Thursday, October 24, 2013

ആ പഴുപ്പ് ഇനിയെങ്കിലും മുറിച്ചു കളയുക -ഇല്ലെങ്കിൽ അത് നിങ്ങളെ കൊണ്ടേ പോകൂ


കെ.എന്‍.എമ്മിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം -കരുവള്ളി മൗലവി 

കെ.എന്‍.എമ്മിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണം -കരുവള്ളി മൗലവി  

കോഴിക്കോട്: സംഘടനയില്‍ ഇപ്പോള്‍ തുടരുന്ന പുറത്താക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ച് മുജാഹിദ് പ്രസ്ഥാനത്തിലെ പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണാന്‍ നേതൃത്വം തയാറാവണമെന്ന് കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും പ്രസ്ഥാനത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ കരുവള്ളി മുഹമ്മദ് മൗലവി. സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന പുറത്താക്കലുകള്‍ പ്രസ്ഥാനത്തിന് ഒരു നിലയിലും ഗുണകരമാവില്ളെന്ന് അദ്ദേഹം പറഞ്ഞു.
മുജാഹിദ് പ്രസ്ഥാനത്തിലും മുസ്ലിം സമുദായത്തിലും ഏറെ ആദരണീയനും 94 വയസ്സ് പിന്നിട്ട വയോധികനുമായ മൗലവി തന്‍െറ വസതിയില്‍ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംഘടനയില്‍ മുമ്പും പല ഘട്ടങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അവയൊക്കെ പരിഹരിക്കുന്നതില്‍ പഴയ പണ്ഡിതര്‍ മാതൃക കാണിച്ചിട്ടുമുണ്ട്. തൗഹീദിലും അല്ലാഹു അല്ലാത്തവരോട് വിളിച്ചു പ്രാര്‍ഥിക്കുന്നത് ശിര്‍ക്കാണെന്ന കാര്യത്തിലും ഇരു വിഭാഗത്തിനും അഭിപ്രായ വ്യത്യാസമില്ളെന്നിരിക്കെ, പണ്ഡിതര്‍ തമ്മില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്നും കെ.എന്‍.എം മലപ്പുറം ജില്ലാ പ്രസിഡന്‍റ് കൂടിയായ മൗലവി വ്യക്തമാക്കി. 2000ത്തില്‍ മടവൂര്‍ വിഭാഗവുമായി ഭിന്നത ഉടലെടുത്തപ്പോള്‍ അത് പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങിയ വ്യക്തികള്‍ തന്നെയാണ് ഇപ്പോഴും പരിഹാരശ്രമത്തിന് രംഗത്തുവന്നത്. അന്ന് പ്രശ്നപരിഹാരത്തിന് ഓടിനടന്ന ഡോ. അബൂബക്കര്‍ ചെമ്മാട്, ഡോ. കബീര്‍ കോട്ടക്കല്‍, കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ എന്നിവരും ഈയുള്ളവനും പ്രസ്ഥാനത്തിലെ പ്രമുഖരെ കണ്ട് സംസാരിക്കുകയും പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നതാണ്. എന്നാല്‍, അത്തരം നീക്കങ്ങളൊക്കെയും അവസാന ഘട്ടത്തില്‍ ദുരൂഹമാംവിധം അട്ടിമറിക്കപ്പെടുകയാണ്. ആരംഭഘട്ടത്തില്‍ വളരെ ക്രിയാത്മകമായി പ്രതികരിച്ചവര്‍ തന്നെ അവസാന ഘട്ടത്തില്‍ നിലപാട് മാറ്റിയതിനു പിന്നില്‍ നേതൃത്വത്തെ നിശ്ശബ്ദരാക്കി സംഘടനയെ ഹൈജാക്ക് ചെയ്യുന്ന ഉപജാപക സംഘമാണെന്നും കരുവള്ളി കുറ്റപ്പെടുത്തി.
ഫറോക്കില്‍ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഐക്യാഹ്വാനം നടത്തിയ ഹുസൈന്‍ സലഫിയെ അതേ വേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ച അബ്ദുറഹ്മാന്‍ സലഫിയുടെ നടപടി ഒട്ടും ഉചിതമായിരുന്നില്ല.
കെ.എന്‍.എം പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും വേദിയിലിരിക്കെയാണ് അബ്ദുറഹ്മാന്‍ സലഫി സ്റ്റേജില്‍ കയറി വിമര്‍ശ പ്രസംഗം നടത്തിയത്. ഇതില്‍ തന്‍െറ പ്രതിഷേധം അന്നുതന്നെ കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയോടും ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ഖാദര്‍ മൗലവിയോടും നേരിട്ട് അറിയിച്ചിരുന്നു. ഐക്യത്തിന് പരിശ്രമിക്കുന്നവരെ സംഘടനയില്‍നിന്ന് പുറത്താക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. ഫറോക്ക് സമ്മേളനത്തിനുശേഷം കെ.എന്‍.എമ്മില്‍ അംഗങ്ങള്‍ കൂടുകയല്ല, കുറയുകയാണുണ്ടായത്. ഇതിന്‍െറ കാരണത്തെ കുറിച്ചും നേതൃത്വം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ഒറ്റക്കെട്ടായി നീങ്ങാന്‍ കഴിയാതെ ഭിന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു വിലയുമുണ്ടാവില്ല. നേതാവാകണമെന്ന ചിലരുടെ അടക്കാനാവാത്ത വാഞ്ഛയാണ് പ്രശ്നങ്ങള്‍ക്കൊക്കെയും കാരണം.
ദശാബ്ദത്തിലേറെയായി കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ചെയര്‍മാനാണ് ഈയുള്ളവന്‍. എന്നാല്‍, താനുമായി ആലോചിക്കാതെ ഇപ്പോള്‍ പരീക്ഷാ ബോര്‍ഡെന്ന പേരില്‍ ഇതിനകത്ത് മറ്റൊരു ബോര്‍ഡ് ഉണ്ടാക്കിയിരിക്കയാണ്.
ഈയൊരു സാഹചര്യത്തില്‍ സ്ഥാനത്ത് തുടരണമോ എന്നുപോലും ആലോചിക്കുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കര്‍മപദ്ധതികള്‍ ചലനാത്മകമായി നിലനിര്‍ത്തിയിരുന്നത് യുവജനവിഭാഗമായ ഐ.എസ്.എമ്മും വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എമ്മുമായിരുന്നു. എന്നാല്‍, ഈ ഘടകങ്ങളെ മുഴുവന്‍ ഒരു വിശദീകരണം ചോദിക്കാതെ പിരിച്ചുവിടുകയാണുണ്ടായത്. തൗഹീദ് പ്രബോധനം ചെയ്യുന്ന ഈ ഘടകങ്ങളെയെല്ലാം തിരിച്ചെടുത്ത് ഒരുമിച്ച് നീങ്ങുകയാണ് വേണ്ടത്.
സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെ.എന്‍.എമ്മിനെ പല നിലയിലും സഹായിക്കുന്ന കുവൈത്തിലെ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി മുന്നോട്ടുവെച്ച പരിഹാര നിര്‍ദേശങ്ങളും പരിഗണിക്കാതിരുന്നത് ഖേദകരമാണ്.
ഒരേ ആദര്‍ശം പറയുന്നവര്‍ തമ്മില്‍ യോജിപ്പിന് എന്താണ് തടസ്സമെന്നും കരുവള്ളി ചോദിച്ചു. കെ.എന്‍.എമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ സമസ്തയും ജമാഅത്തെ ഇസ്ലാമിയും ഏറെ ദു$ഖിതരാണ്. സമുദായത്തിലെ ഏതെങ്കിലും സംഘടന ക്ഷയിക്കുന്നത് സമുദായത്തെ ബാധിക്കുമെന്നതാണ് ഇതിന് കാരണം. ഇരു സംഘടനയുടെ നേതാക്കള്‍ തന്നെ കണ്ടും നേരിട്ടും ടെലിഫോണിലൂടെയും വിഷയത്തില്‍ അവരുടെ ഉത്കണ്ഠ അറിയിച്ചിട്ടുമുണ്ട്.
സമുദായത്തിന്‍െറ പൊതുവികാരം മാനിച്ചെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കെ.എന്‍.എം നേതൃത്വം മുന്നിട്ടിറങ്ങണമെന്നതാണ് തന്‍െറ അന്ത്യാഭിലാഷമെന്നും കരുവള്ളി ഇടറിക്കൊണ്ട് പറഞ്ഞു.

No comments:

Post a Comment