Saturday, August 18, 2012

മൈതാനത്തേക്ക്‌ --- ഇരുപത്തേഴാം രാവിനല്ല പെരുന്നാള്‍ നമസ്കാരത്തിന് ഈദ് ഗാഹിലേക്ക്



നബി (സ ) പെരുന്നാള്‍ നമസ്കാരം ഈദ് ഗാഹില്‍ വെച്ച് നടത്തിയത് സൂചിപ്പിക്കുന്ന ചില ഹദീസുകള്‍ ...................................

ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക് കൊണ്ടു വരാന്‍ ഞങ്ങളോട് ശാസിക്കപ്പെടാറുണ്ട്. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ളിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന് അവര്‍ അകന്ന് നില്‍ക്കും. (ബുഖാരി. 2. 15. 97)

അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)

ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്‍ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347)


ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) പെരുന്നാള്‍ ദിവസം (മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ ഒരു ചെറിയ കുന്തം കൊണ്ട് വരാന്‍ കല്‍പിക്കും. അങ്ങനെ അത് തിരുമേനി(സ)യുടെ മുമ്പില്‍ നാട്ടും. എന്നിട്ട് തിരുമേനി(സ) അതിലേക്ക് തിരിഞ്ഞു നിന്ന് നമസ്കരിക്കും. ആളുകള്‍ തിരുമേനി(സ)ക്ക് പിന്നിലും, യാത്രയിലും തിരുമേനി(സ) അങ്ങനെ ചെയ്യാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് ഭരണമേധാവികള്‍ ചെറിയ കുന്തം കൊണ്ട് പോകല്‍ പതിവാക്കിയത്. (ബുഖാരി. 1. 8. 473)

ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പെരുന്നാള്‍ മൈതാനത്തേക്ക് പുറപ്പെടുമ്പോള്‍ താങ്കള്‍ തിരുമേനി(സ) യോടൊപ്പം ഹാജരുണ്ടായിരുന്നോ? ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: അതെ, എനിക്ക് തിരുമേനി(സ) യുമായി അടുത്തബന്ധമുണ്ടായിരുന്നില്ലെങ്കില്‍ അന്നു ഞാന്‍ ഹാജരാവുകയില്ലായിരുന്നു. ചെറുപ്രായത്തെയാണ് ഇബ്നുഅബ്ബാസ്(റ) വിവക്ഷിക്കുന്നത്. ഇബ്നുഅബ്ബാസ്(റ) തുടരുന്നു. തിരുമേനി(സ) കുസൈറ്ബ്നുസ്വല്‍ത്തിന്റെ വീട്ടിനടുത്തുള്ള ആ അടയാളത്തിന്നടുത്ത് ചെന്നു. എന്നിട്ട് പ്രസംഗിച്ചു. അനന്തരം സ്ത്രീകളുടെ അടുക്കല്‍ ചെന്നു. പിന്നീട് അവര്‍ക്ക് പ്രത്യേകം ഉപദേശം നല്‍കി. അവരെ പലതും ഉണര്‍ത്തി. ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ അവരെ ഉപദേശിച്ചു. അപ്പോള്‍ സ്ത്രീകള്‍ അവരുടെ മോതിരങ്ങളുടെ നേരെ കൈനീട്ടാന്‍ തുടങ്ങി. ആ മോതിരങ്ങള്‍ ബിലാലി(റ)ന്റെ വസ്ത്രത്തില്‍ അവര്‍ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. പിന്നീട് തിരുമേനി(സ)യും ബിലാലും(റ) വീട്ടിലേക്ക് മടങ്ങി. (ബുഖാരി. 1. 12. 822)


അബൂസഈദുല്‍ ഖുദ്രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക് പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്കാരമാണ് നബി(സ) തുടങ്ങുക. നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച് എഴുന്നേറ്റ് നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക് ഒരു ഉപദേശം നല്‍കും. അവരോട് പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച് വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച് രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് കല്പിക്കും. ശേഷം നബി(സ) അവിടെ നിന്ന് പിരിഞ്ഞു പോകും. അബുസഈദ്(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ മൈതാനത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍! കുസീറുബ്നുസ്വല്‍ത്തു എന്ന മനുഷ്യന്‍ നിര്‍മ്മിച്ചതാണിത്. മര്‍വ്വാന്‍ നമസ്കരിക്കുന്നതിന്റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ച് ഞാന്‍ പിന്നോട്ട് വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്കാരത്തിന്റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട് പറഞ്ഞു: അല്ലാഹുവാണ് സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട് പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ് ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്ട് ഖുത്തുബ: യെ ഞാന്‍നമസ്കാരത്തിന്റെ മുമ്പാക്കി. (ബുഖാരി. 2. 15. 76)


ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക് പുറപ്പെടാന്‍ ഞങ്ങള്‍ കല്പിക്കാറുണ്ട്. യുവതികളായ സ്ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന് പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ് ഗാഹിലേക്ക് കൊണ്ട് വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2. 15. 88)


അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ബലി പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ഒരു ചെറിയ പെരുന്നാള്‍ ദിവസം മൈതാനത്തേക്കു പുറപ്പെട്ടു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ജനങ്ങളെ ഉപദേശിച്ചു. അവരോട് ദാനധര്‍മ്മം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. അവിടുന്ന് അരുളി: അല്ലയോ ജനങ്ങളെ, നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍. നബി(സ) സ്ത്രീകളുടെ അടുത്തു ചെന്നു. എന്നിട്ടു സ്ത്രീ സമൂഹമേ! നിങ്ങളും ധര്‍മ്മം ചെയ്യുവീന്‍. നരകത്തില്‍ നിങ്ങളെയും വര്‍ദ്ധിച്ച നിലക്ക് ഞാന്‍ ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! എന്തുകൊണ്ടാണിത്? നബി(സ) പറഞ്ഞു: നിങ്ങള്‍ ശപിക്കുന്നതിനെ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കുകയും ചെയ്യും. ബുദ്ധിയും ദീനും കുറഞ്ഞവരായിട്ടും ഉറച്ച മനസ്സുള്ള പുരുഷന്റെ മനസ്സിനെ നീക്കിക്കളയുവാന്‍ നിങ്ങളെക്കാള്‍ കഴിവുള്ള ഉറച്ച മനസ്സുള്ള മറ്റാരുമില്ല. ശേഷം നബി(സ) പിരിഞ്ഞു പോയി. തന്റെ വീട്ടില്‍ പ്രവേശിച്ചു. അപ്പോള്‍ ഇബ്നുമസ്ഊദിന്റെ ഭാര്യ സൈനബ നബി(സ)യുടെ മുന്നില്‍ വരാന്‍ സമ്മതം ചോദിച്ചു. ചിലര്‍ ഉണര്‍ത്തി: പ്രവാചകരേ! സൈനബ. ഇബ്നു മസ്ഊദിന്റെ ഭാര്യ എന്ന് ഒരാള്‍ പറഞ്ഞു. ശരി. അവള്‍ക്കനുവാദം നല്‍കുവീന്‍ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. അപ്പോഴവര്‍ക്ക് അനുവാദം ലഭിച്ചു. അവള്‍ പറഞ്ഞു. നബി(സ) യേ! അങ്ങുന്ന് ഇന്ന് ദാനം ചെയ്യാന്‍ കല്‍പ്പിച്ചല്ലോ. എന്റെയടുക്കല്‍ ഒരാഭരണമുണ്ട്. ഞാനത് ദാനം ചെയ്യാനുദ്ദേശിക്കുന്നു. അപ്പോള്‍ ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞു. നിന്റെ ദാനം വാങ്ങാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ ഞാനും പുത്രനുമാണ്. നബി(സ) അരുളി: ഇബ്നു മസ്ഊദ് പറഞ്ഞത് ശരി തന്നെയാണ്. നിന്റെ ദാനം വാങ്ങാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ നിന്റെ ഭര്‍ത്താവും മകനും തന്നെയാണ്. (ബുഖാരി. 2. 24. 541)

No comments:

Post a Comment