Monday, October 29, 2012

ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍...


ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍...


"സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.'' (33:58)

കെട്ടുറപ്പുള്ള ഒരു ആദര്‍ശാധിഷ്ഠിത സമൂഹത്തെയാണ് ഇസ്ലാം പടുത്തുയര്‍ത്തുന്നത്. ആ സുഭദ്രമായ കോട്ടക്കിളക്കം തട്ടുന്ന ഏത് പ്രവര്‍ത്തനത്തെയും അതുകൊണ്ടുതന്നെ വലിയ അപരാധമായിട്ടാണ് ഇസ്ലാം നോക്കിക്കാണുന്നതും. സുശക്തമായ ആ കെട്ടിടത്തിന് വിള്ളലേല്‍ക്കാതിരിക്കാന്‍ സഹായകമായ ധാരാളം ആചാരമര്യാദകളും കടപ്പാടുകളും ഇസ്ലാം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വിശ്വാസികള്‍ പരസ്പരം മുഖപ്രസന്നതയോടെ കണ്ടുമുട്ടുന്നതും രക്ഷക്കായുള്ള പ്രാര്‍ഥനകളടങ്ങുന്ന അഭിവാദ്യങ്ങള്‍ അര്‍പ്പിക്കലും (സലാം പറയല്‍) തുമ്മിയ ശേഷം റബ്ബിനെ സ്തുതിക്കുന്ന വിശ്വാസികള്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കലും രോഗിയായി കിടന്നാല്‍ ആദര്‍ശബന്ധുക്കളെ സന്ദര്‍ശിക്കലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കലും തുടങ്ങി ധാരാളം മര്യാദകള്‍ വിശ്വാസികള്‍ പരസ്പരം പാലിക്കേണ്ട കടമകളായി നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
അപ്രകാരംതന്നെ ഛിദ്രതക്ക് കാരണമാകുന്ന സംഗതികള്‍ വിലക്കുകയും ഇണക്കമുണ്ടാക്കാനുതകുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതും പ്രവാചകാധ്യാപനങ്ങളില്‍ കാണാം. ഇത്തരം സംഗതികള്‍ ശരിയായ രൂപത്തില്‍ പാലിക്കപ്പെടുമ്പോള്‍ അവിടെ പിണക്കത്തേക്കാള്‍ ഇണക്കത്തിനും ശത്രുതയേക്കാള്‍ സ്നേഹബന്ധങ്ങള്‍ക്കുമായിരിക്കും സ്ഥാനമുണ്ടാവുക. ആദര്‍ശത്തിന്റെ ശക്തമായ ചരടുകൊണ്ട് പരസ്പരം ബന്ധിപ്പിക്കപ്പെട്ട നബി (സ്വ)യുടെ സ്വഹാബത്ത് കെട്ടുറപ്പുള്ള ഈ ആദര്‍ശാധിഷ്ഠിത സമൂഹത്തിന്റെ വ്യക്തമായ മാതൃകയാണ്.
ഊഹാപോഹങ്ങളും തദടിസ്ഥാനത്തിലുള്ള കള്ളവാര്‍ത്തകളും വിശ്വാസീസമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്നതാണ്. അതിനാല്‍ മറ്റുള്ളവരെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ നിജസ്ഥിതി അറിയാതെ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. വാസ്തവവിരുദ്ധമായ വാര്‍ത്തകളും ആരോപണങ്ങളും വഴി എത്രയെത്ര ബന്ധങ്ങളാണ് തകര്‍ന്ന് തരിപ്പണമായത്. എന്തെല്ലാം നന്മകളാണ് അവയുടെ പേരില്‍ മുടങ്ങിപ്പോയത്. പരസ്പരം സ്നേഹിക്കുകയും ഒരേ ആദര്‍ശത്തിന്റെ വക്താക്കളായി അണിനിരക്കുകയും ചെയ്തു പോന്നയാളുകള്‍ കേവലമായ ചില ആരോപണങ്ങളുടെ പേരില്‍ ആദര്‍ശവിരോധികളേക്കാള്‍ വലിയ ശത്രുക്കളായി മാറുന്ന അവസ്ഥാവിശേഷം എന്തുമാത്രം പരിതാപകരാണ്. അത്തരം വാര്‍ത്തകള്‍ ഏറ്റെടുക്കുകയും കാതോട് കാതോരം കൈമാറുകയും ചെയ്യുന്നതിന് മുമ്പ് അതിന്റെ സ്രോതസ്സ് കണ്ടെത്തി വാര്‍ത്ത സ്ഥിരീകരിക്കാനും ആരോപണവിധേയന്റെ നിലപാടെന്തെന്നറിയാനുമൊക്കെ ശ്രമിക്കുകയാണെങ്കില്‍ ആദര്‍ശബന്ധുക്കള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും കെട്ടുറപ്പോടെ തന്നെ കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കും. ഇല്ലെങ്കില്‍ കൊടും ഖേദവും വമ്പിച്ച പാതകവുമായിരിക്കും അതിന്റെ അനന്തരഫലം.
അല്ലാഹു വിശ്വാസികളായ നമ്മോട് ഉണര്‍ത്തുന്നത് കാണുക: "സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (49:6)
ഇസ്ലാമിന്റെ അടിത്തറയായ തൌഹീദിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ് അതുള്‍ക്കൊള്ളുകയും അത് മറ്റുള്ളവരിലേക്കെത്തിക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്ന ആദര്‍ശബന്ധുക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്ന സ്ഥിതിവിശേഷം പ്രബോധനരംഗത്തെ എത്രമാത്രം വലിയ ദുരന്തമാണ്!~ഇത്തരം ആരോപണങ്ങള്‍ ആരെക്കുറിച്ചും ഉന്നയിക്കരുതെന്നതാണ് ഇസ്ലാമിക പ്രമാണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ആരോപണ പ്രത്യാരോപണങ്ങളിലൂടെ ബന്ധങ്ങള്‍ തകര്‍ന്നുപോകാതെ സത്യപാതയില്‍ ഒരുമയോടെ മുന്നേറാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ

                                                                                             അബൂഅമീന്‍

No comments:

Post a Comment