കക്ഷിത്തവും വിഭാഗീയതയും വെടിഞ്ഞു നല്ല മനസ്സോടെ വായിക്കുമെങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക
അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്......
കക്ഷിത്തവും വിഭാഗീയതയും വെടിഞ്ഞു നല്ല മനസ്സോടെ ഇവിടെ എഴുതിയത് പൂര്‍ണമായും വായിക്കുമെങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക.... അല്ലാഹു അനുഗ്രഹിക്കട്ടെ.......
വലിയ ഒരു പരീക്ഷണം നേരിടുകയാണ് ഇന്ന് നമ്മുടെ പ്രസ്ഥാനം... നമുക്കിടയില്‍ ഇത്തരം ഇല്‍മിയ്യായ വിഷയങ്ങളില്‍ തര്‍ക്കമുണ്ടാവുമ്പോള്‍ നിങ്ങളില്‍ അറിവും വിജ്ഞാനവുമുള്ള പണ്ടിതന്മാരോട് നിങ്ങള്‍ ചോദിക്കണം എന്ന അല്ലാഹുവിന്‍റെ അധ്യാപനം എത്ര അര്‍ത്ഥവത്താണ് (واسألوا أهل الذكر إن كنتم لا تعلمون ).
.......തര്‍ക്കങ്ങളും സാധാരണക്കാരായ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ചര്‍ച്ചകളുമില്ലാതെ ഈ വിഷയം പരിഹരിക്കാന്‍ നമുക്കിടയില്‍ ഒരായിരം വഴികളുണ്ടായിരുന്നു എന്നത് നമുക്കെല്ലാവര്‍ക്കുമറിയാം. പ്രശ്നങ്ങളുണ്ടാവരുതെന്ന ആഗ്രഹമുണ്ടെങ്കിലല്ലേ ആ വഴികളൊക്കെ അന്വേഷിക്കേണ്ടതുള്ളൂ അല്ലേ!.
... ലോക സലഫികളൊന്നടങ്കം അംഗീകരിക്കുന്ന സൗദിയിലെ പണ്ടിതന്മാർക്ക് മുന്നില്‍ വിഷയം ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താം എന്ന വളരെ നല്ല ഒരു മാര്‍ഗം ഷെയ്ഖ് ഈധാന്‍ നിര്‍ദേശിച്ചതുമാണ്. അതിനു വരുന്ന ചെലവ് പൂര്‍ണമായും അദ്ദേഹം വഹിക്കാമെന്നും പറഞ്ഞു. പക്ഷെ സൗദിയിലെ പണ്ടിതന്മാര്‍ക്കെന്നല്ല ലോകത്തുള്ള ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ സലഫീ പണ്ടിതന്മാര്‍ക്കൊന്നും തര്‍ക്കത്തിലുള്ള ഹദീസിന്‍റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന വാദം ഇല്ലാത്തത് കൊണ്ടും , അത് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്ത പണ്ഡിതന്മാര്‍ ശിര്‍ക്ക് ചെയ്തിട്ടില്ല എന്നത് അവര്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിഷദീകരിച്ചത് കൊണ്ടും അവരുടെ നിലപാടിനോട് യോജിക്കാത്ത ചിലര്‍ക്ക് അതില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. സൗദിയിലെ പണ്ഡിതന്മാരുടെ മുന്‍പില്‍ പോയി ചര്‍ച്ച ചെയ്തു കൂടെ എന്ന് അവരിലൊരാളോട് എന്‍റെ അമ്മാവന്‍ തിരക്കിയപ്പോള്‍, എന്താണ് അതിന്‍റെ ഒക്കെ ആവശ്യം.?! കേരളത്തില്‍ ഉള്ള പണ്ടിതന്മാരൊക്കെ വിവരമുള്ളവരാണല്ലോ എന്നായിരുന്നു മറുപടി. ഹദീസ് നിഷേധത്തിനും ആദര്‍ശ വ്യതിയാനത്തിനും ഒരു മറ മാത്രമായി സ്വീകരിച്ചതാണ് ഈ ശിര്‍ക്കാരോപണം എന്ന് മനസിലാക്കാന്‍ ഏറെ പാടു പെടേണ്ടതില്ല. കേരളത്തിലല്ലാതെ മറ്റൊരു നാട്ടിലും സലഫീ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ സമീപനത്തോട് യോജിക്കാത്ത ആരും തന്നെയില്ല എന്നതു തന്നെ അതിനു തെളിവാണ്.
എന്നാല്‍ ഖേദകരം എന്നു പറയട്ടെ സലഫുകള്‍ സ്വീകരിച്ച സമീപനത്തോട് യോജിക്കുന്നവരില്‍ ചിലരും, സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചവരില്‍ ചിലരും പ്രബോധന മര്യാദയും ഗുണകാംശയും ഒട്ടുമില്ലാതെ പരിഹാസത്തിനും വ്യക്തി ഹത്ത്യക്കും മുതിരുന്നത് ഏറെ ദുഖകരമാണ്. പരിഹാസവും , കളിയാക്കി ചിരിക്കലും, ഇരട്ടപ്പേര് വിളിക്കലും, അവഹേളിക്കലും, ഒന്നും ഇസ്‌ലാം പഠിപ്പിച്ച പ്രബോധന ശൈലിയല്ല. സോഷ്യല്‍ മീഡിയകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരിഹാസങ്ങളും അവഹേളനങ്ങളും പ്രചരിപ്പിക്കുന്നവര്‍ ആദര്‍ശത്തിന്‍റെ പേരില്‍ അവയെ വലിച്ചിഴക്കരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടു പരിപാവനമായ ആദര്‍ശത്തെ ആരും പഴിചാരുകയും ചെയ്യരുത്. മുസ്ലിമീങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പരിപാവനമായ ഇസ്ലാമിനെ ക്രൂശിക്കുന്നതിന് തുല്യമാണത്.
തന്‍റെ അഭിപ്രായം അംഗീകരിക്കുന്നവന്‍റെ സകല തിന്മകളെയും ന്യായീകരിക്കുകയും, തന്നോട് അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അയാളെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കുകയും ചെയ്യുന്നതും, അയാളെക്കുറിച്ച് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നത് കണ്ടു സന്തോഷിക്കുന്നതും മതത്തിന് വേണ്ടിയോ ?!!!..... . ആദര്‍ശ ബോധമുള്ളവരില്‍ ചിലരും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നുവെന്നതാണ് ഏറെ സങ്കടകരം.
...........അല്ലാഹുവിനെക്കുറിച്ചുള്ള ഭയം, ഗുണകാ൦ശ, സല്‍സ്വഭാവം , ഞാന്‍ ക്ഷണിക്കുന്നവന്‍ സത്യം മനസിലാക്കി ആദര്‍ശത്തിലേക്ക് വരട്ടെ എന്ന ആത്മാര്‍തമായ പ്രാര്‍ത്ഥന തുടങ്ങിയവയാണ് ഒരു പ്രബോധകന്‍റെ മുതല്‍കൂട്ട്. മറിച്ച് പരിഹാസം, വ്യക്തിഹത്യ, വിശ്വാസിക്ക് ചേരാത്ത പദപ്രയോഗങ്ങള്‍ ഇവയൊന്നുമല്ല ഒരു പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ടത്. ഊഹങ്ങള്‍ അടിസ്ഥാനമാക്കിയും മറ്റുള്ളവരുടെ സംസാരവും കേട്ടും ജനങ്ങളെ ചേരി തിരിക്കുന്നതും ശരിയല്ല. ഇത്തരം അഭിപ്രായ ഭിന്നതകളുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്ക് സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാവുക എന്നത് സോഭാവികം. കക്ഷികളാക്കിത്തിരിച്ച് അവരെ സത്യത്തില്‍ നിന്നും അകറ്റുന്നതിന് പകരം. സദുപദേശത്തോടെയും ഗുണകാംശയോടെയും അവര്‍ക്ക് സത്ത്യം മനസിലാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. ചിലപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കൊരുപാട് സമയം വേണ്ടി വന്നേക്കാം. അതുകൊണ്ടാണല്ലോ ഒരു പ്രബോധകന്‍റെ ഏറ്റവും വലിയ സമ്പത്ത് ക്ഷമയാണെന്നു പറയുന്നത്.
......ഞാന്‍ കുറച്ചധികം സംസാരിച്ചു എന്നെനിക്കറിയാം. ആരെയും വേദനിപ്പിക്കാനല്ല. നമ്മുടെ പക്കല്‍ വരുന്ന തെറ്റുകള്‍ കാരണം പരിപാവനമായ ആദര്‍ശത്തെ സാധാരണക്കാര്‍ തെറ്റിദ്ധരിക്കരുതേ എന്ന ആഗ്രഹം മാത്രമാണ് ഇതിനെന്നെ പ്രേരിപ്പിച്ചത്. മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ടു മോങ്ങം അബ്ദുസ്സലാം മൗലവി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശേഷം അദ്ധേഹത്തെക്കുറിച്ച് വളരെ മോശമായി പലരും എഴുതുകയുണ്ടായി. ഒരു പക്ഷെ വേണ്ടത്ര വിഷയം പഠിക്കാത്തതു കൊണ്ടോ, തെറ്റിദ്ധരിച്ചത് കൊണ്ടോ, സച്ചരിതരായ സലഫുകളുടെയും സലഫീ പണ്ഡിതന്മാരുടെയും സമീപനത്തിന് തീര്‍ത്തും വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചത് എന്നതു ശരി തന്നെ. തെറ്റുകളാര്‍ക്കും സംഭവിക്കാമല്ലോ..!. അത് ബോധ്യപ്പെടുത്തിക്കൊടുത്താല്‍ അദ്ദേഹം അത് തിരുത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സുബൈര്‍ മൗലവിക്കും ഇതേ തെറ്റ് സംഭവിച്ചിട്ടുണ്ട്. അദ്ദേഹം വിഷയം കൂടുതല്‍ പഠിക്കുകയാണെന്നും അടുത്ത് തന്നെ തിരുത്തുമെന്നും അറിയാന്‍ സാധിച്ചു അല്‍ഹംദു ലില്ലാഹ്. ഏതായാലും പണ്ടിതന്മാര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ അവരെ മോശമായി ചിത്ത്രീകരിക്കുന്നത് ആദര്‍ശ സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചാണത് ചെയ്തതെങ്കില്‍ അത്തരക്കാര്‍ അതില്‍ നിന്നും ഖേദിച്ചു മടങ്ങുക. കാരണം അത് ആദര്‍ശത്തിനു ദോഷമേ ചെയ്യൂ, ഗുണം ചെയ്യില്ല. മൗലവിക്കു പറ്റിപ്പോയ അബദ്ധങ്ങളുമായി ബന്ധപ്പെട്ട് സിറാജുല്‍ ഇസ്‌ലാം മൗലവി നടത്തിയ പ്രഭാഷണം എന്നെ ഏറെ ആകര്‍ഷിച്ചു. ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രൂപത്തില്‍ വളരെ നന്നായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്. തര്‍ക്കവിഷയവുമായി ബന്ധപ്പെട്ട് യാസിര്‍ ബിന്‍ ഹംസ മൗലവി നടത്തിയ പ്രഭാഷണവും സന്മനസ്സോടെ വിഷയം മനസ്സിലാക്കുന്നവര്‍ക്ക് ഉപകാരപ്പെടും ഇന്‍ ഷാ അല്ലാഹ്.
ഷെയ്ഖ് അല്‍ബാനി ആ ഹദീസിന്‍റെ ആശയത്തില്‍ ശിര്‍ക്കുണ്ടെന്നു പറഞ്ഞിട്ടുണ്ടോ എന്ന് ചില സുഹൃത്തുക്കള്‍ എഴുതി ചോദിച്ചിരുന്നു.. യഥാര്‍ത്തത്തില്‍ അതിന്‍റെ മത്നില്‍ ശിര്‍ക്കുണ്ടെന്നു പറയുന്നവര്‍ക്ക് തന്നെ ഉള്ള മറുപടിയാണ് അല്‍ബാനി റഹിമഹുല്ലയുടെ വിശദീകരണം. കാരണം അദ്ദേഹം തന്നെ അത് സ്വഹീഹാണ് എങ്കില്‍ 'യാ ഇബാദല്ലാഹ്' എന്ന വിളി കൊണ്ടുള്ള ഉദ്ദേശം മലക്കുകളാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇബ്നു അബ്ബാസില്‍ നിന്നും വന്ന റിപ്പോര്‍ട്ടില്‍ ( അവര്‍ മലക്കുകളാണ് ) എന്ന് പ്രത്യേകം വന്നത് കൊണ്ടാണദ്ദേഹം അതിനെ മലക്കുകളില്‍ പരിമിതപ്പെടുത്തിയത്. എന്നാല്‍ മത്നില്‍ ശിര്‍ക്കുണ്ടെന്നു വാദിക്കുന്നവരുടെ വാദം അനുസരിച്ച് ശയ്ഖ് അല്‍ബാനി പറഞ്ഞതും ശിര്‍ക്കാണല്ലോ .. കാരണം മലക്കുകളെയാണ് അവിടെ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാലും ശിര്‍ക്കാണ് എന്നു പറയുന്നവരാണല്ലോ അവര്‍. യഥാര്‍ത്തത്തില്‍ സൂഫികളും മറ്റു പിഴച്ച കക്ഷികളും പറയാറുള്ള രിജാലുല്‍ ഗയ്ബ് എന്നു വിളിക്കപ്പെടുന്ന ജിന്നുകളോ മനുഷ്യരോ ആണ് ആ വിളി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ (അഥവാ എവിടെ നിന്ന് വിളിച്ചാലും എപ്പോള്‍ വിളിച്ചാലും അവര്‍ ഉത്തരം തരും.. എവിടെ നിന്ന് വിളിച്ചാലും അവര്‍ കേള്‍ക്കും എന്നു കരുതപ്പെടുന്നവര്‍) അത് ശിര്‍ക്കുന്‍ ബയ്യിന്‍ ( വ്യക്തമായ ശിര്‍ക്ക് ) ആണെന്നാണ് അല്‍ബാനി പറഞ്ഞത്. അത്തരം തേട്ടങ്ങൾക്കാണല്ലോ സൂഫികള്‍ ഈ ഹദീസ് തെളിവക്കാറുള്ളത്. ഇവിടെ മനുഷ്യരെ കുറിച്ച് മാത്രമാണ് രിജാലുല്‍ ഗയ്ബ് എന്നു പറഞ്ഞത്.. അത് ജിന്നുകള്‍ക്ക് ബാധകമല്ല എന്നാണ് ശിര്‍ക്കാരോപിക്കുന്നവര്‍ പറയാറുള്ളത്. എന്നാല്‍ ശേഷം വന്ന അല്‍ബാനിയുടെ വാചകം അത് ജിന്നുകള്‍ക്കും ബാധകമാണ് എന്നു മനസിലാക്കിത്തരുന്നു. ( لأنهم لا يسمعون الدعاء കാരണം അവര്‍ വിളി കേള്‍ക്കുന്നവരല്ല ). അതില്‍ നിന്ന് തന്നെ മനസിലാക്കാം ആ വിളി കേള്‍ക്കുന്ന പരിധിയിലുള്ള ജിന്നുകളെയോ മനുഷ്യരെയോ അല്ല അദ്ദേഹം ഉദേശിച്ചത് എന്ന്. എന്നാല്‍ ഈ ഹദീസ് ദുര്‍ബലമായത് കൊണ്ട് അതനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നത് നിങ്ങള്‍ നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ടാവുമല്ലോ. ഇനി ഷെയ്ഖ് അല്‍ബാനി തന്‍റെ സില്സിലതുല്‍ ഹുദ വന്നൂറില്‍ വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ജിന്നുകള്‍ക്ക് മനുഷ്യന് വല്ല സഹായവും ചെയ്തു കൊടുക്കാന്‍ സാധിക്കുമോ ?! എങ്കില്‍ എന്തായിരുന്നു സുലൈമാന്‍ നബിയുടെ മു'അജിസത് ?! തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അതില്‍ ചര്‍ച്ച ചെയ്യുന്നു.അദ്ദേഹം പറയുന്നു : " ജിന്നുകളുമായി ഇടപെടല്‍ സാധ്യമാണെന്ന് എന്നതു കൊണ്ട് മാത്രം അവരോടുള്ള ഇടപെടല്‍ അനുവധനീയമായിത്തീരുകയില്ല .. പലിശ വാങ്ങാന്‍ ഒരാള്‍ക്ക് സാധിക്കുമെന്ന് കരുതി അയാള്‍ക്ക് പലിശ വാങ്ങല്‍ അനുവധനീയമായി മാറുകയില്ലല്ലോ ..!!! ... ജിന്ന് ബാധയേറ്റ ഒരാളെ വിശുദ്ധ ഖുര്‍'ആന്‍ പാരായണം ചെയ്തു ചികിത്സിക്കല്‍ അനുവദനീയമാണ്.. പക്ഷെ അതില്‍ നിന്നും ജിന്നുമായുള്ള സംഭാഷണത്തിലേക്കും മറ്റും അതിര് കവിയാന്‍ പാടില്ല " . തുടങ്ങി ഒരുപാടു കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.. സമയം ഒരുപാടു വൈകിയത് കൊണ്ട് പിന്നീട് വിശദീകരിക്കാം ഇന്‍ ഷാ അല്ലാഹ് !!.. ഞാന്‍ എഴുതിയതില്‍ വന്നിട്ടുള്ള നല്ല കാര്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്.. ഞാന്‍ വല്ല അബദ്ധവും എഴുതിയിട്ടുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തു തരട്ടെ.... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്‍പറ്റാനും , തിന്മയെ തിന്മയായി മനസിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും അല്ലാഹു തൗഫീക് ചെയ്യട്ടെ .. ആമീന്‍ !
No comments:
Post a Comment