Friday, April 4, 2014

ഈ 'വിസ്ഡം'ന്നു വെച്ചാ എന്താ...??

ഈ 'വിസ്ഡം'ന്നു വെച്ചാ എന്താ...?? ABDULLAH BASIL CP
--------------------------------------------
കേരളത്തില്‍ മുജാഹിദുകള്‍ എന്തൊക്കെ ദഅവാ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടോ, അതൊക്കെ പൊതുജന മദ്ധ്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.. മുന്‍പ്‌ ഐ.എസ്.എമ്മിന്റെ നേതൃത്വത്തില്‍ 'സാല്‍വേഷന്‍' കോഴിക്കോട് വെച്ച് സംഘടിപ്പിച്ചപ്പോഴും ഇത് തന്നെ ആയിരുന്നു അവസ്ഥ.. സാല്‍വേഷനിലെ ഫ്ലക്സുകളുടെ എണ്ണമെടുക്കാനും അത് പ്രിന്റ്‌ ചെയ്ത മഷിയുടെ നിലവാരം അളക്കാനും അന്നും ആളുകള്‍ ഉണ്ടായിരുന്നു.. അന്ന് സാല്‍വേഷനെ "ഫ്ലെക്സിബിഷന്‍" എന്ന് പരിഹസിച്ചവര്‍ സാല്‍വേഷന്റെ വിജയവും സ്വീകാര്യതയും കണ്ടു പിന്നീട് പല പേരുകളില്‍ "ദി മെസേജുകള്‍" സംഘടിപ്പിച്ച് മുജാഹിദുകള്‍ക്ക് പിന്നാലെ ഫ്ലെക്സിബിഷനുമായി രംഗത്ത്‌ വന്നതും നാം കണ്ടതാണ്..
പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രമായി എം.എസ്.എം സംഘടിപ്പിച്ച് വരുന്ന പ്രൊഫ്കോണിനും അനുകരണങ്ങള്‍ കുറേയുണ്ടായി.. "പ്രൊഫ്സമ്മിറ്റുകളും" "പ്രൊഫ്മീറ്റുകളും" വ്യാജ "പ്രൊഫ്കോണ്‍" തന്നെയും രംഗത്ത്‌ വന്നെങ്കിലും അറബിക് കോളജ്‌ വിദ്യാര്‍ഥികളെ കൊണ്ട് വന്നു നിറക്കേണ്ട ഗതികേട് വന്നതും കേരളം കണ്ടതാണ്..
എന്നും മുന്നേ നടന്നു പരിചയമുള്ള കേരളത്തിലെ സലഫികള്‍ ഇതാ ഇപ്പോള്‍ വീണ്ടും ദഅവാ രംഗത്ത്‌ പുതിയ ഒരു പുതിയ ചുവടുവെപ്പ്‌ കൂടി നടത്തുകയാണ്.. "വിസ്ഡം.."
കേട്ടപ്പോള്‍ ഒന്നും മനസ്സിലാകാതിരുന്ന ചിലര്‍ നേരെ ഡിക്ഷണറി എടുത്ത് തപ്പാന്‍ തുടങ്ങി.. എന്താപ്പാ ഈ സാധനം എന്നറിയാന്‍.. അങ്ങനെ തപ്പുന്നതിനിടയില്‍ ആണ് പെട്ടെന്ന് അതിന്റെ ഒരു അര്‍ത്ഥമായി "ബുദ്ധി" എന്ന് കണ്ടത്.. കിട്ടിപ്പോയ്...!!!!ഇതാ "അഖലാനികള്‍" എന്ന് വിളിച്ച മുജാഹിദുകള്‍ ഇപ്പോള്‍ "ബുദ്ധി" എന്ന പേരില്‍ പരിപാടി നടത്തുന്നു...
പാവങ്ങള്‍ എന്നല്ലാതെന്തു പറയാന്‍..!! സാധുക്കള്‍ വിചാരിച്ചു വെച്ചിരിക്കുന്നത് മുജാഹിദുകളുടെ വാദം "ബുദ്ധി" എന്നത് ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു സാധനമാണ് എന്നായിരിക്കാം...!! യഥാര്‍ത്ഥത്തില്‍ എന്താണ് ബുദ്ധിക്ക് ഇസ്ലാം നല്‍കുന്ന സ്ഥാനം, 'അഖലാനി' എന്ന വിളിക്ക് പിന്നിലെന്ത് എന്നൊന്നുമറിയാത്ത സാധുക്കളാണ് ഇങ്ങനെ കാള പ്രസവിച്ചു എന്ന് കേട്ടപ്പോള്‍ ഒരു ലോഡ്‌ കയറുമെടുത്തു ഓടിയത്.. സത്യത്തില്‍ ബുദ്ധി കൊണ്ട് ചിന്തിക്കാന്‍ പാടില്ല എന്നോ ബുദ്ധി ഉപയോഗിക്കാതെ തട്ടിന്‍ പുറത്തു വെക്കേണ്ട ഒന്നാണെന്നോ മുജാഹിദുകള്‍ പറഞ്ഞിട്ടില്ല, ഇസ്ലാം അങ്ങനെ പഠിപ്പിചിട്ടുമില്ല..
മറിച്ച് ഇസ്ലാമിനെ, യഥാര്‍ത്ഥ സ്രഷ്ടാവിനെ കണ്ടെത്താന്‍ ബുദ്ധി ഉപയോഗിക്കണം എന്നാണു ഖുര്‍ആനും ഹദീസും പ്രാഥമിക പഠനത്തിന് വിധേയമാക്കിയ ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന വസ്തുത.. ഒട്ടകങ്ങളിലെക്ക് നിങ്ങള്‍ നോക്കുന്നില്ലേ, പര്‍വ്വതങ്ങളിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ, ഭൂമിയിലേക്ക് നിങ്ങള്‍ നോക്കുന്നില്ലേ, നിങ്ങളിലേക്ക്‌ തന്നെ നിങ്ങള്‍ നോക്കുന്നില്ലേ എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഖുര്‍ആനില്‍ കാണാം.. അതിനെയൊക്കെ വീക്ഷിച്ച് , അതിന്റെ സൃഷ്ടിപ്പിലെ അത്ഭുതം മനസ്സിലാക്കി അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനാണ് ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്.. അതെ, ബുദ്ധി ഉപയോഗിച്ച് സൃഷ്ടി പഠനത്തിലൂടെ സ്രഷ്ടാവിനെ കണ്ടെത്താന്‍ , ആ സ്രഷ്ടാവിന്റെ മതത്തെ പുല്‍കാന്‍ ഇസ്ലാം മനുഷ്യനോട് ആവശ്യപ്പെടുന്നു..
നിങ്ങള്‍ കുടിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അതെങ്ങാനും നാം ഉപ്പ് രസമുള്ളതാക്കിയാല്‍ ആരാണ് നിങ്ങള്‍ക്ക്‌ ശുദ്ധമായ വെള്ളം എത്തിച്ചു തരുന്നത് എന്നിങ്ങനെ മനുഷ്യ ബുദ്ധിയെ തൊട്ടുണര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ ഖുര്‍ആനില്‍ കാണാം.. പരലോക ജീവിതത്തെ നിഷേധിക്കുന്ന "ബുദ്ധിജീവികളെ" വറ്റി വരണ്ട ഭൂമിയിലേക്ക് മഴവെള്ളം ചെല്ലുമ്പോള്‍ സസ്യങ്ങള്‍ മുളച്ചു വരുന്നത് എങ്ങനെയാണോ, അത് പോലെയാകുന്നു പുറപ്പാട് എന്നിങ്ങനെ മറുപടിയും ഖുര്‍ആന്‍ കൊടുത്തിട്ടുണ്ട്‌..
പിന്നെ എവിടെയാണ് ഇക്കൂട്ടര്‍ക്ക്‌ തെറ്റിയത്?? എങ്ങനെ ഇവര്‍ 'അഖലാനിക'ളായി? ബുദ്ധി ഉപയോഗിച്ച് ആ മഹാ ശക്തിയുടെ മാഹാത്മ്യം മനസ്സിലാക്കി ഇസ്ലാമിനെ പുല്‍കിയ ഒരാള്‍ ഇസ്ലാമിക പ്രമാണങ്ങളെ എങ്ങനെ സ്വീകരിക്കണം എന്നിടത്താണ് ഈ വിഷയം ഉദിക്കുന്നത്.. ആകാശങ്ങളും ഭൂമിയും സര്‍വ്വ ചരാചരങ്ങളും തനിയെ ഉണ്ടായതല്ല എന്ന് മനസ്സിലാക്കി അതിന്റെയൊക്കെ പിന്നില്‍ ഒരു ശക്തിയുണ്ടെന്നു തിരിച്ചറിഞ്ഞ്, ആ ശക്തിക്ക്‌ മാത്രമേ ആരാധനകളും വഴിപാടുകളും അര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് മനസ്സിലാക്കി ഇസ്‌ലാമിന്റെ സുന്ദരമായ ആദര്‍ശം സ്വീകരിച്ച ഒരാള്‍ക്ക്‌ പിന്നെ അവന്റെ സ്രഷ്ടാവിന്റെ കല്പനകള്‍ അനുസരിക്കാനും ആ പടച്ചവന്റെ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍ അപ്പടി സ്വീകരിക്കാനും പിന്നെ ബുദ്ധിയുടെ ആവശ്യമില്ല. കാരണം, അവന്റെ ബുദ്ധിയുടെയും സ്രഷ്ടാവാണ് എന്ന് അവന്‍ തന്നെ സമ്മതിച്ച, തിരിച്ചറിഞ്ഞ അല്ലാഹുവിന്റെ കല്പനകളെ പിന്നെയും അവന്റെ പരിമിതമായ ബുദ്ധിയുടെ അളവുകോലില്‍ ഇട്ട് അളക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്??
1400 വര്‍ഷം മുന്‍പ്‌ സൂര്യന്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് പ്രവാചകന്‍ പറഞ്ഞു.. ഈയടുത്ത് വരെ സൂര്യന്‍ ചലിക്കുന്നില്ല എന്നും മുഹമ്മദ്‌ ഈ പറഞ്ഞത് ആന മണ്ടത്തരം ആണെന്നും പറഞ്ഞു ഇസ്ലാമിനെയും മുഹമ്മദ്‌ നബിയേയും പരിഹസിച്ചു നടക്കുകയായിരുന്നു നമ്മുടെ നാട്ടിലെ (മന്ദ)ബുദ്ധിജീവികള്‍.. എന്നാല്‍ ഇന്നിതാ സൂര്യന്‍ ചലിച്ചു കൊണ്ടിരിക്കുന്നു എന്ന് ശാസ്ത്രം 'കണ്ടുപിടിച്ചിരി'ക്കുന്നു.. അപ്പോള്‍ ഇന്നലെ വരെ ബുദ്ധിക്ക് കടക വിരുദ്ധമായ ഒരു കാര്യം ഇന്ന് മുതല്‍ മഹാ ജ്ഞാനമായി മാറിയിരിക്കുന്നു.. ഇവിടെയാണ്‌ ഇസ്ലാമിക പ്രമാണങ്ങളുടെ വ്യതിരിക്തതയും മൌലികതയും നമുക്ക്‌ ബോധ്യമാകുന്നത്.. ശാസ്ത്രം എന്നും ഖുര്‍ആനിനും ഹദീസിനും പുറകെ നടന്ന ചരിത്രമേയുള്ളൂ.. അതിനാല്‍ തന്നെ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന പേര് പറഞ്ഞ് നാം ഇന്ന് തള്ളുന്ന ഹദീസുകളും ഖുര്‍ആന്‍ ആയത്തുകളും നാളെ ശാസ്ത്രം തെളിയിക്കുമ്പോള്‍ നമുക്ക്‌ തന്നെ അംഗീകരിക്കേണ്ടി വരുന്നു.. അപ്പോള്‍ ആരെയാണ് നാം വിശ്വസിക്കുന്നത്?? ഇസ്ലാമിക പ്രമാനങ്ങളെയോ അതോ വൈകിയോടുന്ന വണ്ടിയായ ശാസ്ത്ര കണ്ടുപിടിത്തങ്ങളെയും നമ്മുടെ ഈ ചെറിയ ബുദ്ധിയെയുമോ??
ഇസ്‌ലാം ബുദ്ധിയുടെ മതമാണ്‌, എന്നാല്‍ അതില്‍ പലതും നമ്മുടെ ഈ പരിമിതമായ ബുദ്ധി കൊണ്ട് ചിന്തിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് മാത്രം.. അത് നമ്മുടെ ബുദ്ധിയുടെ വൈകല്യമാണ്, അല്ലാതെ ഇസ്‌ലാമിന്റെ കുറവല്ല.. അതിനാല്‍ തന്നെ ഇസ്‌ലാമിക പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് ആ പ്രമാണങ്ങള്‍ പഠിപ്പിച്ചു തന്ന പ്രവാചക അധ്യാപനങ്ങളില്‍ നിന്നുമാണ്.. അത് അവിടുത്തെ തിരുവായയില്‍ നിന്ന് നേരിട്ട് കേട്ട് പഠിച്ച സ്വഹാബത്തും താബിഉകളും ഉത്തമ നൂറ്റാണ്ടുകാരായ സലഫുകളും എങ്ങനെ മനസ്സിലാക്കിയോ അങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്.. അങ്ങനെ മനസ്സിലാക്കുന്നവരെയാണ് സലഫികള്‍ എന്ന് പറയുന്നത്.. അതല്ലാതെ ഓരോന്നും തന്റെ ബുദ്ധിയിലിട്ടു അരച്ച് കുഴമ്പാക്കിയ ശേഷം മാത്രം സ്വീകരിക്കുന്നവരെ അഖലാനികള്‍ എന്നും വിളിക്കുന്നു..
ഏതായാലും കേരളത്തിലെ മുജാഹിദുകള്‍ പുതിയ ഒരു ദഅവാ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഇന്ഷാ അല്ലാഹ്.. കേരള മണ്ണില്‍ പിറന്ന ഓരോ മനുഷ്യനും ഈ മഹത്തായ ഇസ്‌ലാമിന്റെ വെളിച്ചം എത്തിച്ചു കൊടുക്കാന്‍ ഈ സലഫീ സംഘം ഇറങ്ങുകയായി.. ഓരത്ത് നിന്ന് കമന്റടിക്കുന്നതിനു പകരം ഈ ദഅവാ വിപ്ലവത്തില്‍ കണ്ണിയാവാന്‍ ശ്രമിക്കുക.. അതിനു പകരം ഇതിനെതിരെ ഡിക്ഷണറി പരതുന്നവര്‍ മലവെള്ളപ്പാച്ചില്‍ തന്റെ മേനി കൊണ്ട് തടുക്കാം എന്ന് കരുതുന്ന തവളകളെ പോലെയാണെന്ന് അവര്‍ സ്വയം തിരിച്ചറിയട്ടെ..
മെയ്‌ 11നു ഇസ്‌ലാമിക കേരളം കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടുമ്പോള്‍ താങ്കളും അതില്‍ ഒരു കണ്ണിയാവുക.. എന്തൊക്കെ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച് ഈ ദഅവതുമായി സഹകരിക്കുക.. നമുക്ക്‌ ഒരുമിച്ച് ഈ ദഅവാ വിപ്ലവത്തില്‍ പങ്കാളികളാവാം.. നമ്മുടെ പരലോകത്തിന് വേണ്ടി....
അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍..

No comments:

Post a Comment