Monday, April 1, 2013

'കഴുത' - ഇരുളടഞ്ഞ മനസുകള്‍ക്ക് മാറ്റത്തിന്‍റെ ഒരു 'കൊട്ട്'

'കഴുത' - ഇരുളടഞ്ഞ മനസുകള്‍ക്ക് മാറ്റത്തിന്‍റെ ഒരു 'കൊട്ട്'
വിശാലമായ മരുപ്രദേശത്ത് കൂടി തൊഴില്‍ തേടിയലഞ്ഞ് അവസാനമാണ് അയാള്‍ ആ ജാറത്തിലെത്തിയത്.വന്നയാളുടെ നിസഹായത മനസിലാക്കിയ ജാറത്തിലെ ഉസ്താദ് അയാള്‍ക്ക് അവിടെ ജോലി നല്‍കാന്‍ തയ്യാറായി. 'ഓതേണ്ടതും ചൊല്ലേണ്ടതും മറ്റും ശരിക്ക് പടിച്ചോളണം. എങ്കിലേ ഇവിടെ തുടരാന്‍ പറ്റൂ'. ഉസ്താദ്‌ അയാളോട് താക്കീതെന്ന പോലെ പറയുകയും ചെയ്തു.

വളരെ ബുദ്ധിമുട്ടിയാണെങ്കിലും അയാള്‍ എല്ലാം പഠിച്ചു;നാട്ടുകാര്‍ അയാള്‍ക്ക്‌ 'മുസ്ല്യാര്‍'പദവി നല്‍കി. ഇതിനിടെ വര്‍ഷം മൂന്ന് കഴിഞ്ഞിരുന്നു. ഒത്തിരി പണം കയ്യില്‍ വന്നപ്പോള്‍  അയാള്‍ക്ക് നാട്ടിലൊന്ന് പോയാല്‍ തരക്കേടില്ലെന്നായി. ഉസ്താദ് സമ്മതം കൊടുത്തെന്നു മാത്രമല്ല; യാത്ര ചെയ്യാന്‍ അദ്ദേഹത്തിന്‍റെ കഴുതയേയും കൊടുത്തു.
അയാള്‍ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞു ജാറത്തിലേക്ക് തിരിച്ചു. കഴുതയുടെ വേഗതയനുസരിച്ച് ദിവസങ്ങളുടെ യാത്രാ ദൂരമുണ്ട്. ഇതിനിടയില്‍ കഴുതക്ക് രോഗം വന്നു. നടക്കാന്‍ വയ്യെന്നായി. കഴുതയെ ശുശ്രൂഷിച്ച് ദിവസങ്ങള്‍ കടന്നു പോയി,അവസാനം സംഭവിക്കേണ്ട പര്യവസാനം അത് ചത്തു. ഇനി എങ്ങനെ ഉസ്താദിന്‍റെ മുഖത്ത് നോക്കും? നല്ല ആരോഗ്യമുള്ള കഴുതയായിരുന്നു; അത് പെട്ടെന്ന് ചത്തെന്ന് പറഞ്ഞാല്‍ ഉസ്താദ്‌  വിശ്വസിക്കുമോ? അത്തരം ചിന്തകള്‍ അയാളെ കൂടുതല്‍ ക്ഷീണിതനാക്കി.
മരുഭൂമിയുടെ ആ വിജനതയില്‍ അയാള്‍ കഴുതയെ കുഴിച്ചിട്ടു . മനുഷ്യരെ മറമാടിയാലെന്ന പോലെ അവിടം അല്‍പം മണ്ണ് കൂട്ടിയിട്ടു. രണ്ടറ്റത്തും ഓരോ കല്ലു നാട്ടി.വന്നു ഭവിച്ച ദുര്‍ഗതി ഓര്‍ത്ത്‌ അതിന്‍റെ ഓരത്തിരുന്ന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഈ സമയത്താണ് അയാളുടെ ജീവിതം മാറ്റിമറിക്കാനുള്ള നിയോഗം എന്നോണം കേരളത്തില്‍  നിന്നും യാത്ര തിരിച്ച ഒരു യാത്രാ സംഘം അത് വഴി വന്നത്.രംഗങ്ങള്‍ ശ്രദ്ധയില്‍ പെട്ട അവരവിടെ ഇറങ്ങി . ഒരു ഖബറും അടുത്തൊരു കുഞ്ഞു മുയ്ല്യാരും.... !!!
'തെറ്റിദ്ധരിച്ച' അവര്‍ അയാളോട് അവര്‍ക്ക് വേണ്ടി  പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.പാരിതോഷികമായി ഭക്ഷണവും അവിടെ താമസിക്കാന്‍ പാകത്തില്‍ ഒരു കൂരയുണ്ടാക്കാനുള്ള പണവും നല്‍കി.
ദിനങ്ങള്‍ കൊഴിഞ്ഞു പോയി ..... പിന്നെയും യാത്രാ സംഘങ്ങള്‍ വന്നു കൊണ്ടിരുന്നു.അയാളുടെ  വരുമാനം കൂടിക്കൊണ്ടിരുന്നു.കൂരയുടെ സ്ഥാനം വലിയ 'കെട്ടിടം'കയ്യടക്കി.അങ്ങിനെ ആ 'മരുഭൂവില്‍' അശരണര്‍ക്ക് താങ്ങായി ഒരു 'ആത്മീയ കേന്ദ്രം' ഉയര്‍ന്നു.
സന്ദര്‍ശകരും വരുമാനവും പ്രവഹിക്കാന്‍ തുടങ്ങി,കുറച്ചകലെയായി പുതുതായി വലിയൊരു 'ജാറം'ഉയര്‍ന്നത് കേട്ടറിഞ്ഞ അയാളുടെ ഉസ്താദ്‌ അധികം താമസിയാതെ സ്ഥലത്തെത്തി,തന്‍റെ ജാറത്തിലേക്കുള്ള വരുമാനം കുറയാന്‍ കാരണമായ പുതിയ 'ജാറത്തി'ന്‍റെ തലപ്പത്ത് നാട്ടിലേക്ക് പോയി തിരിച്ചു വരാത്ത തന്‍റെ ശിഷ്യനാണ് എന്ന് കണ്ട് ഉസ്താദ്‌ ഞെട്ടി,കോപാകുലനായ  ഉസ്താദിന്‍റെ കാല്‍ക്കല്‍ വീണ് അയാള്‍ മാപ്പപേക്ഷിച്ചു,നടന്നത് മുഴുവന്‍ ഉസ്താദിന് വിവരിച്ചു കൊടുത്ത അയാള്‍ തന്‍റെ കഴുത ജാറത്തിന്‍റെ 'കള്ളി' വെളിച്ചത്ത് കൊണ്ട് വരരുത് എന്ന് ഉസ്താദിനോട് കേണപേക്ഷിച്ചു.

എല്ലാം സവിസ്തരം കേട്ട ഉസ്താദ്‌ തീരുമാനം പറഞ്ഞു, പുതിയ ജാറത്തിലെ 'വരുമാനത്തിന്‍റെ നേര്‍ പകുതി' ഉസ്താദിന്,'കഴുത' എന്ന മഹാ വലിയ്യിന്‍റെ 'കഥ' ഉസ്താദിനും ശിഷ്യനും മാത്രമറിയുന്ന പരമ രഹസ്യമായി തന്നെ തുടരും.

ഉസ്താദിന്‍റെ തീരുമാനം കേട്ട 'ശിഷ്യന്‍' സന്തോഷം കൊണ്ട് പുളകിതനായി 'വരുമാനത്തിന്‍റെ' പകുതി തനിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ഉസ്താദിന് സന്തോഷപൂര്‍വ്വം നല്‍കാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായില്ല,ഉസ്താദിന്‍റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കാം എന്ന് അയാള്‍ വാക്ക് നല്‍കി.

എങ്കിലും ചെറിയൊരു സംശയം ശിഷ്യനായ അയാളില്‍ ബാക്കി നിന്നു,ഇത്ര വലിയ ഒരു തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ 'മഹാനായ' എന്‍റെ ഉസ്താദ് തയ്യാറായതെന്തേ? എന്ത് കൊണ്ട് അദ്ദേഹം ഇതിനെ എതിര്‍ത്തില്ല ? കാര്യങ്ങളൊക്കെ തീരുമാനിച്ച് തികച്ചും സന്തോഷവാനായി തിരിച്ചു പോകാന്‍ തയ്യാറായി നില്‍ക്കുന്ന തന്‍റെ ഉസ്താദിനോട് അതിനെ കുറിച്ച് ചോദിക്കാന്‍ തന്നെ അയാളുടെ ജിജ്ഞാസ അയാളോട് മന്ത്രിച്ചു.

തന്‍റെ ശിഷ്യന്‍റെ ചോദ്യം കേട്ട 'ഉസ്താദ്‌' ഒന്ന് ഊറിച്ചിരിച്ചു കൊണ്ട് പറഞ്ഞ മറുപടി കേട്ട് അയാള്‍ 'അന്തം വിട്ടു'

"ഈ കഴുതയുടെ അമ്മയാ നമ്മുടെ പഴയ ജാറത്തില്‍ കിടക്കുന്ന വലിയ്യ്‌"

തന്‍റെ മുഖത്ത് നോക്കി കണ്ണിറുക്കിക്കൊണ്ട് ഇത്രയും പറഞ്ഞ്  കഴുതപ്പുറത്ത് കയറി യാത്രതിരിച്ച ഉസ്താദ് കണ്ണില്‍ നിന്നും മറയുന്നത് വരെ അയാള്‍ നിര്‍വികാരനായി നോക്കി നിന്നു.
 

No comments:

Post a Comment