Friday, June 22, 2012

ഹദീഥുകളും ആധുനിക ശാസ്ത്രവും



ഹദീഥുകളും ആധുനിക ശാസ്ത്രവും
എം.എം അക്ബര്‍
കവര്‍സ്റ്റോറി

2012 ഫെബ്രുവരി 15 മുതല്‍ 18 വരെ കേരളയൂനിവേഴ്സിറ്റി അറബിക് ഡിപാര്‍ട്ട്മെന്റ്
സംഘടിപ്പിച്ച ഹദീഥ് സെമിനാറിനോടനുബന്ധിച്ച് തിരുവനന്തപുരത്തുവെച്ച് നടത്തിയ
തുറന്ന സംവാദത്തിലെ വിഷയാവതരണത്തിന്റെ ലേഖനാവിഷ്കാരം 


ഹദീഥ് എന്ന അറബി ശബ്ദത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മലയാള പരിഭാഷ 'വൃത്താന്തം' എന്നാണ്. 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയില്‍ ജനിച്ച് 40 വയസ്സുവരെ സമൂഹത്തില്‍ സത്യസന്ധനായി, നാട്ടുകാരുടെ കണ്ണിലുണ്ണിയായി ജീവിച്ച് 40ാമത്തെ വയസ്സില്‍ പ്രവാചകത്വം ലഭിച്ചതുമുതല്‍ ശത്രുക്കളുടെ പീഡനങ്ങള്‍ക്കും ഭത്സനങ്ങള്‍ക്കും വിധേയമായി ജീവിച്ച്, അവസാനം ആദര്‍ശമനുസരിച്ച് ജീവിക്കുവാന്‍ നിര്‍വാഹമില്ലായെന്ന് മനസ്സിലായപ്പോള്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത് മദീനയില്‍വെച്ച് തന്റെ 63ാമത്തെ വയസില്‍ മരണപ്പെട്ട മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിന്റെ നഖചിത്രമാണ് ഹദീഥ് നല്‍കുന്നത് എന്നുവേണമെങ്കില്‍ പറയാം.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തുമാണ്. സുന്നത്ത് എന്നുപറഞ്ഞാല്‍ മുഹമ്മദ് നബി(സ്വ)യുടെ ഉപദേശ-നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളും അനുവാദങ്ങളുമാണ്. സുന്നത്തിന്റെ രേഖീകരണമാണ് ഹദീഥ്. സുന്നത്ത് എഴുതപ്പെട്ടതാണ് ഹദീഥ് എന്നര്‍ഥം. പ്രവാചകനില്‍നിന്ന(സ്വ) അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഹദീഥുകള്‍ ചിലരെല്ലാം വ്യക്തിപരമായി രേഖപ്പെടുത്തിയിരുന്നുവെങ്കിലും പ്രവാചകന്റെ ജീവിതചര്യ മറ്റുള്ളവരുമായി അനുചരന്മാര്‍ പങ്കുവെച്ചത് അവരുടെ വാമൊഴികളിലൂടെയായിരുന്നു. സ്വഹാബികളില്‍നിന്ന് അടുത്ത തലമുറയില്‍പ്പെട്ട താബിഉകളും അടുത്ത തലമുറയില്‍പെട്ട താബിഉത്താബിഉകളും ഈ ഒരു സംപ്രേഷണ രീതിയില്‍തന്നെ നബി(സ്വ)യുടെ ജീവിതചിത്രത്തെ-സുന്നത്തിനെ-അടുത്ത തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തു. എന്നാല്‍ മൂന്നാമത്തെ തലമുറയായപ്പോഴേക്കും സ്വാഭാവികമായും പ്രവാചകന്റെ സുന്നത്ത് രേഖീകരിച്ച് സൂക്ഷിക്കേണ്ടതുണ്ടെന്ന് പണ്ഡിത പ്രമുഖന്മാര്‍ക്കും ഇസ്ലാമികരാഷ്ട്രത്തിന്റെ നായകന്മാര്‍ക്കും ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്റെ ജീവിതത്തെക്കുറിച്ചുള്ള വൃത്താന്തങ്ങളായ ഹദീഥുകള്‍ രേഖീകരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്.
രേഖീകരണം നടന്ന സമയത്ത് സ്വാഭാവിമായും നബി(സ്വ)യുടെ പേരില്‍ സത്യസന്ധമായി സംപ്രേഷണം ചെയ്യപ്പെട്ട ഹദീഥുകള്‍ ഉണ്ടായിരുന്നു; നബി(സ്വ)യുടെ പേരില്‍ പില്‍കാലഘട്ടത്തില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഹദീഥുകളും ഉണ്ടായിരുന്നു. ഈ ഒരവസ്ഥയില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഹദീഥുകളില്‍ പ്രവാചകനില്‍നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ആധുനിക വിജ്ഞാനീയങ്ങളെല്ലാം നാണിച്ചുപോകുന്ന രൂപത്തിലുള്ള വളരെ സമഗ്രവും സൂക്ഷ്മവുമായ ഒരു വിജ്ഞാനീയം മുസ്ലിം പണ്ഡിതന്മാര്‍ രൂപീകരിക്കുകയുണ്ടായി. 'ഉസ്വൂലുല്‍ ഹദീഥ്' എന്നറിയപ്പെട്ട ഹദീഥ് നിദാനശാസ്ത്രമാണത്. ഹദീഥ് നിദാനശാസ്ത്രത്തിന്റെ അരിപ്പയിലൂടെ ഒരു ഹദീഥ് കടന്നുപോയാല്‍ അതിനര്‍ഥം അത് പ്രവാചകനില്‍നിന്നുള്ളതാണെന്ന് ഉറപ്പാണ് എന്നാണ്. പ്രവാചകനില്‍നിന്നുള്ളതാണ് എന്നുപറഞ്ഞാല്‍ അതിനര്‍ഥം നബി(സ്വ) കൃത്യമായി പറഞ്ഞുകൊടുത്തതാണ് അതല്ലെങ്കില്‍ കാണിച്ചുകൊടുത്തതാണ് അതല്ലെങ്കില്‍ അനുവദിച്ചതാണ് എന്നാണ്.
നബിജീവിതത്തെക്കുറിച്ച് അല്ലാഹു നല്‍കുന്ന സാക്ഷ്യം ക്വുര്‍ആനില്‍ ഇങ്ങനെ വായിക്കാം.
"അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്റെ ഫലമത്രെ. വല്ലവനും
അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്.'' (53:4,5)
നബി(സ്വ)യില്‍നിന്ന് സ്വഹീഹായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഹദീഥുകള്‍ എത്രത്തോളം അല്ലാഹുവിന്റെ വഹ്യിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതാണ് എന്ന വിഷയത്തില്‍ മുസ്ലിം ലോകത്തും പുറത്തും വ്യത്യസ്തങ്ങളായ ചര്‍ച്ചകള്‍ കാലാന്തരങ്ങളില്‍ കടന്നുപോയിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആനെ നേര്‍ക്കുനേരെ നിഷേധിച്ചുകൊണ്ട് മുസ്ലിം ലോകത്ത് ഒരു ചിന്താപ്രസ്ഥാനവും ഉണ്ടായിട്ടില്ലെങ്കിലും പ്രവാചക കാലഘട്ടം കഴിഞ്ഞ് ആദിമ തലമുറകളുടെ കാലത്തുതന്നെ മുസ്ലിം സമൂഹത്തിനകത്തുനിന്ന് ഹദീഥുകളെ നിഷേധിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണ്ടായിവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ആധുനിക സമൂഹത്തില്‍ നാം എന്തെല്ലാം സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണോ ഒരു കാര്യത്തിന്റെ തെറ്റും ശരിയും മനസ്സിലാക്കുവാന്‍വേണ്ടി പരിശ്രമിക്കുന്നത് അതേ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പരിശോധിച്ചാല്‍ വഹ്യാണെന്ന് ഉറപ്പുള്ള ഹദീഥുകളെല്ലാം സത്യസന്ധവും സൂക്ഷ്മപ്രയോഗങ്ങള്‍ നടത്തുന്നവയുമാണെന്ന് സുതരാം വ്യക്തമാവും. സ്വഹീഹായ ഹദീഥുകള്‍ അവ എത്രത്തോളം സൂക്ഷ്മവും പടച്ചവനില്‍ന്നുള്ളതുമാണ് എന്ന് മനസ്സിലാക്കുവാന്‍ ശാസ്ത്രത്തെ എങ്ങനെ ഉപയാഗിക്കാനാവും എന്ന അന്വേഷണമാണ് 'ഹദീഥും ആധുനിക ശാസ്ത്രവും' എന്ന തലക്കെട്ടില്‍ നടക്കുന്നത്.
പരിശുദ്ധക്വുര്‍ആനിലെ വചനങ്ങള്‍ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ അപഗ്രഥിച്ചുകൊണ്ടുള്ള അവതരണങ്ങള്‍ നാമെല്ലാം കേട്ടിട്ടുള്ളതാണ്, മനസ്സിലാക്കിയിട്ടുള്ളതാണ്. ക്വുര്‍ആനിനെക്കുറിച്ച് പറയുമ്പോള്‍, ക്വുര്‍ആന്‍ പടച്ചവന്റെ വചനങ്ങളാണ് എന്ന് നാം ഓര്‍ക്കണം. പടച്ചവന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്റെ സംസാരമാണ് പരിശുദ്ധ ക്വുര്‍ആന്‍. ആ വചനങ്ങള്‍ അല്ലാഹുവിന്റേതാണ് എന്നതുകൊണ്ടുതന്നെ ആ വചനങ്ങള്‍ക്കുതന്നെ അമാനുഷികതയുണ്ട്. ആ വചനങ്ങളില്‍ മനുഷ്യരുടെ സ്പര്‍ശം ഇല്ലേയില്ല. അതുകൊണ്ടാണ് പരിശുദ്ധ ക്വുര്‍ആനില്‍ പടച്ചവന്റെ വചനങ്ങള്‍ക്ക് തുല്യമായ വചനങ്ങള്‍ കൊണ്ടുവരാന്‍ മനുഷ്യസമൂഹത്തെ മൊത്തത്തില്‍ വെല്ലുവിളിക്കുന്നത്. (2:23,24) പടച്ചവന്റെ വചനങ്ങള്‍ക്ക് തുല്യമായ വചനങ്ങള്‍ ഒരാള്‍ക്കും ഉണ്ടാക്കുവാന്‍ സാധ്യമല്ല എന്നാണ് ക്വുര്‍ആന്‍ ഇവിടെ വെല്ലുവിളിക്കുന്നത്. ഇതോടൊപ്പംതന്നെ പരിശുദ്ധ ക്വുര്‍ആനിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു വെല്ലുവിളികൂടി ക്വുര്‍ആന്‍ നടക്കുന്നുണ്ട്. ക്വുര്‍ആനിലെ നാലാമത്തെ അധ്യായം സൂറത്തുനിസാഇലെ എണ്‍പത്തിരണ്ടാമത്തെ വചനത്തില്‍ ആ വെല്ലുവിളി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "അവര്‍ ക്വുര്‍ആനിനെ കുറിച്ച് ചിന്തിക്കുന്നില്ലേ. അത് പടച്ചവന്റെ പക്കല്‍നിന്നുള്ളതല്ലായിരുന്നുവെങ്കില്‍ അതില്‍ അവര്‍ക്ക് ധാരാളം അബദ്ധങ്ങള്‍, വൈരുധ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.''
കഴിഞ്ഞ 14 നൂറ്റാണ്ടുകാലമായി പരിശുദ്ധ ക്വുര്‍ആനില്‍നിന്ന് ഒരു അബദ്ധമോ വൈരുധ്യമോ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടന്നിട്ടും അതില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്കോ ഇസ്ലാം വിമര്‍ശകര്‍ക്കോ ക്വുര്‍ആന്‍ വിമര്‍ശകര്‍ക്കോ ഇതുവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. സുന്നത്ത,് നേരത്തെ സൂചിപ്പിച്ച വചനങ്ങള്‍ വ്യക്തമാക്കുന്നതുപോലെ അല്ലാഹുവിന്റെ വഹ്യിന്റെ അടിസ്ഥാനത്തിലുള്ള നബി(സ്വ)യുടെ വാക്കുകളോ അതല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളോ അതുമല്ലെങ്കില്‍ അനുവാദമോ ആണ്. അത് രേഖപ്പെടുത്തപ്പെട്ടതാണ് ഹദീഥ്. ഇവിടെ, ഹദീഥും ക്വുര്‍ആനും തമ്മിലുള്ള വ്യത്യാസമെന്താണെന്ന ചോദ്യം പ്രസക്തമാണ്. അല്ലാഹുവിന്റെ റസൂലില്‍നിന്നുള്ളതാണ് എന്ന് ഉറപ്പുള്ള സ്വഹീഹായ ഹദീഥുകളും പരിശുദ്ധ ക്വുര്‍ആനിനെപ്പോലെ അല്ലാഹുവിന്റെ വഹ്യ് തന്നെയാണ്. പക്ഷെ, ക്വുര്‍ആന്‍ അല്ലാഹുവിന്റെ തന്നെ വചനങ്ങളാണ്. ഹദീഥുകള്‍ പ്രവാചകന്റെ വചനങ്ങളോ പ്രവാചകന്റെ പ്രവര്‍ത്തനങ്ങളോ പ്രവാചകന്റെ അനുവാദമോ ആണ്. അതുകൊണ്ടുതന്നെ, പണ്ഡിതന്മാര്‍ പറയുന്നത്. ഹദീഥിന്റെ പദങ്ങള്‍ പടച്ചവനില്‍നിന്നുള്ളതല്ല എന്നതുകൊണ്ടുതന്നെ ആ പദങ്ങള്‍ ക്വുര്‍ആനിലെ പദങ്ങളെപോലെ അമാനുഷികമാണ് എന്നുപറയാന്‍ സാധ്യമല്ല എന്നാണ് പ്രവാചകനില്‍നിന്ന് ഒരു പ്രവര്‍ത്തനം കണ്ട സ്വഹാബി ആ സഹാബിയുടേതായ പദങ്ങളിലാണ് ആ പ്രവര്‍ത്തനം വിവരിക്കുന്നത്; അല്ലെങ്കില്‍ നബിയില്‍ നിന്ന് കേട്ട കാര്യം വിശദീകരിക്കുന്നത്. അതുപോലെതന്നെ അല്ലാഹുവിന്റെ വചനങ്ങളുടെ തലവും ഹദീഥുകളുടെ തലവും തമ്മില്‍ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ വചനങ്ങള്‍ അമാനുഷികതയുള്ളവയാണ്. ഹദീഥാകളുടെ ആശയങ്ങള്‍ക്കാണ് അമാനുഷികതയുള്ളത്. ഇവിടെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഹദീഥുകള്‍, അവയുടെ ആശയങ്ങള്‍ അമാനുഷികമാണെങ്കില്‍ അതില്‍ നമ്മള്‍ക്ക് നേര്‍ക്കുനേരെ അറിയാവുന്ന വസ്തുതകളെക്കുറിച്ച പരാമര്‍ശങ്ങളുടെ ശാസ്ത്രീയമായ പരിശോധനയില്‍ അബദ്ധങ്ങള്‍ കണ്ടെത്താന്‍ സാധ്യതയില്ലേ എന്ന ചോദ്യത്തെയാണ് ഇവിടെ അഭിസംബോധന ചെയ്യുവാന്‍ ശ്രമിക്കുന്നത്.

പലപ്പോഴും ഹദീഥ് നിഷേധികളുടെ തട്ടകങ്ങളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കാറുള്ള ഹദീഥുകള്‍ക്കുനേരെയുള്ള നിരവധി വിമര്‍ശനങ്ങളില്‍ ഒന്നാണിത്. ആ വിമര്‍ശനങ്ങളുടെ തലത്തില്‍നിന്നുകൊണ്ടുതന്നെയാണ് ഹദീഥുകളും ആധുനിക ശാസ്ത്രവും എന്ന വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതിന്റെ ലക്ഷ്യമാകട്ടെ ഈ വിഷയത്തിലുള്ള നിരന്തരമായ ഗവേഷണങ്ങള്‍ക്കുവേണ്ടിയുള്ള പ്രചോദനമാണുതാനും. ഹദീഥുകളില്‍, സവിശേഷമായി നമ്മള്‍ പഠനത്തിന് വിധേയമാക്കുന്ന ചില ഹദീഥുകളുണ്ട്. പ്രവാചകന്റെ പ്രവാചകത്വത്തിന് തെളിവായി ചിലപ്പോള്‍ പ്രവാചകന്റെ പ്രബോധിത സമൂഹങ്ങളില്‍പെട്ട വേദക്കാരും അല്ലാത്തവരുമായ ആളുകള്‍ ചോദിച്ച ചില ചോദ്യങ്ങളുള്‍ക്കൊള്ളുന്ന ഹദീഥുകളാണവ. പ്രസ്തുത ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍(സ്വ) നല്‍കിയ മറുപടികളില്‍ പ്രത്യേകമായ അമാനുഷികത നമുക്ക് കാണാന്‍ സാധിക്കും. ഉദാഹരണത്തിന് സ്വഹീഹ് മുസ്ലിമില്‍ കിതാബുല്‍ ഹൈദ്വില്‍ രേഖപ്പെടുത്തിയിട്ടുള്ള ഥൌബാന്‍ (റ)ല്‍നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു ഹദീഥ് എടുക്കുക. ഥൌബാന്‍(റ) പ്രവാചകന്‍(സ്വ)യുടെ മോചിപ്പിക്കപ്പെട്ട ഒരു അടിമയായിരുന്നു. ആ ഥൌബാന്‍(റ) പ്രവാചകന്‍ (സ്വ) മദീനയില്‍ എത്തിയപ്പോഴുണ്ടായിരുന്ന ഒരു അനുഭവം വിശദീകരിക്കുകയാണ്:
സ്വഹീബ് മുസ്ലിം: കിബാബുല്‍ ഹൈദ്വ് 716-ാമത്തെ ഹദീഥ് "പ്രവാചകന്‍(സ്വ)യുടെ അടുത്ത് ജൂതന്മാരില്‍പെട്ട ഒരാള്‍ വന്നു. ഈ ജൂത പണ്ഡിതന്‍ പ്രവാചകന്‍(സ്വ)യോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യങ്ങള്‍ക്ക് നബി(സ്വ) മറുപടി പറഞ്ഞു. മറുപടി പറഞ്ഞുകഴിഞ്ഞപ്പോള്‍ ജൂത പണ്ഡിതന്‍ പ്രത്യേകമായി ചോദിച്ചു: നീയൊരു പ്രവാചകനാണോ അല്ലേ എന്ന് പരിശോധിക്കുന്നതിനുവേണ്ടി, പ്രവാചകന്മാര്‍ക്കും വേദങ്ങളില്‍ അഗാധമായ ജ്ഞാനമുള്ള ആളുകള്‍ക്കും മാത്രം അറിയാവുന്ന ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. ആ ചോദ്യം കുഞ്ഞിന്റെ ജനനത്തെക്കുറിച്ചാണ്. പ്രസ്തുതചോദ്യത്തിന് റസൂല്‍(സ്വ) ഭംഗിയായി മറുപടി പറഞ്ഞു. ഥൌബാന്‍ (റ) നിവേദനം ചെയ്യുന്ന പ്രവാചകമറുപടിയില്‍ മൂന്ന് ഭാഗങ്ങളുണ്ട്. ഇത് വേറെവേറെയെടുത്ത് പഠിക്കുവാന്‍വേണ്ടി പരിശ്രമിക്കുകയാണ്. ആദ്യം പറഞ്ഞത് കുഞ്ഞിന്റെ ജനനത്തിന് കാരണമാവുന്ന സ്രവങ്ങളെക്കുറിച്ചാണ്. പ്രവാചകന്‍(സ്വ) പറഞ്ഞു: "മാഉര്‍റജൂലി അബ്യദ്വൂന്‍ വ മാഉല്‍ മര്‍അത്തി അസ്ഫറുന്‍'' ഹദീഥ് പണ്ഡിതന്മാര്‍ വളരെയേറെ ചര്‍ച്ച ചെയ്ത ഒരു വിഷയമാണിത്, ഫിഖ്ഹ് പണ്ഡിതന്മാര്‍ പ്രത്യേകിച്ച് ഈ വിഷയം അപഗ്രഥിച്ചിട്ടുണ്ട്. നബി(സ്വ) പറയുന്ന ഒന്നാമത്തെ കാര്യം "പുരുഷന്റെ സ്രവം വെളുത്ത നിറത്തിലുള്ളതാണ്. സ്ത്രീയുടെ സ്രവം മഞ്ഞനിറത്തിലുള്ളതാണ്'' എന്നാണ്. പഴയകാല ഹദീഥ് പണ്ഡിതന്മാര്‍ മാത്രമല്ല, ആധുനിക ശാസ്ത്രവും ഹദീഥും തമ്മില്‍ താരതമ്യം ചെയ്ത് പഠിച്ച ചില പണ്ഡിതന്മാരും ഈ ഹദീഥ് പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ ഈ ഹദീഥിന്റെ പ്രാമാണികതയില്‍ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. അറിഞ്ഞിടത്തോളമുള്ള സ്ത്രീ സ്രവങ്ങളൊന്നും മഞ്ഞനിറത്തിലുള്ളതല്ലായെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ ഈ ഹദീഥിനെ സംശയിച്ചിരിക്കുന്നത്.
പുരുഷ സ്രവം വെള്ള നിറത്തിലുള്ളതാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് ബാഹ്യമായ സ്രവമാണ്. സ്ത്രീയുടെ ശരീരത്തില്‍ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സ്രവങ്ങളില്‍ അറിയപ്പെടുന്നവ മൂന്നെണ്ണമാണ്. ഒന്ന് സ്ത്രീ ശരീരം ലൈംഗികവേഴ്ചക്ക് തയ്യാറാകുന്ന സമയത്ത് സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍നിന്ന് പുറപ്പെടുന്ന സ്രവം. അതിന് ബെര്‍ത്തോലിന്‍ സ്രവം (ബെര്‍ത്തോലിന്‍ ഫ്ളൂയിഡ്) എന്ന് ശാസ്ത്രകാരന്മാര്‍ പറയും. ബെര്‍ത്തോലിന്‍ ഫ്ളൂയിഡ് നിറമില്ലാത്തതാണ്. രണ്ടാമത്തെ സ്രവം സ്ത്രീയുടെ ശരീരത്തില്‍ രതിമൂര്‍ച്ഛ സംഭവിക്കുമ്പോള്‍ ചില സ്ത്രീകളുടെ ശരീരത്തില്‍നിന്ന് പുറത്തുവരുന്ന സ്രവമാണ്. ആ സ്രവത്തിന് പാരായൂറിത്രല്‍ ഫ്ളൂയിഡ് എന്ന് പറയും. പാരായൂറിത്രല്‍ ഗ്രന്ഥിയില്‍നിന്നാണ് ആ സ്രവം പുറത്തുവരുന്നത്. രതിമൂര്‍ഛ അനുഭവിക്കുമ്പോള്‍ ചില സ്ത്രീകള്‍ക്ക് മാത്രം പുറത്തുവരുന്ന സ്രവമാണിത്. ഈ പാരായൂറീത്രല്‍ സ്രവവും നിറമില്ലാത്തതാണ്. മൂന്നാമത്തെ സ്ത്രീയുടെ ജനനേന്ദ്രീയവുമായി ബന്ധപ്പെട്ടിട്ടുള്ള സ്രവം സര്‍വിക്കല്‍ മ്യൂക്കസ് എന്ന് പറയുന്ന ജനനേന്ദ്രിയത്തെ സ്നിഗ്ധമായി നിലനിര്‍ത്തുന്ന സ്രവമാണ്. സര്‍വിക്കര്‍ മ്യൂക്കസ് സ്ത്രീയുടെ അണ്ഡോല്‍പാദന സമയത്ത് അഥവാ ഗര്‍ഭധാരണത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സമയത്ത് ഒരുതരം ക്രീം നിറത്തില്‍ ആയിത്തീരും അതുവെച്ചുകൊണ്ടുതന്നെ സ്ത്രീ ശരീരം ഗര്‍ഭധാരണ സമയമായോ എന്ന് അറിയാമെന്ന് ആ രംഗത്തെ വിദഗ്ദ്ധന്മാര്‍ പറഞ്ഞുതരും. ഇവിടെ നമുക്ക് അറിയാവുന്ന മൂന്ന് സ്രവങ്ങളും യഥാര്‍ഥത്തില്‍ മഞ്ഞയല്ല. പിന്നെ എന്തുകൊണ്ടാണ് പ്രവാചകന്‍(സ്വ) ഇങ്ങനെ പറഞ്ഞത്. ഇത് നമ്മള്‍ അറിയണമെങ്കില്‍ പ്രവാചകന്‍(സ്വ) ഏതൊരു മാഇനെ(സ്രവം)ക്കുറിച്ചാണ് പറഞ്ഞത് എന്ന് നമ്മള്‍അറിയണം. പ്രവാചകന്‍(സ്വ) കുഞ്ഞിന്റെ ജനത്തിന് നിമിത്തമാകുന്ന മാഇനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കുഞ്ഞിന്റെ ജനനത്തിന് നിമിത്തമാകുന്നതല്ല മുകളില്‍ പറഞ്ഞ മൂന്ന് സ്രവങ്ങളും. ഒന്ന് ലൈംഗിക ബന്ധത്തിന് സ്ത്രീ ശരീരം സന്നദ്ധമായാല്‍ ഉണ്ടാകുന്ന സ്രവമാണ്. മറ്റൊന്ന് സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അവസാനത്തേത് ജനനേന്ദ്രിയത്തെ സ്ഥിരമായി സ്നിഗ്ധമായി നിലനിര്‍ത്തുകയും അണ്ഡോല്‍പാദന സമയത്ത് പ്രത്യേക നിറം പ്രാപിക്കുകയും ചെയ്യുന്ന സ്രവമാണ്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്രവം സ്ത്രീയുടെ ശരീരത്തില്‍ ആന്തരികമായി നടക്കുന്നതാണ്.സ്ത്രീ ശരീരം അവളുടെ ആര്‍ത്തവ ചക്രത്തിന്റെ 14ാമത്തെ ദിവസത്തില്‍ അണ്ഡോല്‍സര്‍ജനം നടക്കുന്നു. അണ്ഡം പുറത്തുവരുന്നു. ഓവുലേഷന്‍ എന്ന് ഇംഗ്ളീഷ് ഭാഷയില്‍ അതിനെ വിളിക്കുന്നു. അണ്ഡോല്‍സര്‍ജനം നടക്കുന്നത് ഒരു പ്രത്യേക പ്രക്രിയ വഴിയാണ്. അണ്ഡോല്‍സര്‍ജനത്തിന്റെ സമയത്ത് പ്രായപൂര്‍ത്തിയായ സ്ത്രീയുടെ ശരീരത്തിലുള്ള മുന്നൂറോളം അണ്ഡങ്ങളില്‍ ഒരു അണ്ഡം പൂര്‍ണവളര്‍ച്ചെയെത്തുന്നു. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ അണ്ഡം വളരുന്നത് ഫോളികിള്‍ എന്നറിയപ്പെടുന്ന ഒരു അറയിലാണ്. ഫോളികിളില്‍ ഒരു പ്രത്യേകമായ ദ്രവം വന്ന് നിറയുന്നു. ആ ദ്രവത്തില്‍ പ്രധാനമായിട്ടുള്ളത് ഹലയൂറിക്കാസിഡ് ആണ്. ഹലയൂറിക്കാസിഡ് പ്രധാനമായിട്ടുള്ള ഫോളിക്കിളിനകത്തെ ദ്രാവകം നിറഞ്ഞ് പാകമെത്തുമ്പോള്‍ സ്റിഗ്മ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വാരം ഉണ്ടാകുന്നു. ഈ ദ്വാരം ഉണ്ടാകുവാന്‍ വേണ്ടി തലച്ചോറിന്റെ നിര്‍ദേശപ്രകാരം ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണാണ് ലൂറ്റിനൈസിങ് ഹോര്‍മോണ്‍. ലൂറ്റിനൈസിങ് ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി സ്റിഗ്മ ഉണ്ടായിക്കഴിഞ്ഞാല്‍ ഫോളികിള്‍പൊട്ടി അണ്ഡാശയത്തിനകത്തുനിന്ന് പുരുഷന്റെ ശരീരത്തിലെ സ്ഖലനം നടക്കുന്ന അതേ രീതിയില്‍ അണ്ഡവും അണ്ഡത്തോടൊപ്പമുള്ള ദ്രാവകവും തെറിച്ച് വീഴുന്നു. ഈ ദ്രാവകത്തില്‍ അണ്ഡം മാത്രം ഫെലോപ്പിയന്‍ നാളികളിലൂടെ മെല്ലെ അത് ഗര്‍ഭാശയത്തിലേക്ക് പോകുന്നു. ഈ അണ്ഡം അവിടെവെച്ച് പുരുഷ ബീജവുമായി സംയോജിക്കുകയും അത് കുഞ്ഞായിത്തീരുകയും അല്ലെങ്കില്‍ അത് നശിച്ചുപോവുകയും ചെയ്യും.
ഇവിടെ പെണ്ണിന് ആന്തരികമായി സംഭവിക്കുന്ന ഒരു സ്രവമുണ്ട്. മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്. ഇതിന്റെ നിറം എന്താണ്? ശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടില്ലാത്ത കാര്യമാണിത്. പക്ഷെ, അതിന്റെ നിറം മഞ്ഞയാകുന്നു. ലൂറ്റിനൈസിംഗ് ഹോര്‍മോണ്‍ എന്ന ഹോര്‍മോണാണ് ഇതിനെ മഞ്ഞവല്‍ക്കരിക്കുന്നത്. ലൂറ്റിനൈസിംഗ് എന്ന പേരും ലാറ്റിന്‍ ഭാഷയില്‍നിന്ന് ഉണ്ടായതാണ്. ലാറ്റിനില്‍ ലൂറ്റിനൈസ് എന്നുപറഞ്ഞാല്‍ മഞ്ഞവല്‍ക്കരിക്കുക എന്നാണ്. ഇതില്‍നിന്ന് അണ്ഡം പുറത്തുപോയതിന് ശേഷം ബാക്കിയാകുന്ന ഭാഗം കോര്‍പസ് ലൂറ്റിയം എന്നാണ് അറിയപ്പെടുന്നത്. കോര്‍പസ് ലൂറ്റിയം എന്നതിന്റെ ഇംഗ്ളീഷിലുള്ള പരിഭാഷ യെല്ലോ ബോഡിയെന്നാണ്. അണ്ഡോല്‍സര്‍ജനത്തിനു ശേഷം ബാക്കിയുള്ള ഭാഗങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും അത് കൂടുതല്‍ മഞ്ഞനിറമുള്ളതായിത്തീരുകയും ഏകദേശം നല്ല ഓറഞ്ചിന്റെ നിറത്തിലേക്ക് മനുഷ്യ സ്ത്രീയുടെ ശരീരത്തിലെ കോര്‍പസ് ലൂറ്റിയം ദിവസങ്ങള്‍ക്കുശേഷം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ വിഷയത്തില്‍ ശാസ്ത്രകാരന്മാര്‍ പഠനങ്ങള്‍ നടത്തിവരുന്നേയുള്ളൂ എന്നുള്ള വസ്തുതയും കൂടി നാം മനസ്സിലാക്കണം. അണ്ഡദ്രാവകത്തെ കുറിച്ച വിശദമായ പരാമര്‍ശങ്ങള്‍ ഇവ്വിഷയകമായ പഠനഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയാത്തത് അതുകൊണ്ടാണ്.
സ്വഹീഹുല്‍ മുസ്ലിമിലെ ഹദീഥ് നടത്തുന്ന രണ്ടാമത്തെ പരാമര്‍ശം "ഫഇദജ്തമആ''(അവ രണ്ടും കൂടിച്ചേര്‍ന്നാല്‍) എന്നാണ്. പ്രവാചകന്‍(സ്വ) ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ലോകത്ത് നിലവിലുണ്ടായിരുന്ന വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു നബി(സ്വ)യുടെ ഈ പ്രഖ്യാപനം. ബീജസങ്കലനം വഴിയാണ് കുഞ്ഞുണ്ടാകുന്നത് എന്ന് പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നുണ്ട്. സൂറത്തുല്‍ ഇന്‍സാനിലെ രണ്ടാമത്തെ വചനം നോക്കുക.
"കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.'' (76:2)
പുരുഷ ബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്നിട്ടാണ് കുഞ്ഞുണ്ടാകുന്നത് എന്നുള്ള വസ്തുത നമുക്ക് മനസ്സിലായിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. അതിന് മുമ്പ് പലതരം വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. പ്രവാചക(സ്വ)യുടെ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നത് ഗ്രീക്കുകാരുടെ വിശ്വാസമായിരുന്നു. ഗ്രീസിലെ മഹാപണ്ഡിതനായിരുന്ന, ക്രിസ്തുവിന് 322 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട അരിസ്റോട്ടില്‍ എഴുതിയ "ഓണ്‍ ദ ജനറേഷന്‍ ഓഫ് ആനിമല്‍സ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് പെണ്ണിന്റെ ശരീരത്തിലെ ആര്‍ത്തവ രക്തം പുരുഷ ശരീരത്തിലെ ബീജം ഒരു ഉല്‍പ്രേരകമായി വര്‍ത്തിച്ച് കട്ടിപിടിക്കുകയും അതിനോട് സ്ത്രീ ശരീരത്തില്‍ നിന്ന് ഓരോ ഭാഗങ്ങള്‍ ഒരുമിച്ച് കൂടുകയും ചെയ്തിട്ടാണ് കുഞ്ഞ് രൂപവല്‍ക്കരിക്കപ്പെടുന്നത് എന്നാണ്. ഇതിന് എപി ജനസിസ് എന്നാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്നവരും പേരുപറഞ്ഞത് ഒന്ന് ആ പേര് പില്‍കാലഘട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശേഷം മെഡിക്കല്‍ സയന്‍സിന്റെ പിതാക്കന്മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന ഹിപ്പോക്രാറ്റസിന്റെ, അദ്ദേഹം ക്രിസ്തുവിന് 377 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരാളാണ് പഠനങ്ങളില്‍ വളരെ കൃത്യമായി പറയുന്നത് പുരുഷ ബീജം വളര്‍ന്നുവന്നുകൊണ്ടാണ് യഥാര്‍ഥത്തില്‍ കുഞ്ഞുണ്ടാകുന്നത് എന്നാണ്. ഇതിന് പ്രീഫോര്‍മേഷന്‍ തിയറി എന്ന് പറയും. റസൂല്‍(സ്വ)യുടെ കാലത്ത് മാത്രമല്ല, ആധുനിക ശാസ്ത്രത്തിന്റെ പിതാക്കന്മാര്‍ക്കുപോലും ഉണ്ടായിരുന്ന അടിസ്ഥാനപരമായ വിശ്വാസങ്ങളില്‍ ഒന്നാണിത്. വില്യം ഹാര്‍വെ രക്തചംക്രമണത്തെക്കുറിച്ചുള്ള പഠനത്തില്‍ മുന്നില്‍നിന്നിരുന്ന ആളാണ്. ക്രിസ്താബ്ദം 1657ലാണ് അദ്ദേഹം മരണപ്പെട്ടത്. വില്യം ഹാര്‍വെ വിശ്വസിച്ചത് സ്ത്രീ ശരീരത്തില്‍ ഒരു അണ്ഡമുണ്ടെന്നും ആ അണ്ഡം സ്വയം വളര്‍ന്ന് പുരുഷ ബീജത്തെ ഒരു ഉല്‍പ്രേരകമായി ഉപയോഗപ്പെടുത്തി വളരുകയാണ് ചെയ്യുന്നതെന്നുമാണ്. ഒരു കോഴിയുടെ മുട്ടയില്‍ കുഞ്ഞുള്ളതുപോലെ സ്ത്രീ ശരീരത്തിലുള്ള അണ്ഡത്തില്‍ ഒരു കുഞ്ഞ് ഒളിഞ്ഞ് കിടപ്പുണ്ടെന്നും ആ കുഞ്ഞാണ് വളര്‍ന്ന് വലുതാകുന്നതെന്നുമാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തിന് ശേഷം ജീവിച്ച 1725ല്‍ മരണപ്പെട്ട നിക്കാളോസ് ഹാര്‍ട്ട്സോക്കര്‍ എന്ന ശാസ്ത്രകാരന്റെ വീക്ഷണം പുരുഷന്‍ സ്രവിക്കുന്ന ശുക്ളത്തിനകത്ത് ഒരു കുഞ്ഞ് ഒളിഞ്ഞ് കിടക്കുന്നുണ്ടെന്നും പെണ്ണിന്റെ ശരീരത്തില്‍വെച്ച് ആ കുഞ്ഞ് വളര്‍ന്ന് വലുതായി കുഞ്ഞായിതീരുന്നുവെന്നുമാണ്. ഇതിന് ഒന്നിന് ഓവം പ്രീഫോര്‍മേഷന്‍ തിയറിയെന്നും മറ്റേതിന് സ്പേമിസ്റ് തിയറി എന്നും പറയും. ഇങ്ങനെ 1725വരെ നിലനിന്നിരുന്നത് ഒന്നുകില്‍ സ്ത്രീ ശരീരത്തിലെ ബീജം മാത്രമാണ്, സ്ത്രീ ശരീരത്തിലെ എന്തോ ഒന്നുമാത്രമാണ് കുഞ്ഞിന്റെ വളര്‍ച്ചയില്‍ പങ്കുവഹിക്കുന്നത് എന്നും മറ്റൊന്ന് പുരുഷ ശരീരത്തിലെ എന്തോ ഒന്ന് മാത്രമാണ് കുഞ്ഞിന്റെ ജനനത്തിന് നിദാനമായിത്തീരുന്നത് എന്നുമായിരുന്നു. ഈ അബദ്ധധാരണകളുടെ സ്വാധീനം തീണ്ടാത്ത രൂപത്തില്‍ പരിശുദ്ധ ക്വുര്‍ആന്‍ വളരെ കൃത്യമായി പറഞ്ഞു. (76:2) 'കൂടിച്ചേരലില്‍നിന്നാണ്' ഒരു കുഞ്ഞിന്റെ ജനനം എന്നാണ് ക്വുര്‍ആന്‍ പറഞ്ഞത്. ഈ കൂടിച്ചേര്‍ന്ന ബീജത്തെക്കുറിച്ച് ക്വുര്‍ആന്‍ 'നുതുഫത്തില്‍ അംശാജില്‍' എന്ന് വിശദീകരിച്ചു ഈ രണ്ട് ബീജങ്ങളെയുംകുറിച്ച് പറഞ്ഞു. നടേ പറഞ്ഞ ഹദീഥിലും സ്ത്രീ ശരീരത്തിലുണ്ടാകുന്ന മഞ്ഞനിറത്തിലുള്ള പ്രത്യുല്‍പാദനത്തിന് കാരണമാകുന്ന അണ്ഡത്തെയും അതോടൊപ്പംതന്നെ പുരുഷ ശരീരത്തിലെ വെള്ളനിറത്തിലുള്ള പ്രത്യുല്‍പാദനത്തിന് കാരണമാകുന്ന ബീജത്തെയും കുറിച്ച് പറഞ്ഞു: അവ രണ്ടും യോജിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്ന് പറഞ്ഞു. ഇത് നബി(സ്വ) വഹ്യിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത് എന്ന് വ്യക്തമാക്കുന്നു.
അതിനുശേഷം നബി(സ്വ) മൂന്നാമത്തെ വിഷയം പറഞ്ഞു. “ഫഅലാ മനിയ്യൂര്‍റജുലി മനിയ്യല്‍ മര്‍അത്തി അദ്കറാബിഇദിനില്ലാ വഇദാ അലാ മനിയ്യുല്‍ മര്‍അത്തി മനിയ്യര്‍റജുലി ആനഥാബിഇദിനില്ലാ” ഹദീഥ് പണ്ഡിതന്മാരെല്ലാം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള ഒരു പദപ്രയോഗമാണിത്. ഇവിടെ നബി(സ്വ) പ്രയോഗിച്ച പദത്തിന്റെ പേരില്‍ ആധുനിക ശാസ്ത്രത്തിന്റെ വക്താക്കളെന്ന് പറയുന്ന ക്വുര്‍ആന്‍ വിമര്‍ശകന്‍മാരും ഹദീഥ് വിമര്‍ശകന്‍മാരും ഈ ഹദീഥിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താറുണ്ട്. ഈ ഹദീഥിന് പരമ്പരാഗതമായി നല്‍കിവരാറുള്ള അര്‍ഥ കല്‍പന സ്ത്രീക്ക് പുരുഷന് മുമ്പ് സ്ഖലനം സംഭവിച്ചാല്‍ കുഞ്ഞ് പെണ്‍കുട്ടിയാകുമെന്നും പുരുഷന് സ്ത്രീക്ക് മുമ്പ് സ്ഖലനം സംഭവിച്ചാല്‍ കുഞ്ഞ് ആണ്‍കുട്ടിയാകും എന്നാണ്. ഹദീഥ് പറയുന്നത് അത് അല്ല. ഹദീഥ് പറയുന്നത് *പുരുഷ ബീജം സ്ത്രീ ബീജത്തെ അതിജയിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം ആണ്‍കുട്ടിയും സ്ത്രീ ബീജം പുരുഷ ബീജത്തെ അതിജയിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം പെണ്‍കുട്ടിയുമുണ്ടാകുന്നു എന്നാണ്. എന്താണ് ഈ അതിജയിക്കല്‍? അത് മനസ്സിലാകണമെങ്കില്‍ 1905ല്‍ ശാസ്ത്രലോകത്ത് നടന്ന കുഞ്ഞിന്റെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട പഠനങ്ങളെ പരിശോധനാ വിധേയമാക്കേണ്ടിവരും. 1905ലാണ് പീറ്റര്‍ വില്‍സണും നെറ്റീസ്റ്റിവന്‍സുംകൂടി വ്യത്യസ്ത ലിംഗങ്ങളുടെ ക്രോമോസോമിക് ജീനുകളുടെ ജെനറ്റിക് അടിത്തറയെക്കുറിച്ച് പറഞ്ഞുവെച്ചത്. അഥവാ കോശങ്ങളിലുള്ള ക്രോമോസോമുകളെയും ജീനുകളെയും കുറിച്ച് പഠിക്കുകയും ക്രോമോസോമുകളില്‍ ലിംഗനിര്‍ണയത്തിന് നിദാനമായ ക്രോമോസോമുകളെ പ്രത്യേകമായി പഠന വിധേയമാക്കുകയും ചെയ്തു അവര്‍. അങ്ങനെ പഠനവിധേയമാക്കിയപ്പോള്‍ ലിംഗനിര്‍ണയത്തിന് കാരണം രണ്ട് ക്രോമസോമുകളാണെന്ന് അവര്‍ മനസ്സിലാക്കി. പ്രസ്തുത ക്രോമോസോമുകള്‍ക്ക് അവര്‍ പേരിട്ടത് എക്സ് ക്രോമോസോം എന്നും വൈ ക്രോമോസോമെന്നും. എക്സ് ക്രോമോസോം സ്ത്രീയുടെ ലിംഗ നിര്‍ണയത്തിന് കാരണമാക്കുന്ന ക്രോമോസോമും വൈ ക്രോമോസോം പുരുഷന്റെ ലിംഗ നിര്‍ണയത്തിന് നിമിത്തമാകുന്ന ക്രോമോസോമുമാണ്.
പെണ്ണിന്റെ കോശങ്ങളില്‍ എക്സ് ക്രോമോസോം മാത്രമെ ഉണ്ടാകൂ. അണ്ഡം ഉണ്ടാകുന്നത് മൈറ്റോസിസ് എന്നറിയപ്പെടുന്ന പ്രത്യേകമായ കോശവിഭജനം വഴിയാണ്. കോശവിഭവനം നടക്കുമ്പോള്‍ സ്ത്രീ ശരീരത്തിലെ കോശങ്ങളിലുള്ള രണ്ട് എക്സ് ക്രോമോസോമുകള്‍ വിഭജിക്കുന്നു. സ്ത്രീയുടെ കോശത്തില്‍ എക്സ് ക്രോമസോം മാത്രമായതിനാല്‍ അത് വിഭജിച്ചുണ്ടാവുന്ന അണ്ഡത്തില്‍ എക്സ് ക്രോമോസോം മാത്രമേയുണ്ടാവൂ. പുരുഷ ബീജത്തിലാകട്ടെ, പുരുഷന്റെ ശരീരകോശങ്ങളില്‍ എക്സ്, വൈ ക്രോമോസോമുകളുള്ളതുകൊണ്ട് ഇത് വിഭജിക്കുമ്പോള്‍ പകുതി എക്സ് ക്രോമോസോമും പകുതി വൈ ക്രോമോസോമുകളുമുള്ള ബീജങ്ങളാണ് ഉണ്ടാവുക. പുരുഷന്‍ ഒരുതവണ സ്ഖലിക്കുന്ന ബീജങ്ങളില്‍ എക്സ് ക്രോമോസോമുകളും വൈ ക്രോമോസോമുകളുമുള്ള ബീജങ്ങളും ഉണ്ടാകുമെങ്കില്‍ സ്ത്രീയുടെ അണ്ഡത്തില്‍ എക്സ് ക്രോമോസോം മാത്രമേയുണ്ടാകൂ. ഈ എക്സ് ക്രോമോസോമുള്ള അണ്ഡം വൈ ക്രോമോസോമുള്ള ബീജത്തെ അതിജയിച്ചുകൊണ്ട് പുരുഷ ബീജത്തിലുള്ള എക്സ് ക്രോമോസോമുമായി യോജിക്കുമ്പോള്‍ കുഞ്ഞിന്റെ ആദ്യകോശം എക്സ് എക്സ് ക്രോമോസോമുള്ളതായിരിക്കും. അത് വിഭജിച്ചുണ്ടാവുന്നത് പെണ്‍കുഞ്ഞായിരിക്കും. പുരുഷ ബീജത്തിലുള്ള വൈ ക്രോമോസോം പെണ്ണിന്റെ അണ്ഡത്തെ അതിജയിച്ചുകൊണ്ട് എക്സ് ക്രോമോസോം ഉള്ള അണ്ഡവുമായി യോജിക്കുമ്പോള്‍ ആദ്യകോശത്തിലുണ്ടാവുക എക്സ് വൈ ആയിരിക്കും. അത് വളര്‍ന്ന് ആണ്‍കുഞ്ഞായിരിക്കും ഉണ്ടാവുക. ഇത് 1905ല്‍ പീറ്റര്‍ വില്‍സണും നെറ്റീസ് ജീവന്‍സും കൂടി ശാസ്ത്രലോകത്തിന് മുന്നില്‍വെക്കുകയും പഠന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജനിതക ശാസ്ത്രം അംഗീകരിക്കുകയും ചെയ്ത കാര്യമാണ്.
പ്രവാചകന്‍(സ്വ) പറഞ്ഞത് പുരുഷ ബീജം സ്ത്രീബീജത്തെ അതിജയിക്കുമ്പോള്‍ ആണ്‍കുട്ടിയാണുണ്ടാവുകയെന്നാണ്; പുരുഷബീജത്തിലൂടെ വൈ ക്രോമോസോം സ്ത്രീയുടെ അണ്ഡത്തിലുടെ എക്സ് ക്രോമോസോമിനെ അതിജയിക്കുമ്പോള്‍ തീര്‍ച്ചയായും അവിടെയുണ്ടാകുന്നത് പുരുഷപ്രജയാണ്. അതോടൊപ്പംതന്നെ സ്ത്രീബീജം പുരുഷബീജത്തെ അതിജയിക്കുമ്പോള്‍ പെണ്‍കുട്ടിയുണ്ടാകുമെന്ന് നബി(സ്വ) പറഞ്ഞു; എക്സ് ക്രോമോസോം വൈ ക്രോമോസോമിനെ അതിജയിക്കുമ്പോള്‍ അവിടെയുണ്ടാകുന്നത് സ്ത്രീ പ്രജയാണ്. നബി(സ്വ) പറഞ്ഞത് കൃത്യമായ കാര്യമാണ്. ഇത് ഒരു ദുര്‍വ്യാഖ്യാനമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍ നബി(സ്വ) വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞ ഹദീഥുകള്‍ പരിശോധിച്ചാല്‍ ഇത് ദുര്‍വ്യാഖ്യാനമല്ല, പടച്ച തമ്പുരാന്റെ വചനങ്ങളുടെ അടിസ്ഥാനത്തില്‍, വഹ്യിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ പറഞ്ഞതുകൊണ്ട് സംഭവിച്ച അത്ഭുതകരമായ കൃത്യതയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
സ്വഹീഹുല്‍ മുസ്ലിമിലെ കിതാബുല്‍ ഹൈദ്വില്‍തന്നെയുടെ 715-ാമത്തെ ഹദീഥ് നോക്കുക: ആയിഷ (റ)ല്‍നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീഥില്‍ ഒരു സ്ത്രീ വന്നുകൊണ്ട് അവര്‍ക്കുണ്ടായ സ്വപ്ന സ്ഖലനത്തെക്കുറിച്ച് പ്രവാചകനോട് സംശയം ചോദിക്കുകയും അതിനുള്ള മറുപടിയുമെല്ലാമാണ് അടങ്ങുന്നത്. ഈ സമയം നബി(സ്വ) പറയുകയാണ്: (ഇദാഅലാ മാഉഹാ മാഅറ്റജൂലി അശ്ബഹല്‍ വലദു അഖ്വാലാഹു വഇദാ അലാ മാഉര്‍റജൂലി മാഅഹാ അശ്ബഹ അഅ്വാമഹു) പുരുഷ ബീജം സ്ത്രീ ബീജത്തെ അതിജയിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ സാദൃശ്യം ആ പുരുഷന്റെ സഹോദരന്മാരോടായിരിക്കും (അഅ്മാം). ഇതുപോലെ സ്ത്രീ ബീജം പുരുഷ ബീജത്തെ അതിജയിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ സാദൃശ്യം സ്ത്രീയുടെ സഹോദരന്മാരോടായിരിക്കും (അഖ്വാല്‍). അഖ്വാല്‍ എന്ന് പറഞ്ഞാല്‍ ഖാല്‍ എന്ന പദത്തിന്റെ ബഹുവചനമാണ്. ങലലൃിേമഹ ഡിമഹല എന്നാണ് ഖാലിന്റെ ഇംഗ്ളിഷ് പരിഭാഷ മാതാവിന്റെ കുടുംബത്തിലുള്ള, നേര്‍ക്കുനേര്‍ രക്തബന്ധമുള്ള ആരെക്കുറിച്ചും അത് പറയാം . ഇതേപോലെ അഅ്മാം എന്നുപറഞ്ഞാല്‍ അമ്മിന്റെ ബഹുവചനമാണ്. പുരുഷന്റെ നേര്‍ക്കുനേരെയുള്ള രക്തബന്ധമുള്ള ആരെക്കുറിച്ചും ഇത് പറയാം. നബി(സ്വ) പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് ആധുനിക ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
ജനിതക ശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ നിയമങ്ങളെക്കുറിച്ച് ലോകം ചിന്തിക്കാന്‍ തുടങ്ങിയത് 1866ല്‍ ഗ്രിഗര്‍ മെന്റല്‍ എന്ന് അറിയപ്പെടുന്ന ഒരു പാതിരി പയര്‍ വിത്തുകളില്‍ നടത്തിയ പാരമ്പര്യ പരീക്ഷണങ്ങളില്‍നിന്നാണ്. ആ പാരമ്പര്യ പരീക്ഷണങ്ങളില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കിയ ചില കാര്യങ്ങളാണ് ജനിതകം എന്ന ശാസ്ത്രശാഖക്ക് അടിത്തറയുണ്ടായത്. ജനറ്റിക്സ് ഓരോ ജീവികളുടെയും പാരമ്പര്യത്തിന്റെ അടിത്തറയെന്തെന്ന് പഠിക്കുകയാണ്. നമ്മുടെ മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും കൂടിച്ചേര്‍ന്നുകൊണ്ടാണ് നമ്മുടെ എല്ലാവരുടെയും ആദ്യത്തെ കോശമായ സിക്താണ്ഡം ഉണ്ടായിട്ടുള്ളത് എന്നതുകൊണ്ടുതന്നെ പിതൃസ്വഭാവങ്ങളുടെയും മാതൃസ്വഭാവങ്ങളുടെയും സ്വാധീനം നമുക്കുണ്ടാകും. പക്ഷെ ആ സ്വാധീനം എങ്ങനെയാണ്? മാതാവിനെപോലെ മക്കള്‍ ആകണമെന്നില്ല. പിതാവിനെപോലെ മക്കള്‍ ആകണമെന്നില്ല. പിതാവിന്റെ കണ്ണുള്ള കുട്ടി, അതേസമയം മുടിയോ മാതാവിന്റെ സഹോദരന്റേത്. ഇതിനെക്കുറിച്ചാണ് വളരെ വിശദമായി മെന്റല്‍ പഠനത്തിന് വിധേയമാക്കിയതും അതിനുശേഷം ജനിതകം വളര്‍ന്നതും. ഇപ്പോള്‍ ജനിതകം, പാരമ്പര്യവ്വാഹികളായ ജീനുകളെ മാപ്പ് ചെയ്യുന്ന ജിനോമിക്സില്‍ എത്തിനില്‍ക്കുകയാണ്. പാരമ്പര്യ വാഹികളായ ജീനുകളിലൂടെ സ്വഭാവങ്ങള്‍ സംപ്രേഷണം ചെയ്യുപ്പെടുന്നത് എങ്ങനെയാണ്? ജനിതക ശാസ്ത്രജ്ഞന്മാര്‍ പറയും. ഓരോ സ്വഭാവവുമായി ബന്ധപ്പെട്ട് രണ്ട് തരം ജീനുകളുണ്ടാവും. കണ്ണിന്റെ നിറമെടുക്കുക. ഇക്കാര്യത്തില്‍ കുഞ്ഞിന്റെ കോശത്തില്‍ മാതാവില്‍നിന്നും വരുന്ന ഒരു ജീനും പിതാവില്‍നിന്നും വരുന്ന ഒരു ജീനുമുണ്ടാകും. ഈ രണ്ട് സ്വഭാവങ്ങളുടെയും മിശ്രിതമാകില്ല കുട്ടിയുടെ സ്വഭാവം. മറിച്ച് ഈ ജീനുകളില്‍ ഒരു സ്വഭാവം മറ്റേ സ്വഭാവത്തെ അതിജയിക്കുന്നതായിരിക്കും; അതിന് ഡോമിനന്റ് സ്ട്രൈറ്റ് എന്നാണ് പറയുക. മറ്റൊരു സ്വഭാവം ഒതുങ്ങിക്കൊടുക്കുന്നതായിരിക്കും. അതിന് റെസസീവ് സ്ട്രൈറ്റ് എന്ന് പറയും. ഡോമിനന്റ് അതിജീവിക്കും; നെസസീവാകട്ടെ അതിജീവിക്കില്ല. ഉദാഹരണത്തിന് മാതാവിന്റെ കണ്ണ് കറുത്തതും പിതാവിന്റെ കണ്ണ് വെളുത്തതുമാണെന്ന് വിചാരിക്കുക. ഇത് രണ്ടും കുട്ടിയില്‍ എത്തുമ്പോള്‍ കണ്ണ് കറുത്തത് എന്ന ജീന്‍ ഡോമിനന്റാണെങ്കില്‍ കുട്ടിയുടെ കണ്ണ് കറുത്തതാകും. പക്ഷെ അവിടെ റെസസീവ് ജീന്‍ ഉണ്ടാകും. ആ ജീന്‍ സുഷുപ്താവസ്ഥയിലാകും.അയാള്‍ക്ക് കുട്ടിയുണ്ടാകുമ്പോള്‍ ചിലപ്പോള്‍ ആ ജീന്‍ പുറത്തുവരും. അതുകൊണ്ടുതന്നെ പലപ്പോഴും പിതാവിന്റെയോ മാതാവിന്റെയോ സ്വഭാവമല്ല ഈ വിഷയത്തിലുണ്ടാവുക. പിതൃസഹോദരന്റെയോ അല്ലെങ്കില്‍ മാതൃസഹോദരന്റെയോ സ്വഭാവമാണ് കുട്ടികള്‍ക്കുണ്ടാവുക.
പിതാവിന്റെ സ്രവമാണ് അതിജീവിക്കുന്നതെങ്കില്‍ പിതാവിന്റെ സഹോദരന്മാരില്‍ ആരുടെയെങ്കിലും സ്വഭാവമായിരിക്കും കുഞ്ഞിനുണ്ടാവുക. അഅ്മാം എന്ന് നബി(സ്വ) പറഞ്ഞ പിതൃഗണത്തിലുള്ള സഹോദരന്മാരില്‍ ആരിലെങ്കിലുമുള്ള സ്വഭാവമായിരിക്കും ആ തലത്തിലുള്ള പിതാവിന്റെ ബീജത്തിലുള്ള ജീന്‍ ഡോമിനന്റ് ആവുകയാണെങ്കില്‍ കുട്ടിക്കുണ്ടാവുക എന്നര്‍ഥം. നബി(സ്വ)യുടെ വചനങ്ങളില്‍ അബദ്ധങ്ങളൊന്നുമില്ലെന്ന് നമുക്ക് കൃത്യമായി മനസ്സിലാക്കാം. മാതാവിന്റെ ബീജമാണ് ആ സ്വഭാവത്തിന്റെ വിഷയത്തില്‍ ഡോമിനന്റായി തീരുന്നതെങ്കില്‍ മാതാവിന്റെയോ മാതൃസഹോദരിമാരുടെയോ ആ ബന്ധത്തിലോപെട്ട ആരുടെയെങ്കിലുമോ സ്വഭാവമായിരിക്കും കുഞ്ഞിനുണ്ടാവുക എന്ന് കൂടി നബി(സ്വ) ഇവിടെ പഠിപ്പിക്കുന്നു.
ഇവിടെ നബി(സ്വ) പറഞ്ഞത് അമ്മ് എന്നോ ഖാല്‍ എന്നോ അല്ല. അഅ്മാം എന്നും അഖ്വാല്‍ എന്നുമാണ് എന്ന വസ്തുത ശ്രദ്ധേയമാണ്. എന്താണ് രണ്ടുംതമ്മിലുള്ള വ്യത്യാസം? നേരത്തെ സൂചിപ്പിച്ചതുപോലെതന്നെ ചിലപ്പോള്‍ പിതാവിന്റെ സഹോദരന്റെ ഒരു കണ്ണും മാതാവിന്റെ സഹോദരിയുടെ ഒരു കാതുമായിരിക്കും കുട്ടിക്കുണ്ടാവുക. ഈ ഒരു സ്വഭാവം പിതാവിന്റെ പിതാവില്‍നിന്നോ മാതാവിന്റെ മാതാവില്‍നിന്നോ അവരുടെ മാതാവില്‍നിന്നോ പകര്‍ന്ന് കിട്ടുന്ന സ്വഭാവമാണ് ഉണ്ടാകുന്നതെങ്കില്‍ ആ സ്വഭാവമാണ് ഇവിടെ അതിജയിക്കുക.
വളരെ കൃത്യമായി ആധുനിക ജനിതക ശാസ്ത്രജ്ഞന്മാര്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം നബി(സ്വ) കൃത്യമായി പറയുകയാണ്. ജൂതന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞ നബി(സ്വ)യുടെ മൂന്ന് വിശദീകരണങ്ങള്‍ കേട്ടപ്പോള്‍ വേദം പഠിച്ച, വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചുള്ള മുന്നറിയിപ്പും സന്തോഷവാര്‍ത്തയും വേദത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ ഈ വേദ പണ്ഡിതന്‍ അവിടെവെച്ചുതന്നെ പറഞ്ഞു: "ഉറപ്പ്, മുഹമ്മദ് താന്‍ അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്ന് ഉറപ്പാണ്. ഞാന്‍ ഇതാ താങ്കളില്‍ വിശ്വസിക്കുന്നു. ഈ വചനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വേദ പണ്ഡിതന് മനസ്സിലായി, പടച്ച തമ്പുരാന്റെ വഹ്യിന്റെ അടിസ്ഥാനത്തിലല്ലാതെ ഇത് പറയാന്‍ സാധ്യമല്ലായെന്ന്.
നബി(സ്വ) പറഞ്ഞ ഇതുപോലെയുള്ള പല കാര്യങ്ങളും പുതിയ ശാസ്ത്രീയമായ പഠനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയാന്‍ വേണ്ടി മാത്രമായി തെളിവുകള്‍ തേടി നടക്കാറുണ്ട് പലരും. ഉദാഹണത്തിന് സ്വഹീഹ് മുസ്ലിമിലെ കിത്താബുല്‍ ഖദ്റില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള 6725-ാമത്തെ ഹദീഥില്‍ ഹുദൈഫത്തുബ്നു അസീദ്(റ) ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടുകൊണ്ട് വളരെ വിശദീകരിച്ചുകൊണ്ട് പല കാര്യങ്ങളും പറയുന്നുണ്ട്. നബി(സ്വ) പറയുകയാണ് ആ സമയത്ത് കുഞ്ഞിന്റെ നേരെ ഒരു മലക്ക് വരും. യദ്ഖുലുല്‍ മലക്കു അല ന്നുത്വ്ഫത്തി ബഅ്ദമാ തസ്തഖിറ്ദ ഫിര്‍റഹ്മിബി അര്‍ബഈന അവ് ഖംസത്തില്‍ വ അര്‍ബഈന ലൈലത്തന്‍ ഗര്‍ഭാശയത്തില്‍വെച്ച് കുഞ്ഞിന്റെ ബീജം 40ഓ 45ഓ ദിവസം കഴിഞ്ഞതിനുശേഷം ഒരു മലക്ക് വരും. ആ മലക്ക് പടച്ചവനോട് പല ചോദ്യങ്ങളും ചോദിക്കും. ആ ചോദ്യങ്ങളില്‍ ഒന്ന് കുഞ്ഞ് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്നാണ്. അയ്റബ്ബി, അദ്കുന്‍ അവ് ഉന്‍ഥാ അല്ലാഹുവിന്റെ മറുപടിക്കനുസരിച്ച് മലക്ക് അത് രേഖപ്പെടുത്തും.ഫയ്യല്‍തബാനി ഹദീഥ് നിഷേധികള്‍ പലപ്പോഴും അടുത്തകാലം വരെ ഈ ഹദീഥ് എടുത്തുകൊണ്ട് നബി(സ്വ)യെ കളിയാക്കിയിരുന്നു. നേരത്തെ സൂചിപ്പിച്ച ജനിതകമായ ലിംഗനിര്‍ണയം നടക്കുന്നത് പുരുഷ ബീജവും സ്ത്രീബീജവും കൂടിച്ചേരുന്ന ആദ്യത്തെ ദിവസമാണ്. പിന്നെ 40-45 ദിവസത്തിന് ഇടയ്ക്കുവന്ന് കുഞ്ഞിന്റെ ലിംഗത്തെക്കുറിച്ച് ഈ മലക്ക് എഴുതേണ്ടി വരുന്നതെന്തിനാണ് എന്നായിരുന്നു അവരുടെ ചോദ്യം. മലക്കിന്റെ ആഗമനത്തെപ്പോലെയുള്ള അഭൌതികമായ കാര്യങ്ങള്‍ ശാസ്ത്രീയമായ വിശകലനത്തിന് വഴങ്ങുന്നവയല്ല. എങ്കിലും ഈ ചോദ്യത്തെ അതേതലത്തില്‍ന്നെ നമ്മള്‍ എടുക്കുക. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഈ ചോദ്യത്തിന് കൃത്യമായ, ശാസ്ത്രീയ മറുപടി നല്‍കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഈ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിതകമായ അടിത്തറ മാത്രമല്ല, ലിംഗനിര്‍ണയത്തിന്റെ പിന്നിലുള്ളത് എന്ന വസ്തുത ശാസ്ത്രലോകം പൂര്‍ണമായും അംഗീകരിച്ചതാണ്. അതിന് കാരണമുണ്ട്.
ചില പെണ്‍കുട്ടികളില്‍-അവരുടെ പെണ്‍സ്വഭാവം പ്രകടമായ ലൈംഗികതയുള്ള ചില ആളുകളുടെ ക്രോമസോം പരിശോധനയാണു പുതിയ കണ്ടെത്തലുകള്‍ക്ക് നിമിത്തമായത്. അവരുടെ ക്രോമോസോം പരിശോധിച്ചപ്പോള്‍ പെണ്‍സ്വഭാവമുള്ളവരെന്ന നിലയ്ക്ക്, യഥാര്‍ഥത്തില്‍ അവരില്‍ കാണേണ്ടത് എക്സ് എക്സ് ക്രോമോസോമാണ്; പക്ഷെ കാണുന്നത് എക്സ് വൈ ക്രോമോസോമാണ്. ചില പുരുഷന്മാരില്‍ എക്സ് വൈ ക്രോമോസോം കാണപ്പെടേണ്ടതിന് പകരം എക്സ് എക്സ് ക്രോമോസോം ഉണ്ടാകുന്നു. രണ്ട് എക്സ് എക്സ് വൈ ക്രോമോസോം കാണുന്നപുരുഷമാരുണ്ട്. ചില പുരുഷന്മാരില്‍ ത്രിപ്പിള്‍ എക്സ് വൈ ക്രോമോസോം കാണുന്നു. അഥവാ മൂന്ന് എക്സ് ക്രോമോസോമും ഒരു വൈ ക്രോമോസോമും കാണുന്നു. ഇതിന്റെ വെളിച്ചത്തിലാണ് എങ്ങനെയാണ് ലിംഗനിര്‍ണയം നടക്കുന്നതെന്ന പൂര്‍ണമായ പഠനങ്ങള്‍ നടന്നത്. വൈ ക്രോമോസോം ഒരു ഭ്രൂണത്തില്‍ പുരുഷ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ആറാമത്തെ ആഴ്ചവരെ കാണുകയില്ലെന്നും ആറാമത്തെ ആഴ്ചയാണ് ലിംഗഭേദം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതെന്നും മനസ്സിലാക്കിയത്. വൈ ക്രോമോസോമിന്റെ അറ്റത്ത് ഒരു ജീനുണ്ട്. ആ ജീനിന് ശാസ്ത്രകാരന്മാര്‍ പറയുക എസ്് ആര്‍ വൈ ജീന്‍ എന്നാണ്. എസ് ആര്‍ വൈ ജീന്‍ എന്നുപറഞ്ഞാല്‍ സെക്സ് ഡിറ്റര്‍മൈന്‍ ചെയ്യുന്ന ജീന്‍ (ലൈംഗികത തീരുമാനിക്കുന്ന ജീന്‍) എന്നാണര്‍ഥം. ഈ എസ് ആര്‍ വൈ ജീന്‍ പ്രവര്‍ത്തനക്ഷമമാകുമെങ്കില്‍ മാത്രമാണ് കുഞ്ഞ് ആണ്‍കുഞ്ഞാവുക. അതല്ലെങ്കില്‍ കുഞ്ഞ് എക്സ് വൈ ക്രോമസോമുകളുള്ള പെണ്‍കുഞ്ഞാകാം. അതുമല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങളുണ്ടാകാം. നപുംസകങ്ങകളെപോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ഇതാണ്. ഇവിടെ എസ്. ആര്‍ വൈ ജീന്‍ എപ്പോഴാണ് ആക്ടിറ്റിവേറ്റ് ആകുന്നത് എന്നചോദ്യം പ്രസക്തമാണ്. ഈ രംഗത്ത് 2008നുശേഷം എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ പരിശോധിക്കുക. ഈ വിഷയം വളരെ വ്യാപകമായി അവ ചര്‍ച്ച ചെയ്യുന്നുണ്ട്. പുതിയ ശാസ്ത്ര വിവരങ്ങള്‍ നമുക്ക് ലഭിക്കുന്ന ഒരു പോപ്പുലര്‍ സൈറ്റാണ് ംംം.ുയ.ീൃഴ ഈ സൈറ്റില്‍പോയി നിങ്ങള്‍ സെക്സ് ഡിറ്റെര്‍മിനേഷന്‍ എന്ന ഒരു സെര്‍ച്ച് കൊടുത്ത് ലിംഗനിര്‍ണയത്തെപ്പറ്റി പറയുന്ന ഭാഗം നോക്കുക. ഓരോ ആഴ്ചയും നടക്കുന്ന കുഞ്ഞിന്റെ സെക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതില്‍ പറയുന്നുണ്ട്. ഒന്നാമത്തെ ആഴ്ച പുരുഷ ബീജം സ്ത്രീ ബീജവുമായി കൂടിച്ചേരുന്നു. രണ്ടാമത്തെ ആഴ്ച അത് കൂടുതല്‍ കൂടുതല്‍ കോശങ്ങളുണ്ടായി ഓരോ ഘട്ടങ്ങളിലെത്തുന്നു. ഇങ്ങനെ ആണിനെയും പെണ്ണിനെയും വേര്‍തിരിക്കാതെ കുഞ്ഞിന്റെ വളര്‍ച്ചയെപ്പറ്റി പ്രതിപാദിക്കുന്നത് ആറാമത്തെ ആഴ്ചവരെയാണ്. ആറാമത്തെ ആഴ്ച കഴിഞ്ഞാല്‍ രണ്ട് ടാഗുകള്‍ നിങ്ങള്‍ക്ക് കാണാം. ഒന്ന് മെയില്‍ എന്നും മറ്റേത് ഫീമെയില്‍ എന്നും. ഈ മെയിലില്‍ നിങ്ങള്‍ ക്ളിക്ക് ചെയ്താല്‍ നിങ്ങള്‍ അവിടെ കാണും ഈ സമയത്ത് എസ് ആര്‍ വൈ ജീന്‍ ആക്ടിവേറ്റ് ആയിക്കഴിഞ്ഞാല്‍ കുഞ്ഞ് ആണ്‍കുഞ്ഞാകുന്നുവെന്ന്. എസ് ആര്‍ വൈ ജീന്‍ ആക്ടിവേറ്റ് ആകാതിരുന്നാല്‍ കുഞ്ഞ് പെണ്‍കുഞ്ഞോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉള്ളതായി മറുമെന്നും കാണുന്നു. എന്തുകൊണ്ടാണ് ഈ സമയത്ത് ചില ആളുകളില്‍ എസ് ആര്‍ വൈ ജീന്‍ ആക്ടിവേറ്റ് ആകാത്തത് എന്ന് ഇന്നും നമുക്ക് മനസ്സിലായിട്ടില്ല. ഇത് പറയുന്നത് ആധുനിക ശാസ്ത്രത്തിന്റെ പഠനത്തിലൂടെയാണ്. നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. ആറാമത്തെ ആഴ്ചയാണ് ആത്യന്തികമായി കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുന്നത് എന്നര്‍ഥം.
പ്രവാചകന്‍(സ്വ) പറഞ്ഞത് 40ഓ 45ഓ ദിവസം കഴിഞ്ഞ് എന്നാണ്. 40ഓ 45ഓ ദിവസം എന്നത് ആറാഴ്ചതന്നെ. 2008ന് മുമ്പുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഹദീഥ് അശാസ്ത്രീയമാണെന്ന് വിധിച്ച് ഹദീഥ് നിഷേധിച്ച ആളുകള്‍ ഇന്ന് ആ ഹദീഥുകള്‍ തെരഞ്ഞുകണ്ടുപിടിച്ച് എസ് ആര്‍ വൈ ജീനിനെകുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് പുറത്ത് ഒട്ടിച്ചുവെക്കേണ്ട അവസ്ഥാവിശേഷമാണ് ഉള്ളത് എന്നതാണ് വസ്തുത.
പ്രവാചകന്റെ സംസാരം മുഴുവനും തന്നെ അല്ലാഹുവിന്റെ വഹ്യിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അതിലെ ആശയങ്ങള്‍ക്ക് ഒരു അബദ്ധവും സംഭവിച്ചുകൂടാ. കുഞ്ഞിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഹദീഥ് കൂടി നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുകയാണ്. കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുന്ന സഹീഹുല്‍ മുസ്ലിമില്‍തന്നെയുള്ള കിത്താബുല്‍ ഖദ്റിലെ 6726-ാമത്തെ ഹദീഥ്. ഈ ഹദീഥ് നിവേദനം ചെയ്തിട്ടുള്ളത് ഉബൈദത്തുബ്നുല്‍ ഉസൈദ്(റ) ആണ്. കുഞ്ഞിനെക്കുറിച്ചും കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചും പറയുന്നത് കുഞ്ഞിന് 42 ദിവസം പ്രായമായിക്കഴിഞ്ഞാല്‍ ഒരു മലക്ക് കടന്നുവരികയും ആ മലക്ക് കുഞ്ഞിന്റെ ശരീരത്തെ രൂപപ്പെടുത്തുകയും അതിന് കേള്‍വിയും കാഴ്ചയും മറ്റ് അവയവങ്ങളുമെല്ലാം നല്‍കുകയും ചെയ്യുന്നുവെന്നാണ്.ഇദാ മര്‍റ ബിന്നുത്വ്ഫത്തി ഥ്നത്താനി വഅര്‍ബഈന ലൈലത്തന്‍ ബഅദല്ലാഹു ഇലൈഹാ മലക്കന്‍ ഫസ്വവ്വറഹാ വ ഖലഖ സംഅഹാ വ ബസ്വറഹാ വ ലഹ്മഹാ വ ഇദാമഹാ.അത്ഭുതകരമാണ് ഈ ഹദീഥിലെ പരാമര്‍ശം. ആദ്യം സൂചിപ്പിച്ച ഹദീഥിലുള്ളപോലെ ആറാമത്തെ ആഴ്ചതന്നെയാണ് അവയവ രൂപീകരണം നടക്കുന്നതെന്ന് കൃത്യമായിതന്നെ റസൂല്‍(സ്വ) പറയുന്നു. 42 രാത്രികള്‍ കഴിഞ്ഞാലാണ് ഇത് സംഭവിക്കുന്നതെന്ന്. കുഞ്ഞിന്റെ അവയവങ്ങളെക്കുറിച്ചുള്ള, അവയവ വളര്‍ച്ചയെക്കുറിച്ചുള്ള ഗ്രാഫ് പരിശോധിച്ചാല്‍ ഇക്കാര്യം കൃത്യമാണെന്ന് കാണാന്‍ കഴിയും. കുഞ്ഞിന്റെ വളര്‍ച്ചയെ രണ്ടായി തിരിച്ചുകൊണ്ടാണ് ഭ്രൂണശാസ്ത്രം പഠനങ്ങള്‍ നടത്തുന്നത്. കുഞ്ഞ് ആദ്യം എബ്രിയോ ആണ്. പിന്നെ ഫ്രീറ്റസ് ആണ്. ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ ഒന്‍പത് ആഴ്ചവരെയാണ് കുഞ്ഞ് എംബ്രിയോ ആകുന്നത്. ഒന്‍പത് ആഴ്ചകഴിഞ്ഞാല്‍ എബ്രിയോ ഫീറ്റസായി മാറുന്നു. ഫീറ്റസ് എന്നുപറഞ്ഞാല്‍ ഒരു കുഞ്ഞിന്റെ എല്ലാ രൂപങ്ങളുമുള്ള അവസ്ഥയാണ്. പിന്നെ നടക്കുന്നത് വലിപ്പം വെക്കലാണ്. യഥാര്‍ഥത്തില്‍ ഫീറ്റസായി മാറിക്കഴിയുന്നതിന് മുമ്പ് ആ എംബ്രിയോയുടെ ആദ്യത്തെ ഒരു ഇറച്ചിക്കഷണത്തിന്റെ അവസ്ഥയില്‍നിന്ന് മാറി അതിന് അവയവങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക ആറാമത്തെ ആഴ്ച കഴിഞ്ഞതിന് ശേഷമാണ്. ആറാമത്തെ ആഴ്ചയുള്ള ഒരു ഭ്രൂണത്തേയും ഏഴാമത്തെ ആഴ്ചയുള്ള ഒരു ഭ്രൂണത്തേയും നിങ്ങള്‍ താരതമ്യം ചെയ്താല്‍ ആറാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് നിങ്ങള്‍ക്ക് കണ്ണ് കാണില്ല. ഏഴാമത്തെ ആഴ്ചയിലുള്ള ഭ്രൂണത്തിന് കണ്ണുള്ളതായി നിങ്ങള്‍ക്ക് കാണാം. ആറാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് നിങ്ങള്‍ കാത് കാണുകയില്ല. എന്നാല്‍ ഏഴാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് കാത് കാണാന്‍ സാധിക്കും. ആറാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് നട്ടെല്ല് രൂപപ്പെട്ടതായി നിങ്ങള്‍ കാണില്ല. എന്നാല്‍ ഏഴാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് നട്ടെല്ല് രൂപീകരിക്കപ്പെട്ടതായി നിങ്ങള്‍ കാണും. ആറാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് തൊലി വികസിച്ചതായി നിങ്ങള്‍ കാണില്ല. എന്നാല്‍ ഏഴാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് തൊലി വികസിച്ചതായി കാണാനാവും. അതുപോലെതന്നെ ആറാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് കൃത്യമായ ഒരു രൂപം ഉള്ളതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ ഏഴാമത്തെ ആഴ്ചയുള്ള ഭ്രൂണത്തിന് നവജാത ശിശുവിന്റെ രൂപം കാണും. പ്രവാചകന്‍(സ്വ) പറഞ്ഞ ദിവസങ്ങളുടെ എണ്ണം വളരെ കൃത്യമാണ് എന്ന വസ്തുത നമുക്ക് മനസ്സിലാകുന്നു. ഹദീഥുകളെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിഷേധിച്ചാല്‍ നാം ദു:ഖിക്കേണ്ടിവരുമെന്ന് വ്യക്തമാക്കുന്നതാണ് നടേ പറഞ്ഞ നിരീക്ഷണങ്ങളെല്ലാം. നമ്മള്‍ക്ക് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഹദീഥുകള്‍ അസ്വീകാര്യമാണെന്ന് പറയുന്ന ആളുകള്‍ പുനര്‍വിചിന്തനം നടത്തുകയും ആ രംഗത്ത് പഠനങ്ങള്‍ നടത്തുകയും ചെയ്യണമെന്നാണ് പറയാനുള്ളത്. പ്രവാചകന്‍ സംസാരിച്ചത് വഹ്യിന്റെ അടിസ്ഥാനത്തിലാണ്. പ്രവാചകന്റെ വചനങ്ങള്‍ തെറ്റുകയില്ല. അതിന് പുതിയ പഠനങ്ങള്‍ സാക്ഷ്യം വഹിക്കുന്നുവെന്ന വസ്തുത സത്യസന്ധമായ പഠനം നടത്തുന്നവര്‍ക്കൊന്നും ബോധ്യപ്പെടാതിരിക്കുകയില്ല, തീര്‍ച്ച.

1 comment:

  1. TO KNOW ABOUT TRUE ISLAM, PLS CALL 1800 425 2020 (TOLL FREE)

    ReplyDelete