Wednesday, October 31, 2012

ഭിന്നതയും വസ്തുതകളും : ഭാഗം -3-ഷെയ്ഖ് അല്‍ബാനി

ഭിന്നതയും വസ്തുതകളും : ഭാഗം -3 

Abdu Rahman Abdul Latheef PN
ഷെയ്ഖ്‌ അല്‍ബാനിയുടെ "ശിര്‍ക്കുന്‍ ബയ്യിന്‍" എന്ന പ്രയോഗവും ചില തല്‍പര കക്ഷികളുടെ ദുര്‍വ്യാഖ്യാനവും ..... വസ്തുതയെന്ത് !!

അനുഗ്രഹീതനും പരമോന്നതനുമായ അല്ലാഹുവിന്റെ നാമത്തില്‍...സ്നേഹം നിറഞ്ഞ ആദര്‍ശ ബന്ധുക്കളെ.... ഞാന്‍ എപ്പോഴും സൂചിപ്പിക്കാറുള്ളത് പോലെ കക്ഷിത്വവും വിഭാഗീയതയും 
വെടിഞ്ഞ്......വളരെ നല്ല മനസ്സോടെ..... വിഷയം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോട്
 കൂടി.... ഈയുള്ളവന്‍ എഴുതിയത് പൂര്‍ണമായും വായിക്കാന്‍ തയ്യാറാണ് എങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക... വല്ല അബദ്ധവും വന്നിട്ടുണ്ടെങ്കില്‍ സഹോദര ബുദ്ധിയാ ഉണര്‍ത്തുക... സന്മാര്‍ഗത്തില്‍ ഉറച്ചു നിന്നുകൊണ്ട് സത്യവിശ്വാസികളായി മരണപ്പെടാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...



(ഞാന്‍ മുന്പ് എഴുതിയിട്ടുള്ള രണ്ടു ലേഖനങ്ങളുടെ തുടര്‍ച്ചയാണിത്.. ഭാഗം 3 മനസ്സിലാക്കാന്‍ ഭാഗം ഒന്നും, രണ്ടും വായിക്കേണ്ടത് അനിവാര്യമാണ്)


Click this link to read old posts of the author

പൂര്‍വികരായ ഇമാമീങ്ങളിലും നമ്മുടെ പണ്ഡിതന്മാരിലും ശിര്‍ക്കാരോപിച്ചു കൊണ്ട് ഒരു വിഭാഗം കടന്നു വന്നപ്പോള്‍ ആദര്‍ശ സ്നേഹികളായ സാധാരണക്കാര്‍ കാര്യമായും അവരോട് ചോദിച്ചത് നിങ്ങള്‍ പറയുന്ന ഈ വാദം മുന്കഴിഞ്ഞുപോയ ഇമാമീങ്ങളോ..പണ്ഡിതന്മാരോ പറഞ്ഞിട്ടുണ്ടോ എന്നതായിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ സകല കിതാബും പരതി നോക്കിയ ശിര്‍ക്കാരോപകര്‍ തങ്ങള്‍ക്കനുകൂലമായ ഉദ്ധരണികാളൊന്നും കിട്ടാതെ വന്നപ്പോള്‍.. ആദര്‍ശ സ്നേഹികളായ ജനങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി അവസാനമായി പയറ്റിയ അടവാണ് ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണവും ലിജ്നതുദ്ദാഇമയുടെ ഫത്‘വയും.. ഇതില്‍ ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണവുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയിട്ടുള്ള ദുര്‍വ്യാഖ്യാനമാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ലിജ്നയുടെ ഫതവയുമായി ബന്ധപ്പെട്ട് പിന്നീടൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം ഇന്‍ ഷാ അല്ലാഹ് ...............................................................................................

അഹ്ലുസുന്നത്ത് പ്രമാണങ്ങളെ സ്വീകരിക്കുന്ന നിലപാട്: 

ഷെയ്ഖ് അല്‍ബാനിയുടെ വിശദീകരണം ചര്‍ച്ച ചെയ്യുന്നതിന് മുന്പ് നാം പൊതുവായ ഒരു തത്വം മനസ്സിലാക്കേണ്ടതുണ്ട്.. പ്രമാണങ്ങളെയും പണ്ഡിതന്മാരുടെ വാക്കുകളെയും നാം സമീപിക്കേണ്ടത് വിഷയം പഠിക്കുവാനും മനസ്സിലാക്കുവാനും വേണ്ടിയാകണം. ഒരിക്കലും തന്നെ നാം മനസ്സിലുറപ്പിച്ച ഒരു വിശ്വാസത്തിനും അഭിപ്രായത്തിനും തെളിവ് കണ്ടെത്താന്‍ വേണ്ടിയാകരുത്. ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍ റഹിമഹുല്ലാഹ് സൂചിപ്പിക്കാറുണ്ട് :
" استدل ثم اعتقد ولا تعتقد ثم تستدل فتضل "
" . തെളിവും പ്രമാണവും നോക്കി നിന്‍റെ വിശ്വാസം സ്വീകരിക്കുകയാണ് വേണ്ടത്, മറിച്ച് നീയൊരു വിശ്വാസം മനസ്സിലുറപ്പിച്ച ശേഷം അതിനു നീ തെളിവന്ന്വേഷിക്കുകയല്ല ചെയ്യേണ്ടത്, അപ്രകാരം ചെയ്‌താല്‍ നീ സന്മാര്ഗത്തില്‍ നിന്നും പിഴച്ചു പോകും".
അതെ... തങ്ങളുടെ വാദങ്ങള്‍ക്കനുസരിച്ചു പ്രമാണങ്ങളെ വളച്ചൊടിക്കുന്നവരായിക്കൊണ്ടാണ്ബിദ്അത്തുകാരെല്ലാം കടന്നു വന്നത്. അത് കൊണ്ട് തങ്ങളുടെ വാദങ്ങള്‍ക്ക് വേണ്ടി പ്രമാണങ്ങളെയും പണ്ഡിതന്മാരുടെ വാക്കുകളെയും വളച്ചൊടിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ കയ്യില്‍ ആദര്‍ശമില്ലെന്നു മനസ്സിലാക്കാം....
ഇനി ഒരാള്‍ വിഷയം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന സദുദ്ധേശത്തോടെ പണ്ഡിതന്മാരുടെ വാക്കുകളെ സമീപിക്കുന്നതു കൊണ്ടു മാത്രം അവര്‍ രേഖപ്പെടുത്തിയത് മനസ്സിലാക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല.. മറിച്ച് അതോടൊപ്പം അവര്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ , അവര്‍ അതു രേഖപ്പെടുത്തിയ സാഹചര്യം, അവര്‍ തെളിവു പിടിക്കുന്ന രീതി, അവര്‍ ഉപയോഗിക്കുന്ന പദങ്ങളുടെ അര്‍ത്ഥം, അവര്‍ ചര്‍ച്ച ചെയ്യുന്ന വിഷയം, അവര്‍ മറ്റു ഗ്രന്ഥങ്ങളില്‍ തത് വിഷയവുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. തങ്ങളുടെ വാദം സ്ഥാപിക്കുവാനായി പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ലല്ലോ...


------------------------------------------------------------------------------------------------------------------------------

ഇനി ഷെയ്ഖ്‌ അല്‍ബാനിയുടെ വിശദീകരണത്തിലേക്ക് കടക്കട്ടെ…. തുടക്കത്തില്‍ സൂചിപ്പിച്ച കാര്യം മനസ്സില്‍ ഓര്‍ത്തു കൊണ്ട് വളരെ വിശാല ഹൃദയത്തോട് കൂടി വിഷയം കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക...

‘ഇബാദന്‍ ലാ നറാഹും’ എന്നത് സൂചിപ്പിക്കുന്നത് ആരെയാണു?.

അല്‍ബാനി പറയുന്നു: 
("فإن لله عبادا في الأرض لا نراهم"، وهذا الوصف إنما ينطبق على الملائكة أوالجن ، لأنهم الذين لا نراهم عادة) 
(“നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍ അല്ലാഹുവിനു ഭൂമിയിലുണ്ട്”..-നമുക്ക് കാണാന്‍ സാധിക്കാത്ത- എന്ന വിശേഷണം മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മാത്രമേ ചേരുകയുള്ളൂ, കാരണം അവരാണ് സാധാരണ നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍).

എന്നാല്‍ ഒരു റിപ്പോര്‍ട്ടില്‍ (യാ ഇബാദല്ലാഹ്) എന്നത് കൊണ്ടുള്ള വിവക്ഷ മലക്കുകള്‍ ആണെന്ന് വന്നത് കൊണ്ട്. (യാ ഇബാദല്ലാഹ്) എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മലക്കുകളാണെന്ന് അദ്ദേഹം പരിമിതപ്പെടുത്തുകയും ചെയ്തു. ആയതിനാല്‍(യാ ഇബാദല്ലാഹ്) എന്നത് കൊണ്ട് മലക്കുകളെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ ഹദീസില്‍ ശിര്‍ക്ക് വരുന്നില്ല. അതു കൊണ്ട് അമല്‍ ചെയ്തവര്‍ ശിര്‍ക്ക് ചെയ്തവരുമല്ല എന്നാണു ഷെയ്ഖ്‌ അല്‍ബാനി രേഖപ്പെടുത്തിയത്. ഇത് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാമല്ലോ....

എങ്കില്‍ ശിര്‍ക്കാരോപകരുടെ വാദപ്രകാരം അല്‍ബാനിയുടെ വിശദീകരണവും ശിര്‍ക്കല്ലേ ??


ശിര്‍ക്കാരോപകരുടെ വാദമനുസരിച്ച് അവിടെ 'മലക്ക്' പെടും എന്ന് പറഞ്ഞാലും 'ജിന്ന്' പെടും എന്ന് പറഞ്ഞാലും അത് ശിര്‍ക്കാകും... ആ നിലക്ക് ശിര്‍ക്കാരോപകരുടെ വാദമനുസരിച്ച് ഷെയ്ഖ്‌ അല്‍ബാനി(റ) പറഞ്ഞതും ശിര്‍ക്കാണ്‌ എന്ന് വരും... അല്‍ബാനി(റ) പറഞ്ഞതും ശിര്‍ക്കാണ്‌ എന്ന് വാദമുള്ളവര്‍ അത് മറച്ചു വച്ച് അദ്ധേഹത്തിന്‍റെ വരികള്‍ തങ്ങള്‍ക്കനുകൂലമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ദുരുദ്ദേശമില്ലേ ?!
…… ഇമാം അഹ്മദ്(റ) അമല്‍ ചെയ്തത് എടുത്തു കൊടുക്കുകയും .. അദ്ധേഹത്തിന്റെ (‘യാ ഇബാദല്ലാഹ്’ എന്ന വിളിയില്‍) പ്രവര്‍ത്തിയില്‍ ശിര്‍ക്ക് വരുന്നില്ലെന്ന് സ്ഥാപിക്കുകയുമാണല്ലോ ഷെയ്ഖ്‌ അല്‍ബാനി ചെയ്തിട്ടുള്ളത്. അതോടൊപ്പം തന്നെ ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും വന്നിട്ടുള്ള റിപ്പോര്‍ട്ടില്‍ അത് കൊണ്ടുള്ള ഉദ്ദേശം മലക്കുകള്‍ ആണ് എന്ന് കൃത്യമായി പരാമര്‍ശിക്കപ്പെട്ടതിനാല്‍ അവിടെ (ഇബാദല്ലാഹ്) എന്നത് കൊണ്ടുള്ള ഉദ്ദേശം മലക്കുകളില്‍ അദ്ദേഹം പരിമിതപ്പെടുത്തുകയും ചെയ്തു. വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ടിയായിരുന്നു ശിര്‍ക്കാരോപകര്‍ അല്‍ബാനി റഹിമഹുല്ലയുടെ വിശദീകരണം വായിച്ചതെങ്കില്‍, " യാ ഇബാദല്ലാഹ്" എന്ന ഹദീസ് സ്വഹീഹാണ് എന്ന നിലക്ക് അമല്‍ ചെയ്ത പണ്ഡിതന്മാര്‍ ശിര്‍ക്ക് ചെയ്തവരല്ല എന്നും.. അവിടെ (ഇബാദല്ലാഹ്) എന്നത് മലക്കുകലാണെന്നും... ആ ഹദീസിന്‍റെ മത്നില്‍ ശിര്‍ക്ക് വരുന്നില്ല എന്നുമായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്.. പക്ഷെ തങ്ങളുടെ വാദപ്രകാരം ഷെയ്ഖ്‌ അല്‍ബാനി(റ) പറഞ്ഞതും ശിര്‍ക്കായിത്തീരും എന്ന സത്യം മൂടി വച്ച് അദ്ധേഹത്തിന്‍റെ (ശിര്‍ക്കുന്‍ ബയ്യിന്‍) എന്ന പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തങ്ങളുടെ വാദം അല്ബാനിയിലേക്ക് അടിച്ചേല്‍പിക്കാനാണ് ശിര്‍ക്കാരോപകര്‍ ശ്രമിച്ചത്.

അവരോടൊരു ചോദ്യം: നിങ്ങളുടെ വാദപ്രകാരം ഷെയ്ഖ്‌ അല്‍ബാനി എഴുതിയത് ശിര്‍ക്കാണോ ? ആണെങ്കില്‍ പിന്നെ എന്തിനു നിങ്ങള്‍ അദ്ധേഹത്തിന്‍റെ ഗ്രന്ഥത്തില്‍ ആ ഹദീസുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ വിശദീകരണത്തിലെ ചില പദങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തങ്ങളുടെ വാദമാണ് അല്‍ബാനിക്ക് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു ?!

അല്‍ബാനി(റ) തന്‍റെ വിശദീകരണത്തില്‍ പറയുന്നത്: ആ ഹദീസിന്റെ മത്നില്‍ ശിര്‍ക്കില്ല... ‘യാ ഇബാദല്ലാഹ്’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മനുഷ്യരെയല്ല.... ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട്ചെയ്ത ഹദീസ് പ്രകാരം അവര്‍ മലക്കുകളാണ്..... ആ ഹദീസ് സ്വഹീഹാണെന്ന നിലക്ക് അമല്‍ ചെയ്ത ഇമാമീങ്ങളൊന്നും ശിര്‍ക്ക് ചെയ്തവരല്ല.. രിജാലുല്‍ ഗയ്ബ് എന്ന് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളും മനുഷ്യരുമാണ് അവിടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അതു വ്യക്തമായ ശിര്‍ക്കാണ്‌....എന്നതാണ്. 

ശിര്‍ക്കാരോപകര്‍ പറയുന്നതാകട്ടെ : ‘യാ ഇബാദല്ലാഹ്’ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മനുഷ്യരാണെങ്കില്‍ അതില്‍ ശിര്‍ക്കില്ല.... മലക്കുകളെ ഉദ്ദേശിച്ചു കൊണ്ടാണ് ‘യാ ഇബാദല്ലാഹ്’ എന്ന് പറയുന്നതെങ്കില്‍ അതു ശിര്‍ക്കാണ്‌.... ‘നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍’ എന്ന പ്രയോഗമുള്ളത് കൊണ്ട് തന്നെ ആ ഹദീസിന്‍റെ മത്നില്‍ ശിര്‍ക്കുണ്ട്..... അതനുസരിച്ച് പ്രവര്‍ത്തിച്ചവരെ പേരെടുത്ത് പറഞ്ഞ് മുശ്രിക്കാക്കുന്ന പരിപാടി ഞങ്ങള്‍ക്കില്ല എങ്കിലും ആ ഹദീസ് കൊണ്ട് ആര് അമല്‍ ചെയ്തിട്ടുണ്ടെങ്കിലും, ഏതു ഇമാം ചെയ്തിട്ടുണ്ടെങ്കിലും അതു ശിര്‍ക്കാണ്‌.... ‘യാ ഇബാദല്ലാഹ്’ എന്നതില്‍ മലക്കും മുസ്ലിം ജിന്നും പെടും എന്ന് പറഞ്ഞവരെല്ലാം ശിര്‍ക്ക് പ്രചരിപ്പിക്കുന്നവരും ബഹിഷ്കരിക്കപ്പെടേണ്ടവരുമാണ്....

രണ്ടും തമ്മിലുള്ള അന്തരം ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ.. ... ഇവിടെയാണ്‌ പ്രശ്നം... വിഷയം പഠിക്കാനല്ല, മറിച്ച് തങ്ങളുടെ വാദത്തിനു പറ്റിയ വല്ല പദങ്ങളും കിട്ടാന്‍ വേണ്ടിയാണ് അവര്‍ അല്‍ബാനിയുടെ വിശദീകരണം മറിച്ചു നോക്കിയത് എന്നത് വ്യക്തം. ഷെയ്ഖ്‌ അല്‍ബാനിയുടെ അതേ കാഴ്ച്ചപ്പാടുള്ളവര്‍ക്കെതിരെ ശിര്‍ക്കാരോപിക്കാന്‍ വേണ്ടി അദ്ധേഹത്തിന്‍റെ തന്നെ പദങ്ങള്‍ ദുരുപയോഗം ചെയ്യുക എന്നത് എത്ര ക്രൂരമാണ്.... സമസ്തയെ പോലുള്ള കക്ഷികള്‍ ചെയ്യുന്നതുപോലെ കിതാബുകളില്‍ നിന്നും തങ്ങള്‍ക്കനുകൂലമായി ദുര്‍വ്യാഖ്യാനിക്കാനുതകുന്ന പദങ്ങള്‍ കണ്ടെത്തി പണ്ഡിതന്മാരുടെ വാക്കുകള്‍ക്കു വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ... ആമീന്‍...


-------------------------------------------------------------------------------------------------------------------------------


ശിർക്കുൻ ബയ്യിന് , രിജാലുൽ ഗൈബ് , എന്നീ വാക്കുകളുടേ സത്യാവസ്ഥ എന്ത്?, എന്താണ് സൂഫികളുടെ വിശ്വാസം ? 

ഇനി (ശിര്‍ക്കുന്‍ ബയ്യിന്‍) എന്നത് കൊണ്ട് എന്താണ് ഷെയ്ഖ്‌ അല്‍ബാനി റഹിമഹുല്ലാഹ് ഉദ്ദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് : 

സലഫീ പണ്ടിതന്മാരെല്ലാം ഈ ഹദീസിനെ വിശദീകരിച്ചത് ഈ ഹദീസിനെ മറയാക്കി ശിര്‍ക
്ക് ചെയ്യുകയും ശിര്‍ക്ക് സ്ഥാപിക്കുകയും ചെയ്യുന്ന സൂഫികളുടെ വാദത്തെ എതിര്‍ക്കാന്‍ വേണ്ടിയാണ്. അത് തന്നെയാണ് ഷെയ്ഖ്‌ അല്ബാനിയും ചെയ്തത്....

സൂഫികള്‍ക്കെതിരെയുള്ള അദ്ധേഹത്തിന്‍റെ സമര്‍ത്ഥനം മനസ്സിലാക്കാന്‍ അദ്ധേഹത്തിന്‍റെ സമര്‍ത്ഥന രീതി മനസ്സിലാക്കുക അനിവാര്യമാണ്.

1-അല്‍ബാനിയുടെ സമര്‍ത്ഥന രീതി :
സലഫീ പണ്ഡിതന്മാര്‍ ഷെയ്ഖ്‌ അല്ബാനിയെ പരിചയപ്പെടുത്താറുള്ളത് തന്നെ 'ശദീദുല്‍ ഹുജ്ജ' എന്നാണു. അഥവാ തെളിവ് പിടിക്കുന്നതില്‍ വളരെ കണിശത പുലര്‍ത്തുന്നതും അതുപോലെത്തന്നെ എതിരഭിപ്രായക്കാരുടെ വാദത്തെ മുളയിലേ നുള്ളുന്നതുമായിരിക്കും അദ്ദേഹത്തിന്‍റെ വാക്കുകള്‍. വളരെ വിശദമായ ചര്‍ച്ചകളിലേക്ക് കടക്കാതെ തര്‍ക്ക വിഷയത്തിലുള്ള തന്‍റെ വീക്ഷണം വ്യക്തമാക്കുകയാണ് അദ്ധേഹം ചെയ്യാറുള്ളത്. ജിന്നുകളുമായുള്ള മനുഷ്യന്‍റെ ബന്ധത്തെ കുറിച്ചോ... ജിന്നുകളെ ഭൌധിക സഹായങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെക്കുരിച്ചോ ഒന്നുമല്ല ഇവിടെ ഷെയ്ഖ്‌ അല്‍ബാനി(റ) ചര്‍ച്ച ചെയ്യുന്നത്. (അത്തരം വിഷയങ്ങള്‍ ഷെയ്ഖ്‌ അല്‍ബാനി വേറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് ഈ ചര്‍ച്ചയുടെ അവസാനത്തില്‍ നാം മനസ്സിലാക്കും ഇന്‍ ഷാ അല്ലാഹ്...) മറിച്ച് ഈ ഹദീസ് മറയാക്കി ശിര്‍ക്കിന് തെളിവ് കണ്ടെത്തുന്ന സൂഫികളുടെ വാദത്തെയാണ് അദ്ദേഹം ഇവിടെ ഖണ്ഡിക്കുന്നത്. അതുകൊണ്ടു തന്നെ സൂഫികളുടെ വാദമെന്തെന്നതാണ് ഇനി നാം മനസ്സിലാക്കേണ്ടത്.

രിജാലുല്‍ ഗയ്ബ്, സൂഫികളുടെ വിശ്വാസം:

സൂഫികളുടെ വാദമനുസരിച്ച് (യാ ഇബാദല്ലാഹ്) എന്നത് കൊണ്ടുള്ള ഉദ്ദേശം എവിടെ നിന്ന് എപ്പോള്‍ വിളിച്ചാലും കേള്‍ക്കുകയും ഉത്തരം തരുകയും ചെയ്യുന്ന മനുഷ്യരും ജിന്നുകളുമാണ് എന്നതാണ്. ആ ഉദ്ദേശത്തിലാണ് അവര്‍ "യാ ഇബാദല്ലാഹ്" എന്ന് വിളിക്കാറുള്ളതും ആ ഹദീസ് കൊണ്ട് തെളിവ് പിടിക്കാറുള്ളതും... അങ്ങനെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ജിന്നുകളേയും മനുഷ്യരേയും വിളിക്കുന്ന പേരാണ് രിജാലുല്‍ ഗയ്ബ്. ഇത് അഖീദയുമായി ബന്ധപ്പെട്ട് സലഫീ പണ്ഡിതന്മാര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. മനുഷ്യരെക്കുറിച്ച് മാത്രമേ രിജാലുല്‍ ഗയ്ബ് എന്ന് പറയുകയുള്ളൂ... ജിന്നുകളെക്കുറിച്ച് രിജാലുല്‍ ഗയ്ബ് എന്ന് പറയുകയില്ല എന്നാണ് ശിര്‍ക്കാരോപകര്‍ പറയാറുള്ളത്. അപ്രകാരം പറഞ്ഞാല്‍ മാത്രമേ അവര്‍ക്ക് തങ്ങളുടെ വാദം അല്‍ബാനിയിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ല്‍ബാനി ആ പദം ഉപയോഗിക്കുന്നതിനും എത്രയോ മുന്പ് ഹിജ്റ 792ല്‍ മരണമടഞ്ഞ ഇബ്നു അബീ ഇസ്സുല്‍ ഹനഫി(റ) എന്ന അഹ്ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്‍ തന്‍റെ ശറഹുല്‍ അഖീദത്തു ത്വഹാവിയയില്‍ പറയുന്നത് കാണുക: 
“(وأن رجال الغيب هم الجن ويسمون رجالا كما قال تعالى : (وأنه كان رجال من الإنس يعوذون برجال من الجن فزادوهم رهقا”
“രിജാലുല്‍ ഗയ്ബ് എന്നത് ജിന്നുകളാണ്. അവര്‍ ‘രിജാല്‍’ എന്നു വിളിക്കപ്പെടുന്നു. അല്ലാഹു പറയുന്നു: “ മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ധിപ്പിച്ചു” (സൂറത്തുല്‍ ജിന്ന്‍ - 6). ( ശറഹുല്‍ അഖീദത്തു ത്വഹാവിയ: പേജ് 517 )......ജിന്നുകളെ വിളിച്ചു തേടാറുള്ള സൂഫികളുടെ വിശ്വാസത്തെ പരിചയപ്പെടുത്താനായി വളരെ മുന്പ് തന്നെ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഉപയോഗിച്ച് വരുന്ന ഒരു പദമാണ് ‘രിജാലുല്‍ ഗയ്ബ്’ എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാം.. അല്‍ബാനിയെപ്പോലെ പല സലഫീ പണ്ഡിതന്മാരും സൂഫികള്‍ വിളിച്ചു തേടാറുള്ള ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ‘രിജാലുല്‍ ഗയ്ബ്’ എന്ന പദം ഉപയോഗിക്കാറുണ്ട്. എവിടെ നിന്നും എപ്പോള്‍ വിളിച്ചാലും തന്‍റെ വിളിക്ക് ഉത്തരം ചെയ്യുമെന്ന നിലക്കാണ് സൂഫികള്‍ അവരെ വിളിക്കാറുള്ളത്. ആ നിലക്ക് അവര്‍ വിളിച്ചു തേടുന്ന ജിന്നുക്ള്‍ക്കും മനുഷ്യര്‍ക്കും ഉപയോഗിക്കുന്ന പേരാണ് ‘രിജാലുല്‍ ഗയ്ബ്’. 
സൂഫികളുടെ വികലമായ വിശ്വാസം എത്രത്തോളമെന്നാല്‍ ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വിളിച്ചു പ്രാര്‍ഥിക്കേണ്ട ഓരോ ജിന്നുകളുടെയും പേര് വരെ സൂഫി ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും... ഇങ്ങനെ എവിടെ നിന്ന് എപ്പോള്‍ വിളിച്ചാലും, തന്‍റെ വിളി കേള്‍ക്കുകയും അതിനുത്തരം നല്‍കുകയും ചെയ്യുമെന്ന നിലക്ക് ജിന്നുകളെയും മനുഷ്യരെയും വിളിച്ചു പ്രാര്‍ഥിക്കാന്‍ ആണ് സൂഫികള്‍ ഈ ഹദീസ് തെളിവ് പിടിക്കാറുള്ളത്. അത്തരത്തില്‍ ‘രിജാലുല്‍ ഗയ്ബി’നെ ഉദ്ദേശിച്ചു കൊണ്ട് വിളിക്കുന്ന സൂഫികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് 'ശിര്‍ക്കുന്‍ ബയ്യിന്‍' വ്യക്തമായ ശിര്‍ക്ക് ആണ് എന്ന് ഷെയ്ഖ്‌ അല്‍ബാനി പറഞ്ഞത്. എന്നാല്‍ തങ്ങളുടെ വാദം സ്ഥാപിക്കാനായി മനുഷ്യരെക്കുറിച്ച് മാത്രമേ ‘രിജാലുല്‍ ഗയ്ബ്’ എന്നു പറയുകയുള്ളൂ എന്നു പുളിക്കല്‍ മുഖാമുഖത്തിലും, തിരുവന്തപുരം മുഖാമുഖത്തിലും ഹനീഫ മൌലവിയും മറ്റും വാദിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അല്ലാഹു അദ്ധേഹത്തിന് സത്യം തുറന്നു പറയാനുള്ള സന്മനസ്സ് നല്‍കട്ടെ....

…… ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഷെയ്ഖ്‌ അല്‍ബാനി 'ശദീദുല്‍ ഹുജ്ജ' ആയതു കൊണ്ട് 'യാ ഇബാദല്ലാഹ്' എന്നത് മലക്കുകള്‍ ആണ് എന്ന് വന്ന റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച് അതിനെ മലക്കുകളില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.....സൂഫികള്‍ വിളിച്ചു തെടാറുള്ള ‘രിജാലുല്‍ ഗയ്ബ്’ മനുഷ്യരിലും ജിന്നിലും പെടുന്നവരാണല്ലോ..... എന്നാല്‍ ‘യാ ഇബാദല്ലാഹ്’ എന്നത് മലക്കുകളില്‍ പരിമിതമാണെന്നിരിക്കെ രിജാലുല്‍ ഗയ്ബ് അതില്‍ പെടുമോ എന്ന ചര്‍ച്ച പോലും വരുന്നില്ല.... അതു കൊണ്ട് സൂഫികള്‍ക്കതില്‍ തെളിവുണ്ടോ എന്നു നോക്കാനുള്ള സാധ്യത പോലും ഇല്ല.... ഇതാണ്അല്‍ബാനിയുടെ സമര്‍ത്ഥനം... കൂടാതെ രിജാലുല്‍ ഗയ്ബിനെ അവിടെ ഉദ്ദേശിക്കുന്നത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

“യാ ഇബാദല്ലാഹ്” എന്നത് മലക്കുകളെക്കുറിച്ചാണ് എന്ന ഹദീസ് വന്നില്ലായിരുന്നുവെങ്കിലും അല്‍ബാനി(റ) ‘രിജാലുല്‍ ഗയ്ബി’നെ ഉദ്ദേശിച്ചു കൊണ്ട് വിളിക്കുന്നത് വ്യക്തമായ ശിര്‍ക്കാണ്‌ എന്നു പറയുമായിരുന്നു. ഒരിക്കലും തന്നെ മലക്കുകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ഹദീസിനെ അവലംഭമാക്കിയല്ല ഷെയ്ഖ്‌ അല്‍ബാനി 'രിജാലുല്‍ ഗയ്ബ്’ എന്ന നിലക്ക് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളോ മനുഷ്യരോ ആണ് അവിടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അത് 'ശിര്‍ക്കുന്‍ ബയ്യിന്‍' ആണ് എന്ന് പറഞ്ഞത്.. ഇത് വളരെ വ്യക്തമാണ്.

ഈ ഹദീസിന്റെ വിശദീകരനത്തിലെ അല്‍ബാനിയുടെ ഘണ്ഠനം ഒന്നുകൂടെ വ്യക്തമാക്കാം:

ആ ഹദീസിലെ ‘യാ ഇബാദല്ലാഹ്’ എന്നത് അദ്ധേഹം എടുത്ത് കൊടുത്തു. ശേഷം ഹദീസിന്റെ ബാക്കി: ‘ഇബാദന്‍ ലാ നറാഹും’ അഥവാ നമുക്ക് കാണാന്‍ ‘സാധിക്കാത്ത അടിമകള്‍’ എന്ന വാക്ക് എടുത്ത് കൊടുത്തതിനു ശേഷം ആ വിളിയില്‍ മനുഷ്യന്‍ പെടാനുള്ള സാധ്യത അദ്ദേഹം ഇല്ലാതാക്കി. 
("فإن لله عبادا في الأرض لا نراهم"، وهذا الوصف إنما ينطبق على الملائكة أوالجن ، لأنهم الذين لا نراهم عادة) 
(“നമുക്ക് കാണാന്‍ സാധിക്കാത്ത അടിമകള്‍ അല്ലാഹുവിനു ഭൂമിയിലുണ്ട്”..-നമുക്ക് കാണാന്‍ സാധിക്കാത്ത- എന്ന വിശേഷണം മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മാത്രമേ ചേരുകയുള്ളൂ, കാരണം അവരാണ് സാധാരണ നമുക്ക് കാണാന്‍ കഴിയാത്ത അടിമകള്‍).
ആദ്യം തന്നെ മനുഷ്യരെ അതില്‍ നിന്നും ഒഴിവാക്കുക വഴി സൂഫികള്‍ വിളിച്ചു തേടാറുള്ള മനുഷ്യര്‍ അതില്‍ പെടുമോ എന്ന ചര്‍ച്ച തന്നെ അദ്ദേഹം ഇല്ലാതാക്കി. 
അദ്ദേഹം പറയുന്നു:
(فليس فيه دليل على جواز الإستغاثة بالموتى من الأولياء والصالحين ،لأنهما صريحان بأن المقصود ب"عباد الله" فيهما خلق من غير البشر)
(ഇനി അതില്‍ മരിച്ചു പോയ ഔലിയാക്കളോടോ സ്വാലിഹീങ്ങളോടോ സഹായാര്‍ത്ഥന നടത്താന്‍ തെളിവില്ല. കാരണം മനുഷ്യരല്ലാത്ത സ്രിഷ്ടികളെയാണ് അവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വളരെ വ്യക്തമാണ്). സൂഫികള്‍ ‘രിജാലുല്‍ ഗയ്ബ്’ എന്ന നിലക്ക് വിളിച്ചു തെടാറുള്ള മനുഷ്യര്‍ ‘യാ ഇബാദല്ലാഹ്’ എന്നതില്‍ പെടുമോ എന്ന ചര്‍ച്ച പോലും അസ്ഥാനത്താണ്. കാരണം ‘രിജാലുല്‍ ഗയ്ബ്’ എന്നല്ല ഒരു മനുഷ്യരും അതില്‍ പെടില്ല... ഇതാണ് ഒന്നാമത്തെ സമര്‍ത്ഥനം.

ശേഷം ‘ഇബാദല്ലാഹ്’ എന്നത് മലക്കുകലാണ് എന്നു പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് എടുത്ത് കൊടുത്തു. 

(إن لله ملائكة في الأرض سوى الحفظة ............) 

ആ റിപ്പോര്‍ട്ട് ഉദ്ധരിച്ചതിനു ശേഷം ‘യാ ഇബാദല്ലാഹ്’ എന്നതിനെ അദ്ദേഹം മലക്കുകളില്‍ പരിമിതപ്പെടുത്തി... അതോടെ സൂഫികള്‍ രിജാലുല്‍ ഗയ്ബ് എന്ന നിലക്ക് വിളിച്ചു തേടുന്ന ജിന്നുകള്‍ അതില്‍ പെടുമോ എന്ന ചര്‍ച്ചക്കും പ്രസക്തിയില്ലാതായി... തുടര്‍ന്ന് ‘രിജാലുല്‍ ഗയ്ബ്’ എന്ന നിലക്ക് വിളിക്കപ്പെടുന്ന മുസ്ലിം ജിന്നുകളെയോ മനുഷ്യരെയോ ആണ് ‘ഇബാദല്ലാഹ്’ എന്ന വിളി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അതു വ്യക്തമായ ശിര്‍ക്കാണ്‌ എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 

ഇനിയാണ് തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി ശിര്‍ക്കാരോപകര്‍ ആ വിശദീകരണത്തിന്‍റെ അര്‍ത്ഥത്തില്‍ നടത്തിയ കൃത്രിമം നിങ്ങള്‍ മനസ്സിലാക്കേണ്ടത്....

തുടരും .......

കൂടുതല്‍ പഠിക്കാനും വിഷയങ്ങള്‍ മനസ്സിലാക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.. നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍...

(ഇതില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം എനിക്കാണ്. തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ സൂചിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ എനിക്ക് പ്രൈവറ്റ് മെസ്സേജ് അയക്കുകയോ.. എന്നെ നേരില്‍ വിളിക്കുകയോ... എനിക്ക് മെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്....)



No comments:

Post a Comment