Monday, November 5, 2012

ഒ അബ്ദുല്ല നിന്ദിക്കുന്നത് മുജാഹിദുകളെയോ മുഹമ്മദ് നബിയെയോ…?




ഒ അബ്ദുല്ല നിന്ദിക്കുന്നത് മുജാഹിദുകളെയോ മുഹമ്മദ് നബിയെയോ…?

ഒ അബ്ദുല്ല എന്ന നാമധേയത്തില്‍ തൂലികയുന്തുന്ന ഒരു എഴുത്തുകാരനുണ്ട് കേരളത്തില്‍. പ്രത്യേകിച്ച് പ്രാസ്ഥാനിക ബന്ധങ്ങളൊന്നും നിലവിലില്ലാത്തത് കൊണ്ട്, മരണവീട്ടിലും കല്യാണവീട്ടിലും ആവശ്യമില്ലാതെ അഭിപ്രായം പറയുന്ന ചില കാരണവന്‍മാരെപ്പോലെ ഇദ്ദേഹം ഇടക്കിടെ പത്രങ്ങളിലും ചാനലുകളിലുമെല്ലാം അഭിപ്രായപ്രകടനവുമായി രംഗത്ത് വരാറുണ്ട്. തന്റെ ലേഖനങ്ങളില്‍ വാചകക്കസര്‍ത്ത് കൊണ്ട് വല്ല്യേട്ടനാകാന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ആട് അങ്ങാടിയിലേക്കിറങ്ങിയത് പോലെയാണ്. പച്ചക്കറി വില്‍ക്കുന്നേടത്തും പച്ചമീന്‍ നാറുന്നേടത്തും തുണി തൂക്കിയിടുന്നേടത്തും തുരിശ് വില്‍ക്കുന്നേടത്തുമെല്ലാം അയവിറക്കി എത്തി നോക്കാറുണ്ട് അങ്ങാടിയില്‍ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ആടുകള്‍. അവിടെ പ്രത്യേകിച്ച് കാര്യമുണ്ടായിട്ടോ അങ്ങാടിനിലവാരത്തിന്റെ അവസ്ഥയറിഞ്ഞിട്ടോ അല്ല ആ അലഞ്ഞ്തിരിയല്‍. വൈകുന്നേരം കൂടണയണമെന്നല്ലാതെ പ്രത്യേകിച്ചൊരു പണിയുമില്ലാത്ത ജീവിയാണ് ആട് എന്നത് കൊണ്ടാണത്. ഈ ആടിന്റെ തനിപ്പകര്‍പ്പാണ് ചിലപ്പോഴെങ്കിലും ഒ അബ്ദുല്ല എന്ന നേര് വിളിച്ച് പറയണമെന്ന് വിചാരിച്ചിട്ട് നാളേറെയായി. ‘ഒ’ എന്ന് ഇംഗ്ളീഷില്‍ എഴുതിയാല്‍ ‘വട്ടപ്പൂജ്യം’ എന്നും വായിക്കാവുന്നതാണ്. സത്യത്തില്‍ പല വിഷയങ്ങളോടുമുള്ള അബ്ദുല്ല സാഹിബിന്റെ സമീപനം കണ്ടാല്‍ ആ വിഷയത്തിന്റെ നിജസ്ഥിതി അറിയാവുന്നവര്‍ തീര്‍ച്ചയായും സമ്മതിക്കും, ഇയാള്‍ വെറും ‘വട്ടപ്പൂജ്യം’ അബ്ദുല്ലയാണെന്ന്. അതുപോലെ ഒരു വിഷയമാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 4 ലെ തേജസ് ദിനപ്പത്രത്തില്‍ ഇദ്ദേഹമെഴുതിപ്പിടിപ്പിച്ച അക്ഷരകച്ചറകള്‍. ‘ഇന്‍സിന്റെ തല കത്തുമ്പോള്‍ ജിന്നിന്റെ നൃത്തം’ എന്നാണ് അദ്ദേഹം തന്റെ ലേഖനത്തിന് പേര് നല്‍കിയിട്ടുള്ളത്. കുറച്ച്കാലമായി മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വേണ്ടി ആദര്‍ശവിരോധികള്‍ വലിച്ചിട്ട് കുളമാക്കിയ ജിന്ന്-പിശാച്-സിഹ്ര്‍ ചര്‍ച്ചയെ പരിഹസിച്ച് കൊണ്ട് അദ്ദേഹം എഴുതുന്നത് കാണുക:
“ലൌജിഹാദിന്റെ പേരിലും തീവ്രവാദ ബന്ധം ആരോപിച്ചും മുസ്ലിം സമുദായം വേട്ടയാടപ്പെടുകയും ഭരണകൂടങ്ങളുടെ ചിറ്റമ്മനയം കാരണം അവര്‍ ക്രൂരമായി പീഢിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കണ്ട ഒരു ഹിമാലയന്‍ വിഷയം.”
“അസമില്‍ തങ്ങളുടെ സഹോദരങ്ങള്‍ 48 മണിക്കൂറ് കൊണ്ട് അഭയാര്‍ത്ഥികളാക്കപ്പെട്ടതും ചതുപ്പുനിലങ്ങളില്‍ ചളിയില്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകളില്‍ അവര്‍ നരകയാതന അനുഭവിക്കുന്നതും ഒന്നും ഇവരെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ഇവരെ അലോസരപ്പെടുത്തുന്ന മുഖ്യവിഷയങ്ങളിലൊന്ന് ജിന്നാണ്. തലയില്‍ കൊമ്പുള്ളതും കൊമ്പില്ലാത്തതും താടി വളര്‍ത്തിയതും വളര്‍ത്താത്തതും ഇസ്ലാമും ഇസ്ലാമേതരവുമായ ജിന്നുകള്‍.” (തേജസ് 2012 സെപ്റ്റംബര്‍ 4)
ഒ അബ്ദുല്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ടുണ്ടാകും ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെ ത്വലാഖ് മൂന്നും ചൊല്ലി പിരിഞ്ഞിട്ട്. അതിനു മുമ്പ് അദ്ദേഹം ഒറിജിനല്‍ ജമാഅത്തെ ഇസ്ലാമിക്കാരന്‍ തന്നെയായിരുന്നു. പച്ചയായിപ്പറഞ്ഞാല്‍, ജമാഅത്ത് മഹല്ലില്‍ ജനിച്ച് ജമാഅത്ത് വായു ശ്വസിച്ച് ജമാഅത്ത് സ്ഥാപനത്തില്‍ പഠിച്ച് അതിന്റെ ഉപ്പും ചോറും തിന്ന് കശേരുക്കളിലും നാഡീഞരമ്പുകളിലും ജമാഅത്ത് ഊര്‍ജ്ജം കുത്തി നിറച്ച നല്ല പത്തരമാറ്റ് മൌദൂദിസ്റായിരുന്നു അദ്ദേഹം. സംഘടനാപരമായി ജമാഅത്തെ ഇസ്ലാമിയോട് നിലവില്‍ അദ്ദേഹത്തിന് വിയോജിപ്പുണ്ടെങ്കിലും ആദര്‍ശപരമായി അദ്ദേഹം ഇപ്പോഴും മൌദൂദീ ആശയക്കാരനാണ് എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത്തരത്തിലുള്ള അദ്ദേഹം, “ഇന്‍സിന്റെ തല കത്തുന്നു” എന്ന് പറയുമ്പോള്‍ ഏത് ഇന്‍സിന്റെ തല എവിടെയാണ് കത്തുന്നത് എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. അങ്ങ് ഫലസ്തീനിലും ചെച്നിയയിലും ബോസ്നിയയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇങ്ങ് ഇന്ത്യയിലെ അഹ്മദാബാദിലും ഭീവണ്ടിയിലും ജംഷഡ്പൂരിലും ഡല്‍ഹിയിലും മുംബൈയിലും യു പി യിലും ഗുജറാത്തിലും ഏറ്റവുമൊടുവില്‍ ആസാമിലുമെല്ലാം പീഢനം നേരിട്ട് കൊണ്ടിരിക്കുന്ന മുസ്ലിംകളെയാണ് “ഇന്‍സിന്റെ തല കത്തുന്നു” എന്നത് കൊണ്ട് മൌദൂദിസ്റുകള്‍ ഉദ്ദേശിക്കുന്നത്. മേല്‍പറഞ്ഞ സ്ഥലങ്ങളിലൊക്കെയുള്ള മുസല്‍മാന്‍മാരായ ഇന്‍സുകള്‍ ഒരു സുപ്രഭാതത്തില്‍ സുബ്ഹി നമസ്കാരവും കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ആകാശത്ത് നിന്നും ഇടി വെട്ടിയിറങ്ങി കത്തിയതല്ല അവരുടെ തല. അതിനൊക്കെ ചരിത്രപരമോ സാമൂഹികപരമോ ഭൂമിശാസ്ത്രപരമോ സാമുദായികമോ ആയ കാരണങ്ങളുണ്ടെന്നും ചരിത്രം പരതിയാല്‍ നമുക്ക് കണ്ടെത്താനാകും. അതിലൊക്കെ നമുക്ക് ആഴത്തിലുള്ള വേദനയുണ്ടെങ്കിലും ‘തല കത്തുന്ന ഇന്‍സിന്റെ’ പേര് മുസ്ലിമായത് കൊണ്ട് മാത്രം അതില്‍ വേദനിക്കേണ്ടതാണ് എന്ന അഭിപ്രായവും ഈ ലേഖകനില്ല. ആ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം അറിവുള്ള ആളല്ല ഞാന്‍ എന്നത് കൊണ്ടും ഇവിടെ വിഷയം അതല്ലാത്തത് കൊണ്ടും അങ്ങോട്ട് ഇപ്പോള്‍ പ്രവേശിക്കുന്നില്ല.
ഇപ്പോള്‍ പ്രശ്നമിതാണ്. ജമാഅത്തെ ഇസ്ലാമി എന്ന ആഗോള പിന്തിരിപ്പന്‍ സംഘടന ലോകാടിസ്ഥാനത്തില്‍ തന്നെ നിലനിന്നിട്ടും ആഗോളതലത്തില്‍ കത്തിയെരിഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ഇന്‍സിന്റെ തലയില്‍ ഒരു കോപ്പ വെള്ളമെങ്കിലും കോരിയൊഴിച്ച് ആ തീ കെടുത്താന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിച്ചിട്ടുണ്ടോ? അതോ കത്തിക്കൊണ്ടിരിക്കുന്ന ആ ഇന്‍സുകളുടെ തലയില്‍ പെട്രോളും മണ്ണെണ്ണയും കോരിയൊഴിച്ച് അത് ആളിക്കത്തിക്കാനാണോ ജമാഅത്തെ ഇസ്ലാമി ശ്രമിച്ചിട്ടുള്ളത്? ലോകത്ത് പല മുസ്ലിം ഇന്‍സുകളുടെയും തല കത്തുന്നു എന്ന വസ്തുത നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല. പക്ഷെ, ജമാഅത്തെ ഇസ്ലാമി എന്ന അറുപിന്തിരിപ്പന്‍ സംഘത്തിന്റെ അനാവശ്യമോ അനുചിതമോ ആയ ഇടപെടല്‍ മൂലം സമാധാനത്തോടെ സ്വന്തം കൂരയില്‍ കിടന്നുറങ്ങിയിരുന്ന ഏതെങ്കിലും ഇന്‍സിന്റെ തല കത്താന്‍ കാരണമായിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ട കാര്യമാണ്. തല കത്തി നില്‍ക്കുന്ന ഇന്‍സിന്റെ ദുരന്തകാരണമന്വേഷിച്ച് അത്തരത്തിലുള്ള ഒരു യാത്ര നടത്തുമ്പോള്‍ സ്വാഭാവികമായും നാം മുട്ടി നില്‍ക്കുക തല കുനിച്ച് നില്‍ക്കുന്ന ജമാഅത്തുകാരന്റെ നെഞ്ചത്തായിരിക്കും. ആ അന്വേഷണം തല്‍ക്കാലം നമുക്ക് സ്വതന്ത്ര ഭാരതത്തിന്റെ ഉള്ളിലേക്ക് തന്നെ കൊണ്ട് വരാം. ഭാരതത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ കശ്മീരില്‍ ഇത്തരത്തില്‍ തല കത്തി നില്‍ക്കുന്ന കുറെ ഇന്‍സുകളുണ്ട്. പക്ഷെ അങ്ങനെ തല കത്തിയപ്പോള്‍ അതില്‍ നേട്ടം കൊയ്തതും ഈ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയാണ്. പ്രൊഫഷനല്‍ കഥാപ്രസംഗത്തിന്റെ അവതാരകന്‍ “അതാ അങ്ങോട്ടു നോക്കൂ” എന്ന് ഇടക്കിടെ പറയുന്നത് പോലെ “അതാ കശ്മീരിലേക്ക് നോക്കൂ” എന്ന് നിരന്തരം പറഞ്ഞ് നടന്നവരായിരുന്നു ജമാഅത്തുകാര്‍. കശ്മീരില്‍ ഇവര്‍ ഇടപെട്ട് കുഴച്ചക്ക പരുവത്തിലാക്കിയ മുസ്ലിം സമൂഹത്തിന്റെ ചിത്രം മാലോകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടപ്പോള്‍ “കശ്മീരിനെപ്പറ്റി മാത്രം മിണ്ടരുത്” എന്ന നിലപാടിലേക്ക് ജമാഅത്തുകാരന്‍ എത്തി. കശ്മീരിലെ മുസ്ലിംകള്‍ ഇന്ന് അനുഭവിക്കുന്ന പീഢനങ്ങളില്‍ ചെറുതല്ലാത്ത അല്ല, വലിയ പങ്ക് തന്നെ ഒ അബ്ദുല്ലയുടെ തറവാടായ ജമാഅത്തുകാര്‍ക്കുണ്ട്. കശ്മീരില്‍ സകലമാന തീവ്രവാദ ചിന്താഗതികളും പ്രചരിപ്പിച്ച് തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അവിടുത്തെ മുസ്ലിംകളുടെ ജീവിതം നരകമയമാക്കിയത് ജമാഅത്തെ ഇസ്ലാമിയാണ്. കശ്മീരിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്തലിന്റെയും ഒതുക്കലിന്റെയും ഭാഗമായി അവിടെയുള്ള മനുഷ്യത്വം മരവിച്ച ചില നിയമപാലകര്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അതിന്റെ ദുരന്തമനുഭവിച്ചത് ഏറ്റവുമധികം ആപ്പിളിന്റെ നിറമുള്ള കശ്മീരീ മുസ്ലിം യുവതികളായിരുന്നു. തീവ്രവാദികളെ പിടിക്കാനും ഒതുക്കാനുമെന്ന പേരില്‍ ചില നിയമപാലകര്‍ നടത്തുന്ന നരനായാട്ടിനെ അപലപിക്കുന്നതോടൊപ്പം തന്നെ ആരാണ് അവിടെ ഈ തീവ്രവാദികളെ സൃഷ്ടിച്ചത് എന്നതുകൂടി അന്വേഷിക്കേണ്ടതുണ്ട്. ആ അന്വേഷണവും എത്തി നില്‍ക്കുക തല കുനിച്ച് നില്‍ക്കുന്ന ജമാഅത്തുകാരന്റെ മുന്നില്‍ തന്നെയാണ്. സകല തീവ്രവാദീ ഗ്രൂപ്പുകളെയും അവിടെ പരിപോഷിപ്പിച്ചതും അവരെ ഏകോപിപ്പിച്ചതും ഒ അബ്ദുല്ലയുടെ സന്തത സഹചാരികളായിരുന്ന ജമാഅത്തെ ഇസ്ലാമി തന്നെയാണ്. ഇന്നും ‘ഹിസ്ബുല്‍ മുജാഹിദീന്‍, അല്ലാഹ് ടൈഗേഴ്സ്’ തുടങ്ങിയ തീവ്രവാദഗ്രൂപ്പുകളുടെ പേര് പറഞ്ഞാണ് അവിടെയുള്ള മുസ്ലിംകള്‍ ഏറ്റവുമധികം പീഢിപ്പിക്കപ്പെടുന്നത്. ഇത്തരം തീവ്രവാദികളെ കണ്ടെത്താനുള്ള സെര്‍ച്ചിന്റെ ഭാഗമായി മുസ്ലിം വീടുകളില്‍ ചില നിയമപാലകര്‍ കയറിയിറങ്ങി നിരങ്ങുമ്പോള്‍ മാനവും ചാരിത്യ്രവും നഷ്ടപ്പെടുന്ന മുസ്ലിം യുവതികളുടെ കണ്ണുനീര്‍ വീണ് കൊടുംതണുപ്പുള്ള കശ്മീരിന്റെ മണ്ണ് ചുട്ടു പൊള്ളിയിട്ടുണ്ട്. അതൊക്കെ കണ്ട് തന്നെയാണ് അവിടെയുള്ള ചില ഇന്‍സുകളുടെ തല കത്തിയത്. മേല്‍പറഞ്ഞ തീവ്രവാദി ഗ്രൂപ്പുകളെ സംഘടിപ്പിച്ചതും അവരുടെ കയ്യില്‍ ആയുധം വെച്ച് കൊടുത്തതും ഇന്ന് ‘ഇന്‍സിന്റെ തല കത്തുന്നേയ്’ എന്ന് പറഞ്ഞ് മോങ്ങുന്ന അബ്ദുല്ലയുടെ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. ഇത് ഞങ്ങള്‍ പറയുമ്പോള്‍ ആട് അങ്ങാടിയില്‍ പോയത് പോലെയോ അബ്ദുല്ല ലേഖനമെഴുതുന്നത് പോലെയോ അന്തവും കുന്തവുമില്ലാതെയായിരിക്കില്ല. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഈ വിലയിരുത്തല്‍. കശ്മീര്‍ താഴ്വരയില്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ ‘മഹത്തായ’ സേവനമെന്ത് എന്ന് അവര്‍ തന്നെ പറയട്ടെ.
“താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ ‘അല്ലാഹ് ടൈഗേഴ്സ്’ എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്……” (പ്രബോധനം: ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്)
ഇത് കശ്മീരിലെ ഇന്‍സുകളുടെ തലയില്‍ ജമാഅത്തുകാര്‍ തീ കോരിയിട്ടതിന്റെ ചരിത്രം. ഇനി നമുക്ക് കശ്മീരില്‍ നിന്ന് കേരളത്തിലേക്ക് തന്നെ വരാം. ഈ കൊച്ചുകേരളത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തല എരിഞ്ഞ് കത്തിക്കൊണ്ടിരിക്കുന്ന ഒരു ഇന്‍സിന്റെ ചരിത്രം കുറച്ച് പറയാം. അബ്ദുന്നാസര്‍ മഅ്ദനി എന്നു പേരുള്ള ഈ ഇന്‍സിന്റെ വര്‍ത്തമാനകാല ചരിത്രം ആര്‍ക്കും അറിയാത്തതല്ലല്ലോ? ഭൂതകാല ചരിത്രം നമുക്ക് മറക്കാറായിട്ടുമില്ല. എങ്കിലും മറവി നടിക്കുന്ന ജമാഅത്തുകാര്‍ക്ക് വേണ്ടി ആ ചരിത്രമൊന്ന് മാന്താതെ വയ്യ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കോയമ്പത്തൂരിലെയും ശേഷം ബാംഗ്ളൂരിലെയും ജയിലില്‍ ഈ ഇന്‍സ് പീഢനമനുഭവിക്കുമ്പോള്‍ അതിന് കേരളമുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ വിവാദവിഷയമായ ജിന്നുമായി ഒരു ബന്ധവുമില്ല എന്നത് ഏതായാലും ഒ അബ്ദുല്ലയും സമ്മതിക്കാതിരിക്കില്ല. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് മുന്നും പിന്നുമായുണ്ടായ സംഭവവികാസങ്ങളായിരുന്നു മഅ്ദനി എന്ന ഇന്‍സിന്റെ താരപ്പിറവി. അക്ഷരങ്ങളെ അഗ്നിഗോളമാക്കി മാറ്റി അദ്ദേഹം മുസ്ലിം യുവതയുടെ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ കേരളത്തില്‍ ചിലയിടങ്ങളിലുള്ള പ്രത്യേകിച്ച് മഅ്ദനിയുടെ ജന്‍മനാടായ കൊല്ലം കരുനാഗപ്പള്ളി ഭാഗങ്ങളിലുള്ള ചില ചെറുപ്പക്കാരുടെയെങ്കിലും തല കത്തിയാളിയിട്ടുണ്ട്. ലാല്‍കൃഷ്ണ അഡ്വാനിയെയും ഉമാഭാരതിയെയും വിനയ്കത്യാരെയെയും ബാല്‍ത്താക്കറെയെയും അശോക്സിംഗാലിനെയും എന്തിനധികം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെയും വരെ കണ്ടാല്‍ ഒറ്റയടിക്ക് പത്ത് വട്ടം മയ്യത്താക്കാന്‍ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു നാസര്‍ മഅ്ദനിയെന്ന ഇന്‍സിന്റെ നാവ് കൊണ്ടുള്ള വിളയാട്ടം. തന്റെ വാക്ധോരണി കൊണ്ട് 110 ഡിഗ്രിയില്‍ ചോര തിളച്ച യുവാക്കള്‍ക്കൊരു ആലയം പണിയാന്‍ അക്കാലത്ത് മഅ്ദനിയൊരു ആലയവും പണിതിരുന്നു. ഐ എസ് എസ് എന്നായിരുന്നു ആര്‍ എസ് എസ്സിനോട് കിട പിടിക്കാന്‍ രംഗത്തിറങ്ങിയ ആ സംഘടനയുടെ പേര്. “ഞങ്ങള്‍ക്ക് പോകാന്‍ പാകിസ്ഥാനുണ്ട്, ഞങ്ങള്‍ക്ക് പോകാന്‍ സഊദീ അറേബ്യയുണ്ട്, ഞങ്ങള്‍ക്ക് പോകാന്‍ യു എ ഇയും കുവൈറ്റും ഒമാനും ഖത്തറുമെല്ലാമുണ്ട്, പക്ഷെ ഉമാഭാരതീ…അഡ്വാനീ നിങ്ങളെങ്ങോട്ട് പോകും?” എന്ന നാസര്‍ മഅ്ദനിയുടെ അക്കാലത്തെ ചോദ്യം കേട്ട് “സഊദീ അറേബ്യയിലെ എണ്ണപ്പാടത്തിന്റെ വക്കത്ത് ഇപ്പോള്‍ സെന്റിന് എന്താ വില?” എന്ന് ചിന്തിച്ച മുസ്ലിം യുവാക്കളുണ്ടിവിടെ. അറേബ്യന്‍ രാജ്യങ്ങളിലേക്ക് ഹിജ്റ പോകാന്‍ മാനസികമായി കെട്ടും കിടക്കയും തയ്യാറാക്കി വെച്ചിരുന്ന ഇന്‍സുകളും ഉണ്ടായിട്ടുണ്ടിവിടെ. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് നാസര്‍ മഅ്ദനിയുടെയും ഐ എസ് എസ്സിന്റെയും ചരിത്രമല്ല. അതിപ്പോള്‍ ഇവിടെ പറയേണ്ട കാര്യവുമില്ല. പറഞ്ഞ് വരുന്നത് ഇതാണ്. നാസര്‍ മഅ്ദനി ഒരു തീപ്പൊരിയായി കത്തിനിന്നിരുന്ന അക്കാലത്ത് മഅ്ദനിക്ക് മാനസികമായും ദാര്‍ശനികമായും ഏറ്റവുമധികം പിന്തുണ കൊടുത്തത് ഇപ്പറഞ്ഞ ഒ അബ്ദുല്ലയുടെ പാര്‍ട്ടിയായിരുന്ന ജമാഅത്തെ ഇസ്ലാമിയായിരുന്നു. കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടക്കാരനായിരുന്ന അബ്ദുന്നാസര്‍ മഅ്ദനി എന്ന ആരുമറിയപ്പെടാതെ കിടന്നിരുന്ന ഇന്‍സിനെ ആലയില്‍ വെച്ച് ചൂടാക്കി കാച്ചിയെടുത്ത് നല്ലൊരു ആയുധമാക്കി രാകി മിനുക്കിയെടുത്ത് ‘മഅ്ദനി’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘വലിയ’ മനുഷ്യനാക്കി മാറ്റിയെടുത്തതില്‍ ജമാഅത്തെ ഇസ്ലാമിക്കും അവരുടെ പത്രത്തിനുമുള്ള പങ്ക് ആര്‍ക്ക് നിഷേധിക്കാനാകും? തീര്‍ന്നില്ല. ഈ അബ്ദുല്ല തന്നെ മുമ്പൊരിക്കല്‍ ചന്ദ്രിക ദിനപ്പത്രത്തില്‍ എഴുതിയിട്ടുണ്ട് അക്കാലത്ത് ആ ഐ എസ് എസ്സിനെ മുന്നോട്ട് നയിക്കാന്‍ മഅ്ദനി ജമാഅത്തുകാരുടെ പിന്തുണ തേടിയതും ജമാഅത്തുകാര്‍ പിന്തുണ വാഗ്ദാനം നല്‍കിയതുമായ ചരിത്രം. എന്നിട്ടോ? അബ്ദുന്നാസര്‍ മഅ്ദനി എന്ന ആ ഇന്‍സിനെ എരിവും പിരിയും കേറ്റി തല കത്തിച്ച് ചൂടാക്കി ഇക്കൂട്ടര്‍ പാവക്കൂത്ത് നടത്തി. അവസാനം നീണ്ട ഒമ്പതര വര്‍ഷക്കാലം ആ മനുഷ്യന്‍ ഒന്നരക്കാലുമായി കോയമ്പത്തൂര്‍ ജയിലില്‍ ജീവിതം ഹോമിച്ചപ്പോള്‍ ജമാഅത്തുകാര്‍ക്ക് തൃപ്തിയായി. ഒരു പുരുഷായുസ്സിന്റെ സുവര്‍ണ്ണ കാലഘട്ടമായ യൌവ്വനത്തിലെ നീണ്ട ഒമ്പതര വര്‍ഷമാണ് തടവറക്കുള്ളില്‍ ഹോമിക്കപ്പെട്ടത്. ശേഷമിതാ മൂന്ന് വര്‍ഷത്തോളമായി ബാംഗ്ളൂര്‍ ജയിലിലും ആ ഇന്‍സ് കിടന്ന് നരകിക്കുന്നു. നെഞ്ചത്ത് കൈവെച്ച് അബ്ദുല്ലക്കും ജമാഅത്തുകാര്‍ക്കും പറയാനാകുമോ മഅ്ദനിയെന്ന ഇന്‍സിന്റെ തല കത്തിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന്? പറയാന്‍ കഴിയില്ല. കാരണം, ഇതെല്ലാം ജമാഅത്തുകാര്‍ക്ക് നേരെയുള്ള ആക്ഷേപമായി അബ്ദുല്ല തന്നെ പറഞ്ഞതാണ്. പക്ഷെ ഒ അബ്ദുല്ല ജമാഅത്തില്‍ നിന്നും കറിവേപ്പില പോലെ പുറത്തെറിയപ്പെട്ടപ്പോള്‍ മാത്രമാണ് പറഞ്ഞതെന്ന് മാത്രം.
മഅ്ദനിയെ മഅ്ദനിയാക്കി മാറ്റിയത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയും അതിന് ശേഷം നടന്ന മനുഷ്യക്കുരുതികളുമാണല്ലോ? അന്നും ഇന്നും എന്നും അക്കാര്യത്തില്‍ ഇന്ത്യയിലെ പക്വതയുള്ള മുസ്ലിം നേതൃത്വം സ്വീകരിച്ച സമീപനമായിരുന്നു ശരി എന്നത് കാലം തെളിയിച്ചതാണ്. ആ സമീപനത്തെ ‘ഷണ്ഡത്വം’ എന്ന് വിളിച്ചായിരുന്നു മഅ്ദനിയും ജമാഅത്തുകാരും അന്ന് കളിയാക്കിയിരുന്നത്. മലേഗാവിലും സംഝോതയിലുമെല്ലാമുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാരമായിരുന്നു എന്ന വസ്തുത ഇന്ന് സംഘ്പരിവാര സഹയാത്രികനായ സ്വാമി അസീമാനന്ദ തന്നെ തുറന്ന് പറഞ്ഞപ്പോള്‍ അതിന് പ്രേരകമായത് ഒരു മുസ്ലിം യുവാവിന്റെ സ്നേഹസമ്പൂര്‍ണ്ണമായ ഇടപെടലായിരുന്നു. ഇത്തരം അസീമാനന്ദമാരെ കണ്ണില്‍ കണ്ടാല്‍ അരച്ച് കുടിക്കാനുള്ള അരിശവുമായി നടക്കുന്ന യുവതയെ വളര്‍ത്തിയെടുക്കാനേ മഅ്ദനിക്ക് കഴിഞ്ഞിരുന്നുള്ളൂ. ആ മഅ്ദനിയുടെ നിലപാടിന് പിന്തുണ കൊടുക്കാനേ ജമാഅത്തുകാര്‍ക്കും അവരുടെ പത്രത്തിനും കഴിഞ്ഞിട്ടുള്ളൂ. ആസാമിലും മറ്റും തല കത്തുന്ന ഇന്‍സിന്റെ വേദനയും അതില്‍ പൊട്ടിത്തെറിക്കാത്ത നമ്മുടെ നിലപാടിലെ ശരിയില്ലായ്മയും ഒ അബ്ദുല്ല പറഞ്ഞത് കൊണ്ടാണ് എനിക്കിത്രയും എഴുതേണ്ടി വന്നത്. ഇനി തല്‍ക്കാലം തല കത്തുന്ന ഇന്‍സിന്റെ ചരിത്രം നമുക്ക് വിടാം. ചിലരുടെയൊക്കെ തല കത്തിക്കുന്ന ജിന്നിലേക്ക് തന്നെ വരാം. അബ്ദുല്ല എഴുതുന്നത് കാണുക:
“ഇവരില്‍ ഒട്ടുവളരെപ്പേര്‍ നിഷ്കളങ്കരും ദൈവഭയമുള്ളവരുമാണ് എന്നംഗീകരിക്കുന്നു. എന്നാല്‍ ചെറിയൊരു വിഭാഗം അറബിക്കോളേജുകളിലെ കാന്റീനുകളില്‍ പാഠ്യസമയത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച് അളിയന്‍ വിസ ശരിപ്പെടുത്തുന്നതും കാത്തിരുന്ന് അവസരം ഒത്തു വരുന്നതോടെ അക്കരെ കടക്കുന്നു. മതിയായ രീതിയില്‍ മുഖക്ഷൌരം ചെയ്യാനും മുടി വെട്ടിക്കാനും അവസരം ലഭിക്കാതെ ‘ത്വബ്ബാ’ക്ക് വിസയില്‍ അറബിസ്താനില്‍ എത്തുന്ന ഇവര്‍ക്ക് താടിയും തലമുടിയും ഒരു അനുഗ്രഹമായി ഭവിക്കുന്നു. താടി വളര്‍ന്ന ഇവര്‍ പെട്ടെന്ന് അതീവ ഭക്തരായി മാറുന്നു. നാട്ടില്‍ തിരിച്ചെത്തുന്നതാകട്ടെ ജിന്നുബാധയേറ്റും സലഫിസം തലയില്‍ കയറിയും. അതോടെ വലതുകൈ കൊണ്ട് ചോറു കഴിക്കുന്ന ആള്‍ വെള്ളം കുടിക്കാന്‍ ഇടതു കൈ ഉപയോഗിക്കുന്നതോടെ പ്രവാചകചര്യ തിരസ്കരിച്ചവനായി മാറുന്നു. പ്രവാചക ചര്യയോട് വിമുഖത കാട്ടുന്നവന്‍ സ്വാഭാവികമായും ‘നമ്മില്‍ പെട്ടവനല്ലാതായി മാറുന്നു.’ മുഖക്ഷൌരം ചെയ്യുന്നവനും ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവനും അമുസ്ലിം സുഹൃത്തുക്കളെ ഇഫ്താറിലേക്ക് ക്ഷണിക്കുന്നവനുമെല്ലാം ‘ഫല്‍ യതബവ്വഅ് മഖ്അദുഹു ഫിന്നാര്‍’-നരകത്തില്‍ സ്വന്തം ഇരിപ്പിടം നേരത്തെ കണ്ടെത്തിക്കൊള്ളട്ടെ എന്നു പ്രവാചകന്‍ താക്കീത് ചെയ്തവരുടെ പട്ടികയില്‍ അക്ഷരക്രമം തെറ്റിച്ച് മുന്‍നിരയില്‍ എത്തിപ്പെടുന്നു.” (തേജസ്)
സാധാരണ ഗതിയില്‍ തേജസില്‍ ലേഖനമെഴുതുമ്പോള്‍ വിപ്ളവീര്യമുള്ള ഒരു യുവതുര്‍ക്കിയായും ചന്ദ്രികയില്‍ ലേഖനമെഴുതുമ്പോള്‍ പക്വത മുറ്റിയ ഒരു പടുവൃദ്ധനായും അബ്ദുല്ല രൂപാന്തരപ്പെടുന്നതായി തോന്നാറുണ്ട്. തേജസിലെ ഈ ലേഖനത്തില്‍ എത്രയെത്ര സുന്നത്തുകളെയാണ് ഏതാനും വരിയില്‍ അബ്ദുല്ലയിവിടെ പരിഹസിച്ചത്? നബി(സ്വ)യുടെ സുന്നത്തുകളും ഇസ്ലാമിന്റെ ചിഹ്നങ്ങളും അപ്പടി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന സലഫികളെ കാണുമ്പോള്‍ തെളിനീര് കണ്ട പേപ്പട്ടിയെപ്പോലെയുള്ള ഈ കലിയിളകല്‍ അബ്ദുല്ലക്ക് മാത്രമുള്ള അസുഖമൊന്നുമല്ല. തന്റെ പഴയ പാളയത്തില്‍ നിന്നും കിട്ടിയ കൊനുഷ്ട് സ്വഭാവമാണിത്. ഒരു മുസ്ലിമിന്റെ അടിസ്ഥാന ആദര്‍ശമായ ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’ എന്ന കലിമയുടെ അര്‍ത്ഥമെന്താണെന്ന് അബ്ദുല്ല ചേന്ദമംഗല്ലൂരിലെ മൌദൂദീ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നതാണല്ലോ കലിമയുടെ നേരര്‍ത്ഥം? ഈ വാക്കര്‍ത്ഥം ഖുറാഫീ മദ്രസയില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. മൌദൂദീ മദ്രസയില്‍ നിന്നും ഒ അബ്ദുല്ലയും പഠിച്ചിട്ടുണ്ടാകാം. കെ ജെ യേശുദാസും മാര്‍ക്കോസും വരെ ഇത് പാട്ടുകളില്‍ ഈണത്തില്‍ പാടിയിട്ടുമുണ്ട്. പക്ഷെ ഇതിന്റെ യഥാര്‍ത്ഥ ആശയം പഠിക്കണമെങ്കിലും അത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെങ്കിലും സലഫീ പരിസരത്ത് തമ്പടിക്കുക തന്നെ വേണം. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ ആശയം, പ്രാര്‍ത്ഥനയും നേര്‍ച്ചയും ബലിയും വഴിപാടുകളുമടങ്ങുന്ന ആരാധനയുടെ സര്‍വ്വവശങ്ങളും ഏകനായ അല്ലാഹുവിന് മാത്രമേ ഞാന്‍ അര്‍പ്പിക്കൂ എന്നതാണ്. മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുമ്പോള്‍ അതിന്റെ ആശയം, ആ മുഹമ്മദ് നബി(സ്വ) കൊണ്ട് വന്നതും കാണിച്ച് തന്നതും കല്‍പ്പിച്ചതുമായ കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ ജീവിതത്തില്‍ പകര്‍ത്തും എന്ന് തന്നെയാണ്. ആഴ്ച്ചയില്‍ രണ്ട് ദിവസം താടി വടിച്ച് എണ്ണതേച്ച് മിനുക്കി പ്രേംനസീറിനെപ്പോലെ ചോക്ളേറ്റ് മുഖവുമായി നടക്കുന്ന ഒ അബ്ദുല്ല എന്ത് കരുതി സലഫികളെക്കുറിച്ച്? നാട്ടില്‍ ബാര്‍ബര്‍മാരോ ബാര്‍ബര്‍ഷോപ്പുകളോ ഇല്ലാഞ്ഞിട്ടോ ബ്ളേഡ് വാങ്ങാന്‍ കാശില്ലാഞ്ഞിട്ടോ ആണ് സലഫികള്‍ നീണ്ട താടിയും വെച്ച് നടക്കുന്നതെന്നോ? ഒ അബ്ദുല്ലയെപ്പോലുള്ളവര്‍ ക്ളീന്‍ഷേവും ചെയ്ത് നടക്കുന്നത് കാണുമ്പോള്‍ ആ ‘സുന്ദരമുഖം’ ഒളിമിന്നിത്തിളങ്ങുന്നതിലുള്ള അസൂയ കൊണ്ടാണ് സലഫികള്‍ താടി വളര്‍ത്താന്‍ മറ്റുള്ളവരോട് പറയുന്നതെന്നോ? അല്ല അബ്ദുല്ല സാഹിബേ. മുഹമ്മദന്‍ റസൂലുല്ലാ അംഗീകരിക്കുന്നത് കൊണ്ടാണ് ഞങ്ങളങ്ങനെ ചെയ്യുന്നത്. ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി(സ്വ) താടി വളര്‍ത്തുന്നതിന്റെ പുണ്യത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. താടി വടിക്കുന്നതിന്റെ ഗൌരവത്തെക്കുറിച്ച് ഇസ്ലാം ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അത് മനസ്സിലാക്കി ജീവിച്ചതാണോ ഞങ്ങള്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത തെറ്റ്?
അബ്ദുല്ല എന്ത് വിചാരിക്കുന്നു? സലഫികള്‍ക്കൊന്നാകെ തളര്‍വാത്തം വന്നോ കുഞ്ഞുന്നാളില്‍ പോളിയോ വന്നോ ഇടതുകൈ തളര്‍ന്നത് കൊണ്ടാണ് ഞങ്ങള്‍ വലതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്നോ? അബ്ദുല്ലയെപ്പോലുള്ളവര്‍ വലതു കൈ കൊണ്ട് തിന്നുകയും ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുമ്പോള്‍ അതു കാണുമ്പോഴുള്ള അസൂയ കൊണ്ടാണ് അങ്ങനെ ചെയ്യരുത് എന്ന് ഞങ്ങള്‍ പറയുന്നതെന്നോ? എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഇടതു കൈ കൊണ്ട് തിന്നുന്നതും കുടിക്കുന്നതും പിശാചിന്റെ സ്വഭാവമാണെന്ന് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് ഞങ്ങളുടെ നേതാവ്. ആ നേതാവിന്റെ ആജ്ഞ സ്വീകരിച്ചതിനാണോ മിസ്റര്‍ താങ്കള്‍ ഞങ്ങളെ പരിഹസിക്കുന്നത്?
അബ്ദുല്ല എന്ത് കരുതുന്നു? പാന്റ് തൈക്കാന്‍ തുണിയെടുക്കുമ്പോള്‍ ഒന്നര മീറ്റര്‍ തുണിക്കുള്ള കാശ് തികയാഞ്ഞിട്ടാണ് കിട്ടുന്ന തുണി ഒപ്പിച്ചടിച്ച് ഞെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിച്ച് ഞങ്ങള്‍ നടക്കുന്നതെന്നോ? നടക്കുന്ന വഴികളിലെ ചമ്മലും ചപ്പും ചവറുമെല്ലാം അടിച്ച് വൃത്തിയാക്കുന്ന തരത്തിലുള്ള പാന്റും ധരിച്ച് നടക്കുന്ന ആധുനിക യുവതയുടെ വസ്ത്രധാരണത്തില്‍ അസൂയ പൂണ്ടാണ് ഞങ്ങള്‍ അങ്ങനെ വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്നോ? എന്നാല്‍ അങ്ങനെയല്ല സര്‍ വസ്തുത. ഞെരിയാണിക്ക് താഴെ ധരിക്കുന്ന വസ്ത്രം നരകത്തിലാണെന്ന് പഠിപ്പിക്കുന്ന ഹദീസുകള്‍ കണ്ടവരും അതുള്‍കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുന്നവരുമാണ് ഞങ്ങള്‍. “വസ്ത്രം നരകത്തിലാണ് എന്നല്ലേ നബി പറഞ്ഞത്, നമ്മള്‍ നരകത്തില്‍ പോകില്ലല്ലോ” എന്നൊക്കെ പറഞ്ഞ് അഖ്ലാനിയ്യത്ത് തലയില്‍ കയറിയ ജമാഅത്തുകാരും ആദര്‍ശ മണ്ഡരി ബാധിച്ച ചില സുല്ലമിമാരും ഫാറൂഖിമാരുമൊക്കെ ഈ ഹദീസിനെയും ഒരു പക്ഷെ പരിഹസിച്ചേക്കാം. എന്നാലും തിരുനബി പറഞ്ഞ ഹദീസിന്റെ ആശയം ഞങ്ങള്‍ സലഫികള്‍ ജീവിതത്തില്‍ പകര്‍ത്തുക തന്നെ ചെയ്യും എന്ന ആദര്‍ശാഹങ്കാരമാണ് സലഫികളായ ഞങ്ങളെ അഖ്ലാനീ ആള്‍ക്കൂട്ടങ്ങളില്‍ നിന്നും ഇലാസ്റിക് ഇസ്ലാമിസ്റുകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത്. “അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ” എന്ന് വെള്ളപ്പേപ്പറിലെഴുതി പോക്കറ്റിലിട്ട് വീട്ടില്‍ കുത്തിയിരുന്നാല്‍ ഒരു പക്ഷെ അബ്ദുല്ലയാകാന്‍ സാധിക്കുമായിരിക്കും. പക്ഷെ അതിന്റെ ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമേ ഒരു സമ്പൂര്‍ണ്ണ മുസ്ലിമാകാന്‍ കഴിയൂ. അവസാനം ‘ഫല്‍ യതബവ്വഅ് മഖ്അദഹൂ ഫിന്നാര്‍’ എന്ന് തിരുനബി പറഞ്ഞതിനെയും ഒന്ന് ‘ഞോണ്ടാന്‍’ ശ്രമിക്കുന്നുണ്ട് അബ്ദുല്ല. എന്തേ അബ്ദുല്ല സാഹിബേ! അത് ഹദീസല്ലേ? അതോ അങ്ങനെ പറയാനൊന്നും മുഹമ്മദ് നബി വളര്‍ന്നിട്ടില്ല എന്നെങ്ങാനും തോന്നിയോ അബ്ദുല്ലക്ക്? ഹദീസുകള്‍ക്ക് നേരെയുള്ള ചിലരുടെയൊക്കെ പരിഹാസവും സമീപനവും കാണുമ്പോള്‍ നമുക്കങ്ങനെയാണ് മനസ്സിലാകുന്നത്. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന സലഫീ പ്രവര്‍ത്തകരോട് ഇത്തരക്കാര്‍ക്കുള്ള പുഛത്തിന് അതിരില്ല. ഇത്തരക്കാര്‍ തന്നെയാണ് കാവിയുടുത്ത് നെറ്റിയില്‍ ഭസ്മം വാരിപ്പൂശിയ സന്യാസിക്ക് പരിശുദ്ധ പള്ളി മിമ്പര്‍ വഅള് പറയാന്‍ വിട്ടു കൊടുത്തത്. സ്വന്തം മതചിഹ്നങ്ങള്‍ വേഷവിധാനത്തിലും ജീവിതത്തിലും സ്വീകരിക്കുന്ന സ്വാമിമാരോട് ഇവര്‍ക്ക് അതിരുകളില്ലാത്ത മുഹബ്ബത്ത്!? മുഹമ്മദ് നബി(സ്വ)യുടെ ചര്യ ഉള്‍കൊണ്ട് ഇസ്ലാമിക ചിഹ്നങ്ങളും വേഷവിധാനങ്ങളും സ്വീകരിച്ച സലഫികളോട് ഇവര്‍ക്ക് അടക്കാനാവാത്ത അരിശവും?! ഇവരെന്ത് ഇസ്ലാമിസ്റുകളാണ് റബ്ബേ???
എന്തുകൊണ്ടാണ് ഒ അബ്ദുല്ലയുടെ ലേഖനത്തിലേ ഓരോ അക്ഷരത്തിലും അറ്റമില്ലാത്ത സുന്നത്ത് വിരോധം നിറഞ്ഞ് തുളുമ്പുന്നത് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. സലഫീ വിരോധം ജീവവായുവായിക്കണ്ട് പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഉപ്പും ചോറും തിന്ന് വളര്‍ന്നയാളാണ് അബ്ദുല്ല. വിത്തുഗുണം പത്തുഗുണം കാണിക്കാതിരിക്കാന്‍ കഴിയില്ല അദ്ദേഹത്തിന്. അദ്ദേഹം അല്‍പ്പകാലമായി ജമാഅത്തു പാറാവുകാരുടെ കണ്ണ് വെട്ടിച്ച് മതില് ചാടി പുറത്തിറങ്ങിയത് മൌദൂദീ ആശയങ്ങളോടുള്ള വിരോധം കൊണ്ടോ സലഫികളോടുള്ള മുഹബ്ബത്ത് കൊണ്ടോ അല്ല. അത് തികച്ചും വ്യക്തിപരമോ സംഘടനാപരമോ ആയ കാരണങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ സലഫികളോടും സുന്നത്തുകളോടുമുള്ള ജമാഅത്തുകാരുടെ വിരോധം അതേയളവില്‍ അബ്ദുല്ലയിലും നില നില്‍ക്കുന്നുണ്ട്. സലഫികള്‍ക്ക് നേരെ അബ്ദുല്ലക്ക് ഇപ്പോള്‍ പേനയുന്താന്‍ ഒരു ജിന്നുവിവാദമെങ്കിലുമുണ്ടല്ലോ? അതൊന്നുമില്ലാതെ പുഴ ശാന്തമായൊഴുകിയിരുന്ന കാലത്തും അബ്ദുല്ല ഇപ്പോള്‍ നടത്തിയ പരിഹാസം അളവിലും തൂക്കത്തിലും ഒട്ടും മായം കാണിക്കാതെത്തന്നെ ജമാഅത്തുകാര്‍ നടത്തിയിട്ടുണ്ട്. അന്ന് അബ്ദുല്ല ആ പാളയത്തിലെ പാറാവുകാരനായിരുന്നു താനും. അന്ന് ഇക്കൂട്ടര്‍ നടത്തിയ വിമര്‍ശനം കാണുക:
“മുട്ടിന് താഴെ പെട്ടന്നവസാനിക്കുന്ന മിനിസ്കര്‍ട്ടും ഒരു കാലത്തും ബാര്‍ബറുകളുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളില്‍ സദാവിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍തിരിച്ച് നിര്‍ത്തുന്നു. സഹിഷ്ണതയുടെയും വിട്ടുവീഴ്ച്ചയുടെയും ശത്രുക്കളായ ഈ സലഫീ മുതശദ്ദിദുകള്‍ ഏറ്റവും ഒടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നമസ്കാരത്തിന്റെ തശഹ്ഹുദില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിര്‍ത്തിയാല്‍ മതിയോ എന്ന വിവാദത്തിലാണ്. നമസ്കാരത്തില്‍ കൈ നെഞ്ചിന് മീതെ തന്നെ വേണമെന്നതും അലംഘനീയമാണ്.” (പ്രബോധനം. 1992. ജൂലൈ 27)
ഞെരിയാണിക്ക് മുകളില്‍ വസ്ത്രം ധരിക്കുക, താടി നീട്ടി വളര്‍ത്തുക, ദന്തശുദ്ധീകരണം നടത്തുക, തശഹ്ഹുദില്‍ വിരലനക്കുക, നമസ്കാരത്തില്‍ കൈ നെഞ്ചില്‍ കെട്ടുക തുടങ്ങിയ തിരുനബിയില്‍ നിന്നും സ്ഥിരപ്പെട്ട അഞ്ച് സുന്നത്തുകളെയാണ് ജമാഅത്തുകാരന്‍ ഇവിടെ ഒറ്റ വാചകത്തില്‍ ക്രൂരമായി വിമര്‍ശിച്ചിരിക്കുന്നത്. സലഫീ ‘മുതശദ്ദിദുകള്‍ക്ക്’ സഹിഷ്ണുതയില്ലെന്നാണ് ഇവരുടെ ഏറ്റവും വലിയ പരാതി. ഏത് വിഷയത്തിലാണ് ഞങ്ങള്‍ക്ക് സഹിഷ്ണുതിയില്ലാത്തത്? അല്ലാഹുവിന്റെ മുന്നില്‍ മാത്രം ചെയ്യേണ്ട സുജൂദ് മനുഷ്യനെയും പട്ടിയെയും പാമ്പിനെയും കുഴിച്ചിട്ട മണ്‍കൂനകള്‍ക്ക് മുന്നില്‍ അര്‍പ്പിക്കുന്ന മുസ്ലിമിനെ കാണുമ്പോള്‍ ഞങ്ങളുടെ മനസ്സ് സ്വാഭാവികമായും അസ്വസ്ഥമാകും. അത് ഞങ്ങളുടെ ഈമാനിന്റെ ഭാഗമാണ്. അതിനെതിരില്‍ ഞങ്ങള്‍ രൂക്ഷമായി പ്രതികരിക്കുമ്പോള്‍ ‘ഇതാ സഹിഷ്ണുതയില്ലാത്ത സലഫികള്‍’ എന്ന് അലറി വിളിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ എഴുതി വിട്ട മുകളിലെ വാചകങ്ങള്‍ ഒന്നുകൂടി വായനക്കാര്‍ വായിക്കുക. സഹിഷ്ണുത നിറഞ്ഞ് തുളുമ്പുന്ന വാചകങ്ങളാണോ ജമാഅത്തുകാരന്‍ എഴുതി വിട്ടത്? സത്യത്തില്‍ ആദ്യം ഒ അബ്ദുല്ല എഴുതിയ വാചകത്തിലും ജമാഅത്തുകാര്‍ എഴുതിയ ഈ വാചകത്തിലും ഇവര്‍ പരിഹസിച്ചത് മുജാഹിദുകളെയാണോ മുഹമ്മദ് നബിയെയാണോ? നബിയുടെ സുന്നത്തിനോട് അടങ്ങാത്ത പക വെച്ച് പുലര്‍ത്തുന്നവര്‍ക്കൊക്കെ പിടി പെടുന്നതാണ് ഈ അസുഖം. ജമാഅത്തിന്റെ ഈ വാചകങ്ങള്‍ കടമെടുത്ത് അതേയളവില്‍ സലഫികളെ പരിഹസിക്കുന്ന ചില ഫാറൂഖിമാരും ഇപ്പോള്‍ വിലസുന്നുണ്ട്. എന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. ഇത്തരക്കാരുടെ കപട മുഖത്തേക്കും സലഫികള്‍ കാര്‍ക്കിച്ച് തുപ്പുക തന്നെ ചെയ്യും.
ഒ അബ്ദുല്ലയുടെ അടുത്ത പൊട്ടത്തരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം. അയാള്‍ എഴുതുന്നു: “മറ്റൊരു ജോലിയുമില്ലെങ്കില്‍, പ്രഭാത നേരത്തെ ഒന്നര രണ്ട് മണിക്കൂര്‍ സമയത്തെ മദ്റസാ പഠനം കഴിഞ്ഞ് ‘തരിശ്ശാ’യി കിടക്കുന്ന ആയിരക്കണക്കിന് മദ്റസകളുണ്ട് കേരളത്തില്‍. അക്ഷരാഭ്യാസമില്ലാതെ വീടുകളില്‍ തലയിലെ പേനും ചാനല്‍ ചെറുപ്പക്കാരുടെ ചേലും നോക്കിയിരിക്കുന്ന മുസ്ലിം സ്ത്രീകളെ ആട്ടിത്തെളിച്ച് ഈ മദ്റസകള്‍ ഉപയോഗിച്ച് അവരെ അക്ഷരം പഠിപ്പിക്കരുതോ അപരനിര്‍മിത കാലഘട്ടത്തിലെ മതപണ്ഡിതന്‍മാരായ നിങ്ങള്‍ക്ക്? പ്രവാചകന്‍ യുദ്ധത്തടവുകാരെ മദീനാ നിവാസികളെ അക്ഷരം പഠിപ്പിക്കാന്‍ നിയോഗിച്ച സംഭവം ആവേശപൂര്‍വ്വം വിളിച്ച് കൂവി വഅള് പറയുന്ന നിങ്ങള്‍ക്കു പറ്റില്ലേ സമുദായത്തിലെ നിരക്ഷരരെ സാക്ഷരരാക്കാന്‍. എന്തുകൊണ്ട് നിര്‍ലോഭമായ സമയവും സൌകര്യവും ഉപയോഗിച്ച് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മതപരമായി ചുക്കും ചുണ്ണാമ്പുമറിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിന്റെ മൌലിക കാര്യങ്ങള്‍ പഠിപ്പിക്കാന്‍ മൌലവിമാരായ നിങ്ങള്‍ക്ക് ഒരല്‍പ്പസമയം വിനിയോഗിച്ചു കൂടാ?” (ഒ അബ്ദുല്ല. തേജസ്. സെപ്റ്റംബര്‍ 4)
ഏത് ലോകത്താണ് ഒ അബ്ദുല്ല എന്ന മനുഷ്യന്‍ കാലമിത്രയും ജീവിച്ചതും ഇപ്പോള്‍ ജീവിക്കുന്നതും? വിവരക്കേട് വിളംബരം ചെയ്യുമ്പോള്‍ അതിനും വേണം ഒരു അതിരും അറ്റവുമൊക്കെ. അതോ കഴിഞ്ഞകാല ചരിത്രങ്ങളൊക്കെ ക്രമേണ ക്രമേണ മറന്ന് പോകുന്ന രോഗമായ അള്‍ഷിമേഴ്സ് എങ്ങാനും ബാധിച്ചോ അബ്ദുല്ലക്ക്? അതില്ല എന്നാണ് തോന്നുന്നത്. കാരണം ആ രോഗം മൂര്‍ച്ചിച്ചാല്‍ സ്വന്തം പേര് പോലും മറന്ന് പോകുമത്രെ. ഇവിടെ സാന്ദര്‍ഭികമായ ഒരു മറവിരോഗം മാത്രമാണ് അബ്ദുല്ലക്ക് സംഭവിച്ചിരിക്കുന്നത്. ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍ കൊണ്ട് ശരിയാക്കാവുന്നതേയുള്ളൂ അത്. ആ ഓര്‍മ്മപ്പെടുത്തല്‍ കൂടെക്കിടന്നവര്‍ തന്നെ നടത്തുന്നതായിരിക്കും ഉചിതം. ജമാഅത്തെ ഇസ്ലാമിയുടെ താത്വികനും ചിന്തകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്നെ പറയട്ടെ: “കേരള മുസ്ലിം മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കാന്‍ നദ്വത്തുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്യന്ത്യം അപകടകരമായ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ മോചിപ്പിക്കാന്‍ ഇസ്ലാഹീ സംഘടനകള്‍ക്ക് കഴിഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ഭൌതിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമൂഹത്തിന്റെ മനോഗതം മാറ്റുന്നതിലും സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതില്‍ നിലനിന്നിരുന്ന വിലക്കുകള്‍ നീക്കുന്നതിലും മുജാഹിദ് സംഘടന സാരമായ സ്വധീനം ചെലുത്തി. അശാസ്ത്രീയമായ പാഠ്യരീതികള്‍ പിന്തുടര്‍ന്നിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും പകരം മദ്രസകളും അറബി കോളേജുകളും സ്ഥാപിക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും ഇസ്ലാഹി പ്രവര്‍ത്തകര്‍ പങ്കുവഹിച്ചു. സമുദായത്തിന്റെ ശ്രദ്ധ വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക ചര്യയുടേയും പഠനത്തിലേക്ക് തിരിച്ചുവിടുന്നതിലും ചെറുതല്ലാത്ത സംഭാവനകളര്‍പ്പിച്ചു. മുസ്ലിം കേരളത്തിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ അഭിമാനാര്‍ഹമായ നേട്ടം തന്നെയാണിതെല്ലാം.” (ശൈഖ് മുഹമ്മദ് കാരക്കുന്ന്. പ്രബോധനം 2008 ഫെബ്രുവരി 9).
കണ്ടില്ലേ? മുസ്ലിം സ്ത്രീകളെ അക്ഷരം പഠിപ്പിക്കാനും അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനും മുസ്ലിങ്ങളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കാനും മാത്രമല്ല ശാസ്ത്രീയമായ പഠന രീതികള്‍ കൊണ്ടുവരാനും മുന്‍പന്തിയില്‍ നിന്നത് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനമായിരുന്നു എന്നാണ് ശൈഖ് മുഹമ്മദ് പറയുന്നത്. അതും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച കാര്യങ്ങളാണ്. എന്നിട്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അബ്ദുല്ല വിളിച്ച് പറയുന്നത് മുസ്ലിം സ്ത്രീകളെ അക്ഷരം പഠിപ്പിക്കാന്‍ മുജാഹിദുകള്‍ സമയം കണ്ടത്തണമെന്നാണ്. പറയുന്നത് കേട്ടാല്‍ തോന്നും, മുസ്ലിം സ്ത്രീകളൊക്കെ ഇപ്പോഴും തറ, പറ, പന, ഉറി, തറി എന്നു പോലും എഴുതാനറിയാതെ അടുക്കളയില്‍ നട്ടം തിരിയുകയാണെന്ന്. ഏറ്റവും പിന്നാക്കം നിന്നിരുന്ന മലപ്പുറത്തെ മാപ്പിള മങ്കമാര്‍ പോലും സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ട് പതിറ്റാണ്ട് രണ്ടാകാറായി എന്ന കാര്യം എന്തേ അബ്ദുല്ല മറന്ന് പോയത്? അതോ ലേഖനം തികക്കാനുള്ള ബദ്ധപ്പാടിനിടയില്‍ കുറെ അക്ഷരങ്ങള്‍ കൂട്ടി ഘടിപ്പിച്ച് കോളം നിറച്ചതാണോ? മലപ്പുറത്തെ മാപ്പിള പെണ്ണുങ്ങള്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സാക്ഷരത പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ചൈനീസ് ഫുഡിന്റെയും അറേബ്യന്‍ മന്തിയുടെയും ചേരുവകള്‍ അടുക്കളയിലിരുന്ന് ഇന്റര്‍നെറ്റില്‍ പരതുന്ന പെണ്ണുങ്ങളെക്കൊണ്ട് പോയി അക്ഷരം പഠിപ്പിക്കാന്‍ മൌലവിമാരെ അബ്ദുല്ല ഉപദേശിക്കുമ്പോള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പാലത്തിനടിയിലൂടെ വെള്ളം കുറെ ഒഴുകിപ്പോയതൊന്നും ബഹുമാനപ്പെട്ടവര്‍ അറിഞ്ഞില്ലെന്ന് തോന്നുന്നു. അത് വേണമെങ്കില്‍ അബ്ദുല്ലക്ക് പഠിപ്പിച്ച് കൊടുക്കാന്‍ സലഫികളായ ഞങ്ങള്‍ക്ക് സമയം ലഭിക്കുമോ എന്ന് നോക്കട്ടെ. രസകരമായ മറ്റൊരു വസ്തുത ഇതിനിടയില്‍ നാം മറന്ന് പോകരുത്. മുജാഹിദുകള്‍ മുസ്ലിംകളെ അക്ഷരം പഠിപ്പിക്കാനിറങ്ങിയ കാലത്ത് അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല അബ്ദുല്ലയുടെ പൂര്‍വ്വികന്‍മാര്‍ ചെയ്തത്. മറിച്ച്, അതിനെ പരിഹസിക്കുകയും കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന് വിളിച്ച് ആക്രോശിക്കുകയും ത്വാഗൂത്തിന്റെ കീഴില്‍ ജോലി ചെയ്യല്‍ ഹറാം എന്ന് ഫത്വ കൊടുക്കുകയുമായിരുന്നു അബ്ദുല്ലയുടെ ഉസ്താദുമാര്‍. എന്നിട്ടും മുസ്ലിംകളെ അക്ഷരം പഠിപ്പിക്കാന്‍ മുജാഹിദുകളെ അബ്ദുല്ല ഉപദേശിക്കുമ്പോള്‍ ഇതിനൊക്കെ മറുപടി പറയാന്‍ പറ്റിയ ഉദാഹരണവും ഉപമയും അറിയാഞ്ഞിട്ടല്ല. അതിവിടെ എഴുതാന്‍ കൊള്ളില്ല. അബ്ദുല്ലയുടെ ചെവിയില്‍ സ്വകാര്യം പറയാനേ പറ്റൂ.
“എന്ത് കൊണ്ട് നിര്‍ലോഭമായ സമയവും സൌകര്യവും ഉപയോഗിച്ച് സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മതപരമായി ഒരു ചുക്കും ചുണ്ണാമ്പുമറിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിന്റെ മൌലിക കാര്യങ്ങള്‍ പഠിപ്പിക്കാന്‍ മൌലവിമാരായ നിങ്ങള്‍ക്ക് ഒരല്‍പ്പ സമയം ചെലവഴിച്ചു കൂടാ” എന്നാണ് അബ്ദുല്ലയുടെ മറ്റൊരു ചോദ്യം. തിരിച്ചൊരു ചോദ്യം അങ്ങോട്ടും ചോദിക്കാമല്ലോ. എന്ത് കൊണ്ട് ചാനലുകളില്‍ അടയിരുന്ന് പരദൂഷണം പറയുന്ന നേരത്തും പത്രത്താളുകളില്‍ പൊരുന്നയിരുന്ന് പാര പണിയുന്ന നേരത്തും അബ്ദുല്ലക്ക് ചേന്ദമംഗ്ഗല്ലൂരിലെ മൌദൂദീ കുട്ടികള്‍ക്ക് കുറച്ച് മതം പറഞ്ഞ് കൊടുത്തുകൂടാ? ഏറ്റവും ചുരുങ്ങിയത് ഫാതിഹയും മുഅവ്വിദതൈനിയും ആയത്തുല്‍ കുര്‍സിയ്യുമെങ്കിലും തെറ്റ് കൂടാതെ ഓതാനും അര്‍ത്ഥം പറയാനും അബ്ദുല്ലക്ക് കഴിയുമല്ലോ? അതോ ചേന്ദമംഗല്ലൂരിലെ മൌദൂദീ മക്കള്‍ എല്ലാം തികഞ്ഞ് സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ കാത്തുകെട്ടി കിടക്കുകയാണ് എന്ന് അഭിപ്രായമുണ്ടോ? ചേന്ദമംഗല്ലൂരിലെ മൌദൂദീ മക്കള്‍ക്ക് മതപരമായും ധാര്‍മ്മികപരമായും എത്രത്തോളും വിവരമുണ്ടെന്ന് അബ്ദുല്ല ഞങ്ങളെക്കൊണ്ട് പറയിപ്പിക്കണ്ട. എന്ത് കൊണ്ട് പ്ളാച്ചിമടയില്‍ പോയി കുത്തിയിരുപ്പ് സമരം നടത്തുന്ന നേരത്തും കിനാലൂരിലെ നാലുവരിപ്പാതയില്‍ ചൂലും ചാണകവെള്ളവുമായി ഉറഞ്ഞ് തുള്ളുന്ന നേരത്തും മിനിമം ചേന്ദമംഗല്ലൂരിലെ മൌദൂദിക്കുട്ടികള്‍ക്കെങ്കിലും മതപരമായി നാലക്ഷരം പഠിപ്പിക്കാന്‍ സോളിഡാരിറ്റിക്കാര്‍ക്കും ജമാഅത്തുകാര്‍ക്കും സമയം കണ്ടെത്തിക്കൂടാ? കേരളമുസ്ലിംകളെ മതം പഠിപ്പിക്കുക എന്ന ജോലി സലഫികളില്‍ മാത്രം നിക്ഷിപ്തമാണോ? അതോ സലഫികള്‍ക്കേ അതിന് കഴിയൂ എന്ന് പരോക്ഷമായെങ്കിലും സമ്മതിക്കുകയാണോ അബ്ദുല്ല? അതുമല്ലെങ്കില്‍, പുത്തന്‍പള്ളി ജാറത്തില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന ശിര്‍ക്കിനെതിരില്‍ നിങ്ങള്‍ പോരാടുക, പ്ളാച്ചിമട കോളയില്‍ നിന്നും ഒലിച്ചിറങ്ങുന്ന അഴുക്കിനെതിരില്‍ ഞങ്ങളും പോരാടാം എന്ന് ജമാഅത്തുകാരെങ്ങാനും സലഫികളോട് കരാര്‍ ചെയ്തിട്ടുണ്ടോ? കോള കുടിച്ചാല്‍ മനുഷ്യന്റെ കുടലിന് കേട് പറ്റുകയേ ഉള്ളൂ. നരകത്തില്‍ കടക്കാന്‍ അത് കാരണമാവുകയില്ല. എന്നിട്ടും അത്തരം കേന്ദ്രങ്ങളില്‍ ഇല്ലാത്ത സമയം ഉണ്ടാക്കി ഉറഞ്ഞ് തുള്ളുന്ന ജമാഅത്തുകാരെ അബ്ദുല്ല കണ്ടിട്ടില്ലേ? പറ്റുമെങ്കില്‍ അവരോട് പോയി അബ്ദുല്ല പറ, ഒരല്‍പ്പ സമയമെങ്കിലും കുട്ടികളെ മതം പഠിപ്പിക്കാന്‍.
അല്ലെങ്കിലും ഇത് അബ്ദുല്ല സലഫികളോട് പറയേണ്ടതാണോ? പല കാരണങ്ങളാല്‍ മതവിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുണ്ട് കേരളത്തില്‍. അത്തരക്കാരെ തിരഞ്ഞ് പിടിച്ച് മതം പഠിപ്പിക്കാന്‍ സലഫീ വിദ്യാര്‍ത്ഥീ സംഘടനയായ എം എസ് എം ചെയ്യുന്ന തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുമോ അബ്ദുല്ലക്ക്? മനോരമ ചാനലിലെ ഷാനിയുടെയുടെയും ഏഷ്യാനെറ്റിലെ വിനുവിന്റെയും റിപ്പോര്‍ട്ടര്‍ ചാനലിലെ വേണുവിന്റെയും മുന്നില്‍ പോയി മസിലും പിടിച്ചിരുന്നാല്‍ ആ അറിവ് കിട്ടില്ല. അതറിയണമെങ്കില്‍ എപ്പോഴെങ്കിലും ഞങ്ങളുടെ വിദ്യാര്‍ത്ഥീ സംഘടനയുടെ പിന്നാമ്പുറത്തേക്കൊന്ന് എത്തി നോക്കണം. ഞങ്ങളുടെ വിദ്യാര്‍ത്ഥീ സംഘടനയായ എം എസ് എം വിജയകരമായി നടത്തിപ്പോരുന്ന ഒരു സംരംഭമുണ്ട്. ഇീിശിൌേശിഴ ഞലഹശഴശീൌ ഋറൌരമശീിേ (ഇ ഞ ഋ) എന്നാണ് ആ മഹത്തായ സംരംഭത്തിന്റെ പേര്. അതിലൂടെ ക്വുര്‍ആനും സുന്നത്തും പഠിച്ച ആയിരങ്ങളുണ്ട് കേരളത്തില്‍. ഞങ്ങളുടെ വിദ്യാര്‍ത്ഥീ സംഘടനയിലൂടെ മതം പഠിച്ച് നീണ്ട താടിയും ഞെരിയാണിക്ക് മുകളില്‍ വസ്ത്രവും ധരിച്ച് നടക്കുന്ന ആദര്‍ശബോധവും തക്വ്വയുമുള്ള നൂറുക്കണക്കിന് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും വിമര്‍ശകര്‍ക്ക് മുന്നില്‍ വരിവരിയായി നിര്‍ത്താന്‍ കഴിയും ഞങ്ങള്‍ക്ക്. കേരളത്തില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥീ സംഘടനക്ക് മാത്രം അവകാശപ്പെട്ട കാര്യമാണിത്. അബ്ദുല്ല വളര്‍ന്ന് വന്ന വിദ്യാര്‍ത്ഥീ സംഘടനക്ക് ഡോക്ടേഴ്സിന്റെ മുന്നില്‍ പോയി കോള കുടിക്കരുത് എന്ന് പറയാനേ കാലമിത്രയും കഴിഞ്ഞിട്ടുള്ളൂ. അതിനെക്കുറിച്ച് ജമാഅത്തുകാരെക്കാളും ഡോക്ടര്‍മാര്‍ ബോധവാന്‍മാരായത് കൊണ്ട് ആ ദഅ്വത്തിന് അവിടെ പ്രസക്തിയുമില്ല.
അബ്ദുല്ലയുടെ അവസാനത്തെ പതംപറച്ചിലും എഴുതി അതിന് മറുപടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. അയാള്‍ എഴുതുന്നു: “സമുദായത്തിന്റെ തല കത്തുന്നതോ സ്വസമുദായക്കാര്‍ ഓര്‍ക്കാപ്പുറത്ത് അഭയാര്‍ത്ഥികളാക്കപ്പെടുന്നതോ തീവ്രവാദക്കുറ്റമാരോപിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ കല്‍തുറുങ്കിലടക്കപ്പെടുന്നതോ ഒന്നും ഇവര്‍ക്ക് പ്രശ്നമേയല്ല.” (തേജസ്)
സമുദായത്തിന്റെ തല കത്താനും കത്തിയ തല ആളിക്കത്താനും ഒരു പരിധി വരെ കാരണക്കാരയത് ആരാണെന്ന് ഞാന്‍ മുകളില്‍ സൂചിപ്പിച്ചു. അത് ശരിയാണോ എന്ന് ചരിത്രം പഠിച്ചതിന് ശേഷം വായനക്കാര്‍ക്ക് വിലയിരുത്താം. ഏതായാലും ഒരു കാര്യം കേരള ജനതയൊന്നാകെ ഉറപ്പിച്ച് പറയും. കേരളത്തില്‍ ഒരു ഇന്‍സിന്റെയും തല കത്തിയതിന് പിന്നില്‍ സലഫികള്‍ക്ക് വിദൂരബന്ധം പോലുമില്ല എന്നതാണത്.
ഇനി, ഓര്‍ക്കാപ്പുറത്ത് അഭയാര്‍ത്ഥികളാക്കപ്പെടുന്ന സമുദായമക്കളെ സംരക്ഷിക്കാന്‍ സലഫികള്‍ക്ക് നേരമില്ല എന്നതാണല്ലോ അബ്ദുല്ലയുടെ മറ്റൊരു തീരാസങ്കടം? തിരിച്ചൊന്ന് ചോദിക്കട്ടെ! അഭയാര്‍ത്ഥികളാക്കപ്പെടുന്ന സമുദായത്തിന് വേണ്ടി അബ്ദുല്ലയും ജമാഅത്തുകാരും എന്ത് കുന്തമാണ് ചെയ്തത്? ഫലസ്തീനിലും ചെച്നിയയിലും ബോസ്നിയയിലും ഇറാഖിലുമെല്ലാം അഭയാര്‍ത്ഥികളാക്കപ്പെടുന്നവരെ കൊണ്ട് വന്ന് ഇവിടെ പാര്‍പ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. അതിനൊക്കെ നിയമപരമായ ഒരുപാട് നൂലാമാലകള്‍ ഉണ്ടായിരിക്കാം. എന്നാല്‍, ഗുജറാത്തിലും അഹ്മദാബാദിലും യു പിയിലും ഒടുവില്‍ ആസാമിലും അഭയാര്‍ത്ഥികളാക്കപ്പെടുന്ന മുസ്ലിം സഹോദരങ്ങളില്‍ ഒരു പത്തെണ്ണത്തിനെയെങ്കിലും കൊണ്ട് വന്ന് ചേന്ദമംഗല്ലൂരിന്റെ മൌദൂദീഭൂമിയില്‍ ഒരു പത്ത് ടെന്റെങ്കിലും കെട്ടിക്കൊടുത്തിട്ടുണ്ടോ ഇവര്‍? അവര്‍ക്കുവേണ്ടി ഇവരുടെ കീഴിലുള്ള പള്ളികളില്‍ ഏതെങ്കിലും ഒരു വെള്ളിയാഴ്ച്ച പിരിവെടുത്തിട്ടുണ്ടാകാം. അത് ഭംഗിയായിത്തന്നെ സലഫികളും ചെയ്യുന്നുണ്ട്. പിന്നെ ജമാഅത്തുകാരെക്കാളും അബ്ദുല്ലയെക്കാളുമെല്ലാം ആത്മാര്‍ത്ഥമായി ഞങ്ങള്‍ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. അവര്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക എന്നതാണത്. പ്രവാചക സുന്നത്തുകളെ കഴിവിന്റെ പരമാവധി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന സലഫികളുടെ പ്രാര്‍ത്ഥനക്ക് തന്നെയായിരിക്കും സുന്നത്തിനെ പരിഹസിക്കുന്ന മൌദൂദികളുടെ പ്രാര്‍ത്ഥനയേക്കാള്‍ മൂര്‍ച്ചയും മൂല്യവും.
അവസാനം അബ്ദുല്ല തന്റെ ലേഖനത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കലും ഇസ്ലാം ദീനിന്റെ ഭാഗമാണ് എന്നൊരു സൂചനയും നല്‍കുന്നുണ്ട്. അതിന് രണ്ട് കാരണങ്ങളാല്‍ ഞാന്‍ മറുപടി പറയുന്നില്ല. ഒന്ന്, കഴിഞ്ഞ ലക്കങ്ങളിലായി അല്‍ ഇസ്വ്ലാഹില്‍ അതിനെക്കുറിച്ച് വിശദമായ ലേഖനം എഴുതിയിട്ടുണ്ട്. രണ്ടാമത്തെ കാരണം, അമ്മയെ തല്ലുന്നവനെ വിളിച്ച് വരുത്തി ഭാര്യയെ ചീത്ത പറയരുതെന്ന് ഉപദേശിക്കും പോലെയാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പ്രബോധനം വാരികയില്‍ വന്ന ഒരു ചോദ്യവും ഉത്തരവും വായിക്കുക. എന്നിട്ട് വായനക്കാര്‍ തന്നെ തീരുമാനിക്കുക, ഓണാഘോഷത്തെക്കുറിച്ചുള്ള ഇവരുടെ കാഴ്ച്ചപ്പാടിന് മറുപടി പറയണോ എന്ന്.
“ചോദ്യം: ഞാന്‍ ചെറിയ ശമ്പളമുള്ള ഉദ്യോഗസ്ഥനാണ്. ചെലവ് കഴിച്ച് മിച്ചമുള്ള സംഖ്യ ചേര്‍ത്തു വെച്ചാല്‍ എന്റെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യമായ ഒരു വീട് നിര്‍മ്മിക്കാന്‍ സാധ്യമല്ല. ഈ അവസരത്തില്‍ ബാങ്കില്‍ നിന്ന് പലിശക്ക് വായ്പക്കെടുക്കുകയേ നിര്‍വ്വാഹമുള്ളൂ. അത് നിഷിദ്ധമാണോ?
മറുപടി: ഇസ്ലാമികമായ സാമ്പത്തിക സംവിധാനം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശര്‍ഇയായ ചില മാനദണ്ഡങ്ങള്‍ക്കും അടിസ്ഥാന തത്വങ്ങള്‍ക്കും വിധേയമായി വീട് വാങ്ങാന്‍/നിര്‍മ്മിക്കാന്‍ പലിശക്ക് കടം വാങ്ങാവുന്നതാണ്. തനിക്കും കുടുംബത്തിനും താമസിക്കാന്‍ മറ്റൊരു വീട് ഇല്ലാതിരിക്കുകയും വീട് ഉണ്ടാക്കാനോ വാങ്ങാനോ ഉള്ള സാമ്പത്തിക ശേഷി ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് അനുവദനീയമാവൂ.” (പ്രബോധനം. 2012 സെപ്റ്റംബര്‍ 1 പേജ് 30)
അത്യാവശ്യ കാര്യത്തിനല്ലാതെ ചുമ്മാ ഒരു രസത്തിന് വേണ്ടി ലോകത്ത് ആരെങ്കിലും പലിശക്ക് പണം വാങ്ങുമോ സാഹിബേ? മാര്‍വാഡികളുടെ കയ്യില്‍ നിന്നും സ്വകാര്യ ചിട്ടിക്കമ്പനിക്കാരുടെ കയ്യില്‍ നിന്നും ഗവണ്‍മെന്റ് ബാങ്കുകളില്‍ നിന്നും പലിശക്ക് കടം വാങ്ങുന്നത് സാമ്പത്തിക ചുറ്റുപാടില്ലാത്തവര്‍ തന്നെയാണ്. അംബാനീ സഹോദരന്‍മാരോ ടാറ്റയോ ബിര്‍ലയോ ഒന്നും ഇന്നു വരെ വീട് വെക്കാന്‍ പലിശക്ക് പണം കടം വാങ്ങിയതായി അറിഞ്ഞിട്ടില്ല. വളരെ അത്യാവശ്യമുള്ളവന്‍ തന്നെയാണ് പലിശക്ക് പണം കടം വാങ്ങുക. അത് നിഷിദ്ധമാണെന്നാണ് ഇസ്ലാം പറയുന്നത്. എന്നാല്‍ അത് അനുവദനീയമാണെന്നാണ് മൌദൂദിസ്റുകളുടെ ഫത്വ. പലിശ ഹലാലാക്കുന്നവരോട് ഓണാഘോഷത്തിലെ അനിസ്ലാമികതകളെക്കുറിച്ച് സംസാരിക്കുന്നത് അമ്മയെ തല്ലുന്നവനോട് ഭാര്യയെ ശകാരിക്കരുത് എന്ന് ഉപദേശിക്കുന്നത് പോലെത്തന്നെയല്ലേ വായനക്കാരേ? ഇക്കണക്കിന് പോയാല്‍ ഭാവിയില്‍ മൌദൂദിസ്റുകളോട് വരാന്‍ സാധ്യതയുള്ള ഒരു ചോദ്യവും അതിന് അവര്‍ കൊടുക്കാന്‍ സാധ്യതയുള്ള മറുപടിയും കാണുക:
“ചോദ്യം: ഞാന്‍ സാമ്പത്തിക ചുറ്റുപാട് തീരെയില്ലാത്ത ഒരു മനുഷ്യനാണ്. ഈ അവസ്ഥയില്‍ പോയാല്‍ സ്വന്തമായി ഒരു വീട് പോയിട്ട് ഒരു ആട്ടിന്‍കൂട് പോലും വാങ്ങാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഈ അവസ്ഥയില്‍ ചാരായം വാറ്റി വിറ്റ് എനിക്കൊരു വീട് വെക്കല്‍ അനുവദനീയമാണോ?
മറുപടി: ഒരു ആട്ടിന്‍കൂട് വാങ്ങാനുള്ള സാമ്പത്തിക ചുറ്റുപാട് പോലും നിലവിലില്ലാത്ത സാഹചര്യത്തില്‍ ശര്‍ഇയ്യായ അടിസ്ഥാന തത്വങ്ങള്‍ക്ക് വിധേയമായി നല്ല ഈത്തപ്പഴം വാറ്റി നാടന്‍ ചാരായം ഉണ്ടാക്കി വില്‍ക്കുന്നത് കൊണ്ട് വിരോധമില്ല. പ്രത്യേകം ശ്രദ്ധിക്കുക. ഒരു ആട്ടിന്‍കൂട് ഉണ്ടാക്കാന്‍ പോലുമുള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തപ്പോഴേ ഇത് അനുവദനീയമാവുകയുള്ളൂ.”

No comments:

Post a Comment