Thursday, May 29, 2014

മുജാഹിദുകളെ.. നിര്‍ത്താറായില്ലേ ഈ വിഴുപ്പലക്കല്‍??

മുജാഹിദുകളെ.. നിര്‍ത്താറായില്ലേ ഈ വിഴുപ്പലക്കല്‍?? abdulla basil cp
-------------------------------------------------------
ജിന്ന് വിവാദം അതിന്റെ മൂന്നാം ഘട്ടം പിന്നിടുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആയി ഏറ്റുമുട്ടുന്ന മുജാഹിദ്‌ പ്രവര്‍ത്തകരെ നോക്കി ഗുണകാംക്ഷികളായ സര്‍വ്വരും ചോദിക്കുന്ന ചോദ്യമാണിത്.. അല്‍പ ദിവസം മുന്‍പ്‌ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു സുന്നി സുഹൃത്ത്‌ അവസാനം പറഞ്ഞത്‌ "മുജാഹിദുകളുടെ ആദര്‍ശം ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ചാണ് എന്നൊക്കെ മനസ്സിലായി.. എന്നാലും മുജാഹിദുകള്‍ തമ്മിലുള്ള ഈ വിഴുപ്പലക്കല്‍ കാണുമ്പോള്‍ മടുപ്പ്‌ തോന്നുന്നു" എന്നായിരുന്നു.. ഇത് തന്നെയാണ് സുഹൃത്ത്‌ ശിഹാബ്‌ തിരൂരും ( @ പ്രധാനമായി ഉന്നയിച്ചത്.. അദ്ദേഹം അക്കമിട്ടു നിരത്തിയ പോയിന്റുകളിലേക്ക് നമുക്ക്‌ കടക്കാം..
1. ഇന്സിന്റെ പ്രശ്നങ്ങള്‍ തന്നെ എമ്പാടുമുള്ളപ്പോള്‍ പിന്നെന്തിന് ഈ ജിന്ന് വിവാദം എന്നാണു ചോദ്യത്തിന്റെ മര്‍മ്മം.. ഇതിനു ഒറ്റവാക്കില്‍ ഉത്തരം പറയല്‍ അല്പം പ്രയാസമാണ്.. പത്തു വര്ഷം മുന്‍പും അതിനു മുന്‍പും വരെ ഉണ്ടായ ജിന്നുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചരിത്രം അല്പമൊന്നു പഠിച്ചാല്‍ ഈ ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താവുന്നതേയുള്ളൂ.. ഒന്നാം ജിന്ന് വിവാദം ഉടലെടുത്തത്‌ മഹാനായ ഉമര്‍ മൌലവിയുടെ സല്സബീലില്‍ ഡോ.ഉസ്മാന്‍ സാഹിബും എ.എ.ഹമീദ്‌ കൊച്ചിയും അടക്കമുള്ള മുജാഹിദ്‌ നേതാക്കള്‍ ജിന്നുമായി ബന്ധപ്പെട്ട് വൈജ്ഞാനികമായ പഠനങ്ങള്‍ പ്രബന്ധങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ "ഇതാ ഉമര്‍ മൌലവിയുടെ സല്സബീലില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു" എന്ന് പറഞ്ഞു അന്ന് തന്നെ ഒരുപാട് കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.. രണ്ടാം ജിന്ന് വിവാദ സമയത്ത് കെ എന്‍ എം ജിന്നും സിഹ്രുമായി ബന്ധപ്പെട്ട് പ്രമാണത്തിന്റെ പക്ഷത്ത് അടിയുറച്ചു നിന്നപ്പോള്‍ "ഇതാ എപിയും കൂട്ടരും അന്ധവിശ്വാസതിലെക്ക് നയിക്കുന്നു" എന്ന് പറഞ്ഞു മടവൂര്‍ വിഭാഗവും രംഗത്ത്‌ വന്നു.. അന്ന് അവര്‍ പത്രക്കുറിപ്പ്‌ ഇറക്കിയത് "മന്ഹജ് വാദം പിശാച് സേവയിലെക്ക് കൂപ്പു കുത്തുന്നതിനു നാം മാപ്പ് സാക്ഷികളായി" എന്നായിരുന്നു.. ഇപ്പോള്‍ മൂന്നാം ജിന്ന് വിവാദ സമയത്തും സംഭവിച്ചത് മറ്റൊന്നല്ല.. ജിന്ന് പിശാച് സിഹ്ര്‍ വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ ഉള്ളത് പറഞ്ഞപ്പോള്‍ "അന്ധവിശ്വാസത്തിലേക്ക്‌ ഒരു പിന്‍വിളി" എന്ന് പറഞ്ഞു പുസ്തകമിറക്കാന്‍ ചില കേകെപിമാരും അതിനനെ കെ എന്‍ എം നേതാക്കള്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ "ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചില സെക്രട്ടറിമാരും" ഉണ്ടായി..
ഇതില്‍ നിന്നെല്ലാം സംഗതി വ്യക്തമാണ്.. ഡോ.ഉസ്മാന്‍ സാഹിബും ഉമര്‍ മൌലവിയും എ.എ.ഹമീദ്‌ കൊച്ചിയും മറ്റും സല്സബീലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളോ, 2002 ഇല്‍ കെ എന്‍ എം സ്വീകരിച്ച നിലപാടുകളോ 2012 ല്‍ മുജാഹിദ്‌ പണ്ഡിതര്‍ സ്വീകരിച്ച നിലപാടുകളോ ഒന്നും ഒരു വിവാദം ഉദ്ദേശിച്ച് ആയിരുന്നില്ല.. മറിച്ച് അവര്‍ പ്രമാണങ്ങളില്‍ ഉള്ളത് തുറന്ന് എഴുതിയപ്പോള്‍ "ആധുനിക പുത്തന്‍ കൂറ്റുകാര്‍ക്ക്‌" അതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.. പ്രമാണങ്ങളില്‍ ഉണ്ടെങ്കിലും ഇതൊക്കെ സമൂഹത്തില്‍ പറയുമ്പോള്‍ അന്ധവിശ്വാസം ആണെന്ന് ജനം ധരിക്കില്ലേ എന്ന ഒരു ചിന്തയാണ് ഇവരെ "വിവാദം സൃഷ്ടിക്കാന്‍" പ്രേരിപ്പിച്ചത് എന്ന് സലഫീ കേരളത്തിന്റെ ചരിത്രം നിഷ്പക്ഷമായി പഠിക്കുന്നവര്‍ക്ക്‌ പകല്‍ പോലെ വ്യക്തമാകുന്ന കാര്യങ്ങളാണ്.. ഡോ.ഉസ്മാന്‍ സാഹിബ് അന്ധവിശ്വാസത്തിന്റെ എജെന്റ്റ്‌ ആണെന്ന് അന്ന് പറഞ്ഞതും, എപിയും കൂട്ടരും ശിര്‍ക്കിലെക്ക് പോയി എന്ന് മടവൂര്‍ വിഭാഗം പറഞ്ഞതും , ടിപിയും കൂട്ടരും ഇന്ന് പറയുന്നതുമെല്ലാം ഈ ഒരു മാനസികമായ ഒരു പ്രശ്നം കൊണ്ടാണ്.. എന്റെ റസൂല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഖുര്‍ആനില്‍ അത് വന്നിട്ടുണ്ടെങ്കില്‍ അതാരുടെ മുന്നിലും നെഞ്ചു വിരിച്ചു പറയാന്‍ സാധിക്കും എന്ന് പറയാനോ അതൊരിക്കലും അന്ധ വിശ്വാസം അല്ല എന്ന് ഉറക്കെ പറയാനോ ഉള്ള തന്റേടം നഷ്ടപ്പെട്ടതാണ് ഈ വിവാദങ്ങള്‍ക്ക്‌ കാരണം എന്ന് നമുക്ക്‌ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും..
പിന്നെ ഞങ്ങള്‍ ഇപ്പോള്‍ പറയുന്നത് തന്നെ ആണ് മുന്‍കാല മുജാഹിദു നേതാക്കന്മാരും പറഞ്ഞത് എന്നത് കേവലം ഒരു അവകാശ വാദം മാത്രമല്ല, പച്ചയായ യാഥാര്‍ത്ഥ്യമാണ്.. യാ ഇബാദല്ലാ വിഷയത്തില്‍ ഉമര്‍ മൌലവിയുടെ സല്സബീലില്‍ 1979 ല്‍ വന്ന അതേ നിലപാടില്‍ ആണ് മുജാഹിദുകള്‍ ഇന്നും... ജിന്ന് ബാധയോ സിഹ്ര്‍ ബാധയോ ഏറ്റിട്ടുണ്ട് എന്ന് കരുതപ്പെട്ടാല്‍ ഖുര്‍ആനിലെ ആയത്തുകള്‍, ഹദീസുകള്‍ എന്നിവ കൊണ്ട് ചികിത്സിക്കാം എന്ന് കെ.എം മൌലവി എന്ന കെ എന്‍ എമ്മിന്റെ ഒന്നാമത്തെ പ്രസിടന്റ്റ്‌ പറഞ്ഞ അതേ ആദര്‍ശത്തില്‍ ഞങ്ങള്‍ ഇന്നും അടിയുറച്ചു നില്‍ക്കുന്നു.. ഒരു വിളി പ്രാര്‍ത്ഥന ആകുന്നതു എപ്പോള്‍ എന്ന വിഷയത്തില്‍ കുഞ്ഞീദ് മദനി പറഞ്ഞ അതേ ആദര്‍ശത്തിലാണ് ഞങ്ങളിന്നും.. ഹദീസ്‌ നിഷേധവുമായി ബന്ധപ്പെട്ട് കെ എം മൌലവി പറഞ്ഞതില്‍ കൂടുതലൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.. ഇങ്ങനെ ഏതു വിഷയം എടുത്തു നോക്കുമ്പോഴും മുന്‍കാല പണ്ഡിതര്‍ പറഞ്ഞ നിലപാടില്‍ നിന്ന് മുജാഹിദുകള്‍ വ്യതിചലിച്ചിട്ടില്ല എന്ന് വ്യക്തമാകും..
താങ്കള്‍ മുജാഹിദ്‌ ഐക്യം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്കില്‍ ഇന്ന് നിലവിലുള്ള മൂന്നു വിഭാഗത്തെയും സമീപിക്കുക, ഇന്ന് വിവാദത്തിലായ വിഷയങ്ങളെ കുറിച്ച് 2000 നു മുന്‍പ്‌ നമ്മുടെ പണ്ഡിതര്‍ എഴുതിയ വാദങ്ങളിലേക്ക് തിരിച്ചു വന്നു ഐക്യപ്പെട്ടു കൂടെ എന്ന് ചോദിക്കുക.. ഹദീസ്‌ നിഷേധം പേറുന്ന മടവൂര്‍ വിഭാഗം താങ്കളോട് മുഖം തിരിക്കും.. കാരണം അവര്‍ക്ക്‌ ഹദീസുമായി ബന്ധപ്പെട്ട് കെ എം മൌലവി എഴുതിയത് ദഹിക്കില്ല.. ജിന്നുമായി ബന്ധപ്പെട്ട് ഡോ.ഉസ്മാന്‍ സാഹിബും ഉമര്‍ മൌലവിയും എഴുതിയത് അവര്‍ക്ക്‌ ഇന്ന് അന്ധവിശ്വാസവും ശിര്‍ക്കുമാണ്.. സിഡി ടവര്‍ വിഭാഗവും താങ്കളോട് പുറം തിരിഞ്ഞു നില്‍ക്കും.. കാരണം 1979 സല്സബീലില്‍ വന്ന വാദം അവര്‍ക്കിന്നു പച്ച ശിര്‍ക്കാണ്..!! ജിന്ന് ചികിത്സിക്കാം എന്ന് പറഞ്ഞ കെ എം മൌലവി അവര്‍ക്കിന്നു അന്ധവിശ്വാസിയാണ്.. ഡോ.ഉസ്മാന്‍ സാഹിബ് അവര്‍ക്കിന്നു ഒരു തലവേദന ആണ്..!!! ഇനി താങ്കള്‍ "വിസ്ഡം മുജാഹിദുകള്‍" എന്ന് വിളിച്ചവരോട് ഇതേ ചോദ്യം ചോദിച്ചോളൂ, രണ്ടു കൈയും നീട്ടി അവര്‍ താങ്കളെ സ്വീകരിക്കും.. ഇന്ന് വരെ നാം പറഞ്ഞ ആദര്‍ശം, 1400 വര്‍ഷമായി സലഫീ ലോകം സ്വീകരിച്ച അഖീദ.. അത് സ്വീകരിച്ച് ഒരു ഐക്യത്തിന് മുജാഹിദുകള്‍ നൂറു വട്ടം.. അല്ല പതിനായിരം വട്ടം തയ്യാറാണ്...!!!
2. സകരിയാ സ്വലാഹിയും കൂട്ടരും ജിന്നിനോട് പ്രാര്‍ഥിക്കാമോ വേണ്ടേ എന്ന ചര്‍ച്ച വരെ നടത്തി എന്ന ഗീബല്സിനെ പോലും തോല്പിക്കുന്ന തരത്തില്‍ നുണ പറഞ്ഞു കൊണ്ടാണ് ബഹുമാന്യനായ ടിപി ഈ വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയത്.. രണ്ടര വര്‍ഷങ്ങള്‍ കഴിഞ്ഞു, ഇപ്പോഴും ചോദിക്കുന്നു, ടീപീ, ആരാണ് അങ്ങനെ ചര്‍ച്ച നടത്തിയത്?? എവിടെയാണ് ആ ചര്‍ച്ച നടന്നത്?? അങ്ങ് പറഞ്ഞത് പച്ചക്കളവല്ലേ?? ഇന്നേ വരെ ടിപി ഇതിനു ഒരു മറുപടി പറഞ്ഞിട്ടില്ല.. അപ്പോള്‍ സകരിയാ സ്വലാഹിയെ പുറത്താക്കാന്‍ കെ എന്‍ എം നേതൃത്വം പറഞ്ഞ ന്യായം പച്ചയായ നുണയാണ് എന്ന് ഇപ്പോഴും ഏതൊരാള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വ്യക്തമാണ്..
പിന്നെ സ്വലാഹി ഇപ്പോള്‍ എന്ത് കൊണ്ട് ഞങ്ങളോടൊപ്പമില്ല എന്നതിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞോട്ടെ.. ഏതൊക്കെയോ ചില ആളുകളുടെ വലയില്‍ പെട്ട് നമ്മുടെ ബഹുമാന്യനായ സ്വലാഹി പറഞ്ഞു കൂട്ടിയ കാര്യങ്ങള്‍ക്ക് അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയല്ലാതെ നിവൃത്തിയില്ല.. സ്വലാഹിയെ കൊണ്ട് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടെന്നു വരുത്തി പറയിപ്പിച്ച പലരും കെ എന്‍ എം കോക്കസ് വിഭാഗത്തിന്റെ പ്രോഫ്കോണിലും ഖ്യൂ.എച്ച്.എല്‍.എസ് വേദികളിലും പോയി കയ്യും പിടിച്ച് "വെള്ളി നക്ഷത്രത്തിന്റെ" കൂടെ ഫോട്ടോക്ക് പോസ് ചെയ്തതോടെ കാര്യം എല്ലാവര്‍ക്കും വ്യക്തമായതാണ്.. ആ വിഭാഗത്തിലെ പണ്ഡിതര്‍ പലരും തിരിച്ചു വരവ് തുടങ്ങിയത് പോലെ സ്വലാഹിയും ഇന്നല്ലെങ്കില്‍ നാളെ ഈ ദഅവാ കൂട്ടായ്‌മയോടൊപ്പം അണിചേര്‍ന്നു പ്രവര്‍ത്തിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.. പക്ഷെ പ്രമാണത്തിനും മന്ഹജിനും നിരക്കാത്ത കാര്യങ്ങള്‍ ആര് പറഞ്ഞാലും അത് സ്വലാഹി ആയാലും സലഫി ആയാലും പി.എന്‍ ആയാലും ബാലുശ്ശേരി ആയാലും മുജാഹിദുകള്‍ അത് അവജ്ഞതയോടെ തള്ളിക്കളയും എന്നതിന്റെ തെളിവാണ് ഈ സംഭവം എന്ന് പറയാതിരിക്കാന്‍ വയ്യ..
3. അബ്ദുറഹ്മാന്‍ സലഫിയുടെ അധികാരക്കൊതിയും മറ്റും ആദര്‍ശ പരമായ വിഷയങ്ങള്‍ അല്ലാത്തതിനാല്‍ അതിലേക്കു കടക്കുന്നില്ല.. അതൊക്കെ ഓരോരോ വ്യക്തികള്‍ ചെയ്തു കൂട്ടുന്നതിനു പടച്ചവന്റെ കോടതിയില്‍ തീര്‍പ്പ്‌ കല്‍പിച്ചു കൊള്ളട്ടെ എന്ന് കരുതി മാറ്റി വെക്കുക.. ഏതായാലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഇല്ലാത്ത വാദങ്ങള്‍ കെട്ടി വെച്ച് മുവഹിദുകളെ പുറത്താക്കുമ്പോള്‍ സ്വാഭാവികമായും അവരിലും വ്യതിയാനം കടന്നു കൂടും.. അതാണ്‌ അഭൌതികമായി അല്ലാഹു അല്ലാത്തവര്‍ക്കും മനുഷ്യ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന പച്ച ശിര്‍ക്ക്‌ കെ എന്‍ എം വേദികളില്‍ കേള്‍ക്കേണ്ട ഗതികേടിലേക്ക് എത്തിച്ചത്.. പ്രവാചകനും സ്വഹാബതും സലഫീ ഉലമാക്കളും എല്ലാവരും ചെയ്ത റുഖിയയെ പറ്റി അന്ധവിശ്വാസം എന്ന് പറയേണ്ടി വന്നത് അത് കൊണ്ടാണ്.. താടി നീട്ടുന്നതും നെരിയാണിക്ക് മീതെ വസ്ത്രം ധരിക്കുന്നതും ഉലുവ്വായത് അങ്ങനെയാണ്.. അത്തരം ആദര്‍ശ വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു കൂടാരത്തിലേക്ക് കയറിപ്പോകുന്നതിനും നല്ലത് സ്വതന്ത്രമായി ദഅവത് നടത്തുന്നതാണ് എന്ന് മുജാഹിദുകള്‍ കരുതുന്നു.. വിസ്ഡത്തിലൂടെ മുജാഹിദുകള്‍ അത് തെളിയിച്ചു കഴിഞ്ഞു..
പിന്നെ ഇന്ന് കാണുന്ന "പോത്തിറച്ചി, വെള്ളപ്പം, കരട്" പോലുള്ള വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അത് തുടരട്ടെ എന്നാണു ഞങ്ങളും ആഗ്രഹിക്കുന്നതു.. കാരണം അതിലൂടെ പുറത്തു നിന്നും വീക്ഷിക്കുന്ന ഒരാള്‍ക്ക്‌ എളുപ്പത്തില്‍ അവരെ വിലയിരുത്താന്‍ സാധിക്കും എന്നത് കൊണ്ട് തന്നെ.. ഒരു മീറ്റിംഗ് കൂടിയപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ക്ക് വിശന്നു.. അവര്‍ അവിടെ ലഭ്യമായ വെള്ളപ്പവും ഇറച്ചി വരട്ടിയും കഴിച്ചു ചര്‍ച്ച തുടര്‍ന്നു.. ഇതില്‍ വിവാദമാക്കാന്‍ എന്താണ് ഉള്ളത് എന്ന് ഒന്ന് ചിന്തിക്കൂ.. ഇങ്ങനെ മുജാഹിദുകള്‍ തിന്നുന്നതും മൂത്രമൊഴിക്കുന്നതും വിയര്‍പ്പ് തുടക്കുന്നതും വരെ ഒപ്പിയെടുക്കുന്നവര്‍ എത്രത്തോളം അധ:പതിച്ചവര്‍ ആണ് എന്ന് പൊതു ജനത്തിന് എളുപ്പം മനസ്സിലാവുമല്ലോ.. പിന്നെയുള്ളത് "കരട്" ആണ്, ഒരു സമിതിയുടെ, അല്ലെങ്കില്‍ ഒരു സംഘടനയുടെ മീറ്റിങ്ങില്‍ വന്ന തീരുമാനങ്ങള്‍ എഴുതിയ പുസ്തകം ആ സമിതിയുടെ ഔദ്യോഗിക മീറ്റിങ്ങില്‍ ആണ് അവതരിപ്പിക്കേണ്ടത്. അത് മുജാഹിദ്‌ ദഅവാ സമിതിയുടെ മീറ്റിങ്ങില്‍ അവതരിപ്പിച്ചിട്ടും ഉണ്ട്.. അതല്ലാതെ അതില്‍ നിന്നും വിട്ടു പോയ സകരിയാ സ്വലാഹിക്ക്‌ ആ കരട് കൊടുക്കണം എന്ന് പറയുന്നത് എങ്ങനെ ശരിയാകും?? അങ്ങനെ എങ്കില്‍ കെ എന്‍ എമ്മില്‍ നിന്ന് അബ്ദുറഹ്മാന്‍ സലഫിയെ എതിര്‍ത്തതിന്റെ പേരില്‍ പുറത്തായ ഡോ.അബ്ദുല്‍ അസീസ്‌ സാഹിബിനു ഇവര്‍ സംഘടനയുടെ മിനുട്ട്സോ ചര്‍ച്ചകളുടെ കരടോ കൊടുക്കുമോ?? ഇങ്ങനെ ഏതു വിവാദത്തിന്റെ പിന്നാലെ പോയാലും ഉള്ള് പൊള്ളയാണ് എന്ന് നമുക്ക്‌ ബോധ്യപ്പെടും..
ജിന്നില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ എന്തിലും ഏതിലും ജിന്നിനെ വലിച്ചു കൊണ്ട് വന്നു തങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മാലോകരെ അറിയിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കും.. പക്ഷെ മുജാഹിദുകളെ സംബന്ധിച്ച് ഇനി ദഅവത്തിന്റെ വീഥിയിലേക്ക്‌ ഇറങ്ങേണ്ട സമയമാണ്.. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായി പഠിക്കുന്ന ആര്‍ക്കും സത്യം ബോധ്യമാകുന്ന തരത്തില്‍ മുഖാമുഖങ്ങളും സംവാദങ്ങളും നടന്നു കഴിഞ്ഞു.. ഇനി ശിര്‍ക്കിലും അന്ധവിശ്വാസങ്ങളിലും മുങ്ങിക്കുളിക്കുന്ന പതിനായിരക്കണക്കിന് ആളുകളിലേക്ക് സത്യസന്ദേശം എത്തിക്കേണ്ട ബാധ്യത നിറവേറ്റാന്‍ മുജാഹിദുകള്‍ ഇറങ്ങുകയാണ് ഇന്ഷാ അല്ലാഹ്..
അല്ലാഹു സത്യത്തെ സത്യമായി ഗ്രഹിക്കാനും അതോടൊപ്പം സധൈര്യം അണിചേരാനും നമ്മെ തുണക്കട്ടെ, ആമീന്‍...

No comments:

Post a Comment