Saturday, January 5, 2013

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

പണ്ഡിതന്മാര്‍ അവസാനിപ്പിച്ചിടത്ത് ചര്‍ച്ച അവസാനിപ്പിച്ചാല്‍ ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല...

താങ്കളുടെ വീക്ഷണം എനിക്കനുകൂലമാകാം, ഒരുപക്ഷെ പ്രതികൂലമാകാം. എങ്കിലും മുന്‍ധാരണകള്‍ ഒഴിവാക്കി നല്ല മനസ്സോടെ വായിക്കുക, ഒരു തവണ വായിച്ചിട്ടും ഞാന്‍ പറയാനാഗ്രഹിക്കുന്നതെന്ത് എന്ന് താങ്കള്‍ക്ക് പിടികിട്ടിയില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കുക:

അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ രേഘപ്പെടുത്തിയ വിവിധ വിശദീകരണങ്ങളുടെ സംഗ്രഹം:

വ്യത്യസ്ഥ റിപ്പോര്‍ട്ടുകളിലായി വന്ന "യാ ഇബാദല്ലാഹ് അഗീസൂനീ/ അഈനൂനീ/  ഇഹ്ബിസൂ അലയ്യ" തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെല്ലാം ദുര്‍ബലമാണ്. അത് സ്വഹീഹാണെങ്കിലും അല്ലെങ്കിലും അതിന്‍റെ ആശയത്തില്‍ ശിര്‍ക്കില്ല.  ഈ ഹദീസിനെ വിശദീകരിച്ച ഒരു പണ്ഡിതനും അതിന്റെ ആശയത്തില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല. ഇതിലുള്ള സഹായം ആവശ്യപ്പെടല്‍ മരിച്ചവരോടോ മറഞ്ഞവരായ ഔലിയാക്കളോടോ, 'രിജാലുല്‍ ഗയ്ബ്' എന്ന് സൂഫികള്‍ വിശേഷിപ്പിക്കുന്ന  ജിന്നുകളോടോ അല്ല എന്നും.(സൂഫികളുടെ  വിശ്വാസം നമ്മള്‍  മുന്പ്  വിശദീകരിച്ചതാണ്). അല്ലാഹുവിന്റെ സ്വിഫതുകളിലും ഉലൂഹിയത്തിലും പങ്കു ചേര്‍ക്കല്‍ വരുന്ന അവരുടെ ശിര്‍ക്കന്‍ ഇതിഗാസക്ക് അതില്‍ തെളിവില്ല എന്നും. നമുക്ക് കാണാന്‍ കഴിയാത്ത, എന്നാല്‍ ജീവിച്ചിരിക്കുന്ന, ശബ്ദം കേള്‍ക്കുന്ന പരിധിയിലുള്, സഹായം ചെയ്യാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയ  മലക്കോ,  ജിന്നോ, അല്ലെങ്കില്‍ നമുക്കറിയാത്ത  മറ്റേതെങ്കിലും  സ്രിഷ്ടികളോ ആണ് 'ഇബാദല്ലാഹ്' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നും, അത്  കാര്യകാരണ  ബന്ധങ്ങള്‍ക്കതീതമല്ല എന്നും, അഹ്ലുസ്സുന്നയുടെ ധാരാളം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.  ഹദീസ് സ്വഹീഹാണ് എന്ന നിലക്ക്  അമല്‍  ചെയ്ത  ഇമാമീങ്ങളൊന്നും തന്നെ ശിര്‍ക്ക് ചെയ്തവരോ ശിര്‍ക്ക് മനസ്സിലാക്കാത്തവരോ അല്ല. ആ  ഹദീസ് സ്വഹീഹ് ആണെന്ന നിലക്കാണ് അവര്‍ അമല്‍ ചെയ്തത്. 

ആശയത്തില്‍ ശിര്‍ക്കില്ല എന്നത് കൊണ്ട് അമല്‍ ചെയ്യല്‍  അനുവദനീയമാകുന്നില്ല. അത് ദുര്‍ബലമാണ് എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നമുക്ക് ആ ഹദീസ് അനുസരിച്ച് അമല്‍ ചെയ്യാവതല്ല.  അഹ്ലുസ്സുന്നയുടെ മുന്‍കാല ഇമാമീങ്ങളില്‍ പ്രധാനിയായ അബ്ദുല്ലാഹിബ്നുല്‍ മുബാറക്(റ) ഈ ഹദീസിന്റെ സനദില്‍ ന്യൂനത ഉള്ളത് കൊണ്ട് അമല്‍ ചെയ്തില്ല എന്നും. സനദില്‍ ന്യൂനത ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നുവെന്നും  സ്ഥിരപ്പെട്ടിട്ടുണ്ട്. ഹദീസിന്റെ മത്'നില്‍ ശിര്‍ക്കുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല എന്നര്‍ത്ഥം...  ഈ ഹദീസ് ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഈ ഹദീസ് കൊണ്ട് ഇമാം ഇബ്നു മുബാറക് അമല്‍ ചെയ്യാതിരുന്നത് പോലെ നമുക്കും അമല്‍ ചെയ്യാന്‍ പാടില്ല..

മറ്റൊരു വിഷയം ജിന്നുകളെ ഉപയോഗപ്പെടുത്തുന്നതാണ്:
സാധാരണയായി സൃഷ്ടികള്‍ പരസ്പരം ഇടപഴകാറുള്ള ഭൌതികപരമായ വിഷയങ്ങളില്‍ ജിന്നിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരുപാട് കാലം മുന്‍പുള്ളതാണ്.  പലപ്പോഴും യാ ഇബാദല്ലാഹ് എന്ന ഹദീസുമായി ബന്ധപ്പെട്ടല്ല പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യാറുള്ളത്. ജിന്നുകളെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നത് അനുവദനീയമാണോ നിഷിദ്ധമാണോ എന്ന ഒരു ചര്‍ച്ച വളരെക്കാലം മുന്പ് തന്നെ പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ബാധയേറ്റ ആളെ ചികിത്സിക്കുന്ന സമയത്ത് ജിന്നുകളെ ഉപയോഗപ്പെടുത്തുക എന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്. മനുഷ്യന്‍ വഴിപിഴച്ചു പോകാനും ശിര്‍ക്കിലേക്ക് പോകാനും വഴി വെക്കും എന്നുള്ളത് കൊണ്ടുതന്നെ  ജിന്നുകളുമായി ഏത് രൂപത്തില്‍ ഇടപഴകുന്നതും നിഷിദ്ധമാണ്. അത് ചെയ്യരുത്. ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു അനാവശ്യ ചര്‍ച്ചക്ക് ഇട നല്‍കാതെ പണ്ഡിതന്മാര്‍ ആ വിഷയം അടച്ചു പൂട്ടുകയാണ് ചെയ്തത്.  ഇതാണ് ഈ വിഷയത്തിലുള്ള ഏറ്റവും നല്ല അഭിപ്രായവും സൂക്ഷ്മതക്ക് ഏറ്റവും അനുയോജ്യമായതും.

ചെയ്യരുത്, നിഷിദ്ധമാണ്  എന്ന് പറഞ്ഞ ഒരു സംഗതിയില്‍ പിന്നെ അനാവശ്യ ചര്‍ച്ചയിലേക്ക് പോകേണ്ടതില്ല. പണ്ഡിതന്മാരാരും അത്തരം ഒരു ചര്‍ച്ചയിലേക്ക് പോയിട്ടുമില്ല. പണ്ഡിതന്മാര്‍ അവസാനിപ്പിച്ച ആ പരിധിയില്‍ നമ്മളും അവസാനിപ്പിച്ചാല്‍ പിന്നെ ഒരു ഭിന്നതയും കക്ഷിത്വവും ഉണ്ടാകില്ല.

(
ജിന്നുകളുമായി എല്ലാ തരത്തിലുള്ള ഇടപെടലുകളും എന്തുകൊണ്ട് നിഷിദ്ധമാകുന്നു എന്ന് മനസ്സിലാക്കാന്‍  താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക)
1-ജിന്നുകളും മനുഷ്യനും തമ്മിലുള്ള ഇടപെടലുകള്‍ എന്തുകൊണ്ട് നിഷിദ്ധമാകുന്നു-  അല്‍ബാനി (റ) നല്‍കിയ വിശദീകരണം.
2- ഹാദിരും ഖാദിരും ആണെങ്കില്‍ പിന്നെ എങ്ങനെ  വസീല ഇല  ശിര്‍ക്കും ഹറാമുമാകും.

 ജിന്നും മനുഷ്യനും പരസ്പരം ഇടപെടുന്നത് വിവിധ തരത്തിലുണ്ട്. അതില്‍ ശിര്‍ക്കാകുന്നവയും ശിര്‍ക്കിലേക്ക് എത്തിക്കുന്നവയും ഉണ്ട്. ഇത് ആ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം പറഞ്ഞിട്ടുള്ളതാണ്. അല്ലാഹുവിന്റെ റുബൂബിയത്തിലോ, ഉലൂഹിയത്തിലോ, അസ്മാഉ വ സ്വിഫാത്തിലോ പങ്കു ചെര്‍ക്കപ്പെടുന്നുവെങ്കില്‍ അതില്‍ ശിര്‍ക്ക് വരുന്നു. പങ്കുചേര്‍ക്കപ്പെടുന്നില്ല എങ്കില്‍ ശിര്‍ക്ക് വരുകയില്ല.  എല്ലാം നിഷിദ്ധമാണ് എന്ന് പറഞ്ഞിരിക്കെ പിന്നെ ഏതാണ് ശിര്‍ക്കാവുന്നത് ഏതാണ് ശിര്‍ക്കാവാത്തത് എന്നൊക്കെ ഗവേഷണം നടത്തി അനാവശ്യമായ ആശയക്കുഴപ്പങ്ങളിലേക്ക്  പോകേണ്ടതില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഫിത്നകള്‍ക്ക് മാത്രമേ  ഉപകരിക്കൂ.

എപ്പോഴാണ് ഒരു കാര്യം ശിര്‍ക്കാവുന്നത് എപ്പോഴാണ് ശിര്‍ക്കിലേക്കുള്ള വസീല ആകുന്നത് എന്നെല്ലാം ഷെയ്ഖ്‌ അല്‍ബാനി(റ), ഷെയ്ഖ്‌ സ്വാലിഹ് ആലു ഷെയ്ഖ്‌,  ഷെയ്ഖ്‌ സ്വാലിഹ് അല്‍ ഫൌസാന്‍ തുടങ്ങിയ പല പണ്ഡിതന്മാരും കൃത്യമായി വിശദീകരിട്ടുമുണ്ട്. വിശദമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന മതവിദ്യാര്‍ഥികള്‍ക്ക് അത്തരം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലേക്ക് മടങ്ങാവുന്നതാണ്.  വിഭാഗീയതയും കക്ഷിത്വവുമില്ലാതെ നല്ല മനസ്സോടു കൂടി വിഷയം പഠിക്കുക. മനസ്സിലാക്കുക.‍  ഞാന് സൂചിപ്പിച്ച  പോലെ നിഷിദ്ധമാണ്, അത് ചെയ്യരുത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു വിഷയത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കേണ്ടതില്ല.

عن أبي أمامة -رضي الله عنه- أن رسول الله -صلى الله عليه وسلم- قال
أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا، وببيت في وسط الجنة لمن ترك الكذب وإن كان مازحاً، وببيت في أعلى الجنة لمن حسَّن خُلُقَه  
رواه أبو داود، رقم الحديث: (4800) حسنه الالبانى .
അബീ ഉമാമയില്‍ നിന്നും നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "തന്റെ ഭാഗത്താണ് ശരി എങ്കില്‍ പോലും അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തമാശക്ക് വേണ്ടിയായാല്‍ പോലും കളവു പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. തന്റെ സ്വഭാവത്തെ നന്നാക്കുന്നവന് സ്വര്‍ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു " [അബൂദാവൂദ്:4800 /അല്‍ബാനി: ഹദീസ് ഹസന്‍].  

 മതത്തിന്റെ കാര്യത്തില്‍ വ്യക്തികളെയോ, കുടുംബ ബന്ധത്തെയോ, മാതാ പിതാക്കളെയോ, സംഘടനയെയോ, സൌഹൃദത്തെയോ ഒന്നും പരിഗണിച്ചല്ല നാം നിലപാടെടുക്കേണ്ടത്.  നന്മകള്‍ പ്രവര്‍ത്തിച്ച്, തിന്മകളില്‍ നിന്നും അകന്നു നിന്ന് നമ്മുടെ പരലോക രക്ഷക്ക് വേണ്ടി നമ്മളോരോരുത്തരും പ്രവര്‍ത്തിച്ചു കൊള്ളുക. ലോക രക്ഷിതാവിന്റെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്ത്തുക. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കുക. അത് മാത്രമേ നമുക്ക് നാളെ ഉപകാരപ്പെടുകയുള്ളൂ... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്പറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും സാധിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ..  നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാനും സര്‍വശക്തന്‍ തുണക്കട്ടെ....

No comments:

Post a Comment