Friday, October 12, 2012

ഭിന്നതയും വസ്തുതകളും (ഭാഗം-2):


ഭിന്നതയും വസ്തുതകളും (ഭാഗം-2):
.....ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തില്‍... സര്‍വ ശക്തന്‍ ഇതൊരു നല്ല അമലായി സ്വീകരിക്കുമാരാകട്ടെ !. വിഷയങ്ങളെ നല്ല രൂപത്തില്‍ വിലയിരുത്താന്‍ എനിക്കും .. കാര്യങ്ങള്‍ വിവേകത്തോടെയും ആത്മാര്‍ഥതയോടെയും വിലയിരുത്താന്‍ നിങ്ങള്‍ക്കും അവന്‍ തൌഫീക്ക് നല്‍കട്ടെ.... !!

രണ്ടാം ഭാഗത്തില്‍ തര്‍ക്കത്തിലിരിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ പ്രമാണബന്ധിതമായി വിശകലനം ചെയ്യണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആത്മാര്‍ഥതയോടെയും സതുദ്ദേശത്തോടെയും ചിലര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതിനു ശേഷം അതിലേക്ക് കടക്കുന്നതായിരിക്കും ഉത്തമം എന്ന് കരുതുന്നു. തര്‍ക്ക വിഷയത്തില്‍ പ്രമാണങ്ങള്‍ നില കൊള്ളുന്ന നിലപാടെന്ത്, തീര്‍ത്തും പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം എങ്ങനെ പൊതു ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന രൂപത്തില്‍ ഇത്ര വലിച്ചിഴക്കപ്പെട്ടു. ആദര്‍ശം പ്രബോധനം ചെയ്യുമ്പോഴും ഗുണകാംശയും, ദൈവ ഭയവും, പ്രബോധന മര്യാദയും കൈവിടരുത്, പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളിലും ആദര്‍ശം വെളിപ്പെടുത്തണം, തുടങ്ങിയ കാര്യങ്ങളാണ്  ഒന്നാം ഭാഗത്തില്‍ ഞാന്‍ സംക്ഷിപ്തമായി സൂചിപ്പിച്ചത്. വളരെ നല്ല മനസ്സോടെ അതിനെ സമീപിച്ച നിങ്ങള്‍ക്ക് അള്ളാഹു അനുഗ്രഹങ്ങള്‍ ചൊരിയുമാറാകട്ടെ. ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇത് വായിക്കുന്നതിനു മുന്‍പ് അത് വായിക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ ഉപകാരപ്പെടും എന്ന് തോന്നുന്നു.
 
ഇനി വിഷയത്തിലേക്ക് കടക്കാം..
1 - ഭിന്നതയും, യുക്തിക്ക് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്നവരുടെ സ്വാധീനവും.

കേവലം ഒരു ദുര്‍ബലമായ ഹദീസിന്റെ പിന്നിലുള്ള തര്‍ക്കം മാത്രമാണ് ഇതിന്‍റെ പിന്നിലുള്ളത് എന്ന ധാരണ തെറ്റായിരുന്നുവെന്ന് ഒരു നാള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും ഇന്ഷ അല്ലാഹ്. യുക്തിക്ക് പ്രമാണങ്ങളെക്കാള്‍  മുന്കണന നല്‍കുന്ന ആളുകളും.പ്രമാണങ്ങള്‍ക്ക് യുക്തിയെക്കാള്‍ മുന്ഗണന നല്‍കുന്ന ആളുകളും തമ്മിലുള്ള ആദര്‍ശപരമായ വ്യത്യാസത്തിന്‍റെ ആഴമാണ് പലപ്പോഴും ഭിന്നതയുടെ മര്‍മ്മം.  ഇത് ഇന്നോ ഇന്നലെയോ ഉള്ള ഭിന്നതയല്ല. കാലങ്ങള്‍ക്ക് മുന്‍പ്  മു'അതസിലിയാക്കളും അഷ്'അരിയാക്കളും ജന്മം നല്‍കിയ വാദമാണ് യുക്തിക്കാണ് പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കണമെന്ന പുത്തന്‍വാദം. എന്നാല്‍ നബി (സ) കാലം മുതല്‍ക്കേ  അഹലുസ്സുന്നയുടെ ആളുകള്‍ സ്വീകരിച്ച നിലപാടാണ് യുക്തിയെക്കാള്‍ പ്രമാണങ്ങള്‍ക്ക് മുന്ഗണന നല്‍കണമെന്ന നിലപാട്.  ഇസ്രാഅ് മിഅറാജ് സംഭാവമുണ്ടായപ്പോള്‍ അബൂബക്കര്‍(റ) എടുത്ത നിലപാട് നമുക്കെല്ലാവര്‍ക്കുമറിയാം. ഒറ്റ രാത്രി കൊണ്ട് മുഹമ്മദ്(സ) ഇതാ ബൈതുല്‍ മുഖധസിലേക്കുള്ള യാത്രയും ആകാശാരോഹണവും നടത്തി വന്നിരിക്കുന്നുവത്രേ, അദ്ദേഹം പറയുന്നത് ഭ്രാന്താണ്. ഒരിക്കലും അത് സാധ്യമല്ല എന്നെല്ലാം പറഞ്ഞു കൊണ്ട് ഖുറൈശികള്‍ അബൂബക്കര്‍(റ)നെ സമീപിച്ചു. ഒരു യുക്തിക്കും യോജിക്കാത്ത സംഗതിയായത്‌ കൊണ്ട് അബൂബക്കര്‍(റ) ഒരിക്കലും വിശ്വസിക്കില്ല എന്ന ആത്മവിശ്വാസത്തോടെയാണ്  അവര്‍ അദ്ധേഹത്തെ സമീപിച്ചത്. പക്ഷെ അദ്ദേഹം അവര്‍ക്ക് നല്‍കിയ മറുപടിയാണ്‌ ഏതൊരു മുസ്ലിമിന്റെയും മാതൃക . അദ്ദേഹം പറഞ്ഞു: " മുഹമ്മദ് (സ) ആണത്‌ പറഞ്ഞതെങ്കില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു" .. ഇന്നും യുക്തിയുടെ മറ പിടിച്ചു മിഅറാജിനെ തള്ളുന്നവര്‍ പൂര്‍വികരുടെ ചരിത്രമൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും. അതെ പ്രവാചകന്‍(സ) പറഞ്ഞതാണെന്ന് മനസ്സിലാക്കിയ ഒരു കാര്യം താന്റെ യുക്തികൊണ്ട് അളന്നു വികലമാക്കാതെ, ഒട്ടും സംശയം  പ്രകടിപ്പിക്കാതെ  പൂര്‍ണമായ വിശ്വാസം വച്ച് പുലര്‍ത്തിയ ആ മഹാന്‍ പിന്നെ  അന്ന് മുതല്‍ ഇന്ന് വരെ  അറിയപ്പെട്ടത് സിദ്ദീഖ് (صديق)  എന്നാണ്. അതാണ് നമുക്കുള്ള മാതൃക.  മുഹമ്മദ്(സ) അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന് നാം സാക്ഷ്യപ്പെടുത്തുന്നത് സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കില്‍ അദ്ധേഹത്തിന്റെ അധ്യാപനങ്ങളെ പൂര്‍ണമായും അംഗീകരിക്കാന്‍ നാം തയ്യാറാവണം എന്നാണ് ആ സംഭവം നമ്മളെ പഠിപ്പിക്കുന്നത്.
  എന്നാല്‍ മുഅതസിലിയാക്കളുടെ വിശ്വാസങ്ങള്‍ കടമെടുത്ത് യുക്തിക്ക്  മുന്ഗണന നല്‍കി പ്രവാചക വചനങ്ങളെ തള്ളിക്കളയുന്ന ചിലരുടെ അപകടകരമായ വാദങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രചരിക്കപ്പെട്ടുവന്നത് നമ്മള്‍ മനസ്സിലാക്കിയതാണ്. കേരളത്തിലുടനീളം ആ വാദത്തിന്റെ നിചസ്ഥിതി ചര്‍ച്ച ചെയ്യപ്പെട്ടു. കര്‍മ  നിരധരായ പ്രബോധകര്‍ അഹ്ലുസ്സുന്നയുടെ വിശ്വാസമെന്തെന്നു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങളെ പഠിപ്പിച്ചു.  അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമെന്നു പറയട്ടെ,   നമ്മുടെ നാട്ടില്‍ ഒരുപാടാളുകള്‍ കളങ്കമില്ലാത്ത അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിലേക്ക് കടന്നുവന്നു. ദുനിയാവിന്റെ സുഗലോലുപത മറന്നു മതബോധമുള്ളവരായി ജനങ്ങള്‍ മാറി. പ്രവാചകാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തുടങ്ങി. യുവാക്കളും മുതിര്‍ന്നവരും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങി. അവരുടെ ജീവിതത്തില്‍ അത് പ്രകടമാകാന്‍ തുടങ്ങി. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ മുഴുകുന്നവരായി അവര്‍ മാറി. സ്വഹീഹായ പ്രവാചക വചനങ്ങളെല്ലാം മുന്‍ഗാമികള്‍ മനസ്സിലാക്കിയ രൂപത്തില്‍ മനസ്സിലാക്കുന്നു, യുവാക്കളും മുതിര്ന്നവരുമെല്ലാം പള്ളിയില്‍ നമസ്കാരത്തിന് കൃത്യമായി പങ്കെടുക്കുന്നു,  താടി വളര്‍ത്തുന്നു, വസ്ത്രം നെരിയാണിക്കു മുകളിലുടുക്കുന്നു, . ഇതെല്ലാം പരിപാവനമായ അഹ്ലുസ്സുന്നയുടെ ആദര്‍ശത്തെ എതിര്‍ക്കുന്നവര്‍ക്ക് സഹിക്കാന്‍ പറ്റുമോ...?! ഈ ആദര്‍ശ മുന്നേറ്റത്തെ എതിര്‍ക്കാന്‍ തെല്ലൊന്നുമല്ല അവര്‍ ശ്രമിച്ചത്. ഇസ്ലാമിക ചരിത്രം എടുത്തു പരിശോധിച്ചാല്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ മുന്ഗാമികള്‍ക്കില്ലാത്ത വാദങ്ങളുമായി കടന്നുവന്ന ജഹുമുബ്നു സഫവാന്‍, വാസില്‍ ഇബ്നു അതാ'', തുടങ്ങിയ ഒരുപാടു പുത്തന്‍വാദികളെ നമുക്ക് കാണാന്‍ സാധിക്കും.
….ഏതായാലും നമ്മുടെ നാട്ടില്‍ ഉണ്ടായ ആദര്‍ശ മുന്നേറ്റത്തിനു തടയിടാന്‍ വേണ്ടി ഇല്ലാത്ത ആരോപണങ്ങള്‍ ചിലര്‍ ആരോപിക്കാന്‍ തുടങ്ങി. അവരുടെ അതെ ആദര്‍ശം വച്ച് പുലര്‍ത്തുകയും എന്നാല്‍ സംഘടനയോടൊപ്പം നില്‍ക്കുകയും  ചെയ്യുന്ന ചിലര്‍ അതേറ്റു പിടിച്ചു. ബുദ്ധിക്കു പ്രമാണങ്ങളെക്കാള്‍ മുന്ഗണന നല്‍കുന്ന പലരും നമ്മുടെ സംഘടനയില്‍ ഉണ്ട് എന്നത് ആദര്‍ശ സ്നേഹമുള്ള സാധാരണക്കാര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. വളരെക്കാലം മുന്‍പ് തന്നെ സലഫീ ആദര്‍ശത്തോടുള്ള  തങ്ങളുടെ  അമര്‍ഷം അവരില്‍ പലരും പ്രകടിപ്പിച്ചിരുന്നു. അവര്‍ക്കല്ലാഹു സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ.  
ഒരു അനുഭവം പറയാം :
 എന്റെ ജേഷ്ടന്‍ ശബീല്‍ കുവൈറ്റില്‍ സന്ദര്‍ശനത്തിനു വന്നിരുന്നു. വീട്ടില്‍ ഒരുപാട് ഒഴിവു സമയമുണ്ടായിരുന്നത് കൊണ്ട് അവന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അല്‍മനാര്‍ കോപ്പികള്‍ എടുത്തു  വായിക്കാന്‍ തുടങ്ങി. സ്വഹാബിമാരെപ്പറ്റി അതില്‍ വന്ന അബ്ദുല്‍ മജീദ്‌ വാരാണക്കര എഴുതിയ ഒരു ലേഘനമാണ്‌ അവന്‍ വായിച്ചിരുന്നത്. കോളേജില്‍ നിന്നും ക്ലാസ്സ്‌ കഴിഞ്ഞു വന്ന എനിക്ക്  സ്വഹാബിമാരെപ്പറ്റി വളരെ മോശമായി അതില്‍ വന്ന ചില പരാമര്‍ശങ്ങള്‍ അവന്‍ വായിച്ചു കേള്‍പ്പിച്ചു. ഇതൊക്കെ ശരിയാണോ എന്ന് ചോദിച്ചു. അത് വല്ല ശിയാക്കളുടെയും പുസ്തകമാവും നീയതൊന്നും വായിക്കണ്ട എന്ന് ഞാന്‍ പറഞ്ഞു. അല്ല ഇത് അല്‍മനാരില്‍ നിന്നാണ് ഞാന്‍ വായിച്ചത്.......   എന്നാല്‍ അത് ശിയാക്കളുടെ വല്ല ആരോപണങ്ങള്‍ക്കും  മറുപടി എഴുതിയപ്പോള്‍ ഘണ്ടിക്കാന്‍  വേണ്ടി അവരുടെ വാദം അവിടെ എടുത്തു കൊടുത്തതാവും എന്നായി ഞാന്‍...  'അല്ല ഇതൊരു ലേഘനമാണ്‌'...... 'ഒരു തുടര്‍ ലേഘനം'....... അവന്‍ പറഞ്ഞത് ശരിയാണ്.  ഉസ്മാന്‍(റ)  അലി(റ)നെ  ചതിച്ചു. ഉസ്മാന്‍(റ)  ഖജനാവിലെ പണം അപഹരിചു തുടങ്ങിയ മനസ്സിന് മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍... അത് അല്‍മനാരില്‍ ആണ് വന്നതെന്നത് വിശ്വസിക്കാന്‍ സാധിച്ചില്ല. വളരെയധികം സങ്കടം തോന്നി...  ഉപ്പ ജോലി കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ ഇത് സൂചിപ്പിച്ചു.  പിന്നീട് ആ ലേഘകന്റെ ഉസ്മാന്‍(റ ) എന്ന ഒരു പുസ്തകം പരിശോധിച്ചപ്പോള്‍ അതെ തെറ്റ് കാണാന്‍ സാധിച്ചു. കുവൈറ്റിലെ ഇസ്ലാഹി സെന്ററില്‍ നിന്നും ആ പുസ്തകം പിന്‍വലിക്കാന്‍ ഉപ്പ നിര്‍ദേശിച്ചു. നാട്ടിലേക്കും ആ പുസ്തകത്തിന്റെ അപകടവും അതിനെതിരെ കുറിപ്പ് കൊടുക്കണമെന്നും സംഘടനയോട് അറിയിച്ചു. അവര്‍ ചെയ്തിട്ടുണ്ടാവുമെന്നു കരുതാം. പുസ്തകത്തിലെ വാചകങ്ങള്‍ അറബിയിലാക്കി ഇന്റെര്‍നെറ്റിലൂടെ പരിശോധിച്ചപ്പോള്‍ ഈജിപ്തുകാരനായ ഒരു കായികാധ്യാപകന്‍ എഴുതിയ പുസ്തകമാണത് എന്നറിയാന്‍ സാധിച്ചു. അബ്ദുല്‍ മജീദ്‌ വാരാണക്കരയെ ഞാനും നേരില്‍ വിളിച്ചു ആ പുസ്തകത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പലരും അത് സൂചിപ്പിച്ചതായി പറഞ്ഞു. നമ്മുടെ പ്രസ്ഥാനത്തിന്റെ കാര്യപ്പെട്ട ഒരു മാസികയുടെ എഡിറ്റര്‍ ആണദ്ദേഹം. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും തെറ്റ് മനസ്സിലാക്കി അത് തിരുത്തുവാനുള്ള സന്മനസ്സു നല്‍കുകയും ചെയ്യട്ടെ. സംഘടനയുടെ പേരില്‍ പ്രചരിക്കപ്പെടുന്നതായതുകൊണ്ട് മാത്രം അത് നമ്മുടെ ആദര്‍ശമാകില്ല എന്നതിന് ഇനിയും എത്രയോ അനുഭവങ്ങള്‍ ബാക്കി. ആരെയും ഇകഴ്താനല്ല മറിച്ച് ഭിന്നതയുടെ ആഴം മനസ്സിലാക്കാന്‍ വേണ്ടിയാണു ഇത്രയും പറഞ്ഞത്. ആ പുസ്തകം  പിന്‍വലിചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ.
 ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യം സംഘടനയുടെ ലേബലില്‍ വരുന്നതെല്ലാം ആദര്‍ശമാണ്‌ എന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കരുത്. സംഘടന ആദര്‍ശം പ്രബോധനം ചെയ്യാനുള്ള ഒരു മീഡിയ മാത്രമാണ്.  പ്രമാണങ്ങളുടെ പിന്ബലമില്ലാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അത് സ്വീകാര്യ യോഗ്യമല്ല. ചുങ്കത്തറയില്‍ നിന്നും സി. പി സലിം മൌലവിയുടെ പ്രസംഗത്തില്‍ കേട്ട ഒരുദാഹരണം വളരെയധികം അര്‍ത്ഥവത്താണ്. A . P അബ്ദുല്‍ ഖാദര്‍ മൌലവി (حفظه الله ) പറഞ്ഞ ഒരുദാഹരണം: ഒരാള്‍ ഒരാള്‍ക്കൊരു മെഴുകുതിരി കൊടുത്തു. എന്നിട്ട് പറഞ്ഞു അതു കെട്ടു പോകാതെ സൂക്ഷിക്കണം. അയാള്‍ മെഴുകുതിരി കെടാതിരിക്കാന്‍ ശ്രദ്ധിച്ച്.. ശ്രദ്ധിച്ച്... അവസാനം ഒരു കുഴിയില്‍ പോയി വീണു.... യഥാര്‍ത്ഥത്തില്‍ വഴി കാണാന്‍ വേണ്ടിയായിരുന്നു മെഴുകുതിരി കൊടുത്തത്... അതു കെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിച്ചുവെന്നു മാത്രം.... പക്ഷെ വഴി കാണുക എന്നതിനേക്കാള്‍ അയാള്‍ പ്രാധാന്യം കൊടുത്തത് മെഴുകുതിരി കെടാതിരിക്കാനാണ്. അങ്ങനെ അയാള്‍ കുഴിയില്‍ പോയി വീണു. അതു പോലെ ആദര്‍ശം പഠിപ്പിക്കാനും സംരക്ഷിക്കാനും വേണ്ടി ഉള്ളതാണ് സംഘടന. അവസാനം സംഘടന സംഘടന എന്ന് പറഞ്ഞു ആദര്‍ശം നഷ്ടപ്പെടുത്തി കുഴിയില്‍ ചെന്ന് ചാടരുത്.... "
 നാളെ പരലോകത്ത് വരുമ്പോള്‍ പ്രവാചകചര്യ പിന്പറ്റിയവര്‍ മാത്രമേ രക്ഷപ്പെടൂ. അന്ന് ആദര്‍ശമുള്‍ക്കൊള്ളാത്തവര്‍ പറയും: وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتخذت مع الرسول سبيلا  )  " ഞങ്ങള്‍ പ്രവാചകനെ പിന്‍പറ്റിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു" ......, പരലോകത്തിന്റെ കാര്യമാണ്…. പ്രമാണങ്ങള്‍ക്കൊപ്പം നില്‍ക്കുക. നീയൊറ്റക്കായാലും സത്യത്തിനൊപ്പം നില്‍ക്കണമെന്നല്ലേ മുന്‍ഗാമികള്‍ നമ്മെ പഠിപ്പിച്ചത്.....
....... ഈ ഹദീസുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നം ഒരുപാട് കാര്യങ്ങള്‍ മറച്ചു വെക്കപ്പെടുന്ന ഒരു മറയാണ് എന്നത് നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു യഥാര്ത്യമാണ് എന്നത് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടു കാണും. സാധാരണക്കാര്‍ക്ക് വിഷമമുണ്ടാകുന്ന രൂപത്തില്‍ പൊതുജനത്തിന് മുന്‍പില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്തോ! അതൊന്നും ഫലം കണ്ടില്ല. ചിലര്‍ക്കതില്‍ താല്‍പ്പര്യമില്ലായിരുന്നു. ഒരു പക്ഷെ ആദര്‍ശത്തിനു  അതില്‍ എന്തെങ്കിലും നന്മയുണ്ടാവുമെന്നു കരുതാം. നന്മയുണ്ടാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ആദര്‍ശത്തിനെതിരെ ആരൊക്കെ തന്ത്രങ്ങള്‍ മെനഞ്ഞാലും ആരും സങ്കടപ്പെടേണ്ടതില്ല.
ويمكرون ويمكر الله والله خير الماكرين : " അവര്‍ തന്ത്രം പ്രയോഗിക്കുന്നു.  അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍ " (أنفال- 30).
"ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين : "നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍" (آل عمران-139).
ആരും ഭയക്കേണ്ട. حسبنا  الله ونعم الوكيل : "നമുക്കല്ലാഹു മതി, ഭരമേല്‍പ്പിക്കുവാന്‍ അവനെത്ര നല്ലവന്‍"
2 - എന്തിനാണ് ഈ ദുര്‍ബലമായ ഹദീസ് ചര്‍ച്ച ചെയ്തു സമയം കളയുന്നത് എന്നതാണ് മറ്റൊരു  ചോദ്യം ?.
യഥാര്‍ത്ഥത്തില്‍ ഹദീസ് പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്തു അതിനെ ഒരുപാടൊരുപാട്  തെറ്റിദ്ധരിപ്പിക്കുകയും നമുക്ക് ആദര്‍ശം പഠിപ്പിച്ച പണ്ടിതന്മാര്‍ക്കെതിരെ ശിര്‍ക്കാരോപിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഈ വിഷയത്തിലുള്ള സത്യമെന്തെന്ന് ജനങ്ങള്‍ക് വിശദീകരിച്ചു കൊടുക്കാന്‍ വിഷയം പഠിച്ചവര്‍ നിര്‍ബന്ധിതരായത്. അവരൊരിക്കലും ഇത് പൊതുജനത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യണമെന്നുദ്ദേശിച്ചിട്ടില്ല.   സമൂഹത്തില്‍ തെറ്റിദ്ധാരണയും അറിവില്ലായ്മയും വര്‍ധിക്കുമ്പോള്‍ തത് വിഷയത്തില്‍ വന്നിട്ടുള്ള ഇസ്ലാമിക കാഴ്ചപ്പാടുകള്‍ എന്തെന്ന് വിഷധീകരിക്കല്‍ ആ വിഷയത്തില്‍ അറിവുള്ളവരുടെ ബാധ്യതയല്ലേ?!.  ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കൃത്യമായി ആഹ്ലുസ്സുന്നയുടെ  ആദര്‍ശം  വെളിപ്പെടുത്തേണ്ട ബാധ്യത അവര്‍ക്കില്ലെ ?!. തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവരത് എപ്രകാരമാണ് പ്രബോധനം ചെയ്യേണ്ടതെന്ന് നേരത്തെ തന്നെ നമ്മള്‍ വിഷധീകരിച്ചതാണല്ലോ. അവര്‍ക്ക് വന്നു പോകുന്ന അപാകതകള്‍ അല്ലാഹു  പൊറുത്തു കൊടുക്കട്ടെ.
 ഇനി നമുക്കൊന്ന് തിരിച്ചു ചിന്തിക്കാം.....  സമൂഹത്തില്‍ തെറ്റിദ്ധാരണ വളര്‍ത്തുകയും പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി  സംസാരിക്കുകയും ചെയ്യുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ടത്.  മറിച്ച് അത്തരക്കാര്‍ തീര്‍ത്തു വച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുവാനും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സത്യമെന്തെന്ന് ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാനും ശ്രമിക്കുന്നവരെയെല്ലല്ലോ!. തന്‍റെ തിരക്കിന്നിടയിലും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങളും സംശയങ്ങളും തീര്‍ക്കുവാന്‍ തന്‍റെ തിരക്കുകളും ആവശ്യങ്ങളും മാറ്റി വച്ച് സമയം കണ്ടെത്തുന്നവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയല്ലേ നാം ചെയ്യേണ്ടത്. വെറുമൊരു ദുര്‍ബല ഹദീസിന്റെ വിഷയത്തിലുള്ള തര്‍ക്കമെന്നു പറഞ്ഞു തള്ളാന്‍ എളുപ്പമായിരിക്കും. പക്ഷെ മറ്റൊരുപാട് ഗൗരവപരമായ വിഷയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
......ഉദ: ശിര്‍ക്കിന്‍റെ നിര്‍വചനമെന്ത്
?!. എപ്പോഴാണൊരു കാര്യം ശിര്‍ക്കാവുന്നത് ?!. എപ്പോഴാണ് ശിര്‍ക്കാവാത്തത് ?!. സിഹ്ര്‍ ഫലിക്കും, പിശാജ് ബാധയേല്‍ക്കും തുടങ്ങിയ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടു വന്ന കാര്യങ്ങള്‍ യാതാര്‍ത്ഥ്യമാണ്‌ എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാകുമോ ?!. റുഖ്‌യ ശറഇയ്യ യാതാര്‍ത്ഥ്യമാണോ ?!. ഈ ഹദീസ്  സ്വഹീഹാണെന്നു കരുതി  അതനുസരിച്ച് അമല്‍ ചെയ്ത അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ശിര്‍ക്ക് ചെയ്തവരോ ?!. സുലൈമാന്‍ നബിയുടെ മു'അജിസത് എന്തായിരുന്നു?. ഹാജറ ബീവി സഹായം ചോദിച്ചതിന്റെ വിശദീകരണമെന്ത് ?!. ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും പരസ്പരം വല്ല നിലക്കും ഇടപെടാന്‍ സാധിക്കുമോ ?!. മുന്‍കാല പണ്ഡിതന്മാര്‍ എങ്ങെനെയാണ് ഈ ഹദീസിനെ നോക്കിക്കണ്ടത് ?!. എന്താണ് ശിര്‍ക്കും ശിര്‍ക്കിലേക്കുള്ള വസീലയും തമ്മിലുള്ള വ്യത്യാസം ?. ഈ ഹദീസ് വിശദീകരിച്ച സലഫീ ലോകത്ത് ഐക്യകണ്ടേന അംഗീകരിക്കപ്പെടുന്ന മുന്‍കാല പണ്ഡിതരുടെയും.. ഷെയ്ഖ് ഇബ്നു ബാസ്, ഷെയ്ഖ് അല്‍ബാനി, ഇബ്നു ഉസൈമീന്‍ തുടങ്ങിയവരുടെയും പ്രമാണബന്ധിതമായ വിശദീകരണം എടുത്തു പറയുക മാത്രം ചെയ്ത ജബ്ബാര്‍ മൌലവിയെയും സകരിയ സ്വലാഹിയെയും ബഹിഷ്കരിക്കണമെങ്കില്‍ ആ വിശദീകരണം നല്‍കിയ പണ്ടിതന്മാരെയല്ലേ ആദ്യം ശിര്‍ക്കാരോപകര്‍ തള്ളിപ്പറയേണ്ടത് ?! ലോകത്തൊരു സലഫീ പണ്ടിതന്മാര്‍ക്കുമില്ലാത്ത ഈ വാദം പറഞ്ഞു കൊണ്ട് ഇമാമീങ്ങളിലും മറ്റും ലോകത്തുള്ള ഏതെങ്കിലും ഒരു പണ്ഡിതന്‍ ശിര്‍ക്കാരോപിച്ചിട്ടുണ്ടോ ?! തുടങ്ങി ഒട്ടനേകം വിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രമാണങ്ങള്‍ക്കെതിരായി പ്രചരിക്കപ്പെട്ട ഒട്ടനവധി തെറ്റിദ്ധാരണകളാണ് ഇവിടെ തിരുത്താന്‍ ശ്രമിക്കുന്നത്. ഇന്ഷാ അല്ലാഹ്.
....ഇനിയും  ആശയക്കുഴപ്പം തീരാത്ത സാധാരണക്കാരോട് പറയാനുള്ളത്. നിങ്ങള്‍ രാത്രി നമസ്കാരം നിര്‍വഹിച്ചു ഒറ്റക്കിരുന്നു റബ്ബിനോട് തേടുക: 'സത്യം മനസ്സിലാക്കി അതിനോടൊപ്പം നില്ക്കാന്‍ സാധിക്കാനും. സത്യത്തിനെതിരെ കുതന്ത്രങ്ങള്‍ മെനയുന്നവരില്‍ നിന്നും നമ്മെയും നമ്മുടെ സമുദായത്തെയും കാത്തു രക്ഷിക്കാനും  വേണ്ടി..' .  ആത്മാര്‍തമായ ആ പ്രാര്‍ത്ഥനയില്‍ കക്ഷിത്വവും വിഭാഗീയതയും ഒന്നുമില്ലല്ലോ. സത്യമെന്തെന്നറിയാതെ ആശങ്ക പൂണ്ടു നില്‍ക്കുന്ന അമുസ്ലിമിനോടു പോലും രാത്രിയില്‍ ഒറ്റക്കിരുന്നു നിന്നെ സൃഷ്‌ടിച്ച നാഥനെ വിളിച്ചു എനിക്കു സത്യത്തിന്‍റെ മാര്‍ഗം തെളിയിച്ചു തരേണമേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാന്‍ നാം പറയാറില്ലേ  !. നിങ്ങളുടെ മനസ്സില്‍ നിന്ന് വരുന്ന ആ തേട്ടം ആത്മാര്‍ത്ഥമാണെങ്കില്‍ അല്ലാഹു അതിനുത്തരം തരും തീര്‍ച്ച. മറിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ താല്‍പര്യമില്ലാതെ വ്യക്തികളെയും അവരുടെ ജീവിതത്തെയും സ്വഭാവത്തെയും അവരില്‍ നിന്നു വന്ന അപാകതകളെയും  നോക്കി ആദര്‍ശത്തെ വിലയിരുത്തിയാല്‍ ചിലപ്പോള്‍ ഖേദിക്കാന്‍ സമയം അനുവധിച്ചില്ലെന്നു വരാം...... പുളിക്കല്‍ എക്സിബിഷനില്‍ വച്ച് ഒരമുസ്ലിം എന്നോട് ചോദിച്ചു :  താങ്കള്‍ പറയുന്ന ഇസ്ലാം എത്ര സുന്ദരമാണ് .. പറയുന്നത് കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് തോന്നുന്നുവെങ്കിലും മുസ്ലിമീങ്ങളെ കാണുമ്പോള്‍ എനിക്കീ മതത്തില്‍ വിശ്വസിക്കാന്‍ തോന്നുന്നില്ല !. മുസ്ലിമീങ്ങള്‍ ഇതെല്ലാം ജീവിതത്തില്‍ പകര്‍ത്താത്തതെന്താ ?! .. നിഷ്കളങ്കമായി ആ മനുഷ്യന്‍ ചോദിച്ച ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ഞാന്‍ പകച്ചു പോയി.. ശേഷം ഞാന്‍ പറഞ്ഞു: മുസ്ലിമീന്കളെ നോക്കി താങ്കള്‍ ഒരിക്കലും  ഇസ്ലാമിനെ വിലയിരുത്തരുത് എന്നാണ് എനിക്കും പറയാനുള്ളത്. മറിച്ച് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന പ്രമാണങ്ങളില്‍ നിന്നും ഇസ്ലാമിനെ മനസ്സിലാക്കണം. കാരണം മുസ്ലിമീന്കളില്‍ പല തരത്തിലുള്ള ആളുകളും ഉണ്ടാവാം. വിഷയങ്ങള്‍ പഠിക്കാത്തവര്‍, പഠിച്ചിട്ടും തെറ്റ് ആവര്‍ത്തിക്കുന്നവര്‍, ദൈവ ഭയമില്ലാത്തവര്‍, സ്വന്തം ഇച്ചകള്‍ക്ക് വേണ്ടി മതത്തെ ഉപയോഗിക്കുന്നവര്‍, ഇവരെല്ലാം മുസ്ലിമീങ്കല്‍ക്കിടയിലുണ്ടാവാമല്ലോ.   ഈ പറഞ്ഞ എന്നില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം. അത് കൊണ്ട് ഏട്ടന്‍ എന്നെ കണ്ടു ഇസ്ലാമിനെ പഠിക്കരുത്. മറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പ്രമാണം കുറ്റമറ്റതാണ്. അത് ലോക രക്ഷിതാവായ ദൈവത്തിന്‍റെ അധ്യാപനങ്ങളാണ്. അതില്‍ നിന്നും ഇസ്ലാമിനെ മനസ്സിലാക്കണം അതനുസരിച്ച് ജീവിക്കാന്‍ കഴിവിന്‍റെ പരമാവധി ഞാനും നിങ്ങളും ഓരോ മനുഷ്യരും ശ്രമിക്കണം. മനുഷ്യരാവുമ്പോള്‍ തെറ്റ് സംഭവിക്കും. "തെറ്റ് സംഭവിക്കാത്ത ഒരു ആദം സന്ധതിയുമില്ല. തെറ്റ് സംഭവിച്ചാല്‍ അത് മനസിലാക്കി പശ്ചാത്തപിക്കുന്നവനാണു തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും നല്ലവന്‍" എന്ന നബി വചനം ഞാന്‍ അദ്ധേഹത്തെ ഉണര്‍ത്തി. പിന്നീട് ഒരുപാടു നേരം ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ നാളെയും വരാം എന്ന് പറഞ്ഞു അയാള്‍  പിരിഞ്ഞു... ജീവിത പ്രശ്നങ്ങള്‍ മറന്നു സത്യമതം സ്വീകരിക്കാന്‍ അല്ലാഹു ആ സഹോദരന് എളുപ്പമാക്കിക്കൊടുക്കട്ടെ. ഞാനിവിടെ ഈ സംഭവം ഉദ്ധരിച്ചതിന്റെ  ഉദ്ദേശം നിങ്ങള്‍ക്കു പിടി കിട്ടിയിട്ടുണ്ടാവും. അഥവാ ആദര്‍ശം പറയുന്ന പണ്ടിതന്മാരിലോ പ്രബോധകരിലോ വരുന്ന അപാകതകളെ നോക്കിയല്ല  ആദര്‍ശത്തെ മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇന്ന് എത്ര പേര്‍ക്ക് മുസ്ലിമീങ്ങളെ നോക്കി ഇസ്ലാമിലേക്ക് കടന്നുവരാന്‍ സാധിക്കും. അവര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളും തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. 
കൂടുതല്‍ പഠിക്കാനും വിഷയങ്ങള്‍ മനസ്സിലാക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.. നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍... 
ഇതില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം എനിക്കാണ്. തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ സൂചിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ എനിക്ക് പ്രൈവറ്റ് മെസ്സേജ് അയക്കുകയോ.. എന്നെ നേരില്‍ വിളിക്കുകയോ... എനിക്ക് മെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.
തുടരും...........

No comments:

Post a Comment