Wednesday, July 4, 2012

തട്ടിപ്പ്‌

സമൂഹത്തിലെ അനീതിക്കും അക്രമത്തിനും എതിരെ അരയും തലയും മുറുക്കി പോരാടുന്നവരാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ശബ്‌ദമില്ലാത്തവര്‍ക്ക്‌ വേണ്ടി ശബ്‌ദിക്കാനും അനീതിക്കിരയാകുന്നവര്‍ക്ക്‌ വേണ്ടി നീതിയുടെ കവാടങ്ങളില്‍ മുട്ടാനും മാധ്യമങ്ങളെയാണ്‌ എല്ലാവരും ആശ്രയിക്കുന്നതും. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ശബ്‌ദവും ശക്തിയുമാണ്‌. അതുകൊണ്ടാണ്‌ ജനാധിപത്യത്തില്‍ നാലാമത്തെ തൂണ്‍ എന്ന വിശേഷണം അതിനുള്ളത്‌. മാധ്യമങ്ങള്‍ക്ക്‌ നേര്‍ക്ക്‌ അപവാദങ്ങളും കുറ്റാരോപണങ്ങളും പരിഹാസങ്ങളും സാധാരണമാണെങ്കിലും അടിമുടി ചതിയും വഞ്ചനയും തുടരുന്ന ഒരു മാധ്യമസ്ഥാപനം ലോകത്ത്‌ തന്നെ അപൂര്‍വ്വമായിരിക്കും. അതിനൊരു ഉദാഹരണം നമ്മുടെ കൊച്ചുകേരളത്തിലുണ്ട്‌.

കേരളത്തില്‍ വിവിധ മുസ്ലീം പ്രസ്ഥാനങ്ങള്‍ പത്രം നടത്തുന്നുണ്ട്‌. ഇവയിലേറെയും നന്നായി മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ട്‌. കെ എന്‍ എം എന്ന മുജാഹിദ്‌ സംഘടന ഒരു പത്രം തുടങ്ങാന്‍ ആലോചിക്കുന്നതിനിടെയാണ്‌ അധികാരത്തര്‍ക്കങ്ങളുടെ പേരില്‍ സംഘടന പിളരുന്നത്‌. പിളര്‍ന്നുമാറിയ സംഘടനയിലെ `വിപ്ലവകാരികള്‍' (മടവൂര്‍ വിഭാഗം) പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുന്നു. സംസ്ഥാനത്തും വിദേശത്തും വ്യാപകമായി പണം പിരിച്ച്‌ പത്രം തുടങ്ങുകയും ചെയ്‌തു. കോഴിക്കോട്‌ പട്ടണത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറത്ത്‌ അതിസുന്ദരമായ സ്വന്തം കെട്ടിടത്തില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടെ സ്വന്തം പ്രസില്‍ `വര്‍ത്തമാനം' എന്ന പത്രം 2003 ഫെബ്രുവരിയില്‍ പിറവിയെടുത്തു.

മലയാളത്തിന്റെ സാംസ്‌കാരിക ചക്രവര്‍ത്തി സാക്ഷാല്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ മുഖ്യപത്രാധിപരായി തുടങ്ങിയ വര്‍ത്തമാനത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും ഊര്‍ജ്ജസ്വലരും കരുത്തുള്ളവരുമായ ഒരുകൂട്ടം യുവമാധ്യമപ്രവര്‍ത്തകരും എത്തി. ഇതോടൊപ്പം കേരളത്തിലെ എണ്ണം പറഞ്ഞ എഴുപതോളം ചെറുപ്പക്കാര്‍ ട്രെയിനികളായും ഇവിടെ എത്തി. വിദേശ മാധ്യമസ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌ത അതിപ്രഗത്ഭരായ സീനിയര്‍ ജേര്‍ണലിസ്റ്റുകളായിരുന്നു പത്രത്തെ നയിച്ചത്‌.

മലയാളത്തിന്റെ ഹിന്ദു എന്ന പേരിലിറങ്ങിയ വര്‍ത്തമാനം പത്രം തുടങ്ങി ആറുമാസത്തിനുള്ളില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ പുറത്തുനിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുറത്തുചാടി. അവശേഷിച്ചവരെ മാനേജ്‌മെന്റ്‌ ഒരു വന്‍ ചതിക്കുഴിയില്‍പ്പെടുത്തി സ്ഥാപനത്തില്‍ തളച്ചിട്ടു. മാനേജ്‌മെന്റിലെ അന്തച്ഛിദ്രങ്ങളും കെടുകാര്യസ്ഥതയും പണദുര്‍വിനിയോഗവും മൂലം കടക്കെണിയിലായ സ്ഥാപനത്തെ രക്ഷിക്കാന്‍ മാനേജ്‌മെന്റ്‌ കണ്ടെത്തിയ മാര്‍ഗം ജീവനക്കാരെ പരസ്‌പരം ജാമ്യം നിര്‍ത്തി പേഴ്‌സണല്‍ ലോണെടുക്കുക എന്നതായിരുന്നു.

ഓരോരുത്തരം അടയ്‌ക്കേണ്ട തുക അതാത്‌ മാസം സ്ഥാപനം അടച്ചുതീര്‍ക്കും. കാലുപിടിച്ചും പ്രലോഭിപ്പിച്ചും സ്ഥാപനത്തെ രക്ഷിക്കാന്‍ സഹകരിക്കണമെന്ന നിരന്തരമായ അപേക്ഷയെ മാനിച്ചും അന്നുണ്ടായിരുന്ന ജീവനക്കാരില്‍ തൊണ്ണൂറ്‌ ശതമാനം പേരും ഈ നിര്‍ദ്ദേശത്തിന്‌ വഴങ്ങി. അല്ലാത്തവര്‍ പുറത്തുപോയി. ഓരോ ജീവനക്കാരന്റെയും പേരില്‍ അറുപതിനായിരം മുതല്‍ ഒന്നരലക്ഷം വരെയാണ്‌ വര്‍ത്തമാനം ലോണെടുത്തത്‌. നടപടി വിരുദ്ധമായ ഈ നീക്കത്തിന്‌ ചില ബാങ്ക്‌ ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായിരുന്നു എന്നുവേണം കരുതാന്‍.

പണം കയ്യിലായപ്പോള്‍ വര്‍ത്തമാനം മാനേജ്‌മെന്റ്‌ പഴയ സ്വഭാവം കാട്ടി. ആദ്യമാസം മുതല്‍ ലോണടവ്‌ തെറ്റിച്ചു. അടവ്‌ തെറ്റിയപ്പോള്‍ ബാങ്കുകാര്‍ ജീവനക്കാര്‍ക്ക്‌ നോട്ടീസയച്ചു. നോട്ടീസയച്ച്‌ മടുത്തപ്പോള്‍ ജപ്‌തി നോട്ടീസായി. പേടിച്ചരണ്ട ജേര്‍ണലിസ്റ്റുകള്‍ മാനേജ്‌മെന്റിന്റെ കാലുപിടിച്ചപ്പോള്‍ `സ്ഥാപനം നിലനില്‍ക്കേണ്ടത്‌ നിങ്ങളുടെ ആവശ്യമെന്നായി' വര്‍ത്തമാനം നടത്തിപ്പുകാര്‍. അപേക്ഷയും ഭീഷണിയും മടുത്തപ്പോള്‍ പത്രപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തക യൂണിയനെ സമീപിച്ചു. യൂണിയന്‍ വിഷയം ഏറ്റെടുത്തു.

ചര്‍ച്ചകളും സമവായങ്ങളും കഴിഞ്ഞ്‌ ഭീഷണിയും പ്രതിഷേധവും സമരാഹ്വാനവുമെത്തിയപ്പോഴാണ്‌ മുജാഹിദുകള്‍ക്ക്‌ ബോധം വീണത്‌. ഈ പത്രം പ്രസ്ഥാനത്തെക്കൂടി നാറ്റിക്കുമെന്ന്‌ മനസിലായപ്പോള്‍ എന്നുവരെ കണ്ണടച്ച്‌ നിന്ന പ്രസ്ഥാന നേതാക്കള്‍ കടം തീര്‍ക്കാന്‍ വേണ്ട നടപടിയെടുത്തു. അങ്ങനെ 55 ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ 115 വര്‍ത്തമാനം ജീവനക്കാര്‍ ബാങ്ക്‌ ജപ്‌തിയില്‍ നിന്ന്‌ മോചിതരായി. അപ്പോഴേയ്‌ക്കും ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും വര്‍ത്തമാനത്തില്‍ നിന്ന്‌ ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു.

അടുത്ത തട്ടിപ്പ്‌ അരങ്ങേറിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. വന്‍ പണച്ചാക്കുകളായ പുതിയൊരു മാനേജ്‌മെന്റ്‌ സ്ഥാപനം ഏറ്റെടുക്കാന്‍ പോവുകയാണെന്നും അതിനാല്‍ നിലവിലുള്ള ജീവനക്കാരെല്ലാം രാജിവയ്‌ക്കുകയും പുതുതായി തുടങ്ങുന്ന കമ്പനിയില്‍ എല്ലാവര്‍ക്കും പുതിയതായി നിയമനം നല്‍കുമെന്നുമുള്ള അടവാണ്‌ ഇത്തവണ മാനേജമെന്റ്‌ എടുത്തത്‌. വര്‍ത്തമാനം പത്രം പുതുതായി ഏറ്റെടുക്കുന്നത്‌ പഴയ നടത്തിപ്പുകാരില്‍ ചിലരും ചില പുതുപ്പണക്കാരായ പ്രസ്ഥാനക്കാരുമായിരുന്നു. കുറെ പ്രതിഷേധങ്ങളുണ്ടായെങ്കിലും മറ്റ്‌ ഗതിയില്ലാത്തതുകൊണ്ട്‌ ബഹുഭൂരിപക്ഷം ജീവനക്കാരും രാജിവച്ച്‌ പുതിയ കമ്പനിയില്‍ ചേര്‍ന്നു. അതോടെ അവരുടെ സീനിയോരിറ്റിയും ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതയും നഷ്‌ടപ്പെട്ടു. ഏറ്റവും പുതിയ വര്‍ത്തമാനം വാര്‍ത്ത വീണ്ടും പുതിയൊരു മാനേജ്‌മെന്റ്‌ കമ്പനി ഏറ്റെടുക്കാന്‍ പോവുകയാണെന്നാണ്‌. അപ്പോഴും മാനേജ്‌മെന്റിന്റെ ഡിമാന്റ്‌ വീണ്ടും ഒരിയ്‌ക്കല്‍ കൂടി ജീവനക്കാര്‍ രാജിവയ്‌ക്കണം. എല്ലാവര്‍ക്കും പുതുതായി അപ്പോയിന്റ്‌മെന്റ്‌ തരുമെന്നാണ്‌. ഇതിനെതിരെ ഇപ്പോള്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്‌.

ഇതിനിടെ വര്‍ത്തമാനം മാനേജ്‌നമെന്റ്‌ കോടികള്‍ വിലമതിക്കുന്ന സ്വന്തം കെട്ടിടവും പിന്നീട്‌ പ്രസ്സും വിറ്റുവെന്നാണെന്നറിയുന്നത്‌. ജീവനക്കാരുടെ കയ്യില്‍ നിന്നും പിരിച്ച പി എഫ്‌ വിഹിതം അടയ്‌ക്കാത്തതിനാല്‍ പലതവണ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസ്‌ നടപടിയുമായി രംഗത്തെത്തി. പത്രം തുടങ്ങി ആറുമാസം കൃത്യമായി ശമ്പളം കൊടുത്തതൊഴിച്ചാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്നുവരെ മര്യാദയ്‌ക്ക്‌ ശമ്പളം കൊടുക്കാന്‍ മാറിമാറി വന്ന മാനേജ്‌മെന്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്റ്‌ ഇടയ്‌ക്കിടെ മാറുന്നതായി കേള്‍ക്കാം. കസേരകളില്‍ ഇരിക്കാറുള്ളത്‌ പലപ്പോഴും പഴയവര്‍ തന്നെയാണ്‌. നഷ്‌ടം മാത്രമെന്ന്‌ പറയുമ്പോഴും വര്‍ത്തമാനം ഏറ്റെടുക്കാന്‍ `പുതിയ പുതിയ' മാനേജ്‌മെന്റുകള്‍ ഉത്സാഹത്തോടുകൂടി വരുന്നതെന്തിനെന്ന കാര്യം മാത്രം ദുരൂഹമാണ്‌.

No comments:

Post a Comment