Sunday, May 26, 2013

ആദര്‍ശ ബന്ധുക്കള്‍ എങ്ങനെ ശത്രുക്കളായി???

ആദര്‍ശ ബന്ധുക്കള്‍ എങ്ങനെ ശത്രുക്കളായി???

അസ്സലാമുഅലൈകും,
*
*
*ഒരു മുജാഹിദ്‌ സഹോദരന്റെ അനുഭവക്കുറിപ്പ്.. *
*
*
*ഇത് വായിച്ച ശേഷം സ്വയം ചോദിക്കുക.. *
*
*

- *ഇത്രയും കാലം പറഞ്ഞതൊക്കെ ശിര്‍ക്കാണെന്ന് പറഞ്ഞു സ്വയം അപഹാസ്യരാകണോ?? *
- *ഇത്രയും കാലം പറഞ്ഞ തൌഹീദ് മാറ്റിയെഴുതണോ?? *
- *ഇന്നലെ വരെ കൂടെ കിടന്നവനെ മുശ്രിക്കെന്നു പറഞ്ഞു ഒഴിവാക്കണോ?? *
- *ബാപ്പയും മക്കളും തമ്മില്‍ ഇനിയും തെറ്റണോ?? *

*
*
*മുജാഹിദുകളെ പറയൂ, നമുക്ക്‌ ഒന്നായിക്കൂടെ???*

സഹൊാദരന്മാരെ അസ്സലാമു അലൈകും
ഈ പോസ്റ്റിൽ ഒരുമിച്ചു കൂടിയവരൊക്കെ ഒന്ന് മുജാഹിദ് പ്രസ്താനത്തിലേക്ക്
വരുന്നതിനു മുൻപുള്ള അവരവരുടെ പഴയ കാലത്തെ കുറിച്ച് തിരിഞ്ഞു നോക്കുക.
ബാല്യകാലം മുതലേ കേട്ട് വളർന്ന പാരമ്പര്യ വിശ്വാസത്തിന്റെ ഇരുട്ടിൽ നിന്നു
ഏതെങ്കിലും ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിൽ നിന്ന്, അല്ലെങ്കിൽ ആരെങ്കിലും
തന്ന ഒരു സി ഡി യിൽ നിന്ന് , നമ്മുടെ ആത്മാവിന്റെ തന്നെ ഒരു വിളി നമ്മൾ
തിരിച്ചറിഞ്ഞു - തൗഹീദ്. നമ്മുടെ പ്രാർത്ഥ്നകളും നേർച്ച വഴിപാടുകളും ആരാധനയുടെ
മുഴുവൻ വശങ്ങളും നമ്മെ സൃഷ്ടിച്ച നാഥനു മാത്രം നൽകണമെന്ന മഹാ സത്യം.

പക്ഷെ, ചുറ്റും നമ്മൾ നോക്കിയപ്പോൾ നമ്മൾ കണ്ടത് അല്ലാഹു അല്ലാത്തവരോട്
പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നും, അത് ഫലപ്രദമാണെന്നും വാദിക്കുന്ന ഒരു
ഭൂരിപക്ഷത്തെയാണു. ആവർ പ്രാർത്ഥനയെ ഇസ്തിഗാസ എന്നും തവസ്സുൽ എന്നുമൊക്കെ
ഓമനപ്പേരു ചൊല്ലി വിളിച്ചു. ആ കൂട്ടത്തിൽ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും
എല്ലാം ഉണ്ട്. അവരെ നമ്മൾ ആയത്തും ഹദീസും പറഞ്ഞ് ഉപദേശിച്ചപ്പോൾ അവർ
ഇസ്ലാമിന്റെ ശരിയായ പാരമ്പര്യം അവകാശപ്പെട്ടു. അവർ ആണു സുന്നത്ത് ജമ അത് എന്ന്
വാദിച്ചു. ഇമാമീങ്ങൾ അവരെ പോലെ തന്നെ ഇസ്തിഗാസ ചെയ്തവരാണു എന്നു വാദിച്ചു.
നമ്മൾ 'ഇയ്യാക്ക നൗബുദു' ഓതിയപ്പൊൾ അവർ പറഞ്ഞു നിങ്ങൾ നിങ്ങളുടെ ഡോക്റ്റരെ
കണ്ടു സഹായം ചോദിക്കുന്നത് അതിനു എതിരാണല്ലൊ? നിങ്ങളും മുശ്രിക്കുകൾ അല്ലെ?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ നമുക്ക് പഠിപ്പിച്ചു, അല്ലാഹുവിനോട് മാത്രം
ചോദിക്കേണ്ടുന്ന ചോദ്യങ്ങളുണ്ട് എന്നും, ആ സഹായത്തേട്ടം ഏത് മഹ്ലൂക്കിനോട്
ആയാലും അത് അവനിലുള്ള ആരാധനയിൽ ശിർക്ക് വെക്കലാണെന്നും. ഇത് നമ്മുടെ സുന്നി
സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചു. അല്ലാഹുവിനോടു
മാത്രംപാടുള്ള തേട്ടം ഏതാണെന്ന്. ആതിനു എന്താണു തെളിവെന്ന്?

അപ്പോൾ നമ്മുടെ പണ്ടിതന്മാർ പറഞ്ഞു കാര്യകാരണ ബന്ധം മുറിയുന്ന എല്ലാ തേട്ടവും
ശിർക്ക് ആകും എന്ന്. കൂടുതൽ വിശദീകരിക്കാൻ നമ്മൾ മറഞ്ഞ മാർഗ്ഗം, അദ്രുശ്യമായ
മാർഗ്ഗം എന്നീ പദങ്ങൾ ഉപയോഗിച്കു. അവർക്ക് നമ്മൾ കാര്യങ്ങൾ വിശദീകരിച്ചു.
അപ്പോൾ അവർ പറഞ്ഞു നിങ്ങളുടെ ഈ നിർവ്വചനം പുതിയതാണു. ഇതിനു ഇമാമീങ്ങളുടെ
പാരമ്പര്യമില്ല. അപ്പൊൾ നമ്മൾ തെളിവു കൊടുത്തു. ഇമാം നവവി തന്റെ നാൽപത്
ഹദീസുകളുടെ സമാഹാരത്തിൽ നീ ചോദിക്കുകയാണെങ്കിൽ അല്ലഹുവിനോട് ചോദിക്കുക എന്ന
ഹദീസിന്റെ വിശദീകരണത്തിൽ സഹായതേട്ടത്തെ രണ്ടായി തിരിച്ചത് ചൂണ്ടി കാട്ടി
കൊടുത്തു.

അവരുടെ സമൂഹത്തെ തൃപ്ത്തിപ്പെടുത്താൻ തെളിവുകളില്ലാതെ വന്നപ്പോൾ അവർ പുതിയ
പുതിയ തെളിവുകളുമായി വരാൻ ശ്രമിച്ചു. അവർ കൊണ്ടു വന്ന ഹദീസുകളും ആയത്തുകളും ഈ
വിഷയവുമായി ബന്ധമില്ലാത്തതാണെന്നോ ദുർബലമാണെന്നോ നമ്മൾ ഓരോ തവണയും തെളിയിച്കു
കൊണ്ടിരുന്നു. അങ്ങനെ പിശാചിന്റെ തന്ത്രങ്ങൾ ഓരോ വട്ടവും പരാജയപ്പെട്ടു.

ഷൈഖുൽ ഇസ്ലാം ഇബ്നുത്തയ്മിയ റഹിമഹുല്ല ആണു ഇസ്തിഗാസ ഷിർക്ക് ആണെന്ന് ആദ്യം
പറഞ്ഞതെന്ന് കുറാഫികൾ വാദിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇബ്നുതയ്മിയായുടെ കാലം വരെ
ഒരു പണ്ടിതനും നിങ്ങൾ പറയുന്ന ഇസ്തിഗാസാ വാദക്കാരായിരുന്നില്ല. ഇബ്നുതയ്മിയ
ജീവിച്ച കാലഘട്ടത്തിലെ സുബ്കി എന്ന മൊല്ലയാണു ആദ്യമായി ഇസ്തിഗാസ എന്ന
ഓമനപ്പേരു ഇട്ട് ശിർക്കിനെ വെള്ള പൂശുന്നത്. അതു കൊണ്ട് തന്നെ
ഇസ്തിഗാസാവാദത്തെ അതിനു മുൻപ് ആർക്കും ഘണ്ഡിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത്
എന്ന് നമ്മൾ തിരിച്ചടിച്ചു.

നമ്മുടെ ഈ വാദത്തെ ഘണ്ഡിച്ചു അവരുടെ ഷിർക്കൻ വാദത്തിനു സഹാബികളോളം
പഴക്കമുള്ളതാണു എന്നു വരുത്തി തീർക്കാനാണു അവർ എന്നും പരിശ്രമിച്ചത്.
അതിനു വേണ്ടി അവർ കൊണ്ടു വന്ന തെളിവുകളെ നമ്മൾ മൂന്ന് രീതിയിൽ ഘണ്ഡിച്ചു.

1. സ്വഹീഹാണെങ്കിലും നിങ്ങൾക്ക് തെളിവില്ല. ഉദാ. മ അ ഷറയിൽ റസൂൽ സ അ ചെയ്യുന്ന
ഷഫാഅത്തിനെ മഅഷരിലെ ഇസ്തിഗാസ എന്ന് വിളിക്കുന്നതിനെ നമ്മൾ ഘണ്ഡിച്ചത്, അത്
മുന്നിലുള്ള നബിയോടാണു, അതിനാൽ അതിൽ അഭൗതികതയില്ല എന്ന് പറഞ്ഞാണു.

2. വിഷയവുമായി ബന്ധമുള്ളതാണെങ്കിലും ദുർബലമായതാണു.

3. ദുർബലമാണു, ഇനി സ്വഹീഹ് ആയാലും ഇസ്തിഗാസയ്ക്ക് തെളിവില്ല. ഉദാ. ഇബ്നു ഉമർ റ
വിന്റെ കാൽ കോച്ചിയപ്പ്പോൾ 'യാ മുഹമ്മദ് ' എന്ന് വിളിച്ചത്. നമ്മൾ പറഞ്ഞു അത്
ദുർബലമാണു. ഇനി അത് സ്വഹീഹ് ആയാലും നിങ്ങൾ ഉദ്ദെശിച്ച പോലെ ഇബ്നു ഉമർ റ
വിളിച്ചിട്ടില്ല. കാലു കോച്ചുമ്പോൾ സ്നേഹം ഉള്ള ആളിനെ ഓർക്കുമ്പോൾ അതിനു ശമനം
കിട്ടുന്നത് അറബികൾ പതിവായി ചെയ്തിരുന്നതാണു. അവിടെ അഭൗതികതയില്ല. എന്ന്.

യാ ഇബാദല്ലാ എന്ന ഹദീസിനു നമ്മൾ മൂന്നാമത്തെ നിലക്കാണു മറുപടി പറഞ്ഞ് പോന്നത്.

സൽസബീലിൽ 1971 ലക്കം മൂന്നിൽ ഈ ചോദ്യത്തിനു മറുപടിയായി ...
" ഈ ഹദീസ് ബലഹീനമാണു എന്നതിൽ തർക്കമില്ല. കാരണം ഇതിന്റെ പരമ്പരയിൽ സൈദു ബിനു
അലിയ്യ് എന്നയാൾ ഉത്ബയെ കണ്ടിട്ടില്ല. ഇനി ഹദീസ് സ്വഹീഹാണെന്ന് വെറുതെ
സങ്കൽപിച്ചാൽ തന്നെയും വാദവിഷയവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. വാദം
മുഹിയുദ്ദീൻ ശൈഖെ രക്ഷിക്കണേ എന്ന് വിളിച്ച് തേടുന്നത് അനുവദനീയമാണു
എന്നാണല്ലോ? അല്ലാഹുവിന്റെ അടിമകളേ, സഹായിക്കൂ എന്നാണല്ലോ ഹദീസിലുള്ളത്. ഒരു
വിജന പ്രദേശത്ത് ഒറ്റയ്ക്ക് അകപ്പെട്ട് വിഷമം കൊടുമ്പിരി കൊള്ളുമ്പോൾ
എന്നിങ്ങനെ സന്ദർഭം വ്യക്തമായി നിർണ്ണയിക്കുകയും ചെയ്തു. അപ്പോൾ ജനനിബിഢമായ
ഒരു പ്രദേശത്ത് വെച്ച് മുഹിയുദ്ദീൻ ശൈഖിനെ വിളിച്ച് തേടാൻ എന്ത് വെളിച്ചമാണു ഈ
ഹദീസിൽ നിന്ന് ലഭിക്കുന്നത്? സഹായിക്കാൻ ആരെയും കാണാതെ അത്യധികം വിഷമത്തിൽ
അകപ്പെടുന്ന സമയത്ത് ' യാ ഇബദല്ലാഹ്' എന്ന് വിളിച്ചാൽ അല്ലാഹുവിന്റെ
മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മനുഷ്യനെ സഹായിക്കാൻ വന്നെത്തും എന്ന്
പ്രതീക്ഷിക്കാം. ഇതാണു ഹദീസിലെ ഉപദേശം. ഈ ഹദീസിനെ അടിസ്താനമാക്കി ആരെങ്കിലും
മുഹിയുദ്ദീൻ ശൈഖേ ഈന്നെ രക്ഷിക്കണേ എന്ന് വിളിച്ചു തേടിയാൽ അവൻ
കാഫിറായിപ്പോകും. ഒരു സ്രുഷ്ടിയുടെ പേരെടുത്ത് പറഞ്ഞ് തേടാൻ ഇവിടെ ആരും
ഉപദേശിച്ചിട്ടില്ല. നമ്മുടെ മരണം ആസന്നമായിരിക്കുന്ന അവസ്ഥയിൽ കിടക്കുന്നു.
അദ്ധേഹം കുറച്ചു നാൾ കൂടി ജീവിച്ചിരുന്നാൽ വളരെ കാര്യമുണ്ട്. എന്നാൽ
ബഹുമാനപ്പെട്ട അസ്രാഈൽ എന്ന മലക്കേ ഈ ആളുടെ റൂഹിനെ പിടിക്കൽ കുറച്ചു
കാലത്തേക്ക് നീട്ടിവെക്കണേ എന്ന് അപേക്ഷിക്കാമോ? സുന്നി മുസ്ല്യാക്കന്മാരേ?"

ഇതു തന്നെ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി 1980 കളിൽ ശബാബിൽ എഴുതി..
"വിളിക്കുക, സഹായം തേടുക, പ്രാർത്ഥിക്കുക- ഇവ തമ്മിൽ മൗലികമായ
വ്യത്യാസമുണ്ട്.' യാ ഇബാദ്' എന്ന വിളി പല ഖുർ'ആൻ വാക്യങ്ങളിലുമുണ്ട്. ഇത്
അടിമകളോടു പ്രാർത്ഥനയാണെന്ന് കാര്യബോധമുള്ള ആരും പറയുകയില്ല. സൃഷ്ടികൾക്ക്
കഴിവ് നൽകപ്പെട്ട കഴിവിനു അതീതമായ കാര്യങ്ങളിൽ സഹായം തേടലാണു പ്രാർത്ഥന. ഈ
പ്രാർത്ഥന അല്ലാഹു അല്ലാത്തവരിലേക്ക് പ്രവാചകന്മാർ തിരിച്ച്വിട്ടിട്ടില്ല.
തിരിച്കു വിടാൻ നിർദ്ദെശിച്ചിട്ടുമില്ല.
ജിന്നുകൾ അല്ലാഹുവിന്റെ അടിമകളാണു. അവരുടെ അസ്തിത്വത്തെയോ കഴിവുകളെയോ
സംബന്ധിച്ചു വിശദവിവരങ്ങൾ ഖുർ ആനിനിലോ പ്രാമാണികമായ ഹദീസിലോ ഇല്ല. സുലൈമാൻ നബി
അ ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിച്ചിരുന്നു. അവരോട് പല കാര്യങ്ങളും
ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ജിന്നുകളോട് പ്രാർത്ഥിച്ചു എന്ന് ഖുർ
ആനിലോ ഹദീസിലോ പറഞ്ഞിട്ടില്ല. അത് പോലെ വിജന പ്രദേശത്ത് ഉണ്ടായേക്കാൻ ഇടയുള്ള
ജിന്നുകളും മലക്കുകളും ഉൾപ്പടെയുള്ള സൃഷ്ടികളോട് അവർക്ക് കഴിവ് നൽകപ്പെട്ട
വിഷയത്തിൽ സഹായം തേടിയാൽ അതും പ്രാർത്ഥനയാണെന്ന് പറയാവുന്നതല്ല. പക്ഷെ,
ഒട്ടപ്പെട്ട ഒരു റിപോർട്ട്റ്റിന്റെ അടിസ്ഥനത്തിൽ ഇങ്ങനെയുള്ള ഒരു സഹായാർത്ഥന
ഇസ്ലാമിലെ ഒരു അംഗീകൃത് സമ്പ്രദായമാണെന്ന് പറയാവുന്നതല്ല."

ഇതേ വിഷയം ഇതേ രീതിയിൽ തന്നെ മണ്ണാർക്കാട് സംവാദത്തിലും മറുപടി പറഞ്ഞു.

അന്ന് ആരും ഇത് വിവാദമാക്കിയില്ല.

പക്ഷെ, മടവൂർ വിഭാഗം, ജിന്നിനെയും മലക്കിനെയും അഭൗതികമാണെന്ന്
പ്രഖ്യാപിച്ചതോട് കൂടിയാണു വിവാദം ആരംഭിച്ചതു. ജിന്നുകളുടെ സഹായവും ഉപദ്രവവും
ഒക്കെ അഭൗതികമാമ്മാണെന്ന് അവർ പ്രഖ്യാപിച്ചു. സിഹ്ര് ഫലിക്കില്ല എന്ന്
വാദിച്ചു. മുജാഹിദുകളെ നവയാഥാസ്തിതികർ എന്നും ജിന്നൂരികൾ എന്നും വിളിച്ചു.
അഭൌതികമായ നിലയിൽ സഹായിക്കാനും ഉപദ്രവിക്കുവാനും ജിന്നുകൾക്ക് കഴിയും എന്ന
വിശ്വസിക്കുക വഴി മുജാഹിദുകൾ ശിർകിലെക്ക് പോയി എന്നു സലാം സുല്ലമി അഭിമുഖം
നല്കി.

മഹാന്മാരോടുള്ള അവരുടെ ശിർക്കൻ ഇസ്തിഗാസയെ ന്യായീകരിച്ചു കൊണ്ട് യാ ഇബാടല്ല
എന്നാ ഹദീസിനെ ദുര്വ്യാഖ്യാനിച്ച്ച്ച് കൊണ്ട് എഴുതിയ അംബലക്കടവ് ഫൈസിയുടെ
ചോദ്യങ്ങൾക്ക് അൽ ഇസ്ലാഹ് മാസികയിൽ ജബാർ മൗലവി മറുപടി പറഞ്ഞുകൊണ്ടെഴുതിയ ലേഖനം
വിവാദമായി മടവൂരികൾ ഏറ്റെടുത്തു. അത് കുബൂരികൾ ഏറ്റെടുത്തു. രണ്ടാളും വിളിച്കു
പറഞ്ഞു മുജാഹിദുകൾ ജിന്നുകളോട് തേടാം എന്ന വാദക്കാരാണു. മുജാഹിദുകൾ ഞെട്ടി.
ഇത്രയും കാലം തൗഹീദും പറഞ്ഞ് നടന്ന നമ്മളിൽ ശിർക്ക്കോ?
നമ്മുടെ പണ്ടിതന്മാർ വിശദീകരണവുമായി ഇറങ്ങി.. ഇസ്ലാഹിൽ തന്നെ വിശദീകരണവുമായി
വന്നു. മുജാഹിദുകൾക്ക് ജിന്നിനോട് തേടാം എന്ന വാദമില്ല. യാ ഇബാദല്ല എന്ന
ഹദീസിൽ പ്രാർത്ഥന ഇല്ല എന്ന് വിശദീകരിക്കുക മാത്രമാണു ജബ്ബാർ മൗലവി ചെയ്തത്
എന്ന് മുജാഹിദുകൾക്ക് ബോധ്യപ്പെട്ടു. പക്ഷെ സുന്നികളും മടവൂരികളും
അടങ്ങിയിരുന്നില്ല, തൗഹീദ് പറയാൻ മുജാഹിദുകൾ എവിടെയൊക്കെ മുഖാമുഖവുമായി വന്നോ,
അവിടെയൊക്കെ അവർ ജിന്നുമായി വന്നു. അവരെയൊക്കെ നമ്മൾ ഇതേ മറുപടി കൊണ്ട്
നേരിട്ടു.

2011 ആയപ്പൊഴേക്കും ഒട്ട് മിക്ക മുജാഹിദുകൾക്കും ഈ മറുപടി ഹൃദ്ദിസ്ഥമായി.
അങ്ങനെയിരിക്കുമ്പോൾ 2012 പിറന്നപ്പോൾ കേ ജേ യൂ ഇന്റെയും, കെ. എൻ. എം.
ഇന്റെയും ഉന്നത സ്ഥാനം അലങ്കരിക്കുന്ന പണ്ടിതന്മാർക്ക് തോന്നി തുടങ്ങി. ഈ
മറുപടിയിൽ അപകടമുണ്ട്. ജനങ്ങൾ ഇതിൽ ജിന്നിനോട് തേടാൻ തെളിവ് ഉണ്ട് എന്ന്
തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അത് കൊണ്ട് ഇനി മുതൽ ജിന്നുകൾ, മലക്കുകൾ തുടങ്ങിയ
അദ്രിശ്യ സൃഷ്ടികളോടുള്ള മുഴുവൻ തേട്ടവും നിരുപാധികം ശിർക്ക് ആണെന്ന്
പ്രഖ്യാപിക്കുന്നു.

തൗഹീദിന്റെ അണികൾ രണ്ടായി.
ഒരു വിഭാഗം പഴയ വാദത്തിൽ ഉറച്ച് നിന്നു. ഭൂരിഭാഗം പ്രബോധകന്മാർ ഈ
അഭിപ്രായത്തിനൊപ്പം ആയി. അവർ "ജിന്നൂരികൾ" എന്ന് വിളിയ്ക്കപ്പെട്ടു.
മറു വിഭാഗം സാധാരണക്കാർ തൗഹീദിൽ കറ പുരളും എന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ
പുതിയ വാദത്തിനൊപ്പവും നിന്നു. അവർ നവ മടവൂരികൾ എന്നും വീളിക്കപ്പെട്ടു.
രണ്ടു കൂട്ടരും സ്വയം മുജാഹിദുകൾ എന്ന് പ്രഖ്യാപിക്കുകയും, ആദർശ്ശ വിശദീകരണ
യോഗങ്ങൾ സംഘടിപ്പികുകയും ചെയ്തു.
ഭൗതികം, അഭൗതികം, ദ്രിശ്യം അദ്രിശ്യം, കാര്യകാരണ ബന്ധം തുടങ്ങിയ പദങ്ങൾ
സാധാരണക്കാർക്ക് മുൻപിൽ എടുത്ത് അലക്കി. ഓരോരുത്തരും അവരവർക്ക് മനസ്സിലായ പോലെ
വിശ്വസിച്ചു. ഇത് വരെ കൂടെ പോസ്റ്റർ ഒട്ടിക്കാൻ നടന്ന ആദർശ്ശ ബന്ധുക്കൾ ആദർശ്ശ
ശത്രുക്കൾ ആയി. പ്രബോധന പ്രവർത്തനങ്ങൾ മുടങ്ങി.

പുഴക്കരയിലും പുഴയിലും ജിന്ന് കടന്ന് വന്നു. ക്ലിപ്പുകൾ പറ പറന്നു. നേരത്തെ ഈ
വാദം പ്രസംഗിച്ചവർ തൗബാ നടത്തി തടിയൂരി. ആദ്യം ആദ്യം ശങ്കിച്ചു നിന്നവരും
പുതിയ ക്ലിപ്പുകൾ കണ്ട് ഓരോ ഭാഗം ചേർന്നു. പരസ്പരമുള്ള ചീത്ത വിളി എല്ലാ
അതിർവരമ്പുകളും ലംഘിച്ചു. മുഖ്യശത്രുക്കളുടെ ലിസ്റ്റിൽ നിന്ന് ഖുറാഫികൾ
താഴേക്ക് വന്നു. മാധ്യമവും ജമാ അത്തും ഉള്ളിൽ ചിരിച്കു കൊണ്ട് അനുശോചനം
അറിയിച്ചു.

ഏത് പക്ഷം ചേരണം എന്ന് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണു, ഈ ഹദീസിൽ
ഉദ്ദേശിക്കപ്പെട്ട അടിമകൾ ജിനുകളാണെന്നും മലക്കുകളാണെന്നും പറഞ്ഞ സലഫി
പണ്ടിതന്മാരുടെ ഇബാറത്തുകളുടെ ലിങ്ക് കിട്ടുന്നത്.
ഉത്തരം കിട്ടി എന്ന് സമാധാനിച്ചിരിക്കുമ്പോളാണു ഇബ്നു ബാസിന്റെ ഫത്വ വേറൊരാൾ
അയച്ചു തരുന്നത്. (മലക്കുകൾ രാവിലെ വിളിച്ചുണർത്തുന്ന ചോദ്യം). അത് ശിർക്കാണു
എന്ന് ഫത്വ വന്നപ്പോൾ പിന്നെയും സംശയം. അത് ഹയ്യും ഹാളിരും കാദിറുമല്ലേ? ഇസ്തി
ആനത്ത് ഫിൽ ജിന്ന് എന്ന വിഷയത്തിൽ ശൈഖ് ആലു ശൈഖ് കൊടുത്ത ഹറാം എന്ന ഫത്വ,
മുസ്ലിം ജിന്നുകളൊട് തേടിയാൽ വസീലത്തു ശിർക്ക് കാഫിർ ജിന്നിനോട് തേടിയാൽ
ശിർക്ക്. പിന്നെയും കൺഫൈയൂഷൻ. ഇതിനിടയിൽ ഇഹ്യാ ഉത്തുറാസിന്റെ കത്ത്. ആകെക്കൂടി
ആശയക്കുഴപ്പം തന്നെ. എന്ത് ചെയ്യും. ഇത്ര നാൾ ഒരു വിഷയത്തിൽ ഏകോപിച്ച നമ്മുടെ
പണ്ടിതന്മാരും രണ്ട് തട്ടിൽ. ലെറ്റർ പാഡും സീലുമുള്ള അഭിപ്രായം വേണോ, അതൊ
ജിന്ന് വാദികളുടെ നവ യാഥാസ്തിതിക വാദം വേണൊ? ഇനി അതുമല്ലെങ്കിൽ മടവൂരി വാദം
വേണോ? ഇത്രത്തോളം മാറ്റി പറഞ്ഞ നിലക്ക് നാളെ മടവൂരികൾ പറഞ്ഞതാണു ശരി എന്നും
വന്ന് കൂടായ്ക് ഇല്ലല്ലോ? എല്ലാവരും പറയുന്നു സലഫികൾ ആണെന്ന്.

ഇങ്ങനെ ഒരു അവസ്ഥയിൽ എന്റെ മനസ്സിൽ ഉയർന്ന് വന്ന സംശയങ്ങൾക്ക് ഞാൻ ഉത്തരം
തേടിയ രീതി എന്റെ സുഹ്രുത്തുക്കളുമായി പങ്ക് വെക്കുകയാണു.
ഒരു സഹായത്തേട്ടം എപ്പോളാണു പ്രാർത്ഥനയും അതു വഴി ഇബാദത്തും ശിർക്കുമായി
മാറുന്നത്

*1. അത് കാര്യകാരണബന്ധത്തിനു അതീതമാകുമ്പോളാണോ?
2. അതോ അത് മറഞ്ഞ സൃഷ്ടികളോടാവുമ്പോളാണോ?
3. അതോ അത് മനുഷ്യകഴിവിനതീതമാകുമ്പോളാണോ?
4. അതോ അത് ചോദിക്കുന്നയാളിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണൊ?
5. അതോ ഇതെല്ലാം കൂടിയാലോ ആണോ?*

1. ഇതിൽ ഒന്നാമത് പറഞ്ഞത് ശിർക്കാണെന്നതിൽ തർക്കമില്ല. തർക്കം വരുന്നത് അങ്ങനെ
ഒരു കാര്യകാരണ ബന്ധം ജിന്നും മനുഷ്യനും തമ്മിൽ ഉണ്ടൊ. എന്നിടത്താണു. ജിന്ന്
ഒരു ഉപദ്രവകാരണമാണെന്നതിൽ മടവൂരികൾ ഒഴികെയുള്ളവർ അംഗീകരിക്കുന്നു.

ഇനി അതിനു വല്ല ഉപക്കാരവും ചെയ്യാൻ സാധിക്കുമോ? സുലൈമാൻ നബിക്ക് ഉപകാരം
ചെയ്തതായി എല്ലാവരും അംഗീകരിക്കുന്നു. അത് മുഅജിസത്തല്ലേ? അതേ. പക്ഷേ , ആ
മുഅജിസത്ത് നൽകിയത് സുലൈമാൻ നബിക്കാണൊ, അതോ ജിന്നുകൾക്കാണൊ? ചോദ്യം
മനസ്സിലാകാത്തവർക്ക് കുറച്ച് കൂടി വ്യക്തമാക്കാം. അത് വരെ ജിന്നുകളും
മനുഷ്യരുമായും ഇല്ലാതിരുന്ന ഒരു കാര്യ കാരണബന്ധം ജിന്നുകൾക്ക് അല്ലാഹു
അനവദിച്ച് കൊടുത്തതാണോ? അതോ അവരുടെ നൈസർഗ്ഗികമായ, അഥവാ പ്രകൃത്യാ ഉള്ള
കഴിവുകളെ സുലൈമാൻ നബിക്ക് ഒരു അനുഗ്രഹമായി കീഴ്പ്പെടുത്തി കൊടുത്തതായിരുന്നോ.
നിസ്സംശയം പറയാം, അത് രണ്ടാമത്തേതാണെന്ന്. ഇനി അന്നുണ്ടായിരുന്ന ജിന്നുകളുടെ
കഴിവുകൾ ഇന്ന് ജിന്നുകൾക്ക് നഷ്ടമായോ? അല്ലാഹുവിനറിയാം എന്നേ പറയാൻ പറ്റൂ.
എന്തായാലും പ്രമാണത്തിൽ നിന്ന് വ്യക്തമാകുന്നത് ജിന്ന് വർഗ്ഗത്തിനു പ്രകൃത്യാ
ചില കഴിവുകൾ അല്ലാഹു നൽകിയിട്ടുണ്ട് എന്നാണു. അത് ഉപയോഗിക്കുന്നതിനു അവർക്ക്
വിവേചന ബുദ്ധിയും നൽകിയിട്ടുണ്ട്. അത് കൊണ്ടാണല്ലൊ സ്വർഗ്ഗ നരകങ്ങൾ അവർക്കും
ബാധകമാവുന്നത്. ഒരു സുഹൃത്ത് ഈ വിഷയകമായി എനിക്ക് തന്ന മറുപടി ഇപ്രകാരമാണു. '
ജിന്നുകളുടെ സഹായം കാര്യകാരണബന്ധത്തിനുള്ളിൽ തന്നെ, പക്ഷെ അതിനോട് തേടൽ
ശിർക്ക് ആകുന്നത് എപ്രകാരം എന്ന് വെച്ചാൽ, സസ്യലതാദികളിൽ നിന്ന് നമുക്ക്
ഓക്സിജനും, ഭക്ഷണവും ലഭിക്കുന്നത് കാര്യകാരണ ബന്ധത്തിൽ പെട്ടതാണെങ്കിലും
നമുക്ക് അത് തേടാൻ പറ്റില്ലല്ലോ. സൂര്യനിൽ നിന്ന് സൂര്യ പ്രകാശം കിട്ടുന്നത്
കൊണ്ട് അതിനോട് തേടാൻ കഴിയില്ലല്ലോ?"

ശരിയാണു, പക്ഷേ, ഇവിടെ അചേതനമോ അല്ലെങ്കിൽ വിവേചന ബുദ്ധി ഇല്ലാത്ത സൃഷ്ടികളുടെ
കാര്യം നമുക്ക് വിവേചന ബുദ്ധി ഉള്ള ജിന്നിനോട് കിയാസാക്കാമോ? പറ്റില്ല. ഒരു
മരത്തിനും ഇന്നയാൾക്ക് ഞാൻ പഴം കൊടുക്കും എന്നൊ ഓക്സിജെൻ കൊടുക്കും എന്നോ
തീരുമാനിക്കാൻ ആകുമൊ? ഇല്ല. അപ്പോൾ ഈ വാദം പൊളിഞ്ഞു.

ഇനി ജിന്നുകൾക്ക് മനുഷ്യജീവിതത്തിൽ ഇടപെടാനുള്ള കഴിവു അല്ലാഹു നൽകിയിട്ടില്ല
എന്ന് പറഞ്ഞിട്ട് , ജിന്നുകൾക്ക് സഹായവും ഉപദ്രവവും ഉണ്ട് എന്ന് തെളിഞ്ഞാൽ അവർ
അല്ലാഹുവിന്റെ വ്യവസ്ഥക്ക് അതീതമായാണു പ്രവർത്തിക്കുന്നത് എന്ന് വരും. ആ വാദം
തന്നെ ശിർക്കാണു. അതു കൊണ്ടാണു അങ്ങനെ വരുന്ന പ്രവർത്തനങ്ങളായ സിഹ്ര്, ജിന്ന്
ബാധ തുടങ്ങിയവയെ സലാം സുല്ലമി നിഷേധിച്ചത്. ജിന്ന് ബാധയുണ്ട് എന്ന്
അംഗീകരിക്കുന്നവർക്ക്, സിഹിർ ഉണ്ട് എന്ന് പറയുന്നവർക്ക്, അത് കാര്യകാരണ
ബന്ധത്തിന്റെ ഉള്ളിലാണു എന്ന് പറയേണ്ടി വരും.

2. മറഞ്ഞ സൃഷ്ടികളുടെ സഹായം.
"മറഞ്ഞ സൃഷ്ടികളായ മലക്കുകളും ജിന്നുകളും നമ്മെ സഹായിക്കും എന്ന് വല്ലവനും
വിശ്വസിച്ചാൽ അവന്റെ വിശ്വാസത്തിൽ ശിർക്ക് സംഭവിക്കുന്നു. ഇനി തേടിയാലോ അവന്റെ
കർമ്മത്തിലും ശിർക്ക് വന്നു. " ഇതാണു സലാം സുല്ലമിയുടെ തൗഹീദ്. ഇതിൽ ആദ്യ
പകുതിയെന്തായാലും നിങ്ങൾ അംഗീകരിക്കും എന്ന് തോന്നുന്നില്ല. അങ്ങനെ
അംഗീകരിക്കുന്നവർ സലാം സുല്ലമിയോടൊപ്പം ചേരട്ടെ. ഇബ്രാഹിം നബിയെ ജിബ്രീൽ
അലൈഹിസ്സലാം പരീക്ഷിച്ച സന്ദർഭം ഓർക്കുക. അഗ്നിയിലേക്ക് ഇടുന്നതിനു മുൻപു
എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോൾ "എനിക്കെന്റെ റബ്ബ് മതി "എന്ന
കോരിത്തരിപ്പിക്കുന്ന മറുപടിയാണു ലഭിച്ചത്. ഹാജറ ബീവിയാകട്ടെ ഗതി മുട്ടിയ ഒരു
സന്ദർഭത്തിൽ ആ സഹായം സ്വീകരിച്ചു. സഹായം ആവശ്യപ്പെടുകയും ചെയ്തു. ഒന്ന്
തൗഹീദും മറ്റൊന്ന് ശിർക്കുമാണോ? ജിബ്രീൽ അലൈഹിസ്സലാം ഇബ്രാഹീം നബിയെ ശിർക്ക്
ചെയ്യാൻ പ്രേരിപ്പിച്ചുവെന്നോ? ഒരിക്കലുമല്ല.. അപ്പൊൾ സൃഷ്ടി സാധാരണ ഗതിയിൽ
നമുക്ക് മറഞ്ഞതാണോ അല്ലേ എന്നതിന്റെ അടിസ്താനത്തിലുമല്ല തൗഹീദ് വേർ
തിരിയുന്നത് എന്ന് വ്യക്തമാണു. മറഞ്ഞ സൃഷ്ടികളെ ഉപയോഗപ്പെടുത്തുക വഴി ഒരു
'ശിർക്കൻ' അനുഗ്രഹമാണൊ അല്ലാഹു സുലൈമാൻ നബിക്ക് ചെയ്തു കൊടുത്തത് എന്ന് നമ്മൾ
വാദിക്കില്ലല്ലൊ? ഇനി മുന്നിൽ നിൽക്കുന്ന മനുഷ്യനോട് എന്ത് ചോദിച്ചാലും
ശിർക്കാകില്ല എന്ന് പറയാമോ. ഇല്ല. അപ്പോൾ ശിർക്കിന്റെ മാനദണ്ഡമായി മറഞ്ഞത്
തെളിഞ്ഞത് എന്ന ഈ കാര്യം എടുക്കാൻ പറ്റില്ല.

3. മനുഷ്യകഴിവിനതീതമായത് എന്ന പദം അമാനുഷികമായത് എന്നതിന്റെ പര്യായമാണു.
ആനയുടെ കഴിവിനെ പറ്റിയൊ, പട്ടിയുടെ മണം പിടിക്കാനുള്ള കഴിവിനെ പറ്റിയോ നമ്മൾ
അമാനുഷിക കഴിവ് എന്ന് പറയാറില്ല. പക്ഷേ, ചില ഭൂതപ്രേത നോവലുകളിലും മറ്റും
അമാനുഷിക ശക്തികളായി ഭൂതങ്ങളെയും പിശാചുക്കളെയും അവതരിപ്പികാറുണ്ട്.
ഇതിന്റെയടിസ്ഥാനത്തിലാവാം മനുഷ്യ കഴിവിനതീതമായത് എന്നത് പ്രാർത്ഥനയുടെ
നിർവചനത്തിൽ നമ്മുടെ പണ്ടിതന്മാർ ഉപയോഗിച്ചത് പലരും തെറ്റിദ്ധരിച്ചു
കാണാറുള്ളത്. ജിന്നുകൾക്ക് അമാനുഷിക കഴിവുണ്ടെന്ന് ഒരാൾ വിശ്വസിക്കുകയും
എന്നാൽ അവയോട് തേടിയാൽ മാത്രമേ ശിർക്കാകുകയുള്ളൂ എന്ന് വരുമോ? ആ വിശ്വാസം
തന്നെ ശിർക്കല്ലെ? അല്ലെങ്കിൽ മനുഷ്യർക്ക് അവന്റെ കഴിവിൽ പെട്ട കാര്യങ്ങളേ ഏത്
സൃഷ്ടിയോടും തേടാവൂ എന്നുണ്ടോ? അപ്പോൾ ആനയെക്കൊണ്ട് തടി പിടിപ്പിക്കാനോ
പട്ടിയെ പോലീസിൽ എടുക്കാനോ പറ്റില്ലല്ലോ.? അതൊന്നും ശിർക്കല്ലല്ലോ.
തന്നെയുമല്ല, ആദ്യകാലം മുതൽ അതായത് കെ. എം മൗലവിയുടെ കാലം മുതൽ, മനുഷ്യ
കഴിവിനതീതം , സൃഷ്ടികളുടെ കഴിവിനതീതം എന്നെ പദങ്ങൾ മാറി മാറി ഉപയോഗിച്ചതായി
കാണാം. ( കെ. എം മൗലവി ഫത്വകൾ എന്ന പുസ്തകം കാണുക). രണ്ടും ഒരേ അർത്ഥത്തിലാണു
ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം.

4. ചോദിക്കുന്നയാളിന്റെ വിശ്വാസമാണു തൗഹീദും ശിർക്കും വേർത്തിരിയുന്നതിൽ
പ്രധാനപ്പെട്ട ഒരു സംഗതി. ഈ തത്വത്തിൽ ഊന്നി നിന്ന് കൊണ്ടാണു, ഇബ്നു ബാസ്
രാവിലെ വിളിച്ചുണർത്തുന്ന ചോദ്യം കൈകാര്യം ചെയ്തത്, ചോദ്യം നിസ്സാരമായിട്ട്
പോലും അഥവാ ഭൗതികമായിട്ട് പോലും അങ്ങനെ ചെയ്യുന്നവർ വെച്ച് പുലർത്തിയിരുന്ന
ശിർക്കൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിസ്സംശയം അത് ശിർക്കാണെന്ന് പറഞ്ഞത്.
ചോദ്യകർത്താവ് ആ നാട്ടിൽ അത് ഒരു പതിവാണെന്നും വ്യക്തമാക്കുന്നുണ്ട്.
ചെയ്യുന്ന കാര്യമോ, ചോദിക്കുന്ന കാര്യമോ ഭൗതികമാണെന്ന് തന്നെയിരിക്കട്ടെ,
അതിനു പിന്നിൽ ഒരു ശിർക്കൻ വിശ്വാസ്മുണ്ടെങ്കിലോ? അത് ശിർക്ക് തന്നെ. ഉദാ. ഒരു
സ്ത്രീ ഗംഗാ നദിയിൽ കുളിക്കുന്നു. അത് ശിർക്കൻ കുളിയും ആകാം അല്ലാത്തതും ആകാം.
ഒരാൾ അമൃതാനന്ദമയിയെ കണ്ട് തന്റെ മകനു രോഗമാണു, തന്നെ സഹായിക്കണം എന്ന്
പറയുന്നു, അയാൾ വിശ്വസിക്കുന്നത് ആ സ്ത്രീ തന്റെ അധീനതയിലുള്ള ആശുപത്രിയിൽ
തന്റെ മകനെ സൗജന്യമായി ചികിൽസിക്കും എന്നാണെങ്കിൽ അതിൽ ശിർക്കില്ലല്ലോ. പക്ഷെ
അത് ചിലപ്പോൾ ശിർക്കിൽ എത്തിച്ചേക്കും. പക്ഷെ രോഗം മാറ്റുന്നത് അവരാണു എന്നു
വിശ്വസിച്ച് ചോദിച്ചാലോ? അത് ശിർക്ക് തന്നെ.

ഇതിന്റെയടിസ്ഥാനത്തിൽ ഞാൻ പറയട്ടെ,
പ്രവാചകന്റെ മാതൃക ഇല്ലാത്ത, ഒരു കാര്യമാണു അവർക്ക് കഴിവ് നൽകപ്പെട്ട
വിഷയമാണെങ്കിൽ പോലും, ജിന്നുകളെയൊ മലക്കുകളെയൊ ആശ്രയിക്കുക എന്നത്. അത് കൊണ്ട്
അത് ബിദ് അത്തും ഹറാമുമാണു. അതില് ശിര്ക്കുള്ളതും ശിര്ക്കിലേക്ക്
നയിക്കുന്നതും ഉണ്ട്. അതിനാല് ജിന്നിനോടുള്ള എല്ലാ തേട്ടങ്ങളും
പാടില്ലാത്തതാകുന്നു.
ഈ വിഷയത്തിൽ നമ്മൾ ഭിന്നിച്ച്ചാൽ നമ്മള്ക്ക് പ്രാര്ത്തനയും ശിർക്ക് ആകാത്ത
സഹായതേട്ടവും വേര്തിരിക്കുന്ന ഒരു പുതിയ വാദത്തിന്റെ അടിസ്ഥാനത്തിൽ ആവും ആ
ഭിന്നത. അതിന് മുന്കാല പണ്ഡിതന്മാരുടെ മാതൃക നമുക്കില്ല്ലാതെ പോകും. ഇത്
ഇബ്നുതീമിയ മുതലുള്ള പുത്ത്തന് വാദമാണെന്ന് പരോക്ഷമായി നാം സമ്മതിച്ചു
കൊടുക്കുകുകയും ചെയ്യും. ഇമാം ഹംബലിനെയും , ഇമാം നവവിയെയും പോലത്തെ
മഹാന്മാര്ക്ക് സഹായതെട്ടത്ത്തിൽ തൗഹീദും ശിർക്കും മനസ്സിലായില്ല എന്ന
വിശ്വാസപരമായ പ്രശ്നം ഉണ്ടാവുകയും ചെയ്യും.

അത് കൊണ്ട് ആദർശ ബന്ധുക്കളെ നിങ്ങൾ ശിർക്കിനെതിരിൽ ഒന്നാകുവിൻ..

--
*
--

No comments:

Post a Comment