Saturday, July 28, 2012

ഹദീസിന്റെ സ്വീകാര്യതയില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍

ഹദീസിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട വിഭിന്നമായ ചര്‍ച്ചകളും പഠനങ്ങളും എല്ലാ കാലഘട്ടങ്ങളിലും നിലനിന്നതായി ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്ന വസ്തുതയാണ്. നബി വചനങ്ങളെ ഉള്‍കൊള്ളുന്ന വിഷയത്തില്‍ കാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്നതും, ഇന്ന് നിലനില്‍ക്കുന്നതുമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും, ഭിന്നതകള്‍ക്കും കാരണം അടിസ്ഥാനപരമായി ശ്രദ്ധിക്കപ്പെടേണ്ടതും, സൂക്ഷിക്കപ്പെടേണ്ടതുമായ കാര്യങ്ങളെ അംഗീകരിക്കാത്തതാണ്. ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഹദീസിന്റെ സ്വീകാര്യതയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്തുന്നു.

1) ഉസ്വൂലുല്‍ ഹദീസ് (ഹദീസിന്റെ അടിസ്ഥാന നിയമങ്ങള്‍)

ഉസ്വൂലുല്‍ ഹദീസ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഹദീസിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ എന്നാണ്. ഈ നിയമങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്വഹീഹും ളഈഫുമായ ഹദീസുകളെ പണ്ഡിതന്മാര്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹദീസുകളുടെ പരമ്പര നബി(സ്വ) വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മര്‍ഫൂഉ്’ എന്നും, സ്വഹാബികള്‍വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മൌക്വൂഫ്’ എന്നും താബിഉകള്‍ വരെ എത്തുന്നുവെങ്കില്‍ അതിനെ ‘മഖ്ത്തൂഉ്’ എന്നും പറയുന്നു. ഹദീസുകളെ മുതവാത്തിര്‍, ആഹാദ് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുന്നതും, പരമ്പരയിലെ റാവികള്‍ (റിപ്പോര്‍ട്ടര്‍മാര്‍) വിശ്വസ്തരും സത്യസന്ധരുമാണോ എന്ന് പരിശോധിക്കുന്നതും ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ ഉസ്വൂല്‍ എന്താണ്, എന്തിനാണ് എന്ന് പഠിക്കാത്തതിന്റേയും, ശ്രദ്ധിക്കാത്തതിന്റേയും ഫലമാണ് നബിവചനങ്ങളെ നിന്ദിക്കാനും പരിഹസിക്കാനും നിഷേധിക്കാനും ബിദ്അത്തുകള്‍ പ്രചരിപ്പിക്കാനും സ്വഹീഹായ ഹദീസുകള്‍ക്ക് പകരം ദുര്‍ബലവും നിര്‍മ്മിതവുമായ ഹദീസുകള്‍ അവലംബിക്കാനും കാരണമായത്. മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ ഉസ്വൂല്‍ നിയമങ്ങള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ കാണിച്ച സൂക്ഷ്മത ഏറെ വ്യക്തമാണ്. ഇമാം ബുഖാരി(റഹി)യുടെ സ്വഹീഹുല്‍ ബുഖാരിയുടെയും, ഇമാം മുസ്ലിം(റഹി)യുടെ സ്വഹീഹുല്‍ മുസ്ലിമിന്റേയും ആമുഖവിവരണത്തില്‍ നിന്ന് ഇത് മനസ്സിലാക്കാവുന്നതാണ്. ഇതിന് പറമെ ഇമാം ഹസന്ബ്നു അബ്ദുറഹ്മാന്‍ അല്‍ റാമ ഹുര്‍മസി(റഹി)യുടെ “അല്‍ മുഹദ്ദിസുല്‍ഫാസില്‍ ബൈനര്‍റാവി വല്‍വാഈിയും” ഇമാം അബൂഅബ്ദില്ലാഹി നൈസാബൂരി(റഹി)യുടെ “മഹ്രിഫത്തു ഉലൂമില്‍ ഹദീസും” ഇമാം ഇബ്നുസ്സലാം(റഹി)യുടെ “ഉലൂമുല്‍ ഹദീസും” ഇമാം ഇബ്നുഹജറില്‍ അസ്ക്വലാനി(റഹി)യുടെ “നുഖ്ബത്തുല്‍ ഫിക്ര്‍ ഫീമുസ്ത്വലാഹി അഹ്ലി അല്‍ അസര്‍”, ഇമാം ഇബ്നു കഥീര്‍(റഹി)യുടെ അല്‍ബാഹിസുല്‍ ഹസീസ് ശറഹു ഇഖ്ത്തിസാറു ഉലൂമില്‍ ഹദീസ്” എന്നീ ഗ്രന്ഥങ്ങളും ഉദാഹരണങ്ങളാണ്.


2. സനദ് (പരമ്പര)

ഹദീസുകളിലൂടെ പ്രതിപാദിക്കുന്ന വിഷയത്തിലേക്ക് എത്തിക്കുന്ന റാവികള്‍ (റിപ്പോര്‍ട്ടര്‍മാര്‍) ഉള്‍കൊള്ളുന്ന ചങ്ങലക്കാണ് സനദ് അഥവാ പരമ്പര എന്ന് പറയുക. ഹദീ സുകള്‍ ഉദ്ധരിക്കുമ്പോഴും, രേഖപ്പെടുത്തുമ്പോഴും സന ദിന്റെ വിശ്വാസ്യത പരാമര്‍ശിക്കല്‍ അനിവാര്യമാണ്. കാര ണം, ദുര്‍ബലവും നിര്‍മ്മിതവുമായ സനദുള്ള ഹദീസുകള്‍ ഉദ്ധരിച്ച് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും പേരില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെ ടുകയും, ഇസ്ലാമിക വൃത്തത്തിലല്ലാത്ത ആശയങ്ങള്‍ പ ഠിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇസ്ലാമിന്റെ ബാനറില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ പുതിയ മതനിയമങ്ങളെ നിലനിര്‍ത്താന്‍ തെളിവാക്കുന്ന വാറോലകള്‍ പരിശോധിച്ചാല്‍ ഈ സത്യം ബോധ്യപ്പെടുന്നതാണ്. ഇസ്ലാമിക പ്രമാണങ്ങളെ വിവേകത്തോടെയും, കാര്യക്ഷമതയോടെയും മനസ്സിലാക്കിയ പണ്ഡിതന്മാര്‍ സനദിന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകള്‍ താഴെ സൂചിപ്പിക്കുന്നു.
1) അബ്ദുല്ലാഹിബ്നു മുബാറക്ക്(റഹി) പറയുന്നു: “സനദ് മതത്തില്‍ പെട്ടതാണ്. സനദില്ലായിരുന്നെങ്കില്‍ തോന്നിയവന്‍ തോന്നിയത് പറയും.” (മുഖദിമത്ത് മുസ്ലിം. 1/82)
2) മുഹമ്മദ്ബനു സീരീന്‍(റഹി) പറയുന്നു: “നിശ്ചയമായും ഈ വിജ്ഞാനം (അഥവാ സുന്നത്ത്) നിങ്ങളുടെ മതമാകുന്നു. അതിനാല്‍ ആരില്‍ നിന്നാണ് നിങ്ങളുടെ മതത്തെ നിങ്ങള്‍ സ്വീകരിക്കുന്നതെന്ന് നോക്കുക.” (മുഖദിമത്ത് മുസ്ലിം. 1/79)
3) സുഫിയാനുബ്നു ഉയൈന(റഹി) പറയുന്നു: “ഒരു ദിവസം സുഹ്രി എന്നോട് ഒരു ഹദീസ് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: സനദില്ലാതെ അതെനിക്ക് നല്‍കുക. അപ്പോള്‍ സുഹ്രി എന്നോട് പറഞ്ഞു: കോണിയില്ലാതെയാണോ നീ മേല്‍ക്കൂര കയറുന്നത്?” (ജാമിഅ് ശുഅബുല്‍ ഈമാന്‍. 1/5)
4) ഇബ്നു ശിഹാബ്(റഹി) പറയുന്നു: “ഞാന്‍ ഹദീസ് പറയുന്നത് സനദോട് കൂടിയാണ്. കാരണം, കോണിയില്ലാതെ മേല്‍ക്കൂരയിലേക്ക് കയറുന്നത് ശരിയാവുക ഇല്ല.” (ജാമിഅ് ശുഅബുല്‍ ഈമാന്‍. 1/5)
5) ഇമാം മുസ്ലിം(റഹി) പറയുന്നു: “സനദ് മതത്തില്‍ പെട്ടതാണ്. വിശ്വസ്ഥരില്‍ നിന്നല്ലാതെ ഹദീസ് റപ്പോര്‍ട്ട് ചെയ്യല്‍ ശരിയാവുകയില്ല.” (മുഖദിമത്ത് മുസ്ലിം. 1/79)
പണ്ഡിതന്മാരുടെ ഈ വാക്കുകളില്‍ നിന്ന് മതകാര്യങ്ങള്‍ ഏത് വഴികളിലൂടെ ലഭിച്ചു എന്നത് പരിശോ ധിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുന്നു.


3 അനുസരണം നിലനിര്‍ത്തല്‍

ഹദീസിന്റെ സ്വീകാര്യതയെ പ്രത്യക്ഷമായി ബാധിക്കുന്ന ഒന്നാണിത.് നബി(സ്വ) വ്യക്തമായ വഹ്യിന്റെ അടിസ്ഥാനത്തില്‍ പഠിപ്പിച്ചതായ കാര്യങ്ങളെ സ്വീകരിക്കുമ്പോള്‍ തെളിമയാര്‍ന്ന വിശ്വാസം നിലനിര്‍ത്തി അനുസരിക്കാനും കഴിയണം. ഇതില്‍ വീഴ്ചയും അശ്രദ്ധയും വന്നത് കൊണ്ടാണ് ഹദീസിന്റെ ഇനത്തില്‍പ്പെട്ട ഖബര്‍വാഹിദ് വിശ്വാസകാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല എന്നും മുതവാത്തിര്‍ ആയ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന രീതിയിലുമുള്ള മുടന്തന്‍ ന്യായം പുറത്ത് വന്നത്. നബി(സ്വ)യുടെ കല്‍പ്പനകളെ അനുസരിക്കേണ്ടതിന് പകരം അനുസരണക്കേട് ചുമന്ന് നടക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥ വിശ്വാസിക്ക് ഭൂഷണമല്ല. ഇസ്ലാം ശക്തമായ താക്കീതാണ് അത്തരക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്.
1) “ഇല്ല! നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം. അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പ്പിച്ചതിനെ പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകഇല്ല.” (വി.ക്വു: 4:65)
2) “തനിക്ക് സന്മാര്‍ഗ്ഗം വ്യക്തമായി കഴിഞ്ഞതിന് ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യ വിശ്വാസികളുടേതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ച് വിടുകയും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രേ മോശമായ പര്യവസാനം.” (വി.ക്വു: 4:115)
3) “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാ യിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നില യില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (വി.ക്വു: 72:23)


4 ദേഹേച്ഛയെ പിന്‍പറ്റല്‍

സ്വഹീഹായ ഹദീസുകളെ ശരിയായ രീതിയില്‍ സ്വീക രിക്കുന്നതിനും സത്യസന്ധമായി നിലനിര്‍ത്തുന്നതിനും തടസ്സമായിത്തീരുന്ന ഒന്നാണ് മാനുഷിക ഇച്ഛകളെ പിന്‍പ റ്റുകയും വ്യക്തിതാല്‍പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത്. ഇത്തരം വ്യാഖ്യാനങ്ങളും വിശദീകണങ്ങളും ഇസ്ലാമിക വൃത്തത്തില്‍ ഇകഴ്ത്തപ്പെട്ടതും ആക്ഷേപിക്കപ്പെട്ട തുമാണ്. എന്നാല്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും യോജിക്കുന്ന രീതിയിലാണെങ്കില്‍ സ്വീകരിക്കുന്നതിന് തടസ്സമില്ല. വ്യക്തമായ ഹദീസുകളുടെ വെളിച്ചത്തില്‍ വിശ്വാസപരവും, കര്‍മ്മപരവുമായ വിഷയങ്ങളില്‍ മുന്‍ഗാമികള്‍ സ്വീകരിച്ച നിലപാടുകളെ വികലമാക്കുന്ന രീതിയിലാണ് വ്യാഖ്യാന പ്രവണതകള്‍. പരിധിയും പരിമിതിയുമുള്ള മനുഷ്യബുദ്ധി ഉപയോഗിച്ച് പ്രമാണങ്ങളുടെ സ്വീകാര്യതക്ക് നേരെ കുതന്ത്ര വ്യാഖ്യാ ന ശരങ്ങളുമായി തിരിയുന്നത് ശരിയായ മാര്‍ഗ്ഗമല്ല. സമൂ ഹത്തിനിടയില്‍ മുഹദ്ദിസുകളായി ചമയുന്നവരും പണ്ഡിത വേഷധാരികളും ഇത്തരം വൃത്തികേടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. മുഅ്തസിലിയാക്കളുടെ ആശയം പേറി നടക്കുന്നവര്‍ക്ക് സ്വഹീഹായ സനദിലൂടെ വന്ന നിരവധി ഹദീസുകള്‍ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാകുന്നു. ക്വബ്ര്‍ശിക്ഷയുടെയും സ്വിറാത്ത് പാലത്തിന്റെയും, സംസം വെള്ളത്തിന്റെയും, ഇസ്ലാമിക മന്ത്രത്തിന്റെയും ഇസ്ലാമിക വസ്ത്രം ധരിക്കുന്ന തിന്റെയും ഹദീസുകള്‍ ഇത്തരം ആളുകളുടെ നാവിലൂടെ പരിഹാസത്തിനും നിന്ദ്യതക്കും വിധേയമായവയാണ്. ഇമാം ഇബ്നു അബ്ദുല്‍ബര്‍(റഹി) തന്റെ ‘ജാമിഅ് ബയാ നുല്‍ ഇല്‍മി വഫള്ലിഹീ’ എന്ന കിതാബില്‍ ദ്ദേഹേച്ഛകളെ പിന്‍പറ്റുന്നതിന്റെ ഗൌരവ്വത്തെ കുറിച്ച് പറഞ്ഞത് ഇമാം ഇബ്നു ഹജറില്‍ അസ്ക്വലാനി(റഹി) രേഖപ്പെടുത്തുന്നു: “ദേഹേച്ഛയെ പിന്‍പറ്റുക എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടു ന്നത് സുന്നത്തിന് എതിരായി വിശ്വസിക്കുകയും അതനു സരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹദീസുകളെ നിഷേധി ക്കലുമാണ്. തല്‍ഫലമായി അല്ലാഹുവിന്റെ നോട്ടം, അറിവ്, വിശേഷണങ്ങള്‍, ക്വബ്ര്‍ശിക്ഷ, മീസാന്‍, ഹൌള്, ശഫാഅത്ത്, എന്നീ വിഷയങ്ങളില്‍ മുതവാത്തിറായി വന്ന ധാരാളം ഹദീസുകള്‍ ആക്ഷേപിക്കപ്പെട്ടു.”(ഫത് ഹുല്‍ബാരി. 8/447)
ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും, സൂക്ഷ്മജ്ഞരായ പണ്ഡിതന്മാരുടെ വാക്കുകളില്‍ നിന്നും ഇത്തരം പ്രവര്‍ ത്തനത്തിന്റെ ഗൌരവം എന്താണെന്ന് മനസ്സിലാക്കാം.
1) അല്ലാഹു പറയുന്നു: “അല്ലാഹുവില്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശ്ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്.” (വി.ക്വു: 28:50)
(2) അല്ലാഹു പറയുന്നു: “ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ട് നാം അശ്രദ്ധ യിലാക്കിയിരി ക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരു കവിയുകയും ചെയ്തുവോ അവനെ നീ അനുസരിച്ച് പോകരുത്.” (വി.ക്വു: 18:28)
(3) മുആവിയ(റ)വില്‍ നിന്ന്: “നബി(സ്വ) പറഞ്ഞിരിക്കുന്നു: എന്റെ ഉമ്മത്തില്‍ ഒരു വിഭാഗം പുറത്തു വരാനിരിക്കുന്നു. അവരെയും കൊണ്ട് തന്നിഷ്ടങ്ങള്‍ ചലിക്കും. പേരോഗം അത് ബാധിച്ചവനില്‍ ചലിക്കുന്നത് പോലെ. അയാളില്‍ ഒരു സന്ധിയോ, നാഡിയോ അവശേഷിക്കുകയില്ല. (പേരോഗം) കടന്നുചെല്ലാതെ.” (അബൂദാവൂദ്)
(4) അബ്ദുല്ലാഹിബ് അംറ്(റ)വില്‍ നിന്ന്: “നബി(സ്വ) പറയുന്നു: അല്ലാഹു ജനങ്ങളില്‍ നിന്ന് വിജ്ഞാനത്തെ ഒറ്റയടിക്ക് എടുത്തുകളയുകയില്ല. എന്നാല്‍ പണ്ഡിതന്‍മാര്‍ മരണപ്പെടുന്നതോടൊപ്പം വിജ്ഞാനം എടുത്തുകളയും. പിന്നീട് ജനങ്ങളില്‍ വിവരമില്ലാത്തവര്‍ അവശേഷിക്കും. അവരോട് ഫത്വ ചോദിക്കപ്പെടുകയും സ്വന്തം അഭിപ്രായത്തിനനുസരിച്ച് കൊണ്ട് ഫത്വ നല്‍കപ്പെടുകയും ചെയ്യും. അങ്ങിനെ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി. 7307)
5) “നബ(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! ആക്ഷേപിക്കപ്പെട്ട സ്വഭാവങ്ങളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും ദ്ദേഹേച്ഛകളില്‍ നിന്നും നിന്നോ ട് ഞാന്‍ കാവലിനെ തേടുന്നു.” (തിര്‍മുദി).
6) “അലി(റ) പറയുന്നു: മതം അഭിപ്രായങ്ങള്‍ക്കനുസരി ച്ചായിരുന്നെങ്കില്‍ ഖുഫ്ഫയുടെ (ബൂട്ടിന്റെ) മുകള്‍ ഭാഗം തടവുന്നതിനേക്കാള്‍ അടിഭാഗം തടവുന്നതിന് ഞാന്‍ പ്രാധാന്യം കൊടുക്കുമായിരുന്നു. തീര്‍ച്ചയായും നബ(സ്വ) ഖുഫ്ഫയുടെ മുകള്‍ഭാഗം തടവുന്നതായി ഞാന്‍ കണ്ടു.” (അബൂദാവൂദ്)
7) “ഉമര്‍(റ) പറയുന്നു: നിങ്ങള്‍ അസ്ഹാബുറഅ്യിനെ (മതത്തില്‍ തനിഷ്ടപ്രകാരം പറയുന്നവരെ) കരുതിയിരി ക്കുക. അവര്‍ സുന്നത്തിന്റെ ശത്രുക്കളാണ്. ഹദീസ് മനഃപാഠമാക്കല്‍ അവരെ അശക്തരാക്കി. അത് കാരണം അവര്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. അത് മൂലം അവര്‍ പിഴക്കുകയും, പിഴപ്പിക്കുകയും ചെയ്യുകയാണ്.” (ഇമാം ലാലക്കായി. ശറഹ് ഉസൂല്‍ ഇഅ്ത്തിഖാദി അഹ്ലുസുന്ന വല്‍ ജമാഅ. 1/139)
8. “ഇബ്നു അബ്ബാസ്(റ) പറയുന്നു: താങ്കള്‍ തന്നിഷ്ട ത്തെ പിന്‍പറ്റുന്ന ദേഹേച്ഛകരോടൊപ്പമിരിക്കരുത്. കാര ണം, അവരുടെ കൂടെയിരിക്കല്‍ ഹൃദയങ്ങള്‍ക്ക് രോഗമു ണ്ടാക്കും.” (ഇത്തിബാഹുസ്സുന്ന. 76)
9) “ഇമാം ശാഫിഈ(റഹി) റയുന്നു: അസ്ഹാബുല്‍ കലാമുകാരെ (മതകാര്യത്തില്‍ പ്രമാണങ്ങളെ പരിഗണിക്കാതെ അഭിപ്രായം പറയുന്നവര്‍) സംബന്ധിച്ച് ഞാന്‍ വിധിക്കുകയാണെങ്കില്‍ അവരെ ഈത്തപ്പന മടലുകൊണ്ട് അടിക്കുകയും, ഒട്ടകപ്പുറത്ത് കയറ്റി ക്വുര്‍ആനും സുന്നത്തും ഒഴിവാക്കി തന്നിഷ്ട പ്രകാരം കാര്യങ്ങള്‍ സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലമാണിത് എന്ന് വിളിച്ച് പറഞ്ഞ് ഗോത്രങ്ങള്‍ക്കും, വീടുകള്‍ക്കുമിടയിലൂടെ ഊര് ചുറ്റിക്കണം എന്നതാണ്.” (അബൂനഈം. ഹില്‍യ്യ 9/112)


5 അജ്ഞത

മതപ്രമാണങ്ങളില്‍ അറിവില്ലായ്മയുടെ ഫലം സ്വഹീ ഹായ ഹദീസുകളെ ധാരാളമായി ബാധിക്കുന്നു. അല്‍പ്പ ജ്ഞാനിക്ക് ഐശ്വര്യം ഉണ്ടായത് പോലെ ഇസ്ലാമില്‍ ഉ ള്ളതും ഇല്ലാത്തതുമായ വിഷയങ്ങള്‍ക്ക് ഫത്വ നല്‍കാന്‍ നിരവധി മുഫ്തിമാര്‍ വളര്‍ന്ന് വന്നിരിക്കുന്നു. തല്‍ഫലമായി ഹദീസുകള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടാത്ത കാര്യങ്ങളെ ഇസ്ലാമിന്റെ പേരില്‍ വിതരണം ചെയ്യപ്പെടു കയും ചെയ്യുന്നു. ഉദാഹരണമായി, ഇമാം ബുഖാരി(റഹി) ഖദീജ(റ)യുടെ ശ്രേഷ്ഠത വിശദീകരിക്കുന്നതിനായി ഉദ്ധരിച്ച ഹദീസില്‍ നിന്നാണ് നബിദിനാഘോഷം എന്ന ബിദ്അത്തിന് സദ്യ വിളമ്പാനും മധുരവിതരണത്തിനും ജാഥ നടത്താനും മുദ്രാവാക്യം വിളിക്കുന്നതിനും തെളിവെ ടുക്കുന്നത്. യഥാര്‍ത്ഥത്തില്‍, നബി(സ്വ)യും കേട്ട ആയിശ (റ)യും, ഹദീസ് രേഖപ്പെടുത്തിയ ഇമാം ബുഖാരി(റഹി)യും ഈ ആശയത്തിനല്ല പ്രസ്തുത ഹദീസ് തെളിവാക്കിയത്. ഉസ്താദുമാരുടെ അറിവില്ലായ്മയോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ദുര്‍വ്യാഖ്യാന പ്രവണതയോ ഈ അവസ്ഥയിലേക്കെത്തിച്ചു എന്നു മാത്രം. അത്പോലെ നമസ്ക്കാരത്തിന് സ്വഫ് ശരിപ്പെടുത്തുമ്പോള്‍ കാല്‍പാദങ്ങള്‍ മറ്റുള്ളവരു ടേതിനൊപ്പം ചേര്‍ത്ത് വെക്കണമെന്ന ഇമാം ബുഖാരി(റഹി) തന്നെ ഉദ്ധരിച്ച ഹദീസിന്റെ ആശയത്തെയും അജ്ഞത ബാധിച്ചവര്‍ പരിഹാസത്തിന് വിധേയമാക്കി. മുറിവൈദ്യന്മാര്‍ ആളുകളെ കൊല്ലുന്ന രീതിയിലുള്ള ഇത്തരം സ്വഭാവങ്ങള്‍ക്ക് ഇസ്ലാം ശക്തമായ താക്കീതാണ് നല്‍കിയിട്ടുള്ളത്.
1) അല്ലാഹു പറയുന്നു: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെ പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (വി.ക്വു: 17:36)
2) “അലി(റ)വില്‍ നിന്ന് ഖവാരിജുകളുടെ പ്രത്യേകതയായി പറഞ്ഞതായി കാണാം. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: കാലം അവസാനിക്കാറായാല്‍ ഒരു വിഭാഗം പുറത്ത് വരും. അവര്‍ ചെറുപ്പക്കാരായിരിക്കും. ബുദ്ധിഹീനരുമായിരിക്കും. അവര്‍ സൃഷ്ടികളില്‍ ഉത്തമരുടെ വാക്കായിരിക്കും പറയുക. അവര്‍ ക്വുര്‍ആന്‍ ഓതിയാല്‍ അവരുടെ തൊണ്ടകുഴിക്കപ്പുറം (ഹൃദയത്തിലേക്ക്) അത് ഇറങ്ങില്ല. വില്ലില്‍ നിന്ന് അമ്പ് തെറിച്ച് പോകുന്നത് പോലെ അവര്‍ ദീനില്‍ നിന്ന് തെറിച്ച് പോകും.” (മസ്ലിം. 747)
3) “ഇബ്നു മസ്ഊദ്(റ) പറയുന്നു: നീയൊരു പണ്ഡിതനോ, പഠിതാവോ, ശ്രോതാവോ ആയി പ്രയാണം നടത്തുക. ഒരു നാലാമന്‍(അറിവില്ലാത്തവന്‍) നീയാകരുത്. നീ നശിക്കാന്‍ അത് കാരണമാകും.” (സുനനു ദാരിമി)
4) അന്ത്യനാളിന്റെ അടയാളമായി നബി(സ്വ) പറഞ്ഞതാ യി ഇപ്രകാരം കാണാം. “അറിവ് ഉയര്‍ത്തപ്പെടും. അറിവി ല്ലായ്മ നിലനില്‍ക്കും.” (സ്വഹീഹുല്‍ ബുഖാരി)
5) സ്വഹീഹായ ഹദീസുകളിലൂടെ ബോധ്യപ്പെട്ട ഇസ് ലാമിക വിജ്ഞാനങ്ങളില്‍ പണ്ഡിതന്മാര്‍ മൌനം ദീക്ഷി ക്കുന്നതും ജനങ്ങളെ പേടിച്ച് കൊണ്ട് മറച്ച് വെക്കുന്നതും നബി വചനങ്ങളുടെ സ്വീകാര്യതക്ക് മുറിവേല്‍പ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ അറിവിന്റെ ശോഭ മങ്ങുകയും, അജ്ഞതയുടെ വളര്‍ച്ച വ്യാപിക്കുകയും ചെയ്യുന്നു. സ്വ ഹാബികള്‍ നബി(സ്വ)യില്‍ നിന്ന് ലഭിച്ച ഇസ്ലാമിക വിഷ യങ്ങളില്‍ മൌനം അവലംബിച്ച് കൊണ്ട് പ്രാമാണിക വിഷ യങ്ങളെ മറച്ച് വെച്ചില്ല. മക്കയിലും, മദീനയിലും മറ്റു ഗോത്രങ്ങളിലും ഈ സന്ദേശം എത്തിക്കുന്ന ഉത്തരവാദി ത്ത്വം അവര്‍ ഏറ്റെടുത്തു. ആബൂബക്കര്‍(റ), ഉമര്‍(റ), അ ബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ), അബ്ദുല്‍ഗിഫാരി (റ) തുടങ്ങിയവരുടെ ജീവിത പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാ ഹരണമാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ സ്വഹീഹായ ഹദീസു കളിലൂടെ ബോധ്യപ്പെടുന്ന കാര്യങ്ങളെ പണ്ഡിത പുരോ ഹിതന്മാരുടേയും, മൌലാനമാരുടെയും, പ്രമാണവിരോധിക ളുടെയും പ്രവര്‍ത്തനങ്ങളിലൂടെ മറച്ച് വെക്കുന്നതും, ദു ര്‍വ്യാഖ്യാനിക്കുന്നതും തുച്ഛമായ സാമ്പത്തിക ലാഭങ്ങള്‍ ക്കും വ്യക്തിനേട്ടങ്ങള്‍ക്കും വേണ്ടി വില്‍പ്പന നടത്തുന്ന തും സത്യത്തില്‍ ജൂതന്റേയും ക്രൈസ്തവന്റെയും ഏര്‍പ്പാ ടാണ്. ഇസ്ലാമിന്റെ ശത്രുക്കളില്‍ നിന്ന് അച്ചാരം പറ്റി ഒതു ങ്ങിക്കൂടാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് നല്‍കിയിട്ടുള്ളത്.
1) അല്ലാഹു പറയുന്നു: “നാം അവതരിപ്പിച്ച തെളിവുകളും, മാര്‍ഗ്ഗദര്‍ശ്ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവര്‍ ആരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാതപിക്കുകയും, നിലപാട് നന്നാക്കുകയും (സത്യം ജനങ്ങള്‍ക്ക്) വിവരിച്ച് കൊടുക്കുക യും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു. അങ്ങ നയുള്ളവരുടെ പശ്ചാതാപം ഞാന്‍ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (വി.ക്വു: 2:159:160)
2) അല്ലാഹു പറയുന്നു: “വേദഗ്രന്ഥത്തിലുള്ള അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ച് വെക്കുകയും അതിന് വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറയ്ക്കുന്നത് നരഗാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരെ സംശുദ്ധരാക്കുകയോ (പാപങ്ങളില്‍ നിന്ന്) ചെയ്യുകയ്യില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.” (വി.ക്വു: 2:174)
3) “അബൂഹൂറൈറ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ഒരാള്‍ താന്‍ അറിഞ്ഞ് മനസ്സിലാക്കിയ ഒരു അറിവിനെ കുറിച്ച് ചോദിക്കപ്പെടുകയും അയാള്‍ അത് മറച്ച് വെക്കുകയും ചെയ്താല്‍ നരകത്തില്‍ നിന്ന് ഒരു കടിഞ്ഞാണ്‍ അയാള്‍ക്ക് ധരിപ്പിക്കപ്പെടും.” (തിര്‍മുദി)

ഇസ്ലാമിക പ്രമാണങ്ങളെ മുന്‍നിര്‍ത്തി മുന്‍ഗാമികള്‍ ഈ വിഷയത്തില്‍ നിലനിര്‍ത്തിയ ചില കാര്യങ്ങളുടെ ശരിയായ നിലപാടുകളെ ചെറിയ രീതിയില്‍ വിവരണം നടത്തി എന്നുമാത്രം. സ്വഹീഹായ ഹദീസുകളെ മുറിവേ ല്‍പ്പിക്കാനുള്ള ശ്രമം തുടങ്ങിയ കാലം മുതല്‍ ഇതു വരെയും ശത്രുക്കള്‍ നിലപാടുറപ്പിച്ചത് പ്രധാനമായും സ്വഹാബികള്‍ ഉള്‍പ്പെടെയുള്ള പ്രധാനികളായ അബൂഹുറൈറ(റ), ഇമാം സുഹ്രി(റ), ഇമാം ത്വബ്രി(റഹി), ഇമാം ബുഖാരി(റഹി) തുടങ്ങിയവരെ ആക്ഷേപത്തിന് ഇരയാക്കിയാണ്. ഫത്ഹുല്‍ബാരിയില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ക്വലാനി(റഹി) ഈ കാര്യം വിശദീകരിക്കുന്നുണ്ട്. നബി(സ്വ)യുടെ ഏറ്റവും മാതൃകാ യോഗ്യമായ ജീവിതത്തിനും സത്യസമ്പൂര്‍ണ്ണ ഉപദേശങ്ങള്‍ക്കും മുമ്പില്‍ മനസ് മലിനമായിപ്പോയവര്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന ഉത്ബോധനം നേര്‍വഴി തെളിക്കട്ടെ. അല്ലാഹു പറയുന്നു: “തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അല്ലാഹുവിലെക്കും റസൂലിലേക്കും വളിക്കപ്പെട്ടാല്‍ സത്യ വിശ്വാസികളുടെ വാക്ക് ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍.”(വി :ഖു )


1 comment:

  1. THANK YOU VERY MUCH. YOU GAVE US MORE KNOWLEDGE. IF ANYBODY NEED FRIDAY KHUTBA OF AMEERUL MU-A-MINEEN IN EVERY WEEK, PLS SEND ME A MAIL IN THE ID arafathrm@gmail.com.

    ReplyDelete