Saturday, August 10, 2013

ഉമർ മൗലവിയുടെ ഖുർആൻ പരിഭാഷയ്ക്ക് സൽസബീൽ മസ്ജിദിൽ വിലക്ക്:

From: Najeeb KC <munaajee@gmail.com>
Date: 2013/8/7

ഉമർ മൗലവിയുടെ ഖുർആൻ പരിഭാഷയ്ക്ക് സൽസബീൽ മസ്ജിദിൽ വിലക്ക്:
 
കേരളത്തിലെ സലഫീ ആദർശമുന്നേറ്റത്തിന് ദശകങ്ങൾ നീണ്ട  നിർഭയവും ത്യാഗനിർഭരവുമായ  പ്രബോധന
പ്രവർത്തനങ്ങളിലൂടെ മഹത്തായ സംഭാവനകളർപിച്ച മഹാനായ പണ്ഡിതനും വിനീതനായ ദീനീസേവകനുമായ കെ. ഉമർ മൗലവിയെ കേരളത്തിലെ മുജാഹിദുകൾക്കോ അവരുടെ ആദർശവിരോധികൾക്ക് പോലുമോ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.  വിട്ടുവീഴ്ചയില്ലാത്ത ആദർശപ്രചാരണാർത്ഥം സൽസബീൽ എന്ന പേരിൽ  സ്വന്തമായി മാസിക സ്ഥാപിച്ചുനടത്തിയിരുന്ന ഉമർ മൗലവിയാണ് മലയാള ഭാഷയിൽ ഖുർആനിന്റെ ആദ്യന്തമുള്ള പരിഭാഷ ആദ്യമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. അറബിമലയാള ലിപിയിൽ വാക്കർത്ഥവും വിശദീകരണവും സഹിതം ആറു വാള്യങ്ങളിലായി പുറത്തിറങ്ങിയ തർജുമാനുൽ ഖുർആൻ എന്ന ഈ പരിഭാഷ പിന്നീട്  വിവരണമില്ലാതെ മലയാള ലിപിയിൽ ഒറ്റ വാള്യത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്്. ഹ്രസ്വമായ വിവരണവും പുതിയ ദുർവ്യാഖ്യാനങ്ങൾക്കുള്ള മറുപടികളും ഉൾക്കൊള്ളിച്ച് പ്രസ്തുത പരിഭാഷയുടെ  പരിഷ്കരിച്ച പതിപ്പ് മൗലവിയുടെ മരണത്തിനുമുമ്പ് തന്നെ എഴുതി പൂർത്തീകരിച്ചിരുന്നു.  മൂന്നു വാള്യങ്ങളുള്ള പുതിയ പതിപ്പിന്റെ രണ്ടാം വാള്യം ഈയിടെ ജാമിഅ അൽഹിന്ദിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് ഇസ്ലാഹീ കേരളത്തിന്റെ ജീവിച്ചിരിക്കുന്ന കാരണവരും ആദരണീയപണ്ഡിതനുമായ കരുവള്ളി മുഹമ്മദ്‌ മൗലവി പ്രകാശനം ചെയ്തിരുന്നു. അതിന്റെ വിതരണാവശ്യാർത്ഥം ഫോർട്ടുകൊച്ചിയിലെ സൽസബീൽ പള്ളിയുടെ നടത്തിപ്പുകാരുമായി ഉമർ മൗലവിയുടെ മകൻ മുബാറക് മദീനി ബന്ധപ്പെട്ടപ്പോഴാണ് വിചിത്രമായ പ്രതികരണമുണ്ടായത്.
 
തെക്കൻ ജില്ലകളിൽനിന്ന്  ഒന്നാം വാള്യം വാങ്ങിയവർക്ക് രണ്ടാം വാള്യം  എത്തിക്കുന്നതിനും ഒന്നാം വാള്യത്തിന്റെ അച്ചടിയിൽ വന്ന അബദ്ധങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി ഈ റമദാനിലെ രണ്ടാം വെള്ളിയാഴ്ച തൃശ്ശൂരിലും പിറ്റേന്ന് കൊച്ചിയിലും എത്താനായിരുന്നു പദ്ധതി. അതനുസരിച്ച് ശനിയാഴ്ച അസറിന് സൽസബീൽ പള്ളിയിൽ വിതരണത്തിനെത്തുമെന്ന് മുതവല്ലിയെ മുൻകൂട്ടി അറിയിക്കുകയും വിവരം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം  പള്ളിയിൽ അനൗണ്‍സ് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തപ്പോൾ ആദ്യം അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. എന്നാൽ രണ്ടു ദിവസത്തിന്‌ശേഷം ബന്ധപ്പെട്ടവർ വിളിച്ചറിയിച്ചത് നേരത്തെ പറഞ്ഞ വിധം കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും അതിന് ടി.പി. അബ്ദുല്ലക്കോയ മദനിയുടെയും  എ.പി അബ്ദുൽഖാദിർ മൗലവിയുടെയും സമ്മതം വേണമെന്നുായിരുന്നു.
 
പരിശുദ്ധ ഖുർആനിന്റെ അവതരണമാസമായ വിശുദ്ധ റമദാനിൽ, ഖുർആൻ പഠനത്തിനുള്ള ശ്രമങ്ങളും  പ്രോത്സാഹനവും പ്രത്യേകം പ്രസക്തമായ നാളുകളിൽ, സലഫി പള്ളിയിൽ വെച്ച്  സലഫി വീക്ഷണപ്രകാരമുള്ള ഖുർആൻ പരിഭാഷ ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ നേതാക്കന്മാരുടെ പ്രത്യേക അനുവാദം വേണമെന്ന്. മഹാത്ഭുതം.  ഞങ്ങൾക്ക് തൗഹീദിന്റെ വിളക്ക് തെളിച്ചുതന്നത് ഉമർ മൗലവിയാണെന്ന് സദാ അനുസ്മരിക്കാറുള്ള കൊച്ചിക്കാരുടെ സ്വന്തം തീരുമാനമാണോ, ഞങ്ങൾ മഹാനായ ഉമർ മൗലവിയുടെ തൗഹീദിലാണ് എന്ന് നാടുനീളെ മൈക്കുകെട്ടി വലിയ വായിൽ പറഞ്ഞു നടക്കുന്ന നേതാക്കന്മാരുടെ തിട്ടൂരമാണോ, അതുമല്ല കൊച്ചി അടക്കിഭരിക്കുന്ന പുതിയ നേതാവിന്റെ വീറ്റോയാണോ ഈ പ്രതികരണത്തിന് പിന്നിലെന്ന് അറിയില്ല. എന്തായാലും മഹത്തായ ഒരു പ്രബോധനപ്രസ്ഥാനം എന്തുമാത്രം സ്ഥാപനവൽക്കരിക്കപ്പെട്ടു എന്നതിന്റെ മറയില്ലാത്ത ഒരു ഉദാഹരണമാണ് ഈ സംഭവം. 
 
കൊച്ചിയിലെ ഇസ്ലാഹീ പ്രവർത്തനങ്ങളുടെയും സൽസബീൽ പള്ളിയുടെയും ചരിത്രം അല്പമറിഞ്ഞാൽ ഇപ്പോഴത്തെ പ്രതികരണത്തിനു പിന്നിലെ നന്ദികേടിന്റെ ആഴം കൂടുതൽ വ്യക്തമാകും. ഒന്നാമത്തേത് ഇവിടെ വിവരിക്കാൻ കഴിയുന്നതല്ല. കൊച്ചിയിലെയും പരിസരങ്ങളിലെയും ഇസ്ലാഹീപ്രവർത്തനങ്ങൾക്ക് ഉമർ മൗലവി നേതൃത്വം നല്കിയ കാലത്തെക്കുറിച്ചുള്ള ഓർമകൾ പോലും അവിടുത്തെ പ്രായംചെന്ന തലമുറയെ ഇന്നും ആവേശം കൊള്ളിക്കുമെന്ന്ചുരുക്കിപ്പറയാം. മൗലവിയുടെ ആത്മകഥയായ 'ഓർമകളുടെ തീരത്ത്' ആ കാലത്തെ ഏറെ നിർവൃതിയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഫോർട്ടുകൊച്ചിയിലെ സൽസബീൽ മസ്ജിദ് പേരു സൂചിപ്പിക്കുന്നതു പോലെ ഉമർ മൗലവിയുടെ സ്വപ്നസാഫല്യമാണ്. മൗലവിയാണ് പള്ളിക്കുവേണ്ടി സ്ഥലം വാങ്ങി നല്കിയത്. സൽസബീൽ ട്രസ്റ്റിന്റെ പേരിൽ തിരൂർക്കാട്ടുണ്ടായിരുന്ന സ്ഥലം വിറ്റു കിട്ടിയ പണത്തിന്റെ പകുതി കൊണ്ടാണ് ആ സ്ഥലത്ത് ആദ്യമായി ഷെഡ്‌ നിർമിച്ച് നമസ്കാരവും ജുമുഅയും തുടങ്ങിയത്. (ബാക്കി പകുതി ആലപ്പുഴ സിവിൽ സ്റ്റേഷനു സമീപമുള്ള സലഫി മസ്ജിദിനും നല്കി. രണ്ടു പള്ളികളും പിന്നീട് കുവൈത്തിൽ നിന്നുള്ള സഹായത്തോടെ പൂർത്തിയാക്കി). (ഓർമകളുടെ തീരത്ത്; ദഅവ ബുക്സ്; രണ്ടാം പതിപ്പ് പേജ് 481-482).
 
സ്വന്തം നിലപാടുകളെ സാധൂകരിക്കാൻ സാത്വികനായ ആ പണ്ഡിതന്റെ പേര് പലപ്പോഴും ഉയർത്തിപ്പിടിക്കുന്നവർ അദ്ദേഹത്തോട് കാണിക്കുന്ന അവഗണന എത്ര ക്രൂരം. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഒരു വ്രതനിഷ്ഠ പോലെ അത്യധ്വാനം ചെയ്തു പൂർത്തിയാക്കിയ ഖുർആൻ പരിഭാഷയുടെ കാര്യത്തിലാവുമ്പോൾ അതിന്റെ കാഠിന്യം ഒന്നുകൂടി വർധിക്കുന്നു. ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ വിലക്കപ്പെട്ടവരുടെ പട്ടികയിലും മൗലവിയെ ഇക്കൂട്ടർ  ഉള്പെടുത്തിയേനെ. യാ സലാം...

No comments:

Post a Comment