Saturday, March 29, 2014

സുല്ലമിയും സുല്ലമിയത്തും അഥവാ ജഹാലത്തും

സുല്ലമിയും സുല്ലമിയത്തും അഥവാ ജഹാലത്തും 
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=

''ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല''. (സൂറത്ത് നിസാ:65).

    2014 ജനുവരി 21 നു ഇറങ്ങിയ ശബാബിലെ നന്തി സംവാദവുമായി ബന്ധ പ്പെട്ട നന്തിയില്‍ നടന്നതെന്ത് എന്ന ലേഖനമാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരകം. ഖുര്‍ആനും സുന്നത്തും ആദര്‍ശമായി പ്രഖ്യാപിച്ച മുജാഹിദ് പ്രസ്ഥാനത്തിലെ കഴിഞ്ഞ കാലങ്ങളില്‍ ചില വ്യെക്തികളും ഗ്രൂപ്പുകളും സ്വയം പിരിഞ്ഞു പോയി വേറെ കക്ഷികളും സംഘങ്ങളും ആയിട്ടുണ്ട്‌. അതിന്‍റെ എല്ലാത്തിന്‍റെയും കാരണം പിരിഞ്ഞു പോയവര്‍ക്ക് അഹല് സ്സുന്നയുടെ ആദര്‍ശം എന്താണ് എന്ന് തിരിച്ചറിയുന്നതില്‍ പറ്റിയ പിഴാവാണ്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസും ആണെന്നും അത് വ്യാഖ്യാനിക്കെണ്ടതും സ്വീകരിക്കേണ്ടതും, ദീനില്‍ ഒരു കാര്യം ആചാരമായി സ്വീകരിക്കേണ്ടതും സച്ചരിതരായ മുന്‍ഗാമികളുടെ, അഥവാ സ്വഹാബത്തിന്‍റെയും ഉത്തമ തലമുറ എന്ന് വിശേഷിപ്പിക്കപ്പെട്ട വരുടെയും ഫഹ്മു അനുസരിച്ചാവണം എന്നതാണ് അഹല് സ്സുന്നയുടെ നിലപാട്. അത് കൊണ്ട് തന്നെ കേരളത്തിലെയും ഈ തൌഹീദി പ്രസ്ഥാനത്തിന്‍റെ ആദര്‍ശവും മറ്റൊന്നായിരുന്നില്ല. അത് കൊണ്ട് തന്നെ, ഇതിന്‍റെ തുടക്കം മുതല്‍ ആദര്‍ശമായി പ്രഖ്യാപിക്കപ്പെട്ട ഖുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ ചര്യ അനുസരിച്ച് മനസ്സിലാക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും എന്ന വേലിക്കകത്ത് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട പലരും പലപ്പോഴായി കുതറി പുറത്തു പോയിട്ടുണ്ട്. അതിനു തുടക്കം കുറിക്കപ്പെട്ടത് കേരളത്തില്‍ സുന്നികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സമസ്ത മതക്കാര്‍ ആയിരുന്നു. ശേഷം, ഇസ്ലാമിന് രാഷ്ട്രീയ മാനം നല്‍കി, ഇബാദത്ത് ഇത്വാഅത്ത് എന്നീ പദങ്ങള്‍ക്ക് മുന്‍ഗാമികള്‍ക്ക് പരിചയമില്ലാത്ത അര്‍ത്ഥ കല്‍പന നല്‍കി ശരീ അത്ത് അനുസരിച്ചല്ലാതെ വിധി നടപ്പാക്കുന്ന രാജ്യങ്ങളിലെ മുസ്ലിംകള്‍ ആ രാജ്യത്തിന്‌ എതിരെ പോരുതുകയോ ഇസ്ലാമിക രാജ്യത്തേക്ക് ഹിജറ പോകുകയോ ചെയ്യാതിരിക്കുക വഴി ദീനില്‍ നിന്ന് പുറത്തു പോകുകയും അമുസ്ലിമായി മരിക്കാന്‍ ഇടവരികയും ചെയ്യുമെന്ന് പറഞ്ഞു രംഗത്ത് വന്ന ജമാ അത്തെ ഇസ്ലാമിയും ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോയവരാണ്. അതിനു ശേഷം പ്രമാണങ്ങളെക്കാള്‍ ബുദ്ധിക്കു അമിത പ്രാധാന്യം നല്‍കി, പഴയ മു അതസില വാദങ്ങള്‍ പേറി, സ്വഹീഹായാലും ഹദീസില്‍ വന്ന സ്വന്തം ബുദ്ധിക്കു നിരക്കാത്ത തിനെ തള്ളിയും, ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ചും അതിനൊപ്പിച്ച്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചും സി എന്‍ അഹമദ് മൌലവിയും ഹദീസ് തന്നെ അനാവശ്യമാണ് ഖുര്‍ആന്‍ അല്ലാതെ വേറെ ഏതു ഹദീസാണ് എന്ന് അല്ലാഹു തന്നെ ചോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ചേകനൂര്‍ മൌലവിയും ഈ ആദര്‍ശ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോയ പുകഞ്ഞ കൊള്ളികള്‍ ആണ്. 

അന്നൊക്കെ അവര്‍ക്കെല്ലാം മറുപടി പറയാന്‍ നമുക്കുണ്ടായിരുന്ന തെളിവ്, അവരുടെ വാദങ്ങള്‍ മുന്‍കാലത്തെ സലഫു സ്സ്വാലിഹീങ്ങള്‍ തൊട്ടുള്ള ഏതെങ്കിലും അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ ശരിവെച്ചിരുന്നോ എന്നായിരുന്നു. എന്നാല്‍ ആ ചോദ്യ ശരത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ, തുടക്കത്തില്‍ കുറച്ചു ഒച്ചപ്പാടുണ്ടാക്കിയെങ്കിലും അവരൊക്കെയും ചരിത്രത്തിന്‍റെ ചവറ്റ് കോട്ടയിലേക്ക് തള്ളപ്പെടുകയാണുണ്ടായത്. ആദ്യകാലങ്ങളില്‍ മുജാഹിദ് വേദികളില്‍ ഖുറാഫികള്‍ക്ക് എതിരെ ശക്തമായി ആഞ്ഞടിച്ചിരുന്ന ചെകനൂരിന്‍റെ വാക് ചാതുരിയും, സി എന്‍ മൌലവിക്കു പുരോഗമന ചിന്താഗതിക്കാരായ ചില മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ മതിപ്പും ഈ ആദര്‍ശ പ്രസ്ഥാനത്തിലെ ആഴത്തില്‍ പ്രമാണങ്ങള്‍ പഠിക്കാന്‍ മേനെക്കെടാതെ അക്കാലത്ത് ഈജിപ്തില്‍ നിന്ന് തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്ന റഷീദ് രിള, ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ്‌ അബ്ദു തുടങ്ങിയ വരുടെ കൃതികള്‍ അവലംബമാക്കിയ ചിലരിലെങ്കിലും ആദര്‍ശ വ്യെതിയാനത്തിന്‍റെ ചില അനുരണങ്ങള്‍ രൂപപ്പെട്ടു വന്നിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അത് കൊണ്ടാണ് തുടക്കത്തില്‍ ചെകനൂരിനു മറുപടി പറയാന്‍ ആവേശം കാണിച്ച അബ്ദുസ്സലാം സുല്ലമിയുടെയും ചെകനൂരിന്‍റെയും നിലപാടുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് താരതമ്യം ചെയ്യുന്ന ഒരു സത്യാന്വേഷിയായ മുജാഹിദിന് അവരുടെ വരികള്‍ക്കിടയില്‍ പലപ്പോഴും സാമ്യതകള്‍ അനുഭവപ്പെടുന്നത്. വളരെ കുറഞ്ഞ അളവിലാണ് എങ്കിലും അത് ഇന്ന് ലെറ്റര്‍ പാഡും സീലുമാണ് ആദര്‍ശം എന്ന് കരുതി അതിനെ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിച്ചു മുവഹ്ഹിദുകളെ മേല്‍ അന്യായമായി ശിര്‍ക്ക് ആരോപിച്ചു കേരളത്തിലെ മഹല്ലുകളിലും കുടുംബങ്ങളിലും പള്ളി മിമ്പറുകളിലും ഭിന്നിപ്പിനു അധ്വാനിക്കുന്ന എ പി യടക്കമുള്ളവരിലെത്തിയ പലരിലും ഈ സ്വാധീനം കാണാം.

      സുല്ലമി ചേകനൂരിനെയും സി എന്നിനെയും പിന്തുടര്‍ന്ന്, അഹല്സ്സുന്ന ഒന്നടങ്കം അംഗീകരിക്കുന്ന മുന്‍ഗാമികളായ പണ്ഡിതര്‍ ആരും ഇന്ന് വരെ തള്ളിപ്പറയാത്ത സ്വഹീഹ് ബുഖാരിയിലെയും മുസ്ലിമിലെയും നിരവധി ഹദീസുകള്‍ നിഷേധിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ഖുര്‍ആനിന് എതിരാണ് എന്ന ലോകത്ത് ഇന്നുവരെ ആരും പറയാത്ത വാദം കൊണ്ടുവരികയോ മാത്രമല്ല, തന്‍റെ പല വികല വാദങ്ങളും സ്ഥാപിച്ചെടുക്കാന്‍ ഖുര്‍ആന്‍ ആയത്തുകള്‍ പോലും പലപ്പോഴും ദുര്‍വ്യാഖ്യാനിക്കാന്‍ വരെ തയ്യാറായി. 2002 ലെ പിളര്‍പ്പിനു മുന്‍പ് തന്നെ ഇയാളുടെ തനി നിറം അന്നത്തെ നേതാകളില്‍ പലര്‍ക്കും ബോധ്യമായിരുന്നു എന്നത് കൊണ്ട് തന്നെ, പലപ്പോഴും ഇത്തരം വാദങ്ങള്‍ ഒന്നും ഒരു സംഘടനാ തലത്തില്‍ പ്രചരിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇയാള്‍ അധ്യാപന ജോലി ചെയ്തിരുന്ന ജാമിയ യിലെ വിദ്യാര്‍ഥികളിലും നേരത്തെ സൂചിപ്പിച്ച ഈജിപ്ഷ്യന്‍ കൃതികളെ അമിതമായി ആശ്രയിച്ച ചിലരിലും ചില്ലറ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും ഇവിടെ എടുത്തു പറയേണ്ടത് തന്നെയാണ്. കൂടുതല്‍ ആധികാരികമായി പഠനം മുന്നോട്ടു കൊണ്ടുപോയത് കാരണം സുല്ലമിയുടെ ആദര്‍ശ വൈകല്യം തിരിച്ചറിഞ്ഞ ചിലര്‍ പിന്നീട് അതൊക്കെ തിരുത്തിയെങ്കിലും ഇന്ന് ആധാരം പ്രമാണമായി കരുതിയ സി ഡി ടവര്‍ മുജാഹിദില്‍ പലരിലും ഇന്നും അയാളുടെ സ്വാധീനം പ്രകടമാണ്. എന്നാല്‍ അക്കാലത്ത് ഒറ്റപ്പെട്ട അയാളുടെ വ്യെക്തി വീക്ഷണം എന്ന നിലക്ക് പരിഗണിക്കുകയും, പണ്ഡിതസഭകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തന്‍റെ വികലമായ വീക്ഷണങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി കിതാബുകളില്‍ കാട്ടുന്ന കൃതൃമവും കളവുകളും രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും ഇയാളുടെ വക്കാലത്ത് ഏറ്റെടുത്ത പലരും പിന്നീട് സുല്ലമിയെ കയ്യോഴിയുകയും ചെയ്തു. മാത്രമല്ല, മുജാഹിദ് വേദികളിലോ പ്രസിദ്ധീകരണങ്ങളിലോ ഇയാളുടെ വാദം അവതരിപ്പിക്കാന്‍ അനുവദിചിരുന്നുമില്ല എന്നത് ശ്രദ്ധേയമാണ്. അതൊക്കെ ശരിവെക്കുന്ന രീതിയിലായിരുന്നു ചില ചെറിയ അവസരങ്ങളില്‍ സുല്ലമിയെ എല്‍പി ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ പോലും തന്‍റെ കൈക്രിയകള്‍ കടത്തി കൂട്ടാന്‍ ഇയാള്‍ ശ്രമിച്ച ഉദാഹരണങ്ങള്‍.

                  2000 നോടടുത്ത് പ്രസ്ഥാനത്തില്‍ ഹുസൈന്‍ മടവൂരിന്‍റെ നേതൃത്തത്തില്‍ യുവാക്കള്‍ സംഘടനാ രംഗത്ത് വളരെ മുന്നോട്ട് പോകുകയും ഖുറാഫി എതിര്‍പ്പുകളെ നേരിടാന്‍ പ്രത്യേക സംവിദാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം എവിടെയോ വെച്ചു മറന്ന നമ്മുടെ ആദര്‍ശ മൂല്യങ്ങള്‍ക്ക് പകരം വെക്കപ്പെട്ടതില്‍ പലതും സദുദ്ധേശപരമായിരുന്നു എങ്കിലും അതിന്‍റെ മാര്‍ഗങ്ങളും ശൈലികളും അഹല് സ്സുന്നയുടെ പ്രഖ്യാപിത ആദര്‍ശങ്ങള്‍ക്ക് എതിരായിരുന്നു. അതിനു പക്ഷെ, യുവാക്കളുടെ ഇടയില്‍ പ്രത്യേകിച്ച് സംഘടനാ സംവിദാനത്തെ വളരെ പ്രാധാനത്തോടെ കാണുകയും എന്നാല്‍ മതപരമായ ആഴത്തിലുള്ള അറിവ് ഇല്ലാതിരിക്കുകയും ചെയ്തവരുടെ ഇടയില്‍ നല്ല മതിപ്പ് നേടിക്കൊടുത്തു. ഇത്തരക്കാരില്‍ പലരും കേവലം സംഘടനാ പ്രസിദ്ധീകരണത്തെയും ഹുസൈന്‍ മടവൂരിനെ പോലെയുള്ള ചില നവശൈലി പ്രാസംഗികരെയും അറിവിന്‍റെ ശ്രോതസ്സായി പരിഗണിച്ച വിഭാഗമായിരുന്നു. അക്കാലത്ത് ശിര്‍ക്കിനെ എതിര്‍ക്കുമ്പോള്‍ തൌഹീദിന്‍റെ വിവിധ വശങ്ങള്‍ അസ്മാഉ സിഫാത്തുകള്‍ അടക്കം ആഴത്തില്‍ പടിപ്പിക്കാതിരുന്നതും ബിദ് അത്തിനെ ശക്തമായി എതിര്‍ക്കുകയും എന്നാല്‍ സുന്നത്തുകളെ സ്ഥാപിക്കുകയും ഹദീസുകളുടെ പ്രാധാന്യവും പ്രാമാണികത യും പഠിപ്പിക്കുന്നതില്‍ അല്‍പം അലംഭാവം കാണിച്ചതും മുജാഹിദ് എന്നാല്‍ കേവലം തൌഹീദ് പറയുകയും ഖുറാഫികളെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗം മാത്രമായി അത്തരക്കാര്‍ മനസ്സിലാക്കി. അത് കൊണ്ട് തന്നെ, യാഥാസ്ഥിതിക വിഭാഗക്കാര്‍ ചെയ്യുന്ന പലതും അത് ഹദീസില്‍ സ്ഥിരപ്പെട്ടതാണെങ്കില്‍ പോലും അന്ധവിശ്വാസവും അനാചാരവുമായി ഇക്കൂട്ടര്‍ കണക്കു കൂട്ടി. അത്തരക്കാരില്‍ നല്ലൊരു വിഭാഗത്തെ സുല്ലമിയുടെ ചിന്തകള്‍ സ്വാധീനിച്ചു എന്നതാണ് നേര്. അത് ക്രമേണ പ്രസ്ഥാനത്തിന്‍റെ യുവജന വിഭാഗത്തില്‍ പല പരിപാടികളിലും നിഴലിക്കാന്‍ തുടങ്ങുകയും അത്, ദീനീ വിഷയങ്ങള്‍ പ്രാമാണികമായി മനസ്സിലാക്കിയവരില്‍ സ്വാഭാവികമായും വിയോജിപ്പിനു കാരണമാകുകയും ചെയ്തു. ക്രമേണ ഇത്തരം പുതിയ വാദങ്ങളും നടപടികളും അധികരിക്കുകയും സ്വാഭാവികമായും അതിനെതിരെ വിയോജിപ്പുകള്‍ വ്യാപകമായി ഉയരുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. എങ്കിലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2002 ഇല്‍ കെ ജെ യു ഒരുമിച്ചെടുത്ത തീരുമാനം സ്വാഭാവികമായും സംഭവിച്ച മാനുഷികമായ പിഴവുകള്‍ തിരിച്ചറിഞ്ഞു അതില്‍ ഖേദിക്കുന്നതും തിരിച്ചു സച്ചരിതരായ സലഫുകളുടെ മാര്‍ഗമാണ് ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുന്നിടത്തു സ്വീകരിക്കേണ്ടത്, മതത്തില്‍ ഒരു കാര്യം സ്വീകരിക്കേണ്ടതും ആചരിക്കേണ്ടതും സലഫുകളുടെ മാര്‍ഗമനുസരിച്ചാണ് എന്ന പ്രസ്ഥാനത്തിന്‍റെ പ്രഖ്യാപിത ആദര്‍ശമായ ഫിര്‍ക്കത്ത് ന്നാജിയ യുടെ നയത്തിലേക്ക് തിരിച്ചു വരാന്‍ എല്ലാവരും സന്നദ്ധമായി ഒപ്പിടുകയുണ്ടായി. എന്നാല്‍ ഇതില്‍ അസംതൃപ്തരായ ചിലര്‍ അനാവശ്യമായ ദുര്‍വാശി കാണിച്ചു അനാശ്വാസകരമായ ചില നടപടികള്‍ ചെയ്ത കാരണത്താല്‍ അതിന്നു ഉത്തരവാദികളായ വരെ ഏതാനും മാസത്തേക്ക് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ ഹുസൈന്‍ മടവൂര്‍ അടക്കം ചിലര്‍ ചേര്‍ന്ന് സംഘടന യിലെ തെരഞ്ഞെടുക്കപ്പെട്ട നേതൃ സമിതെ അയോഗ്യരാക്കി പ്രഖ്യാപിച്ചു സ്വയം പുറത്തു പോകാന്‍ കാരണമായി. എന്നാല്‍ ഈ സമയത്ത് സംഘടനാ പരമായി ഒട്ടേറെ കഴിവുകളുള്ള ഹുസൈന്‍ മടവൂരടക്കമുള്ളവരോട് കേവലം സംഘടനാ പരമായും വ്യെക്തിപരമായും ഈര്‍ഷ്യ മുള്ളവരും അവര്‍ക്കെതിരെ ഈ പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്ന് മുജാഹിദുകള്‍ മനസ്സിലാക്കിയത് ഏറെ കഴിഞ്ഞാണ്. അത് മനസ്സിലാകാന്‍ കാരണം പ്രമാണങ്ങളോടും പ്രവാചകന്‍റെ സുന്നത്തുകളോടും മടവൂര്‍ വിഭാഗം പുലര്‍ത്തുന്ന അതെ നിലപാട് ഇത്തരക്കാരില്‍ നിന്നും അല്‍പാല്‍പമായി പുറത്തു വരാന്‍ തുടങ്ങിയതോടെയാണ്. 

                പക്ഷെ, സ്വാഭാവികമായും തന്‍റെ വികലാഷയങ്ങള്‍ക്ക് ഭൂമിക കിട്ടാതിരുന്ന സുല്ലമി സംഘടനാ പിളര്‍പ്പോടെ മടവൂര്‍ വിഭാഗത്തോടൊപ്പം ചേരുകയും മുന്‍പ് തന്നിലും തന്‍റെ ചില മുരീദുക ളിലും ഒതുങ്ങിയിരുന്ന ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും സംഘടനാ സംവിദാനം ഉപയോഗിച്ചു തന്നെ പ്രചരിപ്പിക്കാന്‍ പറ്റിയ അവസരമായി കണ്ടു. അങ്ങിനെ ക്രമേണ മടവൂര്‍ വിഭാഗത്തിന്‍റെ മുഖ മുദ്രയായി സുല്ലമിയുടെ പിഴച്ച ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും മാറി എന്നതാണ് ഏറെ സങ്കടകരം. ചെറിയ മുണ്ടത്തെ പോലെ അബ്ദു റഊഫ് മദനിയെപ്പോലെ നല്ലൊരു വിഭാഗം സുല്ലമിയുടെ വാദങ്ങള്‍ അംഗീകരിക്കാത്തവര്‍ ആണെങ്കിലും, ഇസ്ലാമികാ ദര്‍ശങ്ങള്‍ വെറും ശബാബിലൂടെയും സുല്ലമിയുടെ കൃതികളിലൂടെയും മനസ്സിലാക്കിയവരും ജാനനം കൊണ്ട് മാത്രം മുജാഹിദ് ആയി പ്പോയവരും ആയ പഴയ വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ പ്രാസംഗികരായും സംഘാടകരായും ഒക്കെ വന്നത് മടവൂര്‍ ഗ്രൂപ്പില്‍ സുല്ലമിയുടെ ആദര്‍ശങ്ങള്‍ വ്യാപിക്കാന്‍ വലിയൊരു കാരണമാണ്. അഹല് സുന്ന നിഷിദ്ധമായി കരുതുന്ന, സംഗീതം നാടകം സിനിമ തുടങ്ങി പല വിഷയങ്ങളും ഹലാലാക്കുകയും, പ്രമാണത്തില്‍ സ്ഥിരപ്പെട്ടു വന്ന സിഹിര്‍, കണ്ണേര്‍, റുഖയ, മിഅറാജ്, ഖബര്‍ ശിക്ഷ, അല്ലാഹുവിന്‍റെ നുസൂല്‍ തുടങ്ങി അഹല് സുന്ന പ്രമാണബദ്ധമായി വിശദീകരിച്ച പല വിഷയങ്ങളും കേവല യുക്തിയില്‍ അന്ധവിശ്വാസവും അനാചാരവും, നീണ്ട താടിയും വസ്ത്രം കയറ്റി ഉടുക്കുന്നതും അപരിഷ്കൃതവുമായുമൊക്കെ സുല്ലമി വിധി നല്‍കിയത് പൂവെടി കണ്ട പൊട്ടന്‍ മാരെ പോലെ മുജാഹിദ് ആദര്‍ശം എന്താണെന്ന് തിരിച്ചറിയാത്ത അല്ലെങ്കില്‍ മുജാഹിദ് ആദര്‍ശം വേറെ അഹല് സ്സുന്നയുടെ ആദര്‍ശം വേറെ എന്ന് മനസ്സിലാക്കിയ ചിലരുടെ മനസ്സില്‍ പല 'ലഡ്ഡു'കളും പൊട്ടിക്കാന്‍ പാകത്തിലായിരുന്നു. അഞ്ജ ത കൊണ്ടാകണം ദേഹേച്ചക്ക് അമിത പ്രാധാന്യം കൊടുക്കുന്ന അത്തരക്കാരെ സംബന്ധിച്ചേടത്തോളം അവരുടെ ഒരു ഇഷ്ടവും ഒഴിവാക്കാതെ തന്നെ, മുജാഹിദ് എന്ന ലേബല്‍ അണിയാന്‍ പാകത്തില്‍ മത കാര്യങ്ങള്‍ 'എളുപ്പമാക്കി ' (?) വിധി നല്‍കിയ സുല്ലമി വലിയൊരു പണ്ഡിതന്‍ തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാണ് സ്വഹാബികളും താബി ഈങ്ങളും അടക്കം സലഫുകള്‍ അല്ല ആര് തന്നെ പറഞ്ഞാലും തെളിവ് മതിയാകാതെ, അതിനു വിരുദ്ധമായി എടവണ്ണയിലെ സാക്ഷാല്‍ സലാം സുല്ലമിയെ തെളിവ് പിടിക്കുന്നതും, ബുഖാരിയെ യും അദ്ദേഹത്തിന്‍റെ പിതാവിനെയും പറയാനും തോട്ടിലേക്കും പാടത്തെക്കും അല്ലാഹുവിന്‍റെ ഹദീസുകളെ സ്വഹീഹായി ട്ട് പോലും തള്ളാനും പലരും ചങ്കൂറ്റം കാണിക്കുന്നത്.
          
            അതിന്‍റെ ഒടുവിലത്തെ എന്നാല്‍ അവസാനത്തെതല്ലാത്ത പ്രകടനമാണ് നന്തിയിലും കണ്ടത്. മേല്‍പറഞ്ഞ സുല്ലമിയ്യത്തു ആവോളം പ്രചരിപ്പിക്കുകയും എന്നാല്‍ ഞങ്ങള്‍ മുന്‍ഗാമികളായ സലഫികളുടെ മാര്‍ഗമാണ് സ്വീകരിക്കുന്നത് എന്ന് മേല്‍പറഞ്ഞ അറിവില്ലാത്ത സാധാരണക്കാരുടെ മുന്നില്‍ കപട മുഖമണിയുകയും ചെയ്യുന്ന മടവൂരി ഗ്രൂപ്പിലെ സുല്ലമി പക്ഷത്തിന്‍റെ മുഖം മൂടി വലിച്ചു കീറി പൊതു സമൂഹത്തിനു മുന്നില്‍ ഇവരുടെ ഹദീസ് നിഷേധത്തി ന്‍റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു സലഫി വിഭാഗം സംവാദത്തിനു തയ്യാറായത്. എന്നാല്‍ വ്യെവസ്ഥ നിശ്ചയിക്കാന്‍ ഇരുന്നപ്പോള്‍ തന്നെ, സംവാദം ശരിയാം വണ്ണം നടന്നാല്‍ അതോടു കൂടി തങ്ങളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും ഹദീസ് നിഷേധവും മാത്രമല്ല, അത് മൂലം അല്ലാഹു ഹലാലാക്കിയത് ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയത് ഹലാലാക്കുകയും ചെയ്യുന്ന തനിച്ച സുല്ലമിയ്യത് യഥാര്‍ത്ഥ ദീനുമായി ബഹു ദൂരം അകലെയാണെന്നു പൊതു സമൂഹത്തിനു ബോധ്യപ്പെടുമെന്നും, അത് തങ്ങളുടെ പക്ഷത്തെ തന്നെ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന പ്രമാണങ്ങള്‍ സച്ചരിതരായ മുന്‍ഗാമികളുടെ ചര്യ അനുസരിച്ച് മനസ്സിലാക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യണം എന്ന് ആഗ്രഹമുള്ള എന്നാല്‍ സുല്ലമി വലിയ ഹദീസ് പണ്ഡിതനാണ് എന്ന വിശ്വാസം കൊണ്ട് മാത്രം അയാളുടെ കള്ളത്തരങ്ങളും കിതാബുകളില്‍ കാണിക്കുന്ന കൈക്രിയകളും തിരിച്ചറിയാത്ത നിഷ്കളങ്കരായ ആളുകള്‍ പ്രസ്ഥാനത്തെ കയ്യോഴിക്കാന്‍ ഇടയാക്കും എന്നുള്ളത് മനസ്സിലാക്കി എങ്ങിനെയും സംവാദം നടക്കാതിരിക്കാന്‍ മടവൂര്‍ വിഭാഗം പണിപ്പെടുന്നത് കാണാമായിരുന്നു. അതിന്‍റെ ഭാഗമായാണ് പേരും മേല്‍വിലാസവും വിഷയമാക്കുകയും ഏറെ നേരം അതില്‍ കടിച്ചു തൂങ്ങുകയും ചെയ്തത്. അതിനു ശേഷം അവര്‍ ഉന്നയിച്ച മുട്ടാപ്പോക്കായിരുന്നു 2002 നു മുന്‍പ് ഞങ്ങള്‍ക്ക് ആദര്‍ശ വ്യെതിയാനം ഉണ്ടായിരുന്നു എന്നത് വ്യാചാരോപണമായിരുന്നു അത് കൊണ്ട് ആദ്യം അത് ചര്‍ച്ച ചെയ്തെങ്കില്‍ മാത്രമേ ഹദീസ് നിഷേധം സംബന്ധിച്ച സംവാദം നടക്കുകയുള്ളൂ എന്ന ഉപാധി വെച്ചത്. 

                  സത്യത്തില്‍ 2002 നു മുന്‍പ് ഇവര്‍ക്ക് വ്യെതിയാനം ഇല്ലായിരുന്നു എങ്കില്‍ കെ ജെ യു വ്യെതിയാനങ്ങള്‍ ചര്‍ച്ച ചെയ്തു അതൊക്കെ, അറിവ്കേടോ അബദ്ധമോ, മടവൂര്‍ സാഹിബിന്‍റെ പുസ്തകത്തില്‍ ആദര്‍ശത്തിന് എതിരായി വന്നത് (വ്യെതിയാനങ്ങള്‍) തിരുത്താം, അഞ്ചാം മദ്ഹബ് എന്ന് സലഫി മന്‍ ഹജിനെ പരിഹസിച്ചത്‌ തിരുത്താം, സലഫി മന്‍ഹജ് അനുസരിച്ചാണ് ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കെണ്ടതും ദീനിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വീകരിക്കേണ്ടതും എന്നൊക്കെ സമ്മതിച്ചു ഒപ്പിട്ടതില്‍ നിന്ന് തന്നെ അതിനു മുന്‍പ് വ്യെതിയാനം ഉണ്ടായിരുന്നു എന്നത് സമ്മതിച്ചതിന്‍റെ തെളിവല്ലേ?. കോടതിയില്‍ ചെയ്ത കുറ്റം സ്വയം ഏറ്റുപറഞ്ഞു വിധി ഏറ്റുവാങ്ങിയ ശേഷം പുറത്തു വന്നു ഞാന്‍ നിരപരാധിയായിരുന്നു എന്ന് പറയണമെങ്കില്‍ ബുദ്ധിക്കു വല്ല കാര്യമായ തകരാറും ഉള്ളവര്‍ക്കല്ലേ കഴിയൂ..പക്ഷെ, നമ്മുടെ ലക്‌ഷ്യം ഈ ഹദീസ് നിഷേധികളുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരിക എന്നതായത്‌ കൊണ്ട് എന്ത് വിട്ടു വീഴ്ച ചെയ്തും അവരെ സംവാദത്തില്‍ എത്തിക്കെണ്ടാതുണ്ടായിരുന്നു. അത് കൊണ്ടാണ് അവരുടെ ആവശ്യമനുസരിച്ച്‌ 2002 നു മുന്‍പ് അവരുടെ മേല്‍ ഉന്നയിച്ച വ്യെത്യാനം ആരോപണമോ വസ്തുതയോ എന്ന വിഷയത്തില്‍ സംവാദം നടത്താന്‍ സമ്മതിച്ചത്. 


ഒന്നാം തിയ്യതി പ്രസ്തുത സംവാദം തുടങ്ങി അല്‍പ സമയം കൊണ്ട് തന്നെ മേല്‍ പറഞ്ഞ വ്യെതിയാനങ്ങള്‍ സ്വയം സമ്മതിച്ചു മടവൂരും കൂട്ടരും ഒപ്പിട്ടത് ചൂണ്ടി ക്കാട്ടിയതോടെ സംവാദ വിഷയം തീരുമാനമായതാണ്. എങ്കിലും അത് സമ്മതിക്കാന്‍ ഉള്ള ജാള്യത കാരണം അവര്‍ എ പി യുടെയും എം എം അക്ബറി ന്‍റെയും പരാമര്‍ശങ്ങളെ എടുത്തിട്ട് നേരം പോക്കുകയായിരുന്നു. എന്നാല്‍ 2002 നു മുന്‍പ് ആ വിഷയങ്ങള്‍ മുഴുവന്‍ ഇരു വിഭാഗത്തിലും പെട്ട പണ്ഡിത ന്‍ മാര്‍ ചര്‍ച്ച ചെയ്തു അവര്‍ക്കടക്കം പറ്റിയ അബദ്ധങ്ങളും, പ്രമാണങ്ങള്‍ വ്യാഖ്യാനിക്കാനും സ്വീകരിക്കാനും മന്‍ഹജ് സലഫ് വേണ്ട, അത് ഗള്‍ഫ് ഇറക്കുമതിയാണ് എന്നതടക്കമുള്ളത് വ്യെതിയാനമൊക്കെ അംഗീകരിച്ചു, അതൊക്കെയും തിരുത്താമെന്ന് സമ്മതിച്ചു ഒപ്പിട്ടത് കൊണ്ട് തന്നെ അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുന്നതോടെ വ്യെതിയാനവും അബദ്ധങ്ങളും അവസാനിക്കുമായിരുന്നു. എന്നാല്‍ അതിനു ശേഷം സംഘടന പിളര്‍ത്തി പുറത്തു പോകുകയും കെ ജെ യു വില്‍ സമ്മതിച്ചതിനെതിരായി സലഫി മന്ഹജ് അനുസരിച്ച് പ്രമാണങ്ങളില്‍ ഉള്ള കാര്യം പറയുന്നത് ചൂണ്ടിക്കാട്ടി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു, ഖുറാഫാ ത്തിലേക്ക് തിരിച്ചു വിളിക്കുന്നു, രണ്ടു വിരുദ്ധ ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു സംഘടനയില്‍ ഇത് വരെ എന്നൊക്കെ പറഞ്ഞു വീണ്ടും പഴയതിനേക്കാള്‍ വ്യാപകമായ രീതിയില്‍ പ്രമാണങ്ങളെ പരിഹസിക്കാനും നിഷേധിക്കാനും അത്യുത്സാഹം കാണിച്ചതാണ് മടവൂരികളുടെ യഥാര്‍ത്ഥ പിഴവ് എന്ന് വളരെ വ്യെക്തമായി വിവരിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ആദ്യ പകുതിയില്‍ സലഫി വിഭാഗം വിനിയോഗിച്ചു.

              തുടര്‍ന്ന് രണ്ടാം ഭാഗത്ത് ചോദ്യാവസരം ഉപയോഗിച്ചു അക്കമിട്ടു ഖുര്‍ആനില്‍ ഇല്ലാത്തത് ഖുര്‍ആനിന്‍റെ പേരില്‍ പറയുന്നുണ്ടോ, ഹദീസ് നിഷേധിക്കുന്നുണ്ടോ സലഫി മന്‍ഹജ് അംഗീകരിക്കുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യത്തിന് കരുമ്പിലാക്കല്‍ പിറകെ വരുന്ന അപകടം തിരിച്ചറിയാതെ ഖുര്‍ആനില്‍ ഇല്ലാത്തത് ഞങ്ങള്‍ പറയുന്നില്ല, ഹദീസ് ഞങ്ങള്‍ നിഷേധിക്കുന്നില്ല. മന്‍ ഹജ് സലഫ് ഞങ്ങള്‍ അംഗീകരിക്കുന്നു, എന്നാല്‍ ഗള്‍ഫ്‌ സലഫിസം അംഗീകരിക്കുന്നില്ല എന്നൊക്കെ വളരെ ഉഷാറായി പറഞ്ഞു വെങ്കിലും, അബ്ദുല്‍ മാലിക് സലഫി ആ പറഞ്ഞതൊക്കെ കള്ളമാണ് എന്ന് സുല്ലമിയുടെയും മറ്റും ഉദ്ധരണി എടുത്തു വായിച്ചു തെളിയിച്ചപ്പോള്‍ മാത്രമാണ് ലത്തീഫ് മുസ്‌ല്യാര്‍ക്ക് കാര്യത്തിന്‍റെ അപകടം മനസ്സിലായത്‌. അത് കൊണ്ട് തന്നെ കരുമ്പിലാക്കല്‍ പിന്നെ ചോദ്യം വിഷയത്തില്‍ പെട്ടതല്ല എന്നും അത് കൊണ്ട് അടുത്ത ആഴ്ച അതിനുള്ള മറുപടി നല്‍കാമെന്നും പറഞ്ഞു തടിയൂരാന്‍ ശ്രമിക്കുകയുണ്ടായി. സത്യത്തില്‍ സുല്ലമി സംഗീതത്തിന്‍റെ വിഷയത്തിലും നുസൂലിന്‍റെ വിഷയത്തിലും എഴുതിയത്, ഖുര്‍ആനില്‍ ഇല്ലാത്തത് ഉണ്ടെന്നും ഹദീസില്‍ ഇല്ലാത്തത് ഹദീസില്‍ ഉണ്ടെന്നും വാദിക്കുക വഴി, അല്ലാഹുവിനെയും പ്രവാചകനെയും കളവാക്കുകയും, അല്ലാഹു വിന്‍റെ സിഫത്തുകളെ നിഷേധിക്കുകയും തദ്വാരാ സലഫി മന്‍ഹജിനു വിരുദ്ധവും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ മാത്രം ഗൌരവമുള്ളതായിരുന്നു. സുല്ലമിയുടെ ഇത്തരം അനേകം വിഷയങ്ങള്‍ ബാക്കിയുണ്ടെങ്കിലും ഈ വിഷയത്തില്‍ പോലും അഹല് സ്സുന്നയുടെ പണ്ഡിതന്‍മാര്‍ ഏകോപിച്ചു പറഞ്ഞ തിനു എതിരായി സുല്ലമിയെ ന്യായീകരിക്കാന്‍ കരുമ്പിലാക്കല്‍ വിഫല ശ്രമം നടത്തുന്നത് സ്വന്തം പാളയത്തില്‍ പെട്ടവര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സംഗീതവും സംഗീതോപകരണങ്ങളും എന്ന തലക്കെട്ടില്‍ അത്തൌഹീദ് മാസികയില്‍ സുല്ലമി എഴുതിയ ലേഖനത്തില്‍ പല കളവുകളും എടുത്തു കൊടുത്തിരുന്നു. ഈ കളവുകള്‍ കയ്യോടെ പിടിക്കുമെന്നായപ്പോള്‍ എങ്ങിനെയും സമയം തള്ളി നീക്കാന്‍ ചോദ്യം വിഷയാധിഷ്ടിതമല്ല അടുത്തയാഴ്ച ഖുര്‍ആന്‍ ആയത്തും ഹദീസും തെളിവ് തരാം എന്നും പറഞ്ഞു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ചോദ്യം വിഷയാധിഷ്ടിതമല്ല എങ്കില്‍ ചോദ്യത്തിന്‍റെ ആദ്യാവസരത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് എന്തിനു മറുപടി നല്‍കി എന്നതിനു എന്ത് മറുപടിയാണ് നല്‍കാനാവുക?. ചുരുക്കത്തില്‍ എങ്ങിനെയെങ്കിലും സംവാദം അവസാനിപ്പിച്ചു കിട്ടാനും അടുത്ത സംവാദം നടക്കാതിരിക്കാനുമാകണം മടവൂരികളിലെ ഇത്തരം ചിന്താഗതിക്കാര്‍ തലപുകഞ്ഞാലോചിച്ചിരിക്കണം.

               വിഷയത്തില്‍ ഉള്‍പ്പെടുന്നതല്ല എന്നത് ശബാബുകാരന്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് പറഞ്ഞത് എന്നറിയില്ല. യഥാര്‍ത്ഥ ത്തില്‍ ഇതാണ് വിഷയത്തിന്‍റെ മര്‍മ്മം. കാരണം സംവാദം നടത്താനുണ്ടായ സാഹചര്യം തന്നെ മടവൂര്‍ വിഭാഗത്തിന്‍റെ ഇത്തരം ഹദീസ് നിഷേധവും ഖുര്‍ആനില്‍ ഇല്ലാത്തത് ആരോപിച്ചു ഹറാമുകള്‍ ഹലാലാക്കുകയും ഉള്ളതിനെ അന്ധവിശ്വാസവും അപരിഷ്കൃതവും ആക്കി നിഷിദ്ധമാ ക്കുകയും ചെയ്യുന്ന സുല്ലമിയുടെയും പിണിയാളുകളുടെയും അജണ്ട ഒരു സംഘടന ഏറ്റെടുത്തു പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇനി സംഗീതവും സംഗീതോപരണവും എന്ന ശബാബ് ഷറഹു ചെയ്തു ന്യായീകരിക്കാന്‍ ശ്രമിച്ച സുല്ലമിയുടെ പ്രസ്തുത ലേഖനത്തിന്‍റെ വസ്തുതകള്‍ പരിശോധിക്കാം. അതില്‍ വ്യെക്തമായി സുല്ലമി എഴുതിയ കളവുകളില്‍ പ്രധാനപ്പെട്ടത്, വിശുദ്ധ ഖുര്‍ആനില്‍ സംഗീതവും സംഗീതോപകരണങ്ങളും നിഷിദ്ധമാണ് എന്ന് പറയുന്നില്ല. വിശ്വാസവും പുണ്യ കര്‍മവും ഉള്ളവനാണ് എങ്കില്‍ അവനു സംഗീതം അനുവദനീയമാണ് എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കന്നു, യാതൊരു സംഗീതോപകരണവും ഇസ്ലാം വിരോധിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല, സ്വഹാബിമാരുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് (ബുഖാരി ), പെരുന്നാള്‍ ദിവസവും കല്യാണത്തിലും അവര്‍ ഹാര്‍മോണിയം കൊണ്ട് പാടാറുണ്ട്, തുടങ്ങിയവയാണ്. ശബാബുകാരന്‍ ഈ കളവുകള്‍ ഒന്നും കണ്ടില്ലെന്നു നടിച്ചുവെങ്കിലും സൂറത്ത് ലുഖ്മാനിലെ ആറാമത്തെ ആയത്തും നിരവധി സ്വഹീഹായ ഹദീസുകളും സംഗീതവും സംഗീതോപരകരണങ്ങളും നിഷിദ്ധമാണ് എന്നതിന് സ്വഹാബികള്‍ തൊട്ടു അഹല് സ്സുന്നയുടെ പണ്ഡിതര്‍ക്കിടയില്‍ ഏകോപിച്ചു ഉദ്ധരിക്കപ്പെട്ടതാണ്. അപ്പോള്‍ ഒരു കാര്യം നിഷിദ്ധമാണ് എന്ന് അല്ലാഹുവിന്‍റെ ഖുര്‍ആനിലെ ആയത്ത് ഉദ്ധരിച്ചും പ്രവാചകനില്‍ നിന്നുള്ള സ്വഹീഹായ ഹദീസ് ഉദ്ധരിച്ചും സ്വഹാബികളും താബി ഉകളും ഒന്നടങ്കം പറയുമ്പോള്‍ അതിനെതിരായി വിധിക്കുന്നത് തനിച്ച കുഫിറില്‍ എത്തിക്കുന്നതാണ് എന്ന് തിരിച്ചരിയാത്തവരെയാണോ ശബാബില്‍ ഇത്തരം ദീനീ വിഷയങ്ങള്‍ പടച്ചു വിടാന്‍ ഏല്‍പിച്ചത്‌ എന്ന് അപ്പുറത്തെ വിവരമുള്ള മാന്യന്‍മാര്‍ ചിന്തിക്കട്ടെ. 

             പിന്നെ ശബാബുകാരന്‍ ഇബ്ന്‍ ഹസം (റ) ഇവയെല്ലാം അനുവദനീയമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തടി തപ്പുകയാണ്‌. സത്യത്തില്‍ ഹിജറ 456 ഇല്‍ മരണപ്പെട്ട സ്പെയിനിലെ ഖുര്‍തുബയില്‍ ജീവിച്ച ഇബ്ന്‍ ഹസം (റ) സംഗീത ത്തിന്‍റെ വിഷയത്തില്‍ വന്ന ഹദീസുകള്‍ സ്വഹീഹായി മനസ്സിലാക്കാതിരുന്നത് കൊണ്ടാണ്, മുഹല്ലിയില്‍ ഈണത്തില്‍ പാട്ട് പാടുക എന്നര്‍ത്ഥത്തില്‍ സംഗീതം ആലപിക്കുന്നത് അനുവദനീയമാണ് എന്ന് പറയുന്നത്. എന്നാല്‍ ഹദീസ് സ്വഹീഹായി ആ വിഷയത്തില്‍ വരികയും ഇബ്ന്‍ അബ്ബാസ് (റ) യുടെ സൂറത്ത് ലുക്മാനിലെ 6 ആം ആയത്തിലെ ലഹ് വ് എന്നത് കൊണ്ട് ഉദ്ദേശം സംഗീതം ആണ് എന്ന വ്യാഖ്യാനം സ്ഥിരപ്പെട്ടു വരികയും ചെയ്‌താല്‍, ഹദീസ് സ്വഹീഹായാല്‍ അതാണ്‌ എന്‍റെ മദ് ഹബ് എന്ന് മദ് ഹബിന്‍റെ ഇമാമുകള്‍ പോലും പറഞ്ഞിരിക്കെ ഇബ്ന്‍ ഹസം ഇവരുടെ ജല്‍പനങ്ങളില്‍ നിന്ന് സംശുദ്ധനാണ്. മാത്രമല്ല, പണ്ഡിതന്‍മാര്‍ സംഗീതാലാപാനം (വായ്പാട്ട്) എന്നതില്‍ ഇളവു നല്‍കിയ നിഷിദ്ധമായ വിഷയങ്ങള്‍ ഇല്ലാത്ത ഗാനാലാപനം ആണ് അത് കൊണ്ടുദ്ധേശം എന്ന് കൂടി എളുപ്പം മനസ്സിലാക്കാം. കാരണം അദ്ദേഹം തെളിവ് പിടിക്കുന്ന ഹദീസ് പ്രവാചകന്‍റെ അടുത്ത് നിന്ന് ആയിഷ(റ) സന്നിധിയിലായിരിക്കെ രണ്ടു കൊച്ചു അന്‍സാരി പെണ്‍കുട്ടികള്‍ പാട്ട് പാടിയതിനെ പ്രവാചകന്‍ വിലക്കാതെ അബൂബക്കര്‍ (റ) യോട് അവരെ വിട്ടേ ക്കാന്‍ പറഞ്ഞ ഹദീസ് ആണ്. ഇത് എങ്ങിനെ സംഗീതവും സംഗീതോപകരണവും അനുവദനീയമാകാന്‍ തെളിവാകും?. അന്സാരികളായ ചെറിയ പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ കുറിച്ച് ആയിഷ (റ) യുടെ അടുക്കല്‍ വെച്ചു പാട്ട് പാടവെ അങ്ങോട്ട്‌ കടന്നു വന്ന അബൂബക്കര്‍ (റ), അവര്‍ക്ക് എതിരെ മുഖം തിരിച്ചു കിടക്കുന്ന പ്രവാചകനെ കാണുകയും അവരോടു പ്രവാചകന്‍റെ അടുത്താണോ പിശാചിന്‍റെ വീണ വായന എന്ന് ചോദിച്ചതില്‍ നിന്ന് ''വീണ വായിക്കുന്നു എന്ന് ഹദീസില്‍ ഉണ്ട്, അത് പ്രവാചകന്‍ വിലക്കിയില്ല എന്ന് ദുര്‍ വ്യാഖ്യാനിച്ചു സംഗീതോപകരണങ്ങള്‍ വായിക്കാനും ആസ്വദിക്കാനും തെളിവുണ്ടാക്കുന്ന നിങ്ങളുടെ ജഹാലത്തും തികഞ്ഞ തെമ്മാടിത്തം കൂടിയാണ് ഇവിടെ വ്യെക്തമാകുന്നത്. കാരണം മന്‍മോഹന്‍ സിംഗ് അമേരിക്കയുടെ കുഴലൂത്ത് കാരനാണ് എന്നതിനര്‍ത്ഥം മന്‍മോഹന്‍ സിംഗ് ഒബാമ വരുമ്പോള്‍ ഫ്ലൂട്ട് വായിക്കും എന്നാണോ?. ഇമ്മാതിരി വങ്കത്തം ദീനീ കാര്യത്തില്‍ വിളമ്പാന്‍ മാത്രം നിങ്ങളില്‍ അധ:പതനം സംഭവിച്ചത് യാദൃശ്ചികമല്ല. അല്ലാഹുവിന്‍റെ ഹദീസുകളെ പരിഹസിച്ചു കാര്‍ ടൂണും നാടകവും സിനിമയും ഇറക്കിയവര്‍ വിവരമുള്ളവര്‍ക്കിടയില്‍ ഇത്രയ്ക്ക് നാണം കെടുന്നത് അര്‍ഹിക്കുന്നത് തന്നെയാണ്.

               ലേഖനത്തില്‍ പറയുന്ന പോലെ സംഗീതവും സംഗീതോപകരണവും അനുവദനീയമാക്കിയ ഖുര്‍ആന്‍ ആയതു ഏതാണ്? കാരണം സുല്ലമി പറയുന്നത് നിഷിദ്ധമാണ് എന്ന് ഖുര്‍ആനില്‍ ഇല്ല എന്നാണു. ومن الناس من يشتري لهو الحديث ليضل عن سبيل الله എന്ന ആയത്തിന്‍റെ തഫ്സീറില്‍ ഇബ്ന്‍ അബ്ബാസ്‌ (റ) പറയുന്നു ലഹ് വ് എന്നത് കൊണ്ടുദ്ധേശം സംഗീതമാണ്. കൂടാതെ, മുജാഹിദ് (റ) (തഫ്സീര്‍ ത്വബരി 21 /40 ), ഹസനുല്‍ ബസ്വരി (റ) (തഫ്സീര്‍ ഇബ്ന്‍ കസീര്‍ 3/451), സഅദി (റ) (തഫ്സീര്‍ സഅദി : 6/150) തുടങ്ങി ഇബ്ന്‍ മസ്ഊദ്, ഇബ്ന്‍ ഉമര്‍ (റ) തുടങ്ങി അനേകം സലഫുകള്‍ ഏകോപിച്ചു പറഞ്ഞ വിഷയമാണ് ഈ ആയത്തിലെ പ്രതിപാദ്യം സംഗീതമാണ് എന്ന്. ജാഹിലിയ്യ കാലത്ത് സ്ത്രീകള്‍ ദ്യത്തെയും സ്ത്രീ സൌന്ദ ര്യത്തെയും യുദ്ധത്തെയും കുറിച്ച് വര്‍ണ്ണിച്ചു പാടുകയും ആടുകയും ചെയ്യുന്നത് പതിവായിരുന്നു. അതിന്നായി പ്രത്യേകം അടിമ പെണ്ണു ങ്ങളെ ഒരുക്കുകയും അത്തരം കഴിവുകളുള്ള അടിമകളെ വില്‍പന നടത്തുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു അതെല്ലാം നിഷിദ്ധമാക്കി. ഈ ആയത്തിന്‍റെ തഫ്സീറില്‍ അമാനി മൌലവി (റ) അടക്കം എല്ലാവരും എടുത്തു പറഞ്ഞതാണ് ഈ വിഷയം. പ്രവാചക സന്നിധിയില്‍ വെച്ചു പെണ്‍കുട്ടികള്‍ ഗാനമാലപിക്കുന്നത്യി കണ്ടു അബൂബക്കര്‍ (റ) കോപിഷ്ടനാവാന്‍ കാരണം അതാണ്‌. എന്നാല്‍ ചെറിയ ബുലൂഗ് എത്താത്ത പെണ്‍കുട്ടികള്‍ ആയതിനാലും അല്ലാഹു വിലക്കിയ വിഷയങ്ങള്‍ ഗാനത്തില്‍ ഇല്ലാത്തത്രു കൊണ്ടും പ്രവാചകന്‍ അവരെ വിട്ടേക്കൂ എന്ന്ന്നു പറഞ്ഞു എന്ന് മാത്രം. മാത്രമല്ല, ചില തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ ആയിഷ (റ) അത് കേള്‍ക്കുന്ന കാലത്ത് ചെറിയ കുട്ടിയായിരുന്നു എന്നും അത് കൊണ്ടാണ് പ്രവാചകന്‍ എതിര്‍ത്തു പറയാതിരുന്നത് എന്ന് കൂടി പറഞ്ഞിട്ടുണ്ട്. 

            സൂറത്ത് ശുഅറാഇലെ കവികളെ പറ്റി പറഞ്ഞതില്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവാചകന് വേണ്ടിയും ഇസ്ലാമിനെ പ്രതിരോധിക്കാനും കവിത ഉണ്ടാകുകയും പാടുകയും ചെയ്തവര്‍ ഒഴിവാണ് എന്ന് പറഞ്ഞത് എങ്ങിനെയാണ് വാദ്യോപകരണ ത്തിനും അതിന്‍റെ അകമ്പടിയോടെ യുള്ള സംഗീതാലാപനത്തിനും തെളിവാകുക എന്നത് കൂടി പറയേണ്ട ബാധ്യത ശബാബുകാരനുണ്ട്. ''സത്യവിശ്വാസികള്‍ പാട്ടും കവിതയും സംഗീതവും മറ്റു കഴിവുകളുമൊക്കെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നന്മയ്‌ക്കുവേണ്ടി വിനിയോഗിക്കാമെന്ന്‌ എല്ലാ മുഫസ്സിറുകളും ഈ ആയത്തുകളുടെ വെളിച്ചത്തില്‍ പറഞ്ഞിട്ടുണ്ട്‌.''(നന്തിയില്‍ നടന്നതെന്ത്, ശബാബ് ) എന്നത് ശുദ്ധ കളവാണ്. ഇതില്‍ പ്രതിപതിക്കപ്പെട്ട വിഷയം കാഫിറുകളും മുശ്രിക്കുകളുമായ കവികള്‍ മുസ്ലിം കവികള്‍ക്കും നബി(സ)ക്കും എതിരായി ശത്രുതയുടെയും വിദ്വേഷത്തിന്റെയും വിഷം വമിക്കുന്ന ആരോപണങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍ അവയ്ക്കു മറുപടി നല്‍കുവാന്‍ നബി(സ) തന്നെ മുസ്ലിം കവികളെ ഉത്സാഹിപ്പിക്കുകയുണ്ടായി. ഹസ്സാന് ബിന്‍ സാബിത് (റ) അബ്ദുല്ലാഹ് ബിന്‍ റവാഹ (റ) കഅബു ബിന്‍ മാലിക് (റ) എന്നിവരാണ് അവര്‍ എന്നും അവര്‍ ചെയ്തത് ശത്രുക്കള്‍ നബിയെ പഴിച്ചും പുച്ചിച്ചും ചൊല്ലിയ പാടിയ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും മറുപടിയായി കവിതയും ഗാനവും രചിക്കുകയും ആലപിക്കുകയും ചെയ്ത സംഭവമാണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. ജാഹിലിയ്യാ കാലത്ത് അനിസ്ലാമിക രീതിയില്‍ ഗാനാലാപനം നടത്തുകയും പാട്ടുകാരികളെ ഉപയോഗിക്കുകയും ആസ്വദിക്കുകയും കച്ചവടം നടത്തുകയും ചെയ്ത ശേഷം ഇസ്ലാം സ്വീകരിച്ചു നിലപാട് നന്നാക്കിയവര്‍ ആണ് എന്നും മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട് എങ്കിലും സംഗീതോപകരണം ഉപയോഗിച്ചുള്ള സംഗീതമോ ഗാനാലാപനമോ സുല്ലമിക്ക് ഹലാലാക്കാന്‍ ഇത് ആരും തെളിവാകിയിട്ടില്ല. മര്‍ഹൂം അമാനി മൌലവി സൂറത്ത് ലുഖ്മാന്‍ ആറാം ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ സംഗീതോപകരണം നിഷിദ്ധമാണ് എന്ന് വ്യെക്തമായി പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇസ്ലാമിക മര്യാദകള്‍ പാലിച്ചു കൊണ്ടുള്ള കേവല കവിതാ രചനയും ഗാനാലാപനവും അനുവദനീയമാണ് എന്ന അമാനി മൌലവിയുടെ വ്യാഖ്യാനം എത്ര പേജ് വായിച്ചാലും സുല്ലമിയുടെ ജഹാലത്തിനും കല്ലത്തരങ്ങള്‍ക്കും തെളിവാകില്ല.

                        വീണ്ടും ശബാബ് എഴുതുന്നു:''ദഫ്‌, മിസ്‌മാര്‍, മിസ്‌ഹര്‍ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങള്‍ സ്വഹാബികളില്‍ ചിലര്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിരുന്നു എന്ന ഹദീസ്‌ `കിതാബു ഫദാഇലിസ്സഹാബ' യില്‍ മുസ്‌ലിമും കിതാബുന്നികാഹില്‍ ബുഖാരിയും ഉദ്ധരിച്ചിട്ടുണ്ട്‌.'' (ശബാബ് പ്രസ്തുത ലേഖനം). സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും വന്ന ആയിഷ (റ) വില്‍ നിന്ന് ഉള്ള ഒരു ഹദീസില്‍ ജാഹിലിയ്യാ കാലത്ത് 11 സ്ത്രീകള്‍ കൂടിയിരുന്നു അവരുടെ ഭര്‍ത്താക്കന്‍മാരുടെ സ്വഭാവത്തെ കുറിച്ച് പറയുന്ന ഭാഗത്ത്, അതിലെ പത്താമത്തെ പെണ്ണ്, തന്‍റെ ഭര്‍ത്താവിനെ പ്രകീര്‍ത്തിക്കുകയും, വീട്ടില്‍ വളര്‍ത്തിയിരുന്ന ഒട്ടകങ്ങള്‍ അതിഥി സല്‍ക്കാരത്തിനു വേണ്ടി ഒരുക്കിയതായിരുന്നു, ഒട്ടകങ്ങള്‍ മിസ്‌ഹറിന്‍റെ ശബ്ദം കേട്ടാല്‍ അവരെ അതിഥികള്‍ക്ക് വേണ്ടി അറുക്കപ്പെടും എന്ന് മനസ്സിലാക്കിയിരുന്നു എന്ന് പറയുന്നതാണ് സുല്ലമിയും സുല്ലമിയെ ആലിമുല്‍ അല്ലാമയായി കരുതുന്ന ശബാബും മറ്റ് അന്തം കമ്മികളും സ്വഹാബികള്‍ അതിഥികള്‍ വീട്ടില്‍ വന്നാല്‍ ഹാര്‍മോണിയം കൊണ്ട് പാട്ട് പാടാറുണ്ട് എന്ന് ഹദീസില്‍ ഉണ്ടെന്നു പെരുമ്പറ അടിച്ചു വിടുന്നത്. ഒന്നാമതായി ഈ സുല്ലമിയുടെയും മുരീദുകളുടെയും ജഹാലത്തും കൂടാതെ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അനുവദനീയമാക്കുന്നതിനു പ്രമാണങ്ങള്‍ എങ്ങിനെ കോട്ടി മാട്ടാനും മടിക്കില്ല എന്നതിന്‍റെ ഉദാഹരണമാണ് ഇതിലൂടെ പ്രകടമാകുന്നത്. കാരണം ജാഹിലിയ്യാ കാലത്ത് മുഷിരിക്കുകള്‍ ചെയ്തത് മതത്തില്‍ തെളിവാക്കി പ്രചരിപ്പിക്കുന്ന ഇവര്‍ ശരിയായ ളലാലത്തില്‍ ആണ് ചെന്ന് വീണിരിക്കുന്നത്. ഇനി അതല്ല, സുല്ലമിക്ക് അറബി തിരിയാതെ സംഭവിച്ചതാണോ എന്നും പരിശോധിക്കേണ്ടതാണ്. എന്നാല്‍ പിടിക്കപ്പെടുമോ എന്ന് തോന്നിയത് കൊണ്ടാകാം അവസാനം '...മിസ്‌ഹറിന്‌ ഹാര്‍മോണിയം എന്ന ആശയ വിവര്‍ത്തനം ശരിയായില്ല' എന്ന്‌ പരമാവധി സൂചിപ്പിക്കാവുന്ന ഒരു ചെറിയകാര്യം ഹദീസ് നിഷേധം എന്ന മഹാപരാധമായി ചിത്രീകരിക്കുന്നത് എന്ത് മാത്രം അക്ഷന്ത വ്യമാണ് ' എന്ന് പറഞ്ഞു വിഷയം മാറ്റാന്‍ ഉള്ള ശ്രമം കൂടി വി സി കുട്ടികള്‍ ആ ലേഖനത്തില്‍ നടത്തുന്നുണ്ട്. ഇവിടെ മിസ്ഹാര്‍ എന്നതിന് ഹാര്‍മോണിയം എന്ന് ഭാഷാന്തരം വന്നതല്ല വിഷയം, മറിച്ചു, ആ മിസ്ഹാറോ മിസ്മാറോ ഹാര്‍മോണിയമൊ എന്തുമാകട്ടെ, സ്വഹാബികള്‍ ഉപയോഗിച്ചു പാട്ട് പാടി എന്ന ഹദീസ് എവിടെ എന്നാണു വ്യെക്തമായി വളച്ചു കെട്ടാതെ സുല്ലമിയും സുല്ലമിയെ താങ്ങുന്ന മന്‍സൂര്‍ അലി അടക്കമുള്ള ശബാബുകാരും പറയേണ്ടത്. പിന്നെ സ്വതവേ ഉള്ള സ്വഹീഹായ ഹദീസുകള്‍ തള്ളുന്ന സുല്ലമി ഇത്തവണ ചെയ്തത് ഇല്ലാത്ത ഹദീസ് കെട്ടിയുണ്ടാക്കി എന്ന് മാത്രം... 

                      'അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.'' എന്ന സൂറത്ത് അഹ്സാബിലെ 36 ആം വചനം ഓര്‍മിക്കണം എന്ന് മാത്രമാണ് അല്ലാഹുവിന്നെയും അവന്‍റെ പ്രവാചകനെയും വിട്ടു എടവണ്ണ സുല്ലമിക്ക് വേണ്ടി പേനയുന്തുന്നവരും തൊണ്ട കീറുന്നവരും മറ്റ് മാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്നവരോടും വിനയത്തോടെ സൂചിപ്പിക്കാനുള്ളത്. ഒപ്പം അപ്പുറത്ത് പെട്ടുപോയ ദീനിനെ ഗൌരവത്തില്‍ കാണുന്ന, 'ആളെ നോക്കേണ്ട തെളിവ് നോക്കുക' എന്ന മഹാനായ മര്‍ഹൂം ഉമര്‍ മൌലവിയുടെ ആദര്‍ശം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന നല്ലവരായ മുജാഹിദ് സഹോദരന്‍മാര്‍ക്ക് തങ്ങള്‍ പെട്ടിരിക്കുന്ന കൂട്ടത്തിന്‍റെ അധ:പതനം തിരിച്ചറിയാനും അതിനെ കയ്യോഴിക്കാനും ഈ സംഭവങ്ങള്‍ ഉപകരിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു. തൌഫീക്കിന്‍റെ ഉടമ അല്ലാഹുവാണ്.

മുഹമ്മദ്‌ അലി. എം

No comments:

Post a Comment