Monday, July 8, 2013

നമസ്കാരത്തിന്റെ കൂടെ സക്കാത്ത് ചേര്‍ത്തി പറഞ്ഞ ഖുര്‍ആന്‍ ആയത്തുകള്‍



പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍ . [2:43]

അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌ . [2:83] 


നിങ്ങള്‍ പ്രാര്‍ത്ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന് മുന്‍കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. [2:110] 

ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. [2:117] 

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.  [2:277] 

(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. [4:77]

എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌ .[4:162] 

അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്‌) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങള്‍ പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്‍മകള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന് ആര്‍ അവിശ്വസിച്ചുവോ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു. [5:12]

അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍. [5:55]

അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ . [9:5]

ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. [19:31]

അവരെ നാം നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കണമെന്നും, സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്‌ . [21:73]

ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു. [22:41]

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്‌. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി! [22:78]

ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. [24:37] 

നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. [24:56] 

നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌. [27:3]

നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌. [31:4] 

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌ .  [33:33] 

നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. [58:13]

നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്‌. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. [73:20]

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം [98:5] 

No comments:

Post a Comment