Monday, November 5, 2012

ഭിന്നതയും വസ്തുതകളും ഭാഗം – 4-പ്രബോധന മര്യാദകള്‍ മറക്കുന്നവരോട് ഒരപേക്ഷ .....

ഭിന്നതയും വസ്തുതകളും ഭാഗം – 4

പ്രബോധന മര്യാദകള്‍ മറക്കുന്നവരോട് ഒരപേക്ഷ .....

അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്...

പ്രിയപ്പെട്ട സുഹ്രുത്തുക്കളെ ... ഭിന്നതയും വസ്തുതകളും എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകും... ശരിയായ ആദര്‍ശം ഉള്‍ക്കൊള്ളുന്നുവെങ്കിലും യാതൊരു പ്രബോധന മര്യാദയുമില്ലാതെ വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്ന ചില ആളുകള്‍ക്കും.... തങ്ങളുടെ വീക്ഷണങ

്ങള്‍ക്കും താല്പര്യങ്ങള്‍ക്കുമനുസരിച്ചു പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്കും ഒരേ സ്വരത്തില്‍ മറുപടിയെന്നോണമാണ് ഞാനതെഴുതിയത്. അവ പൂര്‍ണമായി വായിച്ചവര്‍ക്കെല്ലാം അതു മനസ്സിലായിട്ടുമുണ്ടാകും എന്നു കരുതുന്നു.
ഇതിവിടെ പറയാന്‍ കാരണം എന്‍റെ ഒരടുത്ത ബന്ധു ഇന്നെന്നോട് സംസാരിച്ചിരുന്നു. തീര്‍ത്തും ദുഃഖകരമായ ഒരു കാര്യമാണ് അദ്ദേഹം എന്നോട് സൂചിപ്പിച്ചത്. ഒരിക്കലും ഒരു വിശ്വാസിക്ക് നിലക്കാത്ത രൂപത്തില്‍ വളരെ മോശമായി ഒരു വ്യക്തി ചില ആളുകളെക്കുറിച്ച് സംസാരിക്കുകയും ശേഷം എന്‍റെ ലേഖനം വായിച്ചതില്‍ നിന്നാണ് അദ്ദേഹത്തിന് തര്‍ക്ക വിഷയത്തില്‍ സത്യം മനസ്സിലായത് എന്നു പറയുകയും അദ്ധേഹത്തിന്‍റെ മോശമായ ശിലയെ എന്നിലേക്ക് കൂടി ചേര്‍ത്തു പറയുകയും ചെയ്തു എന്നാണ് എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞത്. ആ മനുഷ്യന് സത്യം മനസ്സിലാക്കാന്‍ എന്‍റെ ലേഖനം ഉപകാരപ്പെട്ടുവെങ്കില്‍ അല്‍ഹംദുലില്ലാഹ്.....!! പക്ഷെ പ്രമാണബന്ധിതമായി വിഷയത്തെ പഠിക്കുന്നതില്‍ നിന്നും മാറി വ്യക്തി ഹത്യയിലേക്കും, പരിഹാസത്തിലേക്കും, വളരെ മോശമായ പദപ്രയോഗങ്ങളിലേക്കും കടക്കുകയും അതിനു പ്രചോദനം നല്‍കിയത് എന്‍റെ ലേഖനമാണെന്ന് പറയുകയും ചെയ്യുന്നത് ഒട്ടും ശരിയായില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സലഫീ മന്‍ഹജിന്നു ചേര്‍ന്നതല്ല എന്നു ഞാന്‍ തന്നെ എന്‍റെ ആദ്യത്തെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുപക്ഷെ അതദ്ദേഹം വായിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ല.

വിഷമകരമെന്നു പറയട്ടെ ഒട്ടും പ്രബോധന മര്യാദയോ ഗുണകാംശയോ കാണിക്കാതെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്ന ഒരുപാടാളുകള്‍ ഇരു വിഭാഗത്തിലും സജീവമാണ് എന്നതൊരു വസ്തുതയാണ്. ആദര്‍ശ സ്നേഹത്തിന്‍റെ പേരിലോ വ്യക്തിബന്ധത്തിന്‍റെ പേരിലോ എന്തുമാകട്ടെ അതൊരിക്കലും ഒരു മുസ്ലിമിന് ചേര്‍ന്നതല്ല. ആദര്‍ശ പ്രബോധനത്തിനതുപകരിക്കില്ല എന്നു മാത്രമല്ല ആദര്‍ശത്തില്‍ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്താനേ അത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ ...
പ്രമാണങ്ങളെ തങ്ങളുടെ യുക്തിക്കും ഇച്ചക്കുമനുസരിച്ച് കോട്ടിമാറ്റുന്നവരെ എതിര്‍ക്കേണ്ടതും അവരുടെ ദുര്‍വ്യാഖ്യാനങ്ങളെ ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാണിക്കേണ്ടതും ആ വിഷയത്തില്‍ അറിവുള്ളവരുടെ ബാധ്യതയാണ്. പ്രബോധന മര്യാദകള്‍ പാലിച്ചു കൊണ്ടായിരിക്കണം അതു ചെയ്യേണ്ടത്. ഞാന്‍ ആദ്യത്തെ ലേഖനത്തില്‍ എഴുതിയ ചില കാര്യങ്ങള്‍ ഇവിടെ ആവര്‍ത്തിക്കട്ടെ.

ഒന്നാം ഭാഗത്തില്‍ നിന്ന്: (........എന്നാല്‍ ഖേദകരം എന്നു പറയട്ടെ സലഫുകള്‍ സ്വീകരിച്ച സമീപനത്തോട് യോജിക്കുന്നവരില്‍ ചിലരും, സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചവരില്‍ ചിലരും പ്രബോധന മര്യാദയും ഗുണകാംശയും ഒട്ടുമില്ലാതെ പരിഹാസത്തിനും വ്യക്തി ഹത്യക്കും മുതിരുന്നത് ഏറെ ദുഖകരമാണ്. പരിഹാസവും , കളിയാക്കി ചിരിക്കലും, ഇരട്ടപ്പേര് വിളിക്കലും, അവഹേളിക്കലും, ഒന്നും ഇസ്‌ലാം പഠിപ്പിച്ച പ്രബോധന ശൈലിയല്ല. സോഷ്യല്‍ മീഡിയകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരിഹാസങ്ങളും അവഹേളനങ്ങളും പ്രചരിപ്പിക്കുന്നവര്‍ ആദര്‍ശത്തിന്‍റെ പേരില്‍ അവയെ വലിച്ചിഴക്കരുത്. അത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടു പരിപാവനമായ ആദര്‍ശത്തെ ആരും പഴിചാരുകയും ചെയ്യരുത്. അത്തരം ആളുകളുടെ അപാകതകള്‍ വിലയിരുത്തി ആദര്‍ശത്തെ ക്രൂശിക്കുന്നത് മുസ്ലിമീങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പരിപാവനമായ ഇസ്ലാമിനെ ക്രൂശിക്കുന്നതിന് തുല്യമാണ്.

തന്‍റെ അഭിപ്രായം അംഗീകരിക്കുന്നവന്‍റെ സകല തിന്മകളെയും ന്യായീകരിക്കുകയും, തന്നോട് അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അയാളെക്കുറിച്ച് ഉള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കുകയും ചെയ്യുന്നതും, അയാളെക്കുറിച്ച് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നത് കണ്ടു സന്തോഷിക്കുന്നതും മതത്തിന് വേണ്ടിയോ ?!!!..... . ആദര്‍ശ ബോധമുള്ളവരില്‍ ചിലരും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നുവെന്നതാണ്‌ ഏറെ സങ്കടകരം.

...........അല്ലാഹുവിനെക്കുറിച്ചുള്ള ഭയം, ഗുണകാ൦ശ, സല്‍സ്വഭാവം , ഞാന്‍ ക്ഷണിക്കുന്നവന്‍ സത്യം മനസിലാക്കി ആദര്‍ശത്തിലേക്ക് വരട്ടെ എന്ന ആത്മാര്‍തമായ പ്രാര്‍ത്ഥന തുടങ്ങിയവയാണ് ഒരു പ്രബോധകന്‍റെ മുതല്‍കൂട്ട്. മറിച്ച് പരിഹാസം, വ്യക്തിഹത്യ, വിശ്വാസിക്ക് ചേരാത്ത പദപ്രയോഗങ്ങള്‍ ഇവയൊന്നുമല്ല ഒരു പ്രബോധകനില്‍ ഉണ്ടായിരിക്കേണ്ടത്. ഊഹങ്ങള്‍ അടിസ്ഥാനമാക്കിയും മറ്റുള്ളവരുടെ സംസാരവും കേട്ടും ജനങ്ങളെ ചേരി തിരിക്കുന്നതും ശരിയല്ല. ഇത്തരം അഭിപ്രായ ഭിന്നതകളുണ്ടാവുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാവുക എന്നത് സോഭാവികം. കക്ഷികളാക്കിത്തിരിച്ച് അവരെ സത്യത്തില്‍ നിന്നും അകറ്റുന്നതിന് പകരം. സദുപദേശത്തോടെയും ഗുണകാംശയോടെയും അവര്‍ക്ക് സത്ത്യം മനസിലാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പ്രബോധകര്‍ ചെയ്യേണ്ടത്. ചിലപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവര്‍ക്കൊരുപാട് സമയം വേണ്ടി വന്നേക്കാം. അതുകൊണ്ടാണല്ലോ ഒരു പ്രബോധകന്‍റെ ഏറ്റവും വലിയ സമ്പത്ത് ക്ഷമയാണെന്നു പറയുന്നത്......... - പൂര്‍ണമായും വായിക്കാന്‍ ഭിന്നതയും വസ്തുതകളും ഭാഗം ഒന്ന് നോക്കുക- ).

അതു കൊണ്ട് ബൈലക്സിലും ഫേസ്ബുക്കിലുമെല്ലാം മോശമായ സംസാരങ്ങളും മോശമായ പോസ്റ്റുകളും ഇടുന്നവരോട് പറയാനുള്ളത് നിങ്ങളുടെ അത്തരം സംസാരങ്ങള്‍ കൊണ്ട് ആദര്‍ശത്തിന് ദോശമല്ലാതെ ഉപകാരമൊന്നുമുണ്ടാകില്ല... നിങ്ങളുടെ അടക്കാനാവാത്ത വികാരത്തിന് അടിമപ്പെട്ട് പരിപാവനമായ ആദര്‍ശത്തെ വികൃതമായി ചിത്രീകരിക്കരുത്. സത്യം പറയുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നവന് പരിഹാസത്തിന്‍റെയും മോശമായ വാക്കുകളുടെയും ആവശ്യമില്ല. ആശയ സംഘട്ടനങ്ങള്‍ സ്വാഭാവികമാണ്. അതില്‍ നാം സത്യതോടൊപ്പം നില്‍ക്കണം. പ്രമാണബന്ധിതമായി സത്യം പ്രചരിപ്പിക്കണം. ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ഊരുവിലക്കുകളും എത്ര തന്നെ നേരിട്ടാലും ആദര്‍ശത്തെ പണയം വെക്കരുത്. മഹത്തായ അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പ്രതികരിക്കണം. എന്നാല്‍ അത് മതമൂല്യങ്ങളെയും പ്രബോധന മര്യാദകളെയും അവഗണിച്ചു കൊണ്ടാവരുത്. അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ടാണ് പ്രബോധനം നടത്തുന്നതെങ്കില്‍ അത് പ്രവാചകന്‍ പഠിപ്പിച്ച രൂപതിലാകണം.

ലോകം കണ്ട ഏറ്റവും വലിയ ധിക്കാരികളിലൊരാളായ ഫിര്‍ഔന്‍റെ അടുത്തേക്ക് മൂസ(അ)നെയും ഹാറൂന്‍(അ)നെയും പ്രബോധനത്തിനായി അയച്ചപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞ വചനം വളരെ ശ്രദ്ധേയമാണ്:

“നിങ്ങള്‍ രണ്ടു പേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമാകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോടു സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം” [സൂറത്ത് ത്വാഹാ: 43,44 ].

ഒരിക്കലും ഫിര്‍ഔന്‍ ആ ക്ഷണം സ്വീകരിക്കുകയില്ലെന്നും.. അവന്‍ മൂസ(അ)നെയും ഹാറൂന്‍(അ)നെയും തള്ളിപ്പറയുമെന്നും.. അവന്‍ ധിക്കാരിയായി തുടരുമെന്നും കൃത്യമായി അറിയാമായിരുന്നിട്ടു പോലും അല്ലാഹു അവരോട് പറഞ്ഞത് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക എന്നാണ്. ഞാന്‍ ക്ഷണിക്കുന്നവന്‍ എന്‍റെ ക്ഷണം സ്വീകരിക്കില്ല എന്നുറപ്പാണെങ്കില്‍ പോലും ഇതാണ് നാം സ്വീകരിക്കേണ്ട രീതി. അതാണ്‌ നമുക്കുള്ള മാതൃക. ഏതു പ്രതികൂല സാഹചര്യത്തിലും സത്യം തുറന്നു പ്രക്യാപിക്കണം. എന്നാല്‍ പ്രബോധന മര്യാദകളെ അവഗണിക്കരുത്.

ചിലര്‍ ചെയ്യുന്ന പോലെ ഇരട്ടപ്പേരുകള്‍ വിളിക്കുകയും പരിഹസിക്കുകയും ചെയ്തത് കൊണ്ട് ആദര്‍ശത്തെ വളര്‍ത്താന്‍ സാധിക്കില്ല. ഈ തര്‍ക്കവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തിത്വമാണല്ലോ അബ്ദു റഹ്മാന്‍ സലഫി... അദ്ദേഹത്തിന്‍റെ വാദത്തോട് ഞാന്‍ പൂര്‍ണമായി വിയോജിക്കുന്നു. അദ്ധേത്തിന്റെ വാദം അപകടകരമാണ്. പൂര്‍വികരായ ഇമാമീങ്ങളോ പണ്ഡിതന്മാരോ പറഞ്ഞിട്ടില്ലാത്തതാണ്. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി പണ്ഡിതന്മാരുടെ വാക്കുകളില്‍ അദ്ദേഹം നടത്തിയ തിരിമറികള്‍ ഞാന്‍ വിശദീകരിച്ചതുമാണ്. അല്ലാഹു അദ്ധേഹത്തിന്‍റെ തെറ്റുകള്‍ പൊറുത്തു കൊടുക്കുകയും അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിലേക്ക് കടന്നു വരാന്‍ തൌഫീക്ക് നല്‍കുകയും ചെയ്യട്ടെ.... ആമീന്‍... എന്നാല്‍ വളരെ മോശമായി അദ്ധേഹത്തെ ഇരട്ടപ്പേര് വിളിച്ചു കൊണ്ടും തെറി വിളിച്ചു കൊണ്ടും സോഷ്യല്‍ മീഡിയകളിലും ബൈലക്സിലുമെല്ലാം ചിലര്‍ പ്രത്യക്ഷപ്പെടുന്നു. (അന്ത്രു സെല്‍ഫി, അലറാന്‍ സെല്‍ഫി, അന്ത്രുമാന്‍ എന്നു തുടങ്ങി കുട്ടി ദജ്ജാല്‍ എന്നു വരെ വിളിക്കുന്നവര്‍ ).... സലഫിയത്ത് അവകാശപ്പെടുന്ന ചിലരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സലഫിയ്യത്തുമായി യാതൊരു ബന്ധവുമില്ല. (മറു വിഭാഗവും ഈ വിഷയത്തില്‍ ഒട്ടും മോശക്കാരല്ല. സകരിയ്യ സ്വലാഹിയെക്കുറിച്ചും ജബ്ബാര്‍ മൌലവിയെക്കുറിച്ചും വളരെ മോശമായി അവരും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ നടത്തുന്ന അതിക്ഷേപങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ അവര്‍ നടത്തുന്ന ശിര്‍ക്കാരോപണം എന്നത് കൊണ്ട് തന്നെ അവരില്‍ നിന്നത്തരം പ്രവര്‍ത്തനങ്ങള്‍ വരുന്നതില്‍ യാതൊരു അതിശയവുമില്ല). ആദര്‍ശ വ്യതിയാനക്കാര്‍ മാത്രമല്ല. ആദര്‍ശ സ്നേഹമെന്ന പേരില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിക്കാതെ മോശമായ രീതിയില്‍ സംസാരിക്കുന്ന ഇത്തരം ആളുകളും ആദര്‍ശത്തിന് ദോശകരമാണ്.

വല്ലാഹി സുമ്മ വല്ലാഹി .... അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് പറയട്ടെ ചില ആളുകളുടെ മോശമായ ശൈലിയും, മോശമായ സംസാരവും കൊണ്ട് മാത്രം തെറ്റിദ്ധാരണ ഉണ്ടാവുകയും സത്യത്തില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്ത ഒരുപാട് സാധാരണക്കാരെ എനിക്കറിയാം... വളരെ കുറഞ്ഞ ആളുകളേ അത്തരം അപാകതകള്‍ വരുത്തുന്നുള്ളൂ എങ്കില്‍ കൂടി പ്രബോധന രംഗത്ത് അവരുണ്ടാക്കുന്ന വിള്ളല്‍ നികത്താവുന്നതിലും അപ്പുറമാണ്. അവരൊന്നു മൗനം പാലിച്ചിരുന്നെങ്കില്‍ എന്നു പലപ്പോഴും തോന്നാറുണ്ട്...
ആദര്‍ശത്തോട് കൂറില്ലാത്തവരില്‍ അത്തരം ആളുകള്‍ ഉണ്ടാവുക എന്നത് സോഭാവികം.. പക്ഷെ ആദര്‍ശത്തിന്‍റെ പേരില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയെന്നത് എത്ര സങ്കടകരമാണ്. ഒരു തക്കാളിപ്പെട്ടിയില്‍ ഒരൊറ്റ ചീഞ്ഞ തക്കാളിയുണ്ടായാല്‍ മതി മുഴുവന്‍ തക്കാളിയും കേടു വരാന്‍.....
നമ്മുടെ പക്കല്‍ വരുന്ന തെറ്റുകളും അപാകതകളും കാരണം പരിപാവനമായ ആദര്‍ശത്തെ സാധാരണക്കാര്‍ തെറ്റിദ്ധരിക്കരുതേ എന്ന ആഗ്രഹം മാത്രമാണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്‍റെ വല്ല വാക്കുകളും ആരെയെങ്കിലും വേദനപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.... അല്ലാഹുവിന്‍റെ പ്രവാചകന്‍ പറഞ്ഞ ഒരു ഹദീസ് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ : “ ആരെങ്കിലും അല്ലാഹുവിലും അവന്‍റെ പ്രവാചകനിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ... അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ”.

തര്‍ക്കതിലിരിക്കുന്ന ഹദീസുമായി ബന്ധപ്പെട്ട് അഹ്ലുസ്സുന്നയുടെ വീക്ഷണം പഠിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരുപാടൊരുപാട് വിശദീകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഷെയ്ഖ്‌ യാസിര്‍ ബിന്‍ ഹംസയും സിറാജുല്‍ ഇസ്ലാം മൌലവിയുമെല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായി അത് വിശദീകരിച്ചിട്ടുമുണ്ട്. അറബി അറിയുന്നവര്‍ക്ക് വിഷയം വിശദീകരിച്ച സലഫീ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇനി വിഷയം മനസ്സിലാക്കാന്‍ സാധിക്കാത്തവരോട് സ്നേഹപൂര്‍വ്വം പറയട്ടെ: അനാവശ്യമായി കക്ഷി ചേര്‍ന്ന് പരലോകം നഷ്ടപ്പെടുത്താതിരിക്കുക. ഖുര്‍ആനും സുന്നത്തും പിന്പറ്റുന്നവരോടൊപ്പം നില്‍ക്കാന്‍ സാധിക്കാന്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

സാധാരണക്കാരോട് അനാവശ്യമായ തര്‍ക്കങ്ങള്‍ക്ക് മുതിരാതെ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ രേഘപ്പെടുത്തിയ വീക്ഷണം മനസ്സിലാക്കാന്‍ താല്പര്യമുള്ളവരോട് ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ പറയുക.... അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായം പറഞ്ഞ ഒരു വിഷയമായത് കൊണ്ട് അത് മനസ്സിലാക്കി സത്യത്തില്‍ നിന്നും വ്യതിചലിക്കാതിരിക്കുക. ഇനി അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളൊന്നടങ്കം പറഞ്ഞാലും അവരെക്കാളൊക്കെ തൗഹീദ്‌ മനസ്സിലാക്കിയവനാണ് ഞാന്‍ എന്നു കരുതുന്നവരോട് തര്‍ക്കിച്ചു സമയം കളയേണ്ടതില്ല. അവര്‍ക്ക് അവരുടെ വഴി. നമുക്ക് നമ്മുടെ വഴി... അനാവശ്യ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കുക.... ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം ക്രമപ്പെടുത്തി പരാലോകത്തിനു വേണ്ടി ജീവിക്കുക..... പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ..... ബഹിഷ്കരിക്കുന്നവര്‍ ബഹിഷ്കരിക്കട്ടെ.... അതൊന്നും കാര്യമാക്കേണ്ടതില്ല.. ക്ഷമിക്കുക .. സഹിക്കുക ... ലോക രക്ഷിതാവിന്റെ പ്രീതി കാംഷിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ....

"ولا تهنوا ولا تحزنوا وأنتم الأعلون إن كنتم مؤمنين :
"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍" (آل عمران-139).



ഞാന്‍ എഴുതിയതില്‍ വന്നിട്ടുള്ള നല്ല കാര്യങ്ങളെല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണ്.. ഞാന്‍ വല്ല അബദ്ധവും എഴുതിയിട്ടുണ്ടെങ്കില്‍ അതെന്നില്‍ നിന്നും പിശാചില്‍ നിന്നുമാണ്. തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തു തരട്ടെ.... സത്യം സത്യമായി മനസ്സിലാക്കാനും അത് പിന്‍പറ്റാനും , തിന്മയെ തിന്മയായി മനസിലാക്കാനും അതില്‍ നിന്നകന്നു നില്‍ക്കാനും അല്ലാഹു തൗഫീക് ചെയ്യട്ടെ ... കൂടുതല്‍ പഠിക്കാനും വിഷയങ്ങള്‍ മനസ്സിലാക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.. നമ്മില്‍ നിന്ന് വന്നു പോയിട്ടുള്ള അപാകതകളും തെറ്റുകളും സന്മനസ്സോടെ തിരുത്താനും. തര്‍ക്കങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചു ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടി നിലകൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍...

ഇതില്‍ വന്നിട്ടുള്ള പരാമര്‍ശങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം എനിക്കാണ്. ഞാന്‍ എഴുതിയതിനോട് ഒരു പക്ഷെ നിങ്ങള്‍ യോജിക്കുന്നുണ്ടാവാം, ഒരുപക്ഷെ വിയോജിക്കുന്നുണ്ടാവാം. എന്‍റെ പരിമിതമായ അറിവ് കൊണ്ട് ശരിയെന്നു മനസ്സിലാക്കിയത് എഴിതിയെന്നു മാത്രം. വളരെ നല്ല മനസ്സോടെ അത് നോക്കിക്കാണുക.... സഹോദര ബുദ്ധിയാ തെറ്റുകള്‍ തിരുത്താനും അബദ്ധങ്ങള്‍ സൂചിപ്പിക്കാനും ഉദ്ദേശിക്കുന്നവര്‍ എനിക്ക് പ്രൈവറ്റ് മെസ്സേജ് അയക്കുകയോ.. എന്നെ നേരില്‍ വിളിക്കുകയോ... എനിക്ക് മെയില്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.

pnabdurahman@gmail.com

No comments:

Post a Comment