Tuesday, November 20, 2012

യാ ഇബാധല്ലഹ് ഹദീസും വിവാദങ്ങളും -തെറ്റിദ്ധരിച്ച സാധാരണക്കാരോട് സ്നേഹത്തോടെ

അഹ്ലുസ്സുന്നയുടെ പ്രമാണങ്ങളും ഉലമാക്കളും എന്ത്‌ പറയുന്നു ?

യാ ഇബാദല്ലാഹ്‌ അഈനൂനീ.. എന്ന ഹദീഥിനെക്കുറിച്ചുള്ള ചർച്ചയെ മൂന്നായി തരം തിരിക്കാം.

1. ഈ ഹദീഥ്‌ ദുർബ്ബലമാണ്‌. അതിനാൽ ഇതിനെ ആസ്പദമാക്കി അമല്‌ ചെയ്യുവാൻ പാടുള്ളതല്ല.

2. ഈ ഹദീഥ്‌ ദുർബ്ബലമാണ്‌. എന്നാൽ ഫവായിദ്‌ അൽ അമൽ, അദ്ഖാറുകളുടെ കിതാബുകൾ തുടങ്ങിയവയിൽ രേഖപ്പെട്ടു കിടക്കുന്നതിനാൽ അമൽ ചെയ്യുന്നതിൽ തെററില്ല.

3. ഈ ഹദീഥ്‌ സ്വഹീഹ്‌ ആണ്‌. അതു കൊണ്ട്‌ അമൽ ചെയ്യാവുന്നതാണ്‌.

ഈ മൂന്ന്‌ രീതികളിലും ഇതിനെ അപഗ്രഥിച്ചു പഠിക്കുമ്പോഴും നാം മറക്കാൻ പാടില്ലാത്ത ഒരു വസ്തുതയെന്തെന്നാൽ, താബിഉകളുടെ കാലം തൊട്ടുള്ള ഇസ്ലാമിന്റെ പ്രഗത്ഭരും ഉന്നതരുമായ ഒരൊറ്റ പണ്ഡിതനും ഈ ഹദീഥിനെക്കുറിച്ച്‌ പരാമർശിക്കവെ ഇതിന്റെ മത്നിൽ (ഉള്ളടക്കത്തിൽ) ശിർക്ക്‌ ഉണ്ടെന്ന്‌ പറഞ്ഞിട്ടില്ല എന്നതാണ്. എന്നിരിക്കെ ഇന്ന്‌ കേരളത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന്‌ ഏതാനും പണ്ഡിതൻമാർ ഇതിൽ ശിർക്കുണ്ടെന്ന്‌ തീരുമാനിച്ച്‌ ഫത്‌വ പുറപ്പെടുവിക്കുകയും അതിനെതിരെ പ്രമാണങ്ങൾ നിരത്തുന്ന അഹ്„ലുസ്സുന്നയുടെ പണ്ഡിതൻമാരെയും സാധാരണക്കാരെയും മുശ്‌രിക്‌ എന്ന്‌ മുദ്ര വെക്കുകയും ചെയ്യുന്നത്‌ വ്യക്തമായ ദുരാരോപണവും പരലോകം നഷ്ടപ്പെടുത്തുന്ന ഗൗരവാർഹമായ വിഷയവും നൂറ്റാണ്ടുകളോളമുള്ള മുസ്ലിം ഉമ്മത്തിന്റെ ഇമാമീങ്ങൾക്ക്‌ നേരെയുള്ള കുതിരകയറ്റവുമാണെന്നത്‌ ഇതിന്റെ ഏറ്റവും ലളിതവും മാന്യവുമായ നിർവ്വചനമാണ്‌.

ഈ അപരാധത്തിന്‌ വിത്ത്‌ പാകിയവർക്കും ഇതിന്‌ വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുന്നവർക്കും അല്ലാഹു നേർവഴി കാണിച്ചു കൊടുക്കുകയും മരണത്തിന്‌ മുമ്പ്‌ തങ്ങൾ ആക്രമിച്ചവരോട്‌ ക്ഷമ ചോദിച്ച്‌ അല്ലാഹുവിൽ നിന്നും പൊറുക്കലിനെ തേടുവാനുള്ള തൗഫീഖ്‌ നൽകുകയും ചെയ്യുമാറാകട്ടെ (ആമീൻ).

മേൽപ്പറഞ്ഞതിൽ നിന്നും മൂന്നാമത്തെ അഭിപ്രായത്തിന്‌ ഇന്ന്‌ പ്രസക്തിയില്ല. എന്തെന്നാൽ ഇതിന്റെ പരമ്പരയിൽ ന്യൂനതകളുണ്ടെന്ന്‌ നാം മനസ്സിലാക്കിയിരിക്കുന്നു. രണ്ടാമത്തെ അഭിപ്രായത്തിനോട്‌ ഭൂരിപക്ഷം സലഫി പണ്ഡിതൻമാരും യോജിക്കുന്നില്ല, എന്തെന്നാൽ അമലുകൾ സ്വീകാര്യമാകണമെങ്കിൽ അതിന്‌ സുന്നത്തിൽ നിന്നും വ്യക്തമായ തെളിവ്‌ വേണമെന്ന നിയമമാണ്‌ സലഫികൾ സ്വീകരിക്കാറുള്ളത്‌.

ഇനി ഒന്നാമത്തെ അഭിപ്രായത്തെക്കുറിച്ച്‌ നോക്കാം. മൂന്ന്‌ അഭിപ്രായങ്ങളിൽ ഏറ്റവും ശരിയായതും ഇന്ന്‌ നാം സ്വീകരിക്കേണ്ടതുമായ നിലപാട്‌ ഇതായിരിക്കണം. സ്വഹീഹായി ലഭ്യമായിട്ടുള്ള ഹദീഥുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നമ്മുടെ അമലുകളെ ക്രമീകരിക്കേണ്ടതുള്ളൂ എന്ന പണ്ഡിതൻമാരുടെ ഇജ്മാഅ് ആണ്‌ ഈ നിലപാടിന്‌ ന്യായീകരണമായി നമുക്ക്‌ മുന്നോട്ട്‌ വെക്കുവാനുളളത്‌.

താബിഉകളിൽ ശ്രേഷ്ഠനായ ഇമാം അബ്ദുല്ലാഹ്‌ ഇബ്നു മുബാറകിന്റെ ജീവിതത്തിൽ നിന്നും ഇതിന്‌ നമുക്ക്‌ ഒരു ഉദാഹരണമുണ്ട്‌. മഹാനായ സുഫ്‌യാൻ അഥൗരിയുടെയും യഹ്‌യാ ഇബ്നു മഈനിന്റെയും ഗുരുനാഥനായിരുന്ന അബ്ദുല്ലാഹ്‌ ഇബ്നു മുബാറക്‌ ഒരു യാത്രാമദ്ധ്യേ അദ്ദേഹത്തിന്‌ വഴിതെറ്റിയ ചരിത്രം അബു ഇസ്മാഈൽ അൽഹറവീ (ഹിജ്‌റ:483) ذم الكلام و أهله എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

أَنَّ عبد الله بن المبارك ضَلَّ في بَعْضِ أَسْفارِهِ في طريق، وكان قَد بَلَغَهُ أنَّ مَن ضَلَّ في مَفازَةٍ فنادَى: عباد الله أعينوني. أُعينَ قال: فَجَعَلْتُ أَطْلُبُ الجُزءَ أَنظُرُ إسنادَهُ. قال الهروي: فَلَم يَستجِز أن يَدعُوَ بِدُعاءِ لا يَرى إسنادَهُ.

ഒരിക്കൽ അബ്ദുല്ലാഹ്‌ ഇബ്നു മുബാറകിന്‌ യാത്രാമദ്ധ്യേ വഴി തെറ്റുകയുണ്ടായി. അപ്പോൾ, ‘ആർക്കെങ്കിലും മരുഭൂമിയിൽ വഴിയറിയാതെ വിഷമിച്ചാൽ അല്ലാഹുവിന്റെ അടിമകളേ.., എന്നെ സഹായിക്കുവിൻ എന്ന്‌ വിളിച്ച്‌ പറയട്ടെ… എന്നാൽ സഹായിക്കപ്പെടും’ എന്ന (ഹദീഥ്‌) അദ്ദേഹത്തിന്‌ ലഭിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞു: ‘എനിക്കത്‌ കൊണ്ട്‌ വന്നു തരിക.. ഞാൻ അതിന്റെ പരമ്പര നോക്കട്ടെ എന്ന്‌’. ഇമാം ഹറവി പറഞ്ഞു: സനദിന്റെ ആധികാരികത ഉറപ്പ്‌വരുത്താതെ ഒരാൾ (പ്രത്യേക വാക്കുകളുപയോഗിച്ച്‌) ദുആ ചെയ്യുന്നത്‌ അനുവദനീയമല്ല.’

ഇതിൽ നിന്നും നമുക്കുള്ള ഗുണപാഠം എന്താണ്‌ ?

1. അമലുകൾ, അത്‌ അഖീദയിലെന്നല്ല, അദ്കാറിന്റെ വിഷയത്തിലായാൽ പോലും ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ പ്രവർത്തിക്കുവാൻ പാടുള്ളതല്ല.

2. ഇതിൽ യാതൊരു ശിർക്കും ഇല്ല. ഇതിൽ ശിർക്കിന്റെ ലാഞ്ചനയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അബ്ദുല്ലാഹ്‌ ഇബ്നു മുബാറക്‌ അതിന്റെ സനദ്‌ പരിശോധിക്കുവാൻ സമയം ചിലവഴിക്കുമായിരുന്നില്ല.

ഇനി കാലാകാലങ്ങളിലായി അഹ്„ലുസ്സുന്നയിലെ പ്രമുഖരായ പണ്ഡിതൻമാർ ഈ ഹദീഥിനെ വിശദീകരിച്ചപ്പോൾ രേഖപ്പെടുത്തിയതെന്താണെന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്‌ പഠിക്കാതെ, മനസ്സിലാക്കാതെ, നമ്മുടെ കൊച്ചുകേരളത്തിന്റെ ഇങ്ങേതലപ്പത്തിരുന്ന്‌ ദീനിന്റെ വിഷയത്തിൽ സ്വാഭിപ്രായം പറയുവാൻ ശ്രമിച്ചാൽ അപകടമാണ്‌. അഹ്„ലുസ്സുന്നഃ ദീനിന്റെ വിഷയങ്ങളെ പരാമർശിക്കുമ്പോൾ പ്രമാണങ്ങളെ ഉദ്ധരിക്കുമ്പോൾ അഹ്„ലുൽ ഹവയുടെ ആളുകൾ ദീനിൽ തനിക്ക്‌ തോന്നിയതിന്‌ വേണ്ടി അഭിപ്രായങ്ങൾ പറയുകയും അവയെ ന്യായീകരിക്കുവാൻ വസ്തുതകളെ വളച്ചൊടിക്കുകയോ, കണ്ടില്ലെന്ന്‌ നടിക്കുകയോ ചെയ്യുന്നവരായിരിക്കും.

ആദ്യമായി ഇമാം ബൈഹഖി അദ്ദേഹത്തിന്റെ الآداب എന്ന ഗ്രന്ഥത്തിൽ ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും മൗഖൂഫ്‌ ആയി വന്ന ഈ ഹദീഥ്‌ രേഖപ്പെടുത്തിയത്‌ നോക്കാം..

عَنِ ابْنِ عَبَّاسٍ , قَالَ : ” إِنَّ لِلَّهِ مَلائِكَةً فِي الأَرْضِ يَكْتُبُونَ مَا يَقَعُ فِي الأَرْضِ مِنْ وَرَقِ الشَّجَرِ ، فَإِنْ أَصَابَتْ أَحَدًا مِنْكُمْ عَرْجَةً أَوِ احْتَاجَ إِلَى عَوْنٍ بِفَلاةٍ مِنَ الأَرْضِ فَلْيَقُلْ : أَعِينُوا عِبَادَ اللَّهِ رَحِمَكُمُ اللَّهُ ، فَإِنَّهُ يُعَانُ إِنْ شَاءَ اللَّهُ “

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്നും നിവേദനം: ‘നിശ്ചയമായും അല്ലാഹുവിന്‌ ഹഫളത്തുകളായ ചില മലക്കുകളുണ്ട്‌. ഒരു മരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ഇലകളെക്കുറിച്ച്‌ പോലും അവർ രേഖപ്പെടുത്തുന്നു. നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട്‌ ഉണ്ടാവുകയോ അല്ലെങ്കിൽ വിജനപ്രദേശത്ത്‌ സഹായം ആവശ്യമായിവരികയോ ചെയ്താൽ ‘അല്ലാഹുവിന്റെ അടിമകളേ… ഞങ്ങളെ സഹായിക്കണേ… അല്ലാഹു നിങ്ങൾക്ക്‌ കരുണ ചൊരിയട്ടെ’ എന്ന്‌ പറഞ്ഞു കൊള്ളട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ നിശ്ചയമായും അവൻ സഹായിക്കപ്പെടുന്നതാണ്‌’

ശേഷം അതേക്കുറിച്ച്‌ ബൈഹഖി പറയുന്നത്‌ കാണുക.

هَذَا مَوْقُوفٌ عَلَى ابْنِ عَبَّاسٍ ، مُسْتَعْمَلٌ عِنْدَ الصَّالِحِينَ مِنْ أَهْلِ الْعِلْمِ لِوُجُودِ صِدْقِهِ عِنْدَهُمْ فِيمَا جَرَّبُوا

‘ഈ ഹദീഥ്‌ ഇബ്നു അബ്ബാസ്‌(റ)വിൽ മൗഖൂഫ്‌ ആണ്‌. എന്നാൽ ഈ ഹദീഥിനെ ആസ്പദമാക്കി അഹ്„ലുസ്സുന്നഃയിലെ ഉലമാക്കൾ, അവർക്ക്‌ അദ്ദേഹത്തിൽ പരിചയിച്ചറിഞ്ഞ സത്യസന്ധത കണക്കിലെടുത്തുകൊണ്ട്‌ അമല്‌ ചെയ്യുകയും ചെയ്തിരിക്കുന്നു’.

ഇവിടെ നാം മുജാഹിദുകൾ, സലഫികളെന്നവകാശപ്പെടുന്നവർ… സഹോദരൻമാരെ, സഹോദരിമാരെ, അല്ലാഹു അനുഗ്രഹിച്ച്‌ നൽകിയ കണ്ണും കാതും ഹൃദയവും നിങ്ങൾ തുറന്നിടുക. ചിന്തിക്കുക. ശിർക്കുള്ള ഒരു പ്രാർത്ഥന നമ്മുടെ ഇമാമീങ്ങൾ സഹായതേട്ടത്തിനായി ഉപയോഗിക്കുമെന്നും അതിന്‌ ഫലമുണ്ടെന്ന്‌ അവകാശപ്പെടുമെന്നും നമുക്ക്‌ കരുതുവാനാവുമോ? ഇനി അങ്ങനെ ഏതാനും പേർ അവകാശപ്പെട്ടു എന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിക്കുക. അങ്ങനെയൊരു പിഴച്ച രീതിയെ പ്രോൽസാഹിപ്പിക്കുവാൻ ഇമാം ബൈഹഖി അദ്ദേഹത്തിന്റെ തൂലിക ചലിപ്പിക്കുമെന്ന്‌ നാം വിശ്വസിക്കേണമോ? അല്ലാഹുവിൽ ശരണം.

ബഹുമാനപ്പെട്ട പണ്ഡിതൻമാരേ… പണ്ഡിതസഭകളേ… പ്രബോധകൻമാരേ… നേതാക്കൻമാരേ… നിങ്ങൾ സ്വീകരിച്ചിരിക്കുന്ന ഈ ശിർക്ക്‌ ആരോപണത്തിന്റെ ഗൗരവം ഓർക്കുമ്പോൾ സാധാരണക്കാരായ നമ്മുടെ മനസ്സുകൾ പോലും കിടിലം കൊള്ളുന്നു… അരുത്‌… ഇനിയും സമയം അധികരിച്ചിട്ടില്ല. തിരിഞ്ഞു നടക്കുക. അഹ്„ലുസ്സുന്നയുടെ പാതയിലേക്ക്‌… സലഫുകളുടെ പാതയിലേക്ക്‌… റഹ്മാനായ റബ്ബ്‌ തുണയാവട്ടെ. (ആമീൻ)

3. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റഹി) യുടെ വാക്കുകളെ ക്രോഡീകരിച്ച الكلم الطيب والعمل الصالح എന്ന ഗ്രന്ഥത്തിൽ فصل في الدابة تنفلت എന്ന അദ്ധ്യായത്തിൽ ഈ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നു.

4. ഇബ്നുൽ ഖയ്യിം(റഹി) അദ്ദേഹത്തിന്റെ الوابل الصيب من الكلم الطيب എന്ന ഗ്രന്ഥത്തിൽ الفصل السابع والثلاثون في الدابة إذا انفلتت وما يذكر عند ذلك എന്ന അദ്ധ്യായത്തിൽ ഇത്‌ ഉൾക്കൊള്ളിച്ചിരിക്കുന്നു.

5. ഇബ്നു അസാകീർ(റഹി) تاريخ دمشق എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലാഹ്‌ ബിൻ അഹ്മദ്‌ ബിൻ ഹമ്പൽ(റഹി)യിൽ നിന്നും അദ്ദേഹത്തിന്റെ പിതാവായ ഇമാം അഹ്മദ്‌(റഹി)ക്കുണ്ടായ അനുഭവം രേഖപ്പെടുത്തിയത്‌ കാണുക.

أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، أنا أَحْمَدُ بْنُ سَلْمَانَ الْفَقِيهُ، بِبَغْدَادَ، أنا عَبْدُ اللهِ بْنُ أَحْمَدَ بْنِ حَنْبَلٍ، قَالَ: سَمِعْتُ أَبِي، يَقُولُ: حَجَجْتُ خَمْسَ حِجَجٍ، اثْنَتَيْنِ رَاكِبًا، وَثَلَاثَ مَاشِيًا، أَوْ ثَلَاثَ رَاكِبًا، وَاثْنَتَيْنِ مَاشِيًا، فَضَلَلْتُ الطَّرِيقَ فِي حَجَّةٍ، وَكُنْتُ مَاشِيًا فَجَعَلْتُ أَقُولُ: يَا عِبَادَ اللهِ، دُلُّونِي عَلَى الطَّرِيقِ ” قَالَ: فَلَمْ أَزَلْ أَقُولُ ذَلِكَ حَتَّى وَقَفْتُ عَلَى الطَّرِيقِ،

അബ്ദുള്ള(റഹി) അദ്ദേഹത്തിന്റെ പിതാവായ ഇമാം അഹ്മദ്‌(റഹി)യിൽ നിന്നും ഇപ്രകാരം കേട്ടതായി വിവരിക്കുന്നു. ‘ഞാൻ അഞ്ച്‌ ഹജ്ജ്‌ ചെയ്തു, മൂന്നു തവണ കാൽ നടയായും രണ്ട്‌ തവണ വാഹനപ്പുറത്തും, അല്ലെങ്കിൽ രണ്ട്‌ തവണ കാൽ നടയായും മൂന്നു തവണ വാഹനപ്പുറത്തും, ഒരിക്കൽ എനിക്ക്‌ യാത്രാവേളയിൽ വഴി തെറ്റുകയുണ്ടായി, അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു കൊണ്ട്‌ നടന്നു: അല്ലാഹുവിന്റെ അടിമകളേ, എനിക്ക്‌ വഴി കാണിച്ചു തന്നാലും… അങ്ങിനെ ഞാനിത്‌ പറഞ്ഞുകൊണ്ടിരിക്കുകയും നേരായ വഴിയിലെത്തുകയും ചെയ്തു…’

മേൽപ്പറഞ്ഞ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റഹി) ആവട്ടെ, ഇബ്നുൽ ഖയ്യിം(റഹി) ആവട്ടെ, ഇമാമുസ്സുന്നഹ്‌ എന്ന്‌ മുസ്ലിം ലോകം വിശേഷിപ്പിക്കുന്ന ഇമാം അഹ്മദ്‌(റഹി) ആവട്ടെ… അദ്ദേഹത്തിന്റെ മകനും പണ്ഡിതനുമായ അബ്ദുല്ലാഹ്‌ ഇബ്നു അഹ്മദ്‌(റഹി) ആവട്ടെ… ‘യാ ഇബാദല്ലാഹ്‌ അഈനൂനീ…’ എന്ന വിളിയിൽ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നതിന്‌ സമാനമായ ശിർക്ക്‌ ഉണ്ടെന്ന്‌ ഈ മഹാൻമാർക്കൊന്നും മനസ്സിലായില്ലെന്നും നമ്മുടെ മലയാളക്കരയിൽ ഈ കാലത്ത്‌ ജീവിക്കുന്ന ഏതാനും സലഫിമാർക്കും സുല്ലമിമാർക്കും സ്വലാഹിമാർക്കും മദനിമാർക്കും ഒക്കെയാണ്‌ ഇപ്പോൾ തൗഹീദിന്റെ ഈ മഹാപ്രാപഞ്ചികരഹസ്യം വെളിവായതെന്നും… നാം വിശ്വസിക്കണമെന്നാണോ…? അല്ലാഹുവിൽ ശരണം. ഇവിടെ നാം മുജാഹിദുകൾ, സലഫികളെന്നവകാശപ്പെടുന്നവർ… സഹോദരൻമാരെ, സഹോദരിമാരെ, അല്ലാഹു അനുഗ്രഹിച്ച്‌ നൽകിയ കണ്ണും കാതും ഹൃദയവും നിങ്ങൾ തുറന്നിടുക. ചിന്തിക്കുക.

6. അടുത്തതായി ഇമാം ശൗകാനി(റഹി) അദ്ദേഹത്തിന്റെ تحفة الذاكرين എന്ന പ്രസിദ്ധകൃതിയിൽ പറയുന്നത്‌ പരിശോധിക്കാം.

وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت

‘മനുഷ്യന്‌ കാണാൻ കഴിയാത്ത അല്ലാഹുവിന്റെ അടിമകളായ മലക്കുകളിലും മുസ്ലിം ജിന്നുകളിലും പെട്ടവരോട്‌, സഹായം തേടുന്നതിന്‌ ഈ ഹദീഥിൽ തെളിവുണ്ട്‌. വിജനപ്രദേശത്ത്‌ വാഹനമൃഗം നഷ്ടപ്പെടുകയോ കണ്ടെത്തുകയോ ചെയ്താൽ ആദമിന്റെ സന്തതികളോട്‌ സഹായം ചോദിക്കുന്നത്‌ മനുഷ്യന്‌ അനുവദനീയമാണെന്ന പോലെ അതിൽ (ഇപ്രകാരമുള്ള സഹായതേട്ടത്തിൽ) തെറ്റില്ല…’

ഇവിടെ സ്വാഭാവികമായും കണ്ണ്‌ കൊണ്ട്‌ കാണാൻ കഴിയാത്തവയോടുള്ള സഹായതേട്ടം ശിർക്ക്‌ ആവില്ലേ എന്ന സംശയം ബാക്കി നിൽക്കുന്നു. ഈ വിഷയത്തിൽ ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബിന്റെ പൗത്രനും പ്രസിദ്ധ സലഫി പണ്ഡിതനുമായ അല്ലാമാ സുലൈമാൻ ബിൻ മുഹമ്മദ്‌ ബിൻ അബ്ദുല്ലായുടെ (ഹിജ്‌റ:1233) വാക്കുകൾ നമുക്ക്‌ ഉപകാരപ്പെടുന്നതാണ്‌. ‘യാ ഇബാദല്ലാഹ്‌…’ എന്ന ഹദീഥിന്റെ വിശദീകരണത്തിന്‌ ശേഷം അദ്ദേഹം പറയുന്നു.

وبتقدير ثبوته لا دليل فيه لأن هذا من دعاء الحاضر فيما يقدر عليه كما قال فإن لله في الأرض حاضرا سيحبسه عليكم

ഈ ഹദീഥ്‌ ‘സ്വഹീഹാണെന്ന്‌ വന്നാൽ തന്നെയും’ ഇതിൽ അതിന്‌ (മരിച്ചവരെ വിളിച്ചു തേടാനോ, മറഞ്ഞു നിൽക്കുന്നുവെന്ന്‌ സൂഫികൾ അവകാശപ്പെടുന്ന രിജാലുൽ ഗൈബിനെ വിളിക്കുവാനോ) തെളിവില്ല. എന്തെന്നാൽ ഇത്‌ ‘നിശ്ചയമായും ഭൂമിയിൽ അല്ലാഹുവിന്‌ ചില അടിമകളുണ്ട്‌‚ അവർ നിങ്ങളെ സഹായിക്കും’ എന്ന്‌ പറഞ്ഞതു പോലെ, സഹായിക്കാൻ കഴിവുള്ള ഹാജരുള്ളവരോട്‌ ചോദിക്കുന്ന ഒരു വിളിയിൽപെട്ടതാണ്‌.1

7. മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബിന്റെ ശിഷ്യനും പണ്ഡിതനുമായ ഹമ്മാദ്‌ ബിൻ നാസർ അൽ മുഅമ്മറിന്റെ(റഹി) വാക്കുകൾ പരിശോധിക്കാം.

أن يقال: إن صح الحديث فلا دليل فيه على دعاء الميت والغائب؛ فإن الحديث ورد في أذكار السفر; ومعناه: أن الإنسان إذا انفلتت دابته وعجز عنها، فقد جعل الله عبادا من عباده الصالحين، أي صالحي الجن أو الملائكة،

‘ഈ ഹദീഥ്‌ സ്വഹീഹ്‌ ആയാൽ തന്നെയും മരിച്ചവരോടോ, മറഞ്ഞവരോടോ പ്രാർത്ഥിക്കുവാൻ ഇതിൽ തെളിവില്ല. കാരണം യാത്രാവേളകളിലെ ദിക്‌റുകളുടെ അദ്ധ്യായത്തിലാണ്‌ ഇവ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌ ഒരു മനുഷ്യന്‌ തന്റെ വാഹനമൃഗം നഷ്ടപ്പെടുകയും അതിനെ കണ്ടെത്താൻ കഴിയാതിരിക്കകയും ചെയ്താൽ (അത്തരക്കാർക്കായി) അല്ലാഹു, അവന്റെ സ്വാലിഹുകളായ അടിമകളെ നിശ്ചയിച്ചിട്ടുണ്ട്‌, അതായത്‌ സ്വാലിഹുകളായ ജിന്നുകളെ അല്ലെങ്കിൽ മലക്കുകളെ.’

പിന്നീട്‌ അദ്ദേഹം തുടരുന്നു:

فإن هؤلاء عباد لله أحياء، قد جعل الله لهم قدرة على ذلك، كما جعل الله للإنس. فهو ينادي من يسمع ويعين بنفسه ويرى بعينه، كما ينادي أصحابه الذين معه من الإنس. فأين هذا من الاستغاثة بأهل القبور؟! بل هذا من جنس ما يجوز طلبه من الأحياء ما يقدر عليه

‘ഇവർ ജീവിച്ചിരിക്കുന്ന അല്ലാഹുവിന്റെ അടിമകളാണ്‌. അല്ലാഹു മനുഷ്യർക്ക്‌ കഴിവ്‌ നൽകിയതുപോലെ അവർക്കും അതിന്‌ കഴിവ്‌ നൽകിയിട്ടുണ്ട്‌. മനുഷ്യൻ വഴിമദ്ധ്യേ സഹായത്തിന്‌ വിളിച്ചു തേടുമ്പോൾ, കണ്ണുകൊണ്ട്‌ അയാളെ കാണുകയും കേൾക്കുകയും ചെയ്യുന്ന അവർ സഹായിക്കുന്നതാണ്‌, തന്നോടൊപ്പമുള്ള മനുഷ്യരിൽപെട്ട ഒരാളോട്‌ അയാൾ സഹായം തേടുന്നത്‌ പോലെ. ഖബറാളികളോടുള്ള വിളിച്ചു തേട്ടത്തിന്‌ ഇതിൽ എവിടെയാണ്‌ തെളിവ്‌ കാണാനാവുക? മറിച്ച്‌, സഹായിക്കാൻ കഴിവുള്ള ജീവിച്ചിരിക്കുന്നവരോട്‌ സഹായം നടത്തുന്നത്‌ അനുവദനീയമെന്നത്‌ പോലെ മാത്രമേ ഇതിനെ കണക്കാക്കേണ്ടതുള്ളു’.

8. അടുത്തതായി ശൈഖ്‌ അല്ലാമാ അബ്ദുല്ലാഹ്‌ ബിൻ അബ്ദുൾ റഹ്മാൻ ബിൻ അബാ ബുത്തെയ്‌ (റഹി) ഹിജ്‌റ 1282, തന്റെ الدرر السنية എന്ന കൃതിയിൽ ഇതേക്കുറിച്ച്‌ പറയുന്നത്‌ പരിശോധിക്കാം.

إن كان الحديث صحيحا – أن النبي صلى الله عليه وسلم لا يأمر من انفلتت دابته أن يطلب ردها، وينادي من لا يسمع ولا يقدر على ردها، بل نقطع أنه إنما أمره أن ينادي من يسمعه، وله قدرة على ذلك، كما ينادي الإنسان أصحابه

‘ഈ ഹദീഥ്‌ സ്വഹീഹാണെന്ന്‌ കരുതിയാൽ തന്നെയും പ്രവാചകൻ(സ്വ), കേൾക്കുവാൻ സാധിക്കാത്തവരെയോ, കേൾക്കുന്നവന്റെ കഴിവിൽപ്പെടാത്തതോ ആയ ഒരു കാര്യത്തിനായി ഇപ്രകാരം സഹായത്തിന്‌ വിളിച്ചർത്ഥിക്കണമെന്ന്‌ കൽപ്പിക്കുമെന്ന്‌ കരുതാവുന്നതല്ല. മറിച്ച്‌ ഒരു വ്യക്തി തന്നോടൊപ്പം യാത്ര ചെയ്യുന്ന മറ്റൊരാളെ വിളിക്കുന്നതിന്‌ സമാനമായ തന്റെ ശബ്ദം കേൾക്കുന്ന പരിധിയിലുള്ള, സഹായം നൽകാൻ കഴിവുള്ള അല്ലാഹുവിന്റെ അടിമകളെയാണ്‌ തിരുമേനി ഉദ്ദേശിച്ചിരിക്കുക എന്ന്‌ വേണം കരുതാൻ.’

തുടർന്നദ്ദേഹം പറയുന്നു:

ودل عليه قوله: “فإن لله حاضرا”، تبين لك ضلال من استدل به على دعاء الغائبين والأموات، الذين لا يسمعون ولا ينفعون ولا يضرون

‘നിശ്ചയമായും അല്ലാഹുവിന്‌ ചില ഹാജറുള്ളവർ (അടിമകൾ) ഉണ്ട്‌’ എന്ന ഹദീഥ്‌ തെളിവായി ഉദ്ധരിച്ചത് അദൃശ്യരും മരണപ്പെട്ടവരുമായ, കേൾക്കാനാവാത്ത, ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത, ആളുകളോട്‌ വിളിച്ചു തേടുന്നതിനു തെളിവു പിടിക്കുന്ന ആളുകളുടെ വഴികേട്‌ നിനക്ക്‌ വിശദീകരിച്ചു തരുവാനും വേണ്ടിയാണ്‌.’

ഇപ്രകാരം അനേകം പണ്ഡിതൻമാർ കാലാകാലങ്ങളിലായി ഈ ഹദീഥിനെ ചർച്ച ചെയ്ത വേളകളിലെല്ലാം ഇവരിലൊരാൾ പോലും ഇതിന്റെ ഉള്ളടക്കത്തിൽ ശിർക്കിന്റെ അംശം പോലും അടങ്ങിയതായി സൂചിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, ഇതിന്റെ തെളിവ്‌ പിടിച്ച്‌ ഖുബൂരികളും സൂഫികളും തങ്ങളുടെ ശിർക്കൻ പ്രവണതകളെ സാധൂകരിക്കുന്നതിനെ ശക്തമായി ഖണ്ഡിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌.

ഇനിയും ചില പണ്ഡിതൻമാരുടെ വാക്കുകൾ കൂടി കാണുക:

9. ഖുബൂരികളുടെ ശൈഖായ അഹ്മദ്‌ ബിൻ സൈനി അദ്ദഹ്”ലാന്റെ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട്‌ അല്ലാമാ സൈദ്‌ ബിൻ ആല്‌ സുലൈമാൻ(റഹി)-ഹിജ്‌റ1300, فتح المنان في نقض شبه الضال അദ്ദേഹത്തിന്റെ എന്ന കൃതിയിൽ പറയുന്നു:

وبتقدير ثبوته لا دليل فيه لأن هذا من دعاء الحاضر فيما يقدر عليه كما قال فإن لله في الأرض حاضرا سيحبسه عليكم

‘ഈ ഹദീഥ്‌ സ്വഹീഹാണെന്ന്‌ കരുതിയാൽ തന്നെയും അതിന്‌ (സൂഫികൾ അവകാശപ്പെടുന്നത്‌ പോലെ മരിച്ചവരെയോ പരിസരത്ത്‌ ഹാജരില്ലാത്ത മറഞ്ഞവരെയോ വിളിച്ചു തേടാൻ) ഇതിൽ തെളിവില്ല. എന്തെന്നാൽ ഇത്‌ ‘നിശ്ചയമായും ഭൂമിയിൽ അല്ലാഹുവിന്‌ ചില അടിമകളുണ്ട്‌‚ അവർ നിങ്ങളെ സഹായിക്കും’ എന്ന്‌ പറഞ്ഞതു പോലെ, സഹായിക്കാൻ കഴിവുള്ള ഹാജരുള്ളവരോട്‌ ചോദിക്കുന്ന ഒരു വിളിയിൽപെട്ടതാണ്‌.’ 1

10. അല്ലാമാ ബശീർ സഹ്സ്വാനി (റഹി) അദ്ദേഹത്തിന്റെ സിയാനതുൽ ഇൻസാൻ എന്ന പ്രസിദ്ധ കൃതിയിൽ പറയുന്നു.

وعلى تقدير الحديث فالثابت منه جواز نداء الأحياء أو طلب ما يقدرون عليه ..

‘ഈ ഹദീഥ്‌ സ്വഹീഹ്‌ ആണെന്ന്‌ നാം കരുതുകയാണെങ്കിൽ, ജീവിച്ചിരിക്കുന്നവരും ചോദിക്കപ്പെടുന്ന വിഷയത്തിൽ സഹായിക്കാൻ കഴിവുള്ളവരോടുമുള്ള സഹായതേട്ടം അനുവദനീയമാണെന്നാണ്‌ ഇത്‌ കൊണ്ട്‌ തെളിയുന്നത്‌.’

11. ഇബ്നുൽ ഖയ്യിമിന്റെ كتاب نونية ക്ക്‌ ശറഹ്‌ എഴുതിയ പണ്ഡിതനാണ്‌ അഹ്മദ്‌ ബിൻ ഇബ്രാഹിം ബിൻ ഈസാ(റഹി) – ഹിജ്‌റ 1328. അദ്ദേഹത്തിന്റെ الرد على شبهات المستعينين بغير الله എന്ന ഗ്രന്ഥത്തിൽ ഇതേക്കുറിച്ച്‌ പരാമർശിച്ചതു കാണുക.

الوجه الثاني: أن يقال: على تقدير صحته، معناه: أن الإنسان إذا انفلتت دابته، وعجز عنها، فقد جعل الله عبادا من الملائكة، أو صالحي الجن،

‘രണ്ടാമത്തെ കാഴ്ച്ചപ്പാട്‌: ഈ ഹദീഥ്‌ സ്വഹീഹാണെന്ന്‌ കരുതിയാൽ… അഥവാ ഒരാൾക്ക്‌ തന്റെ വാഹനമൃഗത്തെ നഷ്ടപ്പെടുകയും അത്‌ കണ്ടെത്താനാവാതെ വിഷമിക്കുകയും ചെയ്യുമ്പോൾ, അല്ലാഹു മലക്കുകളെയോ സ്വാലിഹായ ജിന്നുകളെയോ അയാളെ സഹായിക്കാൻ നിയോഗിക്കുന്നതാണ്‌.’

الوجه الثاني: أن يقال: على تقدير صحته، معناه: أن الإنسان إذا انفلتت دابته، وعجز عنها، فقد جعل الله عبادا من الملائكة، أو صالحي الجن،

‘കാരണം അവർ അല്ലാഹുവിന്റെ ജീവിച്ചിരിക്കുന്ന, ആ പരിസരത്ത്‌ ഹാജരുള്ള അടിമകൾ ആണ്‌, അല്ലാഹു അവക്ക്‌ അതിനുള്ള കഴിവ്‌ നൽകുകയും ചെയ്തിരിക്കുന്നു. ഓടി വരണേ… (മണ്ട്യേര്യോ…) എന്റെ വാഹനമൃഗം കണ്ടുപിടിച്ചു കൊണ്ടുതരണേ… എന്നൊരാൾ വിഷമഘട്ടത്തിൽ വിളിക്കുന്നപോലെ…’

ഇനിയും അനേകം പണ്ഡിതൻമാർ ഈ വിഷയത്തിൽ സമാനമായ പ്രമാണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. സ്ഥലപരിമിതി മൂലം വിസ്തരിക്കുന്നില്ല.

12. അവസാനമായി ശൈഖ്‌ ഇബ്നു ബാസിന്‌ സമശീർഷകനായ വിഖ്യാത പണ്ഡിതനായിരുന്നു അല്ലാമാ സുലൈമാൻ ബിൻ സഹ്മാൻ(റഹി) ഹിജ്‌റ 1349. സിറിയൻ സൂഫീവര്യനായ അഹ്മദ്‌ ബാഷയെ ഖണ്ഡിച്ചു കൊണ്ട്‌ അദ്ദേഹമെഴുതിയ كشف غياهب الظلام عن أوهام جلاء الأفهام എന്ന കൃതിയിൽ ഈ ഹദീഥ്‌ ദുർബ്ബലമാണെന്ന്‌ സ്ഥാപിച്ചു കൊണ്ട്‌ തന്നെ അദ്ദേഹം തുടർന്നെഴുതുകയാണ്‌.2

وعلى تقدير صحتها فليس فيه إلا نداء الأحياء والطلب منهم ما يقدر هؤلاء الأحياء

‘ഈ ഹദീഥ്‌ സ്വഹീഹ്‌ ആണെന്ന്‌ നാം കരുതുകയാണെങ്കിൽ തന്നെയും ഇതിൽ ജീവിച്ചിരിക്കുന്നവരോട്‌ അവരുടെ കഴിവിൽപ്പെട്ട എന്തെങ്കിലും ചോദിക്കുന്നു എന്നതല്ലാതെ മറ്റൊന്നും തന്നെ ഇല്ല’.

فإن قيل إن عباد الله المذكورين غائبون وأنتم تمنعون من دعاء الأموات والغائبين. فالجواب أن نقول: هؤلاء ليسوا بغائبين وعدم رؤيتهم لا يستلزم غيبتهم فإنا لا نرى الحفظ ومع ذلك فهم حاضرون ولا نرى الجن ومع ذلك فهم حاضرون وكذلك الشياطين والهواء ونحو ذلك فإن علة الرؤية ليس هو الوجود فقط وأيضاً فإن الأسباب الظاهرة العادية ولا خلاف بين أهل العلم في جوازها فلا حجة لهم في هذا الحديث ولا متعلق لهم فيه بوجه من الوجوه والله أعلم.

‘ഇവിടെ, അല്ലാഹുവിന്റെ അടിമകൾ എന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്തവരാണെന്ന്‌ വന്നാൽ, നിങ്ങൾ (സലഫികൾ) മരിച്ചവരെയും മറഞ്ഞവരെയും വിളിച്ചു തേടുന്നത്‌ വിരോധിക്കുന്നവരാണല്ലോ എന്ന്‌ പറയുന്നവരോട്‌ നമുക്കുള്ള മറുപടി ഇതാണ്‌.3 ഇവർ (അല്ലാഹുവിന്റെ അടിമകൾ എന്ന ഹദീഥിൽ വിശേഷിപ്പിക്കപ്പെട്ടവർ) അവിടെ ഹാജരില്ലാത്തവരല്ല. (അവർ നിശ്ചയമായും ആ പരിസരത്തിൽ സന്നിഹിതരാണ്). മനുഷ്യന്റെ കണ്ണുകൾ കൊണ്ട്‌ കാണാൻ സാധിക്കുന്നില്ല എന്നത്‌ കൊണ്ട്‌ മാത്രം അവർ സ്ഥലത്തില്ലെന്ന്‌ പറയാവതല്ല. ഉദാഹരണത്തിന്‌ നാം മലക്കുകളെ കാണുന്നില്ലെങ്കിലും അവർ നമുക്ക്‌ സംരക്ഷകരായി നമ്മോടൊപ്പം ഉണ്ടെന്നത്‌ പോലെ, ജിന്നുകളെ നാം കാണുന്നില്ലെങ്കിലും അവർ നമ്മുടെ അടുത്ത്‌ ഉണ്ടാവാറുണ്ടെന്നത്‌ പോലെ… ശൈത്വാന്റെ കാര്യവും അപ്രകാരം തന്നെ. ഈ വിഷയത്തിൽ അഹ്„ലുൽ ഇൽമിന്റെ ആളുകൾക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. എന്നിരുന്നാലും അപ്രകാരം വിളിക്കുവാൻ ഈ ഹദീഥിലോ ഇതുമായി ബന്ധപ്പെട്ട മറ്റു വല്ലതിലുമോ സ്വീകാര്യമായ നിലയിൽ തെളിവ്‌ പിടിക്കാവുന്നതുമല്ല.’

അദ്ദേഹത്തിന്റെ الصواعق المرسلة الشهابية على الشبه الداحضة الشامي എന്ന ഗ്രന്ഥത്തിലും ഈ വിഷയം ഇപ്രകാരം തന്നെ വീണ്ടും വിശദീകരിക്കുന്നത്‌ കാണാം.

ഈ ഹദീഥിൽ പ്രസ്താവിക്കപ്പെട്ട അല്ലാഹുവിന്റെ അടിമകൾ എന്നത്‌ കൊണ്ടുദ്ദേശിക്കപ്പെടുന്നത്‌ മലക്കുകളോ മുസ്ലിം ജിന്നുകളോ ആവാം എന്നത്‌ എവിടെ നിന്നാണ്‌ നിങ്ങൾ കിട്ടിയതെന്ന്‌ പരിഹാസഭാവത്തിൽ ചോദിക്കുന്നവർ… ഇവിടെ എടുത്തു പറഞ്ഞതും അല്ലാത്തതുമായ എത്രയോ ഇമാമീങ്ങളെയും പണ്ഡിതൻമാരെയുമാണ്‌ അവഹേളിക്കുന്നതെന്ന്‌ എന്തു കൊണ്ട്‌ മനസ്സിലാക്കുന്നില്ല! മേലുദ്ധരിച്ച അഹ്„ലുസ്സുന്നയുടെ പ്രഗത്ഭ പണ്ഡിതൻമാരുടെ ഇബാറത്തുകളിലോ ഗ്രന്ഥങ്ങളിലോ ഒന്നും തന്നെ ഈ ഹദീസിന്റെ മത്നിൽ ശിർക്കുണ്ടെന്ന്‌ ഒരാളെങ്കിലും രേഖപ്പെടുത്തിയതായി കാണുവാൻ കഴിയില്ലെന്നിരിക്കെ, ഇവിടെ നാം മുജാഹിദുകൾ, സലഫികളെന്നവകാശപ്പെടുന്നവർ… സഹോദരൻമാരെ, സഹോദരിമാരെ, അല്ലാഹു അനുഗ്രഹിച്ച്‌ നൽകിയ കണ്ണും കാതും ഹൃദയവും നിങ്ങൾ തുറന്നിടുക. ചിന്തിക്കുക.

ആർക്ക്‌ വേണ്ടിയാണ്‌ ഇസ്ലാം ദീനിന്റെ ഉസൂലുകളെ നാം മാറ്റി മറിക്കുന്നത്‌? ആരുടെ താത്പര്യം സംരക്ഷിക്കുവാനാണ്‌ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും താത്പര്യത്തിന്‌ നാം കത്തി വെക്കാൻ ശ്രമിക്കുന്നത്‌? ആരുടെ ഔദാര്യത്തിന്‌ വേണ്ടിയാണ്‌ നമ്മുടെ മതപരമായ ധർമ്മം, സത്യത്തിന്‌ വേണ്ടി നിലകൊള്ളുക എന്നത്‌ നാം മാറ്റി വെക്കുന്നത്‌? ഒരു പരീക്ഷണഘട്ടം നേരിടുമ്പോൾ ഞാനൊരാളുടെ ഭാഗത്തുമില്ലെന്ന്‌ പറഞ്ഞ്‌ കൊണ്ട്‌, സത്യവും അസത്യവും എന്താണെന്ന്‌ വേർതിരിച്ചു മനസ്സിലാക്കാൻ ശ്രമിക്കാതെ മാളങ്ങളിലേക്ക്‌ ചേക്കേറുന്നവർ, പണ്ഡിതൻമാരാവട്ടെ, പാമരൻമാരാവട്ടെ… നിങ്ങളുടെ മഹീശത്തിന്‌ വേണ്ടി ഈ ഭൂമിയിൽ അല്ലാഹു നൽകിയ ഭൗതിക വിഭവങ്ങളാർജ്ജിക്കുവാൻ നിങ്ങൾക്ക്‌ ബുദ്ധിയുണ്ടെങ്കിൽ നാളെ റബ്ബിന്റെ കോടതിയിൽ ഈ ബുദ്ധി ദീനിന്റെ വിഷയം പഠിക്കുവാൻ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിന്നതിനെക്കുറിച്ച്‌ ചോദ്യം ചെയ്യപ്പെടില്ലെന്ന്‌ കരുതി നിർഭയരായിരിക്കുകയാണോ നിങ്ങൾ? അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ (ആമീൻ).

ഈ ലേഖനത്തിന്റെ സാരവും സന്ദേശവും സംക്ഷിപ്തമായി ഇപ്രകാരം ഉപസംഹരിക്കാവുന്നതാണ്‌. സാന്ദർഭികമായി, ഈ നൂറ്റാണ്ടിലെ പ്രഗത്ഭ സലഫി പണ്ഡിതനായിരുന്ന ശൈഖ്‌ സ്വാലിഹ്‌ ഇബ്നു ഉഥൈമീനിന്റെ (റഹി) വാക്കുകൾ ഇവിടെ അനുസ്മരിച്ചു കൊള്ളട്ടെ.

‘استدل ثم أعتقد ولا تعتقد ثم تستدل فتضل“

‘തെളിവ്‌ (പ്രമാണം) നോക്കിയാണ്‌ നിന്റെ വിശ്വാസം കരുപ്പിടിപ്പിക്കേണ്ടത്‌. അല്ലാതെ വിശ്വാസം മനസ്സിലുറപ്പിച്ച്‌ അതിന്റെ തെളിവന്വേഷിച്ച്‌ നടക്കുകയല്ല വേണ്ടത്‌. അങ്ങനെ ചെയ്താൽ സൻമാർഗ്ഗത്തിൽ നിന്നും നീ വഴിപിഴച്ചു പോകുന്നതാണ്‌.’

യാ ഇബാദല്ലാഹ്‌… എന്ന ഹദീഥിന്റെ വിഷയത്തിൽ ആരുടെയോ താത്പര്യത്തെ മുൻനിർത്തി തങ്ങളുടെ വാദമുഖങ്ങൾക്ക്‌ തെളിവന്വേഷിക്കുന്നവർക്ക്‌ സംഭവിച്ചതും ഈ വഴികേട്‌ തന്നെയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌, ശൈഖ്‌ അൽബാനിയെപ്പോലുള്ള, ശൈഖ്‌ ഇബ്നു ബാസിനെപ്പോലുള്ളവരുടെ പ്രമാണങ്ങളിലൂടെ പോലും സത്യത്തെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയും തങ്ങളുടെ വാദമുഖങ്ങളെ സ്ഥാപിക്കുവാൻ വാക്കുകൾ കൊണ്ട്‌ തിരിമറി നടത്തുകയും ചെയ്യുന്ന പരിതാപകരമായ അവസ്ഥയിലേക്ക്‌ നമ്മുടെയിടയിലുള്ള പണ്ഡിതന്മാർ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവർ പോലും ചെന്നെത്തി നിൽക്കുന്നത്‌.

‘യാ ഇബാദല്ലാഹ്‌ അഈനൂനീ’ എന്ന്‌ വിളിച്ചു തേടണമെന്ന്‌ ഇവിടെ ഒരൊറ്റ മുജാഹിദിനും വാദമില്ല. ശിർക്കിന്റെ താപ്പാൻമാരായ കേരളത്തിലെ ഖുറാഫികളെ അഭിസംബോധന ചെയ്യുമ്പോൾ ഒരു തത്വം പഠിപ്പിക്കുവാൻ അതിന്റെ ഇസ്ലാമികമായ ഹുക്മ്‌ പണ്ഡിതൻമാരുടെ കിതാബുകളെ ആസ്പദമാക്കി വിശദീകരിച്ചുവെന്നതിൽ കവിഞ്ഞ്‌ യാതൊരു വിഷയവും ഇവിടെ നടന്നിട്ടില്ല. അങ്ങനെ ആരെങ്കിലും വാദിക്കുന്നുവെന്ന്‌ അവകാശപ്പെടുന്നവർ വ്യക്തമായ തെളിവ്‌ ഹാജരാക്കുവാൻ ബാധ്യസ്ഥരാണ്‌. അല്ലാത്ത പക്ഷം ഇതിന്റെ പേരിൽ ആരെങ്കിലും ശിർക്കാരോപിച്ചു നടക്കുന്നുവെങ്കിൽ ഓർക്കുക, നിങ്ങൾ നൂറ്റാണ്ടുകളോളമുള്ള അഹ്„ലുസ്സുന്നയിലെ മുസ്ലിം ഉമ്മത്തിന്റെ നേർക്കാണ്‌ വിഷം പുരട്ടിയ ശരവർഷം നടത്തുന്നത്‌. ഇതിന്റെ ഗൗരവം ഉലമാക്കളോട്‌ ചോദിച്ചു മനസ്സിലാക്കി എത്രയും പെട്ടെന്ന്‌ ഈ ഹീനകൃത്യത്തിൽ നിന്നും പശ്ചാത്തപിച്ച്‌ മടങ്ങുക, വിരമിക്കുക. അല്ലാഹു തൗഫീഖ്‌ നൽകുമാറാകട്ടെ… (ആമീൻ)

മുൻഗാമികളായ പണ്ഡിതൻമാർ ഈ ഹദീഥ്‌ സ്വഹീഹാണെന്ന ധാരണയിൽ ഒറ്റപ്പെട്ട അനുഭവങ്ങളുണ്ടായപ്പോൾ ഇപ്രകാരം അമൽ ചെയ്യുകയും ഫലമുണ്ടാവുകയും ചെയ്തു എന്നതിനെക്കുറിച്ച്‌ അവസാനമായി ഏതാനും കാര്യങ്ങൾ ഉണർത്താതെ ഈ ലേഖനം പൂർത്തിയാവില്ല. ഈ ഹദീഥിനെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിശദീകരിച്ച ഇമാം അഹ്മദിനെപ്പോലുള്ള, ഇമാം നവവിയെപ്പോലുള്ള പണ്ഡിതൻമാർ ഇതിൽ ശിർക്കിന്റെ അംശം പോലും കണ്ടില്ലെന്ന്‌ മാത്രമല്ല, യാത്രയുടെ അദ്ധ്യായത്തിൽ വരുന്ന ഈ ഹദീഥിൽ വന്നിട്ടുള്ള ഇപ്രകാരമുള്ള ഒരു വിളി വിലക്കുന്ന യാതൊരു പ്രമാണവും ഇല്ലെന്നതും ഇതിനെ അനുവദനീയമായ ഒരു വിളിയായിട്ട്‌ മാത്രം കാണുവാൻ അവരെ പ്രേരിപ്പിച്ചതാവാം എന്ന്‌ കരുതുവാനേ വഴിയുള്ളു. എന്തെന്നാൽ വ്യക്തമായി നിരോധനം ഇല്ലെന്ന്‌ തെളിഞ്ഞാൽ പ്രത്യേകമായി അനുവദനീയം എന്നതിന്‌ രേഖയുടെ ആവശ്യമില്ലെന്നത്‌ മുആമാലത്തിന്റെ വിഷയത്തിൽ ഒരു അംഗീകൃതതത്വം ആണ്‌. ഇതുകൊണ്ടുതന്നെയാണ്‌ അഹ്„ലുസ്സുന്നത്തിന്റെ പണ്ഡിതൻമാർ എല്ലാം തന്നെ ഈ ഹദീഥ്‌ സ്വഹീഹ്‌ ആയിരുന്നുവെങ്കിൽ അതിൽ ശിർക്കില്ലെന്ന്‌ ദൃഢസ്വരത്തിൽ ആവർത്തിച്ചത്.

എന്നിരുന്നാലും ഇവിടെ അടിസ്ഥാനപരമായി നാം അടിവരയിട്ടു മനസ്സിലാക്കേണ്ട വസ്തുതയെന്തെന്നാൽ ശറഇൽ ഒരു കാര്യം അനുവദനീയമാണെന്ന്‌ പറയുവാൻ വ്യക്തികളുടെ അനുഭവങ്ങൾ മതിയാവുന്നതല്ല. ഇങ്ങനെ അവകാശപ്പെടുന്നവർ സൂഫികളുടെ കൂട്ടത്തിലും ഖുബൂരികളുടെ കൂട്ടത്തിലും ധാരാളം കണ്ടേക്കാം. തങ്ങളുടെ പിഴച്ച വാദങ്ങളെ പ്രമാണബദ്ധമായി സ്ഥാപിക്കുവാൻ സാധ്യമാവാത്തതിനാലാണ്‌ അവർ ഈ വഴികേട്‌ സ്വീകരിച്ചത്. ഇവിടെയും നമുക്ക്‌ പണ്ഡിതൻമാരുടെ നിലപാട്‌ ഈ വിഷയത്തിലെന്താണെന്ന്‌ പഠിക്കേണ്ടിയിരിക്കുന്നു.

ഇമാം ശൗകാനി(റ)യുടെ വാക്കുകൾ നോക്കുക: ‘സുന്നത്ത്‌ എന്നത്‌ കേവലം വ്യക്തികളുടെ അനുഭവങ്ങളിലൂടെ സഥാപിക്കപ്പെടുന്നതല്ല. പ്രാർത്ഥന സ്വീകരിക്കപ്പെട്ടുവെന്നത്‌ (യാ ഇബാദല്ലാഹ്‌… എന്ന ഹദീഥിനെ സംബന്ധിച്ചാണിത്‌) ഇതിന്റെ സനദിനെ സത്യപ്പെടുത്തുവാൻ പര്യാപ്തമല്ല. ഒരു വ്യക്തി സുന്നത്തിന്റെ മാർഗ്ഗത്തിലൂടെയല്ലാതെ വിളിച്ചാലും അല്ലാഹു ഉത്തരം നൽകിയേക്കാം. എന്തെന്നാൽ അവൻ ഏറെ കരുണ ചൊരിയുന്നവനും കരുണാവാരിധിയുമാകുന്നു. ഒരു വേള, ഇപ്രകാരം പ്രാർത്ഥനക്ക്‌ ഉത്തരം നൽകുന്നത്‌ തന്നെ അല്ലാഹുവിൽ നിന്ന്‌ കൂടുതൽ അകന്ന്‌ പോകുവാൻ ചോദിക്കുന്നവനൊരു പരീക്ഷണമോ ആയിരിക്കാവുന്നതാണ്‌.’ (تحفة الذاكرين)

ഇന്ന്‌ ജീവിച്ചിരിക്കുന്ന സലഫീപണ്ഡിതൻമാരിൽ ഏറ്റവും മുൻനിരയിലുള്ള ശൈഖ്‌ സ്വാലിഹ് അൽ ഫൗസാൻ (حفظه الله) പറയുന്നത്‌ കാണുക: ‘ഇന്നയിന്ന വ്യക്തികൾ അപ്രകാരം പ്രവർത്തിക്കുകയും ഫലം കാണുകയും ചെയ്തുവെന്ന്‌ പറയപ്പെടുന്നത്‌ കൊണ്ട്‌ ഒരു ഹദീഥ്‌ സ്വഹീഹ്‌ ആണെന്ന്‌ പറയുവാൻ പാടുള്ളതല്ല. കാരണം ഒരു പക്ഷെ, അത്‌ ലഭിക്കുക എന്നത്‌ അദ്ദേഹത്തിന്‌ വിധിക്കപ്പെട്ടതായിരുന്നിരിക്കാം. അതല്ലെങ്കിൽ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊരു പരീക്ഷണമായിരുന്നിരിക്കാം. ഒരാളുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുക എന്നത്‌ അതിന്റെ നിവേദനത്തെ സത്യപ്പെടുത്തുന്നതല്ല.’ (المنتقى من فتاوى الفوزان)

ഇവിടെയും ചില അനാവശ്യചോദ്യങ്ങൾ ഉയർന്നു കാണാറുണ്ട്‌. കേരളത്തിലെ ഖുബൂരികളായ എ.പി, ഇ.കെ സുന്നികളോട്‌ അവരുടെ പിഴച്ച ശൈഖൻമാരുടെയും ത്വരീഖത്ത്‌ ഖോജമാരുടെയും വാദങ്ങളെ ഖണ്ഡിക്കുമ്പോൾ നാം എന്നും പറയാറുണ്ടായിരുന്നത്‌ നാം ക്വുർആനിന്റെയും സുന്നത്തിന്റെയും ആളുകളാണെന്നാണ്‌. എന്നാൽ ഇന്ന്‌ നമ്മുടെയിടയിലെ ചിലർ ഇമാം അഹ്മദിനെയും ഇബ്നു തൈമിയയെയുമൊക്കെയാണ്‌ അന്തിമവാക്കായി കാണുന്നത്‌. ഇത്‌ മുജാഹിദുകളുടെ ദഅവത്തിനെ തളർത്തുകയില്ലേ, ഇനി നാം എങ്ങിനയാണ്‌ ഖുറാഫികളോട്‌ സംസാരിക്കുക എന്നൊക്കെയാണ്‌ ഇക്കൂട്ടരുടെ ആശങ്കയും പരിദേവനവും. ഈ വാക്കുകളിൽ അൽപം കാപട്യമില്ലാതില്ല. എന്തെന്നാൽ ഇമാം അഹ്മദിനെയോ ഇബ്നു തൈമിയയെയോ ദീനുൽ ഇസ്ലാമിൽ അന്തിമവാക്കായി ഒരൊറ്റ സലഫിയും അവകാശപ്പെടാറില്ല. അങ്ങനെ അവരെ പിൻപററണമെന്ന്‌ ആ മഹാൻമാർ പോലും പറഞ്ഞിട്ടില്ലെന്നതും അറിയാവുന്നവരാണല്ലോ സലഫികൾ.

ഖുറാഫികളോട്‌ സംസാരിക്കുക, അഥവാ വാദപ്രതിവാദം നടത്തുക എന്നത്‌ ഒരൊറ്റ സലഫി പ്രവർത്തകന്റെയും ആത്യന്തികമായ ലക്ഷ്യമാവരുത്. മറിച്ച്‌, ക്വുർആനും സുന്നത്തും സ്വഹാബികൾ മനസ്സിലാക്കിയത്‌ പോലെ മനസ്സിലാക്കുവാനും സ്വഹാബികളുടെ ഫഹ്മ്‌ അനുസരിച്ച്‌ ദീനീവിഷയങ്ങൾ ഉൾക്കൊള്ളുവാനും അതിന്റെ പ്രചാരകരാവാനും ആയിരിക്കണം സലഫികളുടെ പ്രവർത്തനം. ഖുറാഫികളെ ഹിദായത്തിന്റെ വെളിച്ചത്തിലേക്ക്‌ നയിക്കുവാൻ ഈ സത്യസന്ധമായ പ്രബോധനരീതിയാണ്‌ കൂടുതൽ ഉപകരിക്കുക. അങ്ങനെ വരുമ്പോൾ നാം സത്യത്തിന്റെ അഹ്„ലുകാരായിത്തീരുകയും നമ്മുടെ കാൽക്കീഴിൽ ശിർക്കിന്റെയും ബിദ്‌അത്തുകളുടെയും വൻമതിലുകൾ തകർന്നു വീഴുകയും ചെയ്യുന്നതാണ്‌. ഇതിന്‌ പകരമായി ലോകമാന്യതയും ആളുകളെ ഭയപ്പെട്ടും സത്യത്തിന്റെ മുഖമൊളിപ്പിക്കുവാനുള്ള നമ്മുടെ ഏത്‌ ശ്രമങ്ങളും അല്ലാഹു പരാജയപ്പെടുത്തുകയേ ഉള്ളുവെന്ന്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ ആരും കണ്ടില്ലെന്ന്‌ നടിക്കരുത്‌.

No comments:

Post a Comment