കെ എന്‍ എമ്മില്‍ ഒരു വിഭാഗം അദൃശ്യ സൃഷ്ടികളായ ജിന്നുകളേയും
മലക്കുകളേയും വിളിച്ചു പ്രാര്‍ത്ഥിക്കാനും സഹായം തേടാനും
തുടങ്ങിയിരിക്കുന്നു എന്ന് ഗൂഢപ്രചാരണം നടത്തി പ്രവര്‍ത്തകരെ
ചേരിതിരിക്കുകയും അതിലൂടെ (2011 ല്‍ നടന്ന) കെ എന്‍ എം ഇലക്ഷനില്‍ സംഘടനാ
നേതൃത്വം കൈക്കലാക്കുകയും ചെയ്ത ഒരു വിഭാഗം ഇലക്ഷനോടനുബന്ധിച്ച് തങ്ങള്‍
നടത്തിയ ദുഷ്പ്രചാരണങ്ങള്‍ക്ക് മറ പിടിക്കാന്‍ ബോധപൂര്‍വം
പടച്ചുണ്ടാക്കിയതാണ് “ജിന്നിനോട് സഹായം ചോദിക്കുന്ന വിഷയത്തില്‍ 2012
ഫെബ്രുവരിയില്‍ പുറത്തു വിട്ട കെ ജെ യു ഫത്വ. കെ ജെ യു-കെ എന്‍ എം കേന്ദ്ര
നേതൃത്വങ്ങളില്‍ ഈ വിഭാഗത്തിനാണ് മൃഗീയ ഭൂരിപക്ഷമെന്നതിനാല്‍ ഏത്
തീരുമാനവും ഈ രണ്ടു സംഘടനകളെ കൊണ്ടും എടുപ്പിക്കാനും ആയത് സംഘടനാ ചാനലിലൂടെ
പ്രചരിപ്പിക്കാനും ഈ കോക്കസിന് സാധിക്കുന്ന അവസ്ഥയാണ് ഇന്ന്
നിലനില്‍ക്കുന്നത്. ഇതിന് വേണ്ടിയായിരുന്നു ഗൂഢപ്രവ ര്‍ത്തനത്തിലൂടെ
മാതൃസംഘടനയുടെ കേന്ദ്ര നേതൃത്വം പിടിച്ചെടുക്കാന്‍, കഴിഞ്ഞ കെ എന്‍ എം
ഇലക്ഷനില്‍ ഇവര്‍ രാഷ്ട്രീയക്കാരെ പോലും പിന്നിലാക്കുന്ന തരം താഴ്ന്ന
കളികള്‍ കളിച്ചത്. ജിന്നും പിശാചും റുക്വ്യ ശറഇയ്യയുമൊക്കെ കെ എന്‍ എം
ഇലക്ഷനില്‍ വോട്ടാക്കിയ ശേഷമാണ് തന്ത്രപരമായി ചിലരെ മാത്രം ക്ഷണിച്ച്
ചര്‍ച്ചകളും ദൌറകളും തട്ടിക്കൂട്ടിയത്. പിന്നീട് ദൌറാ തീരുമാനത്തെ
അട്ടിമറിച്ച് കെ ജെ യുവിന്റെ പേരില്‍ ഫത്വയുണ്ടാക്കുകയും ചെയ്തു.
ശിര്‍ക്കിലേക്ക് പോകുന്ന സംഘടനയെ രക്ഷിക്കുകയാണ് കഴിഞ്ഞ ഇലക്ഷനില്‍ തങ്ങള്‍
ചെയ്തതെന്ന് മുജാഹിദ് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണീ ഫത്വയുടെ
ലക്ഷ്യം.
വാസ്തവത്തില്‍, ജിന്നുകളോടോ മലക്കുകളോടോ എന്തെങ്കിലും സഹായം തേടുന്നത്
അനുവദനീയമാണെന്ന് വാദിക്കുന്ന ഒരാളും കെ എന്‍ എം പ്രബോധകന്‍മാരിലോ
പ്രവര്‍ത്തകരിലോ ഇല്ല. മാത്രമല്ല, ജിന്നിനോടും മലക്കിനോടും
പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തിലുള്ള സഹായം തേടുന്നതും
ശിര്‍ക്കും കുഫ്റുമാണെന്ന് വിശ്വസിക്കുന്നവരും
പ്രചരിപ്പിക്കുന്നവരുമാണവര്‍. അല്ലാഹുവോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍
ജിന്നിനോടും മലക്കിനോടും (ഏത് സൃഷ്ടിയോടും) ചോദിച്ചാല്‍ അത് ശിര്‍ക്കാണെന്ന
കാര്യത്തില്‍ സംശയിക്കുന്ന ആരും മുജാഹിദുകളിലില്ല തന്നെ. ബദ്രീങ്ങളേ
രക്ഷിക്കണേ…. മുഹ്യുദ്ദീന്‍ ശൈഖേ കാക്കണേ….. മമ്പുറം തങ്ങളേ എന്റെ രോഗം
മാറ്റണേ…. എന്നിങ്ങനെ മരിച്ച മഹാന്‍മാരോടു തേടുന്നതു പോലെ ജിന്നേ കാക്കണേ…
മലക്കേ രക്ഷിക്കണേ.. എന്ന് പ്രാര്‍ത്ഥിച്ചാലും/സഹായം തേടിയാലും ശിര്‍ക്ക്
തന്നെയാണ് എന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. വസ്തുത ഇതായിരിക്കെ
മുജാഹിദുകളില്‍ ചിലര്‍ ജിന്നിനോട് പ്രാര്‍ത്ഥിക്കാം/സഹായം തേടാമെന്ന്
വാദിക്കുന്നവരാണെന്ന് 2011ല്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ചിലര്‍ തന്നെ
പ്രചരിപ്പിച്ചത് ഗൂഢലക്ഷ്യത്തോടെയായിരുന്നു?
കെ ജെ യു ആദര്‍ശ വിശദീകരണമെന്ന പേരില്‍ കെ എന്‍ എം ഇലക്ഷന്
മുന്നോടിയായി മുജാഹിദുകളെ തൌഹീദും ശിര്‍ക്കും പറഞ്ഞ് ചേരിതിരിക്കുന്ന
വിശദീകരണ പ്രഹസനങ്ങള്‍ കേരളമൊട്ടുക്കും കെ എന്‍ എമ്മിന്റെ സംഘടനാ
ചാനലുപയോഗിച്ച് അടിച്ചേല്‍പ്പിച്ചത് എന്തിനായിരുന്നു? ഒരേ ഒരു മറുപടിയേ
അതിനുള്ളൂ. അതായത്, കെ എന്‍ എമ്മിലെ ഒരു വിഭാഗത്തെ“’ജിന്ന്വിഭാഗം’ എന്ന്
മുദ്രകുകുത്തി മാറ്റി നിര്‍ത്തി സംഘടന പിടിച്ചെടുക്കാന്‍ തന്നെ.
2011 ആഗസ്റിലാണല്ലോ ഇക്കഴിഞ്ഞ കെ എന്‍ എമ്മിന്റെ ഇലക്ഷന്‍ വിജ്ഞാപനം
പുറത്തു വന്നത്. എന്നാല്‍ അതിന്റെ രണ്ടു മാസം മുമ്പ് (2011 ജൂണില്‍) തന്നെ
കെ ജെ യു വിശദീകരണങ്ങള്‍ ജില്ലകള്‍ തോറും തുടങ്ങിക്കഴിഞ്ഞിരുന്നു. കെ എന്‍
എം ഇലക്ഷനു വേണ്ടി ആളുകളെ ചേരിതിരിക്കുന്ന തികഞ്ഞ ഇലക്ഷന്‍
പ്രചരണമായിരുന്നു കെ ജെ യു വിശദീകരണങ്ങളെന്ന് നിഷ്പക്ഷമതികള്‍ അന്ന് തന്നെ
പറഞ്ഞിട്ടുണ്ട്. ചേരിപ്പോരും അനൈക്യവും നിയന്ത്രിക്കേണ്ട കേന്ദ്ര നേതൃത്വം
തന്നെ ഭിന്നിപ്പ് സ്പോണ്‍സര്‍ ചെയ്ത് പൊതു ജനങ്ങളിലേക്ക് ഇട്ടുകൊടുക്കുന്ന
അത്യന്തം ദുഖകരമായ കാഴ്ചയാണ് മുജാഹിദ് കേരളം കെ ജെ യു വിശദീകരണങ്ങളിലൂടെ
കണ്ടത്?! ജംഇയ്യത്തുല്‍ ഉലമയുടെ പാവനമായ ബാനര്‍ തന്നെ ഈ പ്രചരണത്തിന്
ഉപയോഗിച്ചതില്‍ നിന്ന് തന്നെ ഈ കോക്കസിന്റെ കുതന്ത്രത്തിന്റെ ആഴം നമുക്ക്
മനസ്സിലാക്കാവുന്നതേയുള്ളൂ. കെ ജെ യുവിനെ പോലും ജനങ്ങള്‍ വെറുക്കുകയും
തള്ളിപ്പറയുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇതിലൂടെ ഉണ്ടായിത്തീര്‍ന്നത്.
മടവൂരികള്‍ വര്‍ഷങ്ങളായി നമുക്കെതിരില്‍ ഉന്നയിച്ച് പരാജയപ്പെട്ട
ശിര്‍ക്കാരോപണം തന്നെ 2011ല്‍ ഈ കോക്കസ് ഏറ്റെടുത്തത് കെ എന്‍ എം ഇലക്ഷന്‍
മുന്നില്‍ കണ്ടുള്ളകുപ്രചാരണങ്ങള്‍ക്ക് കൂടുതല്‍ മൈലേജ് ലഭിക്കാനായിരുന്നു!
ആ ശിര്‍ക്കാരോപണത്തിന് പണ്ഡിതോചിതമായ ന്യായീകരണം ഉണ്ടെന്ന്
വരുത്തിത്തീര്‍ക്കാനാണ് 2011 നവംബര്‍-2012 ജനുവരി മാസങ്ങ ളില്‍ കെ ജെ
യുവിന്റെ പേരില്‍ ദൌറ സംഘടിപ്പിച്ചതും കെ എന്‍ എം നേതൃത്വം കയ്യിലാക്കിയ
ശേഷം 2012 ഫെബ്രുവരിയില്‍ ദൌറയുടെ തീരുമാനങ്ങളെ വളച്ചൊടിച്ച് കെ ജെ യു
ഫത്വ പടച്ചുണ്ടാക്കിയതും.
ഒന്നുകൂടി വ്യക്തമായിപ്പറയാം. അതായത്, 2007 ഏപ്രില്‍ ലക്കം “ഇസ്വ്ലാഹ്’
മാസികയില്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയ ലേഖനം കെ എന്‍ എമ്മുകാര്‍
ശിര്‍ക്കിലെത്തി എന്നതിന് മടവൂരികള്‍ തെളിവാക്കിയപ്പോള്‍ നാം
ഒറ്റക്കെട്ടായി മറുപടി കൊടുത്തു. “”അതില്‍ ശിര്‍ക്കില്ല; അതിലെവിടെ
ശിര്‍ക്ക് എന്ന്. പിന്നീട് ക്വുബൂരിക്കൂട്ടങ്ങള്‍ ശിര്‍ക്കാരോപണം
ഏറ്റെടുത്തപ്പോഴും അന്നൊക്കെയും ഇതേ മറുപടിയാണ് നാം പറഞ്ഞിരുന്നത്. നിരവധി
കാസറ്റുകള്‍ ഇതിനെല്ലാം തെളിവായി നമ്മുടെ കൂടെയുണ്ട്. 2011 ജൂണ്‍ വരേയും
ഇതായിരുന്നല്ലോ അവസ്ഥ. എന്നാല്‍, 2011ല്‍ കെ എന്‍ എം ഇലക്ഷന്‍ വന്നപ്പോള്‍
നമ്മുടെ കൂട്ടത്തില്‍ ചിലര്‍ തന്നെ പറയാന്‍ തുടങ്ങി,“2007 ഏപില്‍ ലക്കം
ഇസ്വ്ലാഹിലെ ആ ലേഖനത്തില്‍ ശിര്‍ക്കുണ്ട് എന്ന്.
2007 മുതല്‍ മടവൂരികള്‍ പറഞ്ഞിരുന്ന അതേ കാര്യം! അതെ, നാം നാലു
വര്‍ഷത്തോളം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിച്ച ആരോപണം നമ്മുടെ
നേതാക്കള്‍ തന്നെ പറയാന്‍ തുടങ്ങി. അങ്ങിനെ സഹപ്രവര്‍ത്തകരുടെ മേല്‍
അന്യായമായി ശിര്‍ക്കാരോപിച്ച് പ്രവര്‍ത്തകരെ ചേരിതിരിച്ച്
കുകുതന്ത്രങ്ങളിലൂടെ കെ എന്‍ എമ്മിന്റെ അധികാര സ്ഥാനങ്ങള്‍ പിടിച്ചെടുത്തു.
അതിന് ശേഷമാണ് എലക്ഷന്‍ പ്രചാരണത്തിനു വേണ്ടി തങ്ങളുയര്‍ത്തിക്കൊണ്ടു വന്ന
ശിര്‍ക്കാരോപണത്തിന് മതപരമായ പിന്‍ബലമു ണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍
“ജിന്നിനോട് സഹായം ചോദിക്കല്‍’ എന്ന വിഷയത്തില്‍ പുതിയ ഫത്വയുണ്ടാക്കിയത്.
ഈ പശ്ചാത്തലം ശരിക്കും മനസ്സിലാക്കിക്കൊണ്ടായിരിക്കണം കെ ജെ യു ഫത്വയെ
നാം നിരൂപണം ചെയ്യേണ്ടത്. മതപരമായ താല്‍പര്യങ്ങളേക്കാളുപരി സംഘടനാപരമായ
താല്‍പര്യങ്ങളാണ് ഈ ഫത്വ ഉണ്ടാക്കിയതിന് പിന്നിലുള്ളത് എന്ന കാര്യം നാം
മറക്കാതിരിക്കുക.
കെ ജെ യു ഫത്വയും തെറ്റിദ്ധരിപ്പിക്കലുകളും
ഇനി നമുക്ക് ഫത്വയുടെ ഉള്ളടക്കത്തിലേക്ക് കടക്കാം. കെ ജെ യു ലെറ്റര്‍
പാഡില്‍ പ്രസിദ്ധീകരിച്ച ഫത്വയുടെ ആദ്യ ഖണ്ഡിക ഇപ്രകാരം വായിക്കാം.
“കുറച്ച് കാലമായി സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടതും ചര്‍ച്ച
ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നതുമായ ജിന്നിനോട് സഹായം ചോദിക്കല്‍ എന്ന
വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2012 ഫെബ്രുവരി
6-ാം തിയ്യതി ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതിയുടെയും
ഫത്വാ ബോര്‍ഡിന്റെയും സംയുക്ത യോഗത്തില്‍ ഐക്യകണ്ഠേന എടുത്ത തീരുമാനം”
വിശകലനം:
ഈ ഖണ്ഡികയില്‍ പല കുതന്ത്രങ്ങളുമുണ്ട്:
1- ജിന്നിനോട് സഹായം ചോദിക്കുക എന്നൊരു വിഷയം തന്നെ കെ എന്‍ എം പ്രവര്‍
ത്തകര്‍ക്കിടയില്‍ സജീവമായ ചര്‍ച്ചക്ക് വിധേയമായിട്ടില്ല. 2011ല്‍
ഇലക്ഷനോടനുബന്ധിച്ച് ഒരു കോക്കസ് വലിച്ചിട്ട ഒരു വിഷയം മാത്രമാണിത്.
2- അബ്ദുല്‍ ജബ്ബാര്‍ മൌലവി (തുറക്കല്‍) 2007 ഏപ്രില്‍ ലക്കം
ഇസ്വ്ലാഹില്‍ എഴുതിയ ലേഖനമാണല്ലോ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകാന്‍ കാരണമായി
ഇവര്‍ തന്നെ പറയുന്നത്. എങ്കില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍
എന്തിന് 2011 ഡിസംബര്‍ വരെ (നീണ്ട നാലു വര്‍ഷം) കാത്തിരുന്നു? മാത്രമല്ല, ആ
ലേഖനത്തില്‍ ജിന്നിനെക്കുറിച്ച് മാത്രമാണോ ചര്‍ച്ചയുള്ളത്?
മലക്കിനെക്കുറിച്ചും ചര്‍ച്ചയില്ലേ? അതെന്തേ കാണാതെ പോയി?
3- കെ ജെ യുവിന്റെ പേരിലുള്ള ദൌറയിലാണല്ലോ 2011 അവസാനത്തില്‍ ഈ വിഷയം
ചര്‍ച്ച ചെയ്തത്. അതിന് മുമ്പുള്ള നാലു വര്‍ഷങ്ങളില്‍ (2007-2011)
പലപ്പോഴും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും “”ദൌറ
അതിനുള്ളതല്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയവര്‍ 2011 ല്‍ എന്ത് കൊണ്ട് ഇത്
ചര്‍ച്ചാ വിഷയമാക്കി?
ഉത്തരം വ്യക്തം.കുപ്രചാരണങ്ങളിലൂടെ കെ എന്‍ എം ഇലക്ഷനില്‍ അധികാരം
പിടിച്ചെടുക്കാനും പിന്നീട് അധികാരക്കസേര നിലനിര്‍ത്താനും ഈ വിഷയം ലൈവാക്കി
നിര്‍ത്തല്‍ ആവശ്യമായി വന്നു.
കെ ജെ യു സാധാരണ ദൌറ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പല
തും പാലിക്കാത്തത് കൊണ്ടായിരിക്കാം “ദൌറ എന്ന് പറയാതെ “ചര്‍ച്ച’ എന്ന്
മാത്രം ഫത്വക്കാര്‍ പറഞ്ഞത്. കെ ജെ യുവിന്റെ എല്ലാ മെമ്പര്‍മാര്‍ക്കും
സാധാരണ ദൌറയില്‍ പങ്കെടുക്കാം. കഴിയുന്നത്ര പങ്കെടുക്കണമെന്നാണ് നേതാക്കള്‍
പലപ്പോഴും കെ ജെ യു മെമ്പര്‍മാരോട് പറയാറുള്ളത്. എന്നാല്‍, ഇപ്പറഞ്ഞ ദൌറ
പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. കൂടാതെ,
കെ ജെ യുവിന്റെ ചരിത്രത്തിലാദ്യമായി ദൌറയുണ്ടെന്നറിഞ്ഞ് ചെന്ന മൂന്ന് കെ ജെ
യു മെമ്പര്‍മാരെ ദൌറയില്‍ പങ്കെടുക്കാനനുവദിക്കാതെ നിര്‍ദ്ദാക്ഷിണ്യം
തിരിച്ചയക്കുകയും ചെയ്തു, അതിലൊരാള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കെ ജെ
യുവിനോട് രേഖാ മൂലം ആവശ്യപ്പെട്ട വ്യക്തിയായിട്ടു പോലും. ദൌറയിലെ തീരുമാനം
വോട്ടിനിടുമ്പോള്‍ കോക്കസിനു ഭൂരിപക്ഷം കിട്ടാനായിരുന്നു ഇവരെ
തിരിച്ചയച്ചതെന്ന് വ്യക്തമാണ്.
ഇത്രയും വിവാദമായ ഒരു വിഷയമായിട്ടു പോലും എല്ലാ കെ ജെ യു മെമ്പര്‍മാ
ര്‍ക്കും പങ്കെടുക്കാവുന്ന വൈജ്ഞാനിക ചര്‍ച്ച ഒന്നെങ്കിലും സുതാര്യമായി
സംഘടിപ്പിക്കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കെ ജെ യു
തയ്യാറായിട്ടില്ല എന്നതു തന്നെ ഇവരുടെ വൈജ്ഞാനിക‘ഭീരുത്വവും ഇരട്ടത്താപ്പും
വ്യക്തമാക്കുന്നുണ്ട്. ഫത്വയിലെ ആദ്യ ഖണ്ഡിക വായിക്കുമ്പോള്‍ ഇത്തരം
കാര്യങ്ങള്‍ കൂടി മുജാഹിദ് പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടതുണ്ട്.
ദൌറയുടെ വിഷയത്തിലും അട്ടിമറി
കെ ജെ യു ദൌറയുടെ കണ്‍വീനറായി നിശ്ചയിക്കപ്പെട്ട മുനീര്‍ മദനി ദൌറക്ക്
വിളിച്ചപ്പോള്‍ ഫോണില്‍ പറഞ്ഞത്; “യാ ഇബാദല്ലാ അഈനൂനീ’ എന്ന
ഹദീസിനെക്കുറിച്ച് 26-11-2011 ന് ഒരു ദൌറയുണ്ട്, പങ്കെടുക്കണം
എന്നായിരുന്നു. അന്നത്തെ ചര്‍ച്ച ഏതാണ്ട് ആ വിഷയത്തില്‍ തന്നെ ഒതുങ്ങി
നിന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയായി നടന്ന രണ്ടാമത്തെ ദൌറയില്‍“’യാ
ഇബാദല്ലാ…’’എന്നതു മാറ്റി“ജിന്നിനോടുള്ള സഹായ തേട്ടം’ എന്നാക്കി വിഷയം
അട്ടി മറിച്ചു! എന്തിനായിരുന്നു ഈ അട്ടിമറി?“’യാ ഇബാദല്ലാ…..’ എന്ന ഹദീസ്
ചര്‍ച്ച ചെയ്ത പൌരാണികരും ആധുനികരുമായ പണ്ഡിതന്‍മാരൊന്നും ഹദീസില്‍
വന്ന”’യാ ഇബാദല്ലാ’’(അല്ലാഹുവിന്റെ അടിമകളേ..) എന്ന വിളി പ്രാര്‍ത്ഥനയായി
കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതില്‍ ശിര്‍ക്കുണ്ടെന്നും പറഞ്ഞിട്ടില്ല.
വിജനമായ മരുഭൂമിയില്‍ തന്റെ ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ഹാജറുള്ള
മുസ്ലിം ജിന്നുകളേയോ മലക്കുകളേയോ ആണ് പ്രസ്തുത വിളിയില്‍ ലക്ഷ്യമാക്കുന്നത്
എന്നും പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മുജാഹിദ്
പണ്ഡിതന്‍മാരും പ്രബോധകരും ഇപ്രകാരം തന്നെയാണ് 2012 വരേയും
വിശദീകരിച്ചിരുന്നതും. ‘യാ ഇബാദല്ലാ….’ എന്ന ദുര്‍ബല ഹദീസ് ചര്‍ച്ചയായാല്‍ ഈ
വസ്തുതകളെല്ലാം പുറത്ത് വരും, അതോടെ ശിര്‍ക്കാരോപണത്തിന്റെ മുനയൊടിയുകയും
ചെയ്യും. അതു കൊണ്ടാണ് തന്ത്രപരമായി അടുത്ത ദൌറയില്‍ വിഷയം തന്നെ
മാറ്റിയത്. ചര്‍ച്ച മാത്രമല്ല, ദൌറയുടെ തീരുമാനവും എന്തായിരിക്കണമെന്ന്
നേരത്തെ തന്നെ ഈ ശിര്‍ക്കാരോപകര്‍ തീരുമാനിച്ചു വെച്ചതു കൊണ്ടാണ്
ഇത്തരംകുകുതന്ത്രങ്ങള്‍ പയറ്റേണ്ടി വന്നത്.
കെ ജെ യു യോഗത്തിലെ അട്ടിമറി
വിഷയം തന്ത്രപരമായി അട്ടിമറിച്ചെങ്കിലും രണ്ടാം ദൌറയില്‍
എത്തിച്ചേര്‍ന്ന തീരുമാനം ഇതായിരുന്നു: ജിന്നുകളോട് സഹായം ചോദിക്കുന്നതില്‍
ശിര്‍ക്കാവുന്നതും (ശിര്‍ക്കിലേക്കുള്ള വസീല എന്ന നിലയില്‍) ഹറാം
ആവുന്നതും ഉണ്ട്. രണ്ടാം ദൌറ കഴിഞ്ഞ ശേഷം ദൌറയിലെ തീരുമാനത്തെക്കുറിച്ച്
ഹനീഫ് (കായക്കൊടി) എന്‍ വി സാലിമിന് (അല്‍കോബാര്‍) ഇ-മൈല്‍ അയച്ചതിലുള്ളതും
ഇങ്ങനെ തന്നെയാണ്.
പക്ഷെ, ദൌറയിലെത്തിച്ചേര്‍ന്ന തീരുമാനത്തെക്കുറിച്ച് അന്തിമ
തീരുമാനമെടുക്കാന്‍ ചേര്‍ന്ന കെ ജെ യു ഫത്വാ ബോര്‍ഡിന്റേയും നിര്‍വാഹക
സമിതിയുടേയും സംയുക്ത യോഗത്തില്‍ അബ്ദുറഹ്മാന്‍ സലഫി ഈ തീരുമാനത്തേയും
അട്ടിമറിച്ചു!”ജിന്നുകളോട് സഹായം ചോദിക്കുന്നതില്‍ ശിര്‍ക്കിലേക്കുള്ള
മാര്‍ഗ്ഗം (വസീലതുന്‍ ഇലശ്ശിര്‍ക്ക്) ആകുന്നതും ഉണ്ട് എന്ന് ചില
പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാം ശിര്‍ക്ക് തന്നെയാണ് എന്നാണ്
ദൌറയില്‍ തീരുമാനമായത് എന്ന് അബ്ദുറഹ്മാന്‍ സലഫി പറഞ്ഞപ്പോള്‍ ഞാന്‍
എതിര്‍ത്തു. “അങ്ങനെയല്ലല്ലോ ഹനീഫ് കായക്കൊടിയുടെ മെയിലിലുള്ളത്.
ശിര്‍ക്കാകുന്നതും ഹറാമാകുന്നതും ഉണ്ട് എന്നാണ് തീരുമാനിച്ചത് എന്നാണല്ലോ
എന്‍ വി സാലിംക്കാക്ക് അയച്ച മെയിലുള്ളത്”’’
അപ്പോള്‍ സലഫിയുടെ മറുപടി””നീ അതില്‍ പങ്കെടുത്തിട്ടില്ലല്ലോ? അതു
കൊണ്ട് അതില്‍ പങ്കെടുത്ത ഞാനാണ് അത് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. (നീ
സംസാരിക്കേണ്ട) ഹനീഫ അവന്റെ നിഗമനം എഴുതിയതാണ്.” എന്നായിരുന്നു. പിന്നെ
ആരും എതിര്‍ത്തില്ല. ദൌറയില്‍ പങ്കെടുത്ത എം എം മദനിയും അഹ്മദലി മദനിയും
സത്യം അറിയാമായിരുന്നിട്ടും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി സലഫിയെ
അനുകൂലിച്ച് കൊണ്ട് മിണ്ടാതിരുന്നു. അങ്ങനെ ദൌറയില്‍ എടുത്ത തീരുമാനത്തെ
സലഫി വിദഗ്ദമായി അട്ടിമറിച്ചു. പിന്നീട് താന്‍ നേരത്തെ തയ്യാറാക്കിക്കൊണ്ടു
വന്ന തീരുമാനം സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ ഒഴികെ മറ്റാരും
എതിര്‍ക്കാനില്ലാത്തതിനാല്‍ അതാണ് ആ യോഗത്തിലെ തീരുമാനമായി വന്നത്.
ഇനി പ്രസ്തുത തീരുമാനത്തിലെ വാചകങ്ങള്‍ ഓരോന്നും നമുക്ക് വിശകലനം ചെയ്യാം.
1- ”ജിന്നിനോട് പ്രാര്‍ത്ഥിക്കുന്നതും രക്ഷ തേടുന്നതും സഹായം തേടുന്നതും
ശിര്‍ക്കും ഹറാമുമാണെന്ന് ക്വുര്‍ആനും തിരുസുന്നത്തും
വ്യക്തമാക്കിയിട്ടുണ്ട്’’
വിശകലനം: ഏത് സൃഷ്ടിയോടും-അത് ജിന്നാകട്ടെ മലക്കാവട്ടെ-
പ്രാര്‍ത്ഥിക്കുന്നതും പ്രാര്‍ത്ഥനയുടെ അര്‍ത്ഥത്തിലുള്ള സഹായാര്‍ത്ഥന
നടത്തുന്നതും ശിര്‍ക്കാണെന്ന കാര്യത്തില്‍ മുവഹിദുകള്‍ക്ക് തര്‍ക്കമില്ല.
(അത് ഫത്വക്കാര്‍ പ്രത്യേകം പറയേണ്ടതില്ല). അല്ലാഹു അല്ലാത്തവരോട്
പ്രാര്‍ത്ഥിക്കരുതെന്നും അത് ശിര്‍ക്കാണെന്നും സൂചിപ്പിക്കുന്ന മുഴുവന്‍
ക്വുര്‍ആന്‍ വചനങ്ങളും അതാണ് പഠിപ്പിക്കുന്നത്.
ഇനി ഫത്വയിലെ അടുത്ത വാചകം നോക്കൂ
2-”മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും അഭൌതികവുമായ ജിന്നിനോട്
അവയുടെ കഴിവില്‍പ്പെട്ടതോ അല്ലാത്തതോ ആയ സഹായം ചോദിക്കുന്നതും ശിര്‍ക്കും
ഹറാമുമാണ്.
വിശകലനം: ഒരു നിലക്ക് വ്യാഖ്യാനിച്ചാല്‍ ഈ വാചകത്തില്‍ അബദ്ധമില്ല.
അതായത്,”മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും അഭൌതികവുമായ ജിന്നിനോട്
എന്ന് പറഞ്ഞാല്‍ ഗാഇബായ (ശബ്ദം കേള്‍ക്കുന്ന പരിധിയില്‍ ഹാജറില്ലാത്ത)
ജിന്നിനോട് എന്ത് ചോദിച്ചാലും അത് ശിര്‍ക്കാണ്. കാരണം, എവിടെ നിന്ന്
വിളിച്ചാലും ആ വിളി സ്ഥല-ശബ്ദ വ്യത്യാസമന്യേ കേള്‍ക്കാനും അഭൌതികമായ
മാര്‍ഗ്ഗത്തില്‍(കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തില്‍)
സഹായിക്കാനും ആ ജിന്നിന് കഴിയുമെന്ന വിശ്വാസത്തിലാണല്ലോ വിളിക്കുന്നത്.
അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യം ഇവിടെ ജിന്നിന് വക വെച്ച്
കൊടുക്കുന്നുണ്ട്. അതിനാല്‍ അത് ശിര്‍ക്ക് തന്നെയാണ്.
എന്നാല്‍ അബ്ദുറഹ്മാന്‍ സലഫിയുടെ ഉദ്ദേശ്യം ഇതല്ല. മറിച്ച്
ജിന്നുകളെല്ലാം അഭൌതികം (ഗാഇബ്) ആണ്. “ഹാദ്വിര്‍(ഹാജറുള്ള) ജിന്ന്
എന്നൊന്നില്ല. ഇനി ഉണ്ടെങ്കിലും അത് ഗാഇബിന്റെ (ഹാജറില്ലാത്തതിന്റെ)
സ്ഥാനത്താണ്. അതിനാല്‍ ജിന്നിനോട് എന്ത് ചോദിച്ചാലും-അതിന്റെ
കഴിവില്‍പ്പെട്ടതായാലും അല്ലെങ്കിലും-ശിര്‍ക്ക് തന്നെ യാണ്. ഇതാണ് ഫത്വയിലെ
‘ഭാഷ്യത്തിന്റെ ചുരുക്കം.
“”അഭൌതികമായ ജിന്ന് എന്നതിന്റെ ഉദ്ദേശ്യമെന്ത്?
ജിന്നുകളും മലക്കുകളുമൊക്കെ അഭൌതികമാണ് എന്നതിന്റെ ഉദ്ദേശ്യമെന്താണ്?
അത് ഫത്വക്കാര്‍ ഇതുവരേയും വ്യക്തമായി വിശദീകരിച്ചിട്ടില്ല. ജിന്നുകളും
അവയുടെ അവസ്ഥകളും“ഗൈബിയാണ് എന്ന് പ്രസ്താവിക്കുന്ന സഊദിയിലെ ചില ഫത്വാ
ശകലങ്ങളാണ് “അഭൌതികത്തിന് തെളിവായി പല പ്രസംഗ വേദികളിലും ഇവര്‍
വായിക്കുന്നത്. ഗൈബിയ്യ്/ഗാഇബ്’എന്ന അറബി വാക്കുകള്‍ക്ക് അഭൌതികം’എന്ന്
മലയാളത്തില്‍ അര്‍ത്ഥം പറഞ്ഞത് കൊണ്ട്“അഭൌതികം എന്നതിന്റെ ഉദ്ദേശ്യം
വ്യക്തമാവുന്നില്ല!
ജിന്നും മലക്കുമൊക്കെ“ഗൈബിയ്യായ സൃഷ്ടികളാണെന്ന് പറയുമ്പോള്‍ പൊതുവെ
നാം ഉദ്ദേശിക്കാറുള്ളത് അവരെക്കുറിച്ചുള്ള അറിവ് ഗൈബി(മറഞ്ഞത്) ആണ്
എന്നാണ്. അതായത്, അല്ലാഹുവോ റസൂല്‍(സ്വ)യോ പറഞ്ഞ് തന്നതല്ലാതെ
അവരെക്കുറിച്ച് മനസ്സിലാക്കാന്‍ മനുഷ്യന് കഴിയില്ല എന്നര്‍ത്ഥം. അതായത്,
മനുഷ്യന്റെ അന്വേഷണത്തിനും അറിവിനും അപ്പുറത്തുള്ള സൃഷ്ടികളാണവര്‍.
അതിനാല്‍ വഹ്യിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മനുഷ്യര്‍ക്ക് അവരെക്കുറിച്ചും
അവയുടെ അവസ്ഥകളെക്കുറിച്ചും അറിയാന്‍ സാധിക്കുകയുള്ളൂ. ഈ അര്‍ത്ഥത്തിലാണ്
അഭൌതികം എന്ന് പറഞ്ഞതെങ്കില്‍ അതില്‍ അപാകതയില്ല. അത് പോലെ മനുഷ്യന്റെ
ദൃഷ്ടിയില്‍ നിന്നും മറഞ്ഞ് നില്‍ക്കുന്ന അഥവാ മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍
കൊണ്ട് കാണാന്‍ കഴിയാത്ത എന്ന അര്‍ത്ഥത്തിലും“’ഗാഇബ്’ എന്ന് പറയാറുണ്ട്.
ഫത്വക്കാര്‍ ഉദ്ദേശിച്ചത് ഈ അര്‍ത്ഥമാണെങ്കിലും കുഴപ്പമില്ല.
എന്നാല്‍, “കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ’ എന്ന അര്‍ത്ഥത്തിലും
അഭൌതികം എന്ന വാക്ക് മുന്‍കാല മുജാഹിദ് നേതാക്കള്‍ ഉപയോഗിച്ചു
പോന്നിട്ടുണ്ട്. പ്രാര്‍ത്ഥന യും“ഇബാദത്തും വിശദീകരിക്കുമ്പോഴാണ് ആ പ്രയോഗം
കടന്ന് വരാറുള്ളത്. ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം:
കുഞ്ഞീതു മദനി എഴുതിയത് നോക്കൂ:
1-“ഇബാദത്ത് എന്നത് വിപുലാര്‍ത്ഥമുള്ള ഒരു സാങ്കേതിക പദമാണ്. അഭൌതികമായ
മാര്‍ഗ്ഗത്തില്‍ അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും
വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമാണ് ഇബാദത്തിന്റെ
ഉറവിടം….”’ (ഇസ്ലാമിന്റെ ജീവന്‍. പുറം:12 കെ എന്‍ എം പ്രസിദ്ധീകരണം)
അഭൌതികമായ എന്നതിന് കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ എന്നാണ് കുഞ്ഞീതു
മദനി ഇവിടെ വിശദീകരണം നല്‍കുന്നത്. പ്രാര്‍ത്ഥന എന്താണെന്ന് വിശദീകരിച്ച്
കൊണ്ട് കെ എന്‍ എം ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ക്വാദിര്‍ മൌലവി
എഴുതിയത് നോക്കൂ. “ദുആ എന്നാല്‍-വിളി, ക്ഷണം, പ്രാര്‍ത്ഥന തുടങ്ങിയ പല
അര്‍ത്ഥങ്ങള്‍ ഇതിനുണ്ട്….. അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഒരു
നന്‍മ ലഭിക്കുന്നതിന് വേണ്ടിയോ ഒരു തിന്‍മ തടയുന്നതിന് വേണ്ടിയോ ഉള്ള
മനസ്സിന്റെ തേട്ടമാണത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ഉപകാര ലബ്ധിക്കോ ദുരിത
മോചനത്തിനോ വേണ്ടി കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ നിലക്കുള്ള
കഴിവുണ്ടെന്ന് താന്‍ വിശ്വസിക്കുന്നവരോട് തദടി സ്ഥാനത്തില്‍ സഹായിക്കാനായി
ഒരാള്‍ നടത്തുന്ന അപേക്ഷയാണത്.”” (ദൈവ വിശ്വാസം ക്വുര്‍ആനില്‍. പുറം:30)
ഇനി, പ്രാര്‍ത്ഥനയെ വിശദീകരിച്ച് കൊണ്ട് കുഞ്ഞീതു മദനി എഴുതിയത്
ഇപ്രകാരം വായിക്കാം: “അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഒരു ഗുണലബ്ധിയോ ദുരിത
മോചനമോ നേടാനുള്ള അര്‍ത്ഥന മാത്രമേ പ്രാര്‍ത്ഥനയാവുകയുള്ളൂ. കാര്യകാരണ
ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കാനുള്ള അര്‍ത്ഥനയൊന്നും
പ്രാര്‍ത്ഥനയല്ല.” (ഇസ്ലാമിന്റെ ജീവന്‍. പുറം: 13)
അപ്പോള്‍, അഭൌതികം’എന്നതിന് കാര്യകാരണ ബന്ധങ്ങള്‍ക്കതീതം’ എന്ന ആശയം
നാം പണ്ട് മുതലേ പഠിപ്പിച്ച് പോന്നിട്ടുണ്ട്. ജിന്നുകളും മലക്കുകളും
അഭൌതികമാണെന്ന് പറയുമ്പോള്‍ ഈ അര്‍ത്ഥമാണ് ഫത്വക്കാര്‍
ഉദ്ദേശിക്കുന്നതെങ്കില്‍ അത് നാളിതു വരെ നാം പഠിപ്പിക്കാത്ത അപകടകരമായ
പുത്തന്‍ വാദമാണ്! എന്തെന്നാല്‍ ജിന്നുകളും മലക്കുകളും കാര്യകാരണ
ബന്ധങ്ങള്‍ക്കതീതമായി സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും! അവയുടെ
കഴിവുകള്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമാണ് എന്നൊക്കെയായിരിക്കും ഈ
അര്‍ത്ഥകല്‍പനയിലൂടെ വന്ന് ചേരുക. വാസ്തവ ത്തില്‍ അഭൌതികമായ കഴിവ് അഥവാ
കാര്യകാരണ ബന്ധങ്ങള്‍ക്കുപരിയായ കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്നാണ്
ഇത്രയും കാലം നാം പഠിപ്പിച്ച് പോന്നിട്ടുള്ളത്. അത്തരം കഴിവുകള്‍
ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ ഉണ്ടെന്ന്
വിശ്വസിച്ചാല്‍ അത് ശിര്‍ക്കന്‍ വിശ്വാസമായി. ഈ ഒരപകടമുള്ളത് കൊ
ണ്ടാണ്“അഭൌതികമായ ജിന്ന്’ എന്ന ഫത്വക്കാരുടെ പ്രയോഗത്തെ പലരും ശക്തിയായി
എതിര്‍ക്കുന്നത്.
കുഞ്ഞീതു മദനി എഴുതുന്നു: “”എന്നാല്‍ അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഗുണവും
ദോഷവും വരുത്താന്‍ ഉള്ള കഴിവ് ലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമേ ഉള്ളൂ.
അവന്റെ പടപ്പുകളില്‍ ഒരാള്‍ക്കും ആ കഴിവില്ല.” (ഇസ്ലാമിന്റെ ജീവന്‍.
പുറം:12)
സംഘടനാ പിളര്‍പ്പിന് മുമ്പ് (2001ല്‍) യുവത
പ്രസിദ്ധീകരിച്ച“’പ്രാര്‍ത്ഥ, തൌഹീദ്-ചോദ്യങ്ങള്‍ക്ക് മറുപടി’’ എന്ന
ഗ്രന്ഥത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എഴുതിയത്
നോക്കൂ.””ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന്ന്
അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക
കാഴ്ച്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍
ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത
കഴിവാണ്.” (പുറം: 78) (ശബാബില്‍ വന്ന ചോദ്യോത്തരങ്ങളാണ് ഈ പുസ്തകത്തിന്റെ
ഉള്ളടക്കം). കെ പി മുഹമ്മദ് മൌലവി ജീവിച്ചിരിക്കുന്ന കാലത്താണ് ഈ
ചോദ്യോത്തരം ശബാബില്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.
ക്വുബൂരികള്‍, മരിച്ചു പോയ അമ്പിയാ-ഔലിയാക്കള്‍ക്കെല്ലാം കാര്യകാരണ
ബന്ധങ്ങള്‍ക്കതീതമായ കഴിവുണ്ടെന്ന് അഥവാ അഭൌതികമായ കഴിവുണ്ടെന്ന്
വാദിച്ചപ്പോള്‍ നാം മറുപടി കൊടുത്തതും ഈ നിലപാടില്‍ ഉറച്ച് നിന്ന്
കൊണ്ടായിരുന്നു. അഥവാ അല്ലാഹു അല്ലാത്ത ആര്‍ക്കും അഭൌതികമായ യാതൊരു കഴിവും
ഇല്ല എന്നായിരുന്നു നാം നല്‍കിയ മറുപടിയുടെ ചുരുക്കം. അഭൌതികമായ കഴിവ്
എന്നത് അല്ലാഹുവിന് മാത്രമുള്ള കഴിവാണെന്ന് ക്വുബൂരികള്‍ക്ക് നാം
വിശദീകരിച്ച് കൊടുത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിചിന്തനത്തില്‍ ഇക്കാര്യം വിശദീകരിച്ച് കൊണ്ട്
എഴുതി: “ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്
കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥക്ക് അതീതമായ കഴിവുകള്‍
അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും
കഴിവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമുക്ക് പിടി
കിട്ടുന്നില്ലെങ്കിലും അതെല്ലാം അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ
അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അതിനെക്കുറിച്ച് അഭൌതികമെന്നോ കാര്യകാരണ
ബന്ധങ്ങള്‍ക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല. (ഇസ്ലാഹ്
2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്.”
(വിചിന്തനം. 2007. ഫെബ്രുവരി. 16. പേജ്. 10)
“”മലക്കുകള്‍ക്കും ജിന്നുകള്‍ക്കും അഭൌതിക കഴിവുണ്ടെന്ന് അംഗീകരിക്കുന്ന
മുജാ ഹിദുകള്‍ക്ക് മഹാത്മാക്കളുടെ അഭൌതിക കഴിവ് മാത്രം അംഗീകരിക്കാന്‍
എന്താണ് പ്രയാസം എന്നായിരുന്നു ക്വുബൂരികള്‍ ഇടക്കാലത്ത് നമ്മോട് ചോദിച്ച്
കൊണ്ടിരുന്നത്. അതിന് മറുപടിയായി ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ
മഹാത്മാക്കള്‍ക്കോ ആര്‍ക്കും യാതൊരു അഭൌതിക കഴിവുമില്ലെന്നും അഭൌതികമായ
കഴിവ് അല്ലാഹുവിന് മാത്രമാണുള്ളതെന്നും നാം ആവര്‍ത്തിച്ച് വ്യക്തമാക്കി.
നമ്മുടെ ഈ നിലപാടില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനമാണ്“അഭൌതികമായ
ജിന്നുകള്‍’ എന്ന ഫത്വക്കാരുടെ പ്രയോഗം. മാത്രമല്ല ഒരു തരം ശിര്‍ക്കന്‍
വാദത്തിലേക്കാണ് ഈ പദപ്രയോഗം കൊണ്ടെത്തിക്കുന്നത്. അതായത്, ജിന്നുകള്‍
“അഭൌതികമാണെന്ന് പറയുമ്പോള്‍ അവയുടെ കഴിവുകളും“അഭൌതികമാണെന്ന്
സമ്മതിക്കേണ്ടി വരുന്നു. അഥവാ കാര്യകാരണ ബ ന്ധങ്ങള്‍ക്കതീതമായ കഴിവ്
(അല്ലാഹുവിന് മാത്രമുള്ള കഴിവ്) ജിന്നുകള്‍ക്കുണ്ടെന്ന് വരുന്നു.
മുവഹ്ഹിദുകളില്‍ ശിര്‍ക്കാരോപിക്കാന്‍ തട്ടിക്കൂട്ടിയ ഈ ഫത്വ മൂലം സ്വയം
തന്നെ ശിര്‍ക്കന്‍ വിശ്വാസത്തിലെത്തുന്ന അവസ്ഥയാണ് വന്നതെന്ന് ചുരുക്കം.
മുന്‍വിധിയോടെ വിഷയങ്ങളെ സമീപിച്ച ഫത്വക്കാര്‍ നാമിത് വരെ പഠിപ്പിച്ച
തൌഹീദില്‍ പുതിയ ആശയക്കുഴപ്പങ്ങള്‍ വലിച്ചിടുകയാണ് വാസ്തവത്തില്‍
ചെയ്തിട്ടുള്ളത്. ശിര്‍ക്കല്ലാത്ത കാര്യങ്ങള്‍ ശിര്‍ക്കാണെന്ന്
സ്ഥാപിക്കാനുള്ള ഈ പുത്തന്‍ വ്യാഖ്യാനം ആദര്‍ശ ബോധമുള്ള മുജാഹിദുകള്‍
സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ല.
ചുരുക്കത്തില്‍, ജിന്നും മലക്കും അഭൌതികമാണെന്ന് 2012 നു മുമ്പ് നാം
പറയുമ്പോള്‍ നാമുദ്ദേശിച്ചത് “അവരെക്കുറിച്ചുള്ള അറിവ് അഭൌതികമാണ്
എന്നതായിരുന്നു. അല്ലെങ്കില്‍ അവര്‍ നമുക്ക് കാണാന്‍ കഴിയാത്ത അദൃശ്യ
ജീവികളാണ് എന്നത് മാത്രമായിരുന്നു. അതിനപ്പുറമുള്ളതും നമ്മുടെ മുന്‍കാല
നേതാക്കള്‍ പഠിപ്പിക്കാത്തതുമായ പുതിയ വ്യാഖ്യാനങ്ങള്‍ നാം തള്ളിക്കളയുക
തന്നെ വേണം.
ശിര്‍ക്കും ഹറാമുമാണെന്നതിന്റെ താല്‍പര്യമെന്ത്?
ശിര്‍ക്കിന്റെ വിധി (ഹുക്മ്) ഹറാമാണൈന്നറിയാത്ത ആരും മുജാഹിദുകളില്‍
ഇല്ലെന്നിരിക്കെ “ശിര്‍ക്കും ഹറാമുമാണ്’ എന്ന് ഈ ഫത്വയില്‍ ഉപയോഗിച്ചതിന്റെ
പിന്നില്‍ ചില ദുരുദ്ദേശങ്ങള്‍ അബ്ദുറഹ്മാന്‍ സലഫിക്കുണ്ട്. അതായത്,
ജിന്നുകളോട് സഹായം ചോദിക്കുന്ന വിഷയത്തില്‍ അറബികളായ ഭൂരിഭാഗം സലഫി
പണ്ഡിതന്‍മാരുടേയും പ്രമാണബദ്ധമായ നിലപാട് അതില്‍ ശിര്‍ക്കാവുന്നതും
ഹറാമാവുന്നതും ഉണ്ട് എന്നതത്രെ! (ജാഇസാണെന്ന് പറയാവുന്നതും ഉണ്ട് എന്ന
അഭിപ്രായമുള്ള ഒരു ചെറിയ ന്യൂനപക്ഷവുമുണ്ട്.) അതേ സമയം എല്ലാതരം സഹായ
തേട്ടവും ശിര്‍ക്കാവും എന്ന് പറയുന്ന സലഫിപണ്ഡിതര്‍ ആരും തന്നെ ഇല്ല താനും.
അതു കൊണ്ട്, അറബികള്‍ക്ക് ഫത്വ പരിഭാഷപ്പെടുത്തി നല്‍കേണ്ടി വരുമ്പോള്‍
അറബ് സലഫികളുടെ ഭൂരിപക്ഷ നിലപാട് തന്നെയാണ് തങ്ങളുടേതും എന്ന്
വരികള്‍ക്കിടയിലൂടെ തെറ്റിദ്ധരി പ്പിക്കാനായിരിക്കണം “ശിര്‍ക്കും
ഹറാമുമാണ്’ എന്ന തന്ത്രവാചകം കണ്ടെത്തിയത്! വേണമെങ്കില്‍ ………………….. അതില്‍
ശിര്‍ക്കാവുന്നതും ഹറാമാവുന്നതും ഉണ്ട്’ എന്ന് അറബിയില്‍ അല്‍പം
കോട്ടിമാട്ടി എഴുതാന്‍ സൌകര്യവുമാണല്ലോ. ഇതായിരിക്കണം കോക്കസ് നേതാവിന്റെ
ഉള്ളിലിരുപ്പ്.
എല്ലാതരം സഹായതേട്ടവും ശിര്‍ക്കും ഹറാമുമാണെന്ന് പറഞ്ഞ ശേഷം എഴുതിയ
അടുത്ത വാചകം ശ്രദ്ധിക്കൂ.””അതു കൊണ്ട് തന്നെ നബി(സ്വ) യോ സ്വഹാബികളോ
അവര്‍ക്ക് പല പ്രതിസന്ധികളുണ്ടായിട്ടും എല്ലാ കഴിവുകളും ഉപയോഗിക്കേണ്ട
ഘട്ടങ്ങളുണ്ടായിരുന്നിട്ടും ജിന്നുകളോട് ഒരിക്കല്‍ പോലും സഹായം
ചോദിച്ചിട്ടില്ല.” നോക്കൂ! ഇവിടെ ശിര്‍ക്കും ഹറാമുമാണ് എന്ന് പറഞ്ഞ ഉടനെ
“അത് കൊണ്ട് തന്നെ എന്ന് പ്രയോഗിച്ചാല്‍ അതിന്റെ അര്‍ത്ഥം ശിര്‍ക്കും
ഹറാമുമായത്’ കൊണ്ട് തന്നെ എന്നാണ്. അതായത് നബി(സ്വ)യും സ്വഹാബികളും
ജിന്നുകളോട് യാതൊരു സഹായവും ചോദിക്കാതിരുന്നത് അത് ശിര്‍ക്കായത്
കൊണ്ടായിരുന്നുന്നുഎന്ന് ചുരുക്കം. ഇത് തെറ്റായ ഒരു നിഗമനം മാത്രമാണ്.
വാസ്തവത്തില്‍ നബി(സ്വ) യോ സ്വഹാബത്തോ അപ്രകാരം ശിര്‍ക്കായത് കൊണ്ടാണ്
ഞങ്ങള്‍ ചോദിക്കാതിരിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല നബി(സ്വ)യോ
സ്വഹാബത്തോ ഒരു കാര്യം (ദീനിലെ വിശ്വാസ-കര്‍മങ്ങളുമായി ബന്ധപ്പെട്ട കാര്യം)
ചെയ്യാതെ വിട്ടു കളഞ്ഞാല്‍ അത് ബിദ്അത്താണെന്നും നമുക്ക് മാതൃകയില്ലെന്നും
മൊത്തത്തില്‍ പറയാവുന്നതാണ്. എന്നാല്‍ അത് ശിര്‍ക്കായത് കൊണ്ടാണ്
ചെയ്യാതിരുന്നത് എന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണം.
എന്നാല്‍ യാതൊരു തെളിവും ഉദ്ധരിക്കാതെ ‘അത് കൊണ്ട് തന്നെ’ എന്ന വാചകം
നല്‍കി തെറ്റിദ്ധരിപ്പിക്കുകയാണ് ഫത്വക്കാര്‍ ചെയ്തിട്ടുള്ളത്.
ഇനി അടുത്ത ഖണ്ഡിക ശ്രദ്ധിക്കുക: ””ത്വബ്റാനി, ഇബ്നുസ്സുന്നി, അബൂയഅ്ല
മുതലായ പണ്ഡിതന്‍മാര്‍ ഉദ്ധരിച്ച യ്ക്ക’യാ ഇബാദല്ലാഹി അഈനൂനീ’ എന്ന ഹദീസ്
ദുര്‍ബലവും അസ്വീകാര്യവുമാണ്. അതു കൊണ്ട് ദുര്‍ബലമായ ഈ ഹദീസിലെ ‘ഇബാദല്ല’
(അല്ലാഹുവിന്റെ അടിമകള്‍) എന്നത് കൊണ്ട് ഉദ്ദേ ശിക്കുന്നത് അദൃശ്യമായ
മഹാന്‍മാരാണെന്നോ മലക്കുകളാണെന്നോ മറ്റാരെങ്കിലുമാണെന്നതോ പ്രസക്തമല്ല.
വിശകലനം:- അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടാന്‍ ക്വുബൂരികള്‍
ലോകമൊട്ടുക്കും തെളിവായി ഉദ്ധരിക്കാറുള്ള ഒരു ഹദീസാണ് മേല്‍
പരാമര്‍ശിച്ചത്. അതായത് വിജനമായ മരുഭൂമിയില്‍ വഴിയറിയാതെ ഒറ്റപ്പെടുകയോ
വാഹനമൃഗം കുതറിപ്പോവുകയോ ചെയ്താല്‍ “അല്ലാഹുവിന്റെ അടിമകളേ’ എന്നെ
സഹായിക്കണേ/എന്റെ വാഹന മൃഗത്തെ പിടിച്ചു വെക്കണേ എന്നിങ്ങനെ വിളിച്ചു
പറയാന്‍ നിര്‍ദേശിക്കുന്ന ഹദീസ്.
ഈ ഹദീസ് തെളിവിന് കൊള്ളാത്തതും അസ്വീകാര്യവുമാണെന്നതിനാല്‍ ആ
ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഹറാമാണ് (നിഷിദ്ധം) എന്നതില്‍
മുജാഹിദുകള്‍ ഏകാഭിപ്രായക്കാരാണ്. ആ നിലക്ക് ഹദീസില്‍ പറഞ്ഞ ഇബാദല്ലാ
(അല്ലാഹുവിന്റെ അടിമകള്‍) ആരാണെന്നത് പ്രസക്തമല്ലെന്ന് വേണമെങ്കില്‍ പറയാം.
എന്നാല്‍, ഈ ഹദീസ് സ്വഹീഹാണെന്ന് മനസ്സിലാക്കുകയും അതനുസരിച്ച്
പ്രവര്‍ത്തിക്കുകയും ചെയ്ത ഇമാം അഹ്മദുബ്നു ഹമ്പല്‍(റഹി)യെപ്പോലെയുള്ള
മുന്‍കാല ഇമാമുകളുണ്ട്. അഹ്ലുസ്സുന്നയുടെ ഇമാമായി ചരിത്രം വാഴ്ത്തുന്ന ഇമാം
അഹ്മദുബ്നു ഹമ്പല്‍(റഹി) ഹജ്ജിനുള്ള യാത്രക്കിടയില്‍ വഴി
തെറ്റിയപ്പോള്‍“’യാ ഇബാദല്ലാ ദുല്ലൂനീ അലത്ത്വരീക്വ് (അല്ലാഹുവിന്റെ
അടിമകളേ.. എനിക്ക് വഴി അറിയിച്ച് തരണേ…)’ എന്നിങ്ങനെ പറഞ്ഞു
കൊണ്ടേയിരുന്നു. അങ്ങനെ അദ്ദേഹം വഴിയില്‍ എത്തിച്ചേര്‍ന്നു എന്ന് തന്റെ
മകന്‍ അബ്ദുല്ല അദ്ദേഹത്തിന്റെ “മസാഇലില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം
ബൈഹഖി(റഹി) (മരണം ഹിജ്റ:458) തന്റെ “അല്‍ആദാബ്’ എന്ന ഗ്രന്ഥത്തില്‍ ഈ
ഹദീസുദ്ധരിക്കുകയും പണ്ഡിതന്‍മാരില്‍ പെട്ട സ്വാലിഹീങ്ങളുടെ അടുക്കല്‍
ശരിയായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ “അമല്‍(കര്‍മം) ചെയ്യപ്പെടുന്ന
ഹദീസാണിതെന്ന് പറയുകയും ചെയ്തിട്ടുണ്ട്. അത് പോലെ ഇമാം ത്വബറാനി(റഹി) തന്റെ
അല്‍ മുഅ്ജമുല്‍ കബീറിലും ഇമാം നവവി(റഹി) തന്റെ അല്‍ അദ്കാറിലും ഈ
ഹദീസുദ്ധരിക്കുകയും ഇത് അനുഭവത്തിലൂടെ പരീക്ഷിച്ചറിഞ്ഞതാണെന്ന്
രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റഹി) തന്റെ
ദിക്ര്‍ ദുആകള്‍ സമാഹരിച്ച ‘അല്‍ കലിമുത്ത്വയ്യിബു’ (വിശിഷ്ട വാക്യങ്ങള്‍)
എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇബ്നുല്‍ ഖയ്യിം(റഹി) തന്റെ
‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിലും ഇമാം ശൌകാനി(റഹി) തന്റെ
‘തുഹ്ഫതുദ്ദാകിരീന്‍’ എന്ന ഗ്രന്ഥത്തിലും ഇത് പോലെ മറ്റു പലരും ഈ ഹദീസ്
ദിക്ര്‍ ദുആകളുടെ കൂട്ടത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
അപ്പോള്‍, മുന്‍ഗാമികളായ മുഹദ്ദിസുകളും തൌഹീദീ പ്രസ്ഥാനത്തിന്റെ
അനിഷേധ്യ നേതാക്കളും“അമല്‍ ചെയ്യുകയും സ്വഹീഹായിക്കണ്ട്“അമല്‍ ചെയ്യാന്‍
നിര്‍ദേശിക്കുകയും ചെയ്ത ഒരു ഹദീസാണിത്. അവരെ സംബന്ധിച്ചിടത്തോളം
അല്ലാഹുവിന്റെ അടിമകളേ….എന്ന വിളി കൊണ്ട് ഉദ്ദേശിച്ചത് ആരാണെന്നത് വളരെ
പ്രസക്തമാണല്ലോ? ആ വിളി കൊണ്ട് ഉദ്ദേശിക്കുന്നത് മരിച്ച
മഹാന്‍മാരാണെന്നും“രിജാലുല്‍ ഗൈബ് ആണെന്നുമൊക്കെ ഇസ്തിഗാസാവാദികളായ
സൂഫികളും ക്വുബൂരികളും ശിയാക്കളും വ്യാഖ്യാനിക്കുമ്പോള്‍ വിശേഷിച്ചും.
അതിനാല്‍ ‘ഇബാദല്ലാ’ കൊണ്ടുള്ള ഉദ്ദേശ്യം ആരാണെന്നത് പ്രസക്തമല്ല എന്ന
ഫത്വക്കാരുടെ വാദം ദുരുദ്ദേശപരവും ക്വുബൂരികളെ സഹായിക്കലുമാണ് ‘ഇബാദല്ലാ’
കൊണ്ടുദ്ദേശ്യം ആരുമാകട്ടെ എന്ന നിലപാട് ക്വുബൂരികള്‍ക്ക് ഏണി വെച്ച്
കൊടുക്കലാണ്. അതുപോലെ തന്നെ, ആ വിളിയില്‍ പ്രാര്‍ത്ഥന (ദുആ) ഇല്ലെന്നും
അവിടെ ഹാജറുള്ളവരോട് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന
സഹായാര്‍ത്ഥന മാത്രമാണതെന്നും ക്വുബൂരികളെ ഖണ്ഡിച്ച് കൊണ്ട് പൂര്‍വ്വികരും
ആധുനികരുമായ സലഫി പണ്ഡിതന്‍മാരൊക്കെയും രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസിന്റെ
വിവിധ രിവായ ത്തുകളില്‍ ആ അടിമകള്‍ (ഇബാദല്ലു) ആരാണെന്ന് സൂചിപ്പിക്കുന്ന
പദപ്രയോഗങ്ങളുമുണ്ട്. (തുടരും)
ഇസ്ലാഹ് മാസിക December 2012
No comments:
Post a Comment