Showing posts with label badar dhinam. Show all posts
Showing posts with label badar dhinam. Show all posts

Friday, July 26, 2013

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

അസ്സലാമുഅലൈകും,



സുഹൃത്തെ, സുഖമെന്ന് കരുതുന്നു - അതിന്നായി പ്രാർത്ഥിക്കുന്നു.. പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ.. നന്മകൾ വർദ്ദിപ്പിച്ചും തിന്മകൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളും നാം എടുത്ത് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.. ഈ റമദാൻ നമുക്ക് മാറാനുള്ള ഒരു അവസരമായി പടച്ച റബ്ബ് മാറ്റിത്തീർക്കുമാറാകട്ടെ ആമീൻ..



നാം ഇത്രയും കഷ്ടപ്പെടുന്നതും നന്മകൾ അധികരിപ്പിക്കുന്നതും ആരെയും കാണിക്കാൻ വേണ്ടിയോ മറ്റുള്ളവരുടെ മുന്നിൽ “മുത്തഖി” ആകാനോ അല്ല, മറിച്ച് നാളെ പടച്ച റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടാനാണ്.. ഉറക്കമൊഴിച്ച് തറാവീഹ് നമസ്കരിക്കുന്നതും ഖുർ’ആൻ പാരായണം ചെയ്യുന്നതും എല്ലാം അതിന്നു തന്നെ.. അതിന്നായിരിക്കണം.. എന്നാൽ ഇത്രയേറെ കഷ്ടപ്പെട്ടിട്ടും പരലോകത്ത് ചെന്നാൽ വട്ടപ്പൂജ്യമാകുന്ന ഒരു സ്ഥിതിയെ പറ്റി ഒന്നാലോചിച്ച് നോക്കൂ… എത്ര ഭീകരമായിരിക്കുമത്?? നമുക്ക് സഹിക്കാനാവുമോ അത്?? ഇല്ല ഒരിക്കലുമില്ല..



അത്തരം ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനാണ് ഈ എഴുത്ത്.. റമദാനിൽ കഷ്ടപ്പെട്ട് പണിയെടുത്ത് റമദാൻ പകുതി ആവുമ്പോഴേക്കും അതെല്ലാം “പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടച്ചു” എന്ന രീതിയിൽ നഷ്ടപ്പെടുത്തുന്ന ചില പ്രവണതകൾ കണ്ടു വരുന്നു..അതും തൌഹീദിന്റെ ധീര പടയാളികളായ ബദ്’രീങ്ങളുടെ പേരിൽ..!



ബദ്’രീങ്ങളെ സ്നേഹിക്കാത്തവരുടെ ഈമാൻ പൂർത്തിയാവില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവും എന്നു കരുതുന്നില്ല.. കാരണം ആ ബദ്’രീങ്ങളുടെ നേതാവ് മുത്ത് റസൂൽ (സ) യാണ്.. ശിർക്കിന്റെ കൂട്ടങ്ങൾ മലപോലെ വന്നപ്പോഴും പതറിയില്ല ആ ധീരന്മാർ.. ഇടറിയില്ലാ അവരുടെ തൌഹീദിന്റെ ശബ്ദം.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കാൻ പാടില്ല, എന്ന് ഉറച്ചു പറഞ്ഞതിന്റെ പേരിൽ ആ ധീര യോഥാക്കൾക്ക് നാടും വീടും നഷ്ടപ്പെട്ടു, ആ തൌഹീദിനു വേണ്ടി അവർ വിശപ്പും ദാഹവും മറന്നു പോരാടി.. എന്നാൽ, ഇന്ന് ആ ധീരന്മാരുടെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ ഇത് ആ മഹാന്മാരെ നിന്ദിക്കലല്ലാതെ വേറെയെന്താണ് എന്നാരും ചോദിച്ച് പോകും.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കരുത് എന്ന ആശയത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരെ തന്നെ വിളിച്ച് പ്രാർത്ഥിക്കൽ അവരെ നിന്ദിക്കലല്ലാതെ മറ്റെന്താണ്??



ബദ്’രീങ്ങളെ സ്നേഹിക്കേണ്ടത് അവരുടെ പേരിൽ ബിരിയാണി കഴിച്ചല്ല, മറിച്ച് ആ ബദ്’രീങ്ങളുടെ ആദർശം ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിക്കൊണ്ടാണ്.. ഒന്ന് ചിന്തിക്കൂ സുഹൃത്തേ, ഇന്ന് നമ്മുടെ നാട്ടിലെ സുന്നി സുഹൃത്തുക്കൾ ഒരു ആപത്തുണ്ടായാൽ, എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ, “ബദ്രീങ്ങളെ.. കാക്കണേ” എന്നു പറയുന്നു, എന്നാൽ ഇതാണോ ബദ്രീങ്ങളുടെ പാത?? ഒരിക്കലുമല്ല, നമുക്കറിയാം, മൂന്നൂറില്പരം മുവഹ്ഹിദുകളെ എതിർക്കാൻ മറുപക്ഷത്തുണ്ടായിരുന്നത് ആയിരത്തില്പരം മുശ്രിക്കുകളായിരുന്നു, ഒന്ന് ചിന്തിച്ചാൽ ബദ്രീങ്ങൾക്ക് പരാജയം ഉറപ്പാണെന്ന് ഏതൊരാളും പറയും.. അപ്പുറത്ത് സർവ്വ സന്നാഹങ്ങളോടെയാണെങ്കിൽ, ഇപ്പുറത്ത് ഒട്ടിയ വയറും മുറിഞ്ഞ വാളുമായി നിൽക്കുന്ന നബി(സ) യും സംഘവും.. യുദ്ധത്തിലെ പരാജയമാകുന്ന മുസ്വീബത്ത് മുന്നിൽ കണ്ട ആ മഹാന്മാർ ആ അപൽഘട്ടത്തിൽ ആരോട് തേടി?? നാം ചിന്തിക്കണ്ടെ?? അവർ മുൻ കഴിഞ്ഞു പോയ മഹാന്മാരോടും അമ്പിയാക്കളോടും ഇസ്തിഗാസ നടത്തി എങ്കിൽ നമുക്കും നടത്താമായിരുന്നു.. എന്നാൽ അവർ ആ വിഷമഘട്ടത്തിൽ തേടിയത് ആരോടാണ് എന്ന് ഖുർ’ആൻ പറയുന്നത് കാണൂ :



إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلآئِكَةِ مُرْدِفِينَ



“നിങ്ങൾ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ (സഹായം തേടിയ) സന്ദർഭം ഓർക്കുക, എന്നിട്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി, മലക്കുകളിൽ നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെ കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നവനാണ് എന്ന്..” (സൂറത്തുൽ അൻഫാൽ-9)



അതെ, യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന് ഭയന്ന ആ നിമിഷം, ആ സമയത്ത് അവർ തേടിയത് റബ്ബിനോടാണെങ്കിൽ, നമുക്കൊരു ആപത്ത് വരുമ്പോൾ, നമുക്കൊരു പ്രയാസം വരുമ്പോൾ, നാമും തേടേണ്ടത് ആ റബ്ബിനോട് തന്നെയല്ലേ?? ബദ്രീങ്ങളുടെ മഹത്വം മനസ്സിലാക്കുമ്പോൾ, അവരുടെ ത്യാഗങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, അവരുടെ പാത പിൻപറ്റിക്കൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിഞ്ഞോ?? ഇല്ലെങ്കിൽ പ്രിയ സുഹൃത്തേ, നിങ്ങളറിയണം ബദ്’രീങ്ങളെ..



അതു കൊണ്ട്, ഏത് സന്ദർഭത്തിലും നാം തേടേണ്ടത് റബ്ബിനോടാണ്.. റബ്ബിനോട് മാത്രമാണ്.. അവനല്ലാത്ത മറ്റാരോട് തേടിയാലും അത് കൊടിയ പാതകമായ ശിർക്കാണ്.. ഈയൊരു കാര്യം പറയുമ്പോൾ പല സുന്നീ സുഹൃത്തുക്കളും ചോദിക്കാറുള്ളത്, അങ്ങനെയാണെങ്കിൽ നിങ്ങൾ ഡോക്ടറോട് സഹായം തേടുന്നില്ലെ, ഉമ്മയോട് സഹായം തേടുന്നില്ലേ എന്നൊക്കെയാണ്.. എങ്കിൽ സുഹൃത്തെ നിങ്ങളൊന്നറിയുക, നാം ഡോക്ടറോട് സഹായം തേടുന്നത് കാര്യകാരണ ബന്ധത്തിനുള്ളിൽ വെച്ചാണ്.. നാം ഡോക്ടറോട് മരുന്നാവശ്യപ്പെടുമ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവനോടെയുണ്ട്.. ആ ഹാജറായ, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോടാണ്, അദ്ദേഹത്തിന്റെ കഴിവിൽ പെട്ട ഒരു കാര്യം നാം ചോദിക്കുന്നത്.. എന്നാൽ അതേ സമയം ഇന്ത്യയിലിരുന്ന് കൊണ്ട് യാതൊരു കാര്യകാരണ ബന്ധവുമില്ലാതെ അമേരിക്കയിൽ ഇരിക്കുന്ന ഒരു ഡോക്ടറോട് തേടിയാൽ അത് ശിർക്ക് തന്നെയാണ്.. മാത്രമല്ല, ഡോക്ടറോട് തന്നെ അദ്ദേഹത്തിന്റെ കഴിവിൽ പെടാത്ത കാര്യങ്ങളും തേടാൻ പാടില്ല.. മാത്രമല്ല, ഇതേ ഡോക്ടർ മരിച്ചു പോയാൽ അവരോടും സഹായം തേടാൻ പാടില്ല. അതൊക്കെ കാര്യ-കാരണ ബന്ധത്തിന്നപ്പുറമുള്ള സഹായ തേട്ടങ്ങളാണ്.. അത് അല്ലാഹുവിന്റെ ഏത് സൃഷ്ടിയോട് നടത്തിയാലും അത് അല്ലാഹു പൊറുക്കാത്ത, നരകം ഉറപ്പാക്കുന്ന കൊടിയ പാതകമായ ശിർക്കാണ്..



ഇത് ശിർക്കാണെന്ന് ബോധ്യമായാലും ചില സുഹൃത്തുക്കൾ പറയുന്ന ന്യായമാണ് അവരെ സ്നേഹിക്കാനാണ് ഞങ്ങൾ പ്രത്യേകമായ ഭക്ഷണ-വിതരണം നടത്തുന്നത്, അതിനാണ് ഞങ്ങൾ ബദർ മാല ചൊല്ലുന്നത് എന്നിങ്ങനെയാണ്.. എങ്കിൽ ചോദിക്കട്ടെ സുഹൃത്തെ, നമ്മെക്കാൾ ബദ്രീങ്ങളെ ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ മഹാനായ മുത്ത് റസൂൽ (സ) യും മഹാന്മാരായ സ്വഹാബത്തും.. അവരാരെങ്കിലും ഇങ്ങനെ ഒരു ഭക്ഷണ വിതരണം റമദാൻ പതിനേഴാം രാവിലോ മറ്റോ നടത്തിയോ?? അവരാരെങ്കിലും ഇന്ന് കാണുന്ന തരത്തിലുള്ള ആചാരങ്ങൾ കൊണ്ടാടിയോ?? ഇല്ലെങ്കിൽ, അങ്ങനെ ചെയ്യാത്തത് കൊണ്ട് അവർക്ക് ബദ്രീങ്ങളോട് സ്നേഹമില്ലെന്നാണോ അതിന്നർത്ഥം?? നഊദുബില്ലാഹ്… അതു കൊണ്ട് പ്രിയ സുഹൃത്തെ, ഇത് നമ്മുടെ പരലോകത്തിന്റെ വിഷയമാണ്.. സൂക്ഷിക്കുക, പരലോകത്തെത്തിയിട്ട് വിരൽ കടിച്ചതുകൊണ്ടൊരു കാര്യവുമില്ല..



അതു കൊണ്ട് സുഹൃത്തുക്കളെ ചിന്തിക്കുക, നാം പിൻപറ്റേണ്ടത് റസൂലിന്റെ പാതയാണ്, മഹാന്മാരായ ബദ്’രീങ്ങളുടെ പാതയാണ്.. അവരുടെ പാത, അല്ലാഹുവല്ലാത്ത ഒരാളോടും, പ്രാർത്ഥിക്കാതിരിക്കുക എന്ന ആ മഹത്തായ ആദർശം.. നാം ദിവസവും അല്ലാഹുന്റെ മുന്നിൽ കൈകെട്ടി നിന്ന് പ്രതിജ്ഞ എടുക്കുന്ന ആ ആദർശം നാം നെഞ്ചിലേറ്റുക.. അതിന്റെ സന്ദേശ വാഹകരാവുക.. നമ്മുടെ കർമ്മങ്ങളെ ധൂളികളാക്കി ഇല്ലാതാക്കുന്ന ആ ശിർക്ക് ഒരിക്കലും, ഒരിക്കലും, ഒരിക്കലും നമ്മിലേക്ക് കടന്നുവന്നുകൂടാ.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ, നാം രാത്രി നിന്ന് നമസ്കരിച്ചത്, റമദാനിന്റെ പകലുകളിൽ പട്ടിണികിടന്ന് കൊടും ചൂടിലും നോമ്പ് നോറ്റത്, ദാനം ചെയ്തത്, എല്ലാം വെറും പ്രവർത്തനങ്ങളായി മാറും, ഈയൊരു ശിർക്ക് നാം ചെയ്താൽ പിന്നെ നമ്മുടെ വാസസ്ഥലം നരകമാണ്.. സ്വർഗ്ഗം നമുക്ക് നിഷിദ്ധമാണ്..!!! ഇല്ല സഹോദരങ്ങളേ, ഒരിക്കലും നമുക്കത് സഹിക്കാൻ പറ്റില്ല.. അതിനാൽ ബദർ മൌലിദെന്ന പേരിലും മറ്റും വരുന്ന കിതാബുകളിൽ ഉള്ള ശിർക്കൻ വരികൾ നമ്മുടെ നാവിലൂടെ ഒരിക്കലും പുറത്ത് വരരുത്.. പതിനാറു ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയത് പതിനേഴാം രാവിൽ തുലച്ച് കളഞ്ഞ് റമദാനിന്റെ ഒറ്റ രാത്രിയത്തെ പ്രവർത്തനം കൊണ്ട് നരകം റിസർവ്വ് ചെയ്യുന്നവരിൽ നാം ഉൾപ്പെടാൻ പാടില്ല..



ഈയുള്ളവന്റെ എഴുത്തിൽ വല്ല അബദ്ധങ്ങളുമുണ്ടെങ്കിൽ, ചൂണ്ടിക്കാണിച്ചു തരണം എന്നപേക്ഷിച്ച് കൊണ്ട്, ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സഹോദരൻ,

അബ്ദുല്ലാ ബാസിൽ സിപി,

കണ്ണൂർ..

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!

ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ മണ്ണിലിറങ്ങിയ ദിനം !!


അല്‍ ഫുര്‍ഖാൻ, അങ്ങനെയാണ് ഈ ദിനത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഫുര്‍ഖാനെന്നാൽ സത്യാസത്യവിവേചനമെന്നാണർത്ഥം. 1432 വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ദിനത്തില്‍ ബദറിൻറെ രണാങ്കണത്തില്‍ വെച്ച് സത്യത്തെയും അസത്യത്തെയും ദൈവം വേര്‍തിരിച്ചു കാണിച്ചുതന്നു !!

ബദരീങ്ങളുടെ പേരില്‍ നടക്കുന്ന അചാരങ്ങളുടെ കറുത്ത മറകളെ വകച്ചുമാറ്റി പതിനാലു നൂറ്റാണ്ടു മുമ്പുള്ള ബദറിൻറെ ആ രണാങ്കണത്തിലേക്കൊന്നെത്തി നോക്കാമോ? കാണുന്നുണ്ടോ നിങ്ങള്‍ക്കവിടെ 313 സാധാരണക്കാരായ മനുഷ്യരെ? അവരുടെ മുഖത്ത് പട്ടിണി കിടന്നതിൻറെ ക്ഷീണമുണ്ട്. പക്ഷെ മുഖത്തെ നിശ്ചയദാർഢ്യത്തിന് തെല്ലും കുറവില്ല.. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, തങ്ങളേക്കാള്‍ എത്രയോ ഇരട്ടി ആയുധവും അര്‍ത്ഥവും ആളുമുള്ള ആ സൈന്യവുമായി തങ്ങളുടെ ഈ കൊച്ചു സൈന്യം പരാജയപ്പെട്ടാല്‍ നശിക്കാന്‍ പോകുന്നത് തങ്ങള്‍ മാത്രമല്ല, ഇത്രയും കാലം നെഞ്ചിലേറ്റിയ ആദര്‍ശം കൂടിയാണെന്ന് അവർക്കും അവരുടെ നേതാവായ നബിക്കും വളരെ നന്നായി അറിയാമായിരുന്നു.. ഇല്ല, എന്നിട്ടും അവരുടെ മുഖത്ത് തെല്ലും ഭയാശങ്കകളില്ല.. കാരണം, അവര്‍ക്കറിയാം, ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച നാഥന്‍ തങ്ങളുടെ കൂടെ ഉണ്ടെന്ന്.. തങ്ങള്‍ നിലകൊള്ളുന്നത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്ന്.

ദിവസങ്ങള്‍ നീണ്ടുനിന്ന, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത, അത്യാധുനിക ആയുധങ്ങളോട് കൂടിയുള്ള അനേകായിരം യുദ്ധങ്ങള്‍ കണ്ടു മടുത്ത ഈ ലോകത്തിൽ, ഇരുഭാഗത്തുമായി വെറും 1500 ആളുകള്‍ പോലും തികച്ചില്ലാത്ത ഒരു പകല്‍ മാത്രം നീണ്ടു നിന്ന ബദര്‍ എങ്ങനെയാണ് പ്രസക്തമാവുന്നത്? സത്യത്തിൽ, ഒരു പകലിൻറെ മാത്രം യുദ്ധമായിരുന്നോ ബദർ?.. അല്ല, ഒരു പകലല്ല ബദർ, ഒരു രാവല്ല ബദർ.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്, പീഡനങ്ങളും മര്‍ദ്ദനങ്ങളുമുണ്ട്. ഏകദൈവത്തെ മാത്രം ആരാധിക്കുന്ന, മനുഷ്യനെ ജാതി വര്‍ഗ്ഗ ലിംഗ ഭേദമന്യേ തുല്യനായി കാണുന്ന, നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്ലാം എന്ന തങ്ങളുടെ ആദര്‍ശത്തിന് വേണ്ടി ഇത്രയുംകാലം ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങളും പീഡനങ്ങളും യാതനകളും.. ഒന്നും വെറുതെയാകരുത്. ഇസ്ലാം നിലനില്‍ക്കണം.. അതിനാല്‍ ഇന്നവര്‍ക്ക് ജയിച്ചേ തീരൂ… ആ വലിയ സൈന്യത്തോട് മുസ്ലിംകളുടെ ആ കൊച്ചു സൈന്യം ബദറില്‍ അന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍, പിന്നീട് നൂറ്റാണ്ടുകളോളം ഒരു ലോകശക്തിയായി തന്നെ നിലകൊണ്ട, സാമ്രാജ്യത്വങ്ങളില്‍ നിന്നും അധിനിവേശങ്ങളില്‍ നിന്നും ജനങ്ങളെ വിമോചിപ്പിച്ച, ലോകത്തില്‍ നീതിപൂര്‍ണ്ണമായ ഭരണം കാഴ്ചവച്ച, ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത, ഇന്നും കോടാനുകോടി ജനങ്ങള്‍ തങ്ങളുടെ ജീവനേക്കാള്‍ സ്നേഹിക്കുന്ന, ഇസ്ലാം എന്ന ആശയം ഭൂമിയില്‍ നിലനില്ക്കുമായിരുന്നില്ല.. ആ അര്‍ത്ഥത്തില്‍ ബദർ, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നിര്ണ്ണായകമായ യുദ്ധമായിരുന്നു.. ബദർ, മനുഷ്യന് വേണ്ടി മാലാഖമാര്‍ കൂട്ടമായി മണ്ണിലിറങ്ങിയ ദിനം.. ബദർ, സത്യം അസത്യത്തിനു മേല്‍ വിജയം നേടിയ ദിനം..

ബദര്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.. പുതിയകാല പോരാട്ടഭൂമികയില്‍, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ വീണ്ടും വീണ്ടും മര്‍ദ്ദിക്കപ്പെട്ടു, വീണ്ടും വീണ്ടും നീതിനിഷേധത്തിന് ഇരയായിക്കൊണ്ട്, നിരാശയോടെ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍, രാവിൻറെ അന്ത്യയാമങ്ങളിലെപ്പോഴോ അവരുടെ കിനാവുകളില്‍ ബദറിൻറെ രണാങ്കണവും ആ 313 മുഖങ്ങളും കടന്നു വരും.. കൊടും ചൂടില്‍ ലഭിക്കുന്ന ഒരു തണുത്ത കാറ്റിൻറെ സുഖമെന്നോണം, ആ മുഖങ്ങള്‍ അവരോടു മന്ത്രിക്കും..

“ഒരു പകലല്ല ബദര്‍, ഒരു രാവല്ല ബദര്‍.. പിറകില്‍ പതിമൂന്നു വര്‍ഷങ്ങളുണ്ട്. പതിമൂന്നു വര്‍ഷങ്ങളുടെ യാതനകളും നൊന്പരങ്ങളുമുണ്ട്”

സത്യത്തെ വിജയിപ്പിക്കാന്‍, മര്‍ദ്ദിതന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍, ബദറുകള്‍ ഇവിടെ പുനര്‍ജ്ജനിക്കാതിരിക്കില്ല..

ലേഖകൻ: റമീസ് മുഹമ്മദ്

Thursday, July 25, 2013

ബദര്‍ ദിനം എന്ന് പറഞ്ഞ് മൌലീദിലൂടെ ബദരീങ്ങളെ വിളിച്ച് സങ്കടം പറയുന്ന കേരള സമസ്ത്തക്കാരോട്........

ബദര്‍ ദിനം എന്ന് പറഞ്ഞ് മൌലീദിലൂടെ ബദരീങ്ങളെ വിളിച്ച് സങ്കടം പറയുന്ന കേരള സമസ്ത്തക്കാരോട്........
ബദരീങ്ങളില്‍ പെട്ട, ഉഹുദ് യുദ്ധത്തില്‍ ശഹീദായ ധീരനായിരുന്നു അല്ലാഹുവിന്‍റെ വലിയ്യായ ഹംസ (റ)
ബദര്‍ യുദ്ധത്തില്‍ തന്‍റെ ബന്ദുക്കളെ ഹംസ കൊന്നതിനു പകരം തീര്‍ക്കാന്‍ അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ്‌ തീരുമാനിച്ചു.
ഹംസയെ കുന്തം എറിഞ്ഞ് കൊല്ലാന്‍ വേണ്ടി വഹിശിയെ നിയോഗിച്ചു.
ഉഹുദ് യുദ്ധത്തിന്‍റെ സമയത്ത് മറഞ്ഞ് നിന്നുകൊണ്ട് വഹിശി കുന്തം എറിഞ്ഞ് ഹംസയെ കൊന്നു.
ഹിന്ദ്‌ വന്നുകൊണ്ട്‌ ഹംസയുടെ നെഞ്ച് കീറി കരള്‍ പറിച്ചെടുത്ത് കടിച്ച് തുപ്പി.
കരള്‍ രോഗമോ, മറ്റെന്തെങ്കിലും അവയവത്തിന് രോഗമോ ഉണ്ടാകുമ്പോള്‍ ബദരീങ്ങളെ വിളിച്ചു പ്രാര്‍ത്തിക്കുകയും അവരുടെ പേരില്‍ നേര്‍ച്ച ചെയ്യുകയും ചെയ്യുന്ന സമസ്ത്തക്കാര്‍ ഈ സംഭവം ഒരു നിമിഷം ഒന്ന് ചിന്തിക്കൂ,
വഹിശി ഒളിച്ചിരുന്ന് കുന്തം എറിയുന്നത് ബദരീങ്ങളില്‍ പെട്ട ഹംസ (റ) നു അറിയാന്‍ കഴിഞ്ഞില്ല.
യുദ്ധത്തില്‍ പങ്കെടുത്ത ബദരീങ്ങളുടെ നേതാവായ നബി(സ) ക്കും മറ്റു ബദരീങ്ങള്‍ക്കും ഹംസയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജീവിച്ചിരിക്കുമ്പോള്‍ പോലും തൊട്ടടുത്തുള്ള ബദരീങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മരിച്ചതി ശേഷം നിങ്ങളുടെ വിഷമങ്ങള്‍ അറിയാനും നിങ്ങളെ അപകടത്തില്‍ നിന്നും രക്ഷിക്കാനും ബദരീങ്ങള്‍ക്ക് കഴിയുക?
സ്വന്തം കരള്‍ പറിച്ചെടുത്ത് ഹിന്ദ്‌ കടിച്ച് തുപ്പുമ്പോള്‍ ബദരീങ്ങളില്‍ പെട്ട ഹംസക്ക് തടയാന്‍ കഴിഞ്ഞില്ല,
പിന്നെ എങ്ങനെയാണ് നിങ്ങളുടെ കരളിന് രോഗം ഉണ്ടായാല്‍ ബദരീങ്ങള്‍ക്ക് മാറ്റാന്‍ കഴിയുക?
"അവനോടുള്ളതു മാത്രമാണ്‌ ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരാരും അവര്ക്ക് ‌ യാതൊരു ഉത്തരവും നല്കുഅന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍., അത്‌ (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (ഖുര്‍ആന്‍ 13:14)
See Translation