Friday, July 26, 2013

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

പ്രിയ സുന്നീ സുഹൃത്തെ, താങ്കളറിയുക, ബദ്’രീങ്ങളെ.

അസ്സലാമുഅലൈകും,



സുഹൃത്തെ, സുഖമെന്ന് കരുതുന്നു - അതിന്നായി പ്രാർത്ഥിക്കുന്നു.. പരിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ നമ്മൾ.. നന്മകൾ വർദ്ദിപ്പിച്ചും തിന്മകൾ ഒഴിവാക്കാനുള്ള തീരുമാനങ്ങളും നാം എടുത്ത് കഴിഞ്ഞിട്ടുണ്ടാവുമല്ലോ.. ഈ റമദാൻ നമുക്ക് മാറാനുള്ള ഒരു അവസരമായി പടച്ച റബ്ബ് മാറ്റിത്തീർക്കുമാറാകട്ടെ ആമീൻ..



നാം ഇത്രയും കഷ്ടപ്പെടുന്നതും നന്മകൾ അധികരിപ്പിക്കുന്നതും ആരെയും കാണിക്കാൻ വേണ്ടിയോ മറ്റുള്ളവരുടെ മുന്നിൽ “മുത്തഖി” ആകാനോ അല്ല, മറിച്ച് നാളെ പടച്ച റബ്ബിന്റെ കോടതിയിൽ രക്ഷപ്പെടാനാണ്.. ഉറക്കമൊഴിച്ച് തറാവീഹ് നമസ്കരിക്കുന്നതും ഖുർ’ആൻ പാരായണം ചെയ്യുന്നതും എല്ലാം അതിന്നു തന്നെ.. അതിന്നായിരിക്കണം.. എന്നാൽ ഇത്രയേറെ കഷ്ടപ്പെട്ടിട്ടും പരലോകത്ത് ചെന്നാൽ വട്ടപ്പൂജ്യമാകുന്ന ഒരു സ്ഥിതിയെ പറ്റി ഒന്നാലോചിച്ച് നോക്കൂ… എത്ര ഭീകരമായിരിക്കുമത്?? നമുക്ക് സഹിക്കാനാവുമോ അത്?? ഇല്ല ഒരിക്കലുമില്ല..



അത്തരം ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനാണ് ഈ എഴുത്ത്.. റമദാനിൽ കഷ്ടപ്പെട്ട് പണിയെടുത്ത് റമദാൻ പകുതി ആവുമ്പോഴേക്കും അതെല്ലാം “പകലന്തിയോളം വെള്ളം കോരി അന്തിക്ക് കലമുടച്ചു” എന്ന രീതിയിൽ നഷ്ടപ്പെടുത്തുന്ന ചില പ്രവണതകൾ കണ്ടു വരുന്നു..അതും തൌഹീദിന്റെ ധീര പടയാളികളായ ബദ്’രീങ്ങളുടെ പേരിൽ..!



ബദ്’രീങ്ങളെ സ്നേഹിക്കാത്തവരുടെ ഈമാൻ പൂർത്തിയാവില്ല എന്ന കാര്യത്തിൽ തർക്കമുണ്ടാവും എന്നു കരുതുന്നില്ല.. കാരണം ആ ബദ്’രീങ്ങളുടെ നേതാവ് മുത്ത് റസൂൽ (സ) യാണ്.. ശിർക്കിന്റെ കൂട്ടങ്ങൾ മലപോലെ വന്നപ്പോഴും പതറിയില്ല ആ ധീരന്മാർ.. ഇടറിയില്ലാ അവരുടെ തൌഹീദിന്റെ ശബ്ദം.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കാൻ പാടില്ല, എന്ന് ഉറച്ചു പറഞ്ഞതിന്റെ പേരിൽ ആ ധീര യോഥാക്കൾക്ക് നാടും വീടും നഷ്ടപ്പെട്ടു, ആ തൌഹീദിനു വേണ്ടി അവർ വിശപ്പും ദാഹവും മറന്നു പോരാടി.. എന്നാൽ, ഇന്ന് ആ ധീരന്മാരുടെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ ഇത് ആ മഹാന്മാരെ നിന്ദിക്കലല്ലാതെ വേറെയെന്താണ് എന്നാരും ചോദിച്ച് പോകും.. അല്ലാഹുവല്ലാത്ത ഒരാളോടും പ്രാർത്ഥിക്കരുത് എന്ന ആശയത്തിനു വേണ്ടി പോരാടിയ ആ മഹാന്മാരെ തന്നെ വിളിച്ച് പ്രാർത്ഥിക്കൽ അവരെ നിന്ദിക്കലല്ലാതെ മറ്റെന്താണ്??



ബദ്’രീങ്ങളെ സ്നേഹിക്കേണ്ടത് അവരുടെ പേരിൽ ബിരിയാണി കഴിച്ചല്ല, മറിച്ച് ആ ബദ്’രീങ്ങളുടെ ആദർശം ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിക്കൊണ്ടാണ്.. ഒന്ന് ചിന്തിക്കൂ സുഹൃത്തേ, ഇന്ന് നമ്മുടെ നാട്ടിലെ സുന്നി സുഹൃത്തുക്കൾ ഒരു ആപത്തുണ്ടായാൽ, എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ, “ബദ്രീങ്ങളെ.. കാക്കണേ” എന്നു പറയുന്നു, എന്നാൽ ഇതാണോ ബദ്രീങ്ങളുടെ പാത?? ഒരിക്കലുമല്ല, നമുക്കറിയാം, മൂന്നൂറില്പരം മുവഹ്ഹിദുകളെ എതിർക്കാൻ മറുപക്ഷത്തുണ്ടായിരുന്നത് ആയിരത്തില്പരം മുശ്രിക്കുകളായിരുന്നു, ഒന്ന് ചിന്തിച്ചാൽ ബദ്രീങ്ങൾക്ക് പരാജയം ഉറപ്പാണെന്ന് ഏതൊരാളും പറയും.. അപ്പുറത്ത് സർവ്വ സന്നാഹങ്ങളോടെയാണെങ്കിൽ, ഇപ്പുറത്ത് ഒട്ടിയ വയറും മുറിഞ്ഞ വാളുമായി നിൽക്കുന്ന നബി(സ) യും സംഘവും.. യുദ്ധത്തിലെ പരാജയമാകുന്ന മുസ്വീബത്ത് മുന്നിൽ കണ്ട ആ മഹാന്മാർ ആ അപൽഘട്ടത്തിൽ ആരോട് തേടി?? നാം ചിന്തിക്കണ്ടെ?? അവർ മുൻ കഴിഞ്ഞു പോയ മഹാന്മാരോടും അമ്പിയാക്കളോടും ഇസ്തിഗാസ നടത്തി എങ്കിൽ നമുക്കും നടത്താമായിരുന്നു.. എന്നാൽ അവർ ആ വിഷമഘട്ടത്തിൽ തേടിയത് ആരോടാണ് എന്ന് ഖുർ’ആൻ പറയുന്നത് കാണൂ :



إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلآئِكَةِ مُرْدِفِينَ



“നിങ്ങൾ നിങ്ങളുടെ റബ്ബിനോട് ഇസ്തിഗാസ (സഹായം തേടിയ) സന്ദർഭം ഓർക്കുക, എന്നിട്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി, മലക്കുകളിൽ നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെ കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നവനാണ് എന്ന്..” (സൂറത്തുൽ അൻഫാൽ-9)



അതെ, യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന് ഭയന്ന ആ നിമിഷം, ആ സമയത്ത് അവർ തേടിയത് റബ്ബിനോടാണെങ്കിൽ, നമുക്കൊരു ആപത്ത് വരുമ്പോൾ, നമുക്കൊരു പ്രയാസം വരുമ്പോൾ, നാമും തേടേണ്ടത് ആ റബ്ബിനോട് തന്നെയല്ലേ?? ബദ്രീങ്ങളുടെ മഹത്വം മനസ്സിലാക്കുമ്പോൾ, അവരുടെ ത്യാഗങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, അവരുടെ പാത പിൻപറ്റിക്കൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിഞ്ഞോ?? ഇല്ലെങ്കിൽ പ്രിയ സുഹൃത്തേ, നിങ്ങളറിയണം ബദ്’രീങ്ങളെ..



അതു കൊണ്ട്, ഏത് സന്ദർഭത്തിലും നാം തേടേണ്ടത് റബ്ബിനോടാണ്.. റബ്ബിനോട് മാത്രമാണ്.. അവനല്ലാത്ത മറ്റാരോട് തേടിയാലും അത് കൊടിയ പാതകമായ ശിർക്കാണ്.. ഈയൊരു കാര്യം പറയുമ്പോൾ പല സുന്നീ സുഹൃത്തുക്കളും ചോദിക്കാറുള്ളത്, അങ്ങനെയാണെങ്കിൽ നിങ്ങൾ ഡോക്ടറോട് സഹായം തേടുന്നില്ലെ, ഉമ്മയോട് സഹായം തേടുന്നില്ലേ എന്നൊക്കെയാണ്.. എങ്കിൽ സുഹൃത്തെ നിങ്ങളൊന്നറിയുക, നാം ഡോക്ടറോട് സഹായം തേടുന്നത് കാര്യകാരണ ബന്ധത്തിനുള്ളിൽ വെച്ചാണ്.. നാം ഡോക്ടറോട് മരുന്നാവശ്യപ്പെടുമ്പോൾ അദ്ദേഹം നമ്മുടെ മുന്നിൽ ജീവനോടെയുണ്ട്.. ആ ഹാജറായ, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോടാണ്, അദ്ദേഹത്തിന്റെ കഴിവിൽ പെട്ട ഒരു കാര്യം നാം ചോദിക്കുന്നത്.. എന്നാൽ അതേ സമയം ഇന്ത്യയിലിരുന്ന് കൊണ്ട് യാതൊരു കാര്യകാരണ ബന്ധവുമില്ലാതെ അമേരിക്കയിൽ ഇരിക്കുന്ന ഒരു ഡോക്ടറോട് തേടിയാൽ അത് ശിർക്ക് തന്നെയാണ്.. മാത്രമല്ല, ഡോക്ടറോട് തന്നെ അദ്ദേഹത്തിന്റെ കഴിവിൽ പെടാത്ത കാര്യങ്ങളും തേടാൻ പാടില്ല.. മാത്രമല്ല, ഇതേ ഡോക്ടർ മരിച്ചു പോയാൽ അവരോടും സഹായം തേടാൻ പാടില്ല. അതൊക്കെ കാര്യ-കാരണ ബന്ധത്തിന്നപ്പുറമുള്ള സഹായ തേട്ടങ്ങളാണ്.. അത് അല്ലാഹുവിന്റെ ഏത് സൃഷ്ടിയോട് നടത്തിയാലും അത് അല്ലാഹു പൊറുക്കാത്ത, നരകം ഉറപ്പാക്കുന്ന കൊടിയ പാതകമായ ശിർക്കാണ്..



ഇത് ശിർക്കാണെന്ന് ബോധ്യമായാലും ചില സുഹൃത്തുക്കൾ പറയുന്ന ന്യായമാണ് അവരെ സ്നേഹിക്കാനാണ് ഞങ്ങൾ പ്രത്യേകമായ ഭക്ഷണ-വിതരണം നടത്തുന്നത്, അതിനാണ് ഞങ്ങൾ ബദർ മാല ചൊല്ലുന്നത് എന്നിങ്ങനെയാണ്.. എങ്കിൽ ചോദിക്കട്ടെ സുഹൃത്തെ, നമ്മെക്കാൾ ബദ്രീങ്ങളെ ജീവനു തുല്യം സ്നേഹിച്ചവരായിരുന്നല്ലോ മഹാനായ മുത്ത് റസൂൽ (സ) യും മഹാന്മാരായ സ്വഹാബത്തും.. അവരാരെങ്കിലും ഇങ്ങനെ ഒരു ഭക്ഷണ വിതരണം റമദാൻ പതിനേഴാം രാവിലോ മറ്റോ നടത്തിയോ?? അവരാരെങ്കിലും ഇന്ന് കാണുന്ന തരത്തിലുള്ള ആചാരങ്ങൾ കൊണ്ടാടിയോ?? ഇല്ലെങ്കിൽ, അങ്ങനെ ചെയ്യാത്തത് കൊണ്ട് അവർക്ക് ബദ്രീങ്ങളോട് സ്നേഹമില്ലെന്നാണോ അതിന്നർത്ഥം?? നഊദുബില്ലാഹ്… അതു കൊണ്ട് പ്രിയ സുഹൃത്തെ, ഇത് നമ്മുടെ പരലോകത്തിന്റെ വിഷയമാണ്.. സൂക്ഷിക്കുക, പരലോകത്തെത്തിയിട്ട് വിരൽ കടിച്ചതുകൊണ്ടൊരു കാര്യവുമില്ല..



അതു കൊണ്ട് സുഹൃത്തുക്കളെ ചിന്തിക്കുക, നാം പിൻപറ്റേണ്ടത് റസൂലിന്റെ പാതയാണ്, മഹാന്മാരായ ബദ്’രീങ്ങളുടെ പാതയാണ്.. അവരുടെ പാത, അല്ലാഹുവല്ലാത്ത ഒരാളോടും, പ്രാർത്ഥിക്കാതിരിക്കുക എന്ന ആ മഹത്തായ ആദർശം.. നാം ദിവസവും അല്ലാഹുന്റെ മുന്നിൽ കൈകെട്ടി നിന്ന് പ്രതിജ്ഞ എടുക്കുന്ന ആ ആദർശം നാം നെഞ്ചിലേറ്റുക.. അതിന്റെ സന്ദേശ വാഹകരാവുക.. നമ്മുടെ കർമ്മങ്ങളെ ധൂളികളാക്കി ഇല്ലാതാക്കുന്ന ആ ശിർക്ക് ഒരിക്കലും, ഒരിക്കലും, ഒരിക്കലും നമ്മിലേക്ക് കടന്നുവന്നുകൂടാ.. അങ്ങനെയെങ്ങാനും സംഭവിച്ചാൽ, നാം രാത്രി നിന്ന് നമസ്കരിച്ചത്, റമദാനിന്റെ പകലുകളിൽ പട്ടിണികിടന്ന് കൊടും ചൂടിലും നോമ്പ് നോറ്റത്, ദാനം ചെയ്തത്, എല്ലാം വെറും പ്രവർത്തനങ്ങളായി മാറും, ഈയൊരു ശിർക്ക് നാം ചെയ്താൽ പിന്നെ നമ്മുടെ വാസസ്ഥലം നരകമാണ്.. സ്വർഗ്ഗം നമുക്ക് നിഷിദ്ധമാണ്..!!! ഇല്ല സഹോദരങ്ങളേ, ഒരിക്കലും നമുക്കത് സഹിക്കാൻ പറ്റില്ല.. അതിനാൽ ബദർ മൌലിദെന്ന പേരിലും മറ്റും വരുന്ന കിതാബുകളിൽ ഉള്ള ശിർക്കൻ വരികൾ നമ്മുടെ നാവിലൂടെ ഒരിക്കലും പുറത്ത് വരരുത്.. പതിനാറു ദിവസം കഷ്ടപ്പെട്ടുണ്ടാക്കിയത് പതിനേഴാം രാവിൽ തുലച്ച് കളഞ്ഞ് റമദാനിന്റെ ഒറ്റ രാത്രിയത്തെ പ്രവർത്തനം കൊണ്ട് നരകം റിസർവ്വ് ചെയ്യുന്നവരിൽ നാം ഉൾപ്പെടാൻ പാടില്ല..



ഈയുള്ളവന്റെ എഴുത്തിൽ വല്ല അബദ്ധങ്ങളുമുണ്ടെങ്കിൽ, ചൂണ്ടിക്കാണിച്ചു തരണം എന്നപേക്ഷിച്ച് കൊണ്ട്, ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സഹോദരൻ,

അബ്ദുല്ലാ ബാസിൽ സിപി,

കണ്ണൂർ..

No comments:

Post a Comment