Monday, June 25, 2012

ആരോപണങ്ങള്‍ക്ക് ഡോ: കെ.കെ. സകരിയ്യാ സ്വലാഹി മറുപടി പറയുന്നു

? താങ്കള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ്യപ്രബോധന വിഷയങ്ങളില്‍ നിന്ന് മാറി ആശയക്കുഴപ്പമുണ്ടാക്കുന്ന ജിന്ന്, സിഹ്ര്‍ വിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്ന ആക്ഷേപം വ്യാപകമാണല്ലോ? ഇതിനെക്കുറിച്ച് എന്ത് പറയാനുണ്ട്?



ചില തല്‍പ്പരകക്ഷികള്‍ പടച്ച് വിടുന്ന അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണിത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഇടതടവില്ലാതെ കേരളത്തിലെ സലഫീദഅ്വാ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ഒരു എളിയ പ്രവര്‍ത്തകനാണ് ഞാന്‍. എന്റെ പ്രസംഗങ്ങളും ലേഖനങ്ങളും 95 ശതമാനവും ഖുറാഫീ വിരുദ്ധ വിഷയങ്ങളായിരുന്നുവെന്ന് കേരളത്തിലെ സലഫീ പ്രബോധനരംഗം നിഷ്പക്ഷമായി നോക്കിക്കാണുന്ന എല്ലാവര്‍ക്കും ബോധ്യമാകും. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയായ ശിര്‍ക്ക്-ബിദ്അത്ത്-ഖുറാഫാത്തുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഈയുള്ളവന്‍ എന്നും സജീവമായി രംഗത്തുണ്ടായിരുന്നു. ജിന്ന്-സിഹ്ര്‍ വിഷയങ്ങള്‍ സംഘടനാ പിളര്‍പ്പിന് ശേഷം സജീവമായ ശേഷം പോലും ഞാന്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും അല്‍ ഇസ്വ്ലാഹിലും മറ്റും എഴുതിയിട്ടുള്ള ലേഖനങ്ങളും പരിശോധിച്ചാല്‍ തന്നെ ഈ വിഷയം തുലോം തുച്ഛമായാണ് ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാകും.
തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മടവൂരികള്‍ ഈ വിഷയം സജീവ ചര്‍ച്ചയാക്കി ആശയക്കുഴപ്പങ്ങള്‍ ഇളക്കി വിട്ടപ്പോള്‍ എതിരാളികള്‍ക്കിടയില്‍ ജീവിക്കുന്ന നമ്മുടെ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ അകറ്റാന്‍ ആരോപകര്‍ക്ക് മറുപടി കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എടത്തനാട്ടുകര, കടവത്തൂര്‍, താനാളൂര്‍, ഒളവണ്ണ….തുടങ്ങിയ സ്ഥലങ്ങളില്‍ മടവൂരികള്‍ക്കെതിരില്‍ നടത്തിയ മറുപടി പ്രസംഗങ്ങളും മടവൂരികളുടെ കുപ്രചരണങ്ങളെ ക്വുബൂരികള്‍ ഏറ്റെടുത്തപ്പോള്‍ മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ മറുപടി പ്രസംഗവും നമ്മുടെ പ്രവര്‍ത്തകര്‍ വ്യാപകമായി വിതരണം ചെയ്തിരുന്നു. മടവൂരീ നേതാവ് എം.ഐ. സുല്ലമി ‘ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും’ എന്ന പേരില്‍ ഒരു പുസ്തകമിറക്കി മടവൂരികളുടെ വ്യതിയാനത്തിന് മറ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്വ്ലാഹീ പ്രസ്ഥാനവും-വിമര്‍ശനങ്ങള്‍ക്ക് മറുപടി’ എന്ന പേരില്‍ ഞാന്‍ അതിന് മറുപടി എഴുതിയിരുന്നു. കെ.എന്‍.എം. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവിയാണ് പ്രസ്തുത കൃതി ആദ്യാന്തം പരിശോധിച്ചു തന്നത്. മടവൂരികള്‍ ഉയര്‍ത്തി വിട്ട പുകമറകളെ നീക്കുവാനും ‘മുജാഹിദുകള്‍ തിരുത്തിപ്പറയുന്നു, സമസ്ത പണ്ട് പറഞ്ഞിടത്ത് മുജാഹിദുകളും എത്തി…….’ എന്നിങ്ങനെയുള്ള ക്വുബൂരികളുടെ ദുഷ്പ്രചാരവേലകളെ ഫലപ്രദമായി നേരിടാനും സലഫീ സുഹൃത്തുക്കള്‍ക്ക് മേല്‍ പറഞ്ഞ കാസറ്റുകളും പുസ്തകങ്ങളും ഇസ്വ്ലാഹ് മാസികയിലെ ലേഖനങ്ങളും അന്ന് ഏറെ സഹായകമായിട്ടുണ്ട് എന്ന് പലരും എന്നോട് നേരില്‍ പറഞ്ഞിട്ടുണ്ട്. എതിരാളികള്‍ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഈ വിഷയത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിക്കൊടുക്കല്‍ നമ്മുടെ ബാധ്യതയായി മാറുമല്ലോ? അതുമാത്രമാണ് പലരെയും പോലെ ഞാനും നിര്‍വ്വഹിച്ചത്. ജനാബ് അഹ്മദ് അനസ് മൌലവി ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. ഇത് നാം ചെയ്തില്ലെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ഭയപ്പെട്ടു. 1) ദീന്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് നാം നേര്‍ക്കുനേര്‍ സാക്ഷികളായിട്ടും ജനങ്ങള്‍ക്ക് നിജസ്ഥിതി വിവരിച്ച് കൊടുത്തില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നാം കുറ്റക്കാരായിത്തീരും. 2) നമ്മുടെ ഈ ആദര്‍ശ പ്രസ്ഥാനത്തിന് എതിരാളികളെ നേരിടാന്‍ വേണ്ടത്ര തെളിവും ന്യായവുമില്ലെന്ന് തെറ്റിദ്ധരിച്ച് പ്രവര്‍ത്തകര്‍ പുറത്ത് പോകും. ജിന്നും സിഹ്റും ഇടക്കാലത്ത് കൂടുതല്‍ ചര്‍ച്ചയാവാനുള്ള പശ്ചാതലം ഇതാണ്. കെ.ജെ.യു വിന്റെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ച പ്രബന്ധത്തിലും ആമുഖമായി ഈയൊരു പശ്ചാത്തലം ഞാന്‍ വിവരിച്ചിരുന്നു.
എന്നാല്‍ എതിരാളികള്‍ നമുക്കെതിരില്‍ ഇപ്പോള്‍ എന്ത് പ്രചരിപ്പിക്കുന്നുവെന്നോ നമ്മുടെ പ്രവര്‍ത്തകരെ എതിരാളികളുടെ കുപ്രചാരണങ്ങള്‍ എപ്രകാരം സ്വാധീനിക്കുന്നുവെന്നോ കൃത്യമായി മനസ്സിലാക്കാത്ത ചിലര്‍ “എന്തിനാണ് ഇത്തരം വിഷയങ്ങളൊക്കെ നാം പറയുന്നത്? നമുക്ക് നമ്മുടെ പഴയ രീതിയില്‍ ശിര്‍ക്കും തൌഹീദും സുന്നത്തും ബിദ്അത്തുമൊക്കെ വിശദീകരിച്ചാല്‍ പോരേ? വെറുതെ ആളുകളെ വസ്വാസാക്കി പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും തെറ്റുന്നത് എന്തിനാണ്………” എന്നൊക്കെ ചോദിച്ച് വെറുതെ ആക്ഷേപം ചൊരിയുകയാണ്.
?താങ്കളുടെ പ്രസംഗങ്ങളും ലേഖനങ്ങളും ജിന്ന്-സിഹ്ര്‍ വിഷയത്തില്‍ മുജാഹിദുകളില്‍ ആശയക്കുഴപ്പമുണ്ടാക്കി മുജാഹിദുകളുടെ നിര്‍ഭയത്വം നഷ്ടപ്പെടുത്തി എന്നാണ് മറ്റൊരു ആരോപണം?
മുന്‍വിധിയില്ലാതെ, പ്രമാണങ്ങളിലുള്ളത് കൂട്ടാതെ-കുറക്കാതെ നിഷ്പക്ഷമായി സ്വീകരിക്കുന്ന ഏതൊരു മുജാഹിദ് പ്രവര്‍ത്തകനും ഈ വിഷയത്തില്‍ ആശയക്കുഴപ്പങ്ങളുണ്ടാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം, സ്വഹാബികള്‍ക്കിടയിലോ സലഫുസ്സ്വാലിഹുകള്‍ക്കിടയിലോ ഇന്ന് ആരോപിക്കുന്ന രൂപത്തിലുള്ള ആശയക്കുഴപ്പങ്ങളുണ്ടായിട്ടില്ല. മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങിലുള്ള സലഫീ പണ്ഡിതന്‍മാര്‍ ഈ വിഷയം വിവരിച്ചത് പോലെയും കേരളത്തിലെ പഴയകാല സലഫീ നേതാക്കള്‍ എഴുതിയതിന്റെ വെളിച്ചത്തിലുമാണ് ഞാന്‍ ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. സലഫീ പണ്ഡിതര്‍ ആരും പറയാത്ത പുതിയ യാതൊരു വാദഗതിയും ഈ വക വിഷയങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടില്ല. ഈ വിഷയം പച്ചയായി എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ലോകത്തിന്റെ വിവിധ ഭാഗങ്ങിലുള്ള സലഫീ പണ്ഡിതന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയിലും ഇത്തരം ആശയക്കുഴപ്പങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. എതിരാളികളുടെ കുപ്രചരണങ്ങള്‍ അവിടങ്ങളില്‍ ഉണ്ടെങ്കിലും പ്രമാണങ്ങള്‍ കൊണ്ട് സലഫികള്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുന്നുണ്ട്.
ശ്രദ്ധാര്‍ഹമായ മറ്റൊരു കാര്യം, ജിന്ന്-പിശാച് വിഷയങ്ങളില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി പലരും ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചയാളാണ് ഞാന്‍. സംഘടനാ പിളര്‍പ്പിന്റെ തൊട്ടുടനെ (2002ല്‍) ‘കെ.എന്‍.എം ജിന്നുസേവയിലേക്കും പിശാചുബാധയിലേക്കും നയിക്കുകയാണ്’ എന്ന് മടവൂരികള്‍ കുപ്രചാണം നടത്തിയപ്പോള്‍ ‘ജിന്നുസേവയും പിശാചുബാധയും പിളര്‍പ്പന്‍മാരുടെ സ്വന്തം കൃതികളില്‍’ എന്ന പേരില്‍ ഞാന്‍ ഒരു കൊച്ചുപുസ്തകം രചിക്കുകയുണ്ടായി. കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൌലവിയും അന്നത്തെ ഐ.എസ്.എം ജനറല്‍ സെക്രട്ടറി സി.പി സലീമും വിശദമായി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ആ ലഘുകൃതി പുറത്തിറക്കിയത്. ഐ.എസ്.എം സംസ്ഥാന സമിതി മുഖേന വിതരണം ചെയ്ത ഈ കൃതിയില്‍ എന്തെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളോ മുജാഹിദുകളെ പേടിപ്പിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ എ.പി യും സി.പി സലീമും അത് പുറത്തിറക്കാനും പ്രചരിപ്പിക്കാനും അനുവദിക്കുമായിരുന്നോ? അന്ന് ഈ കൃതിക്ക് പേരിനെങ്കിലും ഒരു മറുപടി എഴുതാന്‍ പോലും ധൈര്യപ്പെടാതെ മടവൂരികള്‍ ഈ ചര്‍ച്ചയില്‍ നിന്നും പിന്‍വലിയുകയാണുണ്ടായത്.
പിന്നീട് കോഴിക്കോട് സാല്‍വേഷന് മുമ്പായി വീണ്ടും മടവൂരികള്‍ ഈ വിഷയവുമായി രംഗത്ത് വന്നു. അതിനും കാരണമുണ്ടായിരുന്നു. കേരളമുസ്ലിംകള്‍ക്ക് പുതുമയുള്ളതും മുസ്ലിംകള്‍ക്കിടയിലും അമുസ്ലിംകള്‍ക്കിടയിലും പറഞ്ഞറിയിക്കാനാകാത്ത മാറ്റമുണ്ടാക്കുകയും ചെയ്ത ഒരു ദഅ്വാ സംരംഭമായിരുന്നു സാല്‍വേഷന്‍. സാല്‍വേഷന്റെ പ്രചാരണവുമായി കേരളീയ സമൂഹത്തെ നാം കയ്യിലെടുത്ത കാലമായിരുന്നു അത്. കേരളത്തിന്റെ മുക്കിലും മൂലയിലും മുജാഹിദുകളുടെ ദഅ്വത്ത് കൊണ്ട് ഈ ആദര്‍ശത്തിന്റെ ശത്രുക്കള്‍ പൊറുതി മുട്ടിയ സമയവുമായിരുന്നല്ലോ അത്? ഈ പോക്ക് പോയാല്‍ തങ്ങള്‍ക്ക് അധികം കാലം മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ മടവൂരികളും അവരുമായി രഹസ്യബന്ധമുണ്ടാക്കിയ ക്വുബൂരികളും കൂടി വീണ്ടും ജിന്ന്-സിഹ്ര്‍ വിഷയം എടുത്തിടുകയായിരുന്നു. സാല്‍വേഷന്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് കുതിച്ച നാം തല്‍ക്കാലം എതിരാളികളുടെ ഈ ചൂണ്ടയില്‍ കൊത്താതിരിക്കാനും സാല്‍വേഷന് ശേഷം അവര്‍ക്കെതിരില്‍ ആഞ്ഞടിക്കാനും തീരുമാനിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ സാല്‍വേഷന്‍ കണ്ട് തിരിച്ച് പോവുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്ക് മടവൂരികളെ ചെറുക്കാനുതകുന്ന ഒരു ലഘുകൃതി ഞാന്‍ തയ്യാറാക്കി. ‘ജിന്നും സിഹ്റും മടവൂരികളുടെ ദുഷ്പ്രചാരണവും’ എന്ന പേരില്‍ ഐ.എസ്.എം നേതാക്കള്‍ പരിശോധിച്ച ശേഷം സാല്‍വേഷനില്‍ ധാരാളമായി വിതരണം ചെയ്തതാണ്. ചോദ്യോത്തര രൂപത്തിലുള്ള പ്രസ്തുത കൃതിയിലും മുജാഹിദുകളെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരുടെ നിര്‍ഭയത്വം ഇല്ലാതാക്കുന്നതോ ആയ വല്ല ആശയങ്ങളും ഉള്ളതായി സംഘടനാ നേതാക്കളോ പ്രവര്‍ത്തകരോ ഇന്ന് വരെ ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നുമാത്രമല്ല, മടവൂരികളെ പരസ്യമായി നേരിടാനുള്ള ഒരു മാര്‍ഗ്ഗം തുറന്ന് കൊടുക്കാന്‍ ഈ കൊച്ചുകൃതി കൊണ്ട് സാധിച്ചുവെന്ന് പല പ്രവര്‍ത്തകരും സംഘടനാ ഭാരവാഹികളും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.
വീണ്ടും കട്ട് മുറിച്ച ചില പ്രസംഗക്ളിപ്പുകളുമായി മടവൂരികള്‍ നമ്മെ ആക്രമിക്കുന്നത് തുടര്‍ന്നപ്പോള്‍ നമ്മുടെ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ശംസുദ്ദീന്‍ പാലത്തിന്റെ ‘മുഖ്യശത്രു’ എന്ന സി.ഡി പിന്‍വലിക്കുകയും അദ്ദേഹത്തിന് സംഭവിച്ച ചില സ്ഖലിതങ്ങള്‍ പരസ്യമായി തിരുത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ഏതെല്ലാം വിഷയങ്ങള്‍ എങ്ങനെ തിരുത്തി എന്ന് എന്റെ കടവത്തൂര്‍ പ്രസംഗത്തില്‍ അക്കമിട്ട് വ്യക്തമാക്കുകയും പിന്നീട് അദ്ദേഹത്തിന്റെ അഭിമുഖം ‘ഇസ്വ്ലാഹ്’ മാസികയില്‍ ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ അഭിമുഖം വന്നതിന് ശേഷമായിരുന്നു ശംസുദ്ദീന്‍ പാലത്തിനെ ആക്രമിക്കാന്‍ മടവൂരികള്‍ക്ക് ആയുധമില്ലാതായത്. അതുകൊണ്ട് തന്നെ പല ആരോപണങ്ങളും വിഴുങ്ങാന്‍ മടവൂരികള്‍ നിര്‍ബന്ധിതരായി
പിന്നീട്, മടവൂരികളുടെ ഈ വിഷയത്തിലുള്ള ആശയപ്പാപ്പരത്തം വ്യക്തമാക്കിക്കൊണ്ടും അവരുടെ ഹദീസ് നിഷേധ നിലപാട് തുറന്ന് കാട്ടിക്കൊണ്ടും അവര്‍ക്ക് മറുപടി പറയണമെന്ന് നമ്മളെല്ലാം തീരുമാനിച്ചപ്പോള്‍ ജ:അബ്ദുറഹ്മാന്‍ സലഫി, അഹ്മദ് അനസ് മൌലവി, മുനീര്‍ മദനി, എന്നിവരെപ്പോലെ ഞാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഈ വിഷയകമായി മടവൂരികള്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ക്ക് കടവത്തൂരില്‍ വെച്ച് രണ്ട് ദിവസങ്ങളിലായി മറുപടി പറഞ്ഞ് കൊണ്ട് ഞാന്‍ നടത്തിയ ഏഴ് മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് മടവൂരികളെ നേരിടാനുള്ള വലിയ ആയുധമായി ഈ പ്രഭാഷണം ഉപയോഗപ്പെട്ടിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പല കെ.എന്‍.എം നേതാക്കളും പോഷക ഘടകങ്ങളുടെ ഉത്തരവാദപ്പെട്ടവരും എന്നെ നേരില്‍ കണ്ട പല സന്ദര്‍ഭത്തിലും അവരുടെ സന്തോഷം അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട് (അല്‍ഹംദുലില്ലാഹ്). പ്രസ്തുത പ്രസംഗത്തിലോ എടത്തനാട്ടുകര, താനാളൂര്‍, ഒളവണ്ണ, ഇരുമ്പുഴി…തുടങ്ങിയ സ്ഥലങ്ങളില്‍ മടവൂരികള്‍ക്ക് മറുപടി പറഞ്ഞ് കൊണ്ട് അക്കാലങ്ങളില്‍ നടത്തിയ പ്രസംഗങ്ങളിലോ മുജാഹിദ് പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരെ പേടിപ്പിക്കുന്നതോ ആയ വല്ല വാചകങ്ങളുമുണ്ടായിരുന്നുവെന്ന് നമ്മുടെ എതിരാളികളായ മടവൂരീ ആശയക്കാരും മൌദൂദികളും ക്വുബൂരികളുമല്ലാതെ ഒരാളും പറഞ്ഞിട്ടില്ല. പിന്നീട് അഹ്മദ് അനസ് മൌലവിയും നിലമ്പൂരിലെ കെ.ജെ.യു വിശദീകരണത്തില്‍ വെച്ച് ഹനീഫ് കായക്കൊടിയും ‘മടവൂരീ ചാരന്‍’ എന്ന് പരസ്യമായി വിളിച്ച കെ.കെ.പി അബ്ദുല്ല എന്ന കുതന്ത്രക്കാരന്‍ കട്ടുമുറിച്ചും ദുര്‍വ്യാഖ്യാനിച്ചും എനിക്കെതിരില്‍ ഇറക്കിയ ഡോക്യുമെന്ററി ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചപ്പോഴും അതില്‍ സത്യമറിയാത്ത ചിലര്‍ വഞ്ചിതരായി എന്നല്ലാതെ, എന്റെ ഏതെങ്കിലും ലേഖനം തിരുത്തണമെന്നോ പ്രസംഗ സി.ഡി പിന്‍വലിക്കണമെന്നോ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഇവ്വിഷയകമായി കെ.ജെ.യു മുമ്പാകെ ഞാന്‍ സമര്‍പ്പിച്ച പ്രബന്ധം കെ.എന്‍.എം, കെ.ജെ.യു പ്രസിഡന്റ്-ജ.സെക്രട്ടറിമാരും കെ.ജെ.യു ഫത്വാ ബോര്‍ഡ് ചെയര്‍മാനും ഉള്‍പ്പെട്ട ജൂറി വിശദമായി പരിശോധിക്കുകയും ശേഷം എന്നെ നേരില്‍ വിളിച്ച് പ്രബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ആ സംസാരത്തിലും എന്റെ പ്രബന്ധത്തില്‍ മുജാഹിദുകളെ ആശയക്കുഴപ്പത്തിലാക്കുന്നതോ പേടിപ്പിക്കുന്നതോ ആയ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉള്ളതായി എന്നോട് പറഞ്ഞിട്ടുമില്ല. പിന്നീട്, ഇ.കെ. സമസ്തക്കാര്‍ നമുക്കെതിരില്‍ 25 ചോദ്യങ്ങളുമായി നമ്മെ വെല്ലുവിളിച്ച് കൊണ്ടും നമ്മുടെ തൌഹീദ് പൊളിഞ്ഞുവെന്ന് വാദിച്ച് കൊണ്ടും ഊരുചുറ്റിയപ്പോള്‍ ഇസ്വ്ലാഹ് മാസികയിലൂടെ ഞാന്‍ അതിനും മറുപടി നല്‍കി. പിന്നീടത് ‘അമ്പലക്കടവ് ഫൈസിയുടെ അന്തം കെട്ട ചോദ്യങ്ങള്‍’ എന്ന പേരില്‍ പുസ്തകമാക്കി ഇറക്കി. ആ പുസ്തകത്തിലും എന്തെങ്കിലും അബദ്ധങ്ങള്‍ ഉള്ളതായി ആരും ചൂണ്ടിക്കാണിച്ചിട്ടില്ല. എന്റെ പ്രസംഗത്തിലോ ലേഖനത്തിലോ പ്രാമാണികമായി എന്ത് തെറ്റുണ്ടായാലും അത് ഏതെങ്കിലുമൊരു കൊച്ചുകുട്ടി ചൂണ്ടിക്കാണിച്ചാലും ഞാനത് തിരുത്താന്‍ തയ്യാറാണ് എന്ന് ഞാന്‍ എന്നും പറയാറുള്ളതാണ്. എന്റെ ആ നിലപാടില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. മാത്രവുമല്ല, അങ്ങനെ പ്രാമാണികമായി എന്നെ തിരുത്തുന്നവരോട് ഞാന്‍ എന്നും നന്ദിയുള്ളവനുമായിരിക്കും.
ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മടവൂരികള്‍ ഈ വിഷയത്തില്‍ പ്രചരിപ്പിച്ച വികലവാദങ്ങളെ തുറന്ന് കാട്ടാനും എതിരാളികളെ മുഖാമുഖം നേരിടുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതുമൂലം ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ കഴിയുന്നത്ര ദുരീകരിക്കാനുമാണ് മറ്റ് പലരെയും പോലെ ഞാനും ശ്രമിച്ചിട്ടുള്ളത്. എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക്, മുന്‍കാല മുജാഹിദ് നേതാക്കളായിരുന്ന ഡോ:ഉസ്മാന്‍ സാഹിബ്, കെ.സി. അബൂബക്കര്‍ മൌലവി, അമാനി മൌലവി, കെ.എം മൌലവി……തുടങ്ങിയവര്‍ ഈ വിഷയത്തില്‍ എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ പോലും ദഹിക്കുന്നില്ല എന്നതാണ് സത്യം.
പിന്നെ മറ്റൊരു കാര്യം, ഇതുപോലെയുള്ള ചര്‍ച്ചാവിഷയങ്ങള്‍ വരുമ്പോള്‍ വിഷയം വേണ്ടത്ര പഠിച്ചവരും പഠിക്കാന്‍ സാധിക്കാത്തവരും തമ്മില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണ്. അതിന്റെ പേരില്‍ പരസ്പരം പഴി ചാരാതെ തെറ്റുകള്‍ ഗുണകാംക്ഷയോടെ അങ്ങോട്ടുമിങ്ങോട്ടും ചൂണ്ടിക്കാണിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് തൌഹീദ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും, ശിര്‍ക്ക്-ഖുറാഫാത്ത്-ബിദ്അത്തുകള്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ പോലും ഉപോയഗപ്പെടുത്തി പ്രചരിപ്പിക്കുന്ന പുരോഹിതന്‍മാര്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത്. മറിച്ചുള്ള നിലപാടുകള്‍ തൌഹീദീ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാനും എതിരാളികള്‍ക്ക് ശക്തി പകരാനും മാത്രമേ ഉപകരിക്കുകയുള്ളൂ.
?ളഈഫായ ഹദീസുകള്‍ കൊണ്ട് അമല്‍ ചെയ്യാമെന്ന് വാദിച്ച് കൊണ്ട് താങ്കള്‍ മുജാഹിദുകളെ ഒരു പുതിയ മന്‍ഹജിലേക്ക് കൊണ്ട് പോവുന്നു എന്നാണ് മറ്റൊരു ആരോപണം?
എന്തിനാണ് ചിലര്‍ ഇത്തരം കളവുകള്‍ പ്രചരിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ളഈഫായ ഹദീസുകള്‍ കൊണ്ട് ഒരു വിഷയത്തിലും അമല്‍ ചെയ്യാമെന്ന് എനിക്ക് വാദമില്ല. അത് പാടില്ലെന്ന് അല്‍മനാറിലും വിചിന്തനത്തിലും ഇസ്വ്ലാഹിലും ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അങ്ങനെയുള്ള എന്നെക്കുറിച്ച് ഇത്തരത്തില്‍ ആരോപണമുന്നയിക്കാന്‍ മടവൂരീ ചാരന്‍മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ദുര്‍ബല ഹദീസുകള്‍ കൊണ്ട് അമല്‍ ചെയ്യാമെന്ന് വാദിക്കുന്ന തബ്ലീഗുകാര്‍ക്ക് എത്രയോ സ്റേജുകളില്‍ മറുപടി പറഞ്ഞയാളാണ് ഞാന്‍.
?‘യാ ഇബാദല്ലാ, അഈസൂനീ’ എന്ന ദുര്‍ബ്ബല ഹദീസ് കൊണ്ട് ഹജ്ജിന് പോയ സമയത്ത് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ അമല്‍ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടല്ലോ? വിജനമായ മരുഭൂമിയിലൂടെ ഹജ്ജിന് വേണ്ടി നടന്ന് പോകുമ്പോള്‍ വഴി തെറ്റിയെന്നും ‘അല്ലാഹുവിന്റെ അടിമകളേ എനിക്ക് വഴി കാണിച്ച് തരണേ’ എന്ന് ഉറക്കെ വിളിച്ചുവെന്നും അങ്ങനെ അദ്ദേഹത്തിന് വഴി തെളിഞ്ഞ് കിട്ടി എന്നുമാണല്ലോ റിപ്പോര്‍ട്ടിലുള്ളത്?
മഹാനായ അഹ്മദ് ബ്നു ഹമ്പല്‍(റഹി) അമല്‍ ചെയ്തുവെന്ന് രിവായത്ത് വന്നിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ, ‘യാ ഇബാദല്ലാഹ്, അഈസൂനീ’ എന്ന റിപ്പോര്‍ട്ട് ളഈഫ് ആണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഇമാം അവര്‍കള്‍ അമല്‍ ചെയ്തത് എന്ന് പറയാന്‍ കഴിയില്ല. മറിച്ച്, സ്വഹീഹ് ആണെന്ന ധാരണയിലായിരിക്കണം അദ്ദേഹം ചെയ്തത്. ഏതായാലും ഇമാം അവര്‍കള്‍ ചെയ്തത് കൊണ്ട് മാത്രം അത് തെളിവാക്കാന്‍ നമുക്ക് ന്യായമില്ല. (അദ്ദേഹം അമല്‍ ചെയ്തുവെന്ന റിപ്പോര്‍ട്ട് പോലും പരിശോധിക്കേണ്ടതുണ്ട്) മാത്രമല്ല, അദ്ദേഹത്തെ തക്വ്ലീദ് ചെയ്യരുതെന്നും ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ് ദീനിന്റെ വിധികള്‍ സ്വീകരിക്കേണ്ടതെന്നുമാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ളഈഫ് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല എന്നത് ക്വുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിഞ്ഞ സ്ഥിതിക്ക് ഇമാം അഹ്മദിന്റെ ദുര്‍ബ്ബല ഹദീസ് കൊണ്ട് അമല്‍ ചെയ്യാന്‍ തെളിവല്ല. അങ്ങനെ അമല്‍ ചെയ്യണമെന്നോ ചെയ്യാമെന്നോ നമുക്കാര്‍ക്കും ഒരു വാദവുമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെ ഇതിന് വിരുദ്ധമായി എന്നെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. ഇത്തരം കുപ്രചാരണങ്ങളുമായി ഊര് തെണ്ടുന്നവര്‍ അവരുടെ അമല്‍ പൊളിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്ന് ഓര്‍ക്കുന്നത് നന്ന്.
‘യാ ഇബാദല്ലാ അഈനൂനീ’ എന്ന ഹീദീസ് കൊണ്ട് അമല്‍ ചെയ്യാമെന്ന് കാസര്‍ഗോഡ് ഹദീസ് സെമിനാറിലും താങ്കള്‍ പ്രസംഗിച്ചു എന്നാണ് ആരോപണം?
എനിക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നവര്‍ ഞാന്‍ പ്രസംഗിച്ച ഏതെങ്കിലുമൊരു സി.ഡി മുഴുവനായി കേട്ടിട്ടുണ്ടാകുമോ എന്നത് എനിക്ക് സംശയമാണ്. ‘യാ ഇബാദല്ലാ അഈനൂനീ’ എന്ന ഹദീസ് ദുര്‍ബലമാണെന്നും അത്കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുറാഫികളുടെ നട്ടെല്ലൊടിച്ച മണ്ണാര്‍ക്കാട് സംവാദത്തിലും അതിനുശേഷം കടവത്തൂര്‍ പ്രസംഗത്തിലും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. മണ്ണാര്‍ക്കാട് സംവാദ കേസറ്റ് കാണാത്ത മുജാഹിദുകള്‍ ഉണ്ടാകുമോ എന്നത് സംശയമാണ്. ആരോപണമുന്നയിക്കുന്നവര്‍ അത്പോലും കേട്ടിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇതിന് വിരുദ്ധമായി കാസര്‍ഗോഡ് ഹദീസ് സെമിനാറിലും ഞാന്‍ പറഞ്ഞിട്ടില്ല. ആരോപണമുന്നയിക്കാന്‍ മാത്രമായി നടക്കുന്നവര്‍ ഒരിക്കലും സത്യം അന്വേഷിക്കില്ലല്ലോ? പക്ഷേ, അത്തരക്കാരും പരലോകത്ത് എത്തിപ്പെടും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

No comments:

Post a Comment