Sunday, September 8, 2013

ചിറകൊടിഞ്ഞ കിനാവുകള്‍ അഥവാ ഒരു മുടിപ്പള്ളിക്കാരന്റെ സ്വപ്നം

ചിറകൊടിഞ്ഞ കിനാവുകള്‍ അഥവാ ഒരു മുടിപ്പള്ളിക്കാരന്റെ സ്വപ്നം 

Kadappaadu:-ശ്രദ്ധേയന്‍.കോം

ധാരാളമായി സ്വപ്നം കാണണമെന്ന് ഇന്ത്യക്കാരോട് സ്ഥിരമായി ഉപദേശിക്കാറുള്ളത് മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമാണ്. എന്നാല്‍ ഈ ആഹ്വാനത്തെ പൂര്‍ണമായും ചെവി കൊണ്ട ഒരേ ഒരാളെ ഇന്ത്യയില്‍ ഉള്ളൂ. അത് കാന്തപുരം അബൂബക്കര്‍ മുസല്യാരാണ്. ആയിരക്കണക്കിന് അനാഥകളുടെ കണ്ണീര്‍ ഒപ്പണം, അതിന്റെ മറവില്‍ ലോകമെങ്ങും തന്റെ പേരും പ്രശസ്തിയും പ്രചരിക്കണം, പള്ളികളും മദ്രസകളും നിര്‍മിക്കണം, അത്യാധുനിക വാഹനങ്ങളില്‍ ചുറ്റിക്കറങ്ങണം, വലിയ ഷോപ്പിംഗ് മാളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്ഥാപിക്കണം... ഇങ്ങനെ നന്മയും തിന്മയും സമ്മിശ്രമായി ഉള്‍ച്ചേര്‍ന്ന ധാരാളം സ്വപ്‌നങ്ങള്‍ കണ്ടും അവയില്‍ പലതും നടപ്പിലാക്കിയും മുന്നേറുന്നതിനിടയില്‍ അദ്ദേഹം കണ്ട മറ്റൊരു സ്വപ്നമായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി നിര്‍മാണം. മററെല്ലാത്തിലുമെന്ന പോലെ ഈയൊരു കാര്യസാധ്യത്തിനു വേണ്ടിയും അദ്ദേഹം തന്ത്രങ്ങള്‍ മെനഞ്ഞു. ചുമ്മാ കേറി ഒരു പള്ളിയുണ്ടാക്കാന്‍ ഇറങ്ങിയാല്‍ അതിനാവശ്യമായ പണം നല്‍കാന്‍ ആളുകള്‍ മടിക്കും. മുക്കിനു മുക്കിന് ആവശ്യത്തിനും അനാവശ്യത്തിനും പള്ളികള്‍ ധാരാളമായി നിര്‍മിക്കുന്ന അദ്ദേഹത്തോട് ഈയൊരു 'റെക്കോര്ഡ് പള്ളി'യുടെ അത്യാവശ്യകത ആളുകള്‍ തിരക്കിയാല്‍ ഉത്തരം മുട്ടും. അങ്ങനെയാണ് തന്റെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി പുതിയൊരു സ്വപ്നകഥ അദ്ദേഹം ആവിഷ്കരിച്ചത്. ആ സ്വപ്നത്തിന്റെ തിരക്കഥയും സംവിധാനവും കാന്തപുരം ആയിരുന്നെങ്കിലും നിര്‍മാണം നിര്‍വഹിച്ചത് ഒരു ദുബായ് ശൈഖായിരുന്നു. അഹ്മദ് ഖസ്രജി എന്ന ശൈഖ് പ്രവാചകനെ സ്വപ്നം കണ്ടുവെന്നും തന്റെ കൈയിലുള്ള മുടി 'ശൈഖ് അബൂബക്കര്‍ മലബാരി'ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു കാന്തപുരം അനുയായികളില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി ഓടിയ ആ കഥയുടെ രത്നച്ചുരുക്കം. വന്‍ ഹിറ്റായ ഈ സ്വപ്നകഥയുടെ അടുത്ത ഭാഗങ്ങള്‍ വിവിധ മുസല്യാക്കന്മാരുടെ സംവിധാനത്തില്‍ റിലീസ് ചെയതെങ്കിലും 'ഇരുപതാം നൂറ്റാണ്ടി'ന്റെ വിജയമോര്‍ത്ത് 'സാഗര്‍ ഏലിയാസ് ജാക്കി'യെ റീലോഡ് ചെയ്തെടുത്ത അമല്‍ നീരദിന്റെ അവസ്ഥയായി പോയി അവര്‍ക്കെല്ലാം. ആ പരാജയകഥകളുടെ റിവ്യൂകള്‍ ഈ ബ്ലോഗിലെ പഴയ പോസ്റ്റുകളില്‍ ഒരു പാടു വായിക്കാന്‍ കഴിയുമെന്നതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
ഖസ്രജിയുടെ കൈയിലെ മുടിക്കെട്ടുകള്‍ അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ് എന്നാണ് ആദ്യം പ്രചരിപ്പിച്ചതെങ്കിലും അവ മുബൈയിലെ ഒരു വ്യാജമന്ത്രവാദിയായ മുഹമ്മദ്‌ ഇഖ്ബാല്‍ ജാലിയ വാല എന്നയാളുടെ പക്കല്‍ നിന്നും കാന്തപുരം തന്നെ സംഘടിപ്പിച്ചു കൊടുത്തതാണെന്ന് പിന്നീട് വ്യക്തമായി. ജാലിയ വാലയെ കാണാന്‍ പോയ ഈകെ സുന്നീ സംഘം ഖസ്രജി നല്‍കിയ മുടിക്ക് വേണ്ടിയുള്ള അപേക്ഷ അവിടെ കണ്ടതോടെയാണ് ആ കളവ് പൊളിഞ്ഞത്. ഇതേ ജാലിയ വാല വഴി കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ക്കസില്‍ മുടി ലഭിച്ചിരുന്നു. എന്നാല്‍ അതിന്റെ സനദ് (കൈമാറ്റ പരമ്പര) തെളിയിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പുതിയ നാടകവുമായി കാന്തപുരം രംഗത്ത് വന്നത്. ഖസ്രജിക്ക് മുടി എത്തിച്ചു കൊടുക്കുക, ശേഷം ഖസ്രജിയെ സ്വപ്നം കാണിക്കുക, പിന്നീട് മുടി സ്വന്തമാക്കുക, മുടിക്കൊട്ടാരം പണി കഴിക്കുക... പക്ഷെ എല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി തവിടുപൊടിയായത് തെല്ലൊന്നുമല്ല കാന്തപുരത്തെ നിരാശനാക്കിയിരിക്കുന്നത്.
ഏതായാലും വ്യാജമുടിയെ സത്യവല്ക്കരിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങിയവര്‍ തന്നെ മുടിയുമേന്തി ഘോഷയാത്രക്കിറങ്ങിയ കാന്തപുരത്തെയും കൂട്ടരെയും തള്ളിക്കളയാന്‍ ആര്‍ജവം കാണിച്ചിരിക്കുന്നു എന്നതാണ് സന്തോഷകരമായ വര്‍ത്തമാനം. എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡണ്ട്‌ പൊന്മള അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിവാദത്തിന്റെ ആദ്യകാലം മുതല്‍ മുടിയെ അംഗീകരിച്ചിരുന്നില്ല. മിക്ക പ്രാസംഗികരും നേതാക്കളും മുടിയെ അനുകൂലിച്ചു സംസാരിച്ചപ്പോഴും 'വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ' എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നിലപാടിനാണ്‌ ഏറ്റവും ഒടുവില്‍ ചേര്‍ന്ന മുശാവറയിലും അംഗീകാരമായിരിക്കുന്നത്. കൊട്ടിഘോഷിച്ചുള്ള മുടിപ്രദര്‍ശനം ഇനി വേണ്ടെന്നും മുടിക്ക് വേണ്ടി മുമ്പ് രംഗത്തിറങ്ങുകയും ഇപ്പോള്‍ പൊന്മളക്കെതിരെ രംഗത്ത് വന്ന മുഹമ്മദ്‌ രാമന്തളിയോടൊപ്പം നിലയുറപ്പിക്കുകയും ചെയ്ത വാദപ്രതിവാദ വീരന്‍ നൗഷാദ് അഹ്സനിയെ മാറ്റിനിര്‍ത്താനുമാണ് തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അണികളില്‍ ഈ വാര്‍ത്ത വന്‍ പ്രതിഷേധം സൃഷ്ടിച്ചതോടെ കാന്തപുരം വിഭാഗം നിഷേധ കുറിപ്പ് പുറത്തിറക്കിയെങ്കിലും അതില്‍ പോലും നൗഷാദ് അഹ്സനിയെ കുറിച്ചുള്ള പരാമര്‍ശമില്ല എന്നതും ശ്രദ്ധേയമാണ്. പൊന്മള വിഭാഗം ആവശ്യപ്പെട്ടത് പോലെ പേരിന് ഒരു പ്രദര്‍ശനം നടത്തി 'വിശ്വാസമുള്ളവര്‍' പ്രസാദജലം സ്വീകരിച്ച് മുന്നോട്ടു പോകുന്ന ഒരു നിലപാടായിരിക്കും ഇനി സ്വീകരിക്കുക. പതിയെപതിയെ അതും ഇല്ലാതാവും. പള്ളി ഇപ്പോള്‍ ചര്‍ച്ച പോലുമല്ലാതായത് വ്യാജമുടിയും വായുവില്‍ അലിയും എന്നര്‍ത്ഥം.
വ്യാജമുടിക്കെതിരെ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ഉള്‍പ്പോരിന് കാരണമായത് ജിഷാന്‍ മാഹി എന്ന കാന്തപുരം വിഭാഗത്തിന്‍റെ പ്രമുഖ ഫോണ്‍ 'ചോര്‍ത്തല്‍ വിദഗ്ദ്ധന്റെ' ചില അന്വേഷണങ്ങളാണ്. അവരുടെ സുന്നീ ഗ്ലോബല്‍ വോയ്സ് ബൈലക്സ് ക്ലാസ് റൂം അഡ്മിന്‍ കൂടിയായിരുന്നു കഴിഞ്ഞ ആഴ്ച വരെ ജിഷാന്‍ എന്നതും വായനക്കാരുടെ മനസ്സില്‍ ഉണ്ടാവണം. സുന്നീ കേരളത്തിലെ അമരക്കാരില്‍ ഒരാളായ പി എ ഉസ്താദിന്റെ മകന്‍റെ മകളെ ജിഷാന്‍ വിവാഹം കഴിച്ചത് കഴിഞ്ഞ മാസമാണ് എന്നതും ആ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് പേരോട് അബ്ദുറഹിമാന്‍ സഖാഫി ആണ് എന്നതും കൂടി ഓര്‍മയില്‍ വെച്ച് കൊണ്ട് വേണം ജിഷാന്റെ വെളിപ്പെടുത്തലുകളെ കേള്‍ക്കേണ്ടത്. 
ജിശാന്‍ മാഹിയുടെ നിക്കാഹിനു കാര്‍മികത്വം വഹിക്കുന്ന പേരോട്
കേരളത്തിലെ മുജാഹിദ് - ഈ കെ വിഭാഗ - ജമാഅത്ത് നേതാക്കളെ അവരവരുടെ അണികള്‍ എന്ന പേരില്‍ ഫോണില്‍ വിളിച്ച് 'രഹസ്യ'ങ്ങള്‍ ചോര്‍ത്തി ആ ക്ലിപ്പുകള്‍ കാന്തപുരം വിഭാഗത്തിന്റെ പ്രാസംഗികര്‍ക്ക് കൈമാറുക എന്നതായിരുന്നു ജിഷാന്‍റെ പ്രവര്‍ത്തന ശൈലി. അതുകൊണ്ട് തന്നെ കുട്ടി നേതാക്കള്‍ മുതല്‍ കാന്തപുരം വരെയുള്ളവരുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുടിയുടെ സത്യം ബോധ്യപ്പെടാന്‍ അദ്ദേഹം മുംബൈയിലുള്ള ജാലിയ വാലയെ കാണുകയും 'വലിയ ശൈഖുസ്സമാന്‍' എന്ന് നേതാക്കള്‍ പരിചയപ്പെടുത്തിയ ആളെ കണ്ടു ഞെട്ടുകയും ചെയ്യുന്നിടത്താണ് കഥയില്‍ ട്വിസ്റ്റ്‌ രൂപപ്പെടുന്നത്.  തകിട്, ഉറുക്ക്, എലസ്സാദി ബിസിനസ് നടത്തുന്ന ജുമുഅക്ക് വേണ്ടി പോലും പുറത്തിറങ്ങാത്ത ടിയാന്റെ കൈവശമുള്ള മുടിക്കെട്ടുകള്‍ കണ്ടു അന്തംവിട്ട ജിഷാന്‍ കുറെ കാശ് കൊടുത്ത് പതിനെട്ട് മുടിയിഴകള്‍ സമ്പാദിച്ചു. അദ്ദേഹം മുടി വാങ്ങാന്‍ എത്തിയതറിഞ്ഞ് കാന്തപുരത്തിന്റെ ചാരന്മാര്‍ ബാബ എന്ന് വിളിക്കപ്പെടുന്ന ജാലിയവാലയെ വിലക്കാന്‍ ശ്രമിച്ചെങ്കിലും ഖത്തര്‍ റിയാലിന് മുന്നില്‍ കണ്ണു മഞ്ഞളിച്ച അദ്ദേഹത്തിന് മുടി വില്പന നിര്‍ത്തിവെക്കാന്‍ കഴിഞ്ഞില്ല. ആ മുടിയിഴകളും വാങ്ങി ജിഷാന്‍ പുറത്തിറങ്ങുമ്പോഴും ജാലിയ വാലയുടെ കൈ മുത്താനും എലസുകള്‍ എഴുതി വാങ്ങാനും തട്ടമിട്ടതും ഇടാത്തതുമേ നാരീമണികള്‍ തിരക്കു കൂട്ടുന്നുണ്ടായിരുന്നുവത്രേ!
 മുടിയുമായി നാട്ടിലെത്തിയ ജിഷാന്‍ അതില്‍ ചിലത് 'അഗ്നി പരീക്ഷണ'ത്തിന് വിധേയമാക്കി. കാന്തപുരത്തെയോ അദ്ദേഹത്തിന്‍റെ വിടുംവായത്തരങ്ങളെയോ കുറിച്ച് ഒന്നുമറിയാത്ത ഏതോ പാവത്തിന്റെ മുടിയിഴകള്‍ ചാരം പോലും അവശേഷിപ്പിക്കാതെ കത്തിപ്പോയി. ഇക്കഥകളത്രയും ജിഷാന്‍ പൊന്മളയെ വിളിച്ചു പറയുന്നതോടെ അദ്ദേഹവും കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങി. 'ഏതോ അമ്മുവിന്‍റെ മുടിയാണെന്ന് ഞാനും കേട്ടിട്ടുണ്ട്, സംഗതി ആകെ റോംഗാണെന്ന്' പൊന്മള പറയുന്നതടക്കം മുഴുവന്‍ സംഭാഷണങ്ങളും ജിഷാന്‍ പതിവ് പോലെ റിക്കോര്‍ഡ് ചെയ്തു. തെളിവിനു വേണ്ടി സൂക്ഷിക്കപ്പെട്ട പ്രസ്തുത ടേപ്പുകള്‍ കാന്തപുരം വിഭാഗത്തിലെ പത്രപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തപ്പെടാറുള്ള മുഹമ്മദ്‌ രാമന്തളിക്ക് കൈമാറി.
രാമന്തളി ആരാണെന്ന് കൂടി അറിഞ്ഞാലേ കഥയുടെ ത്രില്ല് കൂടുകയുള്ളൂ. ഈ അടുത്ത കാലത്തായി കേരളത്തില്‍ കാന്തപുരം വിഭാഗം നടത്തിയ മുഴുവന്‍ വാദപ്രതിവാദങ്ങളുടെയും അവരുടെ ഭാഗത്ത് നിന്നുള്ള മധ്യസ്ഥന്‍ മുഹമ്മദ്‌ രാമന്തളി ആയിരുന്നു. മുജാഹിദ് നേതാവ് ഉമര്‍ മൗലവിയുടെ മകനുമായുള്ള വിവാദ അഭിമുഖം, ദര്‍ശന ചാനലിനെതിരെയുള്ള ഡോക്യുമെന്ററി തുടങ്ങി എപി വിഭാഗത്തിന് അമൂല്യമായ 'മാധ്യമസംഭാവന'കള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, മുടിപ്പള്ളിക്കെതിരെ കേരളത്തിലെ മത സംഘടനകള്‍ അടക്കം നടത്തുന്ന കേസില്‍ കാന്തപുരത്തിന് വേണ്ടി കക്ഷിചേര്‍ന്നവരില്‍ ഒരാള്‍ കൂടിയാണ് രാമന്തളി. അഥവാ കാന്തപുരത്തിന്റെ അന്തപുരരഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന വ്യക്തിയാണ് എന്ന് ചുരുക്കം. അത്തരമൊരു വ്യക്തിക്ക് തെളിവുകള്‍ കൈമാറുക വഴി കാന്തപുരത്തെ തുറന്നു കാട്ടുക എന്നതാവും ജിഷാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. എന്നാല്‍ രാമന്തളിയും കാന്തപുരവും പേരോടും അടക്കമുള്ളവര്‍ ചേര്‍ന്ന് ഇത് പൊന്മളക്കെതിരെ ആയുധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.. അതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ടര്‍ ടീവിയില്‍ സമസ്തയില്‍ ഭിന്നത എന്ന രീതിയില്‍ വാര്‍ത്ത വരുന്നത്. തന്ത്രപൂര്‍വ്വം രാമന്തളിയെ സംഘടനയില്‍ നിന്നും പുറത്താക്കി കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും കൈരളി ചാനലില്‍ അരമണിക്കൂര്‍ പരിപാടിക്ക് സാമ്പത്തികമടക്കമുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തത് കാന്തപുരമാണെന്നാണ് അണിയറ സംസാരം. പക്ഷെ ചക്കിനു വെച്ചത് കൊണ്ടത് കൊക്കിനായിപ്പോയെന്നു മാത്രം. രാമന്തളി പുറത്തു വിട്ട ജിഷാന്റെ ടേപ്പുകള്‍ കാന്തപുരത്തിനും വ്യാജമുടിക്കുമെതിരെ തെളിവുകളായി മാറി. അതോടെ അങ്കലാപ്പിലായ കാന്തപുരം ഗത്യന്തരമില്ലാതെ പൊന്മളക്ക് വഴങ്ങുകയായിരുന്നു. പൊന്മളയെ കൊണ്ട് മുടിക്ക് അനുകൂലമായ പ്രസ്താവനകള്‍ നടത്താന്‍ സമ്മര്‍ദം ഏറെ ഉണ്ടായെങ്കിലും അതിനു ശേഷം നടത്തിയ പ്രസ്താവനകളില്‍ അദ്ദേഹം മുടിയെ നേരിട്ട് പരാമര്‍ശിക്കുക കൂടി ചെയ്തില്ല എന്നതും മുശാവറയുടെ തീരുമാനത്തെ സ്വാധീനിച്ചു. രാമന്തളിയുടെ കൂടെ കാന്തപുരത്തിന് വേണ്ടി വാദിക്കാന്‍ ശ്രമിച്ച നൗഷാദ് അഹ്സനി കൂടി ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. നൗഷാദാണ് തന്നെ ചതിച്ചത് എന്നാണ് ജിഷാന്റെ വാദം. ഏതായാലും ഈ ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ധന്‍ മുസ്‌ലിം സമുദായത്തെ തമ്മില്‍ തല്ലിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഈയൊരു പരിശ്രമം അറിഞ്ഞോ അറിയാതെയോ സമൂഹത്തിന് ഗുണമായി തീര്‍ന്നിരിക്കുകയാണ്.
മുടിപ്പള്ളിയുടെ വാതിലുകള്‍ കൊട്ടിയടക്കുന്ന ഈ അവസാന വേളയില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി ഓര്‍ത്തെടുക്കേണ്ടതും ചിലരെയൊക്കെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ടതുമുണ്ട്. കാന്തപുരം ഇങ്ങനെയൊരു പള്ളി നിര്‍മിക്കുന്നുവെന്ന വാര്‍ത്ത ആദ്യമായി മാലോകരെ അറിയിച്ചത് മാതൃഭൂമിയായിരുന്നു. 2011 ഫെബ്രുവരി 9 ന് കാലത്ത് ആ വാര്‍ത്ത ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം ആദ്യ പ്രതികരണം പ്രസിദ്ധീകരിച്ചത് സുഹൃത്തും പത്രപ്രവര്‍ത്തകനുമായ മുഖ്ത്താര്‍ ഉദരംപൊയില്‍ ആയിരുന്നു. അന്ന് തന്നെ ഈ ബ്ലോഗിലും വാര്‍ത്തയെ നിരൂപണ വിധേയമാക്കി. 'പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്ന'മെന്ന പ്രസ്തുത പോസ്റ്റ്‌ ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും കൈമാറുകയും ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകളിലും പൊതുസമൂഹത്തിലും വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. പ്രമുഖ കോളമിസ്റ്റ് ഒ.അബ്ദുല്ലയുടെ കാന്തപുരത്തെയും വ്യാജമുടിയെയും നിശിതമായി വിമര്‍ശിക്കുന്ന ലേഖനം ഫെബ്രുവരി 21 ന് തേജസ്‌ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുക കൂടി ചെയ്തപ്പോള്‍ വിവാദം കൊടുമ്പിരിക്കൊണ്ടു. എന്നാല്‍ കാന്തരപുരം ഫാന്‍സ്‌ ശരിക്കും ഇളകിയത് എന്റെ വാദങ്ങള്‍ തെറ്റാണെന്നും ഖസ്രജിയുടെ കൈയില്‍ ഒന്നല്ല ധാരാളം മുടികള്‍ ഉണ്ടെന്നും തെളിയിക്കാനായി 2011 ഫെബ്രുവരി 23 ന് ഒരു കാന്തപുരം അനുയായി എനിക്ക് അയച്ചു തന്ന അബുദാബിയിലെ ഖസ്രജിയുടെ വീട്ടില്‍ ആ റമദാനില്‍ നടന്ന മുടി പ്രദര്‍ശനത്തിന്റെ 31 ഫോട്ടോകളില്‍ ചിലത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌. 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന് അണികളെ വിശ്വസിപ്പിച്ചു വരുന്നതിനിടയില്‍ കാന്തപുരത്തിന് കിട്ടിയ ഈ കനത്ത അടിയുടെ ആഘാതത്തില്‍ മുടിക്കൂടാരം ഇളകി മറിഞ്ഞു. കാന്തപുരം അടക്കം പങ്കെടുത്ത ആ പ്രദര്‍ശനപരിപാടി ജനങ്ങളില്‍ എത്തിയതോടെ മുടിക്കെട്ടിനെയും അതിന്റെ നീളത്തിനെയും ന്യായീകരിക്കാനുള്ള നെട്ടോട്ടത്തിലായി മുടിവിഭാഗം. പക്ഷെ ഒക്കെയും വെള്ളത്തില്‍ വരഞ്ഞ വരകളായി തീര്‍ന്നത് മാത്രം മിച്ചം! ഇത്തരമൊരു സുപ്രധാന വഴിത്തിരിവിന് കളമൊരുക്കിയ ആ കാന്തപുരം അനുയായി എന്നോട് പേരും ഊരും വെളിപ്പിടുത്തിയിരുന്നില്ല. പല തവണ മെയിലില്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും എനിക്കെതിരെയുള്ള പോസ്റ്റുകളും കാന്തപുരം മഹത്വങ്ങളും അയച്ചു തന്നു എന്നതല്ലാതെ അദ്ദേഹത്തിന്‍റെ പേര് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. മുടി വിവാദത്തില്‍ സുപ്രധാന തെളിവുകള്‍ അയച്ചുതന്ന ആ സുഹൃത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഇ മെയില്‍ ഐഡി പോലും ഞാന്‍ പുറത്തു വിട്ടിരുന്നില്ല. ആ കാലങ്ങളില്‍ വ്യാജമുടിയെ ന്യായീകരിച്ച് വാദപ്രതിവാദങ്ങള്‍ നടത്തിയവര്‍ പോലും പരസ്യമായി കൂറുമാറിയ സ്ഥിതിക്ക് ആ അജ്ഞാത സുഹൃത്തിന്റെ keeran_mohd@yahoo.co.in എന്ന മെയില്‍ ഐഡി ഞാന്‍ വായനക്കാരുടെ മുമ്പില്‍ വെക്കുകയാണ്. മുടിവാദക്കാരെ അടിച്ചിരുത്താന്‍ ശക്തമായ തെളിവ് കൈമാറിയ അദ്ദേഹത്തിനാണ് മുടിവിവാദത്തിന്റെ പരിസമാപ്തി കുറിക്കുന്ന വേളയില്‍ ആദ്യമായി നന്ദിയും കടപ്പാടും അറിയിക്കുന്നത്.
അതിനിടെ മുടിക്കെട്ടുകള്‍ നേരില്‍ കണ്ടു പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഈകെ വിഭാഗം പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് അദ്ദേഹത്തിന്റെ കൈയിലുള്ള ഫോട്ടോകളും ഒരു മെയില്‍ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ഫോട്ടോകളില്‍ അത്ഭുതമുടിയുടെ നിഴലുകള്‍ കൂടി ദൃശ്യമായതോടെ മുടിക്കച്ചവടക്കാരുടെ ആപ്പീസ് പൂട്ടി. ഹുദവിയുടെയും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുത്ത ഈകെ വിഭാഗം പണ്ഡിതരുടെയും സേവനങ്ങളെയും മറക്കാന്‍ കഴിയില്ല. സംഘടനകള്‍ തമ്മിലുള്ള മത്സരം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കിയിട്ടുണ്ടാവാമെങ്കിലും തികച്ചും വൈകാരികമായ ഒരു വിഷയത്തില്‍ ഇടപെടാന്‍ അവര്‍ കാണിച്ച ധൈര്യത്തെ അംഗീകരിച്ചേ മതിയാവൂ. ഈയൊരു മുടിവിരുദ്ധ പോരാട്ടങ്ങളുടെ പുറകില്‍ ഏതെങ്കിലും പുരോഗമന മുസ്‌ലിം സംഘടനകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇത്രപെട്ടെന്നു വിജയിക്കുമായിരുന്നുവെന്ന് കരുതാന്‍ വയ്യ.
ഈ പോരാട്ടത്തില്‍ സംഘടനാ പക്ഷപാതിത്വം കൂടാതെ തോളോട് തോള്‍ ചേര്‍ന്ന മുഴുവന്‍ ആളുകളെയും അഭിനന്ദിക്കേണ്ടതുണ്ട്. ഒപ്പം, കാന്തപുരം എന്ന വന്‍ തട്ടിപ്പുകാരന്റെ മുഖം മൂടികള്‍ പിച്ചിച്ചീന്താനും അദ്ദേഹം തട്ടിയെടുത്ത കോടികള്‍ അതിന്റെ ഉടമകള്‍ക്ക് തിരിച്ചു വാങ്ങികൊടുക്കാനും നാം ജാഗ്രതയും പോരാട്ട വീര്യവും കാണിക്കേണ്ടതുണ്ട്. മതത്തെ മറയാക്കി ആര്‍ഭാടജീവിതം നയിച്ച്‌ പാവങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ഇത്തരക്കാര്‍ക്ക് സര്‍വപിന്തുണയും നല്‍കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. ഹൈന്ദവ ഭക്തരെ ചൂഷണം ചെയ്യുന്ന അമ്മയെ ആരാധിക്കാനും പാവപ്പെട്ട മുസ്ലിംകളുടെ പിച്ചചട്ടിയില്‍ കൈയിട്ടു വാരുന്ന കാന്തപുരത്തെ മഹത്വവല്‍ക്കരിക്കാനും എന്നും മുന്നില്‍ നിന്നിട്ടുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനെ പോലുള്ളവരെ തിരിച്ചറിയാന്‍ നാം ഇനിയും വൈകിക്കൂടാ. ആയിരം രൂപ വെച്ച് പാവങ്ങളില്‍ നിന്നും മുടിപ്പള്ളി നിര്‍മിക്കാനെന്ന വ്യാജേന നേടിയെടുത്ത കോടികള്‍ നോളജ് സിറ്റിക്ക് മാറ്റിവെച്ച കാന്തപുരത്തെ ചോദ്യം ചെയ്യാന്‍ വരും നാളുകളില്‍ അദ്ദേഹത്തിന്റെ തന്നെ അണികളില്‍ നിന്നും ഇനിയും ആളുകള്‍ ഉയര്‍ന്നു വരും എന്ന് തന്നെയാണ് പ്രതീക്ഷ. മുമ്പ് ഈ ബ്ലോഗില്‍ ആവശ്യപ്പെട്ടത് പോലെ, ശഅറെ മുബാറകിന് വേണ്ടി പിരിച്ചെടുത്ത കോടികള്‍ നോളജ് സിറ്റിയുടെ ഷെയറായി കണക്കാക്കി കൂപ്പണിലൂടെ പണം വാങ്ങിയവര്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ കാന്തപുരം തയ്യാറാവണം. അല്ലാതെ ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ മഴക്കാറ് കൊണ്ട് മൂടിയ സമ്മേളന നഗരിയില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ഥിച് 'മഴ പെയ്യിച്ച' ഉസ്താദിന്റെ കറാമത്തുകള്‍ പറഞ്ഞു പാവങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ തന്നെയാണ് കാന്തപുരം വിഭാഗത്തിന്റെ നീക്കമെങ്കില്‍ ചരിത്രം കാത്തു വെച്ച കുപ്പത്തൊട്ടികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നേ പറയാനുള്ളൂ; വെള്ളത്തലപ്പാവുകള്‍ക്ക് താഴെ ബുദ്ധി പണയം വെച്ചിട്ടില്ലാത്ത ഒരു പാടു പേര്‍  സംഘടനയില്‍ ഉണ്ടെന്നതിന്റെ തെളിവുകള്‍ ദിനേനെ പുറത്തു വരുന്ന ഈ വേളയില്‍ വിശേഷിച്ചും.

No comments:

Post a Comment