Sunday, September 8, 2013

മുടിപ്പള്ളിയില്‍ നിന്നും നോളജ് സിറ്റിയിലേക്കുള്ള ചാട്ടം

മുടിപ്പള്ളിയില്‍ നിന്നും നോളജ് സിറ്റിയിലേക്കുള്ള ചാട്ടം 

kadappaadu-shradheyan.com

കേരള വികസന ഭൂപടത്തില്‍ സ്മാര്‍ട്ട് സിറ്റിക്ക് പുറകെ മറ്റൊരു സിറ്റിക്ക് കൂടി തറക്കല്ല് വീണിരിക്കുന്നു. പേര്, മര്‍ക്കസ്‌ നോളജ് സിറ്റി. സ്മാര്‍ട്ട് സിറ്റി സര്‍ക്കാര്‍ വക പ്രൊജക്റ്റ് ആണെങ്കില്‍ നോളജ് സിറ്റി ഉസ്താദ്‌ കാന്തപുരം വകയാണ്. 1000 കോടി രൂപ ചെലവിട്ട് കോഴിക്കോട്‌ ജില്ലയിലെ കൈതപ്പൊയിലില്‍ 300 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഐ ടി പാര്‍ക്കുകള്‍, കൊമേഴ്സ്യല്‍ ബില്‍ഡിംഗുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, സ്റ്റാര്‍ ഹോട്ടലുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ 125 ഏക്കര്‍ സ്ഥലത്തെ ഒന്നാം ഘട്ടത്തിന്റെ മാസ്റ്റര്‍ പ്ലാനാണ് ഇന്നലെ മുഖ്യമന്ത്രി പ്രകാശനം ചെയ്തത്. 
കാന്തപുരത്തിന്റെ പ്രൊഫഷണലിസത്തെ കുറിച്ചും ബിസിനസ് പാടവത്തെ കുറിച്ചും ഇനിയും പുകഴ്ത്തലുകള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തിനകത്തും പുറത്തും നിരവധി ബിസിനസ് - നോണ്‍ ബിസിനസ് സംരഭങ്ങളാണ് അദ്ദേഹം മുന്‍കൈ എടുത്ത്‌ സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള വന്‍ സംരംഭമാണ് നോളജ് സിറ്റി. പദ്ധതിയുടെ നിക്ഷേപ സമാഹരണരത്തിന് നിരവധി ബിസിനസ് സംരംഭകര്‍ അകമഴിഞ്ഞ് സഹകരിക്കുന്നുണ്ടെന്നാണ് വിവരം. അതങ്ങനെയാവാതിരിക്കാന്‍ വഴിയില്ലല്ലോ. കാന്തപുരത്തിന്റെ ബിസിനസില്‍ മുതല്‍ മുടക്കിയാല്‍ നഷ്ടം വരില്ലെന്ന് അറിയാത്തവരായിട്ട് ആരുണ്ട്‌! 
നോളജ് സിറ്റി വരട്ടെ, ഒപ്പം എല്ലാവര്ക്കും നോളജും വളരട്ടെ. പക്ഷെ, സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങിന്റെ വാര്‍ത്ത വായിച്ചപ്പോള്‍ മറ്റൊരു തറക്കല്ലിടല്‍ കര്‍മം ഓര്‍ത്തു പോയി. ഒന്നൊന്നര വര്‍ഷം മുമ്പ്‌ കോഴിക്കോട്‌ എരഞ്ഞിപ്പാലം സരോവരം ഗ്രൗണ്ടില്‍ പതിനായിരക്കണക്കിന് സുന്നീ പ്രവര്‍ത്തകരുടെ തക്ബീര്‍ വിളികള്‍ക്കിടയിലായിരുന്നു ആ തറക്കല്ലിടല്‍. ശഅറേ മുബാറക്‌ മസ്ജിദെന്ന പേരില്‍ വ്യാജകേശമെന്നാരോപിക്കപ്പെടുന്ന മുടി സൂക്ഷിക്കാന്‍ വേണ്ടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയുടെ തറക്കല്ലിടല്‍. അന്നേ ആരോപണം ഉയര്‍ന്നതാണ്, ആ തറക്കല്ലിടല്‍ കാന്തപുരം ഉസ്താദ്‌ വായുവില്‍ കാണിച്ച സര്‍ക്കസായിരുന്നുവെന്ന്. അല്ലെങ്കില്‍ പള്ളി നിര്‍മിക്കുന്ന സ്ഥലമേത് എന്നെങ്കിലും പ്രഖ്യാപിക്കേണ്ടിയിരുന്നില്ലേ? വേദിയില്‍ വെച്ച് പ്രഖ്യാപനം ഉണ്ടായില്ല എന്ന് മാത്രമല്ല, വര്‍ഷം ഒന്നര കഴിഞ്ഞിട്ടും  ഇതുവരെ ആ പോരിശയാക്കപ്പെട്ട കല്ല്‌ ഭൂമിയില്‍ വീണതുമില്ല. 


മൂന്നര വര്ഷം മുമ്പ്‌ പള്ളി പ്രഖ്യാപിക്കുമ്പോള്‍ എന്തൊക്കെയായിരുന്നു അവകാശവാദങ്ങള്‍! മൂന്നു വര്ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി, ഹെറിറ്റേജ് മ്യൂസിയം, ലൈബ്രറി... എന്നിട്ടെന്തായി? പുണ്യപ്രവാചകന്റെ പേര് പറഞ്ഞ് ആയിരക്കണക്കിന് പാവങ്ങളുടെ കൈയില്‍ നിന്നും പിരിച്ചെടുത്ത പണമൊക്കെ എന്തു ചെയ്തു? അന്നാ തറക്കല്ലിടല്‍ വേദിയില്‍ വെച്ച് നാദാപുരം സ്വദേശി തന്നതടക്കമുള്ള ലക്ഷങ്ങള്‍ക്ക് എന്തു സംഭവിച്ചു? ആളോഹരി ആയിരം രൂപ വെച്ച് നടത്തിയ പണപ്പിരിവിന്റെ റസീറ്റു ബുക്കുകളില്‍ പറ്റിപ്പിടിച്ച വിയര്‍പ്പ് തുള്ളികള്‍ക്ക് ആര് സമാധാനം പറയും? അതൊന്നുമല്ല പള്ളി പണിയാന്‍ തന്നെയാണ് തീരുമാനമെങ്കില്, മുമ്പ്‌ പ്രഖ്യാപിച്ചതു പോലെ നോളജ് സിറ്റിയുടെ ഭാഗമായിട്ടാണ് പള്ളി പണിയുന്നതെങ്കില്‍ അതെന്തുകൊണ്ട് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല? ചോദ്യങ്ങള്‍ നിരവധിയാണ്.
എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. മുടിപ്പള്ളിക്കെതിരെ വ്യാപകമായി ഉയര്‍ന്ന ജനരോഷം ഭയന്ന് പദ്ധതിയില്‍ നിന്ന് പിന്മാറിയതാണോ? അതോ പള്ളിക്ക് വേണ്ടി ജനങ്ങളില്‍ നിന്നും പണപ്പിരിവ്‌ നടത്തിയിട്ടില്ല എന്ന് കാണിച്ചു കോടതില്‍ സമര്‍പ്പിച്ച കള്ള സത്യവാഗ്മൂലത്തിന്റെ ബലത്തില്‍ പിരിച്ചെടുത്ത പണം മുഴുവന്‍ നോളജ് സിറ്റിക്ക്‌ നീക്കി വെച്ചിരിക്കുകയാണോ? ഇതൊക്കെ ചോദിക്കുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള മറുചോദ്യം മാത്രം ചോദിക്കരുത്. 'തന്റെ കൈയില്‍ നിന്നും കാന്തപുരം പണമൊന്നും വാങ്ങിയിട്ടില്ലല്ലോ' എന്ന്. എന്റെ കൈയില്‍ നിന്നും കാന്തപുരം പണം വാങ്ങിയിട്ടില. അങ്ങനെയൊരു അബദ്ധം എനിക്ക് സംഭവിക്കുകയുമില്ല. പക്ഷെ നേരത്തെ ഒട്ടേറെ തവണ ചൂണ്ടിക്കാട്ടിയത് പോലെ ഒരുപിടി പട്ടിണി പാവങ്ങള്‍ ഉസ്താദിന്റെ കണ്ണീരൊലിപ്പിച്ച വഅളില്‍ മയങ്ങി ഒട്ടിയ വയറില്‍ മുണ്ട് മുറുക്കി ഉടുത്ത് ശഅറേ മുബാറക്കിന് ഷെയര്‍ എടുത്തിട്ടുണ്ട്. ഇന്ന് നോളജ് സിറ്റിയില്‍ മുതല്‍ മുടക്കിയവരുടെ ലക്‌ഷ്യം സാമ്പത്തിക നേട്ടമാണെങ്കില്‍ പള്ളിക്ക് പണം മുടക്കിയ പാവങ്ങള്‍ പടച്ചവന്റെ അടുത്താണ് ലാഭം പ്രതീക്ഷിച്ചത്‌. ഒന്നുകില്‍ കാന്തപുരം പള്ളിക്ക് വേണ്ടി പിരിച്ച തുക എത്രയെന്ന് വെളിപ്പെടുത്തണം. എന്നിട്ടവ നല്‍കിയവര്‍ക്ക്‌ തിരിച്ചു കൊടുക്കണം. അല്ലെങ്കില്‍ അവരുടെ അര്‍ഹമായ ഓഹരികള്‍ പടുത്തുയര്‍ത്താന്‍ പോകുന്ന 'ജ്ഞാനപട്ടണ'ത്തിന്റെ വകുപ്പില്‍ വരവ് വെക്കണം. അല്ലാതെ കുറേ പാവം വിവരദോഷികളുടെ പണം പിരിച്ചെടുത്ത് അവരുടെ കണ്ണു വെട്ടിക്കാന്‍ ഒരു തറക്കല്ലിടല്‍ കര്‍മം നടത്തി അടുത്ത പദ്ധതിയുടെ തറക്കല്ലും തേടി പോവുകയല്ല വേണ്ടത്‌. അല്ലെങ്കിലും മുക്കിനു മുക്കിന് തറക്കല്ലിട്ടു കളിക്കാന്‍ കാന്തപുരം കേരള സര്‍ക്കാരൊന്നുമല്ലല്ലോ!



സംശയങ്ങള്‍ തീരുന്നില്ല. നോളജ് സിറ്റിക്ക്‌ വേണ്ടി പത്രങ്ങളില്‍ ഫുള്‍ പേജ് മള്‍ട്ടികളര്‍ പരസ്യങ്ങള്‍ വന്നു. പരസ്യങ്ങളില്‍ നോളജ് സിറ്റി തിളങ്ങി നിന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പരിവാരങ്ങള്‍ക്കുമൊപ്പം കാന്തപുരം ചിരിച്ചു നിന്നു. പക്ഷെ, അവിടെ ചെറിയൊരു കൃത്രിമം നടന്നു. പദ്ധതിയുടെ ഫോട്ടോയില്‍ ഒരു നാല്‍ക്കവലയുണ്ട്. മനോഹരമായ പുല്‍ത്തകിടിയാല്‍ അലംകൃതമായൊരു നാല്‍ക്കവല. പത്രപരസ്യങ്ങളിലെ ആ നാല്‍ക്കവല ശൂന്യമായിരുന്നു. എന്നാല്‍ മര്‍കസ്‌ സിറ്റിക്കൊരു വെബ് സൈറ്റുണ്ട്. അതിലുമുണ്ട് അതേ ചിത്രം. ചെറിയൊരു വ്യത്യാസമുണ്ടെന്നു മാത്രം. അവിടുത്തെ നാല്‍ക്കവലയിലെ പുല്‍ത്തകിടിയില്‍ ഒരു കിടിലന്‍ കെട്ടിടമുണ്ട്. പള്ളിപോലെ തോന്നിക്കുന്ന ഒരു കെട്ടിടം. നാം നേരത്തെ പറഞ്ഞ മുടിപ്പള്ളിയുടെ മാതൃകയിലുള്ള പള്ളിയല്ല. വ്യതസ്തമായ മാതൃകയിലുള്ള മറ്റൊരു പള്ളി. എന്തേ, അതെ ഫോട്ടോ പത്രങ്ങളില്‍ നല്‍കിയപ്പോള്‍ ആ കെട്ടിടം കാണാതായി? അവിടെയായിരുന്നോ ആദ്യം നിര്‍ദ്ദിഷ്ഠ മുടിപ്പള്ളി വിഭാവനം ചെയ്തിരുന്നത്? പള്ളിക്കായി പണം മുടക്കിയവരുടെ ചോദ്യം ഭയന്നാണോ ആ കെട്ടിടത്തിന്റെ ചിത്രം മായ്ച് പത്ര പരസ്യം നല്‍കിയത്‌? സ്വാഭാവികമായി ഉയരുന്ന സംശയങ്ങള്‍ക്ക്‌ മറുപടി തരേണ്ടത്‌ കാന്തപുരമാണ്. അദ്ദേഹത്തിന്റെ പീ ആര്‍ വിംഗാണ്.

ഫ്രീ കിക്ക്‌: കാന്തപുരത്തിന്റെ ബിസിനസ് സംരംഭങ്ങളെ പുകഴ്ത്തി കൊണ്ട് മാത്രം ഒരു പോസ്റ്റിടണം എന്നുണ്ട്. ഈ പള്ളിയുടെ കാര്യത്തില്‍ ഒരു തീരുമാനമായാല്‍ ഏറ്റവുമടുത്ത്‌ തന്നെ അതാവാം. :)

No comments:

Post a Comment