മാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയതാണ് ഹദീസ് നിഷേധികള്‍ വര്‍ധിക്കുവാന്‍ കാരണം.” (സനദ് ശരിയായ എല്ലാഹദീസും സ്വീകാര്യമാണോ? അത്തൌഹീദ്. 2003 ഏപ്രില്‍-മെയ്. പേജ്. 23.) കണ്ടില്ലേ, ഇവര്‍ക്കും ഹദീസ് സ്വീകരിക്കണമെങ്കില്‍ ചേകനൂരികളുടെ മാനദണ്ഡം തന്നെയാണ്. യഥാര്‍ത്ഥത്തില്‍, സ്വഹീഹായ ഹദീസ് ഒരിക്കലും ക്വുര്‍ആനിനോ ബുദ്ധിക്കോ എതിരാവില്ല. ഇവര്‍ രണ്ട് കൂട്ടരും ക്വുര്‍ആനിന് എതിരാണെന്ന് പറഞ്ഞ് തള്ളുന്ന മുഴുവന്‍ ഹദീസുകളും മുസ്ലിം ഉമ്മത്തിന്റെയടുക്കല്‍ ക്വുര്‍ആനിനോട് അനുയോജ്യവും സ്വഹീഹും ആണെന്നതാണ് സത്യം. ഏറെ രസകരമായ സംഗതി, ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് ചേകനൂരികള്‍ തള്ളുന്ന ഹദീസുകള്‍ തന്നെയാണ് മടവൂരികളും അതേ ദുര്‍ന്യായം പറഞ്ഞ് തള്ളിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ഉദാഹരണങ്ങള്‍ വഴിയേ വിശദീകരിക്കാം. മുതവാതിറായ ഹദീസ് നബ(സ്വ)യുടെ ഹദീസുകള്‍ മുതവാതിറാണെങ്കിലും അല്ലെങ്കിലും എല്ലാ വിഷയത്തിലും സ്വീകരിക്കണമെന്നതാണ് യഥാര്‍ത്ഥ മുസ്ലിമിന്റെ വിശ്വാസം. എന്നാല്‍, ഹദീസുകളെ തള്ളിക്കളയാന്‍ ചേകനൂരികള്‍ കണ്ടെത്തിയ ഒരു ദുര്‍ന്യായമായിരുന്നു; ഹദീസുകള്‍ മുതവാതിറാണെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കാം, അല്ലെങ്കില്‍ സ്വീകരിക്കില്ല എന്നത്. ഒരു ചേകനൂരി നേതാവ് എഴുതുന്നത് കാണുക: “അത്തരം മുതവാതിറായ ഹദീസുകള്‍ ലോഡുകണക്കിനുണ്ടെങ്കിലും കൊണ്ടു വന്നോളൂ, ഞങ്ങള്‍ രണ്ടാം പ്രമാണമായി അംഗീകരിക്കാം” (ഖുര്‍ആന്‍ ട്രൂത്ത് ദര്‍ശനം. 2006. ആഗസ്ത്. പേജ.് 20.) അപ്പോള്‍ ചേകനൂരികള്‍ ഹദീസ് സ്വീകരിക്കണമെങ്കില്‍ ആ ഹദീസ് മുതവാതിറാവണം. എന്നാല്‍ ഇതേ വാദം തന്നെയാണ് മറ്റൊരു രീതിയില്‍ മടവൂരികളും പറഞ്ഞ് കൊണ്ടിരിക്കുന്നത്. വിശ്വാസകാര്യങ്ങള്‍ സ്വീകരിക്കണമെങ്കില്‍ മുതവാതിറായ ഹദീസ് തന്നെ വേണം! അല്ലാത്തത് സ്വീകാര്യമല്ല. ഒരു മടവൂരി നേതാവ് എഴുതുന്നു: “വിശ്വാസ കാര്യങ്ങള്‍ക്ക് അവലംബം ഖുര്‍ആനും മുതവാതിറായ ഹദീസുകളാണ്.” (ബുഖാരി പരിഭാഷ. സലാം സുല്ലമി. 3/838, ജിന്ന്,പിശാച്,സിഹ്റ്: പേജ്. 135.) വീണ്ടും എഴുതുന്നു: “നാം ഹദീസ് പ്രമാണമാണെന്നും അത് മുഴുവന്‍ ഉപേക്ഷിക്കുവാന്‍ പാടില്ലെന്നും പ്രയാസപ്പെട്ടു ജനങ്ങളെ പഠിപ്പിക്കുബോള്‍ ഒരു വിഭാഗം ഇത്തരം ഹദീസുകള്‍ സാധാരണക്കാരുടെ മുന്നില്‍ ഉദ്ധരിച്ച് ഹദീസിനോട് തന്നെ മൊത്തത്തില്‍ ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്ന നിലയിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. പരമ്പര സ്വഹീഹായാല്‍ എല്ലാ ഹദീസുകളും നിര്‍ബന്ധമായും അംഗീകരിക്കണമെന്നും ഒറ്റപ്പെട്ട ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്കുവരെ അംഗീകരിക്കല്‍ അനിവാര്യമാണെന്നും അല്ലാത്തവര്‍ മുഅ്തസിലികള്‍ ആണെന്നും പ്രഖ്യപിക്കുന്നത് എത്ര വിചിത്രമായിരിക്കുന്നു.” (അത്തൌഹീദ്: 2003 ഏപ്രില്‍-മെയ് പേ:24) നോക്കൂ! പരമ്പര സ്വഹീയായ ഹദീസുകള്‍ മുഴുവനും സ്വീകരിക്കണമെന്നതും; മുതവാതിറല്ലാത്ത ഹദീസുകളും വിശ്വസകാര്യങ്ങള്‍ക്കും സ്വീകരിക്കാം എന്നതും വിചിത്ര വാദമാണത്രേ! ചേകനൂരിസത്തിലേക്ക് മടവൂരികള്‍ എത്ര മാത്രം അടുത്തു എന്നതിന്റെ രേഖ കൂടിയാണിത്. ഖബറുല്‍ വാഹിദും ഒറ്റപ്പെട്ട ഹദീസും മുതവാതിറല്ലാത്ത ഹദീസുകളെ മൊത്തം പണ്ഡിതന്മാര്‍ ഖബറുല്‍ ആഹാദ് എന്നോ ഖബറുല്‍ വാഹിദ് എന്നോ ആണ് പറയാറുള്ളത്. ഇത് ചിലപ്പോള്‍ ഒന്നിലധികമോ ഒരു സംഘമോ ഉദ്ധരിച്ചതുമാകാം. എന്നാല്‍ ഒറ്റപ്പെട്ട ഹദീസുകള്‍ എന്ന് പറഞ്ഞ് ചില ഹദീസ് നിഷേധികള്‍ ഇത്തരം ഹദീസുകളെ പരിചയപ്പെടുത്താറുണ്ട്. ആരോ ഒരാള്‍ എന്തോ ഒരുകാര്യം അയാള്‍ മാത്രം ഉദ്ധരിക്കുന്നു എന്ന ധ്വനിയാണ് ഇതിലൂടെ വരുന്നത്. അത് സ്വീകാര്യമല്ല എന്നതാണ് അവര്‍ പറയാറുള്ളത്. ചേകനൂര്‍ മൌലവി എഴുതുന്നു: “ഒരു ഹദീസ് നബിയുടേതാണെന്ന് സ്ഥിരപ്പെട്ടുകിട്ടാന്‍ ഖുര്‍ആന്‍ സിദ്ധാന്തമനുസരിച്ച് രണ്ട് സാക്ഷികളെങ്കിലും വേണം.” (പ്രമാണയോഗ്യമായ ഹദീസ് ഏത്. പേജ്:54.) രണ്ട് സാക്ഷി സിദ്ധാന്തത്തിന് ശക്തികൂട്ടാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു യഥാര്‍ത്ഥത്തില്‍ ‘ഒറ്റപ്പെട്ട ഹദീസ’് പ്രയോഗം. ഇതിനെക്കുറിച്ച് മടവൂരികള്‍ തന്നെ എഴുതിയത് ശ്രദ്ധിക്കുക: “ചില ആധുനിക ഹദീസ് നിഷേധികള്‍ ഖബര്‍ ആഹാദിന് ‘ചില ഒറ്റപ്പെട്ട ഹദീസുകളെ’ന്ന രീതിയില്‍ വിവക്ഷ നല്‍കുന്നത് ശരിയല്ല.” (ഹദീസ് സമാഹാരം.വിശ്വാസം.പേജ്:69) അപ്പോള്‍ ഹദീസ് നിഷേധികളാണ് ഖബര്‍ ആഹാദിന് ഒറ്റപ്പെട്ട ഹദീസുകള്‍ എന്ന് വിവക്ഷ കൊടുത്തത് എന്ന് ഇവര്‍ സമ്മതിച്ചു. എന്നാല്‍, ആരാണ് ഈ ആധുനിക ഹദീസ് നിഷേധികള്‍?. അവര്‍ മടവൂരി പാളയത്തില്‍ തന്നെയാണുള്ളത് എന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഹദീസ് നിഷേധികള്‍ക്ക് വളംവെച്ച് കൊടുക്കുകയും, ആളുകളെ ചേകന്നൂരിസത്തിലേക്ക് റിക്രൂട്ട് നടത്തുകയും ചെയ്യുന്ന ഇത്തരം നിഷേധികള്‍ക്ക് സ്ഥാനവും സ്വാതന്ത്യ്രവും നല്‍കുന്നവരും മടവൂരികള്‍ തന്നെ. മടവൂരികളുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘അത്തൌഹീദി’ല്‍ വന്ന ഒരു ലേഖനത്തില്‍ ഖബറുല്‍ ആഹാദിനെ മൂന്നു തവണയാണ് ‘ഒറ്റപ്പെട്ട ഹദീസുകള്‍’ എന്ന് എഴുതിയത്. നാല് പേജുള്ള ഒരു ലേഖനത്തില്‍ മാത്രമാണിതെന്ന് വായനക്കാര്‍ ശ്രദ്ധിക്കണം. അതിലെ ചില വരികള്‍ ഇങ്ങനെയാണ്: “എന്നാല്‍ പില്‍ക്കാലത്ത് വന്ന ഒറ്റപ്പെട്ട ഹദീസുകളിലൂടെ (ഖബ്റുല്‍ വാഹിദ്) വന്ന ഹദീസുകളെ അടിസ്ഥാനമാക്കി വ്യക്തമായ ബുദ്ധിക്ക് മനസ്സിലായ യാഥാര്‍ത്ഥ്യത്തെയും ശാസ്ത്ര വിജ്ഞാനത്തേയും ഉപേക്ഷിക്കേണ്ട യാതൊരു അനിവാര്യതയും ഇല്ല.” (അത്തൌഹീദ്. 2003. ഏപ്രില്‍. 25.) അതു പ്രകാരം തന്നെ ഹദീസ് നിഷേധികള്‍ക്ക് സൌകര്യം ചെയ്തു കൊടുത്ത്, ഖബ്റുല്‍ ആഹാദ് കൊണ്ട് ഊഹം മാത്രമെ കിട്ടൂവെന്നും മടവൂരികള്‍ വാദിച്ചുകൊണ്ടിരിക്കുകയാണ്. ‘ഊഹത്തേയാണോ നിങ്ങള്‍ പിന്‍പറ്റുന്നത്’ എന്ന് ചോദിച്ച് ഹദീസ് നിഷേധികള്‍ക്ക് ഖബ്റുല്‍ ആഹാദിനെ തള്ളാന്‍ സൌകര്യം ചെയ്യുകയാണിവര്‍ ചെയ്യുന്നത്. മടവൂരികള്‍ എഴുതി: “നബി (സ്വ)യുടെ സംസാരത്തില്‍ നിന്ന് നാം ഹദീസ് നേരിട്ട് കേള്‍ക്കുന്നില്ല. ഇന്ന ആള്‍ പറഞ്ഞു ഇന്ന ആളോട് ഇന്നയാള്‍ പറഞ്ഞു എന്നു തുടങ്ങുന്ന പരമ്പരയിലൂടെയാണ് നമുക്ക് ഹദീസ് ലഭിക്കുന്നത്. അതിനാല്‍ ഖബ്റുല്‍ വാഹിദ് (ഒറ്റപ്പെട്ട ഹദീസുകള്‍) മുഖേന ലഭിക്കുന്ന ഹദീസുകള്‍ കൊണ്ടും മികച്ച ഊഹം മാത്രമാണ് ലഭിക്കുന്നത്. ഉള്ള അറിവിന്റെ ഒരു ശാഖയാണെങ്കിലും ഖണ്ഡിതമായ അറിവിനെ എതിര്‍ക്കുവാന്‍ ശക്തിയില്ല. അനുഭവ ജ്ഞാനത്തെയും.” (അത്തൌഹീദ്: ഏപ്രില്‍.പേജ്: 25) കണ്ടില്ലേ! ഹദീസ് നിഷേധികള്‍ക്ക് വളം വെച്ചുകൊടുക്കുന്ന ഇത്തരം വാദങ്ങളുമായാണ് ഇവര്‍ നടക്കുന്നത്. ഈ വിശ്വാസമുള്ള ഒരുത്തനെങ്ങനെയാണ് നബ(സ്വ)യുടെ ഹദീസുകളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനാവുക? മടവൂരികള്‍ ചേകനൂരികളെപ്പോലെ ചില ഹദീസുകളെ ‘കൈകാര്യം’ ചെയ്യുന്നതിന്റെ രഹസ്യം വായനക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലാവുന്നുണ്ടാവും. ഹദീസ് ക്രോഡീകരണം ഹദീസ് നിഷേധികള്‍ ഹദീസിന്റെ പ്രമാണകതയെകുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ വസ്വാസ് സൃഷ്ടിക്കാന്‍ വേണ്ടി പറയുന്ന കാര്യമാണ് നബ(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഒരാളും ഒരു ഹദീസും എഴുതി വച്ചിട്ടില്ലല്ലോ, ഹദീസ് പ്രമാണമാണെങ്കില്‍ ഇത് എങ്ങനെ സംഭവിച്ചു എന്നത്. ചേകനൂര്‍ മൌലവി എഴുതുന്നത് കാണുക: “എങ്കിലും നബിയുടെ മുന്‍ നടപടിയും ഖലീഫ ഉമറിന്റെ ആ പ്രഖ്യാപനവും മൂലം മുസ്ലിംകളില്‍ ഏറ്റവും ഉത്തമന്മാരും ഖുര്‍ആന്‍ വിശ്വാസികളുമായിരുന്ന സ്വഹാബികളുടെ കാലത്തൊന്നും ഒറ്റഹദീസ് ഗ്രന്ഥവും പിന്നെ രചിക്കപ്പെടുകയുണ്ടായില്ല.” (പ്രമാണയോഗ്യമായ ഹദീസേത്? പേജ്:20.) വീണ്ടും എഴുതുന്നു: “ഖുര്‍ആന്‍ വ്യാഖ്യാനിച്ച് കൊണ്ടോ മതവിധികള്‍ വിവരിച്ചു കൊണ്ടോ ഉള്ള ഒറ്റ ഹദീസും നബി എഴുതുകയോ സഹാബികള്‍ എഴുതി വെക്കുകയോ ചെയ്തിട്ടുണ്ടെന്നതിന് യാതൊരു തെളിവും ഒറ്റ അഹ്ലുല്‍ ഹദീസുകാരനും കൊണ്ട് വരാന്‍ സാധ്യമല്ല.” (അതേഗ്രന്ഥം. പേജ്:21.) ഒരു ചേകനൂരി ഭക്തന്റെ വാക്കുകള്‍ കൂടി നോക്കുക: “ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ വിരചിതമായ ഹദീസ് പുരാണങ്ങളൊന്നും ഇസ്ലാമില്‍ പ്രമാണമല്ല.” (ഖുര്‍ആന്‍ ദര്‍ശനം. 2002. ഡിസംബര്‍. പേജ്:18.) അപ്പോള്‍, നബി(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഒരു ഹദീസ് ഗ്രന്ഥവും ഉണ്ടായിരുന്നില്ലെന്നും അതെല്ലാം രണ്ടാം നൂറ്റാണ്ടിന് ശേഷം വന്നതാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. സ്വഹാബത്തില്‍പെട്ട ചിലര്‍ തന്നെ ഹദീസുകള്‍ എഴുതി വെക്കുകയും അത് ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്നു അംറ്(ദാരിമി:1/125), അബൂബക്കര്‍ (തദ്കിറത്തുല്‍ഹുഫാള് 1/5), ഉമര്‍ (ജാമിഉ ബയാനില്‍ ഇല്‍മ്:2/64), അബൂഹുറൈ (ഫത്ഹുല്‍ബാരി: 1/127), അബൂസുഫിയാന്റെ മകന്‍ സിയാദ്(അല്‍ ഇസാബ:95), അബൂറാഫിഅ് (ഇസ്വാബ:), അബ്ദുല്ലാഹിബ്നു ഉമര്‍ (അല്‍ ആദാബുശ്ശറഇയ്യ: 2/125), അനസ്, സഅദ്ബിന്‍ ഉബാദത്ത് (ജാമിഉ ബയാനില്‍ ഇല്‍മ് 1/72) എന്നീ സ്വഹാബീ വര്യന്മാര്‍ ഹദീസുകള്‍ എഴുതി വെച്ചവരായിരുന്നു എന്ന് കൃത്യമായി തെളിഞ്ഞതാണ്. മാത്രമല്ല അബ്ദുല്ലാഹിബ്ന്‍ അംറിന് “അസ്വഹീഫതുസ്സ്വാദിഖ”എന്ന പേരിലും താബിഅ് ആയ ഹുമാമുബ്നു മുനബ്ബഹിന് (ഹി:40-131) “അസ്വഹീഫത്തു സ്വഹീഹ”എന്ന പേരിലും ഹദീസ് ഗ്രന്ഥം തന്നെ ഉണ്ടായിരുന്നു എന്നതും പ്രസിദ്ധമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം മറച്ചുപിടിച്ചാണ് ചേകനൂരികള്‍ പൊതുവെ, നബി(സ്വ)യുടെ സ്വഹാബത്തോ മറ്റോ ആരും ഹദീസ് എഴുതിയിട്ടില്ല, സ്രന്ഥരൂപത്തിലാക്കിയിട്ടില്ല എന്നൊക്കെ തട്ടിവിടാറുള്ളത്. എന്നാല്‍ ഇനി നിങ്ങള്‍ കാണാന്‍ പോവുന്നത്, ഇതേ ചേകനൂരീ വാദം മടവൂരികളും അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ എഴുതി വിട്ടതാണ്. മടവൂരിനൌക ചേകനൂരിസത്തിന്റെ ചേറിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ ചൂണ്ടുപലകയാണിത്. ഒരു മടവൂരി നേതാവ് എഴുതുന്നു: “പ്രവാചകന്റെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ ഹദീസുകള്‍ എല്ലാം തന്നെ ഗ്രന്ഥരൂപത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല. പ്രവാചകനെ നേരില്‍ ദര്‍ശിച്ച ഒരു സ്വഹാബീവര്യനും യാതൊരു ഹദീസ് ഗ്രന്ഥത്തിനും രൂപം നല്‍കിയിട്ടില്ല. ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം തുര്‍മുദി, ഇമാം അബൂദാവൂദ് പോലെയുള്ളവരാണ് ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കുന്നത്. ഇവരാണെങ്കില്‍ രണ്ടാം നൂറ്റാണ്ടിന് ശേഷം ജീവിച്ചവരാണ്.” (അത്തൌഹീദ്: 2003 ഏപ്രില്‍. പേജ്: 22) നോക്കൂ! ഇയാള്‍ ഈ എഴുതിയതും ചേകനൂര്‍ മൌലവി എഴുതിയതും തമ്മില്‍ എന്താണ് വ്യത്യാസം? ഹദീസ് ക്രോഡീകരണത്തെ കുറിച്ച് ജനമനസ്സുകളില്‍ വസ്വാസ് സൃഷ്ടിക്കുന്നതാണ് ഇരുവരുടേയും വാക്കുകള്‍. (തുടരും.)

No comments:

Post a Comment